ലെനിന് വരുന്നതും വിപ്ലവത്തിനൊരുങ്ങുന്നതും
|ബോള്‍ഷേവിക്ക് പാര്‍ട്ടിയുടെ പെട്രോഗാര്‍ഡ് സമ്മേളനം ഏപ്രില്‍ 14 നും അഖിലറഷ്യാ സമ്മേളനം ഏപ്രില്‍ 24നും ചേര്‍ന്നു. ഈ സമ്മേളനങ്ങളില്‍ പ്രമുഖ നേതാക്കളായ കാമിനീവും റൈക്കോയും ലെനിന്റെ നിലപാടുകളെ കമ്പിനുകമ്പ് എതിര്‍ക്കുകയായിരുന്നു. ലെനിന് നേരെ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി. ഫാക്ടറികളിലേയും മില്ലുകളിലേയും തൊഴിലാളികളെ വിളിച്ചുകൂട്ടി. പട്ടാളക്കാരുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി. അവരോടൊക്കെ പ്രസംഗിച്ചു. | ചുവപ്പിലെ പച്ച - ഭാഗം 07
1917 ഫെബ്രുവരിയില്‍ വിപ്ലവത്തിന്റെ ആദ്യഘട്ടം അരങ്ങേറിയല്ലോ. അധികാരം രണ്ടുവഴിക്കായി. മേല്‍ത്തട്ടില്‍ മുന്‍ ദൂമാ അംഗങ്ങളുടേയും പ്രഭുക്കന്മാരുടേയും ഇടക്കാല ഗവര്‍മെന്റ്. അടിത്തട്ടില്‍ തൊഴിലാളികളുടേയും കര്‍ഷകരുടേയും പട്ടാളക്കാരുടേയും സോവിയറ്റുകള്‍. ഇടക്കാല ഗവര്മെന്റിന് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്തിനും സോവിയറ്റുകളുടെ സമ്മതം വേണം. പട്ടാളം പൂര്‍ണമായും ഇടക്കാല ഗവര്‍മെന്റിനെ അനുസരിക്കുന്നുമില്ല.
എന്നിട്ടും യുദ്ധം തുടരാനാണ് ഇടക്കാല ഗവര്‍മെന്റ് തീരുമാനിച്ചത്. സോവിയറ്റുകള്‍ അതിന് എതിരാണ്. ലെനിന് വിദേശത്താണ്. അവിടെയിരുന്ന് യുദ്ധവിരുദ്ധ പ്രചാരണം ഉഷാറാക്കുകയാണ്. യൂറോപ്പിലെങ്ങുമുള്ള തൊഴിലാളികളും പട്ടാളക്കാരും അവരുടെ രാജ്യങ്ങളിലെ സര്‍ക്കാറിനെതിരെ യുദ്ധം ചെയ്യണം എന്നാണ് ലെനിന്റെ വാദം. അതാണ് പ്രചരിപ്പിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഇടക്കാല ഗവര്‍മെന്റ് ഭരണത്തില്‍ തുടരട്ടെ എന്നുതന്നെയാണ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടികളുടെയൊക്കെ നിലപാട്. മെന്‍ഷേവിക്കുകളും ബോള്‍ഷേവിക്ക് പാര്‍ട്ടിയിലെ പല നേതാക്കളും അങ്ങനെതന്നെ കരുതി.
ഫെബ്രുവരിവിപ്ലവം നടന്നപ്പോള്‍ത്തന്നെ ഇടക്കാല സര്‍ക്കാര്‍ സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. രാഷ്ട്രീയത്തടവുകാരെ വിട്ടയച്ചു. അതിനാല്‍ ബോള്‍ഷേവിക്ക് നേതാക്കളൊക്കെയും തടവില്‍ നിന്ന് പുറത്തു വന്നു. ഒളിവിലുള്ളവര്‍ താവളം വിട്ടുവന്നു. ജോസഫ് സ്റ്റാലിന്, എഫ്. ഇദ്സേര്ഷിസ്ക്ക്യ്, വൈ.എം സ്വെര്ദ്ലോവ തുടങ്ങിയ നേതാക്കള്‍ സൈബീരിയയില്‍ തടങ്കലിലായിരുന്നു. എല്ലാവരും പുറത്തുവന്നതോടെ പ്രാവ്ദ ഉഷാറായി. 1917 മാര്‍ച്ച് അഞ്ചിനാണ് വീണ്ടും ഇറങ്ങിത്തുടങ്ങിയത്.
പ്രാവ്ദ പത്രാധിപസമിതിയിലെ പ്രധാനപ്പെട്ട ഒരംഗമായ കാമിനീവ് ലെനിന്റെ കത്തുകള്‍ പലപ്പോഴും പൂഴ്ത്തി. പലതും, വെട്ടിക്കളഞ്ഞും അര്‍ഥം മാറ്റിയുമൊക്കെ എഡിറ്റ് ചെയ്താണ് പ്രസിദ്ധീകരിച്ചത്. ഇടക്കാല ഗവര്മെന്റിനെക്കുറിച്ചും ബൂര്ഷ്വാപാര്ട്ടികളിലെ നേതാക്കളെക്കുറിച്ചും ലെനിന് ഉന്നയിച്ച വിമര്‍ശനങ്ങള്‍ മയപ്പെടുത്തിയിരുന്നു.
