Analysis
ഹാനി ബാബു എന്ന സ്കോളർ - ആക്ടിവിസ്റ്റിൻ്റെ ജയിൽവാസം നാലു വർഷം പിന്നിടുമ്പോൾ: ഒരു ഓർമക്കുറിപ്പ്
Analysis

ഹാനി ബാബു എന്ന സ്കോളർ - ആക്ടിവിസ്റ്റിൻ്റെ ജയിൽവാസം നാലു വർഷം പിന്നിടുമ്പോൾ: ഒരു ഓർമക്കുറിപ്പ്

ഇബ്രാഹിം ബാദ്ഷാ
|
28 July 2024 3:35 AM GMT

ഭീമ കൊറേഗാവ് കേസില്‍ യു.എ.പി.എ ചാര്‍ത്തി അന്യായമായി ജയിലിലടക്കപ്പെട്ട പ്രഫ. ഹാനി ബാബുവിന്റെ തടങ്കലിന് നാല് വര്‍ഷം തികയുന്ന വേളയില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥി എഴുതുന്ന ഓര്‍മകുറിപ്പ്. ഒപ്പം ഹാനി ബാബുവിന്റെ വിദ്യാഭ്യാസ-സാമൂഹിക ഇടപെടലുകളുടെ സാക്ഷ്യങ്ങളും.

ഡല്‍ഹി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍, പ്രൊഫസ്സര്‍ ഹാനി ബാബു അറസ്റ്റ് ചെയ്യപ്പെട്ടിട്ട് 2024 ജൂലൈ 28 ന് നാല് വര്‍ഷം തികയുന്നു. എല്‍ഗാര്‍ പരിഷദ്-ഭീമാ കെറെഗാവ് കേസുമായി ബന്ധപ്പെട്ട് 2020 ലാണ് മലയാളിയായ പ്രൊഫ. ഹാനി ബാബു അറസ്റ്റിലാകുന്നത്. ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനെ യു.എ.പി.എക്കു കീഴിലെ നിരവധി വകുപ്പുകള്‍ ചുമത്തി വിചാരണയില്ലാതെ നാലു വര്‍ഷം തടവിലിടുന്നത് ഭരണകൂടത്തിന്റെ വായടപ്പിക്കല്‍ നയമാണെന്നും കൃത്യമായ മനുഷ്യാവകാശ ലംഘനമാണെന്നും മനസ്സിലാക്കാന്‍ പ്രയാസമില്ല. അധികാരത്തിലിരിക്കുന്നവരുടെ താളത്തിനൊത്ത് മത്സരിച്ചു തുള്ളുന്ന മാധ്യമപ്രവര്‍ത്തകരും ഭരണകൂടത്തിന്റെ ഇംഗിതത്തിനു വഴങ്ങി ന്യായാന്യായങ്ങള്‍ വളച്ചൊടിക്കുന്ന നീതിന്യായ വ്യവസ്ഥയും ഈ സമഗ്രാധിപത്യത്തിന്റെ മറവില്‍ നിഷ്‌ക്രിയത്വം നടിക്കുന്ന പൊതുപ്രവര്‍ത്തകരും ഹാനി ബാബുവിനും ഇതേ കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട മറ്റു പതിനഞ്ചു പേര്‍ക്കും നീതിനിഷേധിക്കപ്പെട്ടതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെ കടന്നു പോകുന്ന രാജ്യത്ത് വിമര്‍ശനച്ചുവയുള്ള ശ്വാസ്വോച്ഛ്വാസങ്ങളെപ്പോലും ആസൂത്രിതമായി നിശ്ശബ്ദമാക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ ഏതു മാര്‍ഗവും സ്വീകരിക്കുമെന്നതിന്റെ ഉത്തമോദാഹരണമായി എല്‍ഗാര്‍ പരിഷദ് കേസ് നിലനില്‍ക്കുന്നു. തന്റെ പാണ്ഡിത്യവും അധ്യാപന മികവും സാമൂഹിക പ്രതിബദ്ധതയും മൂലം വിദ്യാര്‍ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്ന ഹാനി ബാബുവിനെ അന്താരാഷ്ട്രതലത്തില്‍ നിന്നടക്കമുള്ള സകല പ്രതിഷേധങ്ങളെയും അവഗണിച്ച്, രോഗബാധിതനായ സമയത്തു പോലും ജാമ്യം നല്‍കാതെ നാലു വര്‍ഷക്കാലമായി തടവില്‍ വെക്കുന്നത് ഒരു ഭരണനേട്ടമായി കാണാനാകും അധികാരികള്‍ ശ്രമിക്കുന്നത്.

