Analysis
സംശയാതീതം - ഗാന്ധി വധത്തെക്കുറിച്ചുള്ള രേഖകള്‍
Analysis

സംശയാതീതം: ഗാന്ധി വധ രേഖകള്‍ ഓര്‍മയുടെ സമരമാണ്

അക്ബര്‍ അണ്ടത്തോട്
|
1 Oct 2024 11:28 AM GMT

ടീസ്റ്റ സെതല്‍വാദ് എഴുതിയ 'സംശയാതീതം - ഗാന്ധി വധത്തെക്കുറിച്ചുള്ള രേഖകള്‍' പുസ്‌കത്തിന്റെ വായന. | ഒക്ടോബര്‍ : 02 ഗാന്ധിജയന്തി

അതേ, സംശയമേയില്ല; അവരാണ് അദ്ദേഹത്തെ കൊന്നത്. എന്നാല്‍, കൊന്നവരുടെ ഇന്നത്തെ അധികാരം ആ യാഥാര്‍ഥ്യത്തെ തേയ്ച്ചു മായ്ച്ചു കഴുകിക്കളയാന്‍ കൊണ്ടു പിടിച്ചു ശ്രമിക്കുമ്പോള്‍, ഈ ഗ്രന്ഥം ഓര്‍മകളെ തിരിച്ചു പിടിക്കാന്‍ നടത്തുന്ന സമരം തുല്യതയില്ലാത്തതാണ്. ഓരോ ഒക്ടോബര്‍ രണ്ടിനും ഈ ഗ്രന്ഥം ഉറക്കെ വായിക്കപ്പെടണം; വായിക്കാന്‍ പ്രേരിപ്പിക്കപ്പെടണം. യഥാര്‍ഥ ചരിത്രം സംരക്ഷിക്കപ്പെടണം. അത് അനീതിക്കിരയായവരുടെ ഈടുവെപ്പും ഓര്‍മയുടെ സമരവുമാണ്.

'' പൂര്‍വികരുടെ ചരിത്രം ഞങ്ങള്‍ ഉപ്പും വെണ്ണയും പോലെ ഭരണികളില്‍ സൂക്ഷിക്കുന്നു'' - മഹ്മൂദ് ദര്‍വീശ്

പുസ്തകത്തിന്റെ ഇംഗ്ലീഷ് തലക്കെട്ട് 'BEYOND DOUBT, a Dossier on Gandhy's Assassination' എന്നാണ്. (Dossier - A collection of documents about a person, event or subject)

പേരിനോട് നൂറ്റൊന്നു ശതമാനം നീതി പുലര്‍ത്തിയിട്ടുണ്ടീ പുസ്തകം. ഗാന്ധി വധത്തെക്കുറിച്ച് കിട്ടാവുന്ന രേഖകളെല്ലാം തേടിപ്പിടിച്ച് ഒന്നിച്ചണിനിരത്തിയിരിക്കുന്നു ഗ്രന്ഥത്തില്‍. അന്നത്തെ പത്രവാര്‍ത്തകള്‍, ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ ഗാന്ധി വധത്തെക്കുറിച്ച ഔദ്യോഗിക പത്രക്കുറിപ്പുകള്‍, ഗാന്ധി വധത്തെക്കുറിച്ച പ്രമുഖരുടെ പഠനങ്ങള്‍ എന്നു വേണ്ട, ഗാന്ധി വധത്തെക്കുറിച്ച് അന്നത്തെ പാകിസ്താന്‍ പത്രങ്ങളില്‍ വിപ്ലവ കവി ഫൈസ് അഹ്മദ് ഫൈസ് എഴുതിയ കാവ്യാത്മകത തുളുമ്പുന്ന രണ്ട് ഈടുറ്റ മുഖപ്രസംഗങ്ങള്‍ പോലും ഈ പുസ്തകത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.

എടുത്തു ചേര്‍ത്തിട്ടുള്ള പഠനങ്ങളില്‍ 'മഹാത്മാവിന്റെ അന്ത്യദിനങ്ങള്‍' (ജഗന്‍ ഫഡ്‌നിസ്) 'മഹാത്മാ ഗാന്ധിയുടെ അവസാന മണിക്കൂറുകള്‍' (സ്റ്റീഫന്‍ മര്‍ഫി) 'ഗാന്ധിയുടെ സമ്പൂര്‍ണ്ണ കൃതികളുടെ പുനഃസ്സംശോധനം'' (ത്രിദീപ് സൗഹൃദ്) എന്നിവ വളരെ പ്രസക്തമായവയാണ്. ആര്‍എസ്എസ്സി ന്റെ ക്രൂര പരിശീലന മുറകളിലേക്കു വെളിച്ചം വീശുന്ന ഭിഷം സാഹ്നിയുടെ 'തമസ്സ് ' എന്ന വിഖ്യാത ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു ഭാഗവും ഇതില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്.


