ബാലസാഹിത്യ ചരിത്രവും വായിച്ചിരിക്കേണ്ട പുസ്തകങ്ങളും
|| ഏപ്രില്‍ രണ്ട്: ലോക ബാലപുസ്തകദിനം
'വായിച്ചവര്‍ക്ക് ഒരുപാട് ജീവിതങ്ങള്‍ ഉണ്ട്. വായിക്കാത്തവര്‍ക്ക് ഒറ്റ ജീവിതമേ ഉള്ളൂ'. (ഉമ്പാര്‍ട്ടോ എക്കോ)
വായനയുടെ ലോകത്തിലേക്ക്, ഒരുപാട് ജീവിതപരിസരങ്ങളിലേക്ക് അനുഭവങ്ങളുടെ ആകാശങ്ങളെയും ദേശങ്ങളുടെ വൈവിധ്യങ്ങളെയും പരിചയപ്പെടുത്താന്‍ കുട്ടികള്‍ക്ക് ബാല്യത്തില്‍ തന്നെ പുസ്തകങ്ങള്‍ സമ്മാനമായി നല്കിത്തുടങ്ങാന് ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്.ബാലസാഹിത്യത്തെക്കുറിച്ചും സാഹിത്യത്തില്‍ അക്ഷരം അറിയാത്ത കുട്ടികള്‍ക്ക് വായിച്ചു കൊടുക്കേണ്ടതും വായിച്ചിരിക്കേണ്ടതുമായ ചില പുസ്തകങ്ങളെയും പരിചയപ്പെടാം.
ലോക ബാലപുസ്തകദിനവും അവാര്‍ഡും
ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനുമായ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സന്റെ ജന്മദിനമായ ഏപ്രില്‍ രണ്ടാണ് ലോക ബാലപുസ്തകദിനം. 'The International Board on Books for Young People' (IBBY) എന്ന സംഘടനയാണ് ലോക ബാലപുസ്തക ദിനാഘോഷത്തിന് നേതൃത്വം നല്‍കുന്നത്. 1967 മുതല്‍ ലോക ബാലപുസ്തക ദിനാഘോഷം സംഘടിപ്പിച്ചുവരുന്നുണ്ട്.
ദ സ്റ്റഡ്ഫാസ്റ്റ് ടിന് സോള്‍ജ്യര്‍, ദ സ്നോ ക്വീന്‍, ദ ലിറ്റില്‍ മെര്‍മെയ്ഡ്, തംബലിന, ദ ലിറ്റില്‍ മാച്ച് ഗേള്‍, ദ അഗ്ലി ഡക്ലിങ് എന്നിവയാണ് ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സന്റെ പ്രധാന കൃതികള്‍. ബാലസാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് ഇന്റര്‍നാഷനല്‍ ബോര്‍ഡ് ഓണ്‍ ബുക്സ് ഫോര്‍ യങ് പീപ്ള്‍ (International Board on Books for Young People) എച്ച്.സി ആന്ഡേഴ്സന് അവാര്‍ഡ് നല്കിവരുന്നു.
മലയാള ബാലസാഹിത്യ ചരിത്രം
മലയാള ഭാഷയിലെ ആദ്യ ബാലസാഹിത്യ കൃതി ഏതെന്നതിന് കൃത്യമായ ഉത്തരമില്ല. ഇംഗ്ലീഷില്‍നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടതും രചയിതാവിനെക്കുറിച്ച് സൂചനകളില്ലാത്തതും (ക്രിസ്ത്യന്‍ മിഷനറിയാകാം) സി.എം.എസ് പ്രസ് 1824 ഇല് പ്രസിദ്ധീകരിച്ചതുമായ 'ചെറുപൈതങ്ങള്‍ക്കുപകാരമായുണ്ടായതാ'ണ് ബാലസാഹിത്യത്തിലെ ആദ്യകൃതിയെന്നു കരുതുന്നു. 197 പുറം വരുന്ന ഈ കൃതിയില്‍ എട്ടുകഥകള്‍ ആണുള്ളത്. 1860ല്‍ ഗുണ്ടര്‍ട്ട് വിദ്യാര്‍ഥികള്‍ക്കായി 'പാഠമാല' പ്രസിദ്ധീകരിച്ചു. ബൈബിള്‍ക്കഥകള്‍ കുട്ടികള്‍ക്ക് വേണ്ടി പ്രതിപാദിക്കുന്ന 'ബാലനിക്ഷേപം' എന്ന കൃതി 1860ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈക്കത്ത് പാച്ചുമൂത്തത് രചിച്ച 'ബാലഭൂഷണം'(1866) ഈ ശ്രേണിയിലെ ആദ്യകാല സംഭാവനയാണ്.