നരേന്ദ്ര മോദി ഒരു തവണ കൂടി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയിലെ ഭീകരവാദവും നക്‌സലിസവും പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുമെന്നാണ് മേയ് ആദ്യവാരത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചരണത്തിലും ന്യൂസ് 18 മായി നടത്തിയ അഭിമുഖത്തിലും ഇതേ കാര്യം ആവര്‍ത്തിക്കപ്പെട്ടു. അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപമിതാണ്: ഇന്ത്യയിലെ ഭീകരവാദം കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തിലൂടെ ഏതാണ്ട് നൂറു ശതമാനവും മോദി അവസാനിപ്പിച്ചു കഴിഞ്ഞു. നക്‌സലിസം 95 ശതമാനം അവസാനിപ്പിച്ചു എന്നു പറയാം. ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും നക്‌സലിസം തുടച്ചുനീക്കപ്പെട്ടു. ഛത്തീസ്ഗഡിലെ നാലു ജില്ലകളില്‍ മാത്രമാണ് ഇത് നിലനില്‍ക്കുന്നത്. ബി.ജെ.പി ഈയടുത്ത കാലത്തായി അവിടെ ഭരണം സ്ഥാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസങ്ങളില്‍ മാത്രമായി നൂറോളം നക്‌സലേറ്റുകളെ കൊലപ്പെടുത്തിയിട്ടുണ്ട്. 125ലധികം നക്‌സലേറ്റുകളെ പിടികൂടിയതായും 150ലധികം പേര്‍ കീഴടങ്ങിയതായും മറ്റൊരു അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞത് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്‍ഗാര്‍ പരിഷദ്-ഭീമാ കൊറെഗാവ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രഖ്യാപനങ്ങളെ വായിക്കുന്ന ഏതൊരാള്‍ക്കും നടുക്കം തോന്നും. നക്‌സലിസത്തിനും ഭീകരവാദത്തിനും എതിരെയുള്ള പോരാട്ടമെന്ന വ്യാജേന എങ്ങനെയാണ് ഇന്ത്യയിലെ മോദി ഭരണകൂടം നിരപരാധികളായ മനുഷ്യാവകാശ പ്രവര്‍ത്തകരെയും, ദലിതരും ആദിവാസികളും മുസ്‌ലിംകളുമടങ്ങുന്ന സാധാരണക്കാരെയും തുറുങ്കിലടക്കുകയും കൊന്നുതള്ളുകയും ചെയ്യുന്നതെന്ന് അല്‍പാ ഷായുടെ The Incarcerations: Bhima Koregaon and the Search for Democracy in India (തടങ്കലുകള്‍: ഭീമാ കെറെഗാവും ഇന്ത്യയിലെ ജനാധിപത്യത്തിനു വേണ്ടിയുള്ള അന്വേഷണവും) എന്ന പുസ്തകം തെളിവുകള്‍ നിരത്തി വിവരിക്കുന്നുണ്ട്.

തലക്കെട്ടില്‍ സൂചിപ്പിക്കുന്നതു പോലെ ഭീമാ കൊറെഗാവ് സംഘര്‍ഷത്തെ തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും എഴുത്തുകാരും ചിന്തകരും പത്രപ്രവര്‍ത്തകരും അധ്യാപകരുമടങ്ങുന്ന പതിനാറു പേരെ തടങ്കലിലാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ജനാധിപത്യത്തിന്റെ നിലവിലെ സ്ഥിതിവിശേഷങ്ങളെ സമഗ്രമായി വിശകലനം ചെയ്യുകയാണ് ഈ പുസ്തകം. നിര്‍ണ്ണായകമായ മറ്റൊരു തെരഞ്ഞെടുപ്പിനൊടുവില്‍ മൂന്നാമതൊരു തവണകൂടി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ അധികാരത്തിലെത്തി ഒരു മാസത്തിനകം തന്നെ അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധയായ അരുന്ധതി റോയ് പോലൊരു വ്യക്തിയിലേക്ക് ഭരണകൂടത്തിന്റെ കരങ്ങള്‍ നീളുന്നുണ്ടെങ്കില്‍, കഴിഞ്ഞ പത്തുവര്‍ഷമായി തുടര്‍ന്നു പോരുന്ന വേട്ട പതിന്മടങ്ങ് ഊര്‍ജത്തോടെ തുടരാനാണ് ഭാവമെന്ന പ്രഖ്യാപനമായി വേണം ഇതിനെ വായിക്കാന്‍. അതില്‍ ഇനിയുമൊരുപാട് ഹാനി ബാബുമാരും ഉമര്‍ ഖാലിദുമാരും ഇരയാക്കപ്പെടും. ഈ ഉദ്യമത്തിന് തീര്‍ത്തും സങ്കീര്‍ണ്ണമായ ഒരു യാന്ത്രികഘടന പരീക്ഷിച്ച് വിജയിച്ചതിന്റെ നേര്‍സാക്ഷ്യമാണ് ഭീമാ-കൊറെഗാവ്-16 ന്റെ (ബി.കെ 16) ജയില്‍വാസം.

