Analysis
ഞാന്‍ യഹ്‌യ സിന്‍വാറിനെ കണ്ടുമുട്ടി -  ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക ഫ്രാന്‍സെസ്‌ക ബോറി, യഹ്‌യ സിന്‍വാറുമായി നടത്തിയ അഭിമുഖം
Analysis

ഞാന്‍ യഹ്‌യ സിന്‍വാറിനെ കണ്ടുമുട്ടി - ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക ഫ്രാന്‍സെസ്‌ക ബോറി, യഹ്‌യ സിന്‍വാറുമായി നടത്തിയ അഭിമുഖം

അഫ്താബ് ഇല്ലത്ത്
|
22 Oct 2024 12:53 PM GMT

2018 ല്‍ ഇസ്രായേല്‍ ദിനപത്രമായ യെദിയോത്ത് അഹ്റോനോത്തിന് വേണ്ടി ഇറ്റാലിയന്‍ പത്രമായ ലാ റിപ്പബ്ലിക്ക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക ബോറി, അഞ്ച് ദിവസങ്ങളുടെ ഇടവേളകളില്‍ ഹമാസ് നേതാവ് യഹ്‌യ സിന്‍വാറുമായി നടത്തിയ അഭിമുഖം.

ആമുഖം

ഞാന്‍ യഹ്‌യ സിന്‍വാറിനെ കണ്ടുമുട്ടി എന്ന് പറയുമ്പോള്‍, ആദ്യത്തെ ചോദ്യം എപ്പോഴും ഇതാണ്: ഒരു തുരങ്കത്തിലോ? പിന്നെ എവിടെ? അദ്ദേഹത്തിന്റെ ഓഫീസില്‍. എന്നാല്‍, അവിടെ മാത്രമല്ല മറ്റ് ഓഫീസുകളില്‍, മന്ത്രാലയങ്ങള്‍, അല്ലെങ്കില്‍ ഒരു ഷോപ്പ്, ഒരു ഫാക്ടറി, ഒരു ആശുപത്രി, കഫേ, സാധാരണ കുടുംബങ്ങളുടെ സാധാരണ വീടുകളില്‍ എല്ലാം അദ്ദേഹത്തെ ഞാന്‍ സന്ദര്‍ശിച്ചു. ചിലപ്പോള്‍ ഒരു മണിക്കൂര്‍ അല്ലെങ്കില്‍ മൂന്ന് മണിക്കൂര്‍ സന്ദര്‍ശനം. ചിലപ്പോള്‍ ഒറ്റയ്ക്കായിരുന്നു. മറ്റു ചിലപ്പോള്‍ മറ്റാളുകളുടെ സാന്നിധ്യത്തില്‍. അങ്ങനെ അഞ്ച് ദിവസത്തിനുള്ളില്‍ പലപ്പോഴായി ഞങ്ങള്‍ സംസാരിച്ചു. എന്റെ ഒഴിവുസമയങ്ങളില്‍ എല്ലാവരോടും എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒരു നിയന്ത്രണവുമില്ല. പിന്നെ ഞാന്‍ ഒരിക്കലും പേടിച്ചില്ല. ഞാന്‍ അപകടത്തില്‍ ആണെന്ന് തോന്നാന്‍ എനിക്ക് ഒരു കാരണവും ഉണ്ടായിരുന്നില്ല.

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് എനിക്ക് ഈ അഭിമുഖം ലഭിച്ചത്. അതില്‍ അസ്വാഭാവികത തീരെയില്ല കാരണം, സമീപ വര്‍ഷങ്ങളില്‍ ഞാന്‍ കൂടുതല്‍ സമയവും സിറിയയെ കവര്‍ ചെയ്യുന്നതിന് വേണ്ടിയാണ് ചെലവിട്ടത്. അതിനാല്‍ എനിക്ക് ഹമാസുമായുള്ള എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ എന്നെ മറ്റ് ഫലസ്തീനികള്‍ സഹായിച്ചു. ആദ്യമായി, ഹമാസില്‍ നിന്ന് അല്ലാത്ത ഒരു ദീര്‍ഘകാല ഫലസ്തീന്‍ നേതാവ് - അദ്ദേഹം തീര്‍ത്തും വ്യത്യസ്തമായ ഒരു ഇടതുപക്ഷ പശ്ചാത്തലത്തില്‍ ഉള്ള ആള്‍. എന്നാല്‍, ദേശീയ ഐക്യ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കു വഹിക്കുന്ന ഒരാള്‍ കൂടി ആണ് അദ്ദേഹം. ഇവിടെ ദേശീയ ഐക്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

പ്രശസ്തരായ ഫലസ്തീനികള്‍ മാത്രമല്ല, സാധാരണക്കാരായ പല ഫലസ്തീനികളും എന്നെ സഹായിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും വിളിക്കുകയും മെസ്സേജ് അയക്കുകയും എഴുതുകയും തെരുവില്‍ കുശലാന്വേഷങ്ങള്‍ നടത്തുകയും ചെയ്യുന്ന നിരവധി സാധാരണ ഫലസ്തീനികള്‍ ഉള്‍പ്പെടെ. കാരണം, ഹമാസ് ലോകത്തോട് സംസാരിക്കണമെന്ന് അവര്‍ എല്ലാവരും ആഗ്രഹിച്ചു. അതുപോലെ ഹമാസിന്റെ വാക്കുകള്‍ ലോകം കേള്‍ക്കണമെന്നും. അതിനാല്‍ ഞങ്ങള്‍ മനസ്സു തുറന്ന് സംസാരിക്കണം എന്ന് അവര്‍ ആഗ്രഹിച്ചു. യഹ്‌യ സിന്‍വാര്‍ രണ്ടുതവണ പറയുന്നു: ഞങ്ങള്‍ ഈ സമൂഹത്തിന്റെ അനിവാര്യവും നിര്‍ണായകമായ ഭാഗവുമാണ്. അത് സത്യവുമാണ്. കൂടാതെ, ഒരിക്കലും ഹമാസിന് വോട്ട് ചെയ്യാത്ത ഫലസ്തീനികള്‍ ഹമാസിന്റെ നിരോധനത്തെ വിമര്‍ശിക്കുന്നു. അവര്‍ പറയുന്നു: അവര്‍ സ്വതന്ത്രവും നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പില്‍ വിജയിച്ചവരാണ്. അത് അംഗീകരിക്കുക. അതാണ് ജനാധിപത്യം.

മറ്റ് രാജ്യങ്ങളിലെ ഇസ്‌ലാമിസ്റ്റുകളും എന്നെ സഹായിച്ചു. ഞാന്‍ അവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നില്ല എങ്കിലും ഇത് ഒരുകാര്യം അടിവരയിട്ട് നമ്മെ ഓര്‍മിപ്പിക്കുന്നു. ഫലസ്തീന്‍ പ്രശ്‌നം - ഇന്ന് ജിഹാദികളിലുള്ള അമിത ശ്രദ്ധയാല്‍ ശ്രദ്ധിക്കപ്പെടാത്ത വിഷയം ആണെങ്കിലും - എല്ലാ സാധാരണ മുസ്‌ലിംകള്‍ക്കും എപ്പോഴും മുന്‍ഗണന ഉള്ള ഒന്നാണെന്ന്. രാഷ്ട്രീയമായി മാത്രമല്ല, വൈകാരികമായും.

ഇവരെല്ലാം എന്നെ 'സഹായിച്ചു' എന്ന് ഞാന്‍ പറയുന്നത്, ഞാന്‍ ഒരു ചാരനല്ലെന്ന് ഹമാസിനെ ബോധ്യപ്പെടുത്തേണ്ടതിനാലാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഭാഗ്യവശാല്‍, ഞാന്‍ ചെയ്ത ജോലികള്‍ എനിക്ക് വേണ്ടി സ്വയം സംസാരിക്കുന്നുണ്ട്. പക്ഷെ, എനിക്ക് ഹമാസുമായി പരിചയമുണ്ടെന്ന് ഹമാസിനെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിന്റെ ചരിത്രവും പശ്ചാത്തലവും പരിചിതമായതിനാല്‍ ഞാന്‍ ഒന്നും തെറ്റിദ്ധരിക്കില്ല എന്ന കാര്യം. കഴിഞ്ഞ ജൂണില്‍ ഞാന്‍ ഹമാസിന്റെ ഒരു ഓഫീസിലായിരുന്നു, ചുവരില്‍ അതിന്റെ സ്ഥാപകനായ അഹമ്മദ് യാസിന്റെ ഒരു ഛായാചിത്രം ഉണ്ടായിരുന്നു. അവിടെ മറ്റൊരു പത്രപ്രവര്‍ത്തകനുമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: അല്‍-ഖ്വയ്ദ തന്നെ ഇപ്പോഴും ഒരു മാനദണ്ഡമായി തുടരുന്നത് എത്ര ഖേദകരമാണെന്ന്. കാരണം, ആ ചിത്രം അയ്മന്‍ അല്‍-സവാഹിരിയാണെന്ന് അദ്ദേഹം തന്നെ തെറ്റിദ്ധരിച്ചു.

'ഞങ്ങള്‍ (തോക്കുകള്‍) വാങ്ങിയിരുന്നില്ലെങ്കില്‍, ഞങ്ങള്‍ ആരും ഇപ്പോള്‍ ജീവിച്ചിരിക്കില്ലായിരുന്നു. ഞങ്ങള്‍ അത് വാങ്ങി, അതില്‍ വിഷമിക്കേണ്ട. അതിന്റെ കൂടെ ഞങ്ങള്‍ പാലും വാങ്ങി: ഭക്ഷണവും മരുന്നും അങ്ങനെ പലതും. ഞങ്ങള്‍ രണ്ട് ദശലക്ഷം ആളുകളാണ് ഇവിടെ. രണ്ട് ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണവും മരുന്നും വാങ്ങുന്നതിന്റെ കാഠിന്യം എന്താണെന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ധാരണയുണ്ടോ?'

ഒരിക്കല്‍ നാം നമ്മുടെ ഉടമ്പടിയില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ പേടിക്കേണ്ടതായി ഒന്നുമില്ല. അതില്‍ സത്യം പറഞ്ഞാല്‍ എനിക്കൊരു സംശയവുമില്ലായിരുന്നു.

ഹമാസ് - അതായത് യഹ്‌യ സിന്‍വാറിന്റെ ഹമാസ് - നടത്തുന്ന വെടിനിര്‍ത്തലില്‍ ചില എതിര്‍പ്പുകളുണ്ട് എന്നെനിക്കറിയാം. എന്നാല്‍, ഇസ്ലാമിസ്റ്റുകളുടെ കാര്യത്തില്‍ - ഒരുപക്ഷെ അവസാനം മറ്റുള്ള എല്ലാവരുമായുള്ള ഇടപാടുകളിലും - ഇത് സുതാര്യതയുടെ കാര്യം മാത്രമാണ്. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍, നിങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നവരാണെങ്കില്‍ - നിങ്ങള്‍ ഒരിക്കലും കുഴപ്പത്തിലാകില്ല. യഥാര്‍ഥത്തില്‍, ഈ സമയത്ത്, ഞാന്‍ അവര്‍ക്ക് ഒരു പത്രപ്രവര്‍ത്തകന്‍ മാത്രമല്ല, മറിച്ച് അവരുടെ ഒരു അതിഥിയാണ്: അവര്‍ നിങ്ങളെ എല്ലാവരില്‍ നിന്നും എല്ലാത്തില്‍ നിന്നും സംരക്ഷിക്കും. അവര്‍ വിശ്വാസ ദാര്‍ഢ്യം ഉള്ള മനുഷ്യരാണ്. എല്ലാ വിശ്വാസികളെയും പോലെ അവരും വാക്ക് പാലിക്കുന്നവരാണ്.

ഞാന്‍ സര്‍വകലാശാലയില്‍ പഠിച്ച ഹമാസിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വീണ്ടും വായിക്കുന്നതായിരുന്നു എന്നെ ഏറ്റവും ആകര്‍ഷിച്ചത്. ഏകദേശം പത്ത് വര്‍ഷം മുമ്പ് ഹമാസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു, അപ്പോള്‍ ഉപരോധം ആരംഭിക്കുന്നതേയുള്ളൂ. അക്കാലത്ത് ഫതഹുമായി തെരുവ് ഏറ്റുമുട്ടലുകളും റേഡിയോ സ്റ്റേഷനുകള്‍, സംഗീതം, മദ്യം, സിഗരറ്റ് മുതലായവയ്ക്കെതിരായ റെയ്ഡുകളും ഉണ്ടായിരുന്നു. ദുര്‍ഗുണത്തിന്റെയും ധര്‍മത്തിന്റെയും പൊലീസ് ഉണ്ടായിരുന്നു വാര്‍ത്തകളില്‍. ഒപ്പം മറ്റ് ഒരുപാട് സംഘര്‍ഷങ്ങളും. ആ പുസ്തകങ്ങള്‍ എല്ലാം തന്നെ ശരീഅത്ത് നിയമത്തെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്: കള്ളന്മാരുടെ കൈകള്‍ വെട്ടിമാറ്റുന്ന, സ്ത്രീകളെ വേര്‍തിരിക്കുന്ന, ഒരു ഭാവിയെക്കുറിച്ച്. എന്നാല്‍, ഇപ്പോള്‍ എനിക്ക് ഉപയോഗപ്രദമായ ഒരു പേജ് പോലും അവയില്‍ ഉണ്ടായിരുന്നില്ല. അവയെല്ലാം ഇസ്ലാമിനെ കുറിച്ചും ഇസ്ലാമും ജനാധിപത്യവും തമ്മിലുള്ള പൊരുത്തക്കേടുകളെയും കുറിച്ചുള്ള പുസ്തകങ്ങളായിരുന്നു. എന്നാല്‍, അതിന് പകരം, ഇന്ന് പത്ത് വര്‍ഷത്തിന് ശേഷം, ഞങ്ങള്‍ തൊഴിലിനെക്കുറിച്ചും അതിന് ജീവിതവുമായി പൊരുത്തത്തെ കുറിച്ചും സംസാരിച്ചു.

