Analysis
വെള്ളപ്പൊക്കം അന്നും ഇന്നും
Analysis

വെള്ളപ്പൊക്കം അന്നും ഇന്നും

ഡോ. മുഹ്‌സിന. കെ. ഇസ്മായില്‍
|
16 Jun 2023 2:55 AM GMT

1924 ലെ വെള്ളപ്പൊക്കത്തെ ആസ്പദമാക്കി തകഴി എഴുതിയ വെള്ളപ്പൊക്കത്തില്‍ എന്ന കഥ, അന്ന് നിലനിന്നിരുന്ന ജാതി വെറിയേയും ദുരാചാരങ്ങളേയും ശക്തമായി വിമര്‍ശിക്കുന്നു. അത്തരമൊരു അവസ്ഥയല്ല കേരളത്തില്‍ ഇന്നുള്ളത്. അല്ലെങ്കില്‍ 2018 ല്‍ ഉണ്ടായിരുന്നത്.

മനുഷ്യ മനസ്സുകള്‍ അകന്നു കൊണ്ടിരിക്കുന്ന ഈ ഫാഷിസ്റ്റ് ഭരണകൂടകാലത്ത് ഓരോ വ്യക്തിയും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് 2018. സിനിമ എന്നതിലുപരി നാടിനെ പിടിച്ചു കുലുക്കിയ വെള്ളപ്പൊക്കമെന്ന പ്രകൃതി ദുരന്തകാലത്തിന്റെ ഓര്‍മകളിലേക്ക് ഒന്ന് എത്തി നോക്കുക എന്ന ഉദ്ദേശമാണ് പ്രേക്ഷകരെ ഈ സിനിമക്ക് മുന്‍പിലെത്തിക്കുന്നത് എന്ന് വേണം കരുതാന്‍. അന്നത്തെ ആ ഒരുമ എന്നുമുണ്ടായിരുന്നെങ്കിലെന്നു ചിലരെങ്കിലും ഇന്ന് ആശിച്ചു പോകുന്നുമുണ്ടാകാം.

സിനിമക്കുള്ളിലേക്ക് പോകുന്നതിനു മുമ്പ് നിശിത ( acute) സമ്മര്‍ദങ്ങള്‍ മനുഷ്യ മനസ്സുകളിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാം. നാമെത്രയോ നിസ്സഹായരാണെന്നും നമ്മള്‍ സാമൂഹിക ജീവികളാണെന്നും സഹായവും സഹാനുഭൂതിയും നമ്മിലുണ്ടാകേണ്ടതാണെന്നും ഇത്തരം അവസരങ്ങളില്‍ മനുഷ്യന്‍ ബോധവാനാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍, മനുഷ്യത്വം എന്നതിന്റെ അര്‍ഥമെന്താണെന്ന് നാം തിരിച്ചറിയുന്നു. ഈയിടെ സയന്റിഫിക് അമേരിക്കന്‍ എന്ന ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനമനുസരിച്ചു ഇത് കൊണ്ടാണത്രേ ചിലര്‍ യുദ്ധഭൂമികയിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നത്. റോബര്‍ട്ട് സപ്പോള്‍സ്‌കൈയുടെ പഠനമനുസരിച്ച്, നിശിത സമ്മര്‍ദം നമ്മെ പ്രതിരോധിക്കാന്‍ പ്രേരിപ്പിക്കുമെങ്കില്‍ ദീര്‍ഘകാലമായുള്ള സമ്മര്‍ദം (Chronic Stress) നമ്മെ തളര്‍ത്തുന്നു എന്നും മനസ്സിലാക്കാം.

ഇനി സിനിമയിലേക്ക് തിരിച്ചു വരാം. ടോവിനോ തോമസ്, ലാല്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നരന്‍ എന്നിങ്ങനെ മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഈ സിനിമയില്‍ ഓരോ കഥാപാത്രത്തിനും അതിന്റേതായ പ്രാധാന്യം നല്‍കാന്‍ ജൂഡ് ആന്തണിയെന്ന തിരക്കാഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. ഒട്ടു മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിനെ നൊമ്പരിപ്പിക്കുന്നു.