പേഷ്‌വായ് സാമ്രാജ്യത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടു കിടന്ന ദലിതര്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന് സവര്‍ണ്ണ സൈന്യത്തെ തോല്‍പ്പിച്ചതിന്റെ വാര്‍ഷികാഘോഷമാണ് ഭീമാ കൊറെഗാവില്‍ ജനുവരി 1ന് കൊണ്ടാടുന്നത്. യുദ്ധവിജയത്തിന്റെ സ്മാരകമായ സ്തൂപത്തില്‍ ബ്രിട്ടീഷ് സൈന്യത്തില്‍ നിന്ന് മൃത്യു വരിച്ചവരുടെ പേരുകള്‍ കൊത്തിവെക്കപ്പെട്ടു. അതില്‍ മഹര്‍ വിഭാഗത്തില്‍ പെട്ട സൈനികരുടെ പേരുമുണ്ടായിരുന്നു. നൂറുവര്‍ഷത്തോളം മഹര്‍വിഭാഗക്കാര്‍ ബ്രിട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1927 ജനുവരി 1ന് ഭീമാ കൊറെഗാവ് സ്മാരകസ്ഥാനത്ത് തടിച്ചു കൂടിയ മഹര്‍ വിഭാഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ബി.ആര്‍ അംബേദ്കര്‍ തന്നെയാണ് തങ്ങളുടെ പൂര്‍വ്വപിതാക്കളുടെ പോരാട്ടത്തിന്റെ സ്മരണക്കായി വര്‍ഷം തോറും അനുസ്മരണ സംഗമം നടത്തണമെന്ന ആശയത്തെ പിന്തുണച്ചതും. എന്നാല്‍, 2018ല്‍ ഈ പോരാട്ടത്തിന്റെ 200ാം വാര്‍ഷികാഘോഷം തടയാന്‍ ചില ഹിന്ദുത്വ സംഘടനകള്‍ മുന്നിട്ടിറങ്ങി. രണ്ടായിരത്തോളം വരുന്ന ഹിന്ദുത്വ ഭീകരര്‍ ഭീമാ കൊറെഗാവില്‍ തടിച്ചുകൂടിയ ലക്ഷക്കണക്കിനു ദലിത് ആക്ടിവിസ്റ്റുകള്‍ക്കു നേരെ അക്രമം അഴിച്ചു വിട്ടു. വാള്, ഇരുമ്പ് ദണ്ഡ്, കല്ല്, മൊളോടോവ് കോക്ടെയില്‍ മുതലായവ ഉപയോഗിച്ച് അക്രമകാരികള്‍ നിരായുധരായ ജനത്തെ അക്രമിച്ചു. അക്രമത്തില്‍ ഒരു ദലിതന്‍ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മിലിന്ദ് എക്‌ബോട്ടെ, സംഭാജി ഭീഡെ എന്നീ രണ്ട് ഹിന്ദുത്വാ സംഘടനാ നേതാക്കളെ ഈ സംഘര്‍ഷത്തിലെ പ്രധാന ഗൂഢാലോചനക്കാരാക്കി ദലിത് ആക്ടിവിസ്റ്റ് അനിത സവലെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. എന്നാല്‍, 2017 ഡിസംബര്‍ 31 ന് ദലിതരെയും ആദിവാസികളെയും മറ്റു ന്യൂനപക്ഷങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് പൂനെയില്‍ നടന്ന എല്‍ഗാര്‍ പരിഷദ് എന്ന കലാ-സാംസ്‌കാരിക സംഗമത്തിലെ പ്രസംഗങ്ങളാണ് ഭീമാ കൊറെഗാവ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാരോപിച്ച് ആര്‍.എസ്.എസ്, എ.ബി.വി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉമര്‍ ഖാലിദ്, ജിഗ്‌നേഷ് മേവാനി അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുകയും, തുഷാര്‍ ദംഗുഡെ നല്‍കിയ പരാതിയില്‍ എല്‍ഗാര്‍ പരിഷദിന്റെ സംഘാടകര്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് വ്യത്യസ്ത ഘട്ടങ്ങളിലായി പതിനാറ് പേരും അറസ്റ്റിലാകുന്നത്. രണ്ടു തവണ സെര്‍ച്ച് വാറന്റ് നിഷേധിക്കപ്പെട്ട ശേഷം പൂനെ പൊലീസ് വാറന്റ് ഇല്ലാതെ തന്നെ എല്‍ഗാര്‍ പരിഷദില്‍ ഭാഗമായിരുന്നു ഒമ്പതു പേരുടെ വീടുകളില്‍ തിരച്ചില്‍ നടത്തുകയും കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്യുകയാണുണ്ടായത്. റോണ വില്‍സണ്‍ എന്ന മലയാളിയുടെ ലാപ്‌ടോപ്പില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം കാണിക്കുന്ന തെളിവുകളും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള വധശ്രമത്തിന്റെ പദ്ധതി പ്രതിപാദിക്കുന്ന കത്തും കണ്ടെത്തിയെന്ന് കാണിച്ചാണ് യു.എ.പി.എ നിയമപ്രകാരം അറസ്റ്റു ചെയ്യുന്നത്. ഇതേ രീതിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരുടെയും അറസ്റ്റ് നടക്കുന്നത്.