ഞാന്‍ ഒരു ഹിജാബ് ധരിച്ചാണ് എത്തിയത്, എന്നത് സത്യമാണ്, ബഹുമാന സൂചകമായി മാത്രം. പക്ഷേ, അവരെല്ലാം എന്നോടുള്ള അവരുടെ ബഹുമാനത്തിന്റെ അടയാളമായി നിര്‍ബന്ധിച്ചതിനാല്‍, അവസാനം എനിക്ക് അത് എടുത്തുകളയേണ്ടി വന്നു.

ഗസ്സ ആഴത്തില്‍ മാറിയിരിക്കുന്നു. യഥാര്‍ഥത്തില്‍, അത് തകര്‍ന്നു കൊണ്ടിരിക്കുന്നു - അയായത് ശാരീരികമായും മാനസികമായും തകര്‍ന്നു - എന്നതിനപ്പുറം ഈ സ്ഥലം മനോഹരമാണ്. കാരണം, അത് സൂര്യനോടൊപ്പം കടലിനെ അഭിമുഖീകരിച്ചിരുന്നു. ചില തെരുവുകളില്‍, മണല്‍, ഈന്തപ്പനകള്‍, മലകയറുന്ന ഈ പൂക്കള്‍ - ഓരോ ഘട്ടത്തിലും, അത് എന്തായിരിക്കുമെന്നതിനെ കുറിച്ച് നിങ്ങളെ ഓര്‍മിപ്പിക്കുന്നു.

ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കഫേകളില്‍ ഒന്ന് ഇവിടെയാണ്. ഒരു ബോയിലറും പഴയ ഇരുമ്പ് വിളക്കുകളും ഉള്ള വെറുമൊരു മരവണ്ടി, പഴയ ഒഴിഞ്ഞ വിസ്‌കി കുപ്പികള്‍ അടുക്കി വെച്ച, ഉമ്മു കുല്‍ത്തൂമിന്റെ ചിത്രങ്ങള്‍ക്ക് ഇടയില്‍ ചെഗുവേരയുടെ ഒരു ഛായാചിത്രം ഉണ്ട്. പിന്നെ, ചെറിയ ക്യാനുകള്‍ കത്തിച്ചു വെച്ച മെഴുകുതിരികള്‍, കാരണം ഗാസയില്‍ വൈദ്യുതി ഇല്ല. പ്ലാസ്റ്റിക് ടേബിളുകളില്‍ വിളമ്പുന്ന ഒരു ഡോളര്‍ വിലയുള്ള നെസ്‌കഫേ മാത്രമേ അവരുടെ പക്കലുള്ളൂ. എന്നാല്‍, ഇതിന് ഒരു പാരീസിയന്‍ കഫേയുടെ അന്തരീക്ഷമുണ്ട്. കാരണം, ഇത് ഈ ഇരുപതുകാരുടെ ഹാങ്ഔട്ട് സ്ഥലമാണ്. അവര്‍ ഒരിക്കലും പുറത്തു പോയിട്ടില്ല. എന്നിട്ടും എന്നെ അത്ഭുതപ്പെടുത്തി, അവര്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. അവര്‍ക്ക് എണ്ണമറ്റ പദ്ധതികളും അനന്തമായ ഊര്‍ജവുമുണ്ട്. ഞാന്‍ ഹീബ്രുവിലേക്കും മറ്റ് ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അവര്‍ എന്നെ എല്ലാ തവണയും കാണാന്‍ ആഗ്രഹിക്കുന്നു.

'ഞാന്‍ 25 വര്‍ഷം ജയിലില്‍ കിടന്നു. ഈ ഇരിക്കുന്ന ആള്‍ക്ക് ഒരു മകനെ നഷ്ടപ്പെട്ടു- ഒരു റെയ്ഡില്‍ കൊന്നതാണ്. നിങ്ങള്‍ക്ക് വേണ്ടി തര്‍ജമ ചെയ്യുന്ന ആള്‍ക്ക് രണ്ട് സഹോദരങ്ങളെ നഷ്ടപ്പെട്ടു. നിങ്ങള്‍ക്ക് ചായ തന്ന ആള്‍ക്ക് ഇന്‍ഫെക്ഷന്‍ കാരണം ഭാര്യയെ നഷ്ടപെട്ടു. ചെറിയ ഒരു മുറിവ്, പക്ഷേ ഇവിടെ ആന്റിബയോട്ടിക്കുകള്‍ ഇല്ലായിരുന്നു. വെറും ഒരു ഫാര്‍മസിസ്റ്റിന് ചികിത്സിക്കാവുന്ന ഒരു പ്രശ്‌നത്തിന് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. അപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാം എളുപ്പമാണെന്നാണോ നിങ്ങള്‍ കരുതുന്നത്? അതിനാല്‍ ഒരു വെടിനിര്‍ത്തലില്‍ നമുക്ക് പുനരാരംഭിക്കാം. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ജീവിതം ഞങ്ങളുടെ മക്കള്‍ക്ക് കിട്ടട്ടെ. അവര്‍ ഞങ്ങളേക്കാള്‍ മികച്ചവര്‍ ആയിരിക്കും. മറ്റൊരു ജീവിതം, അതില്‍ അവര്‍ മറ്റൊരു ഭാവി പടുത്തുയര്‍ത്തും.'

ഇവിടെ ഇസ്രായേല്‍ എന്നാല്‍ ടാങ്കുകള്‍, വ്യോമാക്രമണങ്ങള്‍, അല്ലാതെ മറ്റൊന്നുമല്ല. അവരില്‍ ഭൂരിഭാഗവും ഒരു ഇസ്രായേലിയെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇത് റാമല്ല അല്ല, അവര്‍ ഇവിടെ ഏറ്റവും മോശമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നു. അതായത് അങ്ങേയറ്റം മോശമായി. എല്ലായിടത്തും മുറിവേറ്റവരെയും അംഗവൈകല്യം സംഭവിച്ചവരെയും നിങ്ങള്‍ക്ക് കാണാം; അതിന്റെ കൂടെ ക്രൂരമായ ദാരിദ്ര്യവും. അതിനാല്‍ എന്നെ ഇവിടെ കാണാതിരിക്കാനുള്ള അവര്‍ക്ക് എല്ലാ അവകാശവും അവര്‍ക്ക് ഉണ്ട്. തീര്‍ച്ചയായും, ഞാന്‍, ഇസ്രായേലി അല്ല, ഒരു ഇറ്റലിക്കാരനാണ്. അത് ഒരു വ്യത്യാസമുണ്ടാക്കുന്നു. അവര്‍ പറയുന്നു: ഞങ്ങളെ ഉപരോധിക്കുന്നത് ഇറ്റലിയല്ല; നമ്മള്‍ അഭിസംബോധന ചെയ്യേണ്ടത് ഇറ്റലിയെയല്ല. അവരെല്ലാം ഇസ്രായേലിനെ അഭിസംബോധന ചെയ്യാന്‍ ആഗ്രഹിക്കുന്നു.

യഹ്‌യ സിന്‍വാര്‍ ഗാസയെപ്പോലെയാണ്: ഇതെല്ലാം സംഭവിച്ചിട്ടും ഒരു സാധാരണത്വം. ഞാന്‍ ഓണ്‍ലൈനില്‍ കണ്ടെത്തിയ കുറച്ച് ഫോട്ടോകളില്‍, അദ്ദേഹത്തിന് ഒരു കടുത്ത ഭാവമുണ്ട്. എന്നാല്‍, നേരിട്ട് കണ്ടയാള്‍ മറ്റുള്ളവരെപ്പോലെ ഒരു സാധാരണ മനുഷ്യനാണ്; ഒരു ലളിതമായ മനുഷ്യന്‍, എപ്പോഴും ചാരനിറത്തിലുള്ള ഷര്‍ട്ടില്‍. അദ്ദേഹത്തിന്റെ എല്ലാ ഉപദേശകരെയും പോലെ വ്യതിരിക്തമായ സവിശേഷതകളൊന്നും ഉണ്ടാകാതിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത.

തുരങ്കങ്ങളെ കുറിച്ച്, അതിലൂടെ നടക്കുന്ന കള്ളക്കടത്ത് സംബന്ധിച്ച് നിരവധി കിംവദന്തികള്‍ ഉണ്ട്. ഗാസയില്‍ തീര്‍ച്ചയായും ചില കോടീശ്വരന്മാരുണ്ട്, ചില സമ്പന്നരായ ബിസിനസുകാരുണ്ട്. എന്നാല്‍, ഒരു വൈകുന്നേരം ഞാന്‍ ചില ഹമാസ് നേതാക്കള്‍ക്കൊപ്പമിരിക്കുമ്പോള്‍-അതിനെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത്-പെട്ടെന്ന് എല്ലാവരും എഴുന്നേറ്റു. ഞാന്‍ അത് ഒരു പട്ടാള റെയ്ഡ് ആണെന്ന് വിചാരിച്ചു. പക്ഷേ അത് വൈദ്യുതിയുടെ ഒരു തിരിച്ചെത്തല്‍ ആയിരുന്നു. എല്ലാവരും അവരുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ തിരക്കുകൂട്ടി. കാരണം, മറ്റ് ജനങ്ങളെ എല്ലാവരെയും പോലെ അവര്‍ക്കും വൈദ്യുതിയും വെള്ളവും ഒന്നുമില്ല.


| ഫ്രാന്‍സെസ്‌ക ബോറി

ഇസ്രായേലികളെ സംബന്ധിച്ചിടത്തോളം സിന്‍വാര്‍ ഒരു ശത്രുവാണെന്നും തീവ്രവാദിയാണെന്നും എനിക്കറിയാം. അതുകൊണ്ട് ഈ അഭിമുഖം അവര്‍ക്ക് വായിക്കാന്‍ എളുപ്പമാവില്ല. നിങ്ങള്‍ക്ക് തോന്നുന്നത് ഒരിക്കലും എനിക്ക് അനുഭവിക്കാന്‍ കഴിയില്ലെന്നും എനിക്കറിയാം. പക്ഷേ, എനിക്ക് ഒരു കാര്യം നിങ്ങള്‍ക്ക് ഉറപ്പ് തരാന്‍ കഴിയും: ഞാന്‍ ഇവിടെയും ഏറ്റവും പ്രൊഫഷണല്‍ ആയ പത്രപ്രവര്‍ത്തനം ചെയ്യാന്‍ ആണ് ശ്രമിച്ചത്; ഒരു വിട്ടുവീഴ്ചയും കൂടാതെ കഠിനമായ ചോദ്യങ്ങള്‍ ചോദിക്കാന്‍. എന്നാല്‍, സിന്‍വാര്‍ എന്താണ് ചിന്തിക്കുന്നത്, എന്താണ് അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നത്, എന്തിനാണ് പരിശ്രമിക്കുന്നത് എന്ന് ഇസ്രായേല്‍ പൊതുജനം എന്തെല്ലാം ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കൂടി നേരിട്ട് അറിയേണ്ടത് വളരെ പ്രധാനമാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ തന്നെ ഹമാസുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു എന്നത്, മറുവശത്തെ കേള്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് കരുതിയ നാളുകള്‍ കടന്നുപോയി എന്നതിന്റെ മറ്റൊരു സൂചനയായി ഞാന്‍ കരുതുന്നു.

ഈ അഭിമുഖത്തിന്റെ തെരഞ്ഞെടുപ്പില്‍, യഥാര്‍ഥത്തില്‍ യഹ്‌യ സിന്‍വാറിന്റെ മറ്റൊരു പ്രത്യേകത കൂടി എനിക്ക് കാരണമായിട്ടുണ്ട്. അദ്ദേഹം വളരെ ശ്രദ്ധാലുവായ ഒരു കേള്‍വിക്കാരന്‍ ആണ്. ഒരിക്കലും ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നില്ല. എന്നാല്‍ ഒരിക്കല്‍, തീരുമാനം എടുത്ത് കഴിഞ്ഞാല്‍, അദ്ദേഹം ഉറച്ചു തന്നെ തീരുമാനിക്കുന്നു: അതില്‍ ധൈര്യവും നിശ്ചയദാര്‍ഢ്യവും ഉണ്ട് അദ്ദേഹത്തിന്. അതിനാവശ്യമായ നടപടികള്‍ അദ്ദേഹം സ്വീകരിക്കുന്നു. അതിനാല്‍ ഈ അഭിമുഖം അവസാനിക്കുന്ന വാക്കില്‍ തന്നെ അത് അവസാനിപ്പിക്കാന്‍ അദ്ദേഹം എന്നെ നിര്‍ബന്ധിച്ചു.