വരാനിരിക്കുന്ന വിപ്ലവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുനേതാക്കള്‍ അപ്പോഴും റഷ്യക്ക് പുറത്താണ്. ലെനിനും ട്രോട്സ്ക്കിയും. ലെനിന് സ്വിറ്റ്സര്‍ലാന്റിലാണ്. സത്യത്തില്‍ അവിടെയദ്ദേഹത്തിന് ഇരിക്കപ്പൊറുതിയില്ല. ഫെബ്രുവരി വിപ്ലവത്തെക്കുറിച്ച് അറിഞ്ഞയുടന്‍ ലെനിന് ബോള്‍ഷേവിക്ക് പാര്‍ട്ടിക്ക് കമ്പിസന്ദേശങ്ങള്‍ നിരന്തരം നല്‍കുന്നുണ്ട്. കത്തുകള്‍ ദിനേനെ അയക്കുന്നുണ്ട്. 'അകലെ നിന്നുള്ള കത്തുകള്‍' എന്ന് പില്ക്കാലത്ത് പ്രസിദ്ധമായ ഇവയിലെ നിര്‍ദേശങ്ങള്‍ ലളിതവും വ്യക്തവുമായിരുന്നു.
'വിപ്ലവം തൊഴിലാളികളുടെ മുന്‍കൈയ്യില്‍ തുടരണം' - എന്ന്. 'വിപ്ലവത്തിന്റെ ആദ്യഘട്ടം മാത്രമാണ് ഇപ്പോള്‍ കണ്ടത്. അത് ബൂര്‍ഷ്വാസിയെ അധികാരത്തിലെത്തിച്ചു. ഇടക്കാല ഗവര്‍മെന്റിനെ വിശ്വസിക്കാന്‍ പറ്റില്ല. ബൂര്‍ഷ്വാസിക്ക് അധികാരം ഉറപ്പിക്കാന്‍ അവസരം നല്‍കരുത്. മുഴുവന്‍ അധികാരവും സോവിയറ്റുകള്‍ക്ക് കൈമാറുന്നതിനും പ്രതിലോമ ശക്തികള്‍ക്ക് കനത്ത അടിയേല്പ്പിക്കുന്നതിനും സോഷ്യലിസ്റ്റ് വിപ്ലവത്തിന് തയ്യാറെടുക്കണം' - എന്നായിരുന്നു അകലെ നിന്നുള്ള കത്തുകളുടെ പൊതുവായ ഉള്ളടക്കം. എന്നാല്‍, ബോള്‍ഷേവിക് പാര്‍ട്ടിക്കകത്ത് ഇക്കാര്യത്തില്‍ ഏകാഭിപ്രായം ഉണ്ടായിരുന്നില്ല. പ്രാവ്ദ പത്രാധിപസമിതിയിലെ പ്രധാനപ്പെട്ട ഒരംഗമായ കാമിനീവ് ലെനിന്റെ കത്തുകള്‍ പലപ്പോഴും പൂഴ്ത്തി. പലതും, വെട്ടിക്കളഞ്ഞും അര്‍ഥം മാറ്റിയുമൊക്കെ എഡിറ്റ് ചെയ്താണ് പ്രസിദ്ധീകരിച്ചത്. ഇടക്കാല ഗവര്മെന്റിനെക്കുറിച്ചും ബൂര്ഷ്വാപാര്ട്ടികളിലെ നേതാക്കളെക്കുറിച്ചും ലെനിന് ഉന്നയിച്ച വിമര്‍ശനങ്ങള്‍ മയപ്പെടുത്തിയിരുന്നു.
എല്ലാ അധികാരങ്ങളും സോവിയറ്റുകള്‍ക്ക് കൈമാറാന്‍ സമരം ചെയ്യുന്നതിനു പകരം ഇടക്കാല ഗവര്‍മെന്റിന്റെ പ്രവര്ത്തനങ്ങള്ക്ക്മേല് ബഹുനിയന്ത്രണം ഏര്‍പ്പെടുത്തുക എന്നതായിരുന്നു മറ്റ് നേതാക്കളുടെ നിലപാട്. 'ബഹുനിയന്ത്രണങ്ങള്' എന്നാല്‍ സാധാരണ പ്രചാരണപരിപാടികള്‍ തന്നെ. പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുക, പ്രകടനം നടത്തുക, പൊതു പ്രസ്താവനകള്‍ ഇറക്കുക - അതൊക്കെത്തന്നെ.
ഇടക്കാല ഗവര്‍മെന്റ് യുദ്ധം അവസാനിപ്പിച്ചാല്‍ ജനങ്ങള്‍ക്ക് ഭക്ഷണവും ഭൂമിയും നല്കാന് കഴിയും എന്നൊരു ധാരണ പരക്കാനേ അതുകൊണ്ട് കഴിഞ്ഞുള്ളൂ. കാമിനീവിന് യുദ്ധത്തിന്റെ കാര്യത്തില്‍പോലും വേറൊരു നിലപാടായിരുന്നു. യുദ്ധം തുടരുകയും പിന്നീട് സമാധാനക്കരാര്‍ ഉണ്ടാക്കാനായി ഇടക്കാല ഗവര്മെന്റിനുമേല് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യാമെന്ന് കാമിനീവ് വാദിച്ചു. തുടക്കത്തില്‍ ഈ നിലപാടിനെ സ്റ്റാലിനും പിന്തുണച്ചു. ഏപ്രില്‍ കഴിയാറായപ്പോഴാണ് സ്റ്റാലിന് ഈ നിലപാട് ഉപേക്ഷിച്ച് ലെനിന്റെ നിലപാടിലേക്ക് എത്തിയത്. അതിനിടെ ഏപ്രില്‍ മൂന്നിന് ലെനിന് പെട്രോഗാഡില്‍ തിരിച്ചെത്തിയിരുന്നു. തൊഴിലാളികളും പട്ടാളക്കാരുമടങ്ങുന്ന വലിയൊരു ജനക്കൂട്ടം അതിഗംഭീരമായ സ്വീകരണമാണ് നല്‍കിയത്. ഒരു കവചിത വാഹനത്തിന് മുകളില്‍ നിന്ന് ലെനിന് പ്രസംഗിക്കുന്ന ചിത്രം അപ്പോഴെടുത്തതാണ്. വിപ്ലവത്തിന് ആഹ്വാന്നം ചെയ്യുന്ന രംഗം എന്ന അടിക്കുറിപ്പോടെ ആ ചിത്രം പിന്നീട് ലോകത്തെങ്ങും പ്രചരിപ്പിക്കപ്പെട്ടു.