ഡോ. കുഞ്ചുണ്ണിരാജ, കെ. രാഘവന് പിള്ള, എരുമേലി പരമേശ്വരന് പിള്ള എന്നിവരൊക്കെ കുഞ്ചന്‍നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടിന് മലയാള ബാലസാഹിത്യത്തിലെ ആദ്യ സ്ഥാനം നല്‍കുന്നുണ്ട്.
'പഞ്ചതന്ത്രം നീതിശാസ്ത്രം
ഭാഷായാ സന്നിവേശിതം
രാമേണപാണിവാദേന
ബാലാനാം ബോധ ഹേതവേ'.എന്നാണ് ആമുഖത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞിരിക്കുന്നത്.
1866ല്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന് തിരുവിതാംകൂര്‍ പാഠപുസ്തക കമ്മിറ്റിയുടെ ഓണററി മെംബറായി ചുമതലയേറ്റതോടെ കുട്ടികള്‍ക്കായി അദ്ദേഹം അനേകം കവിതകളും കഥകളും രചിച്ചു. സന്മാര്‍ഗസംഗ്രഹം, ധനതത്വനിരൂപണം, വിജ്ഞാനമഞ്ജരി തുടങ്ങിയവയ്ക്ക് ഒപ്പം മറ്റുള്ളവരെക്കൊണ്ടു എഴുതിച്ച 'മഹച്ചരിതസംഗ്രഹം' പ്രാധാന്യമര്‍ഹിക്കുന്നു. ഇത് മലയാള ബാലസാഹിത്യത്തിനു വലിയ അടിത്തറയൊരുക്കി. തോബിയാസ് സക്കറിയാസിന്റെ 'സിന്ബാദിന്റെ കപ്പലോട്ടം' ടി.സി കല്യാണിയമ്മ ഇംഗ്ലീഷില്‍ നിന്നുള്ള 56 കഥകള്‍ ഉള്‍പ്പെടുത്തിയ ഈസോപ്പിന്റെ കഥകള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'വിശ്വാമിത്രചരിത്രം' തുടങ്ങിയ അക്കാലത്തെ പ്രതിഭാശാലികളുടെ രചനകള്‍ ആണ്. മാത്യു എം. കുഴിവേലിയെപ്പോലുള്ളവരും ബാലസാഹിത്യ ചരിത്രത്തില്‍ കാര്യമായി ഇടപെട്ടു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ കല്‍ക്കത്തയില്‍ 'സ്കൂള്‍ ഓഫ് ബുക്ക് സൊസൈറ്റി' സ്ഥാപിച്ചുകൊണ്ട് ക്രിസ്ത്യന്‍ മിഷനറിമാരാണ് ഇന്ത്യയില്‍ ബാലസാഹിത്യ പ്രസാധനം ആരംഭിക്കുന്നത്. തുടര്‍ന്ന് രാജാ ശിവപ്രസാദ് ഹിന്ദിയിലും ഈശ്വര്‍ ചന്ദ്ര വിദ്യസാഗര്‍, രവീന്ദ്രനാഥ ടാഗോര്‍ എന്നിവര്‍ ബംഗാളിയിലും ബൊഹാരിലാല്‍പുരി പഞ്ചാബിയിലും ബാലപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. 1957ല്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് കമ്പനി എന്ന പബ്ലിഷിങ് കമ്പനി സ്ഥാപിച്ചതോടെ മികച്ച പുസ്തകങ്ങള്‍ പുറത്തിറങ്ങാന്‍ തുടങ്ങി. വിഷ്ണുശര്‍മയുടെ 'പഞ്ചതന്ത്രം കഥകള്‍' ലോകത്തിലെത്തന്നെ ആദ്യത്തെ ബാലകഥാസമാഹാരമാണെന്ന് കരുതപ്പെടുന്നു.