ഉച്ചരിച്ച വാക്കുകളെ കുറിച്ച് പറയുമ്പോള്‍, അദ്ദേഹം ഒരിക്കലും 'ഇസ്രായേല്‍' എന്ന പദം ഉപയോഗിച്ചില്ല എന്നത് ഞാന്‍ ശ്രദ്ധിച്ചു. ഒരു പക്ഷേ എനിക്ക് തെറ്റിയതായിരിക്കാം. എന്നാല്‍ അദ്ദേഹം എല്ലായ്‌പ്പോഴും പര്യായപദങ്ങള്‍ ഉപയോഗിക്കുന്നതുപോലെ എനിക്ക് തോന്നി: 'നെതന്യാഹു,' 'സൈന്യം,' 'മറുവശം.' എല്ലാറ്റിനുമുപരിയായി: 'അധിനിവേശം.' എന്നാല്‍ അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് എനിക്ക് ഉറപ്പുള്ള ചില പദങ്ങള്‍ ഉണ്ട് 'സയണിസ്റ്റ് സ്ഥാപനം' എന്നോ 'ജൂതന്മാര്‍' എന്നോ അദ്ദേഹം പറഞ്ഞില്ല. അതിന് പകരം 'അധിനിവേശം' എന്ന് മാത്രം ഉപയോഗിച്ചു.

അഭിമുഖം:

നിങ്ങളെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. നിങ്ങള്‍ തികച്ചും സ്വകാര്യത സൂക്ഷിക്കുന്ന ആളാണ് എന്നാണ് പറയപ്പെടുന്നത്, വളരെ കുറച്ച് സംസാരിക്കുന്ന ആളാണ്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വളരെ അപൂര്‍വമായി മാത്രമേ സംസാരിക്കാറുള്ളൂ. യഥാര്‍ഥത്തില്‍, നിങ്ങള്‍ ആദ്യമായിട്ടാണ് പാശ്ചാത്യ മാധ്യമങ്ങളുമായി സംസാരിക്കുന്നത് തന്നെ. എന്നാല്‍, നിങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി ഹമാസിനെ നയിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ തീരുമാനിച്ചത്?

'കാരണം ഇപ്പോള്‍ മാറ്റത്തിനുള്ള ഒരു യഥാര്‍ഥ അവസരം ഞാന്‍ കാണുന്നു.'

ഒരു അവസരം? ഇപ്പോള്‍?

'ഇപ്പോള്‍. അതെ.'

സത്യം പറഞ്ഞാല്‍, ഇവിടെ നമ്മള്‍ കാണുന്നത് ഒരു പുതിയ യുദ്ധമാണ്. കഴിഞ്ഞ ജൂണില്‍ ഞാന്‍ ഗസ്സയിലായിരുന്നു, അത് പതിവുപോലെ തന്നെ ആയിരുന്നു: പറക്കുന്ന ബുള്ളറ്റുകള്‍, കണ്ണീര്‍ വാതകം, എല്ലായിടത്തും മുറിവേറ്റ മനുഷ്യര്‍. പിന്നെ വ്യോമാക്രമണങ്ങള്‍, റോക്കറ്റുകള്‍, കൂടുതല്‍ വ്യോമാക്രമണങ്ങള്‍. വെടിയേറ്റ് വീഴാനുള്ള സുവര്‍ണ്ണാവസരങ്ങള്‍. ഏപ്രില്‍ മുതല്‍, ഈ ഏറ്റവും പുതിയ പ്രതിഷേധ തരംഗത്തിന്റെ തുടക്കം മുതല്‍, നിങ്ങളില്‍ പെട്ട 200-ഓളം പേര്‍ മരിച്ചു.

'മറുവശത്താകട്ടെ, ഒരാള്‍ മാത്രമേ മരിച്ചിട്ടുള്ളൂ. പക്ഷേ, ഒന്നാമതായി, 'യുദ്ധം' എന്നത് തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന ഒരു പദമാണെന്ന് ഞാന്‍ പറയും: ചില സമയങ്ങളില്‍ മാത്രം യുദ്ധം നടക്കുന്നു എന്നതല്ല. എല്ലാ ദിവസങ്ങളിലും ഞങ്ങള്‍ അധിനിവേശത്തിലാണ്. വ്യത്യസ്തമായ തീവ്രതയില്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും ആക്രമിക്കപ്പെടുന്നു. പക്ഷേ, സത്യം ഇതാണ്, ഒരു യുദ്ധം ആര്‍ക്കും നല്ലതിനല്ല. അത് ഞങ്ങളുടെ തെരെഞ്ഞെടുപ്പല്ല. കവണകള്‍ കൊണ്ട് ഒരു ആണവശക്തിയെ നേരിടാന്‍ ആര് ആഗ്രഹിക്കാന്‍? പക്ഷേ, ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൂടി, നെതന്യാഹുവിന് ഒരു വിജയം പരാജയത്തേക്കാള്‍ മോശമായിരിക്കും. കാരണം, ഇത് അയാളുടെ നാലാമത്തെ യുദ്ധമായിരിക്കും. അതയാള്‍ക്കു ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തേയും പോലെ അവസാനിപ്പിക്കാന്‍ കഴിയില്ല. ഇനി അവര്‍ ഗസ്സ ഏറ്റെടുക്കേണ്ടി വരും. കൂടാതെ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ ഒഴിവാക്കാനും അവിടെ ജൂതഭൂരിപക്ഷമായി നിലനിര്‍ത്താനും ശ്രമിക്കുന്ന അവര്‍ക്ക് വേറെ രണ്ട് ദശലക്ഷം അറബികളെ കൂടി വേണമെന്നും ഞാന്‍ കരുതുന്നില്ല. ഇല്ല, ഈ യുദ്ധം ഒന്നും നേടുന്നില്ല.'

ഹമാസിന്റെ സൈനിക വിഭാഗത്തില്‍ നിന്നുള്ള ഒരാളില്‍ നിന്ന് ഈ വാക്കുകള്‍ വിചിത്രമായി തോന്നുന്നു.

'ഞാന്‍ ഒരു മിലിഷ്യയുടെ നേതാവല്ല, ഞാന്‍ ഹമാസില്‍ നിന്നുള്ള ആളാണ്. അത്രയേയുള്ളൂ. ഞാന്‍ ഹമാസിന്റെ ഗസ്സ നേതാവാണ്. ഒരു മിലിഷ്യയെക്കാള്‍ വളരെ സങ്കീര്‍ണ്ണമായ ഒരു ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ നേതാവാണ് ഞാന്‍. എന്റെ ജനങ്ങളുടെ ഒപ്പം പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ പ്രധാന കടമ. എന്റെ ജനങ്ങളുടെ താല്‍പ്പര്യം: അതിനെ സംരക്ഷിക്കാനും അവരുടെ വിമോചനത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിനും കൂടെ നില്‍ക്കുക എന്നത്. ഒരു യുദ്ധ പത്രപ്രവര്‍ത്തക ആയ നിങ്ങള്‍ യുദ്ധം ഇഷ്ടപ്പെടുന്നുണ്ടോ?''

ഒരിക്കലുമില്ല.

'പിന്നെ ഞാനെന്തിന് അതാഗ്രഹിക്കണം? യുദ്ധം എന്താണെന്ന് അറിയുന്നവന്‍ ഒരിക്കലും യുദ്ധം ഇഷ്ടപ്പെടുന്നില്ല.'

എന്നാല്‍, ഈ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ പോരാടുകയായിരുന്നു.

'ഇനി യുദ്ധം ചെയ്യില്ലെന്ന് ഞാന്‍ ഒരിക്കലും പറയുന്നില്ല, എനിക്ക് ഇനി യുദ്ധം വേണ്ട എന്നാണ് ഞാന്‍ പറയുന്നത്. എനിക്ക് ഈ ഉപരോധത്തിന് ഒരു അവസാനം വേണം. നിങ്ങള്‍ സൂര്യാസ്തമയ സമയത്ത് കടല്‍ത്തീരത്തേക്ക് നടക്കുക, ഈ കൗമാരക്കാരെയെല്ലാം നിങ്ങള്‍ കാണുന്നു. കടലിനക്കരെയുള്ള ലോകം എങ്ങനെയുണ്ടെന്ന് ആശ്ചര്യപ്പെടുന്നവരാണ് അവര്‍. എന്ത് ജീവിതം ആണ് അവരുടെത്? അതാരുടെയും മനസ്സിനെ മുറിപ്പെടുത്തും. അവര്‍ മോചിപ്പിക്കപെടുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.''

പതിനൊന്ന് വര്‍ഷമായി അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ഗസ്സയില്‍ ഇപ്പോള്‍ വെള്ളമില്ല, കടല്‍ വെള്ളം മാത്രം. ഇവിടെ ആളുകള്‍ എങ്ങനെ ജീവിക്കുന്നു?

'നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്? ജനസംഖ്യയുടെ 55 ശതമാനവും 15 വയസ്സിന് താഴെയുള്ളവരാണ്. നമ്മള്‍ തീവ്രവാദികളെക്കുറിച്ചല്ല സംസാരിക്കുന്നത്, കുട്ടികളെക്കുറിച്ചാണ്. അവര്‍ക്ക് ഒരു രാഷ്ട്രീയ ചായ്‌വും ഇല്ല. ഭയം മാത്രമേ ഉള്ളൂ. എനിക്ക് അവരെ സ്വതന്ത്രരായി കാണണം.'

ജനസംഖ്യയുടെ 80 ശതമാനവും സഹായത്തെയാണ് ആശ്രയിക്കുന്നത്. കൂടാതെ 50 ശതമാനം ഭക്ഷ്യസുരക്ഷയില്ലാത്തവരാണ് - അതായത് 50 ശതമാനം പേര്‍ വിശപ്പ് അനുഭവിക്കുന്നു. യുഎന്‍ പറയുന്നതനുസരിച്ച്, താമസിയാതെ ഗസ്സ ജീവിക്കാന്‍ യോഗ്യമല്ലാതായി മാറും. എന്നിട്ടും ഹമാസിന് തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ വഴികള്‍ ഉണ്ട്.

ദയവായി 'വിജയം' എന്ന വാക്ക് ഒഴിവാക്കുക. കാരണം, മരുന്ന് കിട്ടാതെ മാരകരോഗികളായി തുടരുന്ന എല്ലാ രോഗികള്‍ക്കും, അതിര്‍ത്തി തുറക്കാന്‍ അതിന്റെ പുറത്ത് അക്ഷമയോടെ കാത്തിരിക്കുന്ന മനുഷ്യര്‍ക്കും അങ്ങേയറ്റം പീഡനാത്മകമാണ് ആ പദം. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഒന്നും കൊടുക്കാനില്ലാത്തത് കൊണ്ട് ഈ രാത്രി അവരുടെ മുഖത്ത് നോക്കാന്‍ ഭയപ്പെടുന്ന എല്ലാ പിതാക്കന്മാരും ആ പദം വേദനാജനകമാണ്. നമ്മള്‍ എന്ത് വിജയത്തെക്കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്?'

'ഭാഗ്യവശാല്‍ അതേ. അല്ലെങ്കില്‍ ഞങ്ങള്‍ എല്ലാവരും മരിച്ചുപോകുമായിരുന്നു. നിങ്ങള്‍ ഇങ്ങനെ കാര്യങ്ങള്‍ കാണുന്നത്, സയണിസ്റ്റ് നുണ പ്രചരണം ആവര്‍ത്തിക്കുന്ന രീതിയില്‍ ആണ്. ഉപരോധം തുരങ്കങ്ങള്‍ക്ക് ശേഷം വന്നതല്ല; അത് തുരങ്കങ്ങളോടുള്ള പ്രതികരണവും ആയിരുന്നില്ല. എല്ലാം നേരെ മറിച്ചാണ്. ഒരു ഉപരോധവും മാനുഷിക പ്രതിസന്ധിയും ഞങ്ങളുടെ മേല്‍ അടിച്ചേല്‍പിച്ചു. കുട്ടികള്‍ക്ക് വേണ്ട പാല്‍ പോലും ഉപരോധിക്കപ്പെട്ട ഒരു സമയത്തിലൂടെ ഞങ്ങള്‍ കടന്നുപോയി. അതിജീവിക്കാന്‍ ഞങ്ങള്‍ക്ക് തുരങ്കങ്ങള്‍ കുഴിക്കുക അല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു.'

ഞാന്‍ ഉദ്ദേശിച്ചത് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടല്ലോ. നിങ്ങള്‍ക്ക് ഇതില്‍ എന്തെങ്കിലും ഉത്തരവാദിത്തമുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ?