ന്യൂയോര്‍ക്കിലായിരുന്ന ലിയോണ്‍ ട്രോട്സ്ക്കി മെയ് നാലിനാണ് റഷ്യന്‍ തലസ്ഥാനമായ പെട്രോഗാഡില്‍ തിരിച്ചെത്തിയത്. ലെനിന് എത്തി ഒരു മാസം കഴിഞ്ഞതിന് ശേഷം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സാര്‍ ചക്രവര്‍ത്തി അധികാരമൊഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം. ഒക്ടോബര്‍ വിപ്ലവത്തിന്റെ ദിനങ്ങളിലും വിപ്ലവസര്‍ക്കാറിന്റെ രൂപീകരണത്തിലും ലെനിനും ട്രോട്സ്ക്കിയും തുല്യപങ്കാളിത്തമുള്ള നേതാക്കളായാണ് കണക്കാക്കപ്പെട്ടത്. എന്നാല്‍, ജൂലായ് വരേയും ട്രോട്സ്കി ഒരു പൂര്‍ണ ബോള്‍ഷേവിക്ക് ആയിരുന്നില്ല. അസാമാന്യ രാഷ്ട്രീയ പ്രതിഭയും അതുല്ല്യ പ്രഭാഷകനുമായിരുന്നു. പക്ഷേ, ഏറ്റവും പ്രശസ്തമായ ജീവചരിത്രമെഴുതിയ റോബര്‍ട്ട് സര്‍വ്വീസ് പോലും ട്രോട്സ്ക്കിയെ വിശേഷിപ്പിച്ചത് 'ഏതാണ്ടൊരു ബോള്‍ഷേവിക് ' എന്നാണ്. അങ്ങനെയൊരു അദ്ധ്യായം തന്നെയുണ്ട് ജീവചരിത്രത്തില്‍. സ്റ്റാലിന് അനുകൂലമായി എഴുതപ്പെട്ട മറ്റൊരു പുസ്തകത്തില്‍ ട്രോട്സ്ക്കിയേയും കൂട്ടരേയും 'മെഷ്റിയേണ്ട്സി ' ഗ്രൂപ്പ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മെന്‍ഷേവിക്ക് നിലപാടിലേക്ക് ആഞ്ഞുകൊണ്ടിരുന്നതും യുദ്ധത്തോട് മധ്യവര്‍ത്തി നിലപാട് കൈക്കൊണ്ടിരുന്നതുമായ ഗ്രൂപ്പ്.
ചുരുക്കിപ്പറഞ്ഞാല്‍ ഫെബ്രുവരി വിപ്ലവത്തിന് ശേഷമുള്ള റഷ്യന്‍ രാഷ്ട്രീയാവസ്ഥ ചന്തപ്പരുവമായിരുന്നു. സമ്പൂര്‍ണ അലങ്കോലം. കാഡറ്റുകളും ഒക്ടോബ്രിസ്റ്റുകളും എല്ലാം ചേര്‍ന്ന ഇടക്കാല സര്‍ക്കാര്‍. അതില്‍ത്തന്നെ മന്ത്രിയായി ഒരു സോഷ്യല്‍ ഡെമോക്രാറ്റുണ്ട്. അലക്സാണ്ടര്‍ കെരന്‍സ്കി. പ്രത്യയശാസ്ത്രപരമായി ഈ പ്രഭുത്വ - മുതലാളിത്ത കൂട്ടുകെട്ടിന് എതിരാണെങ്കിലും തല്ക്കാലം അവരുടെ ഗവര്‍മെന്റ് ഭരിക്കട്ടെ എന്ന് കരുതുന്ന മെന്ഷെവിക്കകളും മറ്റു സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും. ഈയ്യൊരു ആശയക്കുഴപ്പത്തിലേക്കാണ് 'ഉടന്വിപ്ലവം' എന്ന നയവുമായി ലെനിന് തിരിച്ചെത്തുന്നത്. പിന്നാലെ ട്രോട്സ്ക്കിയും.
