Analysis
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ അനുഭവങ്ങള്‍, വെല്ലുവിളികള്‍
Analysis

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ അനുഭവങ്ങള്‍, വെല്ലുവിളികള്‍

റഹുമത്ത് എസ്
|
11 Jan 2023 5:31 AM GMT

അന്വേഷണാത്മക പത്രപ്രവര്‍ത്തനം; ആവേശങ്ങളും വെല്ലുവിളികളും എന്ന തലക്കെട്ടില്‍ വയനാട് ലിറ്ററേച്ചര്‍ ഫെസിറ്റിവെലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ജോസി ജോസഫ്, ധന്യ രാജേന്ദ്രന്‍, വിനോദ് കെ ജോസ് എന്നിവര്‍.

കോര്‍പറേറ്റുകള്‍ വാര്‍ത്തകളെ ഗ്ലോറിഫൈഡ് ബ്ലാക്മെയ്ല്‍സിന് വേണ്ടി ഉപയോഗിക്കാറുണ്ട് - ജോസി ജോസഫ്

അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്നത് പുറത്ത് നിന്ന് കാണുന്നവര്‍ക്ക് വളരെ രസകരമായി തോന്നുമെങ്കിലും തീര്‍ത്തും മടുപ്പ് തോന്നുന്ന ഒരു മേഖലയാണത്. വിഷയത്തെ കുറിച്ചുള്ള ഡോക്യുമെന്റ്‌സ് പഠിക്കാന്‍ ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ തന്നെ വേണ്ടി വന്നേക്കും. ഒരു സംഭവം പുറത്ത് കൊണ്ടുവന്നതിന് ശേഷം അതില്‍ നിന്നുണ്ടാകുന്ന ഇംപാക്ടും ഫാന്‍ ബേസും ഒക്കെ ചിലപ്പോള്‍ ത്രില്ലായേക്കാം. പക്ഷേ, അതിലുപരി നമ്മള്‍ എഴുതാന്‍ പോകുന്ന ഏത് കോര്‍പ്പറേറ്റിനെ കുറിച്ചാണെങ്കിലും ഒരു അക്ഷരം പോലും തെറ്റാതെ എഴുതുക എന്നതും വലിയൊരു ഉത്തരവാദിത്വമാണ്. ആദ്യമൊക്കെ കമ്പനി ഡോക്യൂമെന്റ്‌സുകള്‍ കിട്ടണമെങ്കില്‍ വലിയ പ്രയാസമായിരുന്നു. എന്നാല്‍, വിവരങ്ങളുടെ കുത്തൊഴുക്കാണ് ഇന്നുള്ളത്. അതില്‍ നിന്നും ശരിയായ വിവരങ്ങള്‍ കണ്ടെത്തുക എന്നുള്ളതാണ് ഇന്ന് നേരിടുന്ന വെല്ലുവിളി. ഹൈ ആന്‍ഡ് ടെക്‌നിക്കല്‍ ട്രാക്കിംഗ്, മറുവശത്ത് ഓള്‍ഡ് ഗ്രൗണ്ട് ഫീല്‍ഡ് റിപ്പോര്‍ട്ടിങ്, മൂന്നാമത് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ മൂവ്‌മെന്റ് ട്രാക്കിംഗ് ഇതെല്ലം കൂടിച്ചേരുമ്പോഴാണ് ഒരു നല്ല ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി ഉണ്ടാകുന്നത്.


പെഗാസസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ പലരുടെയും ഫോണിലെ വിവരങ്ങള്‍ ഗവണ്‍മെന്റ് ചോര്‍ത്തിയിരുന്നു. ഈ വാര്‍ത്തകള്‍ വലിയ രീതിയില്‍ കത്തിപ്പടരുന്ന സമയത്താണ് ഇസ്രായേലിലെ കസ്റ്റമേഴ്‌സ് ഡാറ്റ അക്‌സസ് ചെയ്തുകൊണ്ട് ഇന്റലിജന്‍സ് ബ്യൂറോ ആണ് ഈ ഡാറ്റ വാങ്ങിച്ചതെന്ന് ഞങ്ങള്‍ തെളിയിച്ചത്. നിലവിലുള്ള ഡാറ്റ ഉപയോഗിച്ച് കൊണ്ടാണ് അത് നടത്തിയത്.

