Analysis
ഗുജറാത്ത് വംശഹത്യ: കേസ്, കോടതി, നീണ്ടു പോകുന്ന നീതി!
Click the Play button to hear this message in audio format
Analysis

ഗുജറാത്ത് വംശഹത്യ: കേസ്, കോടതി, നീണ്ടു പോകുന്ന നീതി!

ശരണ്യ എം ചാരു
|
22 July 2022 2:56 PM GMT

വെറുപ്പിന്റെ രാഷ്ട്രീയം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ - ഗുജറാത്ത് ഫാക്ട്സ്- ഭാഗം 02

സബര്‍മതി എക്‌സ്പ്രസിലെ എസ് സിക്‌സ് കംപാര്‍ട്ട്‌മെന്റിലെ തീപ്പിടിത്തതോടെ ആരംഭിച്ച കലാപം അക്ഷരാര്‍ഥത്തില്‍ ഗുജറാത്തിന്റെ സമാധാനാന്തരീക്ഷം മുഴുവന്‍ തകര്‍ത്തു. വിവിധ ഇടങ്ങളിലായി പിന്നീടുള്ള ദിവസങ്ങളില്‍ നടന്ന ചെറുതും വലുതുമായ കലാപങ്ങളില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ പതിനായിരങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമം നടന്ന സ്ഥലങ്ങളില്‍ രക്തവും മാംസവും കുറേ എല്ലിന്‍ കഷണങ്ങളും കത്തിക്കരിഞ്ഞ ചാരവുമല്ലാതെ മറ്റൊന്നും ബാക്കിയായില്ല.

കാലാപത്തിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗുജറാത്തില്‍ അരങ്ങേറിയത് ഭരണകൂടത്തിന്റെ അറിവോടെയും ഒത്താശയോടെയും നടന്ന വംശഹത്യ ആയിരുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. പൊലീസിന്റെ നിഷ്‌ക്രിയത്വവും ഭരണകൂടത്തിന്റെ മൗനവും ഈ വാദത്തെ ശെരിവച്ചു. എന്നാല്‍, കലാപം തടയുന്നതിന് ചെയ്യാന്‍ കഴിയുന്നത് എല്ലാം ചെയ്തിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ അതിനെ വിദഗ്ധമായി പ്രതിരോധിച്ചത്. കലാപത്തെ തുടര്‍ന്നുണ്ടായ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളേയും വ്യക്തിപരവും സാമ്പത്തികവുമായി ഉണ്ടായ നഷ്ടങ്ങളെയും അതിജീവിച്ച് ബാക്കിയായ ആളുകള്‍ സമൂഹത്തിന് മുന്നിലേക്ക് വരുന്നത് ഈ ഘട്ടത്തിലാണ്.


ഗോദ്രാ തീ പിടിത്തത്തെ കുറിച്ച് ഏറ്റവും ആദ്യം അന്വേഷിച്ചത് രാകേഷ് അസ്താനയെന്ന പൊലീസ് ഓഫീസര്‍ ആണ്. അദ്ദേഹമാണ് ട്രെയിനില്‍ തീ വച്ചത് മുസ്‌ലിം തീവ്രവാദികള്‍ ആണെന്ന കണ്ടെത്തല്‍ നടത്തിയത്. ഗോദ്രയ്ക്ക് സമീപം താമസിച്ചിരുന്ന മുസ്‌ലിം തീവ്രവാദികള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ അമ്പത് ലിറ്റര്‍ മണ്ണെണ്ണ വാങ്ങി സൂക്ഷിച്ചിരുന്നു എന്നും, ഇത് ഉപയോഗിച്ചാണ് അവര്‍ ട്രെയിനില്‍ തീ വെച്ചതെന്നുമായിരുന്നു രാകേഷ് അസ്താന സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഗോദ്രാ തീ പിടിത്തത്തില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയ്ക്ക് ബന്ധമുണ്ടെന്ന് ഐ.ബി ജോയിന്റ് ഡയറക്ടര്‍ രജേന്ദ്രകുമാര്‍ ഒരു കണ്ടെത്തല്‍ കൂടി നടത്തി. തീ പിടിത്തത്തിന് ശേഷം ഗോദ്രയിലെ രണ്ട് മുസ്‌ലിംകള്‍ പാകിസ്ഥാനിലെ ബന്ധുക്കളെ വിളിച്ചു സന്തോഷം അറിയിച്ചിരുന്നു എന്നതാണ് ഈ വാദത്തിന് കാരണമായി അദ്ദേഹം നല്‍കിയ തെളിവ്. എന്നാല്‍, ആ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും സത്യസന്ധമല്ലെന്നും പിന്നീട് പരാതികള്‍ ഉയര്‍ന്നു. ഇതിന് കൃത്യമായ കാരണങ്ങളും ഉണ്ടായിരുന്നു.

