Analysis
വിദേശ മലയാളി - കേരള കോളിങ്ങില്‍ നിന്ന് പിന്‍വലിച്ച ലേഖനം
Analysis

വിദേശ മലയാളി - 'കേരള കോളിങ്ങി'ല്‍ നിന്ന് പിന്‍വലിച്ച ലേഖനം

ദിലീപ് എം. മേനോന്‍
|
27 May 2024 2:44 PM GMT

ചരിത്രകാരനായ ദിലീപ് എം. മേനോന്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ഇംഗ്ലീഷ് പ്രസിദ്ധീകരണമായ 'കേരള കോളിങ്ങി'ലേക്ക് ആവശ്യപ്പെട്ട പ്രകാരം ഒരു ലേഖനം തയ്യാറാക്കി നല്‍കിയിരുന്നു. എന്നാല്‍, ചില പരാമര്‍ശങ്ങള്‍ കാരണം അതുപോലെ പ്രസിദ്ധീകരിക്കാന്‍ തടസ്സമുണ്ടെന്ന് എഡിറ്റോറിയല്‍ വിഭാഗം അറിയിച്ചതിനെ തുടര്‍ന്ന് ലേഖനം പിന്‍വലിച്ചു. പ്രസ്തുത ലേഖനത്തിന്റെ മലയാള പരിഭാഷ.

ചേരമാന്‍ പെരുമാള്‍ മക്കയിലേക്ക് പുറപ്പെടുകയും പ്രവാചകനെ കണ്ടുമുട്ടുകയും ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്ത കഥ കേരള ചരിത്രത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. താജുദ്ദീന്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങുമ്പോള്‍ ഒമാനില്‍ വെച്ച് അദ്ദേഹം മരണമടഞ്ഞു. എന്നാല്‍, അദ്ദേഹത്തിന്റെ സഹയാത്രികര്‍ തിരിച്ചെത്തുകയും ക്രിസ്തുവര്‍ഷം 629 ല്‍ കേരളത്തില്‍ ഇസ്ലാം മതത്തിന്റെ സംസ്ഥാപനത്തിനു വഴിയൊരുക്കുകയും ചെയ്തു. പടിഞ്ഞാറു നിന്നും പോര്‍ച്ചുഗീസുകാരെയും ഡച്ചുകാരെയും എന്നത് പോലെ കിഴക്കു നിന്നും ചൈനക്കാരെയും ഇവിടെയെത്തിച്ച ഇന്ത്യാ മഹാസമുദ്രവുമായുള്ള കൂട്ടിടപാടുകളുടെ ഇങ്ങേയറ്റത്താണ് ഇക്കഥ. തൊള്ളായിരത്തി മുപ്പതുകളില്‍ കേസരി ബാലകൃഷ്ണപിള്ള തന്റെ ചരിത്രരചനകള്‍ക്കു തുടക്കം കുറിച്ചത് എ.ഡി ഒന്നാം ശതകം മുതല്‍ക്കേ റോമാസാമ്രാജ്യവുമായി തെക്കുപടിഞ്ഞാറന്‍ തീരത്തിനുള്ള സമ്പര്‍ക്കം പരിശോധിച്ചു കൊണ്ടാണ്.