മീഡിയകള്‍ക്ക് പരസ്യത്തില്‍ നിന്നാണ് ഭൂരിപക്ഷവും വരുമാനം കിട്ടുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ ഒരു ചെറിയ അംശം മാത്രമാണ്. ഇന്ന് മുഖ്യധാര മാധ്യമങ്ങള്‍ പോലും പരസ്യത്തില്‍ നിന്നാണ് വരുമാനം ഉണ്ടാക്കുന്നത്. പരസ്യങ്ങള്‍ കൊടുക്കുന്നത് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയും പൊതുമേഖലാ സ്ഥാപനങ്ങളുമാണ്. ഇതു കഴിഞ്ഞാല്‍ അംബാനി, അദാനി പോലുള്ള കോര്‍പറേറ്റുകളാണ്. എത്ര വലിയ കമ്പനി ആണെങ്കിലും അവര്‍ പല വര്‍ത്തകളെയും ഒരു ഗ്ലോറിഫൈഡ് ബ്ലാക്മെയ്ല്‍സിന് വേണ്ടി ഉപയോഗിക്കാറുണ്ട്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനം ദീര്‍ഘകാല പ്രക്രിയയാണ് - ധന്യ രാജേന്ദ്രന്‍

ചെന്നൈയില്‍ ജൂനിയര്‍ റിപ്പോര്‍ട്ടറായിരുന്ന കാലത്ത് ആദ്യത്തെ ഒരു വര്‍ഷം എനിക്ക് തന്നിരുന്ന ജോലി സിനിമാ താരങ്ങളുടെ കല്യാണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും, താരങ്ങള്‍ വീടിന് പുറത്തിറങ്ങുന്നുണ്ടോ എന്നുള്ളതുമൊക്കയായിരുന്നു. പിന്നീട് ഞാന്‍ സ്വന്തമായി കണ്ടെത്തിയ വാര്‍ത്ത കണ്ടിട്ടാണ് അവരെന്നെ പൊളിറ്റിക്‌സും, ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോട്ട് ചെയ്യാനും ഒക്കെ സമ്മതിച്ചത്. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ ക്യാഷ് കൊടുത്ത മാര്‍ക്ക് ഇട്ട് കൊടുക്കുന്നത് ഞാന്‍ ഒരു ഒളിക്കാ്യമറ വെച്ച് അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി കേസ് തെളിയിച്ചു. ഇതായിരുന്നു ഞാന്‍ ചെയ്ത ആദ്യ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി.

ടെലിവിഷനില്‍ അന്വേഷണാത്മക വാര്‍ത്തകള്‍ക്ക് ഒരു തുടര്‍ച്ചയുണ്ടാകില്ല. കാരണം, അവര്‍ക്ക് ആ വാര്‍ത്ത മുഴുവന്‍ പിന്തുടരാനുള്ള സമയം ഇല്ല. അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്നുള്ളത് ഒരു ദീര്‍ഘകാല പ്രക്രിയയാണ്. കാരണം, വാര്‍ത്ത ചെയ്യാനുള്ള ഡോക്യൂമെന്റ്‌സുകള്‍ എടുക്കാന്‍ മാത്രം രണ്ട് മാസമെടക്കും. പിന്നീട് ആ വാര്‍ത്ത, റിപ്പോര്‍ട്ടര്‍ എഴുതി കൊണ്ടുവന്നാല്‍ അത് എഡിറ്റ് ചെയ്യാന്‍ നാല് മാസമൊക്കെ എടുക്കേണ്ടിവരുന്നു. 2022 ജനുവരിയുടെ തുടക്കത്തിലാണ് തെലുങ്കാനയിലെ ഒരു ഉയര്‍ന്ന ഐ.എ.എസ്

ഉദ്യോഗസ്ഥന്റെ മകളുടെ കല്യാണം നടന്നത്. അതിന്റെ മുഴുവന്‍ ചിലവ് വഹിച്ചതും ഒരു വലിയ കോടീശ്വരന്റെ കമ്പനിയാണ് എന്നുള്ള വ്യക്തമായ തെളിവുകളോടെയുള്ള വാര്‍ത്ത ന്യൂസ് മിനിറ്റ് ചെയ്തിരുന്നു. ഈ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ തെലുങ്കാനയുടെ മൂന്ന് ജില്ലകളിലാണ് ചാനലിനെതിരെ കേസുള്ളത്.


