ഡല്‍ഹിയുടെ പ്രിയപ്പെട്ട ഇന്നസെന്റ്
|ഡല്‍ഹി കേരള ഹൗസില്‍ ബീഫ് വിളമ്പിയത് ഹിന്ദുസേന വിവാദമാക്കിയ കാലത്ത്, `കാലന്റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി ` എന്ന പുസ്തകത്തിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒറ്റവരിയില്‍ ഇന്നസെന്റ് കുറിച്ചിടുന്നത്.
പ്രധാനമന്ത്രിയുടെ റോഡ് നിര്‍മാണ പദ്ധതിയിലെ ചില മാനദണ്ഡങ്ങളില്‍ കുടുങ്ങി സംസ്ഥാനത്തെ പല വികസന പ്രവര്‍ത്തനങ്ങളും മുടങ്ങുന്നകാലം. ചാലക്കുടി മണ്ഡലത്തില്‍ പല പദ്ധതികളും ഒച്ചിനേക്കാള്‍ പതുക്കെയാണ് ഇഴയുന്നത്. ചുവപ്പ് നാട ഒഴിവാക്കാനായി മന്ത്രാലയത്തില്‍ എത്തിയപ്പോള്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് ഒരു തെക്കേ ഇന്ത്യന്‍ ലുക്ക്. `ഇങ്ങേര് ഏതാ സംസ്ഥാനം?' ശബ്ദം താഴ്ത്തി, സെക്രട്ടറി അരുണ്‍ ദേവിനോട് ഇന്നസെന്റ് ചോദിച്ചു. ആന്ധ്ര എന്ന് ഉത്തരം കിട്ടിയതും പിന്നീട് ഐ.എ.എസ്സുകാരനോട് സംസാരം മുഴുവന്‍ തെലുങ്ക് ഭാഷയിലാക്കി. മണ്ഡലത്തിലെ പ്രശ്‌നങ്ങളും റോഡിന്റെ ആവശ്യവും നര്‍മം ചാലിച്ചു പറഞ്ഞു. മാസങ്ങളായി കീറാമുട്ടിയായി നിന്ന പ്രശ്‌നനങ്ങള്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ എം.പി പരിഹരിച്ചു. മണ്ഡലത്തിലേക്ക് പണം ഒഴുകിയെത്തിയതിന്റെ പിന്നിലെ രഹസ്യം നയചാതുര്യമുള്ള സംഭാഷണം തന്നെയായിരുന്നു. വന്നു, കണ്ടു, കീഴടക്കി എന്ന് പറയുന്ന പോലെയാണ് കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ ഇന്നസെന്റ് നടത്തി എടുത്തിരുന്നത്. വെള്ളത്തിനും വൈദ്യുതിക്കുമായി അഞ്ചു കോടി രൂപയാണ് ആദിവാസി മേഖലയില്‍ മാത്രം അനുവദിപ്പിച്ചത്. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയോട് സംസാരിച്ചത് കന്നഡയിലായിരുന്നു. ചെയ്യാത്ത ബിസിനസ് ഒന്നുമില്ലെന്നും പലതും പൊളിഞ്ഞെന്നും പറഞ്ഞു. തോല്‍വി പോലും മാര്‍ക്കറ്റ് ചെയ്തു വിജയിച്ചു. സാധാരണ തീപ്പട്ടിയല്ലേ കത്തുന്നത്, കര്‍ണാടകത്തില്‍ തന്റെ തീപ്പട്ടി കമ്പനി തന്നെ കത്തിപ്പോയെന്നു പച്ചവെള്ളം പോലെ കന്നഡ തട്ടിവിടുന്ന മലയാളി എം.പിയെ കണ്ടു ഗൗഡ അമ്പരന്നു.
കാലന്‍ തിരക്കി വരുമ്പോള്‍ താന്‍ ഡല്‍ഹിക്ക് പോകുമെന്നും ഉത്തരേന്ത്യയില്‍ പോത്തുമായി വരാന്‍ കാലന് പേടിയാണെനും ഇന്നസെന്റ് പറയുമ്പോള്‍ ചിരിക്കേണ്ടവര്‍ക്ക് ചിരിക്കാം ചിന്തിക്കേണ്ടവര്‍ക്കു ചിന്തിക്കാം. ഡല്‍ഹി കേരള ഹൗസില്‍ ബീഫ് വിളമ്പിയത് ഹിന്ദുസേന വിവാദമാക്കിയകാലത്ത് `കാലന്റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി ` എന്ന പുസ്തകത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒറ്റവരിയില്‍ കുറിച്ചിടുന്നത്.
രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആരോപണ പെരുമഴയിലും പാര്‍ലമെന്റില്‍ സര്‍ക്കാരിനെ പ്രതിരോധിച്ച നാക്ക് പി.സി ചാക്കോയുടേതായിരുന്നു. ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഷാര്‍പ് ഷൂട്ടര്‍ എന്നറിയപ്പെട്ട ചാക്കോയെ തോല്‍പ്പിച്ച വ്യക്തി എന്നായിരുന്നു ഇന്നസെന്റിന്റെ ആദ്യ വിശേഷണം. സ്വര്‍ണ നിറത്തിലെ ജുബ്ബയും കണ്ണടയും കസവ് മുണ്ടും ഉടുത്ത് പാര്‍ലമെന്റില്‍ എത്തിയ ഇന്നസെന്റ് അതിവേഗമാണ് എം.പിമാര്‍ക്കിടയില്‍ പ്രിയങ്കരനായി മാറിയത്.
ആദ്യ പ്രസംഗത്തില്‍ തന്നെ ക്യാന്‍സര്‍ രോഗത്തെക്കുറിച്ചും മുന്‍കൂട്ടി തിരിച്ചറിഞ്ഞു ചികില്‍സിക്കേണ്ട ആവശ്യകതയെപ്പറ്റിയും സംസാരിച്ചു. മലയാളത്തിലെ ഈ പ്രസംഗത്തില്‍ അര്‍ബുദത്തെ തോല്‍പ്പിച്ചു വന്നവനാണ് അഭിമാനത്തോടെ പറഞ്ഞപ്പോള്‍ നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായി നിറഞ്ഞു നിന്നു. പ്രസംഗത്തെ അഭിനന്ദിക്കാനായി ഇന്നസെന്റിന്റെ സീറ്റിലേക്ക് ആദ്യം എത്തിയത് സോണിയ ഗാന്ധി ആയിരുന്നു. പിന്നീട് ആ ബന്ധം ചെറുതമാശകളിലൂടെ ഉറപ്പിച്ചു നിര്‍ത്തി. ആളുകളെ തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്താനായി അദ്ദേഹം കണ്ടെത്തിയ ഏറ്റവും നല്ല മാധ്യമം നര്‍മമായിരുന്നു. ഉള്ളുലയ്ക്കുന്ന അനുഭവങ്ങള്‍ പോലും ചെറു ചിരിയോടെ പറഞ്ഞു വെക്കും. ചിരിച്ചു ചിരിച്ചു ഒടുവില്‍ ചിന്തിപ്പിക്കും. പ്രയാസം നിറഞ്ഞ കാലം കടന്നുപോകുമെന്നും വെല്ലുവിളികള്‍ക്കു മുന്നില്‍, ഇതിലും വലുത് ചാടിക്കടന്നവനാണ് ഈ കെ.കെ ജോസഫ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ നില്‍പ്പ്. `ക്യാന്‍സര്‍ വാര്‍ഡിലെ ചിരി` എന്ന പുസ്തകം സബ്രീന ഇറ്റാലിയന്‍ ഭാഷയിലേക്കു മൊഴി മാറ്റിയപ്പോള്‍ ഡല്‍ഹിയിലെത്തി ആദ്യം സമ്മാനിച്ചത് സോണിയ ഗാന്ധിക്കായിരുന്നു. അന്നത്തെ എം.പിമാര്‍ക്കിടയില്‍ എം.ബി രാജേഷിനോട് ഇത്തിരി സ്‌നേഹക്കൂടുതല്‍ ഉണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
പത്ത് ശതമാനത്തില്‍ താഴെ മാത്രം ഹാജരുള്ളവരാണ് പാര്‍ലമെന്റ് അംഗങ്ങളായ സെലിബ്രിറ്റികള്‍. ആശുപതി വാസത്തിലല്ലാത്ത എല്ലാകാലത്തും പാര്‍ലമെന്റ് സമ്മേളനത്തില്‍ പൂര്‍ണമായി പങ്കെടുത്തു. നീട്ടിക്കിട്ടിയ ജീവിതം ജനസേവനത്തിനുള്ളതാണെന്ന് അദ്ദേഹം പലവട്ടം പറഞ്ഞു. കേന്ദ്രമന്ത്രിമാരെകണ്ടും ഓഫീസുകളില്‍ കയറി ഇറങ്ങിയും മണ്ഡലത്തിലെ പദ്ധതി നടത്തിപ്പിനായി ഡല്‍ഹിയില്‍ തിരക്കിലായി. മൂന്നു വട്ടം ക്യാന്‍സറും മൂന്നുവട്ടം കോവിഡും വന്നിട്ടും തോറ്റുകൊടുക്കാന്‍ ഇന്നസെന്റ് തയാറായിരുന്നില്ല.
