Analysis
ഗരീഞ്ച: ബ്രസീലുകാരുടെ കുഞ്ഞാറ്റക്കിളി
Analysis

ഗരീഞ്ച: ബ്രസീലുകാരുടെ കുഞ്ഞാറ്റക്കിളി

ഹാരിസ് നെന്മാറ
|
22 Nov 2022 2:08 PM GMT

ഫുട്ബാളിലെ ചാര്‍ളി ചാപ്ലിനെന്നാണ് ഗാരിഞ്ചയെ സഹകളിക്കാരനായിരുന്ന ദില്‍മ സാന്റോസ് വിശേഷിപ്പിച്ചിരുന്നത്. ഗരിഞ്ച ഒരു പന്തായി ചുരുങ്ങുകയും ആ പന്തിനു പിറകെ എതിരാളികള്‍ വിഡ്ഢികളെ പോലെ വലയുകയും ചെയ്യുന്നു എന്നാണ് കളിയെഴുത്തുകാര്‍ പറഞ്ഞത്. അപ്പോഴൊക്കെ ഗാലറികള്‍ പൊട്ടിച്ചിരിക്കുമായിരുന്നു.

ജോഗോ ബൊണീറ്റോ.. അഥവാ, ബ്യൂട്ടിഫുള്‍ ഗെയിം.. ഫുട്‌ബോള്‍ ചരിത്രത്തില്‍ ബ്രസീല്‍ അടയാളപ്പെടുത്തപ്പെട്ടത് അങ്ങനെയാണ്. ഫുട്‌ബോള്‍ പിറന്നു വീണത് ഇംഗ്ലണ്ടിലാണെങ്കില്‍ അത് ഏറ്റവും മനോഹരമായി ജീവിച്ചത് ബ്രസീലിലാണത്രേ. തങ്ങളുടെ തെരുവുകളെ പിടിച്ചു കുലുക്കിയ പട്ടിണിക്കാലങ്ങളെ ഓടിത്തോല്‍പ്പിക്കാന്‍ തുണിപ്പന്തുകള്‍ക്ക് പുറകേ പാഞ്ഞൊരു ജനത. ബ്രസീലിന് ഫുട്‌ബോള്‍ ജീവനും ജീവിതവുമാണ്, സംസ്‌കാരവും പാരമ്പര്യവുമാണ്, പോരാട്ടവും കീഴടങ്ങലുമാണ്. ഒടുക്കം അതെല്ലാമെല്ലാമാണ്. ആ മണ്ണിന്റെ ഭൂതകാലവും വര്‍ത്തമാനവും ഭാവിയുമൊക്കെ കറങ്ങിത്തിരിയുന്നത് ആ തുകല്‍ പന്തിന് ചുറ്റുമാണ്. ഫുട്‌ബോള്‍ ലോകം കണ്ട അതികായരായ നിരവധി ഇതിഹാസങ്ങള്‍ക്ക് ജന്മം നല്‍കിയ മണ്ണാണത്.

പെലെയുടേയും ഗരീഞ്ചയുടേയും തോളിലേറിയായിരുന്നു അവിടന്നങ്ങോട്ട് ബ്രസീലിന്റെ പടയോട്ടങ്ങള്‍ മുഴുവന്‍. ആറ് ഗോളുകളുമായി പെലെ എന്ന പതിനേഴുകാരന്‍ സ്വീഡനിലെ മൈതാനങ്ങളില്‍ തീപടര്‍ത്തി. സെമി ഫൈനലില്‍ ഫ്രാന്‍സിനെ കാനറികള്‍ തകര്‍ത്തെറിയുമ്പോള്‍ പെലെയുടെ ബൂട്ടുകള്‍ മൂന്ന് തവണ നിറയൊഴിച്ചു.

1958 ജൂണ്‍ 15. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അന്നത്തെ വന്‍ ശക്തികളിലൊന്നായ സോവിയറ്റ് യൂണിയനെ നേരിടാന്‍ തയ്യാറെടുക്കുകയാണ് കാനറിപ്പട. ബ്രസീലിയന്‍ കോച്ച് വിസെന്റെ ഫിയോള ടീമിനെ പ്രഖ്യാപിച്ചു. ആരാധകരെ മുഴുവന്‍ ഞെട്ടിച്ച് ആദ്യ രണ്ട് കളിയിലും സൈഡ് ബെഞ്ചിലിരുന്ന ആരും അത്ര ശ്രദ്ധ കൊടുക്കാതിരുന്ന രണ്ട് ചെറുപ്പക്കാര്‍ അന്ന് ടീമിലിടം പിടിച്ചു. പെലെയും, ഗരീഞ്ചയും.


