Analysis
ദ്വയാംഗത്വം. ത്രയാംഗത്വം, ആദ്യ ലോക്ശബ തെരഞ്ഞെടുപ്പ്, ആദ്യ പൊതു തെരഞ്ഞെടുപ്പ് ചരിത്രം
Analysis

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പും ഇലക്ഷന്‍ കമീഷനും

റിജേഷ് പൊന്നാനി
|
25 April 2024 5:32 AM GMT

1951 ഒക്ടോബര്‍ 25ന് ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ പോളിംഗ് ഉദ്യോഗസ്ഥനായ 'ശ്യാം സരന്‍ നേഗി' ആദ്യ വോട്ട് രേഖപ്പെടുത്തി ചരിത്രം കുറിച്ചു. ആദ്യ പൊതുതെരഞ്ഞെടുപ്പ് 1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21 വരെ 68 ഘട്ടങ്ങളിലായാണ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം തന്നെ സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ചായിരുന്നു വോട്ടെടുപ്പ്. 4000 ത്തില്‍ അധികം അസംബ്ലി സീറ്റിലേക്കാണ് അന്ന് ഇലക്ഷന്‍ നടന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിന്റെ ചരിത്രം.

1951ല്‍ ഇന്ത്യയിലെ ജനസംഖ്യ 37 കോടിയായിരുന്നു. ആ 37 കോടിയില്‍ 80 ശതമാനം തീര്‍ത്തും നിരക്ഷരരാണ്. അങ്ങനെയുള്ള ഒരു രാജ്യത്തിന്റെ നീക്കം കണ്ട് ലോകത്തിന്റെ കണ്ണ് മുഴുവനും ഈ മണ്ണിലേക്കായി. ഇന്ത്യയ്ക്ക് പിഴച്ചാല്‍ ലോകത്തിന് മുന്നില്‍ നമ്മള്‍ നാണം കെടും. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യ ആദ്യമായി പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയപ്പോള്‍ ഒരിക്കലും മുങ്ങില്ല എന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്നും അമേരിക്കയിലെ ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ച ആഡംബര കപ്പലായ ടൈറ്റാനിക് അറ്റ്‌ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്ന് നിരവധി മരണങ്ങള്‍ക്കിടയാക്കി വന്‍ദുരന്തമായത് പോലെ ഇന്ത്യ ഇലക്ഷനുമായി മുന്നോട്ട് പോയാല്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ബാലറ്റ് പെട്ടികള്‍ മുങ്ങുമെന്ന് വിദേശ നിരീക്ഷകര്‍ വിധിയെഴുതി. അത്രയേറെ പ്രതിസന്ധി നിറഞ്ഞതായിരുന്നു ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ.

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയെങ്കിലും ഓരോ ദിനങ്ങള്‍ പിന്നിടുമ്പോഴും ഭരണത്തലവനെ അലട്ടിയിരുന്ന അതീവ ഗൗരവമുള്ള ഒരു വിഷയം ഉണ്ടായിരുന്നു. ജനാധിപത്യത്തിലൂടെ ജനങ്ങളാല്‍ വിധിയെഴുതി ഭൂരിപക്ഷം ലഭിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ അമരത്തെത്തി പ്രധാനമന്ത്രി പദത്തിലെത്തുമ്പോഴാണ് ആ ഉയര്‍ന്ന സ്ഥാനത്തിന് അന്തസ്സും ആഭിജാത്യവും കൈവരികയുള്ളൂ എന്ന വ്യക്തമായ ധാരണ നെഹ്‌റുവിന് ഉണ്ടായിരുന്നു. പൊതുതെരഞ്ഞെടുപ്പ് സാധ്യമാവണമെങ്കില്‍ ആദ്യം വേണ്ടിയിരുന്നത് ഇന്ത്യക്ക് സ്വന്തമായ ഒരു ഭരണഘടനയായിരുന്നു. മൂന്നു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കും ഭേദഗതികള്‍ക്കും ശേഷം ഡോ. ബി.ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ 1949 നവംബര്‍ 26ന് ഭരണഘടന നിലവില്‍ വരുകയും ആ ദിവസം തന്നെ ഭരണഘടന നിയമനിര്‍മാണ സഭ (കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി) ഭരണഘടന അംഗീകരിക്കുകയും കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയുടെ സ്ഥിരാധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായി, 1950 ജനുവരി 26ന് അധികാരം ഏല്‍ക്കുകയും ചെയ്തതോടെ അതുവരെ ഉണ്ടായിരുന്ന ഇന്ത്യയുടെ മുഖം പതുക്കെ മാറാന്‍ തുടങ്ങിയത് വിശ്വപൗരന്മാരുടെ ശ്രദ്ധയാകര്‍ഷിച്ചു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ തലേന്നാള്‍ വരെ പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും ശക്തമായ പിന്തുണ സുകുമാര്‍ സെന്നിന് ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്‍ സ്വതന്ത്ര ഭരണഘടന സ്ഥാപനമായതിനാല്‍ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതിനുശേഷം നെഹ്‌റുവിന്റെയും സര്‍ക്കാരിന്റെയും ഒരു ഉപദേശവും സുകുമാര്‍ സെന്‍ തേടിയില്ല എന്നതും ചരിത്രമാണ്.