'ഉത്തരവാദിത്തം ഉപരോധിക്കുന്നവനല്ലേ, ഉപരോധിക്കപ്പെടുന്നവര്‍ക്കല്ലോ? അതീവ മാരകവും അന്യായവുമായ ഈ ഉപരോധം അവസാനിപ്പിക്കാന്‍ ഞങ്ങളെ സഹായിക്കുന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. ഞാന്‍ പ്രത്യേകിച്ച് അന്താരാഷ്ട്ര സമൂഹത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. കാരണം ഗസ്സക്ക് ഇങ്ങനെ തുടരാന്‍ കഴിയില്ല. ഇവിടെ സ്ഥിതിഗതികള്‍ സുസ്ഥിരമല്ല, ഈ രീതിയില്‍, ഒരു വിസ്‌ഫോടനം ഒഴിവാക്കാനാവില്ല.''

അപ്പോള്‍ നിങ്ങള്‍ തോക്കുകള്‍ക്ക് പകരം പാല്‍ വാങ്ങാത്തത് എന്തുകൊണ്ട്?

'ഞങ്ങള്‍ (തോക്കുകള്‍) വാങ്ങിയിരുന്നില്ലെങ്കില്‍, ഞങ്ങള്‍ ആരും ഇപ്പോള്‍ ജീവിച്ചിരിക്കില്ലായിരുന്നു. ഞങ്ങള്‍ അത് വാങ്ങി, അതില്‍ വിഷമിക്കേണ്ട. അതിന്റെ കൂടെ ഞങ്ങള്‍ പാലും വാങ്ങി: ഭക്ഷണവും മരുന്നും അങ്ങനെ പലതും. ഞങ്ങള്‍ രണ്ട് ദശലക്ഷം ആളുകളാണ് ഇവിടെ. രണ്ട് ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണവും മരുന്നും വാങ്ങുന്നതിന്റെ കാഠിന്യം എന്താണെന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ധാരണയുണ്ടോ? തുരങ്കങ്ങള്‍ വളരെ പരിമിതമായ രീതിയില്‍ മാത്രമേ പോരാട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നുള്ളൂ. അങ്ങനെ അല്ലെങ്കില്‍ ഞങ്ങള്‍ പട്ടിണിയില്‍ അല്ലെങ്കില്‍ വര്‍ഷിക്കപ്പെടുന്ന ബോംബുകളില്‍ അവസാനിക്കും. ഹമാസ് പോരാട്ടങ്ങള്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്നാണ് ചെലവഴിക്കുന്നത്. അതൊരിക്കലും പൊതുജനങ്ങളുടെ പണം കൊണ്ടല്ല, സ്വന്തം പോക്കറ്റില്‍ നിന്ന്.''

അപ്പോള്‍ ഹമാസ് ഭരണത്തെ നല്ല രീതിയില്‍ ചലിപ്പിക്കുന്നു?

'ഗസ്സയില്‍ അധികാരത്തില്‍ ഇരിക്കുന്നത് പാരീസില്‍ അധികാരത്തിലിരിക്കുന്നതുപോലെയാണെന്നാണോ നിങ്ങള്‍ കരുതുന്നത്? കാര്യക്ഷമതയ്ക്കും സുതാര്യതയ്ക്കും ഉള്ള ഞങ്ങളുടെ പ്രശസ്തി മാത്രം കാരണം ഞങ്ങള്‍ വര്‍ഷങ്ങളോളം പല മുനിസിപ്പാലിറ്റികളിലും അധികാരത്തിലുണ്ട്. തുടര്‍ന്ന് 2006-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയിച്ചു. ഉടനെ ഞങ്ങളെ കരിമ്പട്ടികയില്‍ പെടുത്തി. ഞങ്ങള്‍ക്ക് വൈദ്യുതി നിഷേധിക്കുന്നു, അതിനാല്‍ ഞങ്ങളുടെ എല്ലാകാര്യങ്ങളും ബുദ്ധിമുട്ടിലാണ്. പക്ഷേ, ഞങ്ങള്‍ക്ക് എഞ്ചിനീയര്‍മാര്‍ ഇല്ല എന്നാണോ നിങ്ങള്‍ കരുതുന്നത്? ഒരു ടര്‍ബൈന്‍ ചലിപ്പിക്കാന്‍ കഴിയാത്തവരാണ് ഞങ്ങള്‍ എന്നാണോ? പക്ഷേ, എങ്ങനെ അവര്‍ അത് ചെയ്യും? വെറും മണല്‍ കൊണ്ടോ? ഈ പട്ടണത്തില്‍ ഏറ്റവും മികച്ച ശസ്ത്രക്രിയാവിദഗ്ധനെ നിങ്ങള്‍ക്ക് കിട്ടും. പക്ഷേ, അയാള്‍ക്ക് കത്തിയും മുള്ളും ഉപയോഗിച്ച് ഓപ്പറേഷന്‍ ചെയ്യാനാകുമെന്ന് നിങ്ങള്‍ അഭിനയിക്കുന്നു. പക്ഷേ, ഞങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതാണ് നിങ്ങളുടെ കണ്ണുകളെ ആശ്ചര്യപ്പെടുത്തേണ്ടത്.''

അപ്പോള്‍ ഹമാസ് വെടിനിര്‍ത്തലിനെ കുറിച്ച് ചിന്തിക്കുകയാണ്. ചര്‍ച്ചക്കാര്‍ അതിന് വേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നു. 'വെടിനിര്‍ത്തല്‍' എന്നതുകൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്?

'ഞാന്‍ ഉദ്ദേശിച്ചത് ഒരു വെടിനിര്‍ത്തല്‍. ശാന്തത. ഉപരോധത്തിന്റെ അവസാനം.'

നിശബ്ദതയ്ക്കായുള്ള നിശബ്ദത?

'ഇല്ല, കാത്തിരിക്കൂ, നിശ്ശബ്ദതയ്ക്കായുള്ള നിശബ്ദത എന്നാല്‍ ഉപരോധത്തിന്റെ അവസാനം. ഉപരോധം ഒരിക്കലും ശാന്തമല്ല.'

പിന്നെയും നിശ്ശബ്ദത... എത്ര കാലം?

'സത്യസന്ധമായും അതല്ല പ്രധാന വിഷയം. അതിനിടയില്‍ എന്ത് മാറ്റം സംഭവിക്കുന്നു എന്നതാണ് യഥാര്‍ഥത്തില്‍ പ്രധാനം. കാരണം, വെടിനിര്‍ത്തല്‍ എന്നാല്‍ ഞങ്ങളുടെ മേല്‍ ബോംബ് വര്‍ഷിക്കപ്പെടുകയില്ല എന്ന് മാത്രമല്ല അര്‍ഥമാക്കുന്നത്. ഇപ്പോഴും ഞങ്ങള്‍ക്ക് വെള്ളമില്ല, വൈദ്യുതിയില്ല, ഒന്നുമില്ല. ഞങ്ങള്‍ ഇപ്പോഴും ഉപരോധത്തിലാണ്. അതില്‍ ഒരു അര്‍ഥവും ഇല്ല. ഉപരോധം ഒരുതരം യുദ്ധമായതിനാല്‍, അത് അന്താരാഷ്ട്ര നിയമപ്രകാരം ഒരു കുറ്റകൃത്യമാണ്, അതിനാല്‍ ഉപരോധത്തില്‍ വെടിനിര്‍ത്തല്‍ ഇല്ല. ഞങ്ങള്‍ക്ക് സഹായം മാത്രമല്ല വേണ്ടത്. വെടിനിര്‍ത്തല്‍ സംഭവിക്കുക ഇവിടെ നിക്ഷേപങ്ങളും വികസനവും ഉണ്ടായാല്‍ ആണ്. ഞങ്ങള്‍ യാചകരല്ലാത്തതിനാല്‍, നിങ്ങളെ എല്ലാവരെയും പോലെ, ഞങ്ങള്‍ക്ക് ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും ആഗ്രഹമുള്ളതിനാല്‍ ജീവിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞാല്‍, അപ്പോള്‍ മാത്രമായിരിക്കും ഒരു വ്യത്യാസം ഞങ്ങള്‍ കാണുകയുള്ളൂ. ഞങ്ങള്‍ ആവുന്നതിന്റെ പരമാവധി ചെയ്യാന്‍ ശ്രമിക്കും. പക്ഷേ, ഇവിടെ സമാധാനവും സുരക്ഷയും ഇല്ല. ഈ മേഖലയില്‍ എവിടെയും ഇല്ല. ശ്മശാനത്തിന്റെ സമാധാനം ഞാന്‍ ആഗ്രഹിക്കുന്നില്ല.'

ശരി, പക്ഷേ ഇത് നിങ്ങള്‍ക്ക് സ്വയം പുനഃസംഘടിപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമായിരിക്കാം. ആറു മാസത്തിനുള്ളില്‍ നിങ്ങള്‍ വീണ്ടും യുദ്ധത്തിലേക്ക് പോകും. ഇസ്രായേല്‍ നിങ്ങളെ എന്തിന് വിശ്വസിക്കണം?

'ഒന്നാമതായി, ഞാന്‍ ഒരിക്കലും യുദ്ധത്തിന് പോയിട്ടില്ല-യുദ്ധം എന്നിലേക്ക് വരികയാണുണ്ടായത്. എന്റെ ചോദ്യം, സത്യത്തില്‍, മറ്റൊന്നാണ്, നേരെ വിപരീതമാണ്. ഞങ്ങള്‍ എന്തിന് അവരെ വിശ്വസിക്കണം? 2005-ല്‍ അവര്‍ ഗസ്സ വിട്ടു, പക്ഷേ, അതുവഴി അവര്‍ അധിനിവേശം പുനര്‍രൂപകല്‍പ്പന ചെയ്തു. അവര്‍ അകത്തായിരുന്നു, പക്ഷേ അതിനു ശേഷം അവര്‍ ഞങ്ങളുടെ അതിര്‍ത്തികള്‍ അടച്ചു. ഇപ്പോള്‍ അവരുടെ മനസ്സില്‍ ഇരിപ്പ് എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കറിയാം? പക്ഷേ, അങ്ങനെയാണ് പരസ്പര വിശ്വാസം പ്രവര്‍ത്തിക്കുന്നത്. ഒരു പക്ഷേ അത് ഞങ്ങളുടെ പരാജയം ആയിരിക്കാം, ഞങ്ങള്‍ എപ്പോഴും ആലോചിക്കുന്നത് ആരാണ് ആദ്യത്തെ കാലടി മുന്നോട്ട് വെക്കുന്നത് എന്നതാണ്, ''ഞങ്ങളോ അവരോ?''

ശരി, പക്ഷേ, വീണ്ടും... വെടിനിര്‍ത്തല്‍ വിജയിച്ചില്ലെങ്കില്‍?

'എന്നാല്‍, അത് പ്രവര്‍ത്തിക്കുകയാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? അതാണ് അതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നതിനുള്ള ഞങ്ങള്‍ക്കുള്ള ശക്തമായ പ്രേരണ, അല്ലേ? ഒരു നിമിഷം നമ്മള്‍ ഗസ്സയെ കുറിച്ച് യഥാര്‍ഥത്തില്‍ ഉള്ളതുപോലെ സങ്കല്‍പ്പിച്ചു നോക്കൂ. ഒന്നും, വളരെക്കാലം മുമ്പായിരുന്നില്ല. 1950-കളിലെ ചില ഫോട്ടോകള്‍ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഞങ്ങള്‍ക്കിവിടെ ലോകത്തെമ്പാടും നിന്നുള്ള ധാരാളം ടൂറിസ്റ്റുകള്‍ ഉണ്ടായിരുന്നു.''