എന്നാല്‍, റോണ വില്‍സന്റെ ഹാര്‍ഡ് ഡിസ്‌കില്‍ ദി കാരവന്‍ മാഗസിന്‍ നടത്തിയ സൈബര്‍ ഫോറന്‍സിക് പരിശോധനയില്‍ തെളിവുകള്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നു തെളിഞ്ഞു. പുറമെ നിന്നൊരാള്‍ക്ക് കംപ്യൂട്ടറിന്റെ നിയന്ത്രണം സാധ്യമാക്കുന്ന ഒരു മാല്‍വെയര്‍ കംപ്യൂട്ടറില്‍ കണ്ടെത്തുകയുണ്ടായി. ഇത്തരത്തില്‍ ഒരു ഹാക്കര്‍ക്ക് ആവശ്യമുള്ള ഏതു ഫയലും ഈ കംപ്യൂട്ടറില്‍ നിക്ഷേപിക്കാമെന്നും പരിശോധനയില്‍ തെളിഞ്ഞു. അറസ്റ്റിന് ഏകദേശം രണ്ടു വര്‍ഷം മുമ്പ് തന്നെ റോണയുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്നും കേസിനാസ്പദമായ മുപ്പതിലധികം ഫയലുകള്‍ അതില്‍ നിക്ഷേപിക്കപ്പെട്ടിരുന്നുവെന്നും ആഴ്‌സെനല്‍ കണ്‍സള്‍ട്ടിംഗ് എന്ന സൈബര്‍ ഫോറന്‍സിക് കമ്പനിയുടെ പരിശോധനയിലും തെളിഞ്ഞു. സുരേന്ദ്ര ഗാഡ്‌ലിംഗിന്റെയും ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെയും ലാപ്‌ടോപ്പുകളില്‍ നടത്തിയ പരിശോധനയിലും വര്‍ഷങ്ങളായി ഇവ ഇതേ നിലയില്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയായിരുന്നെന്നും ആഴ്‌സെനല്‍ വ്യക്തമാക്കി. ഇസ്രയേലി സ്‌പൈവെയറായ പെഗസസ് ഭീമാ-കൊറെഗാവ് കേസില്‍ പെട്ട പലരുടെയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാന്‍ ഉപയോഗിച്ചതായും ഇക്കാലയളവില്‍ തെളിയുകയുണ്ടായി. പെഗസസ് ''ഭീകരവാദികള്‍ക്കും ഗൗരവമേറിയ കുറ്റവാളികള്‍ക്കും'' എതിരെ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന ഔദ്യോഗിക ഭാഷ്യം നിലനില്‍ക്കെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും പ്രതിപക്ഷരാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമെതിരെ ഈ സ്‌പൈവെയര്‍ ഉപയോഗിച്ചതായി അന്വേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ഹാനി ബാബുവനെ അറസ്റ്റ് ചെയ്യുന്നതിന് ഏകദേശം പത്തു മാസം മുമ്പ്, 2019 സെപ്റ്റംബര്‍ 10ന് തന്നെ പൂനെ പൊലീസ് അദ്ദേഹത്തിന്റെ വീട്ടില്‍ റൈഡ് നടത്തി പുസ്തകങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ലാപ്‌ടോപ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 2020ല്‍ ജൂലൈയില്‍ ചോദ്യം ചെയ്യാനായി എന്‍.ഐ.എ ഹാനി ബാബുവിനെ മുംബൈയിലേക്ക് വിളിച്ചു വരുത്തുകയും അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. താന്‍ അപകടകാരിയായ മാവോയിസ്റ്റ് ആണെന്ന് കാണിക്കുന്ന അറുപത്തിരണ്ട് ഡോക്യുമെന്റുകള്‍ തന്റെ ലാപ്‌ടോപ്പില്‍ കണ്ടെത്തിയെന്നാണ് പ്രൊ. ഹാനി ബാബുവിനോട് അവര്‍ പറഞ്ഞത്. അതിന്റെ ഉത്തരവാദിത്തം നിഷേധിച്ചപ്പോള്‍ എങ്കില്‍ പിന്നെ ആരാണ് ഈ കംപ്യൂട്ടര്‍ ഉപയോഗിച്ചതെന്നും, തന്റെ വിദ്യാര്‍ഥികള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നു വരെ ചോദ്യം എത്തി. ഹാനി ബാബുവിന്റെ ഭാര്യയും ഡല്‍ഹി സര്‍വകലാശാലയിലെ മിരാണ്ട ഹൗസ് കോളജില്‍ അധ്യാപികയുമായ ജെനി റൊവീനയെ ഉദ്ധരിച്ച് അല്‍പാ ഷാ ഈ സംഭവം വിശദീകരിക്കുന്നുണ്ട്. എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായി ലാപ്‌ടോപ് പിടിച്ചെടുക്കുമ്പോള്‍ പാലിക്കേണ്ട യാതൊരു കീഴ്‌വഴക്കങ്ങളും പൂനെ പൊലീസ് പാലിച്ചിട്ടില്ലെന്ന് ജെനി റൊവീന മാധ്യമങ്ങള്‍ക്കു കൊടുത്ത അഭിമുഖത്തില്‍ പറയുന്നുണ്ട്. ലാപ്‌ടോപ്പില്‍ പുതിയ കൈകടത്തലുകള്‍ നടത്തുകയില്ലെന്ന് ഉറപ്പു വരുത്താന്‍ പിടിച്ചെടുക്കുന്നതോടൊപ്പം തന്നെ അതിന്റെ ഹാഷ് വാല്യൂ ഉടമസ്ഥര്‍ക്ക് നല്‍കേണ്ടതുണ്ട്. ഇത് നല്‍കാത്ത പക്ഷം പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാല്‍ മനസ്സിലാക്കാന്‍ സാധിക്കില്ല. ഈ കേസിലകപ്പെട്ട പലരുടെയും കമ്പ്യൂട്ടര്‍ ആദ്യമേ ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്നിരിക്കെയാണ് ഇത്രയും കേവല പ്രോട്ടോക്കോളുകള്‍ പോലും പൊലീസ് പാലിക്കാതിരുന്നത്. തലോജ ജയിലില്‍ ഒരു വര്‍ഷം തികയുന്നതിനു മുമ്പു തന്നെ ഹാനി ബാബുവിന് കണ്ണില്‍ ഗുരുതരമായ അണുബാധ സ്ഥിരീകരിച്ചു. എന്നാല്‍, തുടര്‍ചികിത്സ നടത്തുന്നതിലും അധികൃതര്‍ ഗുരുതരമായ ഉപേക്ഷ വരുത്തിയിരുന്നു. അതിനിടയിയില്‍ കോവിഡും സ്ഥിരീകരിച്ചു. നിരന്തരമായ മുറവിളികള്‍ക്കൊടുവിലാണ് കുടുംബത്തിന്റെ സ്വന്തം ചിലവില്‍ ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ കോടതി ഉത്തരവിട്ടത്.