രാജാക്കന്മാരിലും ക്ഷേത്രങ്ങളിലും കാര്‍ഷിക ഘടനയിലുമൊക്കെ കറങ്ങിത്തിരിയുന്ന കേരള ചരിത്രവിജ്ഞാനീയം സമുദ്രതീര വാണിജ്യത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല. മുഖ്യധാരാ ചരിത്രം ഇങ്ങനെ ഒരു സവര്‍ണ ഹിന്ദു ആഖ്യാനമായി ചുരുങ്ങുമ്പോള്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും തീരദേശ സമുദായവുമൊക്കെ അതില്‍ നിന്ന് പുറം തള്ളപ്പെടുക കൂടി ചെയ്യുന്നുണ്ട്.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് ഒഴുകിയെത്തിയ സഞ്ചാരികളും വ്യാപാരികളും കൂലിപ്പടയാളികളും മതപണ്ഡിതരുമൊക്കെയായ ആളുകള്‍ക്കൊപ്പമാണ് മലയാളികള്‍ ജീവിച്ചു പോന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട തിരുവിതാംകൂര്‍ രാജവംശത്തെക്കുറിച്ചുള്ള സി.വി രാമന്‍ പിള്ളയുടെ പ്രഖ്യാത നോവലുകളില്‍ പത്താന്‍മാരും രജപുത്രരും തമിഴരുമൊക്കെ കഥാപാത്രങ്ങളായി വരുന്നുണ്ട്. ഇവരെല്ലാം യുദ്ധത്തിന്റെ വ്യാപനവും സൈനികത്തൊഴില്‍ വിപണിയുടെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ടാണ് ഇവിടെയെത്തുന്നത്. കാര്‍ഷികോല്‍പ്പാദന ഘടനയ്ക്കുള്ളില്‍ തളയ്ക്കപ്പെട്ട ദലിതര്‍ക്കും ആദിവാസികള്‍ക്കും ആ ഉച്ചനീച ശ്രേണിയില്‍ ആധാരമുറപ്പിച്ച ജാതിക്രമത്തിനുമൊപ്പമാണ് ഈ സര്‍വലോകപാരസ്പര്യം ( cosmopolitanism) നിലനിന്നത് എന്നതാണ് വാസ്തവം. തീരദേശത്തെ സര്‍വലോകപാരസ്പര്യവും ഉള്‍നാടുകളിലെ സാമൂഹിക യാഥാസ്ഥിതികത്വവും തമ്മിലുള്ള ഈ ഭിന്നത ശ്രദ്ധേയമാണ്. സമുദ്രം ഇങ്ങനെ ഒരേസമയം സ്വാതന്ത്ര്യത്തിന്റെയും ബന്ധനത്തിന്റെയും ചക്രവാളമായിട്ടാണ് വര്‍ത്തിച്ചത്.

ചൈനക്കാരും ഇറ്റലിക്കാരും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും റഷ്യക്കാരുമായ സഞ്ചാരികളെയും വ്യാപാരികളെയും കുറിച്ചൊക്കെ ചരിത്രകാരന്‍മാര്‍ പറയുന്നുണ്ടെങ്കിലും കരയെ അടിസ്ഥാനമാക്കിയുള്ള ചരിത്രരചനയെ സമുദ്രത്തെ അടിസ്ഥാനമാക്കിയുള്ള ചരിത്രരചനയുമായി വിളക്കിച്ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂ. രാജാക്കന്മാരിലും ക്ഷേത്രങ്ങളിലും കാര്‍ഷിക ഘടനയിലുമൊക്കെ കറങ്ങിത്തിരിയുന്ന കേരള ചരിത്രവിജ്ഞാനീയം സമുദ്രതീര വാണിജ്യത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല. മുഖ്യധാരാ ചരിത്രം ഇങ്ങനെ ഒരു സവര്‍ണ ഹിന്ദു ആഖ്യാനമായി ചുരുങ്ങുമ്പോള്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും തീരദേശ സമുദായവുമൊക്കെ അതില്‍ നിന്ന് പുറം തള്ളപ്പെടുക കൂടി ചെയ്യുന്നുണ്ട്. കിഴക്ക് പശ്ചിമഘട്ടം ഒരു മതിലുപോലെ നില്‍ക്കുമ്പോഴും പാലക്കാട്ടെയും ചെങ്കോട്ടയിലെയും വിള്ളലുകള്‍ വഴി നൂറ്റാണ്ടുകള്‍ നീണ്ട കുടിയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേസമയം സമുദ്രം എല്ലായ്‌പ്പോഴും വാണിജ്യത്തിന്റെയും പലായനത്തിന്റെയും മാര്‍ഗമായി തുറന്നു കിടന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ കേരളത്തില്‍ നിന്നും തെക്കു കിഴക്കന്‍ ഏഷ്യയിലേക്കും പടിഞ്ഞാറന്‍ ഏഷ്യയിലേക്കും ശ്രീലങ്കയിലേക്കും സാമൂഹ്യാടിമത്തത്തില്‍ നിന്നും രക്ഷപ്പെടാനും തൊഴില്‍ തേടിയും കാര്യമായ കുടിയേറ്റങ്ങള്‍ തന്നെ നടന്നിരുന്നു. അവര്‍ണരായ അത്തരം കുടിയേറ്റക്കാര്‍ തങ്ങളുടെ അധ്വാനത്തിലൂടെ നേടിയ സമ്പത്തിലൂടെ സുരക്ഷിതത്വമാര്‍ജിക്കുകയും അതേക്കുറിച്ച് പാട്ടുകള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. ബസ്രപ്പാട്ട്, പിണങ്ങുപാട്ട് തുടങ്ങി ഇത്തരത്തിലുള്ള ലഘുലേഖകള്‍ ബ്രിട്ടീഷ് ലൈബ്രറിയില്‍ കാണാം. ഇവയില്‍ കാണുന്ന ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം തങ്ങളുടെ കപ്പല്‍യാത്രയെക്കുറിച്ചുള്ള വിശദ വര്‍ണനകളാണ്. സുഭിക്ഷമായ ഭക്ഷണപാനീയങ്ങളെയും അജ്ഞാതത്വം നല്‍കുന്ന സുരക്ഷിതത്വത്തെയും കുറിച്ചുള്ള വര്‍ണ്ണനകള്‍. നാട്ടിലെ അവഹേളനങ്ങളിലും തങ്ങളെ വരിഞ്ഞു മുറുക്കുന്ന സാമൂഹ്യാധികാരബന്ധങ്ങളുടെ ശ്വാസം മുട്ടിലും നിന്നുള്ള മോചനത്തിലുള്ള അനല്‍പമായ ആശ്വാസം അവയിലുടനീളം കാണാം. ബര്‍മ മുതല്‍ യമനിലെ ഏദന്‍ വരെ നീളുന്ന സ്വാതന്ത്ര്യം തേടിയുള്ള ഈ കീഴാളയാത്രകള്‍ക്ക് ബ്രിട്ടീഷ് സാമ്രാജ്യം സാഹചര്യമൊരുക്കി.

