Analysis
ശ്രദ്ധയില്‍പെടാത്ത സ്ത്രീകള്‍, കാണാത്ത ദുരിതങ്ങള്‍; ജൂണ്‍ 23 അന്താരാഷ്ട്ര വിധവാദിനം
Analysis

ശ്രദ്ധയില്‍പെടാത്ത സ്ത്രീകള്‍, കാണാത്ത ദുരിതങ്ങള്‍; ജൂണ്‍ 23 അന്താരാഷ്ട്ര വിധവാദിനം

സലീന സലാവുദീൻ
|
23 Jun 2024 2:47 PM GMT

ഐക്യരാഷ്ട്രസഭ വിധവകളുടെ ഉന്നമനത്തിനായി എല്ലാ വര്‍ഷവും ജൂണ്‍ 23ന് അന്താരാഷ്ട്ര വിധവാദിനമായി ആചരിക്കുന്നു. 2011 ജൂണ്‍ 23 മുതലാണ് അന്താരാഷ്ട്ര വിധവാദിനം ആചരിക്കാന്‍ തുടങ്ങിയത്.

ഈ ലോകത്ത് ഓരൊ മണിക്കൂറിലും വിധവകളുടെ എണ്ണം കൂടുന്നുണ്ട്. ദശലക്ഷക്കണക്കിന് വിധവകളും അവരുടെ ആശ്രിതരും നേരിടുന്ന ദാരിദ്ര്യവും അനീതിയും അടിമത്തവും കണ്ണീരും പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭ വിധവകളുടെ ഉന്നമനത്തിനായി എല്ലാ വര്‍ഷവും ജൂണ്‍ 23ന് അന്താരാഷ്ട്ര വിധവാ ദിനമായി ആചരിക്കുന്നു. 2011 ജൂണ്‍ 23 മുതലാണ് അന്താരാഷ്ട്ര വിധവാദിനം ആചരിക്കാന്‍ തുടങ്ങിയത്. ശ്രദ്ധയില്‍പെടാത്ത സ്ത്രീകള്‍, കാണാത്ത ദുരിതങ്ങള്‍ എന്നതാണ് ഈ വര്‍ഷത്തെ വിധവാദിന പ്രമേയം.

വൈധവ്യം ഒരു ഭീകരമായ അവസ്ഥയാണെന്ന് അനുഭവിക്കുന്നവര്‍ക്ക് നന്നായി അറിയാം. ഭീകരമായ ആ അവസ്ഥയെ തരണം ചെയ്യാന്‍ വളരെയധികം മനോധൈര്യവും ക്ഷമയും വേണം. വൈധവ്യത്തെ അതിജീവിച്ചു മുന്നോട്ട് പോകുന്നതിന് സമൂഹത്തിന്റെ പിന്തുണ വളരെ അത്യാവശ്യമാണ്.

സമൂഹത്തില്‍ വിധവകളെ വിലമതിക്കാനും ബഹുമാനിക്കാനും വിധവകള്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുവാനും അവരെ ശാക്തീകരിക്കാനും അവരുടെ ശബ്ദവും കേള്‍ക്കുന്നുവെന്നും ഉറപ്പാക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം.

നമുക്ക് നാം മാത്രമെ ഉണ്ടാകൂ എന്ന സത്യം അംഗീകരിക്കണം. ഏകാന്തതയിലും തന്നില്‍ അന്തര്‍ലീനമായ കഴിവുകള്‍ കൊണ്ട് ആസ്വാദ്യകരമാക്കാനും സമൂഹത്തില്‍ ഉയര്‍ന്നു വരുന്നതിനും മനോധൈര്യം കൈമുതലായി സൂക്ഷിക്കാനും വിധവകള്‍ പ്രാപ്തരാകണം.

വിധവകളും സമൂഹത്തിന്റെ ഭാഗമാണെന്നും അവരുടെ ക്ഷേമവും സുരക്ഷയും സമൂഹത്തിന്റെ കടമ കൂടിയാണെന്ന് ആരും ഓര്‍ക്കാറില്ല. ഒരു പ്രത്യേക കണ്ണുകള്‍ കൊണ്ട് അവരെ നോക്കുന്നതിനപ്പുറം അവര്‍ അനുഭവിക്കുന്ന മാനസിക വ്യഥയെ കുറിച്ച് സമൂഹമോ കൂടെയുള്ളവരോ ചിന്തിക്കാറില്ല.

