കര്‍ഷക സമരം: കിസാന്‍മാരെ വെടിവെക്കുന്ന ജവാന്‍മാരുടെ രാജ്യം!
|2021 ല്‍ വര്‍ഷം നീണ്ടു നിന്ന സമരം അവസാനിപ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ മിക്കതും പാലിച്ചില്ല എന്നത് തന്നെയാണ് ഇപ്പോള്‍ സമരം ചെയ്യാനുള്ള പ്രധാന കാരണം.
'ജയ് ജവാന്‍ ജയ് കിസാന്‍' എന്നതാണ് ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ അഭിമാനവാക്യം. 1965ല്‍, രണ്ടാം പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ് ഈ വാക്യം ആദ്യമായി ഉപയോഗിച്ചത്. രാഷ്ട്രീയത്തില്‍ പിന്നീട് പലരും പലപ്പോഴും ഈ വാക്യം അവരുടെ സ്വാര്‍ഥലാഭങ്ങള്‍ക്കും അല്ലാതെയും ഉപയോഗിച്ചു തുടങ്ങി. അതില്‍ ജവാന്മാരെ രാഷ്ട്രീയലാഭത്തിനു വേണ്ടി രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അഗ്‌നിവീര്‍ എന്ന പേരില്‍ കരാര്‍വത്കരണം അടക്കമുള്ള തീരുമാനങ്ങളിലൂടെ രാജ്യത്തിന്റെ തന്ത്രപ്രധാനമായ സൈനിക മേഖലയിലുള്‍പ്പെടെ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുകയാണ്. ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അതിര്‍ത്തിയില്‍ കലാപം ഉണ്ടാകും എന്ന ചാണക്യ വാക്യം യഥാര്‍ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അഭിമാന വാക്യത്തിലെ അടുത്ത ആളുകള്‍ 'കിസാന്‍' ആണ്. അവര്‍ മാത്രം സ്വസ്ഥമായി ഇരുന്നാല്‍ എങ്ങനെ? ഉടനെ സംഘ്പരിവാര്‍ അവരുടെ ശ്രമം തുടങ്ങി. ഇറക്കുമതി തീരുവ കൂട്ടിയും കോര്‍പ്പറേറ്റ് വത്കരണം നടത്തിയും കര്‍ഷകരുടെ നടുവൊടിച്ചു. ഗതികെട്ട കര്‍ഷകര്‍ തെരുവില്‍ ഇറങ്ങി.
'ഞാന്‍ മരിച്ചാല്‍ എന്റെ ചിതാഭസ്മം വയലുകളില്‍ വിതറണം' എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്ന രാജ്യത്താണ് ഇന്ന് കര്‍ഷകര്‍ക്കുനേരെ ടിയര്‍ ഗ്യാസും, റബ്ബര്‍ ബുള്ളറ്റും പ്രയോഗിക്കുന്നത്.
ഒന്നാം കര്‍ഷക സമരത്തിലും രണ്ടാം കര്‍ഷക സമരത്തിലും പ്രധാനമായും പഞ്ചാബ്, ഹരിയാന, യു.പി എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകരാണുള്ളത്. ആദ്യ സമരത്തില്‍ ഒരുപാട് ആളുകളുടെ ജീവന്‍ കൊടുത്തും സമരം ചെയ്തും അവര്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്തു. ഒന്നാം കര്‍ഷക സമരത്തെ തുടര്‍ന്നു മോദിക്ക് വിവാദമായ ബില്ലുകള്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യേണ്ടി വന്നു. എന്നിട്ടും പിന്നീട് നടപ്പാക്കാമെന്ന് പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ വീണ്ടും കര്‍ഷകര്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടി വന്നു. രണ്ടാം സമരത്തെ മോദിയും സംഘ്പരിവാറും ഭയപ്പെടുന്നു. അതുകൊണ്ടാണ് അള്ളു വെച്ചും സ്വന്തം ജനതയ്ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയും ഡ്രോണ്‍ ആക്രമണം നടത്തിയും സമരത്തെ നേരിടാന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
2011-ലെ കാനേഷുമാരി കണക്കുപ്രകാരം 10 വര്‍ഷംകൊണ്ട് 1.5 കോടി കര്‍ഷകരാണു കാര്‍ഷികവൃത്തി അവസാനിപ്പിച്ചത്. എന്നിട്ടും ഇന്നും 60 ശതമാനത്തോളം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ നടപ്പായാല്‍ കര്‍ഷകര്‍ ഇല്ലാതാകും. കൃഷിക്കാര്‍ അഗ്രോ ബിസിനസ് കോര്‍പ്പറേറ്റുകള്‍ക്ക് അടിമകളാകും. അതുകൊണ്ടാണ് കാര്‍ഷിക മേഖല ഒത്തൊരുമിച്ച് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ നേരിടുമ്പോള്‍ അവരെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. എന്നാല്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മാണവും കോര്‍പറേറ്റുകളുടെ കടം എഴുതി തള്ളുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന കാഴ്ചയാണ് നാം കാണുന്നത്.
