വ്യവസായ മേഖലയില്‍ കേരളത്തിനുള്ളത് ഇന്ത്യക്കു മുന്‍പേ നടന്ന ചരിത്രം - മന്ത്രി പി. രാജീവ്
|പുതിയ ആശയം വരുന്ന സന്ദര്‍ഭത്തില്‍ തന്നെ അതിനെ വികസിപ്പിച്ച് ചിറകു നല്‍കി ഉല്‍പന്നമാക്കി മാറ്റുന്നതിനുള്ള എല്ലാ പിന്തുണയും നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് ഇന്ന് കേരളത്തിലുള്ളത്.
വ്യവസായ മേഖലകളില്‍ പല കാര്യങ്ങളിലും ഇന്ത്യക്ക് മുന്‍പേ നടന്നിട്ടുള്ള ചരിത്രമാണ് കേരളത്തിനുള്ളതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പുസ്തകോത്സവത്തോടനുബന്ധിച്ച് കെഎല്‍ഐബിഎഫ് ടോക്ക് സെഷനില്‍ 'വ്യവസായ കേരളവും സ്റ്റാര്‍ട്ടപ്പുകളും' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്‌സ് കമ്പനി 1973ല്‍ രൂപീകൃതമായ കെല്‍ട്രോണ്‍ ആണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആദ്യത്തെ കളര്‍ ടെലിവിഷന്‍ നിര്‍മിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് കെല്‍ട്രോണിനെയാണ് ചുമതലപ്പെടുത്തിയത്. ആദ്യത്തെ മെട്രോ കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ അതിന്റെ ടിക്കറ്റിംഗ് സംവിധാനം വികസിപ്പിച്ചത് കെല്‍ട്രോണാണ്. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്ക് നിലവില്‍ വന്നത് കേരളത്തിലാണ്; ഇപ്പോഴും ഏറ്റവും വിപുലമായ സംവിധാനമായി അത് തുടരുന്നു. അതേചരിത്രം തന്നെയാണ് സ്റ്റാര്‍ട്ടപ്പ് മേഖലയിലും കേരളത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു.
ലോകത്തിന്റെതന്നെ സവിശേഷ ശ്രദ്ധയാകര്‍ച്ചിട്ടുള്ള സംവിധാനങ്ങളിലൊന്നാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റമായി തുടര്‍ച്ചയായി മൂന്നാം തവണയും അവാര്‍ഡ് ലഭിച്ചത് സംസ്ഥാനത്തിനാണ്. ഏഷ്യയിലെ മികച്ച സ്റ്റാര്‍ട്ടപ്പ് സംവിധാനവുമായും കേരളം തിരഞ്ഞെടുക്കപ്പെട്ടു. സാധാരണ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും ഗവേഷണ കേന്ദ്രങ്ങളുമൊക്കെയായി ബന്ധപ്പെട്ടുകൊണ്ടാണ് ഇക്യുബേറ്റേറ്ററുകള്‍ സ്ഥാപിക്കാറുള്ളത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ടെക്‌നോപാര്‍ക്കില്‍ ഒരു ഇന്‍ക്യുബേഷന്‍ സംവിധാനം രണ്ടായിരത്തില്‍ രൂപീകരിക്കപ്പെടുന്നത്. അതാണ് പിന്നീട് സ്റ്റാര്‍ട്ടപ്പ് മിഷനായി വികസിതമായതെന്ന് മന്ത്രി പറഞ്ഞു. ഈ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്ന് ഐടി മേഖലയ്ക്കു പുറമെ പരമ്പരാഗത വ്യവസായം, എഞ്ചിനീയറിംഗ്, കൃഷി, ഭക്ഷ്യസംസ്‌കരണം തുടങ്ങി എല്ലാ മേഖലകളിലേയും സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങളെ ഉള്‍ക്കൊള്ളുന്ന ഒന്നായി മാറി. കളമശ്ശേരിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജിലും അതിനോടു ചേര്‍ന്നുള്ള മേക്കര്‍ വില്ലേജിലും ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ ആശയം വരുന്ന സന്ദര്‍ഭത്തില്‍ തന്നെ അതിനെ വികസിപ്പിച്ച് ചിറകു നല്‍കി ഉല്‍പന്നമാക്കി മാറ്റുന്നതിനുള്ള എല്ലാ പിന്തുണയും നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് ഇന്ന് കേരളത്തിലുള്ളത്. എല്ലാ സര്‍വകലാശാലകളിലും സ്റ്റാര്‍ട്ടപ്പ് മിഷന്റെയും കെഎസ്‌ഐഡിസിയുടെയും നേതൃത്വത്തില്‍ ഇന്‍ക്യുബേറ്ററുകള്‍ കൊണ്ടുവരാന്‍ സാധിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ച വലിയ നേട്ടങ്ങളിലൊന്നാണ്. നൂറുകണക്കിന് കോളേജുകളില്‍ സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങള്‍ കൊണ്ടുവരാനും കേരളത്തിന് കഴിഞ്ഞു. തൊഴിലന്വേഷകരെ തൊഴില്‍ സംരംഭകരായും തൊഴില്‍ ദാതാക്കളായും മാറ്റിയെടുക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞുവെന്നുള്ളത് ഏറെ അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
കോളേജുകളിലോ ഗവേഷണ സ്ഥാപനങ്ങളിലോ പുതിയൊരു സ്റ്റാര്‍ട്ടപ്പ് വികസിപ്പിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സ്റ്റാര്‍ട്ടപ്പ് മിഷനകത്ത് ലഭ്യമാണ്. പുതിയ ആശയങ്ങളുമായി വരുന്നവര്‍ക്ക് സ്ഥലസൗകര്യം സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കുന്നുണ്ട്. കൊച്ചി, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളില്‍ കെ.എസ്.ഐ.ഡി.സി. ഒരു ബിസിനസ് ഇന്‍ക്യുബേഷന്‍ സൗകര്യവും ഒരുക്കിക്കൊടുക്കുന്നുണ്ട്.