അതെ, ഗസ്സയില്‍ ധാരാളം കഫേകളും കടകളും ഈന്തപ്പനകളും ഉണ്ടായിരുന്നു. ആ ഫോട്ടോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

'എന്നാല്‍ ഇന്നും അതുണ്ട്. നമ്മുടെ യുവാക്കള്‍ എത്ര മിടുക്കരാണെന്ന് നിങ്ങള്‍ കണ്ടോ? ഇതെല്ലാം നേരിടേണ്ടി വന്നിട്ടും. അവര്‍ എത്ര കഴിവുള്ളവരും നൂതനവും ചലനാത്മകവുമാണ്? പഴയ ഫാക്‌സ് മെഷീനുകളും കമ്പ്യൂട്ടറുകളും ഉപയോഗിച്ച് ഞങ്ങളുടെ ഇരുപതുകാരുടെ ഒരു സംഘം ഒരു ത്ീഡി പ്രിന്റര്‍ ഉണ്ടാക്കി. ഇവിടെ പ്രവേശനം അനുവദിക്കാത്ത മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി. ഇതാണ് ഗസ്സ. ഞങ്ങളുടെ കുട്ടികള്‍ നഗ്‌നപാദരായ അഗതികള്‍ അല്ല. ഞങ്ങള്‍ക്ക് ഒരു സിംഗപ്പൂരോ ദുബൈ ആയോ മാറാന്‍ കഴിയും. അതിനാല്‍ ഞങ്ങള്‍ക്ക് സമയം നല്‍കുക. ഞങ്ങളുടെ മുറിവുകള്‍ ഉണക്കുക. ഞാന്‍ 25 വര്‍ഷം ജയിലില്‍ കിടന്നു. ഈ ഇരിക്കുന്ന ആള്‍ക്ക് ഒരു മകനെ നഷ്ടപ്പെട്ടു- ഒരു റെയ്ഡില്‍ കൊന്നതാണ്. നിങ്ങള്‍ക്ക് വേണ്ടി തര്‍ജമ ചെയ്യുന്ന ആള്‍ക്ക് രണ്ട് സഹോദരങ്ങളെ നഷ്ടപ്പെട്ടു. നിങ്ങള്‍ക്ക് ചായ തന്ന ആള്‍ക്ക് ഇന്‍ഫെക്ഷന്‍ കാരണം ഭാര്യയെ നഷ്ടപെട്ടു. ചെറിയ ഒരു മുറിവ്, പക്ഷേ ഇവിടെ ആന്റിബയോട്ടിക്കുകള്‍ ഇല്ലായിരുന്നു. വെറും ഒരു ഫാര്‍മസിസ്റ്റിന് ചികിത്സിക്കാവുന്ന ഒരു പ്രശ്‌നത്തിന് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. അപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാം എളുപ്പമാണെന്നാണോ നിങ്ങള്‍ കരുതുന്നത്? അതിനാല്‍ ഒരു വെടിനിര്‍ത്തലില്‍ നമുക്ക് പുനരാരംഭിക്കാം. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ജീവിതം ഞങ്ങളുടെ മക്കള്‍ക്ക് കിട്ടട്ടെ. അവര്‍ ഞങ്ങളേക്കാള്‍ മികച്ചവര്‍ ആയിരിക്കും. മറ്റൊരു ജീവിതം, അതില്‍ അവര്‍ മറ്റൊരു ഭാവി പടുത്തുയര്‍ത്തും.'

നിങ്ങള്‍ എല്ലാം ഉപേക്ഷിക്കുകയാണോ?

'ഒരു സാധാരണ ജീവിതം ലഭിക്കാന്‍ ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ പാടുപെടുകയാണ്. അധിനിവേശവും ആക്രമണവും ഇല്ലാത്ത ഒരു ജീവിതം. ഞങ്ങള്‍ കീഴടങ്ങുകയല്ല, ഞങ്ങള്‍ അതിജീവിക്കുകയാണ്.

ഈ വെടിനിര്‍ത്തല്‍ സമയത്ത്, ഹമാസ് അവരുടെ ആയുധങ്ങള്‍ സൂക്ഷിക്കുമോ? അല്ലെങ്കില്‍ നീല ഹെല്‍മെറ്റുകളെ പോലെയുള്ള അന്താരാഷ്ട്ര സംരക്ഷണം നിങ്ങള്‍ സ്വീകരിക്കുമോ? സ്രെബ്രെനിക്കയെ പോലെ? നിങ്ങള്‍ ചെയ്യില്ല എന്നാണ് എന്റെ അനുമാനം.

'നിങ്ങള്‍ ഊഹിച്ചത് ശരിയാണ്.'

ക്ഷമിക്കണം, ഞാന്‍ അതില്‍ ഊന്നുകയാണ്. അങ്ങനെയാണെങ്കില്‍ ഈ വെടിനിര്‍ത്തല്‍ പ്രവര്‍ത്തിക്കില്ലേ? നിങ്ങള്‍ക്കറിയാമല്ലോ, ഭൂതകാലം ശരിക്കും പ്രതീക്ഷ നല്‍കുന്നില്ല. ഇതുവരെ, കടുത്ത നിലപാടുകള്‍ ഉള്ളവര്‍ എല്ലാ ഒത്തുതീര്‍പ്പ് ശ്രമത്തെയും പരാജയപ്പെടുത്തിയിട്ടുണ്ട്.

'ഒന്നാമതായി, നിങ്ങള്‍ തികച്ചും ആത്മവിശ്വാസത്തിലാണ് സംസാരിക്കുന്നത് എന്ന് തോന്നുന്നു, പക്ഷേ ഇതുവരെ ഒരു കരാറും ഉണ്ടായിട്ടില്ല. ഞങ്ങള്‍ അതില്‍ ഒപ്പിടാന്‍ തയ്യാറാണ്, ഹമാസ് മാത്രമല്ല മിക്കവാറും എല്ലാ ഫലസ്തീന്‍ ഗ്രൂപ്പുകളും അതില്‍ ഒപ്പിടാനും അത് പാലിക്കാനും തയ്യാറാണ്. എന്നാല്‍, ഞങ്ങള്‍ വീണ്ടും ആക്രമിക്കപ്പെടുകയാണെങ്കില്‍, ഞങ്ങള്‍ എല്ലായ്‌പ്പോഴും ചെയ്തത് വീണ്ടും ചെയ്യേണ്ടി വരും, അതായത് പ്രതിരോധം. ഒരു പുതിയ യുദ്ധം നടക്കും. ഒരു വര്‍ഷത്തിന് ശേഷം നിങ്ങള്‍ വീണ്ടും ഇവിടെ വരും. വ്യക്തമാണ് ഞാന്‍ ഇപ്പോള്‍ പറഞ്ഞത് അപ്പോഴും ആവര്‍ത്തിക്കും: യുദ്ധം കൊണ്ട് ആരും ഒന്നും നേടുന്നില്ല എന്ന്''

നിങ്ങള്‍ക്ക് പ്രതീകാത്മക ആയുധങ്ങള്‍ മാത്രമേ ഉള്ളൂ: റോക്കറ്റുകള്‍. വളരെ ദുര്‍ബലമായ റോക്കറ്റുകള്‍, സാധാരണയായി അയണ്‍ ഡോം വഴി ഇസ്രായേല്‍ അതിനെ തടയുന്നു. അതിന് പ്രതികരണമായി കൂടുതല്‍ ശക്തമായ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിക്കുന്നു. ആയിരക്കണക്കിന് ഫലസ്തീനികള്‍ ഇങ്ങനെ കൊല്ലപ്പെട്ടു. റോക്കറ്റുകള്‍ നിങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ പ്രയോജനപ്പെട്ടിട്ടുണ്ടോ?

'നമുക്ക് ഇത് വ്യക്തമായി നോക്കാം: അന്താരാഷ്ട്ര നിയമപ്രകാരം സായുധ പ്രതിരോധം ഞങ്ങളുടെ അവകാശമാണ്. ഞങ്ങള്‍ക്ക് റോക്കറ്റുകള്‍ മാത്രമല്ല ഉള്ളത്. തീര്‍ച്ചയായും ഞങ്ങള്‍ പലതരം പ്രതിരോധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍, നിങ്ങള്‍ ചോദിച്ച ചോദ്യം എന്നെക്കാള്‍ നിങ്ങള്‍ക്കുള്ളതാണ് - മാധ്യമ പ്രവര്‍ത്തകര്‍ക്ക്. ഞങ്ങള്‍ രക്തം കൊണ്ട് മാത്രം തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നു. ഞങ്ങളുടെ രക്തം കിനിയാത്തപ്പോള്‍ ഗസ്സയില്‍ നിന്ന് വാര്‍ത്തകള്‍ ഇല്ല. അതിനാല്‍ പ്രശ്‌നം ഞങ്ങളുടെ പ്രതിരോധമല്ല, അധിനിവേശം ആണ്. അധിനിവേശം ഇല്ലെങ്കില്‍ ഞങ്ങളുടെ റോക്കറ്റുകള്‍ ഉണ്ടാകില്ല, കല്ലുകളും, കവണകളും, മൊളോടോവ് കോക്ടെയിലുകളും ഉണ്ടാവില്ല. ഒന്നും. പകരം നമുക്കെല്ലാവര്‍ക്കും ഒരു സാധാരണ ജീവിതം ഉണ്ടാകും.'

എന്നാല്‍, അവര്‍ അവരുടെ ഉദ്ദേശ്യം നിറവേറ്റിയെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

'തീര്‍ച്ചയായും ഇല്ല. അല്ലെങ്കില്‍ നമ്മള്‍ ഇവിടെ ഉണ്ടാകില്ല. പക്ഷേ, അധിനിവേശത്തിന്റെ കാര്യമോ? അതിന്റെ ഉദ്ദേശം എന്തായിരുന്നു? കൊലയാളികളെ വളര്‍ത്തുകയായിരുന്നോ? ഞങ്ങള്‍ ബൗളിംഗ് പിന്നുകള്‍ എന്നപോലെ ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന ഒരു പട്ടാളക്കാരന്റെ വീഡിയോ നിങ്ങള്‍ കണ്ടിരുന്നുവോ? അപ്പോള്‍ അവന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു, അവര്‍ (ജൂത ജനത) ഒരു കാലത്ത് രോയിഡ്, ഐന്‍സ്റ്റീന്‍, കാഫ്ക എന്നിവരെപ്പോലെയുള്ള ആളുകളായിരുന്നു. ഇപ്പോള്‍ അവര്‍ ഡ്രോണുകളിലും നിയമബാഹ്യമായ കൊലകളിലും ആണ് വിദഗ്ധരാകുന്നത്.''

നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു പുതിയ പ്രക്തീകാത്മക ആയുധം ഉപയോഗിക്കുന്നു: തീപിടുപ്പിച്ച പട്ടങ്ങള്‍. അത് ഇസ്രായേലിനെ ഭ്രാന്തന്മാരാക്കുന്നു. കാരണം, അവര്‍ക്ക് അത് അയേണ്‍ കവചം കൊണ്ടു തടയാന്‍ കഴിയുന്നില്ല. അതിനെ അവര്‍ക്ക് ഒന്നൊന്നായി വെടിവെച്ചിടാന്‍ കഴിയുന്നില്ല.

'പട്ടം ഒരു ആയുധമൊന്നുമല്ല, പരമാവധി, അവര്‍ കുറച്ച് കച്ചിക്കുറ്റികള്‍ക്കു തീയിടുന്നു. തീകെടുത്തുന്ന എന്തെങ്കിലും ഒന്ന് പ്രയോഗിക്കുന്നതിലൂടെ അത് തീര്‍ന്നു. അവ ഒരു ആയുധമല്ല, പക്ഷേ അവ ഒരു സന്ദേശമാണ്. കാരണം, അവ വെറും കടലാസും എണ്ണയില്‍ മുക്കിയ ചാക്കുകഷണവും ചരടും മാത്രമാണ്. അതേ സ്ഥാനത്ത് അയണ്‍ ഡോമിന്റെ ഓരോ ബാറ്ററിക്കും 100 മില്യണ്‍ ഡോളര്‍ ചിലവാകും: പക്ഷേ ഈ പട്ടങ്ങള്‍ ഒരു കാര്യം മാത്രം പറയുന്നു. നിങ്ങള്‍ ഒരിക്കലും വിജയിക്കില്ല, ഒരിക്കലും.''

വെസ്റ്റ്ബാങ്ക് ഫലസ്തീനികള്‍ ഇതേ അധിനിവേശത്തെ അഭിമുഖീകരിക്കുന്നു, എന്നിട്ടും അവര്‍ തികച്ചും വ്യത്യസ്തമായ ഒരു തന്ത്രം തെരഞ്ഞെടുത്തു. അവര്‍ ഐക്യരാഷ്ട്രസഭയുടേയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.

'അവര്‍ ചെയ്യുന്നതും നിര്‍ണായകമാണ്. പ്രതിരോധത്തിന്റെ എല്ലാ മാര്‍ഗങ്ങളും നിര്‍ണായകമാണ്. പക്ഷേ, ഞാന്‍ ഇങ്ങനെ പറഞ്ഞാല്‍ ക്ഷമിക്കണം: ഫലസ്തീനിലേക്ക് വരുമ്പോള്‍, അന്താരാഷ്ട്ര സമൂഹം എന്നത് പ്രശ്‌നത്തിന്റെ ഒരു ഭാഗമാണ്. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ - അങ്ങേയറ്റം സ്വതന്ത്രമായ ഒരു തെരെഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ - പ്രതികരണം ഉടന്‍ ഒരു ഉപരോധമായിരുന്നു. ഉടനെ ഞങ്ങള്‍ ഫതാഹുമൊത്ത് ഒരു ഐക്യ ഗവണ്‍മെന്റ് നിര്‍ദേശിച്ചു, ഒരു തവണയല്ല, നൂറു തവണ. ഒന്നും നടന്നില്ല. അതിനും മറുപടി ഉപരോധം മാത്രം. അതിനാല്‍ ഇപ്പോള്‍ സംഭവിച്ചതെല്ലാം നിങ്ങളുടെ തെറ്റാണ് (ഈ അന്താരാഷ്ട്ര സമൂഹത്തിന്റെ). ഇപ്പോള്‍ നിങ്ങള്‍ ഹമാസിന് മുന്നറിയിപ്പ് നല്‍കുന്നു: ഫതഹ് ഉണ്ടെങ്കില്‍ മാത്രമേ ഞങ്ങള്‍ നിങ്ങളോട് ഇടപെടൂ: അതേസമയം നിങ്ങള്‍ ഫത്താഹിനെ ഭീഷണിപ്പെടുത്തുന്നു. ഹമാസ് ഇല്ലെങ്കില്‍ മാത്രമേ ഞങ്ങള്‍ നിങ്ങളോട് ഇടപെടൂ എന്ന്. ഞങ്ങളെ വിമര്‍ശിക്കാന്‍ നിങ്ങള്‍ ആരോപിക്കുന്ന ഈ വിള്ളല്‍, അതെല്ലാം നിങ്ങളുടെ സമ്മര്‍ദങ്ങളുടെയും ഉപരോധങ്ങളുടേതും ഫലമാണ്. നിങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ എപ്പോഴും ഭീഷണി കൂടി ആയിരുന്നു. ഒരു ഐക്യസര്‍ക്കാര്‍ സാക്ഷല്‍ക്കരിച്ചിരുന്നുവെങ്കില്‍, ഒരു പൈസ പോലും ലഭിക്കാതെ റാമല്ല ഇന്ന് പാപ്പരായിട്ടുണ്ടാകുമായിരുന്നു.'

