IFFK: പറഞ്ഞുതീരാത്ത സിനിമാ വര്‍ത്തമാനങ്ങള്‍
|കാഴ്ചയുടെ, ആസ്വാദനത്തിന്റെ, അറിവിന്റെ, സൗഹൃദങ്ങളുടെ പുതിയ ലോകമാണ് ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം സമ്മാനിച്ചത്. മാധ്യമ വിദ്യാര്‍ഥികളായ ബശരിയ തസ്‌നീം, മുഹമ്മദ് ജുനൈദ്, അബൂ ഇലന്‍ അനുഭവം കുറിക്കുന്നു.
നന്ദി ഐ.എഫ്.എഫ്.കെ; പുതിയ കാഴ്ചപ്പാടുകള്‍ സമ്മാനിച്ചതിന് - ബശരിയ തസ്‌നീം
രണ്ട് വര്‍ഷങ്ങള്‍ക്കേറെയായി ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കണം എന്ന ആഗ്രഹം കയറികൂടിയിട്ട്. ഈ വര്‍ഷമാണ് അവസരം ഒത്തു വന്നത്. സിനിമാ ലോകം പരിചയപ്പെടണം, സിനിമയെ മനസ്സിലാക്കണം എന്ന ചിന്തയോടെയാണ് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. എന്നാല്‍, സിനിമക്കുമപ്പുറം വേറിട്ടൊരു അനുഭവമാണ് ഐ.എഫ്.എഫ്.കെ സമ്മാനിച്ചത്. ജീവിതത്തില്‍ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു ലോകമാണ് 'നിശാഗന്ധിയും', 'ടാഗോറുമെല്ലാം' തുറന്നുവെച്ചത്. വൈവിധ്യങ്ങളുടെ ലോകം, പലതരം മനുഷ്യരിലൂടെ പലതരം സംസ്‌കാരങ്ങളെ നോക്കിക്കണ്ടു. ഐ.എഫ്.എഫ്.കെയുടെ കുടക്കീഴില്‍ ഒരാഴ്ചയോളം വ്യത്യസ്തരായ ജനങ്ങള്‍ ഒഴുകിയെത്തി. പല നാട്ടുകാര്‍, പല ഭാഷക്കാര്‍, പല സംസ്‌കാരത്തില്‍പെട്ടവര്‍, പല പ്രായക്കാര്‍, പല വസ്ത്രധാരികള്‍, പല സ്വഭാവക്കാര്‍ അങ്ങനെ വൈവിധ്യങ്ങളുടെ കലവറയായിരുന്നു അത്.
ഇതിനിടയില്‍ സ്വന്തം സ്വത്വം മനസ്സിലാക്കാനും, അതിനെ ബഹുമാനിക്കാനും, സ്‌നേഹിക്കാനും ഐ.എഫ്.എഫ്.കെ പഠിപ്പിച്ചു. സന്തോഷങ്ങളും, ആനന്ദങ്ങളും മാത്രമല്ല, ദുഃഖങ്ങളും, പ്രതിസന്ധികളും നല്‍കി എന്നെ ശക്തിപ്പെടുത്തുവാനും ഐ.എഫ്.എഫ്.കെ മറന്നില്ല. പോയതില്‍ നിന്ന് ഒരുപാട് മാറ്റങ്ങള്‍ കൊണ്ടാണ് തിരികെ വണ്ടി കയറിയത്.