'ഞാന്‍ മരിച്ചാല്‍ എന്റെ ചിതാഭസ്മം വയലുകളില്‍ വിതറണം' എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്ന രാജ്യത്താണ് ഇന്ന് കര്‍ഷകര്‍ക്കുനേരെ ടിയര്‍ ഗ്യാസും, റബ്ബര്‍ ബുള്ളറ്റും പ്രയോഗിക്കുന്നത്.
എന്തിനാണ് കര്‍ഷകര്‍ ഇപ്പോള്‍ വീണ്ടും സമരം ചെയ്യുന്നത്?
ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ 2021 ല്‍ ഒരു വര്‍ഷം നീണ്ടു നിന്ന സമരം അവസാനിപ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൊടുത്ത വാഗ്ദാനങ്ങളില്‍ മിക്കതും പാലിച്ചില്ല എന്നത് തന്നെയാണ് അവര്‍ ഇപ്പോള്‍ സമരം ചെയ്യാനുള്ള പ്രധാന കാരണം.
കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ ഇവയാണ്:
1. വിളകള്‍ക്ക് നിയമപരമായ പിന്‍ബലത്തോടെ മിനിമം താങ്ങുവില (എം.എസ്.പി)
2. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാമീണ വികസനത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് 2016ല്‍ മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നു. അത്രയില്ലെങ്കിലും തങ്ങളുടെ മൊത്തത്തിലുള്ള ഉല്‍പ്പാദനച്ചെലവിന്റെ 50% ലാഭമെങ്കിലും സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് കര്‍ഷകരും നിര്‍ബന്ധിക്കുന്നു. (സ്വാമിനാഥന്‍ കമീഷന്‍ ഈ ആവശ്യം ശരി വെക്കുന്നു)
3. കര്‍ഷക കടങ്ങള്‍ എഴുതി തള്ളുക.
4. ഇറക്കുമതി തീരുവ കുറക്കുക തുടങ്ങിയവ അടക്കമുള്ള കര്‍ഷകരെ ബാധിക്കുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുക. (ആഭ്യന്തരവിപണിയെ ബാധിക്കും)
5. കൃഷി, ചെറുകിട മേഖല എന്നീ മേഖലകളിലെ കോര്‍പ്പറേറ്റ്‌വത്കരണം തടയുക.
(തുടക്കത്തില്‍ ആകര്‍ഷകമായി തോന്നുന്ന ഇവ പിന്നീട് കെണികളായിത്തീരും.)
6. വൈദ്യുതി ബോര്‍ഡുകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക.
(ഇത് സബ്സിഡിയുടെ കാര്യത്തില്‍ മരണമണിയാകും)
7. കഴിഞ്ഞ കര്‍ഷക സമരകാലത്തടക്കം കര്‍ഷകര്‍ക്ക് നേരെയെടുത്ത കേസുകള്‍ പിന്‍വലിക്കുക.