'1917 ലെ ബോള്‍ഷേവിക്ക് പാര്‍ട്ടി അനവധി ബോള്ഷേവിസങ്ങളുടെ ഒരു മിശ്രിതമായിരുന്നു' എന്നാണ് ട്രോട്സ്ക്കിയുടെ ജീവചരിത്രത്തില്‍ റോബര്‍ട്ട് സര്‍വീസ് പറയുന്നത്. 'ചില ബോള്‍ഷേവിക്കുകള്‍ ലെനിന്റെ നീക്കങ്ങളെ അപ്പടി നിരാകരിച്ചു. അലക്സാണ്ടര്‍ ബോഗ്ദനോവ് ആയിരുന്നു ഏറ്റവും നല്ല ഉദാഹരണം. ബോഗ്ദനോവും സാഹിത്യകാരനായ മാര്‍ക്സിം ഗോര്‍ക്കിയും ലെനിനെ കലഹപ്രിയനും മനുഷ്യവിദ്വേഷിയുമായി കരുതി. എന്നാല്‍ പ്രമുഖരായ മറ്റുചിലര്‍ തങ്ങളുടെ പഴയകാല വിയോജിപ്പുകള്‍ മാറ്റിവെച്ചു. ലൂണാ ചാര്സ്ക്കി അവരില്‍ പെടുമായിരുന്നു'.
ഏപ്രില്‍ മാസമായപ്പോഴേക്ക് ഇടക്കാല ഗവര്മെന്റില് തര്‍ക്കങ്ങള്‍ ആരംഭിച്ചു. ഫിന്‍ലാന്റിനും യുക്രൈനും സ്വയംഭരണം നല്‍കണമെന്ന് മന്ത്രിസഭയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. എതിര്‍പ്പും അപ്പോള്‍ത്തന്നെ ഉയര്‍ന്നു. ജൂലൈ അവസാനമായപ്പോഴേക്ക് കാഡറ്റ്പാര്ട്ടി മന്ത്രിസഭ വിട്ടു. പ്രധാനമന്ത്രി ലിവോവ് ജോര്‍ജ്ജിയും നീതിന്യായമന്ത്രി അലക്സാണ്ടര്‍ കെരന്സ്ക്കിയും ഇടഞ്ഞു.
ലെനിന് തിരിച്ചെത്തിയതോടെ ബോള്‍ഷേവിക്ക് പാര്‍ട്ടി വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു തുടങ്ങി. ഏപ്രില്‍ നാലിനുതന്നെ ബോള്‍ഷേവിക്കുകളുടെ ഒരു യോഗം ചേര്‍ന്നു. തൊഴിലാളിവര്‍ഗത്തേയും അവരോടൊപ്പം കര്‍ഷകരേയും പട്ടാളക്കാരേയും അണിനിരത്തി വിപ്ലവം നടത്തുന്നതിനെക്കുറിച്ചുള്ള സ്വന്തം സിദ്ധാന്തങ്ങള്‍ വായിച്ചുകൊണ്ടാണ് ലെനിന് ആ യോഗത്തെ അഭിസംബോധന ചെയ്തത്. അവയാണ് പിന്നീട് ഏപ്രില്തിസീസുകള് എന്ന് അറിയപ്പെട്ടത്. ചക്രവര്‍ത്തിയില്‍ നിന്ന് ബൂര്‍ഷ്വാസിയിലേക്ക് കൈമാറിയ അധികാരം തൊഴിലാളികളിലേക്കും കര്‍ഷകരിലേക്കും കൈമാറ്റം ചെയ്യുന്നതിനുള്ള പദ്ധതിയാണ് ആ തിസീസുകള്‍ വിവരിക്കുന്നത്.
ബോള്‍ഷേവിക്ക് പാര്‍ട്ടിയുടെ പെട്രോഗാര്‍ഡ് സമ്മേളനം ഏപ്രില്‍ 14 നും അഖിലറഷ്യാ സമ്മേളനം ഏപ്രില്‍ 24നും ചേര്‍ന്നു. ഈ സമ്മേളനങ്ങളില്‍ പ്രമുഖ നേതാക്കളായ കാമിനീവും റൈക്കോയും ലെനിന്റെ നിലപാടുകളെ കമ്പിനുകമ്പ് എതിര്‍ക്കുകയായിരുന്നു. ലെനിന് നേരെ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി. ഫാക്ടറികളിലേയും മില്ലുകളിലേയും തൊഴിലാളികളെ വിളിച്ചുകൂട്ടി. പട്ടാളക്കാരുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി. അവരോടൊക്കെ പ്രസംഗിച്ചു. കര്‍ഷക പ്രതിനിധികളുടെ അഖിലറഷ്യന്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്തു. ചക്രവര്‍ത്തി തുടങ്ങിവെച്ച യുദ്ധം ഇടക്കാലസര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോവുകയാണല്ലോ. യുദ്ധമുന്നണിയില്‍ റഷ്യന്‍ഭാഗത്ത് കനത്ത ആള്‍നാശമുണ്ടായി. ആ വാര്‍ത്ത എത്തിയപ്പോള്‍ ജനം രോഷംകൊണ്ടു. തൊഴിലാളികളും കര്‍ഷകരും അവര്‍ക്കൊപ്പം പട്ടാളക്കാരും ചേര്‍ന്ന് പെട്രോഗാര്‍ഡ് നഗരത്തില്‍ പടുകൂറ്റന്‍ പ്രകടനം നടത്തി. 1917 ജൂലായി നാലിനാണത്.