സബര്‍മതി എക്‌സ്പ്രസില്‍ അന്നുണ്ടായിരുന്ന അയോധ്യ സന്ദര്‍ശനത്തിന് പോയ ആളുകളില്‍ പലരും ട്രെയിനില്‍ വച്ചു തന്നെ പല സ്ഥലതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത് കണക്കിലെടുത്ത് ഉത്തര്‍പ്രദേശ് പൊലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നുമുള്ള ചിലരെ ഈ കര്‍സേവകര്‍ക്ക് ഒപ്പം ട്രെയിനില്‍ കയറ്റി വിട്ടിരുന്നു ഉത്തര്‍പ്രദേശ് പൊലീസ്. യു.പിയുടെ അതിര്‍ത്തിവരെ മാത്രം കൂടെ പോകാന്‍ ആണ് അവരോട് പറഞ്ഞതെങ്കിലും അഹമ്മദാബാദില്‍ വസ്ത്രങ്ങള്‍ക്കും മറ്റും വിലക്കുറവാണെന്നും, കുടുംബത്തിലേക്ക് കുറച്ചധികം വസ്ത്രങ്ങള്‍ ഒരുമിച്ചു വാങ്ങിക്കാമെന്നുമുള്ള ഉദ്ദേശത്തില്‍ ഈ പൊലീസുകാര്‍ യാത്ര ഗുജറാത്ത് വരെ നീട്ടിയിരുന്നു. അതായത് ട്രെയിനില്‍ തീ പിടിത്തം ഉണ്ടാകുമ്പോള്‍ അവര്‍ കൂടി അതേ ട്രെയിനില്‍ ഉണ്ടായിരുന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ മൊഴി എടുത്തില്ല. അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് അവര്‍ ഉത്തര്‍പ്രദേശ് പൊലീസിന് നല്‍കിയ റിപ്പോര്‍ട്ട് ആവട്ടെ പുറം ലോകം കണ്ടിട്ടുമില്ല. മാത്രവുമല്ല, ഗോദ്രാ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്ന പര്‍ദ ധരിച്ച സ്ത്രീയെയും മകനേയും ബലം പ്രയോഗിച്ചു ചിലര്‍ ട്രെയിനിലേക്ക് കയറ്റിയ ഒരു സംഭവം അന്നവിടത്തെ തീ പിടിക്കുന്നത് തൊട്ട് മുമ്പ് നടന്നിരുന്നു. ഈ സ്ത്രീയെ ട്രെയിനിലെ തന്നെ മറ്റ് ചിലയാളുകള്‍ ആണ് രക്ഷിച്ചു വിട്ടത്. ഇവരെ കേന്ദ്രീകരിച്ചുള്ള ഒരന്വേഷണവും നടന്നിട്ടില്ല. അവരുടെ മൊഴി എടുത്തിട്ടില്ല. അവര്‍ എങ്ങോട്ട് പോയി എന്തിന് വന്നു എന്നൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമിച്ചതേയില്ല. ഇതിനിടയില്‍ മുന്നോട്ട് പോയ ട്രെയിനില്‍ ചിലര്‍ കയറിയില്ലെന്ന് പറഞ്ഞാണ് ആരോ ചങ്ങല വലിക്കുന്നതും ട്രെയിന്‍ പിടിച്ചിടുന്നതും. അപ്പോള്‍ ആണ് തീ പിടിത്തം ഉണ്ടാകുന്നത്. തീ പടരുമ്പോള്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നതിനാല്‍ തന്നെ കംപാര്‍ട്ട്മെന്റിലെ ഇരുപത്തി അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടിരുന്നു. ഇവരില്‍ ഒരാളുടെ പോലും മൊഴി എടുക്കാന്‍ അന്വേഷണ കമീഷന്‍ തയ്യാറായിട്ടില്ല എന്നത് എടുത്ത് പറയേണ്ട വിഷയമാണ്. ഏറ്റവും പ്രധാനമായ കാര്യം തീ പടരുന്ന സമയം ട്രെയിന്‍ തറ നിരപ്പില്‍ നിന്ന് ഏകദേശം 15 അടി ഉയരത്തില്‍ ആയിരുന്നു എന്നതാണ്. പുറത്ത് നിന്ന് ഒരാള്‍ക്ക് ട്രെയിനിന്റെ അകത്തേക്ക് തീ വലിച്ചെറിയാന്‍ ഒരു കാരണ വശാലും കഴിയില്ലെന്നാണ് മറ്റ് പൊലീസുകാരുടെ തന്നെ നിരീക്ഷണം. ആ സാഹചര്യത്തില്‍ ആണ് മുസ്‌ലിം തീവ്രവാദികള്‍ തീ വച്ചു എന്ന റിപ്പോര്‍ട്ട് അസ്താന സമര്‍പ്പിക്കുന്നതും, അതില്‍ പാക്കിസ്ഥാന്‍ ചാര സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് ഐ. ബി ജോയിന്റ് ഡയറക്ടര്‍ രജേന്ദ്രകുമാര്‍ കണ്ടെത്തുന്നതും!