മലയാളത്തിലെ എഴുത്തുകാരില്‍ മിക്കവരും ബാലസാഹിത്യത്തില്‍ കൈ വച്ചിട്ടുണ്ട്. സംസ്കൃതാതിപ്രസരമുള്ള കാവ്യങ്ങള്‍ രചിച്ച ഉള്ളൂരും ആശയഗാംഭീര്യമുള്ള കൃതികളെഴുതിയ ആശാനും വള്ളത്തോളും എന്നുവേണ്ട, ജി. ശങ്കരപ്പിള്ളയും പി. കുഞ്ഞിരാമന്‍നായരും വയലാറും ഒ.എന്‍.വി കുറുപ്പും സുഗതകുമാരിയും ഒക്കെ കുട്ടികള്‍ക്കായി മധുരകാവ്യങ്ങള്‍ രചിച്ചു. ഉള്ളൂരിന്റെ 'കാക്കേ കാക്കേ കൂടെവിടെ, പ്രാവേ പ്രാവേ പോകരുതേ'എന്ന കവിതകള്‍ ഇന്നും കുട്ടികള്‍ക്ക് ഇഷ്ടമാണ്. ആശാന്റെ 'ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ' (കുട്ടിയും തള്ളയും), ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും (സങ്കീര്‍ത്തനം) തുടങ്ങി പുഷ്പവാടിയിലെ 16 കവിതകളും കുട്ടികള്‍ക്ക് ഇഷ്ടമാകും.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
കുട്ടികള്‍ക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി കേരള സര്‍ക്കാറിന്റെ സാംസ്കാരിക വകുപ്പിനു കീഴില്‍ 1981ല്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഇപ്പോളത്തെ ചെയര്മാന്. ബാലമാസികയായ 'തളിര്' പ്രസിദ്ധീകരിക്കുന്നത് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.
മലയാള ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസാഹിത്യ പുരസ്കാരങ്ങളും എഴുത്തുകാര്‍ക്കും ചിത്രകാരന്മാക്കുമുള്ള പരിശീലന പരിപാടികളും നടത്തുന്നു. എല്ലാവര്‍ഷവും സാംസ്കാരിക വകുപ്പിനുവേണ്ടി തിരുവനന്തപുരം പുസ്തകമേള നടത്തുന്നതും കുട്ടികള്‍ക്കായി വായന പ്രോത്സാഹിപ്പിക്കുന്നതിനായി തളിര് വായനമത്സരം നടത്തുന്നതും ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. 2020 ലെ ബാലസാഹിത്യ പുരസ്ക്കാരം പ്രിയ എ.എസിന്റെ 'പെരുമഴയത്തെ കുഞ്ഞിതളുകള്‍'ക്കാണ്.
കുട്ടികള്‍ക്കായി ചില പുസ്തകങ്ങള്‍:
പഞ്ചതന്ത്രം കഥകള്‍
ലോക ബാലസാഹിത്യശാഖയിലെ ആദ്യ കഥാസമാഹാരമാണ് പഞ്ചതന്ത്രം കഥകള്‍ എന്ന് കരുതുന്നു. ബി.സി 300നോടടുത്ത് രചിക്കപ്പെട്ട പഞ്ചതന്ത്രത്തിന്റെ രചയിതാവ് വിഷ്ണുശര്‍മയാണ്. പഞ്ചതന്ത്രത്തിലെ പലമാതിരി കഥകള്‍ പലവട്ടം നിങ്ങള്‍ കേട്ടുകഴിഞ്ഞുകാണും. എല്ലാറ്റിനും ഒരു ഗുണപാഠമുണ്ട്. പഞ്ചതന്ത്രം വായിച്ചു വളരുന്ന കുട്ടിക്ക് നന്മയെ കുറിച്ച് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. മിത്രഭേദം (കൂട്ടുകാരെ ഭിന്നിപ്പിക്കല്‍), മിത്രസംപ്രാപ്തി (കൂട്ടുകാരെ സമ്പാദിക്കല്‍), കാകോലുകീയം (കാക്കകളും മൂങ്ങകളും തമ്മിലുള്ള യുദ്ധം), ലബ്ധപ്രണാശം (കൈയിലുള്ളത് നഷ്ടപ്പെടല്‍), അപരീക്ഷിതകാരിതം (വിവേകശൂന്യ പ്രവൃത്തി) എന്നിങ്ങനെ അഞ്ചുഭാഗങ്ങളുള്ളതിനാലാണ് ഇതിന് പഞ്ചതന്ത്രം കഥകള്‍ എന്ന പേരുവന്നത്. പല ലോകഭാഷകളിലേക്കും പഞ്ചതന്ത്രം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് ഒരാള്‍ രചിച്ചതല്ലെന്നും നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞുവന്നതാണെന്നും വാദമുണ്ട്.
