സിനിമാനയം അനിവാര്യമെന്ന് ഐ.എഫ്.എഫ്.കെ ഓപ്പണ്‍ ഫോറം
|സിനിമാ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരം നേടിയ സിക്കിമിന്റെ സിനിമാ നയത്തെ കേരളത്തിനും മാതൃകയാക്കാവുന്നതാണെന്ന് ഫിപ്രസി ജനറല്‍ സെക്രട്ടറി പ്രേമേന്ദ്ര മജുംദാര്‍ .
സിനിമാ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ അവകാശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള സിനിമാനയം അനിവാര്യമെന്ന് ഓപ്പണ്‍ ഫോറം. മറ്റു സംസ്ഥാനങ്ങളിലെ മികച്ച നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടാവണം സംസ്ഥാനത്ത് സിനിമാനയം രൂപീകരിരിക്കേണ്ടതെന്ന് നിര്‍മാതാവ് സുരേഷ്കുമാര്‍ പറഞ്ഞു. ജെന്‍ഡറിനും പ്രേക്ഷകര്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്നും മിക്ക സംസ്ഥാനങ്ങളിലേയും സിനിമാ നയത്തെ ടൂറിസം നയവുമായി ബന്ധപ്പെടുത്താറുണ്ടന്നും സജിത മടത്തില്‍ പറഞ്ഞു. പക്ഷേ, ഇത് സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കാതെ കലയുടെ പരിപോഷണത്തിന് ഉതകുന്നതായിരിക്കണമെന്നും അവര്‍ പറഞ്ഞു.
സിനിമാ നയ രൂപീകരണത്തോടൊപ്പം അതിന്റെ നടപ്പാക്കലിലും പൂര്‍ണശ്രദ്ധയും സുതാര്യതയും വേണമെന്ന് സംവിധായിക മിനി ഐ.ജി പറഞ്ഞു. ട്രേയ്ഡ് യൂണിയന് സംസ്കാരം മേഖലയില്‍ കടന്നുവരേണ്ടതുണ്ടെന്നും സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം തുടങ്ങിയ എല്ലാവരേയും കൂടുതലായി പരിഗണിക്കണമെന്നും അവര്‍ പറഞ്ഞു.
സിനിമാ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരം നേടിയ സിക്കിമിന്റെ സിനിമാ നയത്തെ കേരളത്തിനും മാതൃകയാക്കാവുന്നതാണെന്ന് ഫിപ്രസി ജനറല്‍ സെക്രട്ടറി പ്രേമേന്ദ്ര മജുംദാര്‍ പറഞ്ഞു. ചലച്ചിത്ര സംഘടനകള്‍, അക്കാഡമി, കെ.എസ്.എഫ.ഡി.സി തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ചാവണം സിനിമ നയം രൂപീകരിക്കേണ്ടതെന്ന് ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് പറഞ്ഞു. സംവിധായകന് മണിലാല്‍, വി.കെ ജോസഫ് എന്നിവര്‍ പങ്കെടുത്തു.