സോവിയറ്റ് യൂണിയനെ പോലൊരു വന്‍ ശക്തിയെ നേരിടാനൊരുങ്ങുന്ന ഘട്ടത്തില്‍ അങ്ങനെയൊരു നീക്കം ഒരു മണ്ടന്‍ തീരുമാനമാണെന്ന് ആരാധകരും കളിയെഴുത്തുകാരും ഒരേ സ്വരത്തില്‍ പറഞ്ഞു. ലോക വേദിയില്‍ ഫിയോളയുടേത് അക്ഷരാര്‍ഥത്തില്‍ ധീരമായൊരു തീരുമാനമായിരുന്നു. ഒടുക്കം എല്ലാ വിധിയെഴുത്തുകളേയും മറി കടന്ന് സ്വീഡനില്‍ അന്ന് ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച രണ്ട് ഇതിഹാസങ്ങള്‍ പിറവിയെടുത്തു.

കളിയാരംഭിച്ച് മൂന്നാം മിനിറ്റില്‍ സോവിയറ്റ് യൂണിയന്റെ പേരു കേട്ട പ്രതിരോധ നിരയെ കാഴ്ച്ചക്കാരാക്കി നിര്‍ത്തി പന്തുമായി കുതിച്ച ഗരീഞ്ച തൊടുത്ത ഒരു ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഗാലറി ആവേശത്തിന്റെ പരകോടിയിലേക്ക് എടുത്തെറിയപ്പെട്ടു. അന്ന് മത്സരം അവസാനിക്കുമ്പോള്‍ രണ്ട് ഗോളുകള്‍ക്ക് സോവിയറ്റ് യൂണിയന്‍ തകര്‍ന്നടിഞ്ഞു. പിന്നീടൊരിക്കല്‍ പോലും പെലെയും ഗരീഞ്ചയുമില്ലാത്ത ഒരു ഇലവനെക്കുറിച്ച് ഫിയോള ചിന്തിച്ചു പോലുമില്ല.


പെലെയുടേയും ഗരീഞ്ചയുടേയും തോളിലേറിയായിരുന്നു അവിടന്നങ്ങോട്ട് ബ്രസീലിന്റെ പടയോട്ടങ്ങള്‍ മുഴുവന്‍. ആറ് ഗോളുകളുമായി പെലെ എന്ന പതിനേഴുകാരന്‍ സ്വീഡനിലെ മൈതാനങ്ങളില്‍ തീപടര്‍ത്തി. സെമി ഫൈനലില്‍ ഫ്രാന്‍സിനെ കാനറികള്‍ തകര്‍ത്തെറിയുമ്പോള്‍ പെലെയുടെ ബൂട്ടുകള്‍ മൂന്ന് തവണ നിറയൊഴിച്ചു. ഫൈനലില്‍ പെലെയും ഗരീഞ്ചയും ചേര്‍ന്ന് ആതിഥേയരായ സ്വീഡനെ കശക്കിയെറിയുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. പെലെ രണ്ടു ഗോളുകള്‍ വലയിലെത്തിച്ചപ്പോള്‍ ഗരിഞ്ച രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കി. പിന്നീട് ഒരിക്കല്‍ പോലും പെലെയും ഗരിഞ്ചയും ഒരുമിച്ചു കളിച്ച ഒരു മത്സരത്തിലും ബ്രസീല്‍ തോറ്റില്ല.

എന്നാല്‍, ലോകകപ്പിന് ശേഷം ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ആകാശത്ത് പെലെ എന്ന ഇതിഹാസം ഒറ്റക്കാണ് ഉതിച്ചുയര്‍ന്നത്. ഗരീഞ്ച പതിയെ അയാളുടെ നിഴലില്‍ മറഞ്ഞു തുടങ്ങുകയായിരുന്നു. 1962 ലോകകപ്പ്. ലോകകപ്പിനുള്ള ബ്രസീല്‍ സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോള്‍ വീണ്ടും പെലെയും ഗരീഞ്ചയും ടീമില്‍ ഇടംപിടിച്ചു. എന്നാല്‍, ടൂര്‍ണമെന്റ് ആരംഭിച്ച് രണ്ടാം മത്സരത്തില്‍ പെലെ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായി. പെലെയില്ലാതെ ബ്രസീല്‍ എങ്ങുമെത്തിലെന്ന് ആരാധകര്‍ അടക്കം പറഞ്ഞു. ബ്രസീലിയന്‍ ഫുട്‌ബോളില്‍ അയാള്‍ക്ക് പകരക്കാരില്ലെന്ന് അവര്‍ അന്ധമായി വിശ്വസിച്ചു പോന്നിരുന്ന കാലമായിരുന്നു അത്.