ഈസോപ്പ് കഥകള്‍
പുരാതന ഗ്രീസിലെ സാമോസ് പട്ടണത്തില്‍ ജീവിച്ചിരുന്ന മഹാപ്രതിഭയായിരുന്നു ഈസോപ്പ്. ബി.സി 620ല്‍ ആണ് അദ്ദേഹത്തിന്റെ ജനനം എന്ന് കരുതുന്നു. അരിസ്റ്റോട്ടില്‍, ഹെറോഡോട്ടസ് തുടങ്ങിയ മഹാരഥന്മാരുടെ കുറിപ്പുകളില്‍ ഈസോപ്പിനെക്കുറിച്ച് സൂചനകളുണ്ട്. ആഫ്രിക്കയിലെ ഇത്യോപ്യയില്‍നിന്ന് ഈജിപ്ത് വഴി ഗ്രീസിലെത്തിയ അടിമയാണ് ഈസോപ്പെന്നും വാദങ്ങളുണ്ട്. ഈസോപ്പ് കഥകള്‍ എന്ന് അറിയപ്പെടുന്നവയെല്ലാം ഒരുവ്യക്തിയുടെ സംഭാവനയല്ല എന്നും വാദമുണ്ട്. ഈസോപ്പു കഥകളുടെ യഥാര്‍ഥ കൈയെഴുത്തു പ്രതികള്‍ ഒന്നും കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഈ വാദങ്ങളെല്ലാം അങ്ങനെതന്നെ ഇന്നും ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് പ്രിയങ്കരമായി നില്ക്കുന്നു.
ഉണ്ണിക്കുട്ടന്റെ ലോകം
ഗ്രാമീണപശ്ചാത്തലമുള്ള കുടുംബത്തിലെ കൊച്ചുകുട്ടിയുടെ കാഴ്ചപ്പാടിലൂടെ വിവരിക്കുന്ന ലളിതസുന്ദര നോവലാണിത്. ഉണ്ണിക്കുട്ടന് എന്ന ബാലനെ കേന്ദ്രകഥാപാത്രമാക്കിയ 'ഉണ്ണിക്കുട്ടന്റെ ലോകം' കൃതിയുടെ രചയിതാവ് നന്തനാര്‍ ആണ്. ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന് സ്കൂളില്‍, ഉണ്ണിക്കുട്ടന് വളരുന്നു എന്നീ കൃതികളുടെ സമാഹാരമാണ് ഉണ്ണിക്കുട്ടന്റെ ലോകം. ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭൂതികള്‍ സമ്മാനിക്കുന്ന ഈ പുസ്തകം വായിച്ചിരിക്കേണ്ട ഒന്നാണ്.
ടോട്ടോ-ചാന്
ജാപ്പനീസ് ടെലിവിഷന്‍ പ്രതിഭയായ തെത്സുകോ കുറോയാനഗി എഴുതിയ ഗ്രന്ഥമാണ് ടോട്ടോ ചാന്, 1981ല്‍ പ്രസിദ്ധീകരിച്ച ടോട്ടോചാന് ദ ലിറ്റില്‍ ഗേള്‍ അറ്റ് ദ വിന്‍ഡോ എന്നപുസ്തകം ടോമോ ഗാക്വെന്‍ എന്ന സ്ഥലത്തെ ഗ്രന്ഥകാരിയുടെ ബാല്യകാല അനുഭവങ്ങളാണ് വിവരിച്ചിരിക്കുന്നത്. ടോട്ടോ ചാന്, ജനാലക്കരികിലെ വികൃതിക്കുട്ടി' എന്ന പേരില്‍ അന്‍വര്‍ അലി ഈ പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്
കുട്ടികളുടെ എക്കാലത്തേയും ഇഷ്ടകൃതിയാണ് ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്. 1865ല്‍ പുറത്തിറങ്ങിയ ഇത് 200ന് മുകളില്‍ ഭാഷകളിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. അത്ഭുതലോകത്തു എത്തിച്ചേരുന്ന ആലീസ് വായനക്കാരെയും കൂടെകൂട്ടുന്നു. ഈ കൃതിയുമായി ബന്ധപ്പെട്ട് അന്‍പതോളം ചലച്ചിത്രങ്ങളും ടി.വി സീരിയലുകളും നിര്‍മിച്ചിട്ടുണ്ട്. വിക്ടോറിയ രാജ്ഞിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമായിരുന്നത്രെ ഇത്.