കോളേജുകള്‍ക്കകത്ത് സ്റ്റാര്‍ട്ടപ്പുകളും പുറത്ത് ബിസിനസ് ഇന്‍ക്യുബേഷന്‍ സംവിധാനങ്ങളും സര്‍വകലാശാലകളിലും കോളേജുകളിലും ഇന്‍ക്യുബേഷന്‍ സിസ്റ്റവും തുടങ്ങി വലിയ രീതിയിലുള്ള പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത്തരത്തിലുള്ള ആശയങ്ങള്‍ക്ക് കെ.എസ്.ഐ.ഡി.സി. 25 ലക്ഷം രൂപ വരെ സീഡ് മണി നല്‍കുന്നുണ്ട്. സ്റ്റാര്‍ട്ട്പ്പ് മിഷനും സാമ്പത്തിക പിന്തുണ നല്‍കുന്നു. സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങള്‍ വികസിച്ച് മുന്നോട്ട് പോകുകയാണെങ്കില്‍ സോഫ്റ്റ് ലോണുകള്‍ അവര്‍ക്കാവശ്യമുള്ള ഓഹരിയാക്കി മാറ്റുന്നതിനുള്ള സംവിധാനങ്ങളും സര്‍ക്കാര്‍ നല്‍കുന്നതുമാണ്.
ചില സ്റ്റാര്‍ട്ടപ്പുകള്‍ കേരളം വിട്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവര്‍ക്കാവശ്യമായ വൈദഗ്ധ്യമുള്ള ഹ്യൂമന്റിസോഴ്‌സ് ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണമായി അവരുമായി നടത്തിയ ആശയവിനിമയത്തില്‍ നിന്നും മനസിലായത്. ഇത് പരിഹരിക്കുന്നതിനുവേണ്ടി ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും അസാപ്പും അതിനാവശ്യമായ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ബ്ലോക്ക് ചെയിനില്‍ 20000ത്തോളം പേരെ പരിശീലിപ്പിക്കാന്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്ക് കഴിഞ്ഞുവെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. ഈ സൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
4700 സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോള്‍ കേരളത്തില്‍ വന്നുകഴിഞ്ഞു. 64 ഇന്‍ക്യുബേറ്ററുകളും 453 ഇന്നവേഷന്‍ കേന്ദ്രങ്ങളും 10 ലക്ഷം ചതുരശ്ര അടി തൊഴിലിടവും സ്റ്റാര്‍ട്ടപ്പുമായി ബന്ധപ്പെട്ട് വന്നുകഴിഞ്ഞു. കൊച്ചിയില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് സമുച്ചയം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞു. ഫാബ് ലാബുകള്‍ക്കാവശ്യവായ സാങ്കേതിക പിന്തുണ തുടങ്ങി നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ കൂടി ഉന്നത വിദ്യാഭ്യാസ രംഗത്തും വ്യവസായ രംഗത്തും വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ചെറുപ്പകാര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭങ്ങളാണ് കേരളത്തില്‍ ആവശ്യം. അതുകൊണ്ടുതന്നെ ഇലക്ട്രോണിക്‌സ്, ഐ.ടി., റോബോട്ടിക്‌സ്, എ.ഐ. തുടങ്ങി 22 പുതിയ വ്യവസായ മേഖലകള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ടുള്ള വികസനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഇതിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും തൊഴില്‍ തേടിപ്പോയവരെ തിരികെ കേരളത്തിലേക്ക് തിരികെ എത്തിക്കാനാകും - മന്ത്രി പറഞ്ഞു.