മദ്രാസിനു പകരം ഗള്‍ഫ് പണത്തെ ആശ്രയിക്കാനാരംഭിച്ച എണ്‍പതുകളിലെ മലയാളം സിനിമകളില്‍ പുത്തന്‍ പണക്കാര്‍ ക്ഷയോന്മുഖമായ യാഥാസ്ഥിതിക സമൂഹത്തില്‍ ഉളവാക്കിയ അലോസരങ്ങള്‍ തെളിഞ്ഞു കാണാം. പണം അധികാരശ്രേണിയെ അട്ടിമറിക്കാന്‍ തുടങ്ങിയപ്പോള്‍ തങ്ങളുടെ ഭൂവുടമസ്ഥതയില്‍ അഹങ്കരിച്ചിരുന്ന സവര്‍ണ തറവാട്ടുകാര്‍ മുമ്പ് കാര്യസ്ഥരും സേവകരുമൊക്കെയായിരുന്നവര്‍ പണക്കാരായി വന്ന് തങ്ങളുടെ ആസ്തിവകകള്‍ക്ക് വിലപറയുമ്പോള്‍ ഹൃദയം തകര്‍ന്നു വിലപിക്കുന്ന ചിത്രം കാണാം.

നാട്ടിലെ നിശ്ചലതയില്‍ നിന്നും കുതറി മാറാനും വിദേശത്ത് പുതിയ ഭാഗധേയം കണ്ടെത്താനുമായി തൊഴിലിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും സഹിക്കാന്‍ അവരൊരുക്കമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതല്‍ ഇടതടവില്ലാതെ തുടര്‍ന്ന ഈ പ്രവാഹത്തിന് എഴുപതുകളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ കണ്ടെത്തുകയും അതുമായി ബന്ധപ്പെട്ട തൊഴില്‍ മേഖല തുറന്നിടുകയും ചെയ്തതോടെ ശക്തി കൂടി. 1957 ല്‍ കമ്യൂണിസ്‌റ് പാര്‍ട്ടി അധികാരത്തിലേറുകയും ഭൂപരിഷ്‌കരണം നടപ്പാക്കുകയും ചെയ്തത് ഈ പ്രവാഹത്തിന് ആക്കം കൂട്ടി. ജാതി അസമത്വങ്ങളെ ഊട്ടിയുറപ്പിച്ച നാശോന്മുഖമായ കാര്‍ഷികവ്യവസ്ഥ ചോദ്യം ചെയ്യപ്പെട്ടത് കീഴാള വിഭാഗങ്ങളെ പുറത്തേക്കു പോവാന്‍ പ്രേരിപ്പിക്കുകയും പെട്ടെന്ന് തന്നെ കേരളം ഇന്ത്യയിലെ ഏറ്റവും വലിയ വിദേശാശ്രിത സമ്പദ് വ്യവസ്ഥയായി മാറുകയും ചെയ്തു. ആദ്യതലമുറ മലയാളി പ്രവാസികള്‍ കരമാര്‍ഗവും കടല്‍മാര്‍ഗവും സൃഷ്ടിച്ചെടുത്ത ബന്ധശൃംഖലകള്‍ കേരള സമൂഹത്തിന്റെ വലിയ തോതിലുള്ള അഭിവൃദ്ധിക്ക് വഴിയൊരുക്കി.