ഹമാസിനെ വ്യവസ്ഥാ വിരുദ്ധ പ്രസ്ഥാനമായി, ഭരണഘടനാ വിരുദ്ധ പ്രസ്ഥാനമായി വീക്ഷിക്കുന്നതിനാലാണ് ഉപരോധം ഉണ്ടായത്. അതായത് നിങ്ങള്‍ കളിയുടെ നിയമങ്ങള്‍ പാലിക്കാത്തവരാണ്.

'ഏത് കളി? അധിനിവേശം?'

നിങ്ങള്‍ക്കറിയാമല്ലോ... ഓസ്ലോ. ദ്വിരാഷ്ട്ര പരിഹാരം?

'പക്ഷേ ഓസ്ലോ അവസാനിച്ചല്ലോ? ഇവിടെ എല്ലാവരും യോജിക്കുന്ന ഒരേയൊരു കാര്യം അതാണ് എന്ന് ഞാന്‍ കരുതുന്നു. ശരിക്കും എല്ലാവരും ഒരേപോലെ സമ്മതിക്കുന്ന കാര്യം. അനന്തമായ ചര്‍ച്ചകളിലൂടെ ലോകത്തെ മുഴുവന്‍ വ്യതിചലിപ്പിക്കാനുള്ള ഒരു ഒഴികഴിവാണിത്. അതിനിടയില്‍ അവര്‍ എല്ലായിടത്തും കുടിയേറ്റകോളനികള്‍ നിര്‍മിക്കുകയും ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സാധ്യതകളെ ഭൗതികമായി ഇല്ലാതാക്കുകയും ചെയ്യുന്നു. 25 വര്‍ഷമായി, ഞങ്ങള്‍ക്ക് ഒന്നും ലഭിച്ചില്ല, എന്തുകൊണ്ടാണ് നിങ്ങള്‍ ഇപ്പോഴും ഓസ്ലോയെക്കുറിച്ച് മാത്രം ശഠിക്കുന്നത്? അതിന് ശേഷം നടന്നതിനെ കുറിച്ച് ഒരിക്കലും പരാമര്‍ശിക്കാത്തത്? ഉദാഹരണത്തിന്, 2006-ലെ പ്രിസണേഴ്സ് ഡോക്യുമെന്റിനെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ദേശീയ ഐക്യരേഖയെ കുറിച്ച്? ഹമാസ്, ഫത്താഹ്, ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് - 1967 ലെ അതിര്‍ത്തിക്കുള്ളില്‍, ജറുസലേം അതിന്റെ തലസ്ഥാനമായുള്ള ഒരു രാഷ്ട്രം രൂപീകരിക്കുന്നതിനെ കുറിച്ച്? 1948 ലെ അഭയാര്‍ഥികള്‍ തിരിച്ചു വരുന്നതിനെ കുറിച്ച്? അതിന് ശേഷം തീര്‍ച്ചയായും 12 വര്‍ഷങ്ങള്‍ കടന്നുപോയി. നിങ്ങളുടെ ചോദ്യം ഇപ്പോഴും തുടരുന്നു. നിങ്ങള്‍ എന്താണ് 1967ലെ അതിര്‍ത്തി അംഗീകരിക്കാത്തത്? പ്രശ്‌നം ഞങ്ങളുടെ ഭാഗത്തല്ല എന്ന ഉറപ്പെനിക്കുണ്ട്.''

പക്ഷേ, ദശലക്ഷക്കണക്കിന് ഡോളറാണ് ഫലസ്തീനികള്‍ക്കായി അന്താരാഷ്ട്ര സമൂഹം ചെലവഴിക്കുന്നത്?

'ചെലവഴിക്കുന്നു എന്നത് കൃത്യമാണ്. അതായത് പണം വെറുതെ ചെലവഴിക്കുന്നു. തെറ്റായി. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി നിങ്ങള്‍ ഓസ്ലോ ഉടമ്പടികളെ ആദരിച്ചു. അതിന് ശേഷം നിങ്ങള്‍ എല്ലാവരും അപ്രത്യക്ഷരായി. ആരും അവ എങ്ങനെ നടപ്പാക്കുന്നു എന്ന് നിരീക്ഷിച്ചില്ല. പ്രധാന ചോദ്യം ഇതാണ്: ഫലസ്തീനികള്‍ക്ക് ഒരു സ്വതന്ത്ര രാഷ്ടവും അതിന്റെ സ്ഥാപനങ്ങളും സ്ഥാപിക്കാന്‍ സഹായിക്കുന്ന ശരിയായ തന്ത്രമായിരുന്നോ അത്? നാലാമത്തെ ജനീവ കണ്‍വെന്‍ഷന്‍ ഈ കാര്യത്തില്‍ വ്യക്തമാണെന്ന് ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കേണ്ടതുണ്ട്: അധിനിവേശത്തിന്റെ ചെലവ് വഹിക്കേണ്ടത് അധിനിവേശകന്‍ ആണ്. റോഡുകളും സ്‌കൂളുകളും നിര്‍മിക്കുന്നത് നിങ്ങളുടെ ജോലിയല്ല. എല്ലാറ്റിനുമുപരിയായി, തകര്‍ത്തു കളയുന്നതിനെയാണ് പുനര്‍നിര്‍മ്മിക്കുന്നത്. അധിനിവേശത്തെ എതിര്‍ക്കുന്നതിനുപകരം നിങ്ങള്‍ അതിനെ ആയാസരഹിതമാക്കുക എന്നതാണ് നിങ്ങള്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്.'

ഈ വെടിനിര്‍ത്തലിന്റെ ഇന്നത്തെ ഏറ്റവും ശക്തമായ എതിരാളി ഇസ്രായേല്‍ അല്ല, അവര്‍ ഇപ്പോള്‍ ഇറാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അത് ഹമാസിന്റെ വിജയമാകുമെന്ന് ഭയപ്പെടുന്ന ഫത്താഹ് ആണ്.

'അത് വിജയമാണോ? ഈ വെടിനിര്‍ത്തല്‍ ഹമാസിന് വേണ്ടിയോ ഫതഹിന് വേണ്ടിയോ അല്ല. ഇത് ഗസ്സയ്ക്ക് വേണ്ടിയുള്ളതാണ്. എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം ഹമാസ് ഇവിടെ ഉണ്ടെന്ന് നിങ്ങള്‍ ഒടുവില്‍ മനസ്സിലാക്കുന്നു എന്നതാണ്. അത് ഇവിടെ ഉണ്ട്. ഹമാസില്ലാതെ ഭാവിയില്ല. അവരെ ഉള്‍പ്പെടുത്താതെ സാധ്യമാകുന്ന ഒരു ഒത്തുതീര്‍പ്പ് കരാറും ഇല്ല. എന്തുതന്നെയായാലും, ഞങ്ങള്‍ ഈ സമൂഹത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അങ്ങനെ തന്നെ. ഞങ്ങള്‍ ഫലസ്തീനിന്റെ ഒരു കഷണം ആണ്. ഇസ്ലാമിസ്റ്റുകളും മതേതരവാദികളും, ദേശീയവാദികളും, ഇടതുപക്ഷക്കാരും ഒക്കെ ഉള്‍പ്പെട്ട അറബ് ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. പക്ഷേ ദയവായി 'വിജയം' എന്ന വാക്ക് ഒഴിവാക്കുക. കാരണം, മരുന്ന് കിട്ടാതെ മാരകരോഗികളായി തുടരുന്ന എല്ലാ രോഗികള്‍ക്കും, അതിര്‍ത്തി തുറക്കാന്‍ അതിന്റെ പുറത്ത് അക്ഷമയോടെ കാത്തിരിക്കുന്ന മനുഷ്യര്‍ക്കും അങ്ങേയറ്റം പീഡനാത്മകമാണ് ആ പദം. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഒന്നും കൊടുക്കാനില്ലാത്തത് കൊണ്ട് ഈ രാത്രി അവരുടെ മുഖത്ത് നോക്കാന്‍ ഭയപ്പെടുന്ന എല്ലാ പിതാക്കന്മാരും ആ പദം വേദനാജനകമാണ്. നമ്മള്‍ എന്ത് വിജയത്തെക്കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്?'

നിങ്ങള്‍ക്ക് 27 വയസ്സുള്ളപ്പോള്‍ നിങ്ങള്‍ ജയിലില്‍ പോയി. പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് 50 വയസ്സായിരുന്നു. ജീവിതവുമായി എങ്ങനെ പൊരുത്തപ്പെട്ടു? ലോകത്തോടും?

'ഞാന്‍ 1998ല്‍ ജയിലില്‍ പ്രവേശിക്കുമ്പോള്‍, ശീതയുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. ഇവിടെയാകട്ടെ ഇന്‍തിഫാദ. ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍, അന്ന് ഞങ്ങള്‍ ഫ്‌ലയറുകള്‍ അച്ചടിച്ചിരുന്നു. പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ഇന്റര്‍നെറ്റ് കണ്ടെത്തി. എന്നാല്‍ സത്യം പറഞ്ഞാല്‍, ഞാനൊരിക്കലും ജയില്‍ മോചിതനായില്ല. ഒരു ജയിലില്‍ നിന്ന് മറ്റൊന്നിലേക്ക്, എന്റെ ജയില്‍ മാറി. പക്ഷേ എന്തായാലും പഴയ ലോകം എത്രയോ മെച്ചം ആയിരുന്നു. ഞങ്ങള്‍ക്ക് വൈദ്യുതിയും ഭക്ഷണവും ഉണ്ടായിരുന്നു. വായിക്കാന്‍ ധാരാളം പുസ്തകങ്ങളും. ഗസ്സ കൂടുതല്‍ കടുത്തതായി മാറിയിരിക്കുന്നു.'

ജയിലില്‍ നിന്ന് നിങ്ങള്‍ എന്താണ് പഠിച്ചത്?

'ഒരുപാട് കാര്യങ്ങള്‍. ജയില്‍ യാഥാര്‍ഥത്തില്‍ നിങ്ങളെ നിര്‍മ്മിക്കുന്നു. പ്രത്യേകിച്ചും നിങ്ങള്‍ ഫലസ്തീനിയാണെങ്കില്‍. കാരണം നിങ്ങള്‍ ചെക്ക്പോയിന്റുകള്‍ക്കും മതിലുകള്‍ക്കും എല്ലാത്തരം നിയന്ത്രണങ്ങള്‍ക്കും ഇടയിലാണ് ജീവിക്കുന്നത്. ജയിലില്‍ മാത്രമേ നിങ്ങള്‍ ഒടുവില്‍ മറ്റ് ഫലസ്തീനികളെ കണ്ടുമുട്ടുകയുള്ളൂ, അവിടെ നിങ്ങള്‍ക്ക് സംസാരിക്കാന്‍ സമയമുണ്ട്. നിങ്ങള്‍ അവിടെ നിങ്ങളെക്കുറിച്ച് തന്നെ ചിന്തിക്കുന്നു. നിങ്ങള്‍ എന്താണ് വിശ്വസിക്കുന്നത്, നിങ്ങള്‍ എന്ത് വില കൊടുക്കാന്‍ തയാറാകും, അങ്ങനെ പലതും. യുദ്ധത്തില്‍ നിന്ന് നിങ്ങള്‍ എന്താണ് പഠിച്ചതെന്ന് ഞാന്‍ ഇപ്പോള്‍ നിങ്ങളോട് ചോദിക്കുന്നതു പോലെയാണ് ആ ചോദ്യം. ഒരു പക്ഷേ നിങ്ങള്‍ മറുപടി ഇങ്ങനെ പറയും. ധാരാളം. യുദ്ധം നിങ്ങളെ നിര്‍മിക്കുന്നു. അതേസമയം നിങ്ങള്‍ ഒരിക്കലും യുദ്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ ആഗ്രഹിക്കുന്നു, അതെ, ഞാന്‍ ജയിലുകളില്‍ നിന്ന് ധാരാളം പഠിച്ചിട്ടുണ്ട്. പക്ഷേ, ആരെയും തടവില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരെയും. വെറും ബൗളിംഗ് പിന്നുകള്‍ ആയി ഞങ്ങളെ കണക്കാക്കി മുള്ളുകമ്പികള്‍ക്കപ്പുറം നിന്ന് വെടിവിച്ചിട്ട് പൊട്ടിച്ചിരിച്ച് രസിക്കുന്നവര്‍ക്ക് പോലും ഞാന്‍ അത് ആഗ്രഹിക്കുന്നില്ല. 25 വര്‍ഷത്തിനുള്ളില്‍ ഹേഗില്‍ അവസാനിച്ചേക്കാമെന്ന് അവര്‍ സ്വയം മനസ്സിലാക്കുന്നില്ലെങ്കിലും.''