ഒരു പുരുഷന്റെ കരവലയത്തില്‍ നിന്നും സുരക്ഷിതത്തില്‍ നിന്നും വേര്‍പെട്ടു പോയ ഒരു സ്ത്രീയുടെ മനോനില തകര്‍ക്കാന്‍ എല്ലാവര്‍ക്കും എളുപ്പം സാധിക്കും. ഒരു സഹായത്തിനു വേണ്ടി കേഴുമ്പോള്‍ മാനസിക പിന്തുണയുമായി വരാന്‍ ഒരുപാട് പേരുണ്ടാകും. പക്ഷെ, പതിയെ അവര്‍ അവളുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ശ്രമിക്കും. ഇത്തരം ചൂഷണത്തിന് വിധേയരാകാതെ പിടിച്ചു നില്‍ക്കാനും തന്റേടത്തോടെ പ്രതികരിക്കാനും ശ്രമിക്കുമ്പോള്‍ സമൂഹത്തില്‍ നിന്ന് തന്നെ അവള്‍ ഒറ്റപ്പെടും. ആ മാനസിക വ്യഥയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വിധവ തന്റെ ജീവിതത്തില്‍ പലവട്ടം ആത്മഹത്യയെ കുറിച്ച് ചിന്തിക്കും. അപ്പോഴൊക്കെ അനാഥരായി പോകുന്ന തന്റെ കുട്ടികളുടെ മുഖമാവും ഓര്‍മയില്‍ തെളിയുക.

വിധവകളുടെ അവകാശങ്ങളും സാമൂഹിക സുരക്ഷയും ഉയര്‍ത്തുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ജൂണ്‍ 23 ന് അന്താരാഷ്ട്ര വിധവാദിനം ആചരിക്കുന്നതെന്ന് പറയപ്പെടുന്നുണ്ട്. എന്നിട്ടും തങ്ങളുടെ അവകാശങ്ങള്‍ക്കും വരുമാനത്തിനും കുട്ടികളുടെ ഉന്നമനത്തിനും വേണ്ടി തന്റെ ജീവിതം മരണം വരെ അവള്‍ക്ക് പോരാടേണ്ടി വരുന്നു.

ആരും വിധവയാകാന്‍ ആഗ്രഹിക്കുന്നില്ല, എങ്കിലും തന്റെ നല്ല പാതിയുടെ അകാല മരണം അവളെ വിധവയാക്കുന്നു. ഒരു വശം തളര്‍ന്നു പോയതിനു തുല്യം അവള്‍ പിന്നെ ജീവിക്കേണ്ടി വരുന്നു. പെട്ടെന്നൊരു ദിവസം പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ടതു പോലെ ഭയത്തോടെ കരകയറാന്‍ അവള്‍ പാടു പെടുന്നു. ഭീകരമായ ഏകാന്തതയില്‍ നിന്നും മാനസികനില വീണ്ടെടുക്കാന്‍ അവള്‍ ഒരുപാട് പരിശ്രമിക്കേണ്ടി വരുന്നു.

ഇത്തരത്തില്‍ അബലകളായ വിധവകളെ സംരക്ഷിക്കേണ്ട ബാധ്യതയുള്ള സര്‍ക്കാരുകളും അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിലൂടെ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന് കാരണക്കാരാകുന്നു. ഇത്തരം അവസ്ഥകളിലൂടെ കടന്നു പോയ എന്നെ പോലെയുള്ളവര്‍ക്ക് മാത്രമെ അവരുടെ മാനസിക വ്യഥകളെ പറ്റി നിര്‍വചിക്കാനാവൂ. ഈ അവസ്ഥകള്‍ തരണം ചെയ്യുന്നതിനും ജീവിതത്തെ പോസിറ്റീവായി കാണുവാനും സമൂഹത്തിലെ വേര്‍തിരിവിനെ മാനസികമായി നേരിടാനും വിധവകളായ എല്ലാവരും സ്വയം മനസ്സിനെ പാകപ്പെടുത്തണം.

നമുക്ക് നാം മാത്രമെ ഉണ്ടാകൂ എന്ന സത്യം അംഗീകരിക്കണം. ഏകാന്തതയിലും തന്നില്‍ അന്തര്‍ലീനമായ കഴിവുകള്‍ കൊണ്ട് ആസ്വാദ്യകരമാക്കാനും സമൂഹത്തില്‍ ഉയര്‍ന്നു വരുന്നതിനും മനോധൈര്യം കൈമുതലായി സൂക്ഷിക്കാനും വിധവകള്‍ പ്രാപ്തരാകണം.

Similar Posts