സ്റ്റാലിനാണ് കേന്ദ്രകമ്മിറ്റിയുടെ രാഷ്ട്രീയ റിപ്പോര്‍ട്ടും സംഘടനാ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും അവതരിപ്പിച്ചത്. രണ്ടിന്റേയും അടിസ്ഥാനം ലെനിന്റെ സിദ്ധാന്തങ്ങളായിരുന്നു. 'മുദ്രാവാക്യങ്ങളെപ്പറ്റി ', 'വിപ്ലവത്തിന്റെ പാഠങ്ങള്‍ 'എന്നീ തിസീസുകള്‍. ' തൊഴിലാളി വര്‍ഗത്തിന് സമാധാനപരമായി അധികാരം ഏറ്റെടുക്കാന്‍ സാധ്യതയില്ലാത്ത സ്ഥിതിക്ക് ഒരു സായുധ കലാപത്തിലൂടെ പ്രതിവിപ്ലവ ബൂര്‍ഷ്വാസിയുടേയും ഭൂവുടമകളുടേയും ഭരണത്തെ അട്ടിമറിക്കാന്‍' കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു
പെട്രോഗാര്‍ഡ് അഥവാ, സെന്റ് പീറ്റേഴ്സ് നഗരത്തിലെ സോവിയറ്റില്‍ ഭൂരിപക്ഷം മെന്ഷേവിക്കുകള്ക്കും സോഷ്യല്‍ ഡമോക്രാറ്റുകള്ക്കുമാണല്ലോ. അവരും ഒരര്‍ഥത്തില്‍, പ്രത്യേകിച്ച് യുദ്ധത്തിന്റെ കാര്യത്തില്‍ ഇടക്കാല ഗവര്‍മെന്റിനെ പിന്തുണക്കുകയാണ്. ഇതിനിടെ ഗവര്‍മെന്റ് ലെനിനെതിരെ ഒരു കുറ്റം കണ്ടെത്തി. ജര്‍മ്മന്‍ സര്‍ക്കാറും ലെനിനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് തെളിവുകിട്ടി എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നുവെച്ചാല്‍, ലെനിന് ജര്‍മന്‍ ചാരനാണ്. അതിന്റെപേരില്‍ ലെനിന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പാര്‍ട്ടി അതിവേഗം ലെനിനെ ഒളിത്താവളത്തിലേക്ക് മാറ്റി.
ഇതിനായി ലെനിന് വേഷംമാറിയ ഒരു കഥയുണ്ട്. പാര്‍ട്ടിയുടെ 'ബാര്‍ബര്‍ ഇന്‍ ചീഫ്' ആയി സാക്ഷാല്‍ ജോസഫ് സ്റ്റാലിന് വരുന്നുണ്ട് ആ കഥയില്‍. തുടക്കത്തില്‍ നഗരത്തില്തന്നെയായിരുന്നു ഒളിവുകേന്ദ്രം. അവിടെ നിന്ന് അല്‍പ്പം അകലെ അതിര്‍ത്തിയോടുചേര്‍ന്ന ഒരു ഗ്രാമത്തിലേക്ക് മാറാന്‍ തീരുമാനിച്ചു. നഗരത്തിലൂടെ തന്നെ യാത്ര ചെയ്യണമല്ലോ. ലെനിന് താടിയും മുടിയും എടുത്തുകളയാന്‍ തീരുമാനിച്ചു. അത് നടപ്പാക്കിക്കൊടുത്തത് സ്റ്റാലിനാണ്. ഭംഗിയായി ആ പണി നിര്‍വ്വഹിച്ച് സ്റ്റാലിന് കണ്ണാടി കാണിച്ചു കൊടുത്തപ്പോള്‍ ലെനിന് പറഞ്ഞു: 'ഞാനിപ്പോള്‍ ഫിന്‍ലാന്റിലെ ഒരു നാടന്‍ കൃഷിക്കാരനെ പോലുണ്ട്'.
ജൂലായ് 26ന് ബോള്‍ഷേവിക് പാര്‍ട്ടിയുടെ ആറാം കോണ്‍ഗ്രസ് ആരംഭിച്ചു. അതിനുമുമ്പുതന്നെ ട്രോട്സ്ക്കിയെ അറസ്റ്റ് ചെയ്തിരുന്നു. താല്‍ക്കാലിക ഗവര്മെന്റിന് വിചാരണ ചെയ്യാന്‍ വേണ്ടി ലെനിന് കോടതിയില്‍ ഹാജരാകണോ വേണ്ടയോ എന്നതാണ് കോണ്‍ഗ്രസില്‍ ആദ്യമായി ചര്‍ച്ചയ്ക്ക് വന്ന വിഷയം. ലെനിന് കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഏകകണ്ഠമായി തീരുമാനിച്ചു. വിപ്ലവത്തൊഴിലാളി വര്‍ഗത്തിന്റെ നേതാക്കളെ സര്‍ക്കാര്‍ ദ്രോഹിക്കുന്നതിന് എതിരെ പ്രമേയവും പാസാക്കി. അസാന്നിദ്ധ്യത്തിലും ലെനിനെ അധ്യക്ഷനായി തെരഞ്ഞെടുത്തു.
സ്റ്റാലിനാണ് കേന്ദ്രകമ്മിറ്റിയുടെ രാഷ്ട്രീയ റിപ്പോര്‍ട്ടും സംഘടനാ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും അവതരിപ്പിച്ചത്. രണ്ടിന്റേയും അടിസ്ഥാനം ലെനിന്റെ സിദ്ധാന്തങ്ങളായിരുന്നു. 'മുദ്രാവാക്യങ്ങളെപ്പറ്റി ', 'വിപ്ലവത്തിന്റെ പാഠങ്ങള്‍ 'എന്നീ തിസീസുകള്‍. ' തൊഴിലാളി വര്‍ഗത്തിന് സമാധാനപരമായി അധികാരം ഏറ്റെടുക്കാന്‍ സാധ്യതയില്ലാത്ത സ്ഥിതിക്ക് ഒരു സായുധ കലാപത്തിലൂടെ പ്രതിവിപ്ലവ ബൂര്‍ഷ്വാസിയുടേയും ഭൂവുടമകളുടേയും ഭരണത്തെ അട്ടിമറിക്കാന്‍' കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. യുവജനസംഘടനകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ട് ' റഷ്യയിലെ എല്ലാ അദ്ധ്വാനിക്കുന്ന ജനങ്ങളോടും എല്ലാ തൊഴിലാളികളോടും പട്ടാളക്കാരോടും കര്‍ഷകരോടും' എന്നപേരില്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. റെഡ്ഗാര്‍ഡ് എന്ന പേരില്‍ ചെമ്പട രൂപീകരിക്കപ്പെട്ടത് ഈ കോണ്‍ഗ്രസിന് ശേഷമാണ്.
