സ്വതന്ത്ര ഇന്ത്യയിലെ കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാരും നെഹ്റു കുടുംബവും
|രണ്ടര പതിറ്റാണ്ടിനു ശേഷം നെഹ്റു കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയാണ്. നെഹ്റു കുടുംബം മത്സരിക്കുന്നില്ല എന്ന് തീര്ത്തുപറഞ്ഞതിനെ തുടര്‍ന്നാണ് അതും സംഭവിക്കുന്നത്. 1947 നുശേഷം ആരെല്ലാമാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് ഉണ്ടായിരുന്നത് എന്നും വിശിഷ്യാ, നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ആരൊക്കെയായിരുന്നു പ്രസിഡണ്ടുമാര്‍ എന്നും പരിശോധിക്കുന്നു.
കാല്‍നൂറ്റാണ്ടിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ആരുവരും എന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. മത്സരരംഗത്തുള്ളത് മല്ലികാര്‍ജുന ഖാര്‍ഗെയും ശശി തരൂരുമാണ്. രണ്ടുപേരും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍. ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നും, ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നും മുദ്രാവാക്യങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസില്‍ പുറമെ നിന്ന് ഒരാളെ കണ്ടെത്താനാണ് പോകുന്നത്. നെഹ്റു കുടുംബം മത്സരിക്കുന്നില്ല എന്ന് തീര്ത്തുപറഞ്ഞതിനെ തുടര്‍ന്നാണ് അതും സംഭവിക്കുന്നത്. 1947 നുശേഷം ആരെല്ലാമാണ് കാണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് ഉണ്ടായിരുന്നത് എന്നും വിശിഷ്യാ, നെഹ്റു കുടുംബത്തിനുപുറത്ത് നിന്ന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് ആരൊക്കെയായിരുന്നു എന്നും പരിശോധിക്കുന്നു.
ജെ. ബി കൃപലാനി (1947)
ഇന്ത്യ സ്വാതന്ത്യം നേടുന്ന സമയത്ത് ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജെ.ബി കൃപലാനിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.
പട്ടാഭി സീതാരാമയ്യ (1948-49)
ഒരുവര്‍ഷത്തിനുശേഷം 48-49 കാലത്ത് നെഹ്റുവിന്റെ പിന്തുണയോടെ പട്ടാഭി സീതാരാമയ്യ അധ്യക്ഷനായി. ഒരു വര്‍ഷം മാത്രമേ അദ്ദേഹം അധ്യക്ഷനായിരുന്നുള്ളൂ. 1952 ല്‍ രാജ്യസഭാംഗമായി. 1957 ല്‍ മധ്യപ്രദേശ് ഗവര്‍ണറാവുകയും ചെയ്തു.
പുരുഷോത്തം ദാസ് ടണ്ടന് (1950)
സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നത് 1950 ലാണ്. ആചാര്യ കൃപലാനിയെ പരാജയപ്പെടുത്തി പുരുഷോത്തം ദാസ് ടണ്ടന് അധ്യക്ഷനായി. ഉത്തര്‍പ്രദേശില്‍നിന്നുള്ള സ്വാതന്ത്ര്യ സമരസേനാനിയായ ഇദ്ദേഹം രാജര്‍ഷി എന്നാണ് അറിയപ്പെട്ടിരുന്നത്.
ഹിന്ദിയ്ക്ക് ഔദ്യോഗികഭാഷ പദവി ഉറപ്പാക്കുന്നതിന് പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു. നെഹ്റുവുമായുള്ള വിയോജിപ്പുമൂലം ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു (1951-1954)
1951-1954 വരെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു തന്നെയായിരുന്നു കോണ്‍ഗ്രസ്സ് അധ്യക്ഷന്‍.
യു.എന്‍ ധേബാര്‍ (1955-59)
1959 വരെ യു.എന്‍ ധേബാറായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. 1948 മുതല്‍ സൗരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു ധേബാര്‍. നെഹ്റു ആവശ്യപ്പെട്ടതുപ്രകാരം സൗരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചാണ് ഇദ്ദേഹം അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.
ഇന്ദിരാ ഗാന്ധി (1959-60)
നാലു വര്‍ഷത്തിനുശേഷം 1959 ല്‍ ഇന്ദിര ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി. കാമരാജിന്റെ പിന്തുണയോടെയാണ് ഇന്ദിര അധ്യക്ഷ സ്ഥാനത്തെത്തിയത്.