മാത്രമല്ല, ഐ.എഫ്.എഫ്.കെ എന്റെ മുന്നില്‍ തുറന്നിട്ട സിനമാ ലോകം ചെറുതൊന്നുമല്ല. പതിനാല് തിയറ്ററുകളിലായി 190 ഓളം വ്യത്യസ്ത സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. കൂടാതെ, ഓപ്പണ്‍ ഫോറങ്ങളും, മീറ്റ് ദി ഡയറക്ടേഴ്‌സും, കലാ പരിപാടികളും. പ്രതിഷേധങ്ങള്‍ക്കും വേദിയായി ഐ.എഫ്.എഫ്.കെ. സിനിമ ഇരുന്നു കാണാന്‍ മടിയുള്ള ഞാന്‍ ഓടി നടന്ന് സിനിമ കാണുകയായിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ട സിനിമകളും, തീരെ ഇഷ്ടപ്പെടാത്ത സിനിമകളും കാണുകയുണ്ടായി. ഇതിലൂടെ ലോകത്തിലെ സിനിമകളുടെ വൈവിധ്യങ്ങള്‍ മനസ്സിലാക്കാനും, അവ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയങ്ങള്‍ അറിയാനും സാധിച്ചു. സിനിമകള്‍ 'കാണണം' എന്ന ഒരു കൊളുത്ത് ഐ.എഫ്.എഫ്.കെ മനസ്സിലിട്ടു തന്നിട്ടുണ്ട്. സിനിമക്ക് പുറമേ കൊട്ടും, പാട്ടും, പ്രതിഷേധങ്ങളും തുടങ്ങി വിവിധങ്ങളായ ഒഴുക്കിലൂടെ യുവതയും, മുതിര്‍ന്നവരുമെല്ലാം ഒരേപോലെ നീങ്ങുന്നത് കാണുവാന്‍ സാധിച്ചു. പലതും അറിയുവാനും, മനസ്സിലാക്കാനും, ചിന്തിക്കാനും (മാറി ചിന്തിക്കാനും), പഠിക്കാനും സാധിച്ചു. പുതിയ കാഴ്ചപ്പാടുകള്‍ ഉടലെടുക്കാനും സഹായിച്ചു. നന്ദി ഐ.എഫ്.എഫ്.കെ.
മനം നിറച്ച ഐ.ഫ്.ഫ്.കെ - മുഹമ്മദ് ജുനൈദ്
IFFK International Film Festival of Kerala - ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടാണ്. പലതവണ ഐ.എഫ്.എഫ്.കെയെ കുറിച്ച് കേട്ടിട്ടുണ്ട്. അന്നൊക്കെ പങ്കെടുക്കണം എന്ന് വിചാരിക്കുമെങ്കിലും സാഹചര്യങ്ങളും മറ്റും അതിന് ഒത്തുവന്നില്ല. പഠനാവശ്യാര്‍ഥമാണ് ഇത്തവണ പങ്കെടുക്കാന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ എല്ലാത്തവണത്തെപ്പോലെ ഇതും അങ്ങ് കഴിഞ്ഞ് പോകുമായിരുന്നു.
2022 ഡിസംബര്‍ 9 മുതല്‍ 16 വരെ നീണ്ടു നിന്ന ഇരിപത്തിയേഴാമത് ചലചിത്രമേള ഭാഷാ, വസ്ത്രം, ഭക്ഷണം തുടങ്ങി വൈവിധ്യങ്ങളുടെ ആഘോഷമായിരുന്നു. 14 സ്‌ക്രീനുകളിലായി എട്ട് ദിവസം കൊണ്ട് പ്രദര്‍ശിപ്പിച്ചത് നൂറ്റിയെണ്‍പതിലധികം സിനിമകളാണ്.
മലയാളം സിനിമ, ഫെസ്റ്റിവല്‍ കാലിഡോസ്‌കോപ്പ്, ഇന്ത്യന്‍ പ്രീമിയര്‍, വേള്‍ഡ് സിനിമ, മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങ്, ഇറ്റര്‍ണാഷനല്‍ കോമ്പറ്റീഷന്‍ ഇങ്ങനെ തുടങ്ങി വ്യത്യസ്ത വിഭാഗത്തില്‍ ഉള്‍പ്പെട്ട സിനിമകളാണ് പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്. ഈ പറഞ്ഞവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഏറെ ആകര്‍ഷിച്ച ഒന്നായിരുന്നു സൈലന്റ് ഫിലിംസ് വിത്ത് ലൈവ് മ്യൂസിക്. ജോണി ബെസ്റ്റ് എന്ന സൗത്ത്ബാങ്കിന്റെ ഹൗസ് പിയാനിസ്റ്റിന്റെ വിരല്‍തുമ്പില്‍ നിന്നും ഉതിര്‍ന്നു വീണ ശബ്ദം സൈലന്റ് ഫിലിമിന് പുതുജീവന്‍ പകര്‍ന്നു.