ഏപ്രില്‍ സമ്മേളനത്തിന് ശേഷമുള്ള മൂന്നുമാസം കൊണ്ടുതന്നെ ബോള്‍ഷെവിക്ക് പാര്‍ട്ടിയുടെ അംഗത്വം മൂന്നിരട്ടി വര്‍ധിച്ചിരുന്നു. ഏപ്രിലില്‍ 80,000 ആയിരുന്നു അംഗത്വം. ജൂലൈയില്‍ കോണ്‍ഗ്രസ് ചേര്‍ന്നപ്പോള്‍ 2,40,000 ആണ്. ലിയോണ്‍ ട്രോട്സ്ക്കിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ബോള്‍ഷേവിക്ക് പാര്‍ട്ടിയില്‍ ലയിച്ചു ചേര്‍ന്നത് ഈ കോണ്‍ഗ്രസ്സില്‍ വെച്ചാണ്. അതോടെ സ്റ്റാലിനെപ്പോലെ ട്രോട്സ്ക്കിയും ലെനിന്റെ അടുത്ത സഹപ്രവര്ത്തകനായിത്തീര്ന്നു.
അഗസ്റ്റില്‍ ലെനിന് ഫിന്‍ലാന്റിലാണ്. 'ഭരണകൂടവും വിപ്ലവവും' എന്ന പുസ്തകം എഴുതുന്നത് ഇക്കാലത്താണ്. റഷ്യയിലെ സ്ഥിതി രൂക്ഷമായി വരികയാണ്. ഇന്ധനമില്ലാതെ തീവണ്ടികള്‍ മിക്കവാറും സ്തംഭിച്ചിട്ടുണ്ട്. പട്ടണങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തുന്നതു നിലച്ചു. ജീവിതച്ചെലവ് വര്‍ധിച്ചു. ഇതിനിടെ മുതലാളിമാര്‍ ഫാക്ടറികളും മില്ലുകളും അടച്ചിട്ടു. തൊഴിലാളികള്‍ മുഴുപ്പട്ടിണിയിലായി.
ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പെട്രോഗാര്ഡിലെയും മോസ്ക്കോവിലേയും സോവിയറ്റുകളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. രണ്ടും തലസ്ഥാന നഗരങ്ങളാണ് എന്നോര്‍ക്കണം. രണ്ടിടത്തും ബോള്‍ഷേവിക്ക് പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം കിട്ടി. മെന്ഷേവിക്കുകള്ക്കും മറ്റ് സോഷ്യല്‍ ഡമോക്രാറ്റിക്ക് ഗ്രൂപ്പുകള്‍ക്കും കൂടി പതിനെട്ടുശതമാനം വോട്ടേ കിട്ടിയുള്ളൂ. പിന്നാലെ തെരഞ്ഞെടുപ്പു നടന്ന ഒഡേസാ, കീവ് നഗരങ്ങളിലെ സോവിയറ്റുകളും ബോള്‍ഷേവിക്ക് പാര്‍ട്ടി നേടി.
ബോള്‍ഷേവിക്കുകള്‍ക്ക് അധികാരം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് എതിരാളികള്‍ പ്രചാരണം ആരംഭിച്ചു. ഏറ്റെടുത്താല്‍ത്തന്നെ രണ്ടാഴ്ച്ചകൊണ്ട് ഭരണം തകരുമെന്നായിരുന്നു മെന്ഷേവിക്കകളും മറ്റും പ്രവചിച്ചത്. ഈ സമയത്താണ് ലെനിന് 'എല്ലാ അധികാരവും സോവിയറ്റുകള്‍ക്ക്' എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 250ലധികം സോവിയറ്റുകള്‍ ഈ മുദ്രാവാക്യത്തെ പിന്തുണച്ചു.
സെപ്റ്റംബര്‍ പകുതിയായപ്പോള്‍ ലെനിന് പാര്‍ട്ടി കേന്ദ്രകമ്മിറ്റിക്കും പെട്രോഗാര്‍ഡ്, മോസ്ക്കോ കമ്മിറ്റികള്‍ക്കും രണ്ടു കത്തുകള്‍ അയച്ചു. 'രണ്ടു തലസ്ഥാന നഗരികളിലും ഭൂരിപക്ഷം ലഭിച്ച സ്ഥിതിക്ക് ഭരണം സ്വന്തം കരങ്ങളില്‍ ഏറ്റെടുക്കാന്‍ ബോള്‍ഷേവിക്കുകള്‍ക്ക് കഴിയും. അവരത് ചെയ്യണം.' എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. പെട്രോഗാര്ഡിന് കുറേക്കൂടി അടുത്തെത്തുന്നതിന് വേണ്ടി ലെനിന് റഷ്യ-ഫിന്‍ലന്റ് അതിര്‍ത്തിയായ വിബോര്ഗിലേക്ക് താവളം മാറ്റി.