ഇന്ത്യാ മഹാസമുദ്രത്തിലെ ഏറ്റിറക്കങ്ങളുമായുള്ള സഹസ്രാബ്ദങ്ങള്‍ നീണ്ട സഹവാസം സമുദ്രസഞ്ചാരത്തിനു പറ്റിയ ഒരു പ്രാപ്തി ഇവിടുത്തുകാരില്‍ ഉണ്ടാക്കിയെന്നു പറയാവുന്നതാണ്. തൊഴില്‍മേഖല നിയന്ത്രണരഹിതവും തൊഴില്‍ സാഹചര്യങ്ങള്‍ കഠിനവുമാണെങ്കിലും കുടിയേറിയവര്‍ക്ക് നാട്ടിലെപ്പോലെ നിന്ദയും നാണക്കേടുമനുഭവിക്കേണ്ടി വന്നില്ല എന്നത് ഇതിനോട് ചേര്‍ത്തു പറയാം. ജാതി സമൂഹത്തില്‍ കായികാധ്വാനത്തോടുള്ള നിന്ദാമനോഭാവമാണ് ഈ നാണക്കേടിന്റെ പശ്ചാത്തലം. തല്‍ക്കാലത്തേക്കുള്ള മാറിനില്‍ക്കല്‍ / കഷ്ടപ്പാട് എന്ന ഒരു പുതിയ കാലികതയിലൂന്നിയ ആലോചനാക്രമം ഇതിലൂടെ പ്രചാരത്തില്‍ വന്നു. നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിക്കുന്ന ഉയര്‍ച്ചയാണ് ഇത് വാഗ്ദാനം ചെയ്തത്. മദ്രാസിനു പകരം ഗള്‍ഫ് പണത്തെ ആശ്രയിക്കാനാരംഭിച്ച എണ്‍പതുകളിലെ മലയാളം സിനിമകളില്‍ ഇത്തരം പുത്തന്‍ പണക്കാര്‍ ക്ഷയോന്മുഖമായ യാഥാസ്ഥിതിക സമൂഹത്തില്‍ ഉളവാക്കിയ അലോസരങ്ങള്‍ തെളിഞ്ഞു കാണാം. പണം അധികാരശ്രേണിയെ അട്ടിമറിക്കാന്‍ തുടങ്ങിയപ്പോള്‍ തങ്ങളുടെ ഭൂവുടമസ്ഥതയില്‍ അഹങ്കരിച്ചിരുന്ന സവര്‍ണ തറവാട്ടുകാര്‍ മുമ്പ് കാര്യസ്ഥരും സേവകരുമൊക്കെയായിരുന്നവര്‍ പണക്കാരായി വന്ന് തങ്ങളുടെ ആസ്തിവകകള്‍ക്ക് വിലപറയുമ്പോള്‍ ഹൃദയം തകര്‍ന്നു വിലപിക്കുന്ന ചിത്രം കാണാം.

നഴ്സിംഗില്‍ മറ്റുള്ളവരുടെ ശരീരം സ്പര്‍ശിക്കുകയും ശരീര സ്രവങ്ങള്‍ കൈകാര്യം ചെയ്യുകയും വേണമല്ലോ. അത് മേല്‍ജാതി ഹിന്ദുമനസ്സിന് നിഷിദ്ധമാണ്. ശുദ്ധാശുദ്ധ സംബന്ധമായ ഈ തടസ്സം ഇന്ത്യയെ സംബന്ധിച്ച് പൊതുവില്‍ ബാധകമാണെന്നതിനാല്‍ വിദ്യാസമ്പന്നരായ മലയാളി നേഴ്സുമാര്‍ക്ക് അതില്‍ നിന്ന് മുക്തരായി മുന്‍വിധികളില്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിച്ചുവന്നത് അവരുടെ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടാവാം.

