Analysis
തന്നിഷ്ടക്കാരന്‍ ആരിഫ്
Analysis

തന്നിഷ്ടക്കാരന്‍ ആരിഫ്

ഷബീര്‍ അഹമ്മദ്
|
27 Oct 2022 7:27 AM GMT

ജനാധിപത്യ വ്യവസ്ഥിതിയില്‍ ബഹുമാനത്തിന്റെ കാര്യത്തില്‍ മുകളില്‍ ആണെങ്കിലും, അധികാരത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെയാണ് ജനങ്ങളാല്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെടാത്ത ഗവര്‍ണറുടെ സ്ഥാനം. അതറിഞ്ഞു പെരുമാറാന്‍ ആരിഫ് എന്ന ഗവര്‍ണര്‍ തയ്യാറാകണം.

തനിക്കിഷ്ടമുള്ളത് മാത്രമേ സംഭവിക്കാവൂ എന്ന വാശിയിലാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കിഷ്ടമുള്ള ചരിത്രം മാത്രമേ പറയാവൂ, തനിക്കിഷ്ടമുള്ള ബില്ലുകള്‍ മാത്രമേ പാസ്സാക്കൂ, തനിക്കിഷ്ടമുള്ള പോലെയെ മന്ത്രിമാര്‍ സംസാരിക്കാവൂ എന്നിങ്ങനെ പറഞ്ഞു പറഞ്ഞു ഇപ്പോള്‍ തനിക്കിഷ്ടമുള്ള പത്രക്കാരോട് മാത്രമേ സംസാരിക്കൂ എന്നതില്‍ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. എന്നാല്‍, ഈ തന്നിഷ്ടം ഗവര്‍ണറുടെ ഇഷ്ടമല്ല പകരം ഡല്‍ഹിയില്‍ ഉള്ളവരുടെ വരണാത്മകമായ ഇഷ്ടങ്ങളാണ് എന്നു മലയാളികള്‍ക്ക് അറിയാം.

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഭരിക്കാന്‍ വേണ്ട സൗകര്യം ചെയ്തു കൊടുക്കുക എന്നതാണ് ഗവര്‍ണറുടെ ചുമതല, അല്ലാതെ ഒരു സംസ്ഥാനത്തെ മുഴുവന്‍ എതിര്‍ച്ചേരിയില്‍ നിറുത്തി ഭയപ്പെടുത്തി നേരിട്ട് ഭരിക്കാന്‍ ശ്രമിക്കുന്നത് ശുദ്ധ ഭോഷ്‌ക്കാണ്. തന്റെ 'പ്ലെഷര്‍' ഇല്ലാത്ത മന്ത്രിയെ പുറത്താക്കണം എന്നു പറയുമ്പോള്‍, ഈ പ്ലെഷര്‍ ഒരു സ്വകാര്യ വികാരമായിട്ടാണ് നമുക്ക് മനസ്സിലാകുന്നത്.

ബാക്കി എല്ലാത്തിനും നിയമത്തിന്റെയും ഗവര്‍ണറുടെ പ്രിവിലെജിന്റെയും പിന്‍ബലം ഉണ്ടെന്നൊക്കെ വാദിക്കാമെങ്കിലും, പത്രസമ്മേളനത്തില്‍ ഏതൊക്കെ പത്രക്കാരോട് സംസാരിക്കണം എന്നു പറയാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. ആരിഫിന് തന്റെ സ്വകാര്യ പത്രസമ്മേളനത്തിലേക്ക് ആരൊക്കെ വരണം അല്ലെങ്കില്‍ വരണ്ട എന്നു തീരുമാനിക്കാം. പക്ഷെ, കേരളത്തിന്റെ ഗവര്‍ണറായി ഇരുന്നു കൊണ്ടു, കേരളത്തിന്റെ രാജ്ഭവന്‍ തന്റെ സ്വന്തം രാജ ഭവനമായി കണക്കാക്കാന്‍ ആരാണ് ആരിഫിന് അനുവാദം നല്‍കിയത്? ഗവര്‍ണര്‍ എന്ന നിലക്ക് പത്രസമ്മേളനം വിളിക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ഉള്ള അവകാശം കേരളത്തിലെ പത്രക്കാര്‍ക്കുണ്ട്, അത് തടയാന്‍ ആരിഫ് രാജാവല്ല, ഇത് രാജാവാഴ്ച്ചയുമല്ല എന്ന് ഓര്‍ക്കണം. നാഴികക്ക് നാല്‍പ്പത് വട്ടം ആരിഫ് എടുത്തെടുത്ത് പറയുന്ന ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ ഫാസിസ്റ്റ് യജമാനന്മാര്‍ ഇനിയും തിരുത്താത്ത സ്ഥിതിക്ക് ജനങ്ങള്‍ക്കും പത്രക്കാര്‍ക്കും ചില അവകാശങ്ങള്‍ ഒക്കെയുണ്ട് എന്ന കാര്യം മറക്കരുത്.