രണ്ട് പ്രധാന സംശയങ്ങള്‍ ആണ് ഗോദ്ര കൂട്ടക്കൊലയെ കുറിച്ച് ആര്‍.ബി ശ്രീകുമാര്‍ എന്ന മുന്‍ ഐ.പി.എസ് ഓഫീസര്‍ പങ്കുവയ്ക്കുന്നത്. അതില്‍ ആദ്യത്തേത് ട്രെയിനില്‍ വച്ച് ഭക്ഷണം പാചകം ചെയ്യുന്നതിന് വേണ്ടി കര്‍സേവകര്‍ യാത്രയില്‍ കൂടെ കരുതിയ സ്റ്റൗവ്വില്‍ നിന്ന് തീ പടര്‍ന്നു എന്നതാണ്. അങ്ങനെ ആണെങ്കില്‍ മുസ്‌ലിം തീവ്രവാദികള്‍ ആണ് തീ വച്ചത് എന്ന് പൊലീസ് റിപ്പോര്‍ട്ട് എങ്ങനെ ഉണ്ടായി എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. രണ്ടാമത്തെ സംശയം നിര്‍ത്തിയിട്ട ട്രെയിനിന്റെ അകത്തേക്ക് പുറത്ത് നിന്നുമുള്ള ആരോ കയറി തീ വച്ചു എന്നുള്ളതാണ്. അത് ആരാണെന്നും അയാള്‍ എങ്ങോട്ട് പോയി എന്ന ചോദ്യവും ഇപ്പോഴും അവശേഷിക്കുന്നുണ്ട്. പോലീസ് അങ്ങനെ ഒരാളെ കണ്ടെത്തിയിട്ടില്ല. അതിലും ദുരൂഹത ഉണ്ട്.


കലാപത്തിന് ശേഷം 2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ അന്നത്തെ കേന്ദ്ര റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് ജസ്റ്റിസ് ബാനര്‍ജി കമീഷനെ ഗോദ്രാ തീ പിടിത്തത്തെ കുറിച്ചന്വേഷിക്കുന്നതിന് ചുമതലപ്പെടുത്തി. എന്നാല്‍, ആദ്യത്തെ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്റെ നേര്‍ വിപരീതമായിരുന്നു ജസ്റ്റിസ് ബാനര്‍ജി കമീഷന്റെ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം തീ പടര്‍ന്നത് ട്രെയിനിന് ഉള്ളില്‍ നിന്നാണെന്നും, കര്‍സേവകരുടെ കയ്യിലുണ്ടായിരുന്ന സ്റ്റൗവ്വില്‍ നിന്നുമാകാം തീ പടര്‍ന്നത് എന്നുമാണ് പറഞ്ഞിരുന്നത് പോലും. ആ റിപ്പോര്‍ട്ട് പക്ഷേ ഇപ്പോഴും ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ പോലും യു.പി.എ സര്‍ക്കാര്‍ ഒരിക്കലും താല്‍പ്പര്യം കാണിച്ചിരുന്നില്ല. നര്‍ത്തകിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മല്ലിക സാരാബായ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒമ്പതോളം കേസുകള്‍ സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി വരെ പോയിരുന്നതാണ്. അന്ന് സുപ്രീംകോടതി കേന്ദ്രം ഭരിച്ചിരുന്ന മന്‍മോഹന്‍ സിങ് സര്‍ക്കാരിനോട് അഭിപ്രായം തേടിയെങ്കിലും അതിനൊരു മറുപടി നല്‍കാന്‍ പോലും സര്‍ക്കാര്‍ അന്ന് തയ്യാറായിരുന്നില്ല.


2008 ല്‍ സുപ്രീം കോടതിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഗുജറാത്ത് കലാപം ഒരു സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനമാകുന്നത്. ഡോക്ടര്‍ ആര്‍.കെ രാഘവനായിരുന്നു അന്ന് അന്വേഷണ സംഘത്തിന്റെ ചുമതല. ഹിന്ദുത്വ പദ്ധതികളുടെ പരീക്ഷണശാലയാണ് ഗുജറാത്ത് എന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ പരസ്യമായി പറഞ്ഞിട്ടും, അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പക്ഷെ ഒരിക്കലും ഗുജറാത്ത് കലാപത്തെ അത്ര ഗൗരവമായി കണ്ടിരുന്നില്ല എന്നാണ് പിന്‍കാലത്തെ പ്രവര്‍ത്തികളില്‍ നിന്ന് വ്യക്തമായത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പല കേസുകള്‍ അന്വേഷിച്ച മിക്കവാറും ഉദ്യോഗസ്ഥര്‍ പല സമയങ്ങളിലും ബി.ജെ.പിയുടെ സ്വാധീനത്തിലും പ്രലോഭനങ്ങളിലും വീണ് പോയതായും പിന്നീട് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇത് മനസ്സിലാക്കുന്നതിലും ഉചിതമായ നീക്കങ്ങളിലൂടെ അതിനെ തടഞ്ഞ് കൃത്യമായൊരന്വേഷണം ആ വിഷയത്തില്‍ നടത്തുന്നതിലും അന്നത്തെ യു.പി.എ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന കാര്യം പ്രസക്തമാണ്. ഇരകള്‍ സ്വന്തം നിലയ്ക്ക് തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ നിയമയുദ്ദം നടത്തേണ്ട സാഹചര്യം ഉണ്ടായത് അത് കൊണ്ടാണ്.