രാവിലെതന്നെ ഫോണ്‍ കെയിലെടുത്ത് എട്ട് മണിയാകുന്നതും കാത്തിരിക്കുന്ന സിനിമ പ്രേമികള്‍. കാണണം എന്ന് വിചാരിച്ച സിനിമകളുടെ ലിസ്റ്റും പിടിച്ച് കൂട്ടം കൂടിയിരിക്കുന്ന ഡെലിഗേറ്റുകള്‍. സെക്കന്റുകള്‍ക്കുള്ളില്‍ റിസര്‍വേഷന്‍ കഴിയും. അപ്പോള്‍ പല ആളുകളുടെ മുഖങ്ങളിലും നിരാശയുടെ ഭാവമാണ്. എന്നാല്‍, ചിലര്‍ക്ക് ഭാഗ്യം കൂടെപിറപ്പാണെന്ന് തോന്നിപ്പോകും. അവരുടെ മനസ്സെത്തുന്നിടത്ത് കൈയും എത്തുന്നുണ്ടായിരുന്നു. 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമക്ക് റിസര്‍വേഷന്‍ കിട്ടിയപ്പോള്‍ എനിക്കും തോന്നിയിരുന്നു അങ്ങിനെ. സിനിമകള്‍ കൊണ്ട് മാത്രമല്ല ഓപണ്‍ ഫോറങ്ങളും, മീറ്റ് ദി ഡയറെക്റ്ററും, രാത്രികളിലെ സ്റ്റേജ് പ്രോഗ്രമുകളും കൊണ്ട് ഐ.എഫ്.എഫ്.കെ മനംനിറച്ചു.
പല സ്ഥലങ്ങളില്‍ നിന്നും പ്രായബേധമില്ലാതെ വന്ന സിനിമ പ്രേമികള്‍ അനന്തപുരിയില്‍ രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ പാട്ട് പാടിയും വര്‍ത്തമാനം പറഞും കുടിയിരുന്നു. പലഭാഗങ്ങളില്‍ നിന്നും വന്ന അപരിചിതര്‍ ഐ.എഫ്.എഫ്.കെയില്‍നിന്ന് മടങ്ങിയത്, ഓര്‍ത്തിരിക്കാന്‍ ഒരുപിടി ഓര്‍മകളും ചേര്‍ത്ത് പിടിക്കാന്‍ കുറെ ബന്ധങ്ങളുമായിട്ടാണ്. അതുകൊണ്ട് തന്നെ ഓരോ സിനിമാപ്രേമിയും കാത്തിരിക്കുന്നത് അടുത്ത ഐ.എഫ്.എഫ്.കെക്ക് വേണ്ടിയായിരിക്കും.
സാംസ്‌കാരിക വകുപ്പ് മന്ത്രിയോടൊരു ഓര്‍മപ്പെടുത്തല്‍ - അബൂ ഇലന്‍
കൊല്ലവര്‍ഷം 2022 മാര്‍ച്ച് 25, തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 26-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളന വേദി. സമാപന സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുമിച്ചു കൂടിയ ആയിരക്കണക്കിന് സിനിമാ പ്രേമികളെ സന്തോഷ പുളകിതരാക്കാന്‍ ബോളിവുഡ് സിനിമ നടന്‍ നവാസുദ്ധീന്‍ സിദ്ധീഖി അടക്കം നിരവധി പ്രമുഖര്‍ വേദിയിലും സദസ്സിലുമായി അണിനിരന്നു.