''ദശകങ്ങളോളം തുടര്‍ന്നു വന്ന ചിട്ടയായ മസ്തിഷ്‌കപ്രക്ഷാളനത്തിന്റെ ഫലമായിരുന്നു ഗാന്ധി വധം. തീവ്രഹിന്ദുക്കളുടെ ശരീരത്തിലെ മുള്ളായിരുന്നു ഗാന്ധി. കാലക്രമത്തില്‍ ഈ വിദ്വേഷം ഭയമായി മാറി. 1934 ല്‍ തുടങ്ങി, അടുത്ത പതിനാലു വര്‍ഷത്തോളം, ഗാന്ധിയെ വധിക്കാനുള്ള ആറു ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.. ഇതില്‍ രണ്ടു വധശ്രമങ്ങളിലും ഗോഡ്‌സെ പങ്കാളിയായിട്ടുണ്ട് ' (പേജ് 92)

പ്രചരിപ്പിക്കപ്പെടുന്നതു പോലെ വിഭജനത്തിന്റെയോ, വിഭജന കരാറനുസരിച്ച് പാകിസ്താന് ഇന്ത്യാ ഗവണ്‍മെന്റ് കൊടുക്കാനുണ്ടായിരുന്ന 55 കോടി നല്‍കാന്‍ (പഞ്ചവണ്ണ കോടിഞ്ചേ ബലി - 55 കോടിയുടെ ബലി എന്ന പേരില്‍ ഗാന്ധിവധ ഗൂഡാലോചനയില്‍ പങ്കാളിയായിരുന്ന ഗോപാല്‍ ഗോഡ്‌സെയുടെ ഒരു പുസ്തകം തന്നെയുണ്ട് ) ഭാരത സര്‍ക്കാരിനുമേല്‍ ഗാന്ധിജി സമ്മര്‍ദ്ദം ചെലുത്തിയതിന്റെയോ വൈകാരിക പ്രതികരണമായിരുന്നില്ല ഗാന്ധി വധം. അത് വര്‍ഷങ്ങളെടുത്തു നടത്തിയ ഹിന്ദുത്വ ഗൂഡ പദ്ധതിയുടെ ഫലമായിരുന്നെന്ന് ഈ ഗ്രന്ഥം തെളിവുസഹിതം സമര്‍ഥിക്കുന്നു. 'താന്‍ 125 വര്‍ഷം ജീവിച്ചിരിക്കുമെന്ന് 1946-ല്‍ ഒരിക്കല്‍ ഗാന്ധിജി പറഞ്ഞപ്പോള്‍, അതിന് അദ്ദേഹത്തെ അനുവദിക്കില്ലെന്ന് നാഥുറാം ഗോഡ്‌സെ പറയുക പോലുമുണ്ടായി' (പേജ് 296).

1956 മുതല്‍ ഇന്ത്യാ ഗവണമെന്റ് ആവിഷ്‌കരിച്ച ബൃഹദ് പദ്ധതിയായിരുന്നു 'മഹാത്മാഗാന്ധിയുടെ സമാഹൃത രചനകള്‍ ' എന്നത്. ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഇഗ്ലണ്ട് എന്നീ മൂന്നു ഭൂഖണ്ഡങ്ങളിലായി ചിതറിക്കിടക്കുകയായിരുന്ന ഗാന്ധി രചനകളെ ഏകീകരിക്കുകയായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശ്യം. 1994 ല്‍ സമ്പൂര്‍ണ്ണ കൃതികളുടെ നൂറാം വാള്യത്തിന്റെ പ്രസിദ്ധീകരണത്തോടെ പദ്ധതി അവസാനിച്ചു. 1998 ല്‍ പ്രസിദ്ധീകരണ വിഭാഗം ഈ കൃതിയെ പുനഃസംശോധനം ചെയ്യാന്‍ തീരുമാനിച്ചു. ചുരുക്കത്തില്‍ കൃതിയുടെ സിഡി പതിപ്പായപ്പോഴേക്കും അച്ചടിച്ച കൃതിയിലെ 300 കുറിപ്പുകള്‍ അപ്രത്യക്ഷമായിരുന്നു. ഗാന്ധി വധത്തെക്കുറിച്ച നിരവധി രേഖകളും ആഭ്യന്തര വകുപ്പില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. കരുതിക്കൂട്ടി ശോഷണം സംഭവിപ്പിക്കുന്നതാണ് ഗാന്ധി വധത്തിന്റെ ചരിത്രം. ആ ചരിത്ര ശോഷണത്തെ കൃത്യമായ കണക്കുകള്‍ കൊണ്ട് അടയാളപ്പെടുത്തുന്നുണ്ട് ഈ മഹത് ഗ്രന്ഥം.