ഒക്ടോബര്‍ ഒന്നിന് കേന്ദ്ര കമ്മിറ്റിക്കും പെട്രോഗാര്‍ഡ്, മോസ്ക്കോ കമ്മിറ്റികള്‍ക്കും ലെനിന്റെ പുതിയ കത്ത്. ' കലാപം മാറ്റിവെച്ചുകൂട. നാം ഉടനടി കലാപം ആരംഭിക്കണം'. എന്നായിരുന്നു സന്ദേശം. ഒക്ടോബര്‍ ഏഴിന് ലെനിന് വിബോര്ഗില് നിന്ന് രഹസ്യമായി പെട്രോഗാര്ഡിലേക്ക് പുറപ്പെട്ടു. ഒക്ടോബര്‍ പത്തിന്, പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗം സായുധകലാപത്തിന്റെ കാര്യം ചര്‍ച്ചയ്ക്കെടുത്തു. പൊലീസ്ചാരന്മാരുടെ കണ്ണ് വെട്ടിക്കാനായി കൃത്രിമ മുടി വെച്ചാണ് ലെനിന് യോഗസ്ഥലത്ത് എത്തിയത്.
കലാപം നയിക്കുന്നതിന് ലെനിന്റെ നേതൃത്വത്തില്‍ ഒരു പോളിറ്റ് ബ്യൂറോ രൂപീകരിച്ചു. ഒക്ടോബര്‍ 16 ന് തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് കേന്ദ്രകമ്മിറ്റിയുടെ ഒരു വിപുലമായ യോഗം ചേര്‍ന്നു. കലാപം നയിക്കുന്നതിന്, വിപ്ലവ സൈനിക കേന്ദ്രത്തെ തെരഞ്ഞെടുത്തു. സ്റ്റാലിന് ഇതില്‍ അംഗമായിരുന്നു.
തൊഴിലാളികളേയും പാവപ്പെട്ട കര്‍ഷകരേയും അണിനിരത്തി അധികാരം പിടിച്ചടക്കാന്‍ സമയം പാകമായിട്ടുണ്ട് എന്ന് ലെനിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കേന്ദ്രകമ്മിറ്റി അതംഗീകരിച്ചു. പത്ത് വോട്ട് ലെനിന്റെ നിലപാടിന് അനുകൂലമായി കിട്ടി. കേന്ദ്രകമ്മിറ്റിയിലെ രണ്ടു പേര് എതിര്‍ത്ത് വോട്ടു ചെയ്തു. കാമിനീവ്, സിനോവ്യോവ് എന്നീ പ്രധാന നേതാക്കളാണ് ലെനിന്റെ വിപ്ലവ ലൈനിനെ എതിര്‍ത്തത്. പാര്‍ട്ടി ആ എതിര്‍പ്പിനെ അവഗണിച്ചു.
കലാപം നയിക്കുന്നതിന് ലെനിന്റെ നേതൃത്വത്തില്‍ ഒരു പോളിറ്റ് ബ്യൂറോ രൂപീകരിച്ചു. ഒക്ടോബര്‍ 16 ന് തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് കേന്ദ്രകമ്മിറ്റിയുടെ ഒരു വിപുലമായ യോഗം ചേര്‍ന്നു. കലാപം നയിക്കുന്നതിന്, വിപ്ലവ സൈനിക കേന്ദ്രത്തെ തെരഞ്ഞെടുത്തു. സ്റ്റാലിന് ഇതില്‍ അംഗമായിരുന്നു. പാര്‍ട്ടിനയവുമായി യോജിക്കാന്‍ കഴിയാത്ത കാമിനീവ് കേന്ദ്രകമ്മിറ്റിയില്‍ നിന്ന് പിന്മാറി. ബോള്‍ഷേവിക്കുകള്‍ സായുധ കലാപത്തിന് കോപ്പുകൂട്ടുകയാണ് എന്ന് കാമിനീവും സിനോവ്യോവും വെളിപ്പെടുത്തുകയും ചെയ്തു. 'നൊവായ ഷിസെന്‍' അഥവാ നവജീവന്‍ എന്ന പത്രത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ലെനിന് അവരെ 'കരിങ്കാലികള്‍' എന്നു വിളിച്ചു.
ഈ ഘട്ടത്തില്‍ തന്ത്രപരമായൊരു മലക്കം മറിച്ചിലുമുണ്ടായി. പെട്രോഗാര്‍ഡ് സോവിയറ്റിന്റെ യോഗത്തില്‍ ട്രോട്സ്ക്കി, കാമിനീവിനും സിനോവ്യോവിനും മറുപടിയായി ഒരു പ്രസംഗം നടത്തി. ' പെട്രോഗാര്‍ഡ് സോവിയറ്റിന്റെ തീരുമാനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ്. സോവിയറ്റ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനമാണ്. ഓരോ പ്രതിനിധിയും അവരെ തെരഞ്ഞെടുത്ത തൊഴിലാളികളോടും സൈനികരോടും ഉത്തരവാദിത്തമുള്ളവരാണ്. തൊഴിലാളികള്‍ അറിയാത്ത ഒരു തീരുമാനവും ഈ വിപ്ലവ ഗവര്മെന്റിനുണ്ടാകാന് കഴിയില്ല. ഞങ്ങള്‍ ഒന്നും മറച്ചുവെക്കുന്നില്ല. ഏതെങ്കിലും സായുധ നടപടിക്ക് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല' - ഇതായിരുന്നു ട്രോട്സ്ക്കിയുടെ പ്രസംഗം.