മുഖ്യധാര മാധ്യമങ്ങള്‍ക്ക് ഇന്‍വെസ്റ്റിഗേഷന്‍ ചെയ്യാന്‍ താല്‍പര്യം ഇല്ല എന്നതല്ല പ്രശ്‌നം. അവര്‍ക്ക് അതിന് വേണ്ടി റിസ്‌ക് എടുക്കാന്‍ താല്‍പര്യം ഇല്ല എന്നതാണ്. ഇന്‍വെസ്റ്റിഗേഷന്‍ എന്നു പറഞ്ഞാല്‍ അഴിമതിയും, രാഷ്ട്രീയവും മാത്രം ചൂണ്ടിക്കാണിക്കാനുള്ളതല്ല. പല തരത്തിലുള്ള ഇന്‍വെസ്റ്റിഗേഷന്‍സ് ഉണ്ട്. ഉദാഹരണം പറഞ്ഞാല്‍, 2018 ല്‍ നടന്ന മീടൂ മൂവ്‌മെന്റ്, ഇന്‍വെസ്റ്റിഗേഷന്റെ ഫലമായിട്ടാണ് ഉണ്ടായതെന്ന് തെളിയിച്ചത് ന്യൂയോര്‍ക്ക് ടൈംസിലെ രണ്ട് റിപ്പോര്‍ട്ടേഴ്സാണ്. ഇപ്പോള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെ എടുത്തു നോക്കി കഴിഞ്ഞാല്‍ നമുക്കത് മനസ്സിലാകും. കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതീയതക്കെതിരെ നടന്ന സമരത്തില്‍ ഏത് മുഖ്യധാര മാധ്യമങ്ങളാണ് അത് ശരിയായ രീതിയില്‍ അന്വേഷിച്ചത.് ആരാണ് ഡയറക്ടര്‍ ശങ്കര്‍ മോഹനെ എതിരായുള്ള വാര്‍ത്തകള്‍ കൊണ്ടുവന്നത്.

മനോരമ എടുത്ത് പരിശോധിച്ചാല്‍ അവരുടെ വെബ്‌സൈറ്റ്, ന്യൂസ് പേപ്പര്‍, ടി.വി ചാനല്‍ ഓരോന്നിനും പ്രത്യേക സ്വഭാവങ്ങളാണുള്ളത്. ഒരാഴ്ച മുന്‍പ്, 20 വയസ്സുള്ള ഹിന്ദി നടി ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് അവരുടെ മുസ്‌ലിം ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വാര്‍ത്തക്ക് മനോരമ നല്‍കിയ അടിക്കുറിപ്പ് 'ഇത് ലൗജിഹാദ് ആണോ' എന്നായിരുന്നു. അഞ്ഞൂറോളം റിപ്പോര്‍ട്ടര്‍മാരൊക്കെ ഉള്ള ഇവര്‍ക്ക് സ്വന്തമായി അന്വേഷിച്ച് കണ്ടുപിടിക്കാവുന്ന കാര്യമാണ് അതില്‍ ലൗജിഹാദ് ഉണ്ടോ ഇല്ലയോ എന്നുള്ളത്. കേരളത്തില്‍ ലൗജിഹാദ് ഇല്ല എന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ പോലുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് കേരളത്തില്‍ ഇല്ലേ? ഡൂള്‍ ന്യൂസില്‍ മാത്രമാണ് അവര്‍ ഇതിനെ കുറിച്ച് പഠിച്ച് അന്വേഷിച്ച ഒരു വാര്‍ത്ത പബ്ലിഷ് ചെയ്തത്. കേരളത്തിലെ ചാനലുകളില്‍ അവര്‍ക്ക് സ്വപ്ന സുരേഷിന്റെ ഓരോ ദിവസത്തെയും വാര്‍ത്ത കണ്ടെത്താനല്ലാതെ പുതിയതായി ഒരു വാര്‍ത്തയും അന്വേഷിച്ച് കണ്ടെത്താന്‍ മെനക്കെടുന്നില്ല.