റോബിന്‍സണ്‍ ക്രൂസോ
ലോകസാഹിത്യത്തിലെ എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്നാണ് റോബിന്‍സണ്‍ ക്രൂസോ. ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനും നോവലിസ്റ്റും ലേഖകനുമായ ഡാനിയല്‍ ഡീഫോ ആണ് ഈ പ്രശസ്ത ഗ്രന്ഥത്തിന്റെ കര്‍ത്താവ്. 25 ഏപ്രില്‍ 1719ലാണ് ഈ നോവല്‍ പുറത്തിറങ്ങിയത്. ദ്വീപില്‍ ഏകനായി അഞ്ചുവര്‍ഷത്തോളം ജീവിച്ച റോബിന്‍സണ്‍ ക്രൂസോ എഴുതുന്ന ഒരു ഡയറിയുടെ രൂപത്തിലാണ് ഡീഫോ കഥപറയുന്നത്. ഈ നോവല്‍ ആധാരമാക്കി നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഹാരിപോട്ടര്‍
ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നാണ് ഹാരിപോട്ടര്‍. ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ റൗളിങ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവല്‍ പരമ്പരയാണ് ഹാരി പോട്ടര്‍. 1997ലാണ് ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. ഇത് ആസ്പദമാക്കി നിരവധി സിനിമകള്‍, വിഡിയോ ഗെയിമുകള്‍, മറ്റു വില്പനവസ്തുക്കള് എന്നിവ പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച സാമ്പത്തിക ലാഭം നേടിയ പുസ്തകം നോവലുകളിലെ അന്ധകാരം നിറഞ്ഞ രീതി മൂലം വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്.
ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍
ഇന്ദിരാഗാന്ധിയ്ക്ക് നെഹ്റു എഴുതിയ കത്തുകള്‍ ആണവ. ഒരു വായനക്കുറിപ്പിലൂടെ പരിചയപ്പെടുത്താം:
ഒലിവര്‍ ട്വിസ്റ്റ്
ചാള്‍സ് ഡിക്കന്‍സിന്റെ ലോകപ്രശസ്ത ഇംഗ്ലീഷ് നോവലാണ് ഒലിവര്‍ ട്വിസ്റ്റ്. 1838 കാലഘട്ടത്തിലാണ് ആദ്യ കോപ്പി പ്രസിദ്ധീകരിച്ചത്. ഒലിവര്‍ ട്വിസ്റ്റ് എന്ന അനാഥ ബാലന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. മധ്യകാല ഇംഗ്ലണ്ടിന്റെ സാമൂഹികാവസ്ഥകളും ദുരിതങ്ങളും ദാരിദ്ര്യവുമെല്ലം ഡിക്കന്‍സ് വായനക്കാരിലെത്തിക്കുന്നു. അനാഥാലയത്തില്‍നിന്നും രക്ഷപ്പെട്ട് വരുന്ന ഒലിവര്‍ ഫാഗിന് എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ കൂട്ടത്തില്‍ എത്തിപ്പെടുകയും അവനെ ഫാഗിന് മോഷണം പഠിപ്പിക്കുകയും ചെയ്യുന്നു. ബംബിള്‍, ഫാഗിന്, സൈക്സ്, നാന്‍സി, റോസി, ബ്രൗണ്‍ലോ തുടങ്ങിയവരും ഇതിലെ കഥാപാത്രങ്ങളാണ്.
ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍
ഹിറ്റ്ലര്‍ കൊല്ലാന്‍ കൊണ്ടുപോകുംമുന്പ് കൂട്ടമായി പാര്‍പ്പിച്ച ഒളിയിടത്തില്‍ നിന്നാണ് ആന്‍ഫ്രാങ്ക് എന്ന കുട്ടി ഡയറിയെഴുതിയത്. ജൂതന്മാരുടെ ജീവിതം രണ്ടാം ലോകമഹായുദ്ധകാലത്ത് -നാസികളുടെ പീഡനമുറകള്‍ ഇവയൊക്കെ ഈ കൃതിയില്‍ കാണാം. എം.പി വീരേന്ദ്രകുമാറിന്റെ 'ഫാസിസത്തിന്റെ മനഃശാസ്ത്രം' എന്ന ലേഖനവും ഈ ഡയറിക്കുറിപ്പുകളെ ശരി വെക്കുന്നതാണ്. ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ (The Diary Of Ann Frank) ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.
ഇവകൂടാതെ കുഞ്ഞിക്കൂനന്, ഒരു കുടയും കുഞ്ഞുപെങ്ങളും, ഗള്ളിവേഴ്സ് ട്രാവല്‍സ്, ട്രഷര്‍ ഐലന്‍ഡ്, മാല്‍ഗുഡി ദിനങ്ങള്‍, ലിയോ ടോള്‍സ്റ്റോയിയുടെ കഥകള്‍, ഹക്കിള്‍ബറിഫിന്‍, ചെണ്ട, വികൃതിരാമന്, മിഠായിപ്പൊതി, പറയിപെറ്റ പന്തിരുകുലം, മാലിരാമായണം, അറബിക്കഥകള്‍, ഐതിഹ്യമാലയിലെ കഥകള്‍,
കുഞ്ഞുണ്ണിമാഷിന്റെ കുറ്റിപ്പെന്‍സില്‍ പോലുള്ള കൃതികള്‍, സുമംഗലയുടെ കൃതികള്‍, മാലിയുടെ കൃതികള്‍, ഏവൂര്‍ പരമേശ്വരന് പരിഭാഷപ്പെടുത്തിയ ലോകബാലസാഹിത്യകഥകള്, നാടോടിക്കഥകള്‍, റഷ്യന്‍ നാടോടിക്കഥകള്‍, കെ.വി രാമനാഥന്റെ അത്ഭുതവാനരന്മാര് - അപ്പുക്കുട്ടനും ഗോപിയും, കഥാസരിത് സാഗരം, ഗ്രേറ്റ് എക്സ്പെക്ടേഷന്‍സ്, എ ജേണി ടു ദ് സെന്റര്‍ ഓഫ് ദ് ഏര്‍ത്ത്, ലിറ്റില്‍ പ്രിന്‍സ്, ചാള്‍സ് ഡിക്കന്‍സിന്റെ കൃതികള്‍, ജാതകകഥകള്‍, റസ്കിന് ബോണ്ട് കഥകള്‍, ഗ്രിമ്മിന്റെ ഫെയറി ടെയ് ലുകള്‍, ദ് വെരി ഹഗ്രി കാറ്റര്‍പില്ലര്‍, ദ് ടെയ്ല് ഓഫ് പീറ്റര്‍ റാബിറ്റ്, ടാഗോറിന്റെ ബാലകഥകള്‍, അഡ്വഞ്ചേഴ്സ് ഓഫ് ടോം സ്വേയര്‍ തുടങ്ങി നിരവധി പുസ്തകങ്ങളിനിയും പരാമര്‍ശിക്കാനുണ്ട്.
കുട്ടികളെ ബാലസാഹിത്യ പുസ്തകങ്ങളിലൂടെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ ഓരോ മാതാപിതാക്കളും ശ്രമിക്കേണ്ടതുണ്ട്. ഗെയിമുകളിലും മറ്റും അഭിരമിക്കുന്ന കുരുന്നുകള്‍ക്ക് ഭാഷയില്‍ അവഗാഹം നേടാനും നവചിന്താസരണി വെട്ടിത്തുറക്കാനും വായന സഹായകമാകുന്നു. വായനാശാലകളില്‍ നിന്നോ പി.ഡി.എഫ് ലൈബ്രറികളില്‍ നിന്നോ ഇവ കണ്ടെത്തി കുഞ്ഞുങ്ങള്‍ക്ക് വായിക്കാന്‍ നല്കാന് ശ്രമിക്കുമല്ലോ.!