ഡല്‍ഹിയില്‍ എത്തുമ്പോള്‍ നിഴല്‍ പോലെ ഭാര്യ ആലീസ് ഉണ്ടാകും. പറയുന്ന കഥാപാത്രമായി ആലീസും മകന്‍ സോണറ്റും പേരക്കുട്ടികളായ ഇന്നസെന്റും അന്നയുമെല്ലാം മലയാളികള്‍ക്ക് പരിചിതരായി. പത്രപ്രവര്‍ത്തക യൂണിയന്റെ ഡല്‍ഹി ഘടകം സംഘടിപ്പിച്ച കുടുംബമേളയില്‍ ആലീസുമൊത്ത് എത്തിയ ഇന്നസെന്റ് ചിരിയുടെ പെരുമഴയാണ് പെയ്യിച്ചത്. മാധ്യമ പ്രവര്‍ത്തകരും എം.പിമാരുമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം നടന്നപ്പോള്‍ കമന്ററി മുതല്‍ സമ്മാനദാനം വരെ ഇന്നസെന്റ് ആയിരുന്നു. മത്സരത്തിന്റെ ഹാഫ് ടൈം ആയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ മൂന്ന്, എം.പിമാര്‍ ഒന്ന് എന്നിങ്ങനെയായിരുന്നു ഗോള്‍നില. കോര്‍ട്ട് മാറിയത് ശ്രദ്ധിക്കേണ്ടെന്നും, മാധ്യമ പ്രവര്‍ത്തകര്‍ ആദ്യ ഹാഫില്‍ അടിച്ച ഗോള്‍ വലയില്‍ തന്നെ വീണ്ടും ഗോള്‍ അടിക്കണമെന്ന് മൈക്കിലൂടെ ഇന്നസെന്റ് കമന്ററി പറഞ്ഞപ്പോള്‍ കളിക്കാര്‍ പോലും പൊട്ടിച്ചിരിച്ചു.
മുതിര്‍ന്ന എം.പിമാര്‍ക്ക് മാത്രം ലഭിക്കുന്ന ബ്രഹ്മപുത്ര എം.പി ക്വര്‍ട്ടേഴ്സ് ഇന്നസെന്റിനു ലഭിച്ചത് ബി.ജെ.പിയിലെ ചില സൗഹൃദത്തിലായിരുന്നു. റാംജി റാവു സ്പീക്കിങ് ഹിന്ദിയിലേക്ക് റീ മേക് ചെയ്തപ്പോള്‍ ഇന്നസെന്റിന്റെ കഥാപാത്രമായി വേഷമിട്ടത് പരേഷ് റാവല്‍ ആയിരുന്നു. ഇരുവരും ഒരേസമയം ലോക്‌സഭാംഗങ്ങള്‍ ആയിരുന്നു.
ആശുപത്രികളിലെ കഴുത്തറുപ്പന്‍ തുകയെക്കുറിച്ചു ലോക്‌സഭയില്‍ ഒരിക്കല്‍ ഇന്നസെന്റ് വാചാലനായി. സാധാരണക്കാരനെ ബാധിക്കുന്ന ഇത്തരം പ്രശ്‌നം പരിഹരിക്കാനുള്ള ഒരു അവസരവും ഇന്നസെന്റ് പാഴാക്കിയിട്ടില്ല.