ഇന്‍വെസ്റ്റിഗേഷന്‍ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് ത്രില്ലല്ല, ടെന്‍ഷനും മാനസിക ബുദ്ധിമുട്ടുകളുമാണ് - ഡോ. വിനോദ് കെ. ജോസ്

ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്ത് തന്നെ ഒരുപക്ഷെ അപൂര്‍വമായിട്ടായിരിക്കും ഒരു ഇന്‍വെസ്റ്റിഗേഷന്‍ വാര്‍ത്ത രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്നത്. രണ്ട് കൊല്ലമൊക്കെ ഒരു വാര്‍ത്തയുടെ അന്വേഷണത്തിനായി നമ്മുടെ മുഴുവന്‍ സമയവും നിക്ഷേപിക്കുമ്പോള്‍ അവിടെ നമുക്ക് ഉണ്ടാകുന്നത് ത്രില്ലല്ല. മറിച്ച്, ടെന്‍ഷനും മാനസിക ബുദ്ധിമുട്ടുകളുമാണ്. മാധ്യമ രംഗത്ത് ഉറച്ച് നില്‍ക്കുന്ന പല പത്രപ്രവര്‍ത്തകരും തങ്ങള്‍ ചെയ്യുന്ന തൊഴിലില്‍ അത്രമേല്‍ വിശ്വസമര്‍പ്പിച്ചാണ് അത് നിര്‍വഹിക്കുന്നത്. പക്ഷേ, ഇന്ന് നമ്മളില്‍ പലര്‍ക്കും നമ്മുടെ ജോലി സ്ഥലത്ത് ജോലി ചെയ്യാന്‍ പറ്റാത്ത ഒരവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. മാധ്യമ സംരംഭകത്വം, മുഖ്യധാരാ മാധ്യമങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവരെല്ലാം എതിരെ നില്‍ക്കുമ്പോള്‍ നീതി പുലര്‍ത്തികൊണ്ട് ജോലി ചെയ്യാന്‍ പറ്റാത്ത ഒരു ഇടമായി മാധ്യമ മേഖല ഇന്ന് മാറിയിരിക്കുന്നു.

വാജ്‌പേയിടെ കാലത്ത് നൂറ്റിപതിനേഴോളം ആളുകളെ വിവിധ ബോംബ് സ്‌ഫോടനത്തിലൂടെ വധിച്ച കേസില്‍ അന്ന് ജയിലില്‍ കഴിഞ്ഞിരുന്ന അസീമാനന്ദയെ കാരവന്‍ അഭിമുഖം നടത്തിയിരുന്നു. അന്നത്തെ ഹിന്ദു ഭീകരാക്രമണ പരമ്പരയുടെ, വലതുപക്ഷ പ്രവര്‍ത്തനത്തിന്റെ നിജസ്ഥിതിയെ കുറിച്ച് അസീമാനന്ദയെ കൊണ്ട് തന്നെ പറയിപ്പിച്ചു. ജഡ്ജ് ലോയയുടെ വധവുമായി ബന്ധപ്പെട്ട സ്റ്റോറീസുകളുടെ സീരീസ്, പ്രൊഫൈല്‍ സ്‌കാം, നാഷ്ണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ അജിത് ഡോവല്‍ന്റെ മകന്‍ വിവേക് ഡോവലിന്റെ പേരിലുള്ള കെയ്മാന്‍ ദ്വീപിലുള്ള കമ്പനികളെ കുറിച്ച്, അമിത്ഷായുടെ മകന്‍ വിവിധ ബാങ്കില്‍ നിന്നും നിയമവിരുദ്ധമായി സമ്പാദിച്ചെടുത്തിട്ടുള്ള ലോണുകളുടെ കണക്കുകള്‍, എങ്ങനെയാണ് ബി.ജെ.പി നാഷണല്‍ ലീഡര്‍ഷിപ്പിന് കോടികണക്കിന് രൂപ അദ്വാനിക്കും, ജെയ്റ്റ്‌ലിക്കും കൊടുത്തു എന്നുള്ള ഇന്‍കം ടാക്‌സിന്റെ റെക്കോര്‍ഡ്സ് തുടങ്ങിയവയൊക്കെ കാരവാന്‍ പുറത്തു കൊണ്ടുവന്നതാണ്.


ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിന് എപ്പോഴും വേണ്ടത് ഒരു അനുമാനമാണ്; ഹൈപ്പോതിസീസ്. തുടക്കത്തിലെ ഇത് അക്കാദമിക്കായിട്ട് ചെയ്യേണ്ട ഒരു തൊഴിലാണ്. അതിന് ഒരുപാട് ഘട്ടങ്ങളുണ്ട്. ലൗജിഹാദ് വിഷയം ആണെങ്കില്‍, ലൗജിഹാദ് ഉണ്ടോ ഇല്ലയോ എന്ന ഹൈപ്പോതിസീസ് മനസ്സിലാകണമെന്നുണ്ടെങ്കില്‍ ഇതിനെ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും നമ്മള്‍ ശേഖരിക്കണം. അതിന് ശേഷം നമ്മള്‍ നന്നായി പഠിക്കണം. സ്വാഭാവികമായി ഉണ്ടാകുന്ന എണ്ണത്തില്‍ കവിഞ്ഞ് എന്തെങ്കിലും ഒരു പാറ്റേണ്‍ എമര്‍ജ് ചെയ്യുന്നുണ്ടോ എന്നാണ് സിസ്റ്റമാറ്റിക് ആയിട്ട് നമ്മള്‍ നോക്കേണ്ടത്. സ്വാഭാവികമായും ഒരു മുപ്പത് വര്‍ഷം മുമ്പുണ്ടായിരുന്ന വിവരങ്ങള്‍ ശേഖരിച്ച് ഓരോ ഏരിയകള്‍ തിരിച്ചു നമ്മള്‍ കളക്ട് ചെയ്യും. ഇങ്ങനെയാണ് ബിഗ് ഡാറ്റ ഇന്‍വെസ്റ്റിഗേഷന്‍ ചെയ്യുന്നത്. ഹൈപ്പോതിസീസ് ഓപ്പണ്‍ ആണ്. പ്രൂവ് ചെയ്യപ്പെടാം, ഡിസ്പ്രൂവ് ചെയ്യപ്പെടാം. നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരുപാട് സോഫ്റ്റ്വെയറുകളും മെത്തേഡ്‌സും ഉണ്ട്. പക്ഷേ, അത് ചെയ്യാനുള്ള റിസോഴ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍സില്‍നിന്ന് കിട്ടുന്നില്ല. ഇത് ചെയ്യേണ്ട എഫര്‍ട്ട് ജേണലിസ്റ്റുകളുടെ ഇന്‍ഡ്വീജ്വല്‍ ആയികുന്നു. ആ ഒരു സാഹചര്യത്തില്‍ ഏറ്റവും ഈസിയായിട്ടുള്ള പരിപാടി എന്ന് പറയുന്നത്, പൊളിറ്റിക്കലി ആരെങ്കിലുമുണ്ടാക്കുന്ന ഒരു കണ്‍ക്ലൂഷന്റെ പുറകെ പോവുക എന്നതാണ്. അതിനു ചേര്‍ക്കുന്ന കമന്ററികളും ക്വാളിറ്റേറ്റിവായി, സബ്‌ജെക്റ്റീവ് ആയി അവിടെയും ഇവിടെയും വരുന്ന ഓരോ എക്‌സാമ്പിളുകള്‍ വെച്ചിട്ട് ഇതുണ്ട്, അതില്ല-അതില്ല, ഇതുണ്ട് എന്ന് പറഞ്ഞ് ഒരു നരേറ്റീവ് ബില്‍ഡ് ചെയ്യുക എന്നതാണ്.