നീലം സഞ്ജീവ് റെഡ്ഢി (1960-63)
1960- 63 ല്‍ നീലം സഞ്ജീവ് റെഡ്ഢിയായിരുന്നു കോണ്‍ഗ്രസ്സ് അധ്യക്ഷന്‍. മൂന്നുവര്‍ഷം കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്ത് തുടര്‍ന്നു. 1977 ല്‍ ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് എത്തി. ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്നു. രണ്ട് തവണ ലോക്സഭാ സ്പീക്കര്‍ പദവിയിലിരുന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും (1964-67) ഇന്ദിരാ ഗാന്ധിയുടെയും (1964-67) മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയുമായിരുന്നു നീലം സഞ്ജീവ റെഡ്ഢി. കുറച്ചു കാലം സജീവ രാഷ്ട്രീയത്തില്‍നിന്ന് മാറി നിന്ന അദ്ദേഹം പിന്നീട് ഇന്ദിരാ സര്‍ക്കാറുമായുള്ള വിയോജിപ്പുമൂലം ജനതാ പാര്‍ട്ടിയിലെത്തി.
കെ. കാമരാജ് (1964-67)
നെഹ്റു കുടുംബത്തിന് പുറത്തുള്ള വ്യക്തി എന്ന നിലയില്‍ ഏറ്റവും ശ്രദ്ധേയനായ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു കെ. കാമരാജ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം. മുഖ്യമന്ത്രി പദമൊഴിഞ്ഞ് അധ്യക്ഷസ്ഥാനത്തെത്തുന്ന രണ്ടാമത്തെ നേതാവാണ് കാമരാജ്. ലാല്‍ ബഹദൂര്‍ ശാസ്ത്രിയെയും ഇന്ദിരാ ഗാന്ധിയെയും പ്രധാനമന്ത്രി പദത്തിലേക്കുയര്‍ത്തിയത് കാമരാജായിരുന്നു. അങ്ങനെയാണ് അദ്ധേഹം കോണ്‍ഗ്രസ് രാഷട്രീയത്തിലെ കിംഗ് മേക്കറാകുന്നത്. ഇന്തോ-ചൈനീസ് യുദ്ധ പരാജയം കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ച ഘട്ടത്തില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുമായാണ് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായി കാമരാജ് രംഗത്തുവരുന്നത്. ഒരാള്‍ക്ക് ഒരു പദവി എന്ന ആശയം കൊണ്ടുവന്നത് ഇദ്ദേഹമാണ്. അധികാര രാഷ്ട്രീയം ഉപേക്ഷിച്ച് പാര്‍ട്ടി പ്രവര്‍ത്തനം എന്ന നയം ഇദ്ദേഹം നടപ്പാക്കി. 1969 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസിനൊപ്പമായിരുന്നു കാമരാജ്.
എസ്. നിജലിംഗപ്പ (1968-1970)
1969 ല്‍ കോണ്‍ഗ്രസിലെ ആദ്യ പിളര്‍പ്പിനു മുന്‍പ് വരെ എസ്. നിജലിംഗപ്പ ആയിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. 1967-69 കാലത്ത് പാര്‍ട്ടി പിളര്‍ന്നു. ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്(ആര്) വിഭാഗവും, എസ്. നിജലിംഗപ്പയുടെയും മൊറാര്‍ജി ദേശായിയുടെയും നേതൃത്വത്തില്‍ സംഘടനാ കോണ്‍ഗ്രസും(ഒ)യും രൂപീകരിച്ചു.
ജഗ്ജീവന്റാം (1970-71)
ബിഹാറിലെ ദലിത് കുടുംബത്തില്‍നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ ആദ്യ വ്യക്തിയാണ് ജഗ്ജീവന്റാം. 1971 ലെ പൊതു തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്(ആര്) വീണ്ടും അഖിലേന്ത്യാ കോണ്‍ഗ്രസായപ്പോള്‍ ജഗ്ജീവന്റാം അധ്യക്ഷനായി. ഒരു വര്‍ഷം മാത്രമാണ് അദ്ധേഹം അധ്യക്ഷ പദവിയിലിരുന്നത്.