ഇനി വ്യക്തിപരമായ ചില അനുഭവങ്ങളിലേക്കു വരാം. ഡല്‍ഹി സര്‍വ്വകലാശാലയില്‍ എന്റെ പി.എച്ച്.ഡി സൂപ്പര്‍വൈസര്‍ ആയിരുന്നു പ്രൊഫസ്സര്‍ ഹാനി ബാബു. ഒരു വര്‍ഷം മാത്രമാണ് പ്രൊ. ബാബുവിന് കീഴില്‍ ഗവേഷണം നടത്താന്‍ എനിക്ക് അവസരം ലഭിച്ചത്. അതിനിടയില്‍ തന്നെ ഇന്ത്യയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യവും അധികം വൈകാതെ തന്നെ വന്ന കോവിഡ് മഹാമാരിയും ഇതില്‍ ഭംഗം വരുത്തിക്കൊണ്ടിരുന്നു. എന്നാലും കൃത്യമായി പഠനത്തിലെ പുരോഗതി ചര്‍ച്ച ചെയ്യാനും വേണ്ട നിര്‍ദേശങ്ങള്‍ തരാനും പ്രൊഫ. ബാബു സമയം കണ്ടെത്തി. ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ച് നാട്ടിലുണ്ടായിരുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ തൃശൂരിലെ വീട്ടില്‍ വെച്ചാണ് ഞങ്ങള്‍ അവസാനമായി കാണുന്നത്. സുഗമമായി പോയിരുന്ന ഈ ഗുരു-ശിഷ്യ ബന്ധം അപ്രതീക്ഷിതമായി വന്ന അറസ്റ്റിലൂടെ ഭംഗപ്പെട്ടു. ശേഷം ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ് ഞാന്‍ എൻറോൾമെന്റ് പിന്‍വലിച്ച് ഡല്‍ഹി വിടുകയും ചെയ്തു. ഹാനി ബാബുവിലെ സ്‌കോളര്‍-ആക്ടിവിസ്റ്റ് ആണ് സൂപ്പര്‍വൈസര്‍ ആയി അദ്ദേഹം വേണമെന്ന തീരുമാനത്തിലേക്ക് അന്നെന്നെ കൊണ്ടെത്തിച്ചത്. ലെബനോന്‍ സന്ദര്‍ശന വേളയില്‍ ഇസ്രയേലിന്റെ ദിശയില്‍ കല്ലെറിയുന്ന എഡ്വേര്‍ഡ് സഈദിന്റെ ചിത്രം സ്‌കോളര്‍ഷിപ്പും ആക്ടിവിസവും എങ്ങനെയാണ് ഇഴ ചേര്‍ന്നുകിടക്കുന്നത് എന്നതിന്റെ പ്രതീകമായി മനസ്സില്‍ കയറിയ സമയമായിരുന്നു. ഹാനി ബാബുവിനെ കുറിച്ച് അറിഞ്ഞു തുടങ്ങിയപ്പോള്‍ ഇവ രണ്ടും കൂട്ടിയിണക്കുന്നതിന്റെ ഒരു മാതൃകാചിത്രം മനസ്സില്‍ രൂപപ്പെട്ടു. 2017ല്‍ പി.ജി ചെയ്യാനായി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നതു മുതല്‍ ഹാനി ബാബു എന്ന പ്രതിഭാധനനായ അധ്യാപകനെക്കുറിച്ച് പല സന്ദര്‍ഭങ്ങളിലായി കേട്ടിരുന്നു. എം.എ ഇംഗ്ലീഷ് കരിക്കുലത്തിലെ പേടിസ്വപ്നമായി അന്ന് എല്ലാവരും കണ്ടിരുന്ന ലിംഗ്വിസ്റ്റിക്‌സ് ക്ലാസ്സ് വര്‍ഷങ്ങളായി ഹാനി ബാബു ആണ് പഠിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ അധ്യാപന മിടുക്കു കൊണ്ടാണ് ഭൂരിഭാഗം പേര്‍ക്കും വിഷയം മനസ്സിലായിരുന്നത് എന്ന് പൊതുവില്‍ സംസാരവുമുണ്ടായിരുന്നു. എന്നാല്‍, ഞങ്ങള്‍ മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശിക്കുന്ന സമയം ഹാനി ബാബു സബാട്ടിക്കലായി പോകുന്നതും ഞങ്ങളുടെ ബാച്ചിന് മാത്രം അദ്ദേഹത്തിന്റെ ക്ലാസ്സ് ലഭിക്കാനുള്ള അവസരം നഷ്ടമാകുകയും ചെയ്തു. ആ സെമസ്റ്ററുടനീളം ഈ നഷ്ടബോധം പങ്കുവെക്കുന്നത് കേട്ട ഓര്‍മ ഇപ്പോളുമുണ്ട്. ആയിടക്കു തന്നെയാണ് ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു വേണ്ടി ഹാനി ബാബു ചെയ്ത ചില പ്രവര്‍ത്തനങ്ങളെ കുറിച്ച് ഞാന്‍ മനസ്സിലാക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് തോന്നിയത് ഡല്‍ഹി സര്‍വ്വകലാശാലയിലെ ഒ.ബി.സി സംവരണത്തിലെ ക്രമക്കേടുകള്‍ വെളിച്ചത്തു കൊണ്ടുവന്നതായിരുന്നു.