ഫുട്ബോളിന്റെ ചരിത്രത്തില്‍ ഗരീഞ്ചയെ പോലെ ജനങ്ങളെ ആനന്ദിപ്പിച്ച മറ്റൊരു കളിക്കാരന്‍ ഇല്ലെന്നാണ് ഉറുഗ്വെന്‍ എഴുത്തുകാരനായ എഡ്വേര്‍ഡോ ഗലിയാനോ പറഞ്ഞു വച്ചത്. അങ്ങനെയങ്ങനെ യുഗാന്തരങ്ങളില്‍ ബ്രസീലിയന്‍ ഫുട്ബോള്‍ മൈതാനങ്ങളെ ആനന്ദിപ്പിച്ചു കൊണ്ടേയിരുന്നു..

എന്നാല്‍, ചിലിയില്‍ ബ്രസീലുകാരുടെ സ്വന്തം കുഞ്ഞാറ്റക്കിളി അത്ഭുതം കാണിച്ചു. പെലെ ഒഴിച്ചിട്ടയിടത്ത് ഇടം കാലിനേക്കാള്‍ രണ്ടിഞ്ച് നീളം കുറഞ്ഞ വലം കാലുമായി അയാള്‍ കയറി നിന്നു. ചിലിയിലെ മൈതാനങ്ങളില്‍ ഗരീഞ്ച തീ പടര്‍ത്തി തുടങ്ങുകയായിരുന്നു. ക്വാര്‍ട്ടര്‍ ഇംഗ്ലണ്ടിനെ ബ്രസീല്‍ തകര്‍ത്തെറിയുമ്പോള്‍ ഇരട്ടഗോളുകളുമായി അയാള്‍ കാനറിപ്പടയെ മുന്നില്‍ നിന്ന് നയിച്ചു. സെമിയില്‍ ആതിഥേയരായ ചിലിയും ഗരീഞ്ചയുടെ പടയോട്ടത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. ഇക്കുറിയും രണ്ടു തവണ അയാള്‍ വെടിപൊട്ടിച്ചു. അന്ന് ചിലിയിലെ പ്രസിദ്ധമായൊരു പത്രത്തിലെ ഒന്നാം പേജിലെ തലവാചകം ഇതായിരുന്നു. ''ഗരീഞ്ച.. അയാള്‍ മറ്റേതോ ഗ്രഹത്തില്‍ നിന്ന് ഇറങ്ങി വന്നതാണ്..''


കഥ അവിടം കൊണ്ടവസാനിച്ചില്ല. കലാശപ്പോരില്‍ ചെക്കോസ്ലോവാക്യയയെ ബ്രസീല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. പെലെയില്ലാതെ കാനറികള്‍ ലോക ഫുട്‌ബോളിന്റെ കനകസിംഹാസനമേറുമ്പോള്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഏതെങ്കിലും ഒരിതിഹാസത്തിന്റെ കാലിനു താഴെ മാത്രം കറങ്ങിത്തിരിയുന്നതല്ലെന്ന് ഗരീഞ്ച ലോകത്തോട് വിളിച്ചു പറഞ്ഞു. അന്ന് ടൂര്‍ണമെന്റിന്റെ താരമാരെന്ന ചോദ്യത്തിന് ഒരേ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. മാന്വേല്‍ ഫ്രാന്‍സിസ്‌കോ ഡോസ് സാന്റോസ്. അഥവാ, ബ്രസീലിന്റെ സ്വന്തം ഗരീഞ്ച.

ഫുട്ബാളിലെ ചാര്‍ളി ചാപ്ലിനെന്നാണ് ഗാരിഞ്ചയെ സഹകളിക്കാരനായിരുന്ന ദില്‍മ സാന്റോസ് വിശേഷിപ്പിച്ചിരുന്നത്. ഗരിഞ്ച ഒരു പന്തായി ചുരുങ്ങുകയും ആ പന്തിനു പിറകെ എതിരാളികള്‍ വിഡ്ഢികളെ പോലെ വലയുകയും ചെയ്യുന്നു എന്നാണ് കളിയെഴുത്തുകാര്‍ പറഞ്ഞത്. അപ്പോഴൊക്കെ ഗാലറികള്‍ പൊട്ടിച്ചിരിക്കുമായിരുന്നു. ഫുട്ബോളിന്റെ ചരിത്രത്തില്‍ ഗരീഞ്ചയെ പോലെ ജനങ്ങളെ ആനന്ദിപ്പിച്ച മറ്റൊരു കളിക്കാരന്‍ ഇല്ലെന്നാണ് ഉറുഗ്വെന്‍ എഴുത്തുകാരനായ എഡ്വേര്‍ഡോ ഗലിയാനോ പറഞ്ഞു വച്ചത്. അങ്ങനെയങ്ങനെ യുഗാന്തരങ്ങളില്‍ ബ്രസീലിയന്‍ ഫുട്ബോള്‍ മൈതാനങ്ങളെ ആനന്ദിപ്പിച്ചു കൊണ്ടേയിരുന്നു..

Similar Posts