അവര്‍ക്കിടയിലേക്ക് പ്രായം 90 കഴിഞ്ഞ കേരളത്തിന്റെ പ്രിയ ചെറുകഥാകൃത്ത് ടി. പത്മനാഭന്‍-പ്രിയപ്പെട്ട പപ്പേട്ടന്‍ സംസാരിക്കാനായി എഴുന്നേറ്റു. പൊതുവെ സിനിമാമേഖലയോട് പറയത്തക്ക ബന്ധമൊന്നും പുലര്‍ത്തിയിട്ടില്ലാത്ത പപ്പേട്ടന് സാഹിത്യ സദസ്സുകളില്‍ ലഭിക്കാറുണ്ടായിരുന്ന കൈയടിയോ സ്വീകരണമോ ഒന്നും തുടക്കത്തില്‍ കാണികളുടെ ഭാഗത്തുനിന്നും ലഭിച്ചില്ല. എന്നാല്‍, മലയാള സിനിമ മേഖലയുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന കളികളെയും അതിനു യഥേഷ്ടം റാന്‍ മൂളുന്ന സര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പല പരാമര്‍ശങ്ങളെയും സദസ്സ് നിറ കയ്യടികളോടെയാണ് സ്വീകരിച്ചത്.
സിനിമയുടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെയും ചൂഷണങ്ങളെയും പുറത്ത് കൊണ്ടുവരാനായി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ച സമിതി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാത്തതിനെ അദ്ദേഹം തന്റെ പ്രസംഗത്തില്‍ ആദ്യാവസാനം നിശിതമായി വിമര്‍ശിച്ചിരുന്നു. ഒരുപക്ഷെ, ഇതുപോലെയൊരു മുഖ്യധാരാവേദിയില്‍, മാധ്യമങ്ങളോ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളോ പോലും വേണ്ട പരിഗണന നല്‍കാതെ അവഗണിച്ചുകളഞ്ഞ ഒരു വിഷയത്തെ, ഭരണപക്ഷ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ തന്നെ ചര്‍ച്ച ചെയ്യുവാനും, അതിനെതിരെ ചോദ്യം ഉന്നയിക്കുവാനും ചങ്കൂറ്റം കാണിച്ച ആദ്യവ്യക്തി ടി. പത്മനാഭനായിരിക്കണം.
കേരള സര്‍ക്കാര്‍ രണ്ടുകോടിയിലധികം രൂപ ചിലവഴിച്ചു നിയോഗിച്ച ഹേമ കമീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാതെ രഹസ്യമായി സൂക്ഷിക്കുന്നതിനെ അന്നദ്ദേഹം നിഷിധമായി വിമര്‍ശിച്ചു.
ആയിരങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ച ആ പ്രസംഗത്തിന് മറുപടിയായി തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ നേരിടുന്നതിനായി സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന നിയമ നിര്‍മാണ പദ്ധതിയെ മാത്രം സൂചിപ്പിച്ചുകൊണ്ട് തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങാനായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിധി.
മന്ത്രി സൂചിപ്പിച്ചപോലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ നേരിടുന്നതിനായി സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന നിയമ നിര്‍മാണം പൂര്‍ത്തിയാക്കാനോ, ഹേമ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാനോ 27-മത് ചലച്ചിത്രമേള സമാപിച്ചപ്പോഴും സര്‍ക്കാരിന് ആയിട്ടില്ല. എന്നുമാത്രമല്ല, നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി തന്നെ വന്നൂ എന്നതും നമ്മുടെ കേരളത്തെ എവിടെയാണ് അടയാളപ്പെടുത്തുന്നത് എന്ന് നാം വിചാരണ ചെയ്യേണ്ടതുണ്ട്. വര്‍ഷാവര്‍ഷം ഇത്തരം മേളകള്‍ക്ക് നേതൃത്വം നല്‍കുന്നതോടൊപ്പം സാംസ്‌കാരികമായി കേരളം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ കണക്കെടുപ്പും നല്ലതാണ്.