Analysis
മെറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍
Analysis

വധശിക്ഷയില്‍ പുനരാലോചനയോ; മെറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന് ഉത്തരവിട്ട് ഹൈകോടതി

ഷംന അശോക്
|
21 May 2023 5:40 PM GMT

ആറ്റിങ്ങല്‍ ഇരട്ടകൊലക്കേസ് പ്രതി നിനോ മാത്യുവിന്റെയും ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെയും മെറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്താനാണ് കോടതി ഉത്തരവിട്ടത്. തങ്ങള്‍ കുറ്റം ചെയ്തിട്ടില്ല എന്നും വധശിക്ഷ വിധിച്ച സെഷന്‍സ് കോടതിക്ക് തെറ്റ് പറ്റി എന്നും ചൂണ്ടിക്കാണിച്ച് പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചതിന് ശേഷമായിരിക്കും മെറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് കേരള ഹൈക്കോടതി പരിഗണിക്കുക.

അതീവ ഗുരുതര സ്വഭാവത്തിലുള്ള കുറ്റം ചെയ്ത പ്രതികള്‍ക്കാണ് ഇന്ത്യയില്‍ വധശിക്ഷ വിധിക്കുന്നത്. മറ്റ് ശിക്ഷയൊന്നും പര്യാപ്തമല്ലെന്ന് കോടതിക്ക് ബോധ്യപ്പെടുമ്പോള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം. എന്നാല്‍, ഇന്ത്യന്‍ ഭരണഘടന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പാക്കുമ്പോള്‍ വധശിക്ഷക്കെതിരായ ചര്‍ച്ചകള്‍ രാജ്യത്ത് സജീവമായി തന്നെ തുടരുകയാണ്. വധശിക്ഷക്കെതിരായി പ്രതികള്‍ നല്‍കുന്ന അപ്പീല്‍ പരിഗണിക്കുമ്പോള്‍ എല്ലാതലങ്ങളിലും പരിശോധന നടത്താനാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.

ഈ നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചാണ് ചരിത്രപരമായ ഒരുത്തരവ് കേരള ഹൈകോടതി പുറപ്പെടുവിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് പ്രതികളുടെ മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ കോടതി തീരുമാനിച്ചിരിക്കുന്നു. ആറ്റിങ്ങല്‍ ഇരട്ടകൊലക്കേസ് പ്രതി നിനോ മാത്യുവിന്റെയും ജിഷകൊലക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെയും മെറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്താനാണ് കോടതി ഉത്തരവിട്ടത്. പ്രതികളുടെ സാമൂഹ്യ മാനസിക പശ്ചാത്തലങ്ങള്‍ ഏതെങ്കിലും തരത്തില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ഇതിനായി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ പ്രൊജക്ട് 39 ലെ രണ്ട് വിദഗ്ധരെ ചുമതലപ്പെടുത്തുകയും ചെയ്തു.

എന്താണ് മെറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍?

വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് മെറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ നടക്കാറുള്ളത്. പ്രതികളുടെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലവും മാനസിക നിലയും കുട്ടിക്കാലത്ത് നേരിട്ടിട്ടുള്ള പീഡനവും എല്ലാം മെറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്റെ പരിധിയില്‍ വരും. ഇത്തരം പശ്ചാത്തലങ്ങള്‍ ഏതെങ്കിലും തരത്തില്‍ കുറ്റകൃത്യം നടത്താന്‍ പ്രതികളെ പ്രേരിപ്പിച്ചിട്ടുണ്ടോ എന്നതാണ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടത്. അതോടൊപ്പം ജയിലില്‍ അകപ്പെട്ടതിന് ശേഷമുള്ള പ്രതികളുടെ സ്വഭാവത്തിലെ മാറ്റങ്ങളും മാനസിക നിലയും പരിശോധിക്കപ്പെടും.

തങ്ങള്‍ കുറ്റം ചെയ്തിട്ടില്ല എന്നും വധശിക്ഷ വിധിച്ച സെഷന്‍സ് കോടതിക്ക് തെറ്റ് പറ്റി എന്നും ചൂണ്ടിക്കാണിച്ച് പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചതിന് ശേഷമായിരിക്കും മെറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് കേരള ഹൈക്കോടതി പരിഗണിക്കുക. അപ്പീല്‍ പരിഗണിക്കുമ്പോള്‍ അന്വേഷണ വിവരങ്ങള്‍ സ്വാധീനിക്കാതിരിക്കാനാണ് ഇത് പിന്നീട് പരിശോധിക്കുന്നത്. അപ്പീലില്‍ കീഴ്‌ക്കോടതി തീരുമാനത്തിനെതിരായ നിരീക്ഷണങ്ങളാണ് ഹൈക്കോടതിക്കുള്ളതെങ്കില്‍ മെറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമായാരിക്കും വധശിക്ഷയില്‍ പുനരാലോചന വേണമോ എന്നുള്ള കാര്യം തീരുമാനിക്കുക. ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ് സി. ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് മെറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്താനുള്ള ചരിത്രപരമായ തീരുമാനം.


തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്കും രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന കുറ്റത്തിനും മാത്രം വധശിക്ഷനല്‍കിയാല്‍ മതിയെന്ന ദേശീയ നിയമ കമീഷന്റെ ശിപാര്‍ശയില്‍ കേന്ദ്രം തീരുമാനമെടുത്തിരുന്നില്ല. വധശിക്ഷ മനുഷ്യാവകാശ ലംഘനമാണെന്ന വാദത്തില്‍ ഒരുകൂട്ടര്‍ ഉറച്ചു നില്‍ക്കുമ്പോള്‍ മുകളില്‍ പറഞ്ഞ രണ്ട് കേസുകളിലും കേരള ഹൈക്കോടതി കൈക്കൊള്ളാന്‍ പോകുന്ന തീരുമാനം ചരിത്രപരമായിരിക്കും.


Similar Posts