മേല്‍ സൂചിപ്പിച്ച പ്രവാസങ്ങളില്‍ ഒട്ടു മിക്കവയിലും സ്വന്തം തീരുമാനത്തേക്കാള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദമാണ് മുഖ്യപ്രേരണയെന്നു കാണാം. എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായ നാടുവിടലുകളും ഉണ്ട്. സവിശേഷമായ ചരിത്ര പശ്ചാത്തലമാണ് അതിനുള്ള നിമിത്തം. ഉദാഹരണത്തിന് മലബാര്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമെന്ന നിലയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നല്ലോ. ഇന്ദുലേഖയിലെ നായകനായ മാധവന്‍ ഒട്ടും ആയാസമില്ലാതെ അക്കാല ഇന്ത്യയുടെ ഭൂമിശാസ്ത്ര പരിധി മുറിച്ചുകടന്ന് യാത്ര ചെയ്യുന്നതിനുള്ള കാരണമിതാണ്. അദ്ദേഹത്തിനാവട്ടെ ബംഗാളി ബുദ്ധിജീവികളുടെ മഹത്തായ ഉപലബ്ധികളില്‍ അത്ര വലിയ അത്ഭുതമോ ആദരമോ ഒന്നുമില്ല താനും. ബ്രിട്ടീഷ് സര്‍വീസില്‍ മലബാറില്‍ നിന്നും അനുപാതത്തില്‍ കവിഞ്ഞ എണ്ണം ഉദ്യോഗസ്ഥര്‍ ജോലി ചെയ്തിരുന്നു എന്നതാവാം ഈ മനോഭാവത്തിനുള്ള ഒരു ഹേതു. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ വി.പി മേനോനെയും കെ.പി.എസ് മേനോനെയും പോലുള്ള മലയാളികള്‍ പുതിയ ഇന്ത്യയുടെ മര്‍മസ്ഥാനങ്ങളില്‍ വന്നത് ഇവിടെ ഓര്‍ക്കാം. കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ഭൂപരിഷ്‌കരണം നടപ്പാവുകയും ചെയ്തപ്പോള്‍ വലിയ കൈവശാവകാശ ഭൂമികള്‍ ഇല്ലാതാവുകയും സവര്‍ണര്‍ ഇന്ത്യയിലുടനീളം പോയി ജോലി കണ്ടെത്തുകയും അങ്ങനെ ഒരു സവര്‍ണ പ്രവാസി സമുദായം (ഇതേക്കുറിച്ച് പല തമാശകളും പ്രചാരത്തിലുണ്ട്, ചന്ദ്രനിലിറങ്ങിയപ്പോള്‍ നീല്‍ ആംസ്ട്രോങ്ങിനു ചായ വിറ്റ മലയാളിയെക്കുറിച്ചുള്ള തമാശ പോലെ) ഉണ്ടാവുകയും ചെയ്തു. തീര്‍ച്ചയായും സവര്‍ണര്‍ ആര്‍ജിച്ച സാംസ്‌കാരിക മൂലധനമാണ് ഇങ്ങനെ എളുപ്പത്തില്‍ നാട് വിടാനും ജോലി കണ്ടെത്താനും അവരെ തുണച്ചത് എന്നതില്‍ സംശയമില്ല. മുന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമെന്ന നിലയില്‍ അതിന്റെ ഭൂമിശാസ്ത്രം അവര്‍ക്കു പരിചിതമായിരുന്നു എന്ന കാര്യവും ഇതില്‍ പരിഗണിക്കേണ്ടതുണ്ടെന്നാണ് ഇവിടെ ഊന്നുന്ന കാര്യം. ആനന്ദും സി. രാധാകൃഷ്ണനുമുള്‍പ്പെട്ട ഈ പ്രവാസ സമുദായം സൃഷ്ടിച്ച മലയാള സാഹിത്യം അതിന്റെ ഭൂമികയായി സ്വീകരിച്ചത് ഇതേ ഇന്ത്യയെയാണ് എന്നത് ശ്രദ്ധേയമാണ്. മറ്റു ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെട്ട രചനകളില്‍ നിന്ന് വ്യത്യസ്തമായ ഒരു 'പ്രാദേശിക സാഹിത്യമാണ് ഇതിന്‍ ഫലമായി ഉണ്ടായത്. അവിടെയൊക്കെ സവിശേഷമായ പ്രാദേശിക വികാരലോകമാണ് ആവിഷ്‌കരിക്കപ്പെട്ടത്. എന്നാല്‍, സര്‍വലോക പാരസ്പര്യത്തിന്റെ പാരമ്പര്യവുമായി വന്ന മലയാളിക്ക് എല്ലാ പ്രദേശവും സ്വന്തം നാടു തന്നെ.