2008 ല്‍ പുറത്ത് വന്ന നനാവതി കമീഷന്റെ താത്കാലിക റിപ്പോര്‍ട്ട് ഗോദ്രയില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിരുന്നു എന്ന് സ്ഥിതീകരിക്കുന്നതായിരുന്നു. എന്നാല്‍, ആ കമീഷന്‍ തന്നെ പിന്നീട് നല്‍കിയ റിപ്പോര്‍ട്ടില്‍ ഗൂഡാലോചന നടന്നില്ലെന്ന് അഭിപ്രായപ്പെട്ടു. കലാപമുണ്ടാകും എന്നറിഞ്ഞിട്ടും മുന്‍കരുതല്‍ സ്വീകരിച്ചില്ല എന്നായിരുന്നു മോദി സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആക്ഷേപം. സര്‍ക്കാരിനെതിരെ പൊലീസ് ഓഫീസര്‍മാരായ ആര്‍.ബി ശ്രീകുമാര്‍, സജ്ജീവ് ഭട്ട്, രാഹുല്‍ ശര്‍മ എന്നിവരും ബി.ജെ.പിയുടെ തന്നെ നേതാവ് ഹരണ്‍ പാണ്ഡ്യയും മൊഴി നല്‍കിയിരുന്നു എങ്കിലും ഈ മൊഴികള്‍ സംശയാസ്പതമാണ് എന്നായിരുന്നു കമ്മീഷന്റെ വിലയിരുത്തല്‍. ഇത് പ്രകാരമാണ് കലാപം അസൂത്രിതമായിരുന്നില്ല എന്നും അന്നത്തെ സര്‍ക്കാരിന് കലാപത്തില്‍ പങ്കില്ല എന്നും 2014 ല്‍ നനാവതി കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, അതിനും എത്രയോ മുന്‍പ് 2009 ജൂണില്‍ തന്നെ 94 പേരെ പ്രതികളാക്കി കൊണ്ട് ഗോദ്രാ സംഭവത്തില്‍ പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങിയിരുന്നു. 2010 സെപ്റ്റംബറില്‍ ഗോദ്രാ കേസില്‍ 31 ആളുകളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തിരുന്നു.


ഇഹ്സാന്‍ ജാഫ്രിയുടെ കൊലപാതകം; സാകിയ ജാഫ്രിയുടെ പോരാട്ടം

ഗ്രോദ്രാ സംഭവത്തിന്റെ പിറ്റേ ദിവസം ഫെബ്രുവരി 29 ന് ഇഹ്സാന്‍ ജാഫ്രി ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ഫ്‌ളാറ്റില്‍ ഉണ്ടെന്ന വിവരം അതേ ഫ്‌ളാറ്റിലെ മറ്റൊരു വീട്ടില്‍ താമസിക്കുന്ന പൊലീസുകാരന്‍ വഴി അക്രമികള്‍ക്ക് നേരത്തെ കിട്ടിയിരുന്നു. ഗോദ്രക്ക് പിന്നാലെ ഗുജറാത്തില്‍ അങ്ങിങ്ങായി അക്രമങ്ങള്‍ നടന്ന് തുടങ്ങിയപ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഭയപ്പാടിലാവുകയും ഗുല്‍ബര്‍ഗില്‍ അഭയം തേടുകയും ചെയ്തു. മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമൊക്കെയായ ജാഫ്രിക്ക് തങ്ങളെ സംരക്ഷിക്കാനും രക്ഷിക്കാനും കഴിയുമെന്ന് അവര്‍ വിശ്വസിച്ചു. ജാഫ്രി അദ്ദേഹത്തെ കൊണ്ട് കഴിയും വിധം അതിന് വേണ്ടിയുള്ള എല്ലാ ശ്രമവും നടത്തി. പക്ഷെ, ഒന്നും ഫലം കണ്ടില്ല. ഇരമ്പിയെത്തിയ അക്രമികള്‍ ജാഫ്രി അടക്കം എഴുപതോളം പേരെ ക്രൂരമായി കൊലപ്പെടുത്തി, സ്ത്രീകളെ പീഡിപ്പിച്ചു, കുട്ടികളുടെ ദേഹത്ത് പോലും പെട്രോള്‍ ഒഴിച്ചു തീയിട്ടു. മൂന്നാം നിലയില്‍ ഒളിച്ചിരിന്ന ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയെയും മറ്റ് ചില അഭയാര്‍ഥികളേയും വൈകിട്ടോടെ പൊലീസ് എത്തി രക്ഷപ്പെടുത്തുമ്പോഴേക്കും താഴെത്തെ നിലയില്‍ എല്ലാം കത്തി ചാരമായിരുന്നു.


അക്രമികള്‍ വരുമെന്ന് ഉറപ്പായത് മുതല്‍ ഏകദേശം അഞ്ച് മണിക്കൂര്‍ ജാഫ്രി നിരന്തരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും, നേതാക്കളെയും, മന്ത്രിമാരെയും ജനപ്രതിനിധികളേയും, എന്തിന് ഒരു കിലോമീറ്റര്‍ വ്യത്യാസത്തിലുള്ള പൊലീസ് സ്റ്റേഷനിലേക്ക് പോലും നിരന്തരം ബന്ധപ്പെട്ടിരുന്നു. 200 ല്‍ കൂടുതല്‍ കോളുകള്‍....! ആരും വന്നില്ല. ആരും രക്ഷിച്ചില്ല. അക്രമികള്‍ അവരുടെ ഉദ്ദേശം നടപ്പാക്കി കഴിഞ്ഞ ശേഷം മാത്രം പൊലീസ് സ്ഥലത്തെത്തി. ജാഫ്രിയുടെ കൊലപാതകം ആസൂത്രിതമായിരുന്നു എന്നും മനഃപ്പൂര്‍വം ആരും സഹായിക്കാതെ ഇരുന്നതായിരുന്നു എന്നും പിന്നീട് വെളിപ്പെടുത്തലുകള്‍ ഉണ്ടായി. അതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകളും പുറത്ത് വന്നു. സകിയ ജാഫ്രി നിയമ പോരാട്ടത്തിന് ഇറങ്ങുന്നത് ഈ സാഹചര്യത്തില്‍ ആണ്.