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍?

'തീര്‍ച്ചയായും. ഞാന്‍ ആവര്‍ത്തിക്കുന്നു. നീതിയില്ലാതെ ഭാവിയില്ല. തീര്‍ച്ചയായും ഞങ്ങള്‍ നീതി തേടുക തന്നെ ചെയ്യും.'

ചില ഫലസ്തീനികള്‍ കൂടി ഹേഗില്‍ എത്തിയേക്കാമെന്ന് നിങ്ങള്‍ക്കറിയാം, അല്ലേ?

'അന്താരാഷ്ട്ര നിയമമനുസരിച്ച്, അധിനിവേശത്തെ ചെറുക്കാന്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ട്. എന്നാല്‍, കോടതി തീര്‍ച്ചയായും കോടതിയാണ്. അത് പ്രവര്‍ത്തിക്കേണ്ട രീതിയില്‍ അത് പ്രവര്‍ത്തിക്കും. എന്നിരുന്നാലും, അതിന്റെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. മാത്രമല്ല കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുക മാത്രമല്ല, കുറ്റവാളികളെ ശിക്ഷിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ഒരു വിചാരണ ഇരകള്‍ക്കും ഒഴിച്ചു കൂടാനാവാത്തതാണ്. കാരണം, അതിലൂടെ മാത്രമേ തകര്‍ത്തത് പുനര്‍നിര്‍മിക്കാന്‍ കഴിയൂ. പക്ഷേ അനുഭവിച്ച വേദനയുടെ കാര്യം വരുമ്പോള്‍ ഒരു മൂന്നാം കക്ഷിക്കും ഇരകള്‍ക്ക് പകരം നില്‍ക്കാന്‍ ആവില്ല. ഒരു രാഷ്ട്രീയ ഉടമ്പടിക്കും അവരുടെ നഷ്ടങ്ങളെ നികത്താനും വെറുതെ കടന്നു പോകാനും കഴിയില്ല. അത് ഇരകളുടേത് മാത്രമാണ്.''

ഗിലാഡ് ഷാലിറ്റ് കൈമാറ്റത്തില്‍ ആണ് നിങ്ങളെ മോചിപ്പിച്ചത്. ഹമാസിന്റെ കസ്റ്റഡിയില്‍ നിലവില്‍ രണ്ട് ഇസ്രായേലികളുണ്ട്, കൂടാതെ കഴിഞ്ഞ യുദ്ധത്തില്‍ കൊല്ലപ്പെട്ട രണ്ട് സൈനികരുടെ ഭൗതിക അവശിഷ്ടങ്ങളും. ഒരു വെടിനിര്‍ത്തല്‍ കരാറില്‍, തടവുകാരുടെ കൈമാറ്റം നിങ്ങള്‍ക്ക് അനിവാര്യമായ ഒരു വ്യവസ്ഥയായിരിക്കുമെന്ന് ഞാന്‍ ഊഹിക്കുന്നു. ശരിയാണോ?

'അതേ. അത് അത്യാവശ്യത്തിനപ്പുറം - ഒരു നിര്‍ബന്ധ കാര്യമാണ്. ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, എന്നെ സംബന്ധിച്ചിടത്തോളം ഇതെന്റെ ധാര്‍മിക ബാധ്യത ആണ്. കാരണം നിങ്ങള്‍ ജയിലിലാണെങ്കില്‍, നിങ്ങള്‍ ഒരു തീവ്രവാദിയാണെന്ന് അല്ലെങ്കില്‍ എങ്ങനെയെങ്കിലും ഒരു നിയമവിരുദ്ധനാണെന്ന് നിങ്ങളുടെ വായനക്കാര്‍ വിശ്വസിക്കുന്നുണ്ടാകാം. അല്ലെങ്കില്‍ കാര്‍ കള്ളന്‍. ഇല്ല. ഞങ്ങള്‍ എല്ലാവരും ഇന്നല്ലെങ്കില്‍ നാളെ അറസ്റ്റ് ചെയ്യപ്പെടും-എല്ലാവരും. മിലിട്ടറി ഓര്‍ഡര്‍ 101 നോക്കൂ. പട്ടാളത്തിന്റെ അനുമതിയില്ലാതെ, ഇവിടെ ഒരു കൊടി വീശുന്നത് കുറ്റകൃത്യമാണ്. എന്തിനധികം, ഒരു മുറിയില്‍ പത്തില്‍ കൂടുതല്‍ ആളുകള്‍ ഇരുന്നു ചായ കുടിക്കുന്നത് കുറ്റകരമാണ്. അല്ലെങ്കില്‍ സുഹൃത്തുമായി രാഷ്ട്രീയം സംസാരിക്കുന്നത്. ഉദാഹരണത്തിന് ട്രംപിനെ കുറിച്ച് ഒരു സംഭാഷണത്തില്‍ എന്തെങ്കിലും സൂചിപ്പിച്ചത് നിങ്ങള്‍ക്ക് 10 വര്‍ഷം വരെ ശിക്ഷ നേടിത്തരാം. തടവ് ഇവിടെ ഒരാചാരമാണ്. ഇതിലൂടെയാണ് ഞങ്ങള്‍ മുതിര്‍ന്നവരാകുന്നത്. ഞങ്ങളെ എല്ലാവരെയും ഏകോപിപ്പിക്കുന്ന ഒരു കാര്യം, എല്ലാ ഫലസ്തീനികളെയും തുല്യരാക്കുന്ന ഒന്ന്-തടവറയാണ്. ഇപ്പോഴും തടവില്‍ ഉള്ളിലുള്ളവരെ മോചിപ്പിക്കാന്‍ ഞാന്‍ എനിക്കാവുന്നതിലധികം ശ്രമിക്കും. അത് എനിക്ക് ഒരു നീക്കുപോക്കും ഇല്ലാത്ത ഒരു ധാര്‍മിക ബാധ്യതയാണ്.'

മറ്റൊരു വിധത്തില്‍, നിങ്ങള്‍ റോക്കറ്റുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ തട്ടിക്കൊണ്ടുപോകലിലൂടെ നേടിയെടുത്തു.

'ഏത് തട്ടിക്കൊണ്ടുപോകലുകള്‍?'

ഗിലാദ് ഷാലിത്തിനെപ്പോലെ.

'ഗിലാദ് ഷാലിത് ഒരു ബന്ദിയായിരുന്നില്ല, അയാള്‍ ഒരു യുദ്ധത്തടവുകാരനായിരുന്നു. എന്തുകൊണ്ടാണ് ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് അപൂര്‍വ്വമായി മാത്രം സംസാരിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? ഒരു സൈനികന്‍ കൊല്ലപ്പെടുമ്പോള്‍, നിങ്ങള്‍ അയാള്‍ കടല്‍ത്തീരത്ത് നില്‍ക്കുന്ന ഒരു ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ തെരെഞ്ഞെടുക്കുന്നു. ഞങ്ങള്‍ തെല്‍അവീവില്‍ പോയി അയാളെ വെടിവച്ചു കൊന്നുവെന്ന് നിങ്ങളുടെ വായനക്കാര്‍ കരുതുന്നു. ഇല്ല. ആ മനുഷ്യന്‍ കൊല്ലപ്പെട്ടത് ബര്‍മുഡ ഷോര്‍ട്ട്‌സ് ധരിച്ച് സര്‍ഫ് ബോര്‍ഡ് ചുമക്കുന്നതിനിടയിലല്ല. മറിച്ച് ഒരു യൂണിഫോം ധരിച്ച് അയാള്‍ ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുമ്പോഴാണ്.''

അപ്പോള്‍ വെടിനിര്‍ത്തലിനൊപ്പം എന്ത് സംഭവിക്കും?

'വെടിനിര്‍ത്തല്‍ നടന്നാല്‍ ആരും ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കില്ല, അല്ലേ? അതിനാല്‍ ആരും പിടിക്കപ്പെടുകയും ഇല്ല.'

നിങ്ങള്‍ ജയിലിനെക്കുറിച്ചാണ്, അതുവഴി മുതിര്‍ന്നവര്‍ ആകുന്നതിനെ കുറിച്ചു സംസാരിച്ചു. ഹമാസിന് ഇപ്പോള്‍ 30 വയസ്സായി. നിങ്ങള്‍ക്ക് എന്തുമാറ്റം ആണ് ഉണ്ടായത്?

'30 വര്‍ഷം മുമ്പ് നിങ്ങള്‍ ഇതെല്ലാം എങ്ങനെയായിരുന്നു കണ്ടത്?''

മുപ്പത് വര്‍ഷം മുമ്പ് എനിക്ക് എട്ട് വയസ്സായിരുന്നു.

'അങ്ങനെയാണത്: നിങ്ങള്‍ മാറിയതുപോലെ ഞങ്ങളും മാറി. എല്ലാവരും മാറിയതുപോലെ തന്നെ. അത് 1988 കാലം ആയിരുന്നു. ഞാന്‍ നിങ്ങളോട് നേരത്തെ പറഞ്ഞതുപോലെ, അത് ശീതയുദ്ധ കാലമായിരുന്നു. ലോകം ഇന്നത്തേതിനേക്കാള്‍ കൂടുതല്‍ ആശയപരമായിരുന്നു അന്ന്. കൂടുതല്‍ കറുപ്പും വെളുപ്പും ആയത്. ഞങ്ങളുടെ ലോകവും അങ്ങനെ തന്നെയായിരുന്നു. നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളെയും ശത്രുക്കളെയും കണ്ടെത്താന്‍ കഴിയുമെന്ന് കാലം പഠിപ്പിക്കുന്നു.'

ഹമാസ് ചാര്‍ട്ടര്‍ ഇപ്പോഴും തികച്ചും കറുപ്പും വെളുപ്പും തന്നെയായി തുടരുന്നു.

'അതാണ് ഞങ്ങളുടെ ആദ്യത്തെ പ്രമാണം. ഒരുപക്ഷേ, അവസാനത്തേത് അതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ എന്നോട് 30 വര്‍ഷം മുമ്പുള്ള ഒരു ചാര്‍ട്ടറിനെ കുറിച്ച് മാത്രം ചോദിക്കുന്നത്? ഞങ്ങളുടെ നിരന്തര വളര്‍ച്ചയും പരിണാമവും കാണിക്കുന്ന തുടര്‍ന്ന് വന്ന ഒരു രേഖയിലും നിങ്ങള്‍ക്ക് തല്‍പര്യം ഇല്ലാത്തത് എന്ത്ുകൊണ്ട്? ഡസന്‍ കണക്കിന് രേഖകള്‍ ഉണ്ട്, അവയില്‍ എല്ലാം ഉണ്ട്: സിവില്‍ സമൂഹവുമായും മറ്റ് രാഷ്ട്രീയ ഗ്രൂപ്പുകളുമായും ഉള്ള ഞങ്ങളുടെ ബന്ധം, പ്രാദേശിക സാഹചര്യം, അന്താരാഷ്ട്ര സാഹചര്യം, അതുപോലെ അധിനിവേശം എന്നതിനെ കുറിച്ചും. തീര്‍ച്ചയായും നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ അവയില്‍ ഉണ്ട്. നിങ്ങള്‍ക്കതില്‍ നിന്ന് വേണ്ട സൂചനകള്‍ ലഭിക്കുമെന്നും ഹമാസുമായി ഒരു സംവാദം ആരംഭിക്കാന്‍ അവ നിങ്ങളെ പ്രേരിപ്പിക്കും എന്നും ഞാന്‍ കരുതുന്നു. കാരണം, ഞങ്ങള്‍ ഒരു ക്ഷണിക പ്രതിഭാസമല്ല, എന്നിട്ടും നിങ്ങള്‍ 30 വര്‍ഷം മുമ്പുള്ള എന്തെങ്കിലും ചികഞ്ഞെടുത്ത് ചോദിക്കുന്നു. അതാണ് പ്രശ്‌നം. ഓസ്ലോയില്‍ എന്ന പോലെ കുഴപ്പം ഞങ്ങളുടെ ഭാഗത്തല്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.'

പിന്നെ ആരാണ് പ്രശ്‌നം?