വിവരാവകാശ നിയമം ഉപയോഗിച്ച് ശേഖരിച്ച കണക്കുകള്‍ വെച്ച് സംവരണത്തിലെ അട്ടിമറികള്‍ക്കെതിരെ ഹാനി ബാബു നയിച്ച പോരാട്ടമാണ് ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 27% സംവരണം ഉറപ്പു വരുത്തണമെന്നു കാണിച്ചുള്ള സുപ്രീം കോടതിയുടെ ഇടപെടലിലേക്ക് നയിച്ചതെന്നും, ഫലത്തില്‍ ഞാനടക്കമുള്ള പലര്‍ക്കും പ്രവേശനം സാധ്യമാക്കിയതെന്നുമുള്ള ബോധ്യം എന്നെ സ്വാധീനിച്ചു. അതും കഴിഞ്ഞാണ് ഡല്‍ഹി സര്‍വ്വകലാശാലയിലെ തന്നെ മറ്റൊരു അധ്യാപകനായിരുന്ന പ്രൊഫസ്സര്‍ സായ്ബാബയുടെ ജയില്‍ മോചനത്തിനായുള്ള ഡിഫന്‍സ് കമ്മിറ്റിയിലെ ഹാനി ബാബുവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞാനറിയുന്നത്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട ഭിന്നശേഷിക്കാരനായ സായ്ബാബയ്ക്ക് നീതി ഉറപ്പുവരുത്താന്‍ അദ്ദേഹം പല നിലയ്ക്കും പ്രവര്‍ത്തിച്ചിരുന്നു. അധ്യാപനത്തിനിടക്കു തന്നെ ഈവനിംഗ് ക്ലാസ്സുകളില്‍ പങ്കെടുത്ത് ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് അദ്ദേഹം നിയമ ബിരുദവും സ്വന്തമാക്കിയിരുന്നു. ഇതും സായ്ബാബയ്ക്കു നീതി ലഭ്യമാക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തില്‍ ഗുണം ചെയ്തു. സായ്ബാബയുടെ മകള്‍ അക്കാലത്ത് എന്റെ സഹപാഠിയായിരുന്നു. ഡല്‍ഹിയില്‍ തന്നെ വീടുള്ള അപൂര്‍വ്വം ചില സുഹൃത്തുക്കളിലൊരാളെന്ന നിലയ്ക്ക് ഞങ്ങള്‍ അവരുടെ വീട്ടില്‍ ഒത്തുകൂടുന്ന സന്ദര്‍ഭങ്ങളിലെല്ലാം സായ്ബാബയുടെ ജയില്‍വാസം ആ കുടുംബത്തിലേല്‍പ്പിച്ച ആഘാതം ഞങ്ങള്‍ സുഹൃത്തുക്കള്‍ നന്നായി കണ്ടനുഭവിച്ചിട്ടുണ്ട്. ഹാനി സറിന്റെ ആക്ടിവസത്തോട് ആകര്‍ഷണം തോന്നാന്‍ എനിക്ക് ഒന്നിലധികം കാരണങ്ങളുണ്ടായിരുന്നെന്നു ചുരുക്കം. പത്തു വര്‍ഷം നീണ്ട ജയില്‍വാസത്തിനൊടുവില്‍ കഴിഞ്ഞ മാര്‍ച്ച് മാസം സായ്ബാബയെ കോടതി നിരപരാധിയായി കണ്ട് വിട്ടയച്ചപ്പോള്‍ പലയിനം സന്തോഷങ്ങള്‍ക്കിടയില്‍ ഈ സന്തോഷം പങ്കിടാന്‍ ഹാനി ബാബു കൂടെയില്ലല്ലോ എന്നൊരു സങ്കടം തികട്ടി വന്നു. ഇതിനെല്ലാം ഉടനെയൊരു അന്ത്യമുണ്ടായേക്കുമെന്ന നേര്‍ത്തൊരു പ്രതീക്ഷയും.

പി.എച്ച്.ഡിക്ക് ചേര്‍ന്ന ആദ്യ സെമസ്റ്ററിലെ അക്കാഡമിക് റിസര്‍ച്ച് ആന്റ് റൈറ്റിംഗ് എന്ന വിഷയം പഠിപ്പിക്കാനായി വന്നപ്പോളാണ് ഹാനി ബാബു എന്ന അധ്യാപകന്റെ ക്ലാസ്സിലിരിക്കാനുള്ള അവസരം എനിക്ക് ആദ്യമായും അവസാനമായും ലഭിക്കുന്നത്. ആയിടക്കാണ് പൂണെ പൊലീസ് അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. അതിന്റെ ഒച്ചപ്പാടുകള്‍ക്ക് ചെവി കൊടുക്കാതെ അദ്ദേഹം പതിവു പോലെ കാമ്പസിലെത്തി ക്ലാസ്സെടുത്തു തന്നു. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ 'സ്റ്റ്യുഡന്റ്‌സ് ഇന്‍ സോളിഡാരിറ്റി വിത് ഹാനി ബാബു' എന്നൊരു കൂട്ടായ്മ രൂപീകരിച്ച് റെയ്ഡിനെ അപലപിക്കുകയും, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും, ഹാനി ബാബുവിന്റെ സാമൂഹിക പ്രവര്‍ത്തനം എന്തായിരുന്നു എന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു കൊണ്ടിരുന്നു. ഇതു നടന്നു കൊണ്ടിരിക്കെയാണ് 2019 ഡിസംബറില്‍ രണ്ടാം മോദി സര്‍ക്കാര്‍ പൗരത്വ നിയമ-പരിഷ്‌കരണ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ബില്ല് നിയമാകുന്നതിനു മുമ്പു തന്നെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ആര്‍ട്‌സ് ഫാകല്‍ട്ടിക്ക് മുമ്പില്‍ വിളിച്ചു ചേര്‍ത്ത പ്രതിഷേധ സംഗമങ്ങളിലെ ഹാനി ബാബുവിന്റെ സാന്നിധ്യം തീര്‍ത്തും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സിയും അതിലൂടെ നിലവിലെ കേന്ദ്ര ഭരണകൂടവും ഇതിനോടകം തന്നെ ഉന്നം വെച്ചിരിക്കുകയാണെന്ന കാര്യം വക വെക്കാതെ തന്റെ ദൗത്യനിര്‍വ്വഹണവുമായി മുന്നോട്ടു പോകുന്നതിലൂടെ ഹാനി ബാബു കാണിച്ച ധൈര്യം എല്ലാവരെയും ഞെട്ടിച്ചു. ബില്ല് നിയമമായതോടെ രാജ്യത്ത് പ്രതിഷേധം കടുക്കുകയും അതിന്റെ കേന്ദ്രം ഡല്‍ഹി നഗരവും നേതൃത്വം വിദ്യാര്‍ഥികളുമായതോടെ അനിവാര്യമായ പിന്തുണ നല്‍കിയ അധ്യാപകരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഹാനി ബാബുവുണ്ടായിരുന്നു.