അഞ്ച് മണിക്കൂറിനിടയില്‍ 200 ല്‍ കൂടുതല്‍ ഫോണ്‍ കോളുകള്‍ ജാഫ്രി വിളിച്ചിരുന്നു എന്നാതായിരുന്നു ജാഫ്രിയുടെ കേസിലെ ഏറ്റവും വലിയ തെളിവ്. പൊലീസ് ഹെഡ് കോട്ടേഴ്‌സിലേക്ക് ഉള്‍പ്പെടെ കോളുകള്‍ പോയി. രാഹുല്‍ ശര്‍മ എന്ന പൊലീസുകാരന്‍ അതിന്റെ രേഖകള്‍ സഹിതം മൊഴി നല്‍കാന്‍ മുന്നോട്ട് വന്നു. അന്നത്തെ ഇന്റലിജന്‍സ് മേധാവി സഞ്ജീവ് ഭട്ടും ജാഫ്രിയുടെ അവസ്ഥ മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ അടക്കം നിര്‍ദേശിക്കുകയും, മുഖ്യമന്ത്രിയുടെ പി.എസ്‌നെ ഗുല്‍ബര്‍ഗിലെ അവസ്ഥ അറിയിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നിട്ടും ആരും ഒന്നും ചെയ്തില്ലെന്ന് സഞ്ജീവ് ഭട്ടും മൊഴി നല്‍കാന്‍ തയ്യാറായി. ജാഫ്രി മരിച്ചു നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ജൂണ്‍ 8 ന് സകിയ ജാഫ്രി നിയമപോരാട്ടം ആരംഭിച്ചു. മേഹാനി പൊലീസ് സ്റ്റേഷനിലെ 62 ആം നമ്പര്‍ കേസ് അപ്പോഴേക്കും ഗുജറാത്തില്‍ നടന്ന ഒട്ടനവധി അക്രമങ്ങളില്‍ ഒന്ന് മാത്രമായി നിസാരവത്കരിച്ചിരുന്നു.

ഗുല്‍ബര്‍ഗില്‍ രാവിലെ മുതല്‍ നടന്ന സംഭവങ്ങള്‍, മുഖ്യപ്രതികളുടെ പേര്, ഗൂഢാലോചന, ജാഫ്രിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍, ഐ.പി.എസ് ഉദ്യോഗസ്ഥരായ രാഹുല്‍ ശര്‍മ, സഞ്ജീവ് ഭട്ട് എന്നിവരുടെ മൊഴി, ആര്‍.ബി ശ്രീകുമാറിന്റെ റിപ്പോര്‍ട്ട് തുടങ്ങി ഒന്നും മേഹാനി പൊലീസിന്റെ ചാര്‍ജ് ഷീറ്റില്‍ ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി അടക്കം 62 പേര്‍ക്കെതിരെ കൊലപാതക ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട് കൊണ്ട് 68 പേജുള്ള പരാതി സാകിയ അഹമ്മദാബാദ് കമീഷണര്‍, ഡി.ജി.പി, ഗാന്ധി നഗര്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നല്‍കി. അതായിരുന്നു പോരാട്ടത്തിന്റെ ആദ്യ ചുവട് വയ്പ്പ്. പക്ഷെ, ആ പരാതിയില്‍ ആരും നടപടി എടുത്തില്ല.

അപ്പോഴാണ് 2000 പേജുള്ള തെളിവുകളുമായി പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ടീസ്റ്റ സെതല്‍വാദ് സാകിയയ്ക്ക് മുന്നില്‍ എത്തുന്നത്. ഈ തെളിവുകളുമായി ടീസ്റ്റ ഹൈക്കോടതിയില്‍ പോകുന്നു. ഗുല്‍ബര്‍ഗ് കേസില്‍ സാകിയയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനോട് നിര്‍ദേശിക്കാന്‍ കോടതിയില്‍ അപേക്ഷിക്കുന്നു. എന്നാല്‍, 2007 ല്‍ ഹൈക്കോടതി ആ കേസ് തള്ളി കൊണ്ട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. സാക്കിയയും ടീസ്റ്റയും നേരെ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത് ആ സാഹചര്യത്തില്‍ ആണ്. അതിനിടയില്‍ 'ഓപ്പറേഷന്‍ കളങ്ക്' എന്ന പേരില്‍ തെഹല്‍ക ഒരു വാര്‍ത്ത വീഡിയോ പുറത്ത് വിട്ടു. ഗുല്‍ബര്‍ഗ് കൂട്ടക്കൊല അടക്കം ഗുജറാത്ത് കലാപം ആസൂത്രിതമായിരുന്നു എന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ പറയുന്ന ആ വീഡിയോ കൂടി അതോടെ സുപ്രീംകോടതിക്ക് മുന്നില്‍ എത്തി. എന്നിട്ടും കോടതി അനങ്ങിയില്ല. പക്ഷെ, ദേശീയ മനുഷ്യാവകാശ കമീഷന്‍ അതോടെ കേസില്‍ നേരിട്ട് ഇടപെട്ടു. ആ വീഡിയോയുടെ ആധികാരികത ഉറപ്പാക്കാന്‍ സി.ബി.ഐയോട് നിര്‍ദേശിച്ചു. അത് ഒറിജിനല്‍ തന്നെ എന്ന് സി.ബി.ഐ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി. അതൊരു നിര്‍ണായക വഴിത്തിരിവായി മാറി.