ടോവിനോ ചെയ്ത അനൂപ് എന്ന കഥാപാത്രം അന്ധനായ ഭാസേട്ടന് നല്‍കുന്ന കമന്റേറ്ററിയിലൂടെയാണ് മഴ തുടങ്ങുന്നത്. പിന്നീട് അത് ഓരോ കഥാപാത്രത്തിന്റേയും നിത്യ ജീവിതത്തിലൂടെ കടന്നു പോകുന്നു. പെരുമഴയില്‍ വലിയ തിരമാലകളില്‍ പെട്ടുലയുന്ന ബോട്ടില്‍ നടുക്കടലില്‍ പെട്ടുപോകുന്ന മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ ഒരിറ്റു കുടിവെള്ളം പോലുമില്ലെന്ന യാഥാര്‍ഥ്യമായും ചുറ്റുപാടും ചെളിവെള്ളം കുതിച്ചു വരുമ്പോഴും ഒരിറ്റു വെള്ളമില്ലാത്ത പൈപ്പുകളായും വെള്ളത്തിന്റെ വിവിധ ഭാവങ്ങള്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഒരു ദൃശ്യത്തില്‍ നിന്നും മറ്റൊരു ദൃശ്യത്തിലേക്കുള്ള ഒഴുക്കില്‍ വിപരീത ആശയങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. ഉദാഹരണത്തിന്, ഡാമിന്റെ ഷട്ടര്‍ തുറക്കുന്ന സീനില്‍ ഒരു മീന്‍ ചത്തു വീഴുന്നത്, അത് കഴിഞ്ഞുള്ള സീനില്‍ ടി.വിയില്‍ ഷട്ടര്‍ തുറക്കുമ്പോള്‍ കുതിച്ചൊഴുകുന്ന വെള്ളത്തിന്റെ ഭംഗി വിവരിക്കുന്നത്, കേരളത്തില്‍ മഴ ജനങ്ങളെ ഭയപ്പെടുത്തുമ്പോള്‍ ജലക്ഷാമമനുഭവപ്പെടാറുള്ള തമിഴ്‌നാട്ടില്‍ മഴയില്‍ കളിക്കുന്ന കുട്ടി ഇങ്ങനെയുള്ള ദൃശ്യങ്ങള്‍ മഴയുടെ വിവിധ ഭാവങ്ങള്‍ വര്‍ണിക്കുന്നു. ഷട്ടര്‍ തുറക്കുന്നതോട് കൂടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കുതിച്ചുയരുന്ന വെള്ളത്തിന്റെ ഭീകരതയെ വിനോദ സഞ്ചാരികളെ കൊണ്ട് നടക്കുന്ന കോശി എന്ന കഥാപാത്രത്തിലൂടെ ഹാസ്യവത്കരിച്ചതും നന്ന്. അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ മുന്നോട്ടു വാരാന്‍ സന്നദ്ധത കാണിച്ച കേരളത്തിലെ ഫ്രീക്കന്മാര്‍ക്കുള്ള കയ്യടിയും സ്വന്തം വഞ്ചി തുഴഞ്ഞു വരുന്ന മീന്‍പിടുത്തക്കാരുടെ ഭാഗവുമെല്ലാം പ്രേക്ഷകരെ പുളകമണിയിക്കുന്നു.