2019 ഡിസംബറില്‍ ജാമിഅ മില്ലിയയിലേക്ക് അക്രമിച്ചു കയറിയ ഡല്‍ഹി പൊലീസ് ലൈബ്രറി തല്ലിത്തകര്‍ക്കുകയും വിദ്യാര്‍ഥികളെ നിഷ്‌കരുണം മര്‍ദിക്കുകയും ചെയ്ത ദിവസം ഡല്‍ഹി പൊലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സിനു മുമ്പില്‍ രാത്രി മുഴുവന്‍ നീണ്ടു നിന്ന ഒരു പ്രതിഷേധസംഗമം നടന്നു. അന്ന് ഉറക്കമിളച്ച് വിദ്യാര്‍ഥികള്‍ക്ക് കൂട്ടു നിന്ന ഇംഗ്ലീഷ് ഡിപാര്‍ട്‌മെന്റിലെ ഒരേയൊരു അധ്യാപകന്‍ ഹാനി ബാബു മാത്രമായിരുന്നുവെന്നാണ് ഓര്‍മ. ഡല്‍ഹിയിലെ ഡിസംബര്‍ തണുപ്പു മറന്ന് ഇന്ദ്രപ്രസ്ഥ മാര്‍ഗില്‍ മുദ്രാവാക്യം വിളികളും വിപ്ലവഗാനങ്ങളുമായി ഞങ്ങള്‍ രാത്രി കഴിച്ചു കൂട്ടിയപ്പോള്‍ ഹാനി ബാബുവിനെ പോലൊരാളുടെ സാന്നിധ്യവും പിന്തുണയും നല്‍കിയ ധൈര്യം ചെറുതല്ല.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവെഴ്‌സിറ്റിയില്‍ ഭാഷാ-സാമ്രാജ്യത്വവാദത്തെ കുറിച്ച് ലക്ച്ച്വര്‍ എടുക്കുന്ന ഹാനി ബാബുവാണ് മറ്റൊരോര്‍മ. ഇന്തയിലെ ഭാഷാ വൈവിധ്യങ്ങളെക്കുറിച്ചും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിലെ പ്രത്യയശാസ്ത്രപരമായ പ്രശ്‌നങ്ങളെക്കുറിച്ചും അതിന്റെ ജാതീയമായ വശങ്ങളെക്കുറിച്ചും ഹാനി ബാബു സംസാരിക്കുന്നത് ഞങ്ങള്‍ കേട്ടിരുന്നു. ഈ രണ്ട് ചിത്രങ്ങളും പരസ്പര പൂരകങ്ങളാണെന്നു തോന്നും. ഇതു രണ്ടും വന്നെത്തുന്നത് ഒരേ ബിന്ദുവിലേക്കാണ്. തെരുവിലെ സമരമുദ്രാവാക്യവിളികളില്‍ നിന്ന് വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ വേര്‍പ്പെടുത്താനാവില്ലെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരുന്നു. സര്‍വ്വകലാശാലയിലെ പ്രൊഫസറുടെ ദൗത്യം ഗ്രന്ഥശാലക്കകത്ത് അടയിരിക്കലും ക്ലാസ്സ്മുറിക്കകത്ത് വാചാലനാവലും മാത്രമല്ലെന്നും വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിയലും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കലും അവകാശപ്പോരാട്ടങ്ങളില്‍ അവരോട് ചേര്‍ന്നുനില്‍ക്കലുമാണെന്ന് ഹാനി ബാബു പ്രവൃത്തിയിലൂടെ കാണിച്ചു തന്നു.

ഡല്‍ഹി വിട്ട് ഹ്യൂസ്റ്റണിലേക്കു പോരുന്നതിന്റെ തലേ ദിവസം ഞാന്‍ ഹാനി ബാബുവിന് ഒരു കത്തെഴുതി. കത്ത് അദ്ദേഹത്തിര്‍ കയ്യിലെത്തുമെന്ന കാര്യമായ പ്രതീക്ഷയൊന്നുമില്ലാതെയാണ് എഴുതിയത്. കത്തെന്നത് സ്വകാര്യമായ ഒരു മാധ്യമാണെങ്കിലും, ജയിലിലേക്കയക്കുന്ന കത്തിന് സ്വകാര്യതയുണ്ടാകില്ലെന്ന ബോധ്യത്തിലാണ് എഴുത്തു തുടങ്ങിയതും. എഴുതിത്തീര്‍ന്നപ്പോളേക്കും പക്ഷെ, തുടക്കത്തിലെ സമചിത്തത നഷ്ടപ്പെട്ടു കാണണം. കത്തിലെ ഉള്ളടക്കം ഇപ്പോള്‍ ഓര്‍ത്തെടുക്കാനാവുന്നില്ല. 2021 ഒക്ടോബര്‍ 25ന് എനിക്കെഴുതിയ മറുപടിയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'എന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നീ അനുഭവിച്ച ആഘാതവും വിഷമവും എനിക്ക് മനസ്സിലാകും. എന്നാല്‍, ഞാനൊന്നു പറയട്ടെ, ഇതിനകത്തെ ജീവിതം അത്ര മോശമൊന്നുമല്ല. സത്യം പറഞ്ഞാല്‍ എനിക്ക് എഴുതാനും വായിക്കാനുമൊക്കെ ഒരുപാട് സമയം കിട്ടുന്നുണ്ട്. അതിലുപരി, സാധാരണയില്‍ വായനയിലൂടെ മാത്രം പരിചയിച്ച ജീവിതത്തിന്റെ ഒരു വശം നേരിട്ട് കണ്ടനുഭവിക്കാന്‍ ഒരവസരം. അതുകൊണ്ട്, ഇവിടെ ഞാന്‍ ചിലവഴിച്ച സമയം എനിക്കൊരുപാട് അനുഭവസമ്പത്ത് നല്‍കിയെന്നു പറയാം (പുറത്തുള്ളവരാണ് ഇതില്‍ എന്നേക്കാള്‍ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാവുക എന്ന് തോന്നുന്നു.) എന്നു വെച്ച് ഈ സാഹചര്യം കാലാകാലം തുടര്‍ന്നു പോകണമെന്ന് എനിക്ക് യാതൊരാഗ്രഹവുമില്ല. കെട്ടിച്ചമച്ചുണ്ടാക്കിയ കുറെ തെളിവുകളുടെ പിന്‍ബലം മാത്രമുള്ള ഈ കേസില്‍ ഒരു വഴിത്തിരിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ'.