നെഹ്റു മന്ത്രിസഭയില്‍ വാര്‍ത്താവിതരണം, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതല ഇദ്ദേഹത്തിനായിരുന്നു. പിന്നീട് ഇന്ദിരാ മന്ത്രിസഭയിലും തൊഴില്‍, പുനരധിവാസം തുടങ്ങിയ വകുപ്പിന്റെ ചുമതല നിര്‍വഹിച്ചു. 75 ലെ അടിയന്തരാവസ്ഥയെ ആദ്യം പിന്തുണച്ചെങ്കിലും പിന്നീട് ഇന്ദിരാ മന്ത്രിസഭയില്‍നിന്ന് രാജിവെച്ച് ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നു. 1977-79 ല്‍ ജനതാപാര്‍ട്ടി സര്‍ക്കാറില്‍ പ്രതിരോധമന്ത്രിയായിരുന്നു ജഗ്ജീവന്റാം.
ശങ്കര്‍ ദയാല്‍ ശര്‍മ 1972- 74
1972 ല്‍ ശങ്കര്‍ ദയാല്‍ ശര്‍മയെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി സേവനമനുഷ്ടിച്ചിട്ടുണ്ട് ഇദ്ദേഹം. 1987 ല്‍ ഉപപ്രധാനമന്ത്രിയുമായി.
ദേവകാന്ത് ബറുവ (1974-1977)
അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നത് ദേവകാന്ത് ബറുവ എന്ന ഡി.കെ ബറുവയായിരുന്നു. അധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യത്തെയും, ഏക അസംകാരനുമാണ് ബറുവ. ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ കോണ്‍ഗ്രസ് അധ്യക്ഷനാണ് ഇദ്ദേഹം. അത്രമാത്രം നെഹ്റു കുടുംബത്തെ പിന്തുണച്ചിരുന്നു ബറുവ. എന്നിരുന്നാലും ഇദ്ദേഹം ഇന്ദിരയുമായി പിരിഞ്ഞു. 1977 ലെ പിളര്‍പ്പില്‍ ഡി. ദേവരാജ് അരശിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ അരശ് കോണ്‍ഗ്രസ് എന്നറിയപ്പെട്ടിരുന്ന (കോണ്‍ഗ്രസ് യു.ആര്.എസ്)ല്‍ ചേര്‍ന്നു. ഇന്ദിരയുടെ മകന് സഞ്ജയ് ഗാന്ധിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതാണ് പിളര്‍പ്പിന് കാരണമായി അരശ് കോണ്‍ഗ്രസ് പറഞ്ഞത്. കേരളം, കര്‍ണാടക മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍നിന്നുള്ള നിരവധി നിയമസഭാംഗങ്ങള്‍ അരശിനോടൊപ്പം ചേര്‍ന്നു. കെ ബ്രഹ്മാനന്ദ റെഡ്ഢി, പ്രിയരഞ്ജന്‍ദാസ് മുന്‍ഷി, ശരത് പവാര്‍, കേരളത്തില്‍നിന്ന് എ.കെ ആന്റണി, പി. ഉണ്ണികൃഷ്ണന് തുടങ്ങിയ നേതാക്കളെല്ലാം അരശിനൊപ്പം നിന്നു. ഇന്ദിരയുടെ നേതൃത്വത്തിലുള്ള വിഭാഗം കോണ്‍ഗ്രസ്(ഐ) ആയി തുടര്‍ന്നു.
കെ. ബ്രഹ്മാനന്ദ റെഡ്ഢി (1977-78)
ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസിന് രണ്ട് അധ്യക്ഷന്മാരായിരുന്നു എന്ന് പറയേണ്ടിവരും. 1978 ജനുവരി 1, 2 തിയതികളില്‍ ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനില്‍ ഇന്ദിരാഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തു. എന്നാല്‍, അരശ് കോണ്‍ഗ്രസ് വിഭാഗത്തിന്റെ അധ്യക്ഷനായി ബ്രഹ്മാനന്ദറെഡ്ഢിയുടെ കാലാവധി 77 ഡിസംബറില്‍ അവസാനിച്ചെങ്കിലും പ്രസിഡണ്ടായി തുടരുമെന്ന് അവകാശവാദം ഉന്നയിച്ചു. കൂടാതെ പശുവും കിടാവും ചിഹ്നം തന്റെ വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന വാദവും തെരഞ്ഞെടുപ്പ് കമീഷന്റെ മുന്നില്‍വച്ചു. ആ കാലഘട്ടത്തില്‍ ഐ വിഭാഗത്തിന്റെ അധ്യക്ഷയായി ഇന്ദിരാ ഗാന്ധിയും അരശ് വിഭാഗം കോണ്‍ഗ്രസ് അധ്യക്ഷനായി ബ്രഹ്മാനന്ദ റെഡ്ഢിയും കോണ്‍ഗ്രസിനെ നയിച്ചു.