'ഞങ്ങളെ ഇപ്പോഴും ഒരു സായുധ സംഘമായി മാത്രം വീക്ഷിക്കുന്നവരെല്ലാം തന്നെ. ഹമാസിന്റെ യഥാര്‍ഥ രൂപം എന്താണെന്ന് നിങ്ങള്‍ക്ക് ഒരു ധാരണയുമില്ല. ഒരു ചെറിയ നോട്ടം ഉണ്ടെങ്കില്‍ ഞങ്ങളുടെ ജോലിക്കാരില്‍ പകുതിയും സ്ത്രീകളാണ് എന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുമായിരുന്നു. നിങ്ങള്‍ എപ്പോഴെങ്കിലും അത് ഊഹിച്ചിരിക്കുമോ? ജനാധിപത്യം, ബഹുസ്വരത, സഹകരണം എന്നിവയില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രം എന്ന അതിന്റെ ലക്ഷ്യത്തിലേക്കാള്‍ അധികം നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അതിന്റെ പ്രതിരോധ മാര്‍ഗങ്ങളില്‍ ആണ്. ഞങ്ങള്‍ ലക്ഷ്യമിടുന്നത് എല്ലാവരുടെയും അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന ഒരു രാഷ്ട്രത്തെ ആണ്. അവിടെ ഞങ്ങള്‍ അഭിപ്രായവ്യത്യാസങ്ങള്‍ തോക്കുകള്‍ക്ക് പകരം സംവാദങ്ങളിലൂടെ പരിഹരിക്കാന്‍ ലക്ഷ്യമിടുന്നു. ഹമാസ് ഒരു സൈനിക സംഘത്തെക്കാള്‍ ഉയര്‍ന്നതാണ്. ഞങ്ങളുടെ ഡിഎന്‍എ അതാണ്. ഞങ്ങള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനേക്കാള്‍ ഒരു സാമൂഹ്യ പ്രസ്ഥാനം ആണ്. ഞങ്ങള്‍ സൗജന്യ ഭക്ഷണശാലകളും, സ്‌കൂളുകളും, ആശുപത്രികളും നിര്‍മിക്കുന്നു. തുടക്കം മുതല്‍. നിങ്ങളുടെ പങ്ക് നിര്‍വ്വഹിക്കണമെങ്കില്‍ നിങ്ങള്‍ ക്ഷേമവകുപ്പിന്റെ മന്ത്രി ആകേണ്ടതില്ല. നിങ്ങള്‍ ഹമാസ് ആണെങ്കില്‍, ഒരു വോട്ടര്‍ ആകുന്നതിന് മുമ്പ് ഒരു പൗരനാണ് നിങ്ങള്‍.''

എന്നിട്ടും എന്റെ വായനക്കാരില്‍ ഭൂരിഭാഗവും ഹമാസിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അവര്‍ നടത്തുന്ന ചാരിറ്റികളെക്കുറിച്ച് ചിന്തിക്കുന്നില്ല. രണ്ടാം ഇന്‍തിഫാദയെയും ചാവേര്‍ ആക്രമണങ്ങളെയും കുറിച്ചാണ് അവര്‍ എപ്പോഴും ചിന്തിക്കുന്നത്. ഇസ്രായേലികളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ഒരു തീവ്രവാദ സംഘടന ആണ്.

'എന്നെ സംബന്ധിച്ചടത്തോളം അവര്‍ ആണ് യഥാര്‍ഥത്തില്‍ ആ വിശേഷണങ്ങള്‍ക്ക് അര്‍ഹര്‍ - ഞങ്ങള്‍ക്കെതിരായി അവര്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ വെളിച്ചത്തില്‍.'

ഒരു വെടിനിര്‍ത്തലിന് അനുയോജ്യമായ തുടക്കം ആണോ ഇത്?

'പിന്നെ ഞാന്‍ എന്ത് പറയണം? ഞങ്ങള്‍ അവരുടെ സിവിലിയന്മാരെ ആക്രമിച്ചോ? എന്നാല്‍, അവര്‍ ഞങ്ങളുടെ ജനങ്ങളെ കൊന്നൊടുക്കുന്നു. അവര്‍ കഷ്ടപ്പെട്ടോ? അതേസമയം ഞങ്ങള്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചു. അവരില്‍ നിന്ന് മരിച്ചവരില്‍ ആരെയെങ്കിലും കുറിച്ച് എന്നോട് പറയൂ, ഞങ്ങളില്‍ നിന്ന് മരിച്ച പത്ത് പേരില്‍ ഒരാളെക്കുറിച്ച് ഞാന്‍ നിങ്ങളോട് പറയാം. നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നത്? മരിച്ചവരുടെ കണക്കെടുക്കാനോ, അതോ പുതിയ മരണങ്ങള്‍ ഒഴിവാക്കാനോ? നിങ്ങള്‍ ഇറ്റാലിയന്‍ ആയത് കൊണ്ട് മാത്രം ഒരു നിരപരാധി ആണെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? അറബിയും ജൂതനും അല്ലാത്തതിനാല്‍? ദൂരത്ത് നിന്ന് വന്ന് ജ്ഞാനിയും ന്യായിയും ആയി അഭിനയിക്കാന്‍ നിങ്ങള്‍ക്കെന്തെളുപ്പം ആണ്? നമ്മുടെ എല്ലാം കയ്യില്‍ രക്തം ഉണ്ട്. നിങ്ങളുടെയും. കഴിഞ്ഞ 11 വര്‍ഷത്തെ ഉപരോധത്തില്‍ നിങ്ങള്‍ എവിടെയായിരുന്നു? അല്ലെങ്കില്‍ 50 വര്‍ഷത്തെ അധിനിവേശത്തിന്റെ കാലയളവില്‍? നിങ്ങള്‍ എവിടെയായിരുന്നു എന്ന് പറയൂ,''

നിങ്ങളുടെ മക്കള്‍ക്ക് എങ്ങനെയുള്ള ജീവിതമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?

'തീര്‍ച്ചയായും ഫലസ്തീനികള്‍ എന്ന നിലയില്‍ എല്ലായ്പ്പോഴും തല ഉയര്‍ത്തിപ്പിടിച്ചുള്ള ഒരു ജീവിതം ഞാന്‍ അവര്‍ക്ക് വേണ്ടി ആഗ്രഹിക്കുന്നു. എന്തൊക്കെയാണെങ്കിലും, അവര്‍ ശക്തരായിരിക്കുമെന്നും സ്വാതന്ത്ര്യവും സ്വയം നിര്‍ണ്ണയാവകാശവും ലഭിക്കുന്ന ദിവസം വരെ അവര്‍ പോരാടുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ കുട്ടികള്‍ ഡോക്ടര്‍മാരാകണമെന്ന് സ്വപ്നം കാണുന്നത് മുറിവേറ്റവരെ ചികിത്സിക്കാന്‍ മാത്രം ആകരുതെന്നും, പകരം കാന്‍സര്‍ രോഗികളെ ചികിത്സിക്കാന്‍ കൂടി ആവണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, ലോകത്തിലെ എല്ലാ കുട്ടികളെയും പോലെ, അവര്‍ ഫലസ്തീനികളെക്കാള്‍ കൂടുതല്‍ സുരക്ഷിതരായിരിക്കുന്ന സുരക്ഷിത ഫലസ്തീനികള്‍ ആകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''

ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയായ 'നൂറ്റാണ്ടിന്റെ ഇടപാടിനെ' (deal of the century) കുറിച്ച് നിങ്ങളോട് ചോദിക്കാന്‍ ഞാന്‍ മറന്നു. കടലാസില്‍ ഒന്നും ഇല്ലാത്ത അതെന്താണെന്ന് ആര്‍ക്കും വ്യക്തമല്ലെങ്കിലും.

'വാസ്തവത്തില്‍ അത് ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയും സ്വയം നിര്‍ണ്ണയാവകാശത്തിന്റെയും പ്രതീക്ഷയെ വളരെ വ്യക്തമായി ഇല്ലാതാക്കുന്ന ഒന്നാണ്. അവിടെ പരമാധികാരമില്ല, ജറുസലേമില്ല. അഭയാര്‍ഥികളുടെ തിരിച്ചുവരാനുള്ള അവകാശമില്ല. അതിനെ കുറിച്ച് ഒരേയൊരു കാര്യമേയുള്ളൂ: ഞങ്ങളുടെ നിരാകരണം. അത് ഹമാസിന്റെ നിലപാട് മാത്രമല്ല. അതില്‍ ഞങ്ങള്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുന്നു. ഒരിക്കലും അത് അംഗീകരിക്കില്ല.''

അപ്പോള്‍ ഏപ്രിലില്‍ നിങ്ങള്‍ ആരംഭിച്ച പ്രതിഷേധ പ്രകടനങ്ങളുമായി ഇപ്പോള്‍ നിങ്ങള്‍ മുന്നോട്ട് പോകും. എല്ലാ വെള്ളിയാഴ്ചയും മുള്‍വേലിക്കരികില്‍. നിങ്ങളെ അവിടെ പലപ്പോഴും കണ്ടിട്ടുമുണ്ട്.

'ഞാന്‍ നിങ്ങളോട് രണ്ട് പേരുകള്‍ മാത്രം പറയാം: ഇബ്രാഹിം അബു തുരാജയും ഫാദി അബു സലാഹും. അവര്‍ക്ക് രണ്ട് പേര്‍ക്കും 29 വയസ്സായിരുന്നു, അവര്‍ രണ്ടുപേരും വീല്‍ചെയറിലായിരുന്നു. കഴിഞ്ഞ യുദ്ധങ്ങളില്‍ അംഗവൈകല്യം സംഭവിച്ച അനേകം പേരില്‍ രണ്ട് പേര്‍ മാത്രം. അവര്‍ ഇന്നില്ല. അപ്പോഴാണ് നിങ്ങള്‍ അത് മനസ്സിലാക്കുന്നത്. നിങ്ങള്‍ അവര്‍ക്ക് ഒരു അപകടമായതിനാല്‍ അല്ല നിങ്ങള്‍ ഇവിടെ കൊല്ലപ്പെടുന്നത് - കാരണം, ഒരു മുള്ളുകമ്പിക്ക് അപ്പുറം, നൂറുകണക്കിന് മീറ്റര്‍ അകലെയുള്ള ഒരു സൈന്യത്തിന് എന്ത് അപകടമാണ് വീല്‍ ചെയറില്‍ ഉള്ള നിങ്ങള്‍ വരുത്തി വെക്കാന്‍ പോകുന്നത്? ഇവിടെ നിങ്ങള്‍ കൊല്ലപ്പെടുന്നത് നിങ്ങള്‍ എന്ത് ചെയ്തു എന്നതിന്റെ പേരില്‍ അല്ല, നിങ്ങള്‍ ആരാണെന്നതിന്റെ പേരില്‍ ആണ്. അതായത്, ഒരു ഫലസ്തീനിയായതിനാല്‍ നിങ്ങള്‍ കൊല്ലപ്പെടുന്നു.''

നിങ്ങള്‍ പറഞ്ഞതെല്ലാം ഒരു വാചകത്തില്‍ മാത്രം സംഗ്രഹിക്കുകയാണെങ്കില്‍, വായനക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍മിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സന്ദേശം എന്താണ്?

'ഇത് മാറ്റത്തിനുള്ള സമയമാണ്. ഉപരോധം അവസാനിപ്പിക്കേണ്ട സമയമാണിത്. ഈ അധിനിവേശം അവസാനിപ്പിക്കുക.'

നിങ്ങള്‍ വിശ്വസിക്കപ്പെടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

'നിങ്ങള്‍ ജൂണില്‍ ഇവിടെ ഉണ്ടായിരുന്നു, നൂറുകണക്കിന് മറ്റ് പത്രപ്രവര്‍ത്തകര്‍ക്കൊപ്പം. നിങ്ങളുടെ കവറേജ് ഞങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. നിങ്ങള്‍ ഹീബ്രുവിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നുമുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്, കാരണം നിങ്ങള്‍ ഞങ്ങളെ ആഴത്തില്‍ ബഹുമാനിക്കുകയും ഞങ്ങള്‍ നിങ്ങളെ ആഴത്തില്‍ ബഹുമാനിക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ, എങ്ങനെയെല്ലാമോ, സന്ദേശവാഹകന്‍ തന്നെ സന്ദേശമായി മാറുന്നു. നിങ്ങള്‍ ഇവിടെ നിന്ന് പോകും, ഇതെല്ലാം എഴുതും. പക്ഷേ നിങ്ങള്‍ വായിക്കപ്പെടുമോ? നിങ്ങള്‍ കേള്‍ക്കപ്പെടുമോ? എനിക്കറിയില്ല. എന്നാലും നാം നമ്മുടെ പങ്ക് നിര്‍വ്വഹിച്ചു.''

നിങ്ങള്‍ തികച്ചും ആത്മവിശ്വാസമുള്ളവനാണെന്ന് തോന്നുന്നു.

'ഞാന്‍ യാഥാര്‍ഥ്യബോധമുള്ളവനാണ്, ഇത് മാറ്റത്തിനുള്ള സമയവുമാണ്.'

***********

(2018 മേയ് പത്തിന് ഫ്രാന്‍സെസ്‌ക ബോറി തന്റഫെ എഫ്ബി പേജില്‍ പ്രസിദ്ധീകരിച്ചത്)

(വിവര്‍ത്തനം: അഫ്താബ് ഇല്ലത്ത്)


Similar Posts