ഇന്ത്യ റിപ്പബ്ലിക് ആവുന്നതിന് ഒരു ദിവസം മുന്നേ 1950 ജനുവരി 25ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പിറവി കൊണ്ടു. ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ സ്വര്‍ണ്ണമെഡലോടെ പാസായി തുടര്‍ന്ന് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ (ഐ.സി.എസ്) പ്രവേശിച്ച ബംഗാളുകാരന്‍ 'സുകുമാര്‍ സെന്‍' സ്വതന്ത്ര ഇന്ത്യയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി 1951 മാര്‍ച്ച് 21ന് ചുമതലയേറ്റു.

ഇന്ത്യന്‍ ഭരണഘടനയുടെ ഏറിയ പങ്കും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് കടം കൊണ്ടതാണെങ്കിലും പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കിലും ആ രാജ്യങ്ങളിലെ ജനസംഖ്യയും നമ്മുടെ ജനസംഖ്യയും തുലനം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഇലക്ഷന്‍ ബാലികേറാമല തന്നെയായിരുന്നു. പോരാത്തതിന് നാലില്‍ മൂന്നുപേരും അക്ഷരം അറിയാത്തവരും.

ഇന്ത്യന്‍ ഇലക്ഷന്‍ കമീഷണറായി സുകുമാര്‍ സെന്‍ അധികാരമേറ്റതോടെ ലോകത്തിലെ ഒരു ഉദ്യോഗസ്ഥനും നേരിടാത്ത കനത്ത വെല്ലുവിളികളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. 37 കോടിയിലേറെ ജനങ്ങളില്‍ നിന്ന് 21 വയസ്സ് പൂര്‍ത്തിയായവരെ തേടിപ്പിടിച്ച് വോട്ടര്‍ പട്ടിക തയ്യാറാക്കി ജനങ്ങള്‍ക്ക് വോട്ടിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമായ അറിവ് നല്‍കി ഇന്ത്യ എന്റെ രാജ്യവും വോട്ട് ഓരോ പൗരന്റെയും അവകാശവുമാണെന്ന ബോധം വളര്‍ത്തിയെടുക്കണം. 37 കോടിയില്‍ 28 കോടിയിലേറെ ജനങ്ങള്‍ക്കും എഴുത്തും വായനയും അറിയാത്തത് കാരണം നിരക്ഷരരെ എങ്ങനെ ബോധവത്കരിക്കും എന്നാലോചിച്ച് തലപുകച്ചപ്പോള്‍ സുകുമാര്‍ സെന്നും കൂട്ടരും ആരും രക്ഷയ്ക്കില്ലാതെ നടുക്കടലില്‍ ഒറ്റപ്പെട്ടതിന് സമാനമായി.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ഇനിയെത്ര ദൂരം തനിക്ക് സഞ്ചരിക്കാനാകും മുന്നോട്ടുപോയാല്‍ തന്നെ ടൈറ്റാനിക്ക് പോലെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതാകുമോ എന്നോര്‍ത്ത് ലോകത്ത് ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും അനുഭവിക്കാത്ത പ്രതിസന്ധികള്‍ സുകുമാര്‍ സെന്നിലുണ്ടായി. ഇതിനുപുറമേ വിവിധ സംസ്ഥാനങ്ങളിലെ ചുമതല വഹിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചകള്‍ വന്നാല്‍, അല്ലെങ്കില്‍ അവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മടിയന്മാരെ മാറ്റിനിര്‍ത്തി കാര്യപ്രാപ്തിയുള്ളവരെ ഉള്‍പ്പെടുത്തിയും തെറ്റുകള്‍ വരുത്തിയവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് അതിവേഗത്തിലായിരുന്നു സുകുമാര്‍ സെന്നിന്റെ യാത്ര. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ തലേന്നാള്‍ വരെ പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും ശക്തമായ പിന്തുണ സുകുമാര്‍ സെന്നിന് ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്‍ സ്വതന്ത്ര ഭരണഘടന സ്ഥാപനമായതിനാല്‍ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതിനുശേഷം നെഹ്‌റുവിന്റെയും സര്‍ക്കാരിന്റെയും ഒരു ഉപദേശവും സുകുമാര്‍ സെന്‍ തേടിയില്ല എന്നതും ചരിത്രമാണ്.