മെക്‌സിക്കോ മുതല്‍ സൗത്ത് ആഫ്രിക്ക വരെയുള്ള വിദേശമലയാളികള്‍ യാതൊരു ഗൃഹാതുരത്വവുമില്ലാതെ സ്വന്തം നാടു പോലെ അവിടങ്ങളില്‍ ജീവിച്ചു പോരുന്നതിനു ഇങ്ങനെ സങ്കീര്‍ണമായ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ഇതില്‍ യൂറോപ്പും അമേരിക്കയും മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വരെ വ്യാപിച്ച മലയാളി നേഴ്സുമാരുടെ കഥ ഇനിയും പഠിക്കപ്പെടേണ്ടതാണ്. അവരില്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികളാണ് എന്നത് ശ്രദ്ധാര്‍ഹമാണ്. കേരളത്തിലെ ക്രിസ്ത്യാനികള്‍ വിദ്യാ സമ്പന്നരാണ് എന്നതും തിരുവിതാംകൂറിലും കൊച്ചിയിലും മിഷണറിമാര്‍ ആരംഭിച്ച ആശുപത്രികളിലെ ആദ്യത്തെ മെഡിക്കല്‍ ജീവനക്കാര്‍ ഈ സമുദായത്തില്‍ നിന്നുള്ളവരായിരുന്നു എന്നതും മുന്‍ നിര്‍ത്തി ഇക്കാര്യം വിശദീകരിക്കാനായേക്കും. എന്നാല്‍, അത്ര സുഖകരമല്ലാത്ത വേറൊരു പശ്ചാത്തലം കൂടി ഇതിനുണ്ട്. ഇന്നും ശക്തി ക്ഷയിക്കാത്ത ജാതി ഘടനയുടെ പ്രഭാവമാണത്. നഴ്സിംഗില്‍ മറ്റുള്ളവരുടെ ശരീരം സ്പര്‍ശിക്കുകയും ശരീര സ്രവങ്ങള്‍ കൈകാര്യം ചെയ്യുകയും വേണമല്ലോ. അത് മേല്‍ജാതി ഹിന്ദുമനസ്സിന് നിഷിദ്ധമാണ്. ശുദ്ധാശുദ്ധ സംബന്ധമായ ഈ തടസ്സം ഇന്ത്യയെ സംബന്ധിച്ച് പൊതുവില്‍ ബാധകമാണെന്നതിനാല്‍ വിദ്യാസമ്പന്നരായ മലയാളി നേഴ്സുമാര്‍ക്ക് അതില്‍ നിന്ന് മുക്തരായി മുന്‍വിധികളില്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിച്ചുവന്നത് അവരുടെ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടാവാം.

ലോകത്തെല്ലായിടത്തുമുള്ള മലയാളികളെ അവിടെ ഇഴുകിച്ചേര്‍ന്നു ജീവിക്കാനും അതേസമയം വ്യതിരിക്തമായ സ്വത്വം നിലനിര്‍ത്താനും പ്രാപ്തരാക്കുന്നത് ചരിത്രപരമായി അവര്‍ക്കു ലഭിച്ച ഉപലബ്ധികളായ സര്‍വലോകപാരസ്പര്യവും സമത്വദര്‍ശനവും രാഷ്ട്രീയ ജാഗ്രതയും മതപരമായ മുന്‍ വിധികളുടെ അഭാവവുമാണ്. എന്നാല്‍, പരിഹൃതമാവാത്ത ജാതിപ്രശ്‌നവും ദലിത് ആദിവാസി വിഭാഗങ്ങളുടെ തള്ളിമാറ്റപ്പെട്ട അവസ്ഥയും കാരണം പുറത്തേക്കുള്ള ഒഴുക്ക് ഇനിയും തുടരാനാണിടയുള്ളത്. കേരളത്തില്‍ ദലിത് സാഹിത്യവും അതിലുപരി ശക്തമായൊരു ദലിത് അവബോധവും വൈകി (മഹാരാഷ്ട്രയുമായും തമിഴ്‌നാടുമായും താരതമ്യപ്പെടുത്തിയാല്‍) മാത്രം ആവിര്‍ഭവിച്ചു എന്നതിനെ, വര്‍ഗകല്പന ജാതി പ്രശ്‌നത്തെ മറയത്താക്കുന്നതിന്റെ ഒരടയാളമായി കാണാവുന്നതാണ്.

(ഇംഗ്‌ളീഷില്‍ നിന്നുള്ള വിവര്‍ത്തനം: ദിലീപ് രാജ് )



Similar Posts