സാകിയയും ടീസ്റ്റയും വീണ്ടും സുപ്രീംകോടതിയിലെത്തി. 2009 ഏപ്രിലില്‍ ഗുജറാത്ത് കലാപത്തിലെ മറ്റ് ഒന്‍പത് കേസുകള്‍ അന്വേഷിക്കുന്ന ആര്‍.കെ രാഘവനെ ഈ കേസും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് നേടിയെടുത്തു. 2010 മാര്‍ച്ച് 21 ന് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്ന സംഘം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ നീണ്ട 11 മണിക്കൂര്‍ ഒരു ക്രിമിനല്‍ കേസില്‍ ചോദ്യം ചെയ്തു. ഇതിന് പുറമെ ഗുജറാത്ത് കലാപം ലോക വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ബ്രിട്ടനും അമേരിക്കയും വിസ നല്‍കുന്നത് വിലക്കി, യാത്ര ബാന്‍ ഏര്‍പ്പെടുത്തി.

2010 മേയില്‍ പ്രത്യേക അന്വേഷണ സംഘം സാകിയയുടെ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അത് കോടതി പരിഗണിക്കുന്നതിന് മുന്‍പ് തന്നെ ചില പത്രങ്ങളില്‍ മോദിക്ക് അന്വേഷണ സംഘത്തിന്റെ ക്ലീന്‍ ചിറ്റ് എന്ന വാര്‍ത്തയും പുറത്ത് വന്നു. അത് തന്നെ സംഭവിച്ചു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ സാകിയയും ടീസ്റ്റയും ഉന്നയിക്കുന്ന വാദം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്നാണ് ഉണ്ടായിരുന്നത്. സുപ്രീംകോടതി തന്നെ നിയോഗിച്ച അമിക്കസ് ക്യൂറി ആവട്ടെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് നല്‍കി. ഒരേ കോടതി നിയോഗിച്ച രണ്ട് പേര്‍ രണ്ട് വ്യത്യസ്ത റിപ്പോര്‍ട്ട് നല്‍കിയത് കോടതിയെ തന്നെ വലച്ചു.

2011 സെപ്റ്റംബര്‍ 12 ന് സുപ്രീംകോടതി കേസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കണമെന്ന നിര്‍ദേശം വീണ്ടും മുന്നോട്ട് വച്ചു. ഇത് പ്രകാരം 2012 ഫെബ്രുവരിയില്‍ കേസ് അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് അന്വേഷണ സംഘവും കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, പരാതിക്കാര്‍ക്ക് അതിന്റെ പകര്‍പ്പ് നല്‍കുന്നത് ഒരു വര്‍ഷം വൈകിപ്പിച്ചു. ഒരു വര്‍ഷത്തിന് ശേഷം കിട്ടിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ പകര്‍പ്പും കൊണ്ട് സാകിയ അഹമ്മദാബാദ് മജിസ്ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജി നല്‍കി. മജിസ്ട്രേറ്റ് കോടതി പക്ഷെ ഹര്‍ജി തള്ളുകയും അന്വേഷണ സംഘത്തിനൊപ്പം നിന്ന് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. ഹര്‍ജിയുമായി സാകിയ ഹൈക്കോടതിയില്‍ പോയെങ്കിലും 2017 ഒക്ടോബര്‍ 5 ന് ഗുജറാത്ത് ഹൈക്കോടതിയും സാക്കിയയുടെ ഹര്‍ജി തള്ളി മോദിക്ക് ഒപ്പം നിന്നു. 2017 ല്‍ ബി.ജെ.പി അധികാരത്തില്‍ വരുമ്പോള്‍ ഗുജറാത്ത് കലാപത്തിലെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി കൊണ്ട് സാകിയ ജാഫ്രി നല്‍കിയ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയായിരുന്നു. എന്നിട്ടും 2017 ല്‍ ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം തലവന്‍ കെ.ആര്‍ രാഘവനെ സൈപ്രസിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ ആയി ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ചിരുന്നു. നീതി വിദൂരമാണെന്നതിന്റെ കൃത്യമായ തെളിവായിരുന്നു ആ നിയമനം. എന്നിട്ടും അവസാന പ്രതീക്ഷ എന്നോളം 2018 ല്‍ സാകിയ ജാഫ്രി ഹര്‍ജിയുമായി ഒരിക്കല്‍ കൂടി സുപ്രീംകോടതിയുടെ മുന്നില്‍ ചെന്നു. സാകിയ ജഫ്രിക്ക് വേണ്ടി കോടതിയില്‍ ഹാജരായ കപില്‍ സിബല്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.എ.ടി) അവര്‍ക്ക് മുന്നിലെത്തിയ തെളിവുകളൊന്നും പരിശോധിച്ചില്ലെന്ന് ശക്തമായി വാദിച്ചിട്ടും സാകിയ ജഫ്രി നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറും, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും, സി.ടി രവികുമാറും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് തള്ളി. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ സംസ്ഥാനത്തുടനീളം നടന്ന വലിയ അക്രമങ്ങള്‍ക്ക് പിന്നില്‍ ഉന്നത തലത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്നതിന് അന്വേഷണ സംഘം ശേഖരിച്ച തെളിവുകള്‍ സംശയം ജനിപ്പിക്കുന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതോടെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് 63 പേര്‍ക്കും സുപ്രീംകോടതിയില്‍ നിന്ന് കൂടി ക്ലീന്‍ ചിറ്റ് ലഭിച്ചു. എല്ലാ തരത്തിലും ഭരണകൂടം ആസൂത്രണം ചെയ്ത കലാപത്തില്‍ നിന്നും നിയമപരമായി, വിദഗ്ധമായി അവര്‍ രക്ഷപ്പെട്ടു. അപ്പോഴും നീതി തേടുന്ന ജനം തെരുവിലാണ്. ഭരണകൂടം അവരെ വീണ്ടും വീണ്ടും വേട്ടയാടുകയാണ്.