അനൂപ് എന്ന എക്‌സ് മിലിട്ടറി ഇദ്യോഗസ്ഥന്റെ സഹായമനസ്‌കത സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. ബോംബുമായെത്തുന്ന തമിഴന്റെ മനം മാറ്റവും പുതു തലമുറയെ പ്രതിനിധീകരിക്കുന്ന മോഡലായ ആസിഫ് അലിയുടെ സഹായ മനസ്‌കതയും മറ്റും കഥാപാത്രങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കുന്നു. ഒരുപാട് ആളുകളെ രക്ഷിച്ചു രക്തസാക്ഷിയായ അനൂപ് എന്ന കഥാപാത്രത്തിന്റെ ഫോട്ടോ കാണിക്കുന്നതോടെ സിനിമ അവസാനിക്കുന്നു. മനോഹരമായ ദൃശ്യാവിഷ്‌ക്കാരം. 2018 ല്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ വെള്ളപ്പൊക്കത്തെ ദൃശ്യവതക്കരിക്കുന്ന ഈ സിനിമ everyone is a hero എന്ന സന്ദേശമാണോ നല്‍കുന്നത്? 2018 സിനിമയ്‌ക്കെതിരെ ഇതിനോടകം തന്നെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു പ്രത്യേക മത വിഭാഗം മാത്രം നിറഞ്ഞു നില്‍ക്കുകയും ഗവണ്‍മെന്റിനേയും ഉദ്യോഗസ്ഥരേയും മറന്നു കളയുകയും ചെയ്തു എന്നതുമാണ് അതില്‍ മുഖ്യം. കലയ്ക്കും കലാകാരന്മാര്‍ക്കും എതിരെ ഇതിനു മുന്‍പും വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. കലയ്ക്കും മാധ്യമത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യം അനുവദിക്കുകയും വേണം. എന്നാല്‍, 2018 ലെ വെള്ളപ്പൊക്കത്തെ ചരിത്രവത്കരിക്കുന്ന ഒരു സിനിമ വിട്ടു പോകാന്‍ പാടില്ലാത്ത ഒന്ന് കേരളീയരുടെ ഒരുമ തന്നെയാണ്.

മതവും ജാതിയും സ്ഥാനമാനങ്ങളും മറന്നു കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ചു നിന്നത് ഇതാദ്യമായല്ല. നിപ എന്ന മഹാമാരിയെ തോല്‍പിച്ചതും ഈ ഒരുമ തന്നെയാണ്. ഈ മാറിയ സാഹചര്യങ്ങളില്‍ ആ വികാരത്തെക്കുറിച്ച് കേരളീയരെ ഓര്‍മിപ്പിക്കുന്നതിനു പകരം മത സ്പര്‍ധ കുത്തിക്കേറ്റുവാന്‍ ശ്രമിക്കുന്നത് വേദനാജനകമാണ്. മതവും ജാതിയും ചോദിക്കാതെ ചായയും പഴം പൊരിയുമായി ചായക്കടകളില്‍ ഒത്തു കൂടിയിരുന്നു ഒരു കൂട്ടം പൂര്‍വ്വികര്‍ നമുക്കുണ്ടായിരുന്നു എന്ന് നാം വിസ്മരിക്കരുത്. ആ നന്മ എന്നും നമ്മില്‍ നിലനില്‍ക്കട്ടെ.


നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്നു. വെള്ളം സര്‍വത്ര ജലം! നാട്ടുകാരെല്ലാം കരതേടിപ്പോയി. വീട്ടുകാവലിന് ഒരാള്‍. വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്ന് മുറിയുള്ള മാളികപ്പുറത്ത് 67 കുടികളുണ്ട്. 356 ആളുകള്‍, പട്ടി, പൂച്ച, ആട്, കോഴി മുതലായ വളര്‍ത്തുമൃഗങ്ങളും. എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല. ചേന്നപ്പറയന്‍ ഒരു രാത്രിയും ഒരു പകലുമായി വെള്ളത്തില്‍ തന്നെ നില്‍ക്കുന്നു. അവനു വള്ളമില്ല. അവന്റെ തമ്പുരാന്‍ മൂന്നായി, പ്രാണനുംകൊണ്ട് കരപറ്റിയിട്ട്...... (വെള്ളപ്പൊക്കത്തില്‍, തകഴി). 1924 ലെ വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയെഴുതിയ ഈ കൃതി അന്ന് നിലനിന്നിരുന്ന ജാതി വെറിയേയും ദുരാചാരങ്ങളെയും ശക്തമായി വിമര്‍ശിക്കുന്നു. അത്തരമൊരു അവസ്ഥയല്ല കേരളത്തില്‍ ഇന്നുള്ളത്. അല്ലെങ്കില്‍ 2018 ല്‍ ഉണ്ടായിരുന്നത്. എത്ര അര്‍ഥവത്താണീ കൃതി. ഇവിടേക്ക് തന്നെയാണോ നമ്മുടെ മടക്കം?



Similar Posts