ജനാധിപത്യ വ്യവസ്ഥിതിയില്‍ ബഹുമാനത്തിന്റെ കാര്യത്തില്‍ മുകളില്‍ ആണെങ്കിലും, അധികാരത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെയാണ് ജനങ്ങളാല്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെടാത്ത ഗവര്‍ണറുടെ സ്ഥാനം. അതറിഞ്ഞു പെരുമാറാന്‍ ആരിഫ് എന്ന ഗവര്‍ണര്‍ തയ്യാറാകണം. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഭരിക്കാന്‍ വേണ്ട സൗകര്യം ചെയ്തു കൊടുക്കുക എന്നതാണ് ഗവര്‍ണറുടെ ചുമതല, അല്ലാതെ ഒരു സംസ്ഥാനത്തെ മുഴുവന്‍ എതിര്‍ച്ചേരിയില്‍ നിറുത്തി ഭയപ്പെടുത്തി നേരിട്ട് ഭരിക്കാന്‍ ശ്രമിക്കുന്നത് ശുദ്ധ ഭോഷ്‌ക്കാണ്. തന്റെ 'പ്ലെഷര്‍' ഇല്ലാത്ത മന്ത്രിയെ പുറത്താക്കണം എന്നു പറയുമ്പോള്‍, ഈ പ്ലെഷര്‍ ഒരു സ്വകാര്യ വികാരമായിട്ടാണ് നമുക്ക് മനസ്സിലാകുന്നത്. അതായത് തനിക്ക് ഇഷ്ടമില്ലാത്ത, അല്ലെങ്കില്‍ ഇഷ്ടക്കേട് ഉണ്ടാക്കിയ ആള്‍ രാജി വെക്കണം എന്നു പറയുമ്പോള്‍, രാജകോപം വാങ്ങിയ ആള്‍ ശിക്ഷ ഏറ്റ് വാങ്ങണം എന്ന പഴയകാലത്തേക്കാണ് ആരിഫ് കാര്യങ്ങളെ കൊണ്ട് പോകാന്‍ ശ്രമിക്കുന്നത്.

ഗവര്‍ണര്‍ക്ക് ഇവിടത്തെ കാര്യങ്ങളെ കുറിച്ചു അഭിപ്രായവ്യത്യാസം ഉണ്ടാകും, പക്ഷെ അത് മുന്നില്‍ വച്ചു രാഷ്ട്രീയം കളിക്കാന്‍ അവകാശമില്ല. തന്റെ അഭിപ്രായം പറയുന്നതില്‍ നിന്നു ഗവര്‍ണറെ ആരും തടയുന്നില്ല, അത് പറയാന്‍ അവകാശമുണ്ട്. അതുപോലെ തന്നെ ഗവര്‍ണര്‍ എന്ന കസേരയില്‍ ഇരിക്കുന്ന ആരിഫ് പറയുന്നത് ജനങ്ങളിലേക്ക് എത്തിക്കാന്‍ കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്കും അവകാശമുണ്ട്. അത് തടഞ്ഞു തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാം എന്ന് കരുതാന്‍ ഇത് ആരിഫിന്റെ ചക്രം വാങ്ങി വാര്‍ത്ത എഴുതുന്ന മാധ്യമങ്ങളല്ലല്ലോ ഇവിടെയുള്ളത് എന്ന് മനസ്സിലാക്കിയാല്‍ നന്ന്.

Similar Posts