അതിനൊരു സിസ്റ്റമാറ്റിക്കായ, സയന്റിഫിക് ആയ പ്രോസസ്സ് ഇല്ല. പ്രത്യേകിച്ചും മെയിന്‍സ്ട്രീം മീഡിയയില്‍. അത് പ്രത്യേകിച്ചും റിസോഴ്‌സുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്. നറേറ്റീവിന്റെ പുറകെ പോയി പാര്‍ട്ട് ചെയ്യുകയാണ് എന്നുണ്ടെങ്കില്‍, നരേറ്റീവ് തന്നെ കാര്യങ്ങളെ ഡിഫന്‍ഡ് ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകും. കാരവാന്‍ പോലൊരു മാഗസിന് സംബന്ധിച്ച് ഇത് പലതും ചെയ്യാന്‍ പറ്റിയത്, മെയിന്‍ സ്ട്രീം മീഡിയയില്‍ നില്‍ക്കെതന്നെ ലോങ്ങ് ഫോം മാഗസിന്‍ ആണ് എന്നുള്ള ഐഡന്റിറ്റിയാണ്. നമുക്ക് കൂടുതല്‍ സമയം ജേണലിസ്റ്റുകള്‍ക്ക് കൊടുക്കാന്‍ കഴിയും. നമ്മള്‍ ഡീപ് ഇന്‍വെസ്റ്റിഗേഷന്‍സ് ചെയ്യുന്നു. ഡീപ് ഇന്‍വെസ്റ്റിഗേഷന്‍സ് ചെയ്യുമ്പോള്‍ അതിനുവേണ്ട സമയം ഒരു ജേണലിസ്റ്റ്, റിപ്പോര്‍ട്ടിന് പോകുമ്പോള്‍ കൊടുക്കുന്ന സമയത്തിനെ ജസ്റ്റിഫൈ ചെയ്യുന്ന തരത്തിലുള്ള മെറ്റീരിയല്‍ ആണോ വരുന്നത് എന്നത് പ്രധാനമാണ്.

കാരവാന്‍ മുന്‍പ് ചെയ്ത ജഡ്ജ് ലോയയെ കുറിച്ച് വന്ന സ്റ്റോറി, കാരവാന്‍ കമ്മിറ്റ് ചെയ്ത സ്റ്റോറി ആയിരുന്നില്ല. സൊഹ്‌റാബുദ്ദീന്‍ കേസില്‍ വന്ന അമിത് ഷായുടെ ജഡ്ജ്‌മെന്റിനെ കുറിച്ച വേറൊരു റിപ്പോര്‍ട്ടര്‍ അവരുടെ സ്ഥാപനത്തിന് വേണ്ടി ചെയ്ത സ്റ്റോറി ആയിരുന്നു. പക്ഷെ, ആ സ്റ്റോറി ആ സ്ഥാപനം പ്രസിദ്ധീകരിച്ചില്ലെന്ന് മാത്രമല്ല, പിന്നീട 'അമിത് ഷാ ദി മോഡേണ്‍ ചാണക്യ' എന്ന കവര്‍ സ്റ്റോറി തന്നെ അവര്‍ പ്രസിദ്ധീകരിച്ചു. അതിന് ശേഷമാണ് ആ റിപ്പോര്‍ട്ടര്‍ കാരവനെ സമീപിക്കുന്നത്.