ഈ പ്രതീക്ഷ പങ്കുവെച്ചിട്ടിപ്പോള്‍ ഏകദേശം മൂന്നു വര്‍ഷം കഴിയുന്നു. ഇതിനു ശേഷം ഞാനയച്ച കത്ത് അവിടെയെത്താന്‍ കുറേ വൈകിയെന്നറിഞ്ഞു. താനയക്കുന്ന കത്തുകള്‍ തന്നെ മടങ്ങി വരുന്നുണ്ടെന്നും ജയിലധികൃതര്‍ കത്തിടപാടുകള്‍ കൂടുതല്‍ കര്‍ശനമാക്കിയെന്നും ജെന്നി റൊവേന ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു. ജയിലിനകത്ത് പുസ്തകങ്ങള്‍ നിഷേധിക്കുന്നുവെന്ന് കാണിക്കുന്ന വാര്‍ത്തകളും അതിനു ശേഷം പ്രത്യക്ഷപ്പെട്ടിരുന്നു. തലോജ ജയിലിലെ നീതി നിഷേധങ്ങള്‍ ഇതിനു മുമ്പും വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുള്ളതാണ്. പാര്‍കിന്‍സണ്‍സ് രോഗം ബാധിച്ചതു മൂലം ഗ്ലാസ്സില്‍ നിന്ന് വെള്ളം കുടിക്കാന്‍ പറ്റാത്തതു കൊണ്ട് തനിക്ക് ഒരു സിപ്പറും സ്‌ട്രോയും അനുവദിക്കണമെന്ന 83 കാരനായ സ്റ്റാന്‍ സ്വാമിയുടെ അപേക്ഷ ജയിലധികൃതര്‍ മുഖവിലക്കെടുക്കുന്നില്ലെന്നത് വാര്‍ത്തയായിരുന്നു. ജയിലിന്റെ വിലാസത്തില്‍ ജനങ്ങള്‍ കൂട്ടമായി സിപ്പറും സ്‌ട്രോയും അയക്കാന്‍ തുടങ്ങിയതിനു ശേഷം കോടതി ഇടപെട്ടാണ് സ്റ്റാന്‍ സ്വാമിക്ക് ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തത്. പിന്നീട് കസ്റ്റഡിയിലിരിക്കെ തന്നെയാണ് സ്റ്റാന്‍ സ്വാമി മരണപ്പെടുന്നതും.

അന്യായമായി ജയിലലടക്കുന്നതിനു പുറമെ അതിനകത്ത് എത്തിപ്പെട്ടവര്‍ക്ക് മാനുഷിക പരിഗണനകള്‍ നല്‍കാതിരിക്കാനുള്ള ഒരു ന്യായം മാത്രമാണ് ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം രാജ്യസുരക്ഷയും ഭീകരവാദവും. അതില്‍ ഇരയാക്കപ്പെടുന്നവര്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നില്ലെന്ന ചിന്ത പൊതു ജനങ്ങളില്‍ രൂഢമൂലമായതിന്റെ ഫലമാണ് യു.എ.പി.എ അടക്കമുള്ള നിയമങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം. ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ തടവില്‍ വെക്കുന്നത് രാജ്യസുരക്ഷയുടെ പേരിലാകുന്നതോടെ മാനുഷിക പരിഗണന അര്‍ഹിക്കാത്തവരായി പ്രതികള്‍ മാറുന്നു. ഇങ്ങനെ ചാപ്പ കുത്തപ്പെട്ടാല്‍ പിന്നെ സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം കുറ്റാരോപിതര്‍ക്കു തന്നെയാണ്. ഇതിന് പലപ്പോളും പതിറ്റാണ്ടുകള്‍ വേണ്ടി വന്നേക്കാം. ഹാനി ബാബു തന്നെ ദി കാരവന്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നതു പോലെ 'ഇത്തരം കേസുകളില്‍ നടപടിക്രമങ്ങള്‍ തന്നെ വലിയൊരു ശിക്ഷയാണ്'. യാതൊരു തെളിവില്ലെങ്കിലും വിചാരണക്ക് വിധേയമാക്കാതെ അനിശ്ചിത കാലത്തേക്ക് ഇവരെ തുറുങ്കിലടക്കുന്നത് സാധൂകരിക്കാന്‍ രാജ്യസുരക്ഷയെന്ന ഒരൊറ്റ കാരണം പറഞ്ഞാല്‍ മതി. അതിനു പലപ്പോളും പ്രതികളുടെ മതവും ജാതിയും പ്രവര്‍ത്തനമണ്ഡലവും സ്വാധീനിക്കും. പ്രൊഫ. ഹാനി ബാബുവിന്റെ അറസ്റ്റിനു പിന്നില്‍ അദ്ദേഹത്തിന്റെ മുസ്‌ലിം സ്വത്വവും, ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളും, ഭാഷാ സംവാദങ്ങളിലെ നിലപാടുകളും, ജി.എന്‍ സായ്ബാബയുടെ ജയില്‍ മോചനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളുമെല്ലാം പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍, ഇതിലെ ഭീഷണി വക വെക്കാതെ കര്‍മപഥത്തില്‍ ഉറച്ചു നിന്ന് അനീതിക്കെതിരെ ശബ്ദിക്കുക എന്നതാണ് ഹാനി ബാബുവും ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന മറ്റനേകം പൊതുപ്രവര്‍ത്തകരായ രാഷ്ട്രീയതടവുകാരും നല്‍കുന്ന പാഠം.

Similar Posts