17 കോടി 33 ലക്ഷം സമ്മതിദാനാവകാശമുള്ളവരില്‍ 12.5 കോടി ജനങ്ങള്‍ക്കും മത്സരാര്‍ത്ഥികളുടെ പേര് വായിച്ചെടുത്ത് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാത്തവരായിരുന്നു. അതിനുള്ള പ്രതിവിധി കണ്‍മുന്നില്‍ കണ്ടിരുന്ന പല രൂപങ്ങളും ചിഹ്നങ്ങളായി. നുകം വെച്ച കാളയും, അരിവാളും നെല്‍ക്കതിരും, ആനയും, വിളക്കും തുടങ്ങിയ പലതും രാഷ്ട്രീയപ്പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളായി.

ഇലക്ഷന് ചുക്കാന്‍ പിടിക്കുന്നവര്‍ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ ഓരോ കുടുംബത്തിലേക്കും കയറിച്ചെന്ന് 21 വയസ്സായവരെ കണ്ടെത്തി വോട്ടിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കുമ്പോള്‍ അതെല്ലാം ആ കുടുംബത്തിലുള്ളവര്‍ കേട്ടിരിക്കും. പക്ഷേ, വോട്ടര്‍ പട്ടികയില്‍ പേര് രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തുനിഞ്ഞാല്‍ മിക്കവരും സ്വന്തം പേര് ഉച്ചരിക്കില്ല. ഉദാഹരണത്തിന് കുഞ്ഞമ്പുവിന്റെ മകളാണ് ജാനകി എന്ന് കരുതുക, ജാനകിയോട് ഉദ്യോഗസ്ഥര്‍ പേര് ചോദിച്ചാല്‍ സ്വന്തം പേര് പറയാതെ കുഞ്ഞമ്പുവിന്റെ മകളാണ് എന്നേ പറയുകയുള്ളൂ. അതുപോലെ മൊയ്തീന്‍കുട്ടിയുടെ മകനാണ് അബൂബക്കര്‍ എങ്കില്‍ അദ്ദേഹം മൊയ്തീന്‍ കുട്ടിയുടെ മകനാണ്. ആലീസിന്റെ കെട്ടിയോന്‍ തോമസാണെങ്കില്‍ അവര്‍ തോമസിന്റെ ഭാര്യയാണ്. ഇതില്‍ നിന്ന് വ്യത്യസ്തരും ഉണ്ടായിരുന്നു. രാജ്യത്ത് തെരഞ്ഞെടുപ്പ് അനിവാര്യമാണ്, വോട്ട് എന്റെ അവകാശമാണ് എന്ന തിരിച്ചറിവുള്ളവര്‍ക്ക് സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭയവുമായിരുന്നു. അവര്‍ക്ക് ജന്മിമാരുടെ അനുവാദം കൂടി വാങ്ങിക്കേണ്ട അവസ്ഥയുമായി. സ്വന്തം പേര് വെളിപ്പെടുത്താത്തവര്‍ക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി വന്നു. എന്നിട്ടും സ്വന്തം പേര് വെളിപ്പെടുത്താത്തവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കംചെയ്യാന്‍ സുകുമാര്‍ സെന്‍ കര്‍ശന നിര്‍ദേശം നല്‍കി. അന്തിമ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ 17 കോടി 33 ലക്ഷം പേര്‍ക്കായിരുന്നു സമ്മതിദാനവകാശം. 17 കോടി 33 ലക്ഷം സമ്മതിദാനാവകാശമുള്ളവരില്‍ 12.5 കോടി ജനങ്ങള്‍ക്കും മത്സരാര്‍ത്ഥികളുടെ പേര് വായിച്ചെടുത്ത് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാത്തവരായിരുന്നു. അതിനുള്ള പ്രതിവിധി കണ്‍മുന്നില്‍ കണ്ടിരുന്ന പല രൂപങ്ങളും ചിഹ്നങ്ങളായി. നുകം വെച്ച കാളയും, അരിവാളും നെല്‍ക്കതിരും, ആനയും, വിളക്കും തുടങ്ങിയ പലതും രാഷ്ട്രീയപ്പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളായി.

ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ് 401 മണ്ഡലങ്ങളിലേക്കായിരുന്നു. എം.പിമാരുടെ എണ്ണം 489 ഉം. അത് എങ്ങനെയെന്നാല്‍, 314 ഏകാംഗമണ്ഡലവും 86 ദ്വയാംഗ മണ്ഡലങ്ങളില്‍ നിന്ന് 172 എംപിമാരും ഒരു ത്രയാംഗ മണ്ഡലത്തില്‍ നിന്ന് മൂന്ന് എംപിയും അടക്കം മൊത്തം 489. ത്രയാംഗ മണ്ഡലം വടക്കന്‍ ബംഗാളായിരുന്നു. ദ്വയാംഗ മണ്ഡലത്തില്‍ നിന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രണ്ട് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാം. ജനറല്‍ വിഭാഗത്തില്‍നിന്ന് ഒരാളും എസ്.സി.എസ്.ടിയില്‍ ഒരു വ്യക്തിയും. ജനറല്‍ സീറ്റില്‍ മത്സരിക്കുന്ന വ്യക്തി എതിര്‍ പാര്‍ട്ടിയിലെ ജനറല്‍ വിഭാഗം സ്ഥാനാര്‍ത്ഥിയുമായി ഏറ്റുമുട്ടും. അതേ മാതൃകയില്‍ എസ്.സി.എസ്.ടി മത്സരവും. ദ്വയാംഗ മണ്ഡലത്തിലെ ഓരോ വോട്ടര്‍ക്കും രണ്ടു വോട്ട് ഉണ്ടായിരിക്കും.

തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ ഏവരും പ്രതീക്ഷിച്ചത് പോലെ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്. 45 ശതമാനം വോട്ടും 364 സീറ്റും കോണ്‍ഗ്രസ് കരസ്ഥമാക്കി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായി.

ഇലക്ഷന്‍ എന്തിനാണെന്നും വോട്ട് രേഖപ്പെടുത്തേണ്ടത് എങ്ങനെയാണെന്നും റേഡിയോയിലൂടെ ജനങ്ങള്‍ക്ക് ശബ്ദ സന്ദേശങ്ങളായി നിരന്തരം വിവരണം നല്‍കി. കൂടാതെ രാജ്യത്തെ 2500 ഓളം സിനിമ തീയറ്ററുകളില്‍ വോട്ട് എങ്ങനെ ചെയ്യണമെന്നുള്ള ലഘുചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ജനങ്ങളെ സമ്മതിദാനവകാശം ഭയാശങ്കകളില്ലാതെ വിനിയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

1951 ഒക്ടോബര്‍ 25ന് ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ പോളിംഗ് ഉദ്യോഗസ്ഥനായ 'ശ്യാം സരന്‍ നേഗി' ആദ്യ വോട്ട് രേഖപ്പെടുത്തി ചരിത്രം കുറിച്ചു. 1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21 വരെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 68 ഘട്ടങ്ങളിലായാണ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം തന്നെ സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ചായിരുന്നു വോട്ടെടുപ്പ് നടന്നത്. 4000 ത്തില്‍ അധികം അസംബ്ലി സീറ്റിലേക്കാണ് അന്ന് ഇലക്ഷന്‍ നടന്നത്.