ഇന്ത്യയിലെ അറ്റോര്‍ണി ജനറല്‍ ആയിരുന്ന ഗുലാം വഹന്‍വതി പല സ്‌കാമുകളുടെയും, 2 ജി, കോള്‍ഗേറ്റ് തുടങ്ങി പലതിനും ലീഗല്‍ ഒപ്പീനിയന്‍ കൊടുത്തിരുന്ന അഡ്വക്കേറ്റ് ആയിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സ്‌കാമുകളെ കുറിച്ച് പലപ്പോഴും പറഞ്ഞപ്പോള്‍ ഗൗരവത്തിലെടുത്തില്ല- രാഷ്ട്രീയക്കാര്‍ക്കെതിരെ മാത്രമാണ് സ്‌കാമുകള്‍ നീങ്ങിയത്. കാരവനില്‍ ഒരു ദിവസം ഞങ്ങള്‍ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി അതിന് ലീഗല്‍ ഒപ്പീനിയന്‍ കൊടുത്ത ഇന്ത്യയിലെ ഏറ്റവും ടോപ് ഓഫീസറുടെ റോള്‍ അന്വേഷിക്കേണ്ടതുണ്ടല്ലോ എന്ന്. കാരണം, അവിടെ എങ്ങനെയോ അയാള്‍ എല്ലാത്തില്‍ നിന്നും രക്ഷപ്പെടുന്നു. അങ്ങനെയാണ് ഗുലാം വഹന്‍വതിയെ കുറിച്ച് പഠിക്കാനുള്ള ശ്രമം തുടങ്ങിയത്. ഗുലാം വഹന്‍വതി കുറിച്ച് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം ലീഗല്‍ നോട്ടീസ് വരുന്നത് അനില്‍ അംബാനിയില്‍ നിന്നാണ്. സാധാരണ ലീഗല്‍ നോട്ടീസ് വരുന്നത് ഒരു സ്റ്റോറി പബ്ലിഷ് ചെയ്യുന്നതിന് ശേഷമാണ്. സ്റ്റോറിക്ക് വേണ്ടി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയ ഉടനെ തന്നെ ലീഗല്‍ നോട്ടീസ് വരുന്നു. ഡല്‍ഹിയിലും മുംബൈയിലും ഗുലാം വഹന്‍വതിയെ കുറിച്ച് അന്വേഷണം തുടങ്ങി എന്നുള്ള വാര്‍ത്ത അവരുടെ സര്‍ക്കിളുകളില്‍ പോകുന്നു. കാരവന്‍ ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷനെ അവര്‍ സീരിയസ് ആയിട്ട് എടുക്കുന്നു. സമയമെടുത്താണ് കാരവന്‍ അന്വേഷിക്കുന്നത്. പതിനായിരം പേജ് വരെയൊക്കെ ഒരു ഡോക്കുമെന്റേഷന്‍ ഉണ്ടായിരിക്കും.

ആദ്യം വന്ന ലീഗല്‍ നോട്ടീസിനെ ഞങ്ങള്‍ അവഗണിച്ചു. അതിന് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ പിന്നെയും അതേ കമ്പനിയില്‍ നിന്ന്, വേറൊരു സിറ്റിയില്‍ നിന്ന് ലീഗല്‍ നോട്ടീസ് വന്നു. ഓരോ ആഴ്ചയും ഇങ്ങനെ പ്രഷര്‍ ബില്‍ഡ് ചെയ്തു കൊണ്ടിരിക്കുകയാണ്. സാധരണ ഒരു നോര്‍മല്‍ മെയിന്‍സ്ട്രീം പബ്ലിക്കേഷന്‍ ഒരു സ്റ്റോറി ചെയ്യാന്‍ പോകുന്നതിന് മുന്‍പ് തന്നെ ഇത്രയും ലീഗല്‍ പ്രഷറിലാകുമ്പോള്‍, അത് അവിടെ തന്നെ ഡ്രോപ് ചെയ്യുന്നു. ഒരു റിപ്പോര്‍ട്ടര്‍ ഏതെങ്കിലും കമ്പനിയുടെ സ്‌കാമിനെ കുറിച്ചോ മറ്റോ കഷ്ടപ്പെട്ട് കണ്ടുപിടിച്ച് സ്റ്റോറി പബ്ലിഷ് ചെയ്യും. പിറ്റേന്ന് തന്നെ ആ കമ്പനിയുടെ പരസ്യം പത്രത്തിന്റെ ഫ്രണ്ട് പേജില്‍ തന്നെ വരുന്നു. ഇത്തരം ഒരു ബിസിനസ് ആണ് മുഖ്യധാര മാധ്യമങ്ങളില്‍ നടക്കുന്നത്. കാരവാന്‍ മുന്‍പ് ചെയ്ത ജഡ്ജ് ലോയയെ കുറിച്ച് വന്ന സ്റ്റോറി, കാരവാന്‍ കമ്മിറ്റ് ചെയ്ത സ്റ്റോറി ആയിരുന്നില്ല. സൊഹ്‌റാബുദ്ദീന്‍ കേസില്‍ വന്ന അമിത് ഷായുടെ ജഡ്ജ്‌മെന്റിനെ കുറിച്ച വേറൊരു റിപ്പോര്‍ട്ടര്‍ അവരുടെ സ്ഥാപനത്തിന് വേണ്ടി ചെയ്ത സ്റ്റോറി ആയിരുന്നു. പക്ഷെ, ആ സ്റ്റോറി ആ സ്ഥാപനം പ്രസിദ്ധീകരിച്ചില്ലെന്ന് മാത്രമല്ല, പിന്നീട 'അമിത് ഷാ ദി മോഡേണ്‍ ചാണക്യ' എന്ന കവര്‍ സ്റ്റോറി തന്നെ അവര്‍ പ്രസിദ്ധീകരിച്ചു. അതിന് ശേഷമാണ് ആ റിപ്പോര്‍ട്ടര്‍ കാരവനെ സമീപിക്കുന്നത്. ഫാഷിസിസ്റ്റുളുടെ ആര്‍മിയായി ഇന്ന് മീഡിയ മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ സ്വന്തന്ത്ര്യസമര കാലത്തൊക്കെ നടന്നത് പോലെ പുതിയ രീതിയിലുള്ള മീഡിയ മോഡല്‍സ് എമെര്‍ജ് ചെയ്യേണ്ടേ ഒരു സമയം ആയിരിക്കുന്നു. അന്നത്തേക്കാളും ഒരുപാട് പരിമിതികള്‍ ഇന്നത്തെ പത്ര പ്രവര്‍ത്തനത്തിനുണ്ട്.