1979 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐ വന്‍ഭൂരിപക്ഷം നേടിയതോടെ കോണ്‍ഗ്രസ് അധ്യക്ഷയായും പ്രധാനമന്ത്രിയായും ഇന്ദിരാ ഗാന്ധി തുടര്‍ന്നു. 1984 ഒക്ടോബര്‍ 31 ന് കൊല്ലപ്പെടുന്നതുവരെ ഇന്ദിരാഗാന്ധി പാര്‍ട്ടിയെ നയിച്ചു. മരണശേഷം രാജീവ് ഗാന്ധി അധ്യക്ഷനായി; 1984 മുതല്‍ 1991 വരെ.
പി.വി നരസിംഹ റാവു (1992-96)
ഇന്ത്യയുടെ ഒന്‍പതാമത്തെ പ്രധാനമന്ത്രിയായ നരസിംഹ റാവുതന്നെ ആയിരുന്നു 92 മുതല്‍ 96 വരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിരുന്നത്. 71-73 കാലഘട്ടത്തില്‍ ആന്ധ്രാ മുഖ്യമന്ത്രിയായും, 73 ല്‍ എ.ഐ.സി.സിയുടെ ജനറല്‍ സെക്രട്ടറിയായും ദീര്‍ഘകാല പ്രവൃത്തി പരിചയമുള്ള തന്ത്രശാലിയായ നേതാവായിരുന്നു പി.വി നരസിംഹറാവു. അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നടന്ന ബാബ്റി മസ്ജിദിന്റെ തകര്‍ച്ച കോണ്‍ഗ്രസിന്റെ മതേതര മുഖത്തിനേറ്റ കനത്ത പ്രഹരമായി വിലയിരുത്തപ്പെട്ടു. തുടര്‍ന്ന് നടന്ന 98 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയ പരാജയം അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനും കാരണമായി.
സീതാറാം കേസരി (1996-98)
നരസിംഹ റാവുവിന് പിന്നാലെ സീതാറാം കേസരിയാണ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. അധികാരം നഷ്ടമായതോടെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ കാലത്താണ് സീതാറാം കേസരി അധ്യക്ഷനാകുന്നത്. വേണ്ടത്ര ജനപിന്തുണ ഇദ്ദേഹത്തിനുണ്ടാകാതിരുന്നതും പാര്‍ട്ടിക്ക് ക്ഷീണമായി. ഇക്കാലയളവില്‍ അദ്ദേഹം സ്വീകരിച്ച നിലപാടില്‍ ഏറ്റവും വിവാദമായത് എച്ച്.ഡി ദേവഗൗഡ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതാണ്.
സോണിയ ഗാന്ധി (1998-2017)
രാജീവ് ഗാന്ധിയുടെ മരണത്തെതുടര്‍ന്ന് 1991 ല്‍ സജീവ രാഷ്ട്രീയ പ്രവേശം നിരസിച്ച സോണിയ 1998 ലെ തെരഞ്ഞെടുപ്പിന് ചുക്കാന്‍പിടിച്ചു. സീതാറാം കേസരിയെ മാറ്റി സോണിയ അധ്യക്ഷയായി. തുടര്‍ന്ന് 1998 മുതല്‍ 2017 വരെ സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നു.
രാഹുല്‍ ഗാന്ധി (2017-2019)
സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നിന്നതിനെ തുടര്‍ന്നാണ് മകന് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ പദവിയിലേക്കെത്തുന്നത്. 2019 ലെ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞു. 2019 ല്‍ സോണിയ ഗാന്ധി വീണ്ടും ചുമതലയേറ്റു.
സ്വാതന്ത്രാനന്തര ഇന്ത്യയിലെ, 75 വര്‍ഷത്തെ കോണ്‍ഗ്രസ് ചരിത്രത്തില്‍ 33 വര്‍ഷത്തോളം നെഹ്റു കുടുംബാംഗങ്ങള്‍ തന്നൈയാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവി അലങ്കരിച്ചിട്ടുള്ളത്. അതില്‍നിന്നൊരു മാറ്റം തേടുകയാണ് 2022 ലെ തെരഞ്ഞെടുപ്പ്.