ബില്‍ക്കിസ് ബാനു; അതിജീവിത

ഗുജറാത്ത് കലാപത്തില്‍ വൈകിയെങ്കിലും നീതി കിട്ടിയിട്ടുണ്ട് എന്ന് പറയാന്‍ കഴിയുന്ന ഒരേ ഒരാള്‍ ബില്‍ക്കിസ് ബാനു എന്ന ബില്‍ക്കിസ് യാക്കൂബ് റസൂല്‍ ആണ്. 19 ആം വയസ്സില്‍ മൂന്ന് വയസ്സുള്ള തന്റെ മകളെയും ഏറ്റവും അടുത്ത 15 ഓളം ബന്ധുക്കളേയും കണ്‍മുന്നില്‍ ചിലര്‍ കൊലപ്പെടുത്തുന്നത് നോക്കി നില്‍ക്കേണ്ടി വന്നവളാണ് ബില്‍ക്കിസ് ബാനു. മകളുടെ മരണം കണ്ട് ബോധം കെട്ട് വീണ അഞ്ച് മാസം ഗര്‍ഭിണിയായ അവളെ ചിലര്‍ ക്രൂരമായി പീഡിപ്പിച്ച് മരിച്ചെന്ന് കരുതി വലിച്ചെറിയുകയായിരുന്നു. ജീവന്‍ തിരികെ കിട്ടിയെന്ന് ഉറപ്പായത് മുതല്‍ ഏത് സമയവും വീണ്ടും അക്രമിക്കപ്പെട്ടേക്കാം എന്ന പേടി ഉള്ളപ്പോഴും അവള്‍ മുഖം മറയ്ക്കാതെ നിയമയുദ്ധം നടത്തി നീതി നേടി എടുക്കുകയും അക്രമികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുകയും ചെയ്തു.


അക്രമിക്കപ്പെട്ട ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് ബാനു ജീവിതത്തിലേക്ക് തിരികെ എത്തിയത്. അവളെ ആക്രമിക്കുകയും കൂടെ ഉണ്ടായിരുന്നവരെ കൊലപ്പെടുത്തുകയും ചെയ്ത 14 പേര്‍ക്കെതിരെ ബാനു പൊലീസില്‍ പരാതി നല്‍കി എങ്കിലും, ഒരാളുടെ പോലും പേര് പരാതിയില്‍ രേഖപ്പെടുത്താതെ പൊലീസ് ബാനുവിനെ ചതിക്കുകയായിരുന്നു എന്നാണ് ബാനു പിന്നീട് പറഞ്ഞത്. ഇത് പ്രകാരം മജിസ്ട്രേറ്റ് കോടതി ബാനുവിന്റെ കേസ് തള്ളി. എന്നാല്‍, അവള്‍ കഴിഞ്ഞിരുന്ന ദുരിതാശ്വാസ ക്യാമ്പില്‍ വന്ന ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകരോട് അവള്‍ അനുഭവങ്ങള്‍ പറഞ്ഞതോടെ ബാനുവിന് നീതി ലഭിക്കാന്‍ തുടങ്ങുകയായിരുന്നു. ഗുജറാത്തിലെ മുന്‍ ഡി.ജിപി പി.ജി ജാതവേദന്‍ നമ്പൂതിരി അവളെ കേള്‍ക്കുകയും സഹായിക്കുകയും ചെയ്തു. ഹരീഷ് സാല്‍വെ എന്ന വക്കീല്‍ മുഖാന്തരം അവളുടെ കേസ് സുപ്രീംകോടതി വരെ എത്തി. കോടതി കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടു.