പത്ര പ്രവര്‍ത്തനത്തെയും അന്വേഷണാത്മക പത്ര പ്രവര്‍ത്തനത്തെയും ഒരു സോഷ്യല്‍ സര്‍വീസായി കാണാന്‍ പറ്റാത്ത ജനങ്ങളുള്ള ഒരു രാജ്യം മുന്നോട്ട് പോവുകയില്ല. അങ്ങനെ കാണാത്ത ഒരു സ്ഥലത്തു ഒരു നല്ല ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസമോ ഒരു നല്ല മീഡിയയോ ഉണ്ടാകാനിടയില്ല. ജനാധിപത്യ രാജ്യത്തിന്റെ നാല് പ്രധാന തൂണുകളില്‍ ഒന്നാണ് പത്ര മാധ്യമ സ്ഥാപനങ്ങള്‍. ജുഡീഷ്യറിയും, എക്‌സിക്യൂട്ടീവും, ലെജിസ്ലേഷനും കഴിഞ്ഞാല്‍ മീഡിയ ആണ് പറയേണ്ടത്. ഇന്ത്യ എടുത്ത് കഴിഞ്ഞാല്‍ അതില്‍ എഴുപത്തിയഞ്ച് ശതമാനം സ്വാതന്ത്ര്യസമര സേനാനികളും മാധ്യമപ്രവര്‍ത്തകരായിരുന്നു. ചെറിയ മാസികകള്‍, ലഘുലേഖകള്‍, കോളമിസ്റ്റ്, എഡിറ്റോറിയല്‍ ഇങ്ങിനെയൊക്കെ അവര്‍ തുടര്‍ന്നിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കവും ഇ സ്ഥാപനങ്ങളിലൂടെ പകര്‍ന്ന ആശയങ്ങളിലൂടെയാണ് സ്വതന്ത്ര്യ സമര സേനാനികളുടെ പ്രത്യയശാസ്ത്രം വികസിക്കുന്നത്.

പണ്ടത്തെ മുഖ്യധാരാ മധ്യമങ്ങള്‍ എന്ന് പറയുന്ന ടൈംസ് ഓഫ് ഇന്ത്യയും, ഇന്ത്യന്‍ എക്‌സ്പ്രസ്സ് പോലുള്ള സ്ഥാപനങ്ങളും അന്നത്തെ കാലത്തും ജനങ്ങളുടെ കൂടെ നിന്നിട്ടുണ്ടോ എന്ന് ചരിത്രത്തിലേക്ക് നമ്മള്‍ തിരിഞ്ഞ് നോക്കിയാല്‍, ഇല്ലൊന്നാണ് കാണുന്നത്. അന്നും ഇന്നും മുഖ്യധാരാ മാധ്യമങ്ങള്‍ ഒരു വ്യവസായമായിട്ട് മാത്രമാണ് മാധ്യമങ്ങളെ കാണുന്നത്.



Similar Posts