Life Story
അത്ര മനോഹരമായൊരു പുഞ്ചിരി പിന്നീടെനിക്കാരും സമ്മാനിച്ചിട്ടില്ല
Life Story

അത്ര മനോഹരമായൊരു പുഞ്ചിരി പിന്നീടെനിക്കാരും സമ്മാനിച്ചിട്ടില്ല

രമ്യ മഠത്തില്‍ത്തൊടി
|
22 Jun 2024 5:55 AM GMT

അയാള്‍ നടന്നകലുന്നതു നോക്കി അച്ഛന്‍ പറഞ്ഞു ''അയാളുടെ മുഖം കണ്ടാലറിയാം ദിവസങ്ങളായി ആഹാരം കഴിച്ചിട്ട്, അവനത് കഴിക്കട്ടെ. വിശപ്പിന്റെ വേദന, അത് വല്ലാത്തൊരു വേദനയാണ് ''. | ഓര്‍മ

വര്‍ഷങ്ങള്‍ക്കിപ്പുറവും വിശപ്പെരിയുന്ന വരണ്ടുപോയ ആ രണ്ടുകണ്ണുകളും, രക്തപ്രസാദം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ മുഖവും എന്നെ ഇപ്പോഴും പിന്തുടരുന്നുണ്ട്.

ആ യുവാവിന്റെ പേരെന്താണെന്നോ, നാടേതാണെന്നോ, ഭാഷയേതാണെന്നോ എനിക്കറിയില്ല. അദ്ദേഹത്തോടൊരു വാക്കുപോലും ഞാന്‍ സംസാരിച്ചിട്ടില്ല. അദ്ദേഹം തിരിച്ചും. ഞങ്ങള്‍ തമ്മില്‍ രണ്ടു നിമിഷത്തിലധികം പരസ്പരം നോക്കിയിട്ടുമില്ല. എങ്കിലും കണ്ടമാത്രയില്‍ത്തന്നെ എത്രയോ ദിവസത്തെ വിശപ്പ് കടിച്ചിറക്കിയതിന്റെ ദൈന്യം അയാളുടെ കണ്ണുകളിലും ശരീരത്തിലുമുണ്ടായിരുന്നു. ആ കണ്ണുകളാണ് വര്‍ഷങ്ങള്‍ക്കിപ്പുറവുമെന്നെ പിന്തുടരുന്നതും, വേദനിപ്പിക്കുന്നതും.

പത്തുപന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സംഭവം. അന്നൊക്കെ ഞാന്‍ പി.എസ്.സി പരീക്ഷയെഴുതാന്‍ പോകുന്നത് ഒരാഘോഷമാക്കി കൊണ്ടുനടന്ന കാലമാണ്. അല്‍പം ടെന്‍ഷന്‍ അധികം സമ്മാനിക്കുന്ന ദിവസങ്ങളാണെങ്കിലും കഠിനമായ പി.എസ്.സി പഠിത്തത്തിന്റെ മുഷിപ്പില്‍ നിന്നെനിക്ക് മോചനം നല്‍കിയ ദിനങ്ങളായിരുന്നു പരീക്ഷ എഴുതാന്‍ പോകുന്ന ഓരോ യാത്രകളും.

അങ്ങനെ പി.എസ്.സി പഠിത്തം തകൃതിയായി നടക്കുന്ന ഒരു മാര്‍ച്ച് മാസത്തിലാണ് റെയില്‍വേ ബോര്‍ഡ് പരീക്ഷയ്ക്കുള്ള ഒരു പോസ്റ്റ് കാര്‍ഡ് എന്നെ തേടിയെത്തുന്നത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഒരു സ്‌കൂളാണ് പരീക്ഷാകേന്ദ്രം. തൊട്ടടുത്ത ഞായറാഴ്ചയാണ് പരീക്ഷ. ശനിയാഴ്ചതന്നെ യാത്രപുറപ്പെടണം എന്നാല്‍ മാത്രമേ ഞായറാഴ്ച കൃത്യസമയത്ത് പരീക്ഷാകേന്ദ്രത്തിലെത്താന്‍ കഴിയുകയുള്ളു.

അങ്ങനെ ശനിയാഴ്ച ഞാനും അച്ഛനും തിരുച്ചിറപ്പള്ളിയിലേക്ക് ട്രെയിന്‍ കയറി. മുല്ലപ്പൂക്കളുടെ ഗന്ധവും, കുപ്പിവളകളുടെ താളവുമായൊഴുകിയെത്തുന്ന തമിഴത്തിക്കാറ്റിന്റെ സ്വകാര്യങ്ങളില്‍ മുഴുകിയുള്ള തമിഴ്‌നാട്ടിലേക്കുള്ള ആ യാത്ര പിന്നീട് എനിക്കേറ്റവും പ്രിയപ്പെട്ടതായി മാറി. കാഴ്ചകള്‍കണ്ടും, ഇടയ്ക്കുവായിച്ചും, പഠിച്ചും, പാട്ടുകേട്ടും വെറുതെയിരുന്നുമൊക്കെ ഞാന്‍ ആ യാത്രയെ ശരിക്കുമൊരു വിനോദയാത്രയാക്കി മാറ്റി. ഏകദേശം രാത്രി പന്ത്രണ്ടുമണിയോടെ ഞാനും അച്ഛനും തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി. പ്ലാറ്റ്‌ഫോമില്‍ ഒന്നോ രണ്ടോ പേരൊഴിച്ച് ആരുമുണ്ടായിരുന്നില്ല.

വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍ രാവിലെ ഭക്ഷണം കഴിച്ചതാണ്. ട്രെയിനില്‍ നിന്നും ആഹാരമൊന്നും കഴിക്കാത്തതുകൊണ്ട് വിശപ്പിന്റെ കൈകകള്‍ ഞങ്ങളെ ഞെരിച്ചമര്‍ത്തികൊണ്ടിരുന്നു. ഭക്ഷണം കഴിച്ച് റെയില്‍വേ സ്റ്റേഷനു പുറത്തിറങ്ങാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അടുത്തുള്ള വാഷ്‌ബേസിനില്‍നിന്ന് കൈകഴുകി ഞങ്ങള്‍ പ്ലാറ്റുഫോമിലെ ഇരിപ്പിടത്തിലിരുന്നു. അമ്മ തന്നയച്ച രണ്ടു പൊതിച്ചോറും പതിയെ തുറന്നു. വെള്ളം കുടിച്ച് ദാഹമകറ്റി കൊതിയോടെ ചോറിലേക്ക് കൈയാഴ്ത്തി.


പെട്ടന്നൊരാള്‍ ഞങ്ങളുടെ മുമ്പിലേയ്ക്ക് ചാടിവീണു. അച്ഛനും ഞാനും ചാടിയെണീറ്റു പുറകോട്ടു നീങ്ങി. നേര്‍ത്ത വെളിച്ചത്തിലൂടെ ഞാനയാളെ നോക്കി. എപ്പോള്‍ വേണമെങ്കിലും വീണുപോയേക്കാവുന്ന മെലിഞ്ഞുണങ്ങിയ, മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ഒരു യുവാവ്. വിശപ്പിന്റെ കനലെരിയുന്ന അദ്ദേഹത്തിന്റെ കണ്ണുകള്‍ ആ നേര്‍ത്ത വെളിച്ചത്തില്‍ തിളങ്ങി. തളര്‍ച്ച തളംകെട്ടിനില്‍ക്കുന്ന മുഖമുയര്‍ത്തി അച്ഛന്റെ മുന്നിലേ പൊതിച്ചോറിനു നേരെ അയാള്‍ കൈചൂണ്ടി. അച്ഛനതയാള്‍ക്കുനേരെ നീട്ടി. പൊതിച്ചോറുമായി നടന്നകലവേ ഞാനയാളെ പുറകില്‍ നിന്നും വിളിച്ചു. എന്റെ കൈയിലെ പൊതിച്ചോറും ഞാനയാള്‍ക്കുകൊടുത്തു. അയാള്‍ സ്‌നേഹത്തോടെ എന്നെനോക്കി പുഞ്ചിരിച്ചു. അത്ര മനോഹരമായൊരു പുഞ്ചിരി പിന്നീടെനിക്കാരും സമ്മാനിച്ചിട്ടില്ല.

അയാള്‍ നടന്നകലുന്നതു നോക്കി അച്ഛന്‍ പറഞ്ഞു ''അയാളുടെ മുഖം കണ്ടാലറിയാം ദിവസങ്ങളായി ആഹാരം കഴിച്ചിട്ട്, അവനത് കഴിക്കട്ടെ. വിശപ്പിന്റെ വേദന അത് വല്ലാത്തൊരു വേദനയാണ് ''.

അയാള്‍ ഇരുട്ടിലൂടെ ദൂരേയ്ക്ക് നടന്നകലുന്നത് ഞാന്‍ നോക്കിയിരുന്നു. ഉള്ളിലൊരു പെരുമഴ പെയ്യുകയാണ്. ഹൃദയം നിറഞ്ഞത് കണ്ണിലേയ്ക്കു കിനിഞ്ഞു. നിറഞ്ഞ കണ്ണുകള്‍ അച്ഛന്‍ കാണാതെ തുടക്കുവാന്‍ ഞാന്‍ പാടുപെട്ടു. അയാളുടെ കൊടിയവിശപ്പിനും, ദൈന്യതയ്ക്കും മുകളില്‍ എന്റെ വിശപ്പലിഞ്ഞലിഞ്ഞില്ലാതായി.


Similar Posts