പി പി.ജി ജാതവേദന്‍ നമ്പൂതിരി

സി.ബി.ഐ അന്വേഷണത്തില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വവും കള്ളക്കകളികളും തെളിവ് നശിപ്പിക്കാനുള്ള ശ്രമവുമെല്ലാം പിടിക്കപ്പെട്ടു. 2004 ജനുവരി 22 ന് കലാപത്തില്‍ നേരിട്ട് പങ്കെടുത്ത 12 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇതില്‍ മുന്‍ ബി.ജെ.പി ജില്ലാ സംഘടന സെക്രട്ടറി, വി.എച്ച്.പി നേതാവ്, ഒരു മന്ത്രിയുടെ പി.എ എന്നിവരടക്കം ഉണ്ടായിരുന്നു. ഈ പന്ത്രണ്ട് പേര്‍ക്ക് പുറമേ പൊലീസുകാരടക്കം 20 പ്രതികളെ സി.ബി.ഐ കണ്ടെത്തി. 2005 ജനുവരി 13 ന് ഒന്നര വര്‍ഷം നീണ്ട വിസ്താരം അവസാനിപ്പിച്ച് 500 പേജുള്ള കുറ്റപത്രം മുംബൈ പ്രത്യേക കോടതിക്ക് മുന്നിലെത്തി. 2005 മെയ് മുതല്‍ കേസില്‍ വിസ്താരം നടന്നു. അതിനിടയില്‍ ബാനുവിന്റെ സുരക്ഷയെ ചൊല്ലി ഉയര്‍ന്ന ആശങ്കയെ തുടര്‍ന്ന് കേസ് ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് മാറ്റിയിരുന്നു. 2007 ഡിസംബര്‍ 31 നകം വിചാരണ പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു എങ്കിലും അത് നടന്നില്ല. വിചാരണ വേളയില്‍ ബാനുവും രക്ഷപ്പെട്ട മറ്റൊരു കുട്ടിയും തങ്ങളെ ആക്രമിച്ച 12 ഓളം ആളുകളെ തിരിച്ചറിഞ്ഞതിന്റെ കൂടി പശ്ചാത്തലത്തില്‍ 2008 ജനുവരി 18 ന് 20 പ്രതികളില്‍ 13 പേരെ മുംബൈ സെഷന്‍സ് കോടതി ജഡ്ജി സല്‍വി ശിക്ഷിച്ചു. കലാപത്തില്‍ നേരിട്ട് പങ്കെടുത്ത 12 ല്‍ 11 പേര്‍ക്ക് ഇരട്ട ജീവപര്യന്തവും ബാക്കിയുള്ളവര്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും ശിക്ഷ ലഭിച്ചു. വൈകി കിട്ടിയ നീതി ആണെങ്കിലും ബാനുവിന്റെ പോരാട്ടം പലര്‍ക്കും പ്രതീക്ഷ നല്‍കി.

നരോദ പാട്യയിലെ കൂട്ടക്കൊല

97 പേരോളം കൊല്ലപ്പെട്ട നാരോദപാട്യയിലെ കൂട്ടക്കൊലക്കേസില്‍ രണ്ട് പ്രമുഖരാണ് ശിക്ഷിക്കപ്പെട്ടത്. നരേന്ദ്രമോദി മന്ത്രിസഭയിലെ മുന്‍ മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായിരുന്ന മായാ ബെന്‍ കൊട്‌നായിക്കും ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗിയും. ഇതില്‍ മായാ ബെന്‍ കൊട്‌നായിക്ക് 28 വര്‍ഷം തടവ് ശിക്ഷയ്ക്കും, ബാബു ബജ്റംഗി മരണം വരെ തടവ് ശിക്ഷയ്ക്കും വിധിക്കപ്പെട്ടു. ബാക്കിയുള്ള പ്രതികള്‍ എല്ലാം ഗുജറാത്തിലെ ഏറ്റവും അധഃസ്ഥിത വിഭാഗക്കാരായ ഛാരാ വിഭാഗത്തില്‍ നിന്നുമുള്ള സാധാരണക്കാരായിരുന്നു എന്നത് എടുത്ത് പറയേണ്ട വസ്തുത ആണ്. കാലങ്ങളായി ഗുജറാത്തില്‍ എവിടെ എന്ത് പ്രശ്‌നം നടന്നാലും പൊലീസ് അറസ്റ്റ് ചെയ്യുന്നവരുടെ കൂട്ടത്തില്‍ ചിലപ്പോള്‍ ആ പ്രശ്നത്തിന്റെ ഭാഗമേ അല്ലാതിരുന്ന നിരപരാധികളായ ഛാരാ വിഭാഗം ഉണ്ടാകുന്നത് പതിവാണ്.


ഗുജറാത്ത് കലാപം നടന്നിട്ട് 20 വര്‍ഷം ആകുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. പക്ഷെ, ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും മോദി ഇപ്പോഴും ഒരിക്കല്‍ പോലും കലാപം നടന്ന നാരോദ പാട്യയിലോ ഗുല്‍ബര്‍ഗിലോ പോയിട്ടില്ല. ഒറ്റ രാത്രി കൊണ്ട് ഉടുതുണിക്ക് മറു തുണി ഇല്ലാതായ കലാപത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട ജനങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം വെറും 5,000 രൂപയായിരുന്നു. നിരന്തര നിയമ പോരാട്ടങ്ങളിലൂടേയും നിവേദനങ്ങളിലൂടെയും ഗുജറാത്ത് കലാപത്തില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്ക് കൊടുക്കാന്‍ കേന്ദ്രം അനുവദിച്ച രണ്ട് കോടി നാല്‍പത്തി അഞ്ച് ലക്ഷം രൂപ വിതരണം ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. ഇത് ലാപ്സ് ആയി പോവുകയും പിന്നീട് ഹൈക്കോടതി നേരിട്ട് ഇടപെടുകയും ചെയ്തിട്ടും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ദുരിതമനുഭവിച്ച മനുഷ്യരെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. ഇതിന് കാരണം വംശീയത തന്നെയാണ്.

(തുടരും)

Similar Posts