സഭയിലെ കാലാവധി പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ അരുണ്‍ദേവിനോട് ഇന്നസെന്റ് ഒരു ആഗ്രഹം പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചെരുപ്പ് കച്ചവടം നടത്തിയപ്പോള്‍ ചെരുപ്പ് എടുത്തത് ഡല്‍ഹിയിലെ ചാന്ദിനി ചൗക്കില്‍ നിന്നായിരുന്നു. ആ മൊത്തക്കച്ചവടക്കാരനെ ഒരിക്കല്‍ കൂടി കാണണം. ഇന്നസെന്റിന്റെ ആഗ്രഹ പ്രകാരം മെട്രോയില്‍ കയറി ചാന്ദ്‌നി ചൗക്കില്‍ ബില്ലിമാരന്‍ റോഡിലേക്ക് സൈക്കിള്‍ റിക്ഷയില്‍ പോയി. കട കണ്ടുപിടിച്ചു. പക്ഷെ, കടക്കാരന്‍ ഇന്ത്യ വിട്ട് പാക്കിസ്താനിലേക്ക് പോയിരുന്നു. അനന്തരാവകാശികളാണ് ഇപ്പോള്‍ കച്ചവടം നടത്തുന്നത്. പഴയ കഥകള്‍ പറഞ്ഞു, ചായ കുടിച്ചു പിരിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്കുള്ള മൂന്നു ജോഡി ചെരുപ്പ് പൊതിഞ്ഞു എം.പിക്ക് നല്‍കി.
KUWJ ഡല്‍ഹി ഘടകം നടത്തിയ ഫുട്‌ബോള്‍ മാച്ചില്‍ സമ്മാനദാനം നിര്‍വഹിക്കുന്ന ഇന്നസെന്റ്
പദവികള്‍ കൂടുന്നതിന് അനുസരിച്ചു സുഹൃത്തുക്കളെ മാറ്റാന്‍ ഇന്നസെന്റ് തയാറായില്ല. എല്ലാദിവസവും വൈകുന്നേരം രാത്രി തന്റെ സ്‌കൂള്‍ കൂട്ടുകാരെ വിളിച്ചു വിശേഷം തിരക്കും. പലരുടെയും ചെറിയ ചെറിയ ആവശ്യങ്ങള്‍ പോലും സാധിച്ചു കൊടുക്കും. അങ്ങനെയായിരുന്നു ഇന്നസെന്റ്. ഡല്‍ഹിയില്‍ രാഷ്ട്രപതിയോട് അടുത്തിരുന്നു സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ കാലുകള്‍ ഉറച്ചു നിന്നത് ഇരിങ്ങാലക്കുടയിലായിരുന്നു. എട്ടാം ക്ളാസില്‍ തോറ്റതിനെ മാത്രമല്ല അദ്ദേഹം തമാശ ആക്കിയത്. രണ്ടാം വട്ടം മത്സരത്തിന് ഇറങ്ങിയപ്പോള്‍ ഒന്നൊഴികെ എല്ലാ ഇടത് സ്ഥാനാര്‍ഥികളും തോറ്റത് നന്നായി എന്നാണ് വിലയിരുത്തിയത്. . താന്‍ മാത്രം തോറ്റെങ്കില്‍ മോശക്കാരനായി കാണില്ലേ എന്ന് ഇന്നസെന്റ് പറയുമ്പോള്‍ ഒപ്പം തോറ്റവരും പൊട്ടിച്ചിരിക്കും. വേദനയിലും ആളുകളെ പൊട്ടിച്ചിരിപ്പിച്ച ആ വലിയ മനുഷ്യന്‍ ഡല്‍ഹിക്കാര്‍ക്കും ഏറെ പ്രിയപ്പെട്ടവന്‍ ആയിരുന്നു.
സെക്രട്ടറിയായിരുന്ന അരുണ്‍ദേവുമൊത്ത് ഇന്നസെന്റ് താജ്മഹലിന് മുന്നില്‍