നമ്മുടെ കാലത്ത് മതേതര രാഷ്ടീയ പാര്‍ട്ടികള്‍ക്ക് ആര്‍എസ്എസ്സിനോടുള്ള എതിര്‍പ്പ് പോകെപ്പോകെ മയപ്പെട്ടു വരുന്നതായാണല്ലോ അനുഭവം. പണ്ടു തൊട്ടെയുളള ഈ മയപ്പെടലിന് ഒരു ഉദാഹരണം ഈ പുസ്തകത്തില്‍ നിന്നും പറയാം. 'തന്റെ ആത്മകഥയില്‍ മൊറാര്‍ജി ദേശായി ആര്‍എസ്എസ്സും കൊലയാളിയും (ഗാന്ധി വധത്തിലെ) തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ ദൃഡമായ അഭിപ്രായം എഴുതിയിട്ടുണ്ട്. ന്യൂ ദില്ലിയിലെ ഗാന്ധി സ്മൃതിയിലെ ഗൈഡായിരുന്ന പി.എന്‍ ദാമോദരന്‍ നായര്‍ എന്നൊരാള്‍ ഈ ഉദ്ധരണി വായിക്കാറുണ്ടായിരുന്നു. ജനതാ പാര്‍ട്ടി അധികാരത്തില്‍ വരുന്നതുവരെ ആരും ഇതിനെക്കുറിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. 1977 ഒക്ടോബര്‍ 8 ന് തന്റെ സഹപ്രവര്‍ത്തകനും ഭവന വകുപ്പിന്റെ മന്ത്രിയുമായിരുന്ന സിക്കന്തര്‍ ഭക്തിന്റെ കൂടെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഗാന്ധി സ്മൃതി സന്ദര്‍ശിച്ചപ്പോള്‍ ദാമോദരന്‍ നായര്‍ വായിക്കുന്ന ആത്മകഥാ ഭാഗത്തിലേക്ക് കൂടെയുണ്ടായിരുന്ന ആര്‍എസ് എസ് പ്രവര്‍ത്തകരും അനുഭാവികളും ശ്രദ്ധ ക്ഷണിച്ചു. അതിനുള്ള മൊറാര്‍ജിയുടെ പ്രതികരണം 'ഇതൊക്കെ ചരിത്രത്തിലെ യാഥാര്‍ഥ്യമാണെന്നും ആര്‍ക്കും ചരിത്രത്തെ മാറ്റാന്‍ പറ്റില്ല' എന്നായിരുന്നുവെന്ന് ദാമോദരന്‍ നായര്‍ കുറിച്ചു വെച്ചിട്ടുണ്ട്. അതിനു ശേഷം വിദ്യാര്‍ഥി പരിഷത്തിലെ കുട്ടികള്‍ ഗൈഡിനെ മര്‍ദിക്കുകയും, ഭവന നിര്‍മാണ വകുപ്പിന്റെ നിയന്ത്രണത്തിനും സ്വാധീനത്തിനും വഴങ്ങിയ മാനേജ്‌മെന്റ് അയാളെ അകാരണമായി പിരിച്ചു വിടുകയും ചെയ്തു. ഇതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം വന്നപ്പോള്‍ മൊറാര്‍ജി പറഞ്ഞത്, തന്റെ ആത്മകഥയിലെ ആ ഭാഗത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം മാറി എന്നായിരുന്നു.. രാഷ്ട്രീയ സൗകര്യങ്ങള്‍ നോക്കി ആര്‍എസ്എസ്സിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങളുടെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.' (പേജ് 304)

കവി പി.എന്‍ ഗോപീകൃഷ്ണന്റെ ഈ വിഷയത്തിലുള്ള ഈടുറ്റ ഗ്രന്ഥമാണ് 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ'. ആ കൃതിക്ക് എന്‍.വി കൃഷ്ണവാരിയര്‍ വൈജ്ഞാനിക പുരസ്‌കാരം കിട്ടിയ പശ്ചാത്തലത്തില്‍ വന്ന ഗോപീകൃഷ്ണന്റെ എഫ്ബി പോസ്റ്റ് ഇങ്ങനെ വായിക്കാം:

'......1946 മുതല്‍ 1948 ജനുവരി 30 ന് വെടിയേറ്റ് വീഴും വരെ ഗാന്ധിയുടെ ജീവിതം വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരെയുള്ള പോരാട്ടമായിരുന്നു. അത് അടുത്തറിയാനായി ഈയിടെ സുധീഷ് യെഴുത്ത്, മുരളി ചീരോത്ത്, പ്രസൂന്‍ സുരേശന്‍ തുടങ്ങിയ കൂട്ടുകാരുമൊത്ത് ബംഗ്ലാദേശിലെ നവഖലിയിലും ബീഹാറിലും ഡല്‍ഹിയിലും പോയിരുന്നു. അക്കാലത്തെ മുന്‍നിര്‍ത്തി സുധീഷ് ആവിഷ്‌കരിക്കാനുദ്ദേശിക്കുന്ന ഒരു എക്‌സിബിഷന് വേണ്ടിയായിരുന്നു യാത്രകള്‍. ഇക്കഴിഞ്ഞ ദിവസങ്ങള്‍ ഡല്‍ഹിയില്‍ ആയിരുന്നു. അവിടുത്തെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഗാന്ധിയെ വധിക്കും മുമ്പ് ഗോഡ്‌സേ സന്ദര്‍ശിച്ച ഹിന്ദുമഹാസഭാ ഓഫീസില്‍ വെച്ച് ഭാരവാഹികളില്‍ ഒരാള്‍, നിങ്ങള്‍ പശുവിനെ തിന്നുന്ന കേരളത്തില്‍ നിന്ന് വരുന്നവരല്ലേ എന്ന് ആക്രോശിച്ചു. കേരളത്തിലും ബംഗാളിലും ഹിന്ദുക്കള്‍ എങ്ങനെ ജീവിക്കാനാണ് എന്ന് പുച്ഛിച്ചു.

അതിലും ഞെട്ടിക്കുന്നതായിരുന്നു ഗാന്ധി വെടിയേറ്റു വീണ ബിര്‍ള ഹൗസിലെ അനുഭവം. വളരെക്കാലമായി അത് ഒരു മ്യൂസിയമാണ്. ഇപ്പോള്‍ മുകള്‍ നിലയില്‍ ആദിത്യ ബിര്‍ള സ്‌പോണ്‍സര്‍ ചെയ്ത മള്‍ട്ടിമീഡിയ ഡിജിറ്റല്‍ മ്യൂസിയവും പ്രവര്‍ത്തിക്കുന്നു. അവിടെ മുഴുവന്‍ പരതിയിട്ട് നാഥുറാം വിനായക് ഗോഡ്‌സേ എന്ന പേര് ഒരിടത്തോ മറ്റോ ആണ് കണ്ടത്. അസ്സാസ്സിന്‍ എന്ന സര്‍വ്വനാമം ആണ് പലയിടത്തും. പേരും ഊരും രാഷ്ട്രീയവുമില്ലാത്ത ഘാതകന്‍...

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ഗാന്ധിവധത്തിന്റെ ചരിത്രവും ഇപ്പോള്‍ എങ്ങനെ പൊതുസ്മരണയില്‍ നിന്നും ഭരണകൂടം തുടച്ചു നീക്കാന്‍ ഒരുമ്പെടുന്നു എന്നത് നേരനുഭവമായതാണ് വിശദീകരിക്കുന്നത്. ഗാന്ധിയെ കൊല്ലാന്‍ ഉപയോഗിച്ച ബെരെറ്റ 9എംഎം തോക്കിന്റെ റെപ്‌ളിക്ക ഗാന്ധി മ്യൂസിയത്തില്‍ നിന്നെടുത്തുമാറ്റിയതിനെ പറ്റി നോവലിസ്റ്റ് വിനോദ് കൃഷ്ണ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. അത് ഇതോട് ചേര്‍ത്ത് വായിക്കണം.' (2024 സെപ്തംബര്‍ 8 ലെ പി.എന്‍ ഗോപീകൃഷ്ണന്റെ എഫ്ബി പോസ്റ്റില്‍ നിന്ന്.)

പേരു മാറ്റിയും ചരിത്രം തിരുത്തിയും ചെയ്ത കൊടും പാതകത്തില്‍ നിന്നു കൈകഴുകാനുള്ള ശ്രമത്തിലാണ് ഫാഷിസ്റ്റുകള്‍. നമുക്കതിനെതിരില്‍ ഓര്‍മകള്‍ കൊണ്ട് ചെറുത്തു നില്‍ക്കാം. ഇത്തരം ഗ്രന്ഥങ്ങള്‍ വായിക്കാം. പ്രചരിപ്പിക്കാം.




Similar Posts