ആ കാലത്തെ വോട്ടിംഗ് രീതി എങ്ങനെയാണെന്ന് വെച്ചാല്‍ ഉരുക്കുകൊണ്ട് ഉണ്ടാക്കിയ ബാലറ്റ് പെട്ടിയില്‍ സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ പതിക്കും. നമ്മള്‍ വിളക്കിനാണ് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തിയത് എങ്കില്‍ വിളക്ക് പതിച്ച ബാലറ്റ് പെട്ടിയില്‍ തന്നെ സ്ലിപ്പ് നിക്ഷേപിക്കണം. വിളക്കിന് വോട്ട് ചെയ്ത് ആനയുടെ പെട്ടിയില്‍ സ്ലിപ്പ് നിക്ഷേപിച്ചാല്‍ വോട്ട് അസാധുവാകും.



നെഹ്‌റു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍

തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ ഏവരും പ്രതീക്ഷിച്ചത് പോലെ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്. 45 ശതമാനം വോട്ടും 364 സീറ്റും കോണ്‍ഗ്രസ് കരസ്ഥമാക്കി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായി.

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കാത്തത് കാരണം അവിടെനിന്ന് ആറ്, ആന്‍ഡമാന്‍ നിക്കോബാര്‍, ആസമിലെ പാര്‍ട്ടി ട്രൈബല്‍ ഏരിയ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും, കൂടാതെ രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി അടക്കം മൊത്തം 10 പേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്തപ്പോള്‍ 499 അംഗങ്ങളായിരുന്നു ആദ്യ ലോക്‌സഭയില്‍ ഉണ്ടായിരുന്നത്.


സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുകുമാര്‍ സെന്‍

പണക്കാര്‍, ദരിദ്രര്‍, കറുത്തവര്‍, വെളുത്തവര്‍, വിദ്യാസമ്പന്നര്‍, അക്ഷരമറിയാത്തര്‍ തുടങ്ങി ജാതി മതം എന്നിങ്ങനെ വേര്‍തിരിവില്ലാതെ എല്ലാവരെയും ഒരു വരിയില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് വന്‍വിജയമാക്കി ലോക നേതാക്കളുടെ പ്രശംസ പിടിച്ചു പറ്റിയ സുകുമാര്‍ സെന്‍ നമ്മുടെ രാജ്യം എന്നും ആദരവോടെ കാണുന്ന മഹത് വ്യക്തിത്വമാണ്.

സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ ഇലക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സുകുമാര്‍ സെന്‍ ആ കാലയളവില്‍ സ്വാതന്ത്ര്യം നേടിയ നിരവധി രാജ്യങ്ങളുടെ തെരഞ്ഞെടുപ്പ് ഉപദേശകനായും സുഡാനില്‍ നടന്ന ഇലക്ഷനില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായും പ്രവര്‍ത്തിച്ചു. 1957 ല്‍ നമ്മുടെ രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിലും ഇദ്ദേഹം തന്നെയായിരുന്നു ഇന്ത്യയുടെ ചീഫ് ഇലക്ഷന്‍ കമീഷണര്‍.

രാജ്യം പത്മഭൂഷന്‍ നല്‍കി സുകുമാര്‍ സെന്നിനെ ആദരിച്ചെങ്കിലും അതിലും വലിയ ബഹുമതികള്‍ക്ക് സുകുമാര്‍ സെന്നിന് അര്‍ഹതയുണ്ടായിരുന്നു. ഭരണഘടന സ്ഥാപനങ്ങള്‍ എക്‌സിക്യൂട്ടീവിനോട് വിട്ടുവീഴ്ച ചെയ്യുന്ന വര്‍ത്തമാന ഇന്ത്യയില്‍ സുകുമാര്‍ സെന്നിനെ പോലുള്ളവരുടെ ഔദ്യോഗിക കര്‍ത്തവ്യ നിര്‍വഹണങ്ങളെ കുറിച്ച് പഠനങ്ങള്‍ നടത്തുന്നത് പുതിയ തലമുറക്ക് ഗുണകരമായിരിക്കും.

Similar Posts