സായുധ കലാപം നടത്താന്‍ ബോള്‍ഷേവിക്ക് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചുവെന്നാണ് കാമിനീവും സിനോവ്യോവും പ്രചരിപ്പിച്ചത്. എന്നാല്‍, പെട്രോഗാര്‍ഡ് സോവിയറ്റ് അതിന് തീരുമാനിച്ചിട്ടില്ല എന്നാണ് ട്രോട്സ്ക്കി വിശദീകരിച്ചത്. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ എന്തു നടന്നു എന്ന് ആരും ചോദിച്ചില്ല. ട്രോട്സ്ക്കി അത് വിശദീകരിച്ചുമില്ല. തന്നെയുമല്ല. ബോള്‍ഷേവിക്കുകളുമായി അകലേണ്ടാ എന്ന് കരുതിയാകണം, ട്രോട്സ്ക്കി പറഞ്ഞത് ശരിയാണെന്ന് കാമിനീവ് സമ്മതിച്ചു. സിനോവ്യോവും അത് സമ്മതിച്ച് ഒരു തുറന്ന കത്തെഴുതി. അതോടെ ലെനിന് ഒന്നു സംശയിച്ചു! അധികാരം പിടിച്ചെടുക്കല്‍ നടക്കില്ലാ എന്നാണോ ഇതിനര്‍ഥം എന്ന് ലെനിന് ആലോചിച്ചു. അപ്പോഴേക്ക് ട്രോട്സ്ക്കി ചെന്ന് ലെനിനെ കണ്ടു. കലാപപദ്ധതിക്ക് ഒരു കോട്ടവുമില്ലെന്ന് ഉറപ്പുകൊടുത്തു.
കാമിനീവിനേയും സിനോവ്യോവിനേയും പുറത്താക്കണമെന്ന് ലെനിന് ആവശ്യപ്പെട്ടു. 'അവരുമായി മുമ്പുണ്ടായിരുന്ന അടുപ്പം കാരണം ഈ മുന്‍സഖാക്കളെ അപലപിക്കാന്‍ ഞാന്‍ മടിക്കുകയാണെങ്കില്‍ എന്നെ സംബന്ധിച്ചേടത്തോളം അത് ലജ്ജാകരമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു'. അവര്‍ ഇരുവരേയും മേലില്‍ സഖാക്കളായി കരുതുന്നില്ലെന്നും ഇരുവരേയും പാര്‍ട്ടിയില്‍ നിന്ന് പുറന്തള്ളാന്‍ കേന്ദ്രകമ്മിറ്റിയിലും കോണ്‍ഗ്രസ്സിലും സര്‍വ്വ ശക്തിയുമെടുത്ത് പൊരുതുമെന്നും ലെനിന് പ്രഖ്യാപിച്ചു. പക്ഷേ, കേന്ദ്രകമ്മിറ്റിയില്‍ നിന്ന് അവരെ പുറത്താക്കിയില്ല. പാര്‍ട്ടിയുടെ പേരില്‍ സംസാരിക്കുന്നതില്‍ നിന്ന് വിലക്കിയെന്ന് മാത്രം.
ഒക്ടോബര്‍ 20ന് ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം സംഘര്‍ഷഭരിതമായിരുന്നു. കാമിനീവിന്റെ രാജിക്കത്ത് ചൂടുള്ള ചര്‍ച്ചക്ക് കാരണമായി. യോഗത്തില്‍ ട്രോട്സ്ക്കിയും സ്റ്റാലിനുമുണ്ട്. കാമിനീവിനോടും സിനോവ്യോവിനോടുമുള്ള പെരുമാറ്റം രൂക്ഷമായിപ്പോയെന്ന് സ്റ്റാലിന് അഭിപ്രായപ്പെട്ടു. അതിനെതിരെ വിമര്‍ശനം വന്നു. അപ്പോള്‍ സ്റ്റാലിന് രാജിക്കൊരുങ്ങി. അതേതായാലും സ്വീകരിക്കപ്പെട്ടില്ല.
കലാപം നടത്താനുള്ള പാര്‍ട്ടിക്കകത്തുതന്നെ അങ്ങനെ കലാപം കൊടുമ്പിരി കൊള്ളുകയാണ്. കാലമിപ്പോള്‍ 1917 ഒക്ടോബര്‍ പാതിയും കഴിഞ്ഞിട്ടുണ്ട്.
**** * * * * * * * * * * * * * *
1. വ്ലാഡിമീര്‍ ലെനിന്.
ജി. ഡി. ഒബ്ചിക്കനും സഹപ്രവര്‍ത്തകരും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി തയ്യാറാക്കിയ ജീവചരിത്രം. മലയാളം - പ്രോഗ്രസ് പബ്ലിക്കേഷന്‍.
2. സ്റ്റാലിനും സ്റ്റാലിനിസവും - സോമേശേഖരന്‍. മാതൃഭൂമി.
3. സ്റ്റാലിന് എ ബയോഗ്രാഫി - റോബര്‍ട്ട് സെര്‍വീസ്.
മാക്മില്ലന്‍ പ്രസിദ്ധീകരണം.
4. ട്രോട്സ്ക്കി എ ബയോഗ്രഫി. റോബര്‍ട്ട് സെര്‍വീസ് - മാക് മില്ലന് പ്രസിദ്ധീകരണം.
മലയാള തര്‍ജ്ജിമ, പി.റ്റി.തോമസ്, ഡി.സി. ബുക്സ്.