Analysis
കര്‍ഷക സമരവും സാമൂഹിക മുന്നേറ്റങ്ങളും ഒഴിവാക്കുമ്പോള്‍
Click the Play button to hear this message in audio format
Analysis

കര്‍ഷക സമരവും സാമൂഹിക മുന്നേറ്റങ്ങളും ഒഴിവാക്കുമ്പോള്‍

അഫ്‍സല്‍ റഹ്‍മാന്‍ സി.എ
|
25 Jun 2022 12:30 PM GMT

പാഠപുസ്തകത്തിൽ നിന്നും മായ്ച്ചുകളയുന്ന ചരിത്രം - ഭാഗം 2

എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കിയ ഭാഗങ്ങളെ കുറിച്ച പരമ്പര തുടരുന്നു.

പ്രതിഷേധ - സാമൂഹിക മുന്നേറ്റങ്ങള്‍

സമകാലീന ഇന്ത്യയിലെ സാമൂഹിക പ്രസ്ഥാനങ്ങളായി മാറിയ പ്രതിഷേധങ്ങളെ വിശദീകരിക്കുന്ന മൂന്ന് അധ്യായങ്ങള്‍ ആറു മുതല്‍ പന്ത്രണ്ട് ക്ലാസ്സുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കി. ഉദാഹരണത്തിന്, ''ജനപ്രിയ പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ച'' എന്ന അധ്യായം പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ (സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലെ രാഷ്ട്രീയം) നിന്ന് ഒഴിവാക്കി.

എഴുപതുകളില്‍ മഹാരാഷ്ട്രയിലെ ദലിത് പാന്തേഴ്‌സിന്റെ വളര്‍ച്ച, 1970 കളിലെ ഉത്തരാഖണ്ഡിലെ ചിപ്‌കോ പ്രസ്ഥാനത്തിന്റെ യാത്ര, എണ്‍പതുകളിലെ കര്‍ഷക പോരാട്ടങ്ങള്‍, പ്രത്യേകിച്ച് ഭാരതിയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടന്നത് - എന്നിവ ഈ അധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അന്ധ്രാപ്രദേശിലെ പുരാതന മദ്യ വിരുദ്ധ പ്രസ്ഥാനവും, മധ്യപ്രദേശിലെ നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ പദ്ധതിക്കെതിരെ നടന്ന നര്‍മദാ ബചാവോ ആന്ദോളന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, വിവര അവകാശത്തിനുള്ള പ്രക്ഷോഭങ്ങളും ഒഴിവാക്കിയ പാഠഭാഗങ്ങളില്‍ ഉണ്ട്.

ഏഴാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് മധ്യപ്രദേശിലെ സത്പുര വനത്തിലെ കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളുടെ അവകാശങ്ങള്‍ക്കായി തവ മത്സ്യ സംഘം നടത്തിയ പോരാട്ടത്തെ പ്രതിപാദിക്കുന്ന 'സമത്വത്തിനായുള്ള പോരാട്ടങ്ങള്‍' എന്ന അധ്യായവും എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കി.




പത്താം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ (ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് II) നിന്ന് ജനകീയ പോരാട്ടങ്ങളെക്കുറിച്ചുള്ള മൂന്നാമത്തെ അധ്യായം ഒഴിവാക്കി. സമ്മര്‍ദ ഗ്രൂപ്പുകളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും രാഷ്ട്രീയത്തെ സ്വാധീനിക്കാനുള്ള പരോക്ഷമായ മാര്‍ഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നതാണ് ഇവ. നേപ്പാളിലെ ജനാധിപത്യത്തിനായുള്ള പ്രസ്ഥാനത്തിനും ബൊളീവിയയിലെ വെള്ളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരായ പ്രതിഷേധത്തിനും പുറമെ, നര്‍മദ ബച്ചാവോ ആന്ദോളനെക്കുറിച്ചും, 1987 ല്‍ കര്‍ണാടകയില്‍ നടന്ന അഹിംസാത്മക കിറ്റിക്കോ - ഹാച്ചിക്കോ പ്രതിഷേധം, കാന്‍ഷി റാം സ്ഥാപിച്ച ബാക്‌വേഡ് ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റിസ് എംപ്ലോയീസ് ഫെഡറേഷന്‍, മേധപട്കര്‍ സ്ഥാപക നേതാക്കളില്‍ ഒരാളായ നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്‌മെന്റ്‌സ് എന്നിവയെക്കുറിച്ചായിരുന്നു ആ അധ്യായങ്ങളില്‍ ഉണ്ടായിരുന്നത്.

പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ സോഷ്യോളജി പാഠ്യപദ്ധതിയിലെ സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ഏക അധ്യായം വീട്ടിച്ചുരുക്കിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിലെ ('ഇന്ത്യയിലെ സാമൂഹിക മാറ്റവും വികസനവും') 'സാമൂഹിക പ്രസ്ഥാനങ്ങള്‍' എന്ന അധ്യായത്തില്‍ നിന്ന് ഒഴിവാക്കിയ ഭാഗങ്ങളില്‍ ഒന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടുന്ന തുടര്‍പഠന പ്രവൃത്തി ആണ്.





ജനാധിപത്യം

സമാനമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന കാരണത്താല്‍ മറ്റ് ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളില്‍ നിന്ന് ജനാധിപത്യത്തെക്കുറിച്ചും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയെ കുറിച്ചുമുള്ള നാല് അധ്യായങ്ങള്‍ ഒഴിവാക്കി. ഉദാഹരണത്തിന്, ആറാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലെ 'ഒരു ജനാധിപത്യ സര്‍ക്കാരിന്റെ മുഖ്യ ഘടകങ്ങള്‍' എന്ന അധ്യായം ഒഴിവാക്കി. മിഡില്‍ സ്‌കൂളിലെ ജനാധിപത്യം എന്ന ആശയത്തെക്കുറിച്ചുള്ള ആദ്യത്തെ വിശദമായ ആമുഖമാണിത്. സംഘര്‍ഷ പരിഹാരം, സമത്വം, നീതി, ജനങ്ങളുടെ പങ്കാളിത്തം ഉള്‍പ്പെടെ ഒരു ജനാധിപത്യ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന ചില നിര്‍ണായക ഘടകങ്ങളെക്കുറിച്ച് ഇതില്‍ പറയുന്നുണ്ട്.




അതേ കാരണത്താല്‍, ഭരണഘടനയുടെ രൂപവത്കരണത്തെക്കുറിച്ചും ഭാഷാപരമായ സംസ്ഥാനങ്ങളെ സൃഷ്ടിക്കുന്നതിനെക്കുറിച്ചും പറയുന്ന 'ഇന്ത്യ സ്വാതന്ത്ര്യത്തിനുശേഷം' എന്ന അധ്യായം എട്ടാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകം ' അവര്‍ പാസ്റ്റ് - III' ല്‍ നിന്നും ഒഴിവാക്കി.

പത്താം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നും 'ജനാധിപത്യവും വൈവിധ്യവും', 'ജനാധിപത്യത്തിലേക്കുള്ള വെല്ലുവിളികള്‍' എന്നീ അധ്യായങ്ങളും ഒഴിവാക്കി. ആദ്യത്തേത് ലോകമെമ്പാടുമുള്ള വംശത്തിന്റെയും ജാതിയുടെയും പേരിലുള്ള സാമൂഹിക ഭിന്നതകളും അസമത്വങ്ങളും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍, രണ്ടാമത്തേത് ജനാധിപത്യ രാഷ്ട്രീയം പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഈ രണ്ട് അധ്യായങ്ങളും ആദ്യം സി.ബി.എസ്.ഇ കഴിഞ്ഞ ഏപ്രിലില്‍ പാഠ്യപദ്ധതിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇപ്പോള്‍ ഇത് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ നിന്ന് ശാശ്വതമായി ഒഴിവാക്കി.

(തുടരും)

Similar Posts