മോല്‍പറഞ്ഞ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 'ദില്ലി ചലോ' എന്ന തലക്കെട്ടില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചത് ഫെബ്രുവരി 13 നാണ്. കഴിഞ്ഞ തവണത്തേതു പോലെ തന്നെ കേന്ദ്ര സര്‍ക്കാര്‍, കര്‍ഷകരോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. നുണപ്രചാരണവും ഖാലിസ്ഥാന്‍ വിളിയും അന്നത്തേതു പോലെ തന്നെ സര്‍ക്കാരിന്റെ വിശ്വസ്തരായ അനുയായികള്‍ ആവര്‍ത്തിക്കുന്നുണ്ട്. ശത്രുരാജ്യത്തെ നേരിടും പോലെയാണ് ടിയര്‍ ഗ്യാസ്, പെല്ലറ്റ് ഗണ്‍, ഷെല്ലിംഗ് എല്ലാം പ്രയോഗിക്കുന്നത്. ആളുകളുടെ ശ്രവണശക്തി ഇല്ലാതാക്കാന്‍ കെല്‍പ്പുള്ള, ലോംഗ് റേഞ്ച് അക്കോസ്റ്റിക് ഡിവൈസ് (LRAD ) ദില്ലി അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുണ്ട്. യു.എസിലും മറ്റും ഇതു നിരോധിച്ചിട്ടുള്ളതാണ്.
ഗ്യാന്‍ സിംഗ് (78), മഞ്ജീത് സിംഗ് (63), ശുഭ് കരണ്‍സിംഗ് (24) എന്നിവരാണ് കര്‍ഷകസമരത്തില്‍ ഇതിനകം രക്തസാക്ഷികളായവര്‍. ഇതില്‍ ശുഭ് കരണ്‍ സിംഗ്, ബുള്ളറ്റ് തലയില്‍ തറച്ചു കയറിയതു മൂലമാണ് കൊല്ലപ്പെട്ടത്. വെറും 24 വയസു മാത്രം പ്രായമുള്ള ശുഭ് കരണ്‍ സിംഗ് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍, തന്റെ മാതാപിതാക്കള്‍ വിവാഹമോചനം നേടിയതിനു ശേഷം, കൃഷിക്ക് ഇറങ്ങിയതായിരുന്നു. രണ്ടു സഹോദരിമാരുടെ ഏക ആശ്രയമായിരുന്നു ആ ചെറുപ്പക്കാരന്‍. രണ്ട് ഏക്കര്‍ ഭൂമി സ്വന്തമായുള്ള ശുഭ് അമ്മാവനൊപ്പം വേറേ 20 ഏക്കര്‍ കൂടി പാട്ടത്തിനെടുത്തായിരുന്നു കൃഷി നടത്തിയിരുന്നത്. ജീവിതത്തില്‍ എന്തെങ്കിലും ആകുന്നതിനു മുമ്പേ, ജീവിതം തുടങ്ങുന്നതിനു മുന്‍പേ സംഘ്പരിവാര്‍ ഭരണകൂടം അയാളുടെ ജീവന്‍ എടുത്തു.
കര്‍ഷക സമരത്തിനടെ കൊല്ലപ്പെട്ട ഗ്യാന്‍ സിംഗ്, മഞ്ജീത് സിംഗ്, ശുഭ് കരണ്‍സിംഗ്
ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിര്‍ണയിക്കുന്നത് ഉല്‍പാദനമേഖലയാണ്. അതിന്റെ നെടുംതൂണ് കര്‍ഷകരും. നമുക്ക് അന്നം തരുന്ന കര്‍ഷകര്‍ ഉന്നയിക്കുന്ന പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, താങ്ങുവില എന്നീ ആവശ്യങ്ങള്‍ തികച്ചും ന്യായമാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതുകൊണ്ട് ന്യായമായ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങാനും തങ്ങള്‍ക്ക് നേരിടുന്ന അവകാശലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ഏതൊരു പൗരനും അധികാരം ഉണ്ടെന്നിരിക്കെ ആ ശബ്ദങ്ങളെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്ന ഏകാധിപതികളെ ചരിത്രം ചോദ്യം ചെയ്യുക തന്നെ ചെയ്യും.