Analysis
എക്‌സ്‌പ്ലോസ്സീവ് സീസണായി മാറിയ ഐ.പി.എല്‍ 2024
Analysis

എക്‌സ്‌പ്ലോസ്സീവ് സീസണായി മാറിയ ഐ.പി.എല്‍ 2024

റസിന്‍ അബ്ദുല്‍ അസീസ്
|
31 May 2024 2:39 PM GMT

ബാറ്റിങ്ങ് വിസ്‌ഫോടനമാണ് സീസണില്‍ ടീമുകള്‍ നടത്തിയത്. യുവതാരങ്ങള്‍ അവരുടെ മികച്ച പ്രകടനം പുറത്തെടുത്ത സീസണ്‍ കൂടിയാണ് 2024.

ഐ.പി.എല്‍ പതിനേഴാമത് സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ പല ചര്‍ച്ചകള്‍ക്കും വഴിയൊരുങ്ങിയിരുന്നു. ടൂര്‍ണമെന്റിലെ രാജാക്കന്മാരായ ചെന്നൈ സൂപ്പര്‍ കിംങ്‌സിന്റെയും, മുംബൈ ഇന്ത്യന്‍സിന്റെയും 'തലവന്‍' മാരുടെ മാറ്റമായിരുന്നു പ്രധാന വിഷയം. രോഹിത് ശര്‍മയെ മാറ്റി, പ്രഥമ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ കരീടമണിയിച്ച ഹാര്‍ദിക് പാണ്ഡ്യയെ തിരിച്ച് വിളിച്ച് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ക്യാപ്റ്റനാക്കി. വലിയ വിമര്‍ശനങ്ങള്‍ക്കും ആരാധകര്‍ക്കിടയിലെ ആശയക്കുഴപ്പത്തിനും ഈ നീക്കം ഇടയാക്കി. ചെന്നൈ സൂപ്പര്‍ കിംങ്‌സാവട്ടെ തങ്ങളുടെ ക്യാപ്റ്റന്‍ സ്ഥാനം ധോണിയില്‍ നിന്ന് ഋതുരാജ് ഗെയ്ക്വാദിന് നല്‍കി. ആരാധകര്‍ ധോണിയുടെ അവസാന സീസണാകുമിതെന്ന് വിലയിരുത്തി. എന്നാല്‍, ടൂര്‍ണമെന്റ് തുടങ്ങിയപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ അപ്രസക്തമായി. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സ്‌പ്ലോസീവ് സീസണായി മാറി 2024.

റെക്കോര്‍ഡുകള്‍ തീര്‍ത്ത സീസണ്‍

ബാറ്റിങ്ങ് വിസ്‌ഫോടനമാണ് സീസണില്‍ ടീമുകള്‍ നടത്തിയത്. പ്രത്യേകിച്ചും സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍, ഏറ്റവും അധികം സിക്സുകള്‍, ഉയര്‍ന്ന പവര്‍പ്ലേ റണ്‍റേറ്റും പവര്‍പ്ലേ സ്‌കോറും, ആദ്യ പത്ത് ഓവറുകളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, അതിവേഗം നൂറ് റണ്‍സ് പിന്നിട്ട ടീം, ഇങ്ങനെ ഒരുപിടി റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയാണ് ഹൈദരാബാദ് സീസണ്‍ പൂര്‍ത്തിയാക്കിയത്. കൂടാതെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റ്, കൂടുതല്‍ 200 + ടോട്ടലുകളുണ്ടായ സീസണ്‍, ഏറ്റവും അധികം സിക്സുകള്‍ പിറന്ന സീസണ്‍, ഏറ്റവും അധികം സെഞ്ച്വറികള്‍, ഏറ്റവും വലിയ ടി-ട്വന്റി ചേസ് നടന്ന സീസണ്‍, ഒരു ടി-ട്വന്റി മാച്ചില്‍ രണ്ട് ടീമും കൂടിയെടുത്ത ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇങ്ങനെ ധാരാളം റെക്കോര്‍ഡുകളാല്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ സീസണാണ് കടന്നുപോയത്.


മിന്നും യുവതാരങ്ങള്‍

യുവതാരങ്ങള്‍ അവരുടെ മികച്ച പ്രകടനം പുറത്തെടുത്ത സീസണാണിത്. ഓസീസ് താരം ജെയ്ക്-ഫ്രെസര്‍ മക്ഗുര്‍ക് ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ബാറ്റ് കൊണ്ട് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഐ.പി.എല്ലില്‍ മികച്ച ശരാശരിയുള്ള ഡേവിഡ് വാര്‍ണറെ ബെഞ്ചിലിരുത്തി ജെയ്ക്കിന് അവസരം കൊടുക്കുകയും അതിനെ നല്ലരീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഈ 22-കാരന് സാധിക്കുകയും ചെയ്തു. ടൂര്‍ണമെന്റിലെ ഇലക്ട്രിക് സ്‌ട്രൈക്കറായി മാറി ജെയ്ക്. ഐ.പി.എല്ലിലെ പ്രകടനം താരത്തെ ടി-ട്വന്റി വേള്‍ഡ് കപ്പിനുള്ള ഓസ്‌ട്രേലിയന്‍ റിസേര്‍വ് ടീമില്‍ ഇടം നല്‍കി. ജെയ്കിന് ഒപ്പം തന്നെ ഡല്‍ഹിക്ക് വേണ്ടി ഓപ്പണിങ്ങില്‍ മിന്നും പ്രകടനമാണ് അഭിഷേക് പോറല്‍ നടത്തിയത്. ആദ്യ കളിയില്‍ ഇംപാക്റ്റ് സബ് ആയി ഇറങ്ങിയ താരം, പിന്നീട് ഡല്‍ഹി ഓപ്പണിങ്ങില്‍ സ്ഥിര സാന്നിധ്യമായി. ടൂര്‍ണമെന്റിലെ എമേര്‍ജിങ്ങ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടത് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നിതീഷ് കുമാര്‍ റെഡ്ഢിയെ ആണ്. ഹൈദരാബാദിന് വലിയ തലവേദന സൃഷ്ടിച്ച മിഡില്‍ ഓര്‍ഡര്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനമാണ് നിതീഷ് നടത്തിയത്.


| ജെയ്ക്-ഫ്രെസര്‍ മക്ഗുര്‍ക്

മറ്റൊരു താരം അഭിഷേക് ശര്‍മയാണ്. ഹൈദരാബാദ് ഓപണിങ്ങില്‍ ബാറ്റിങ്ങ് വിസ്‌ഫോടനമാണ് അഭിഷേക് നടത്തിയത്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ടീം ടോട്ടല്‍ നേടിയെടുക്കാന്‍ ട്രാവിസ് ഹെഡിനൊപ്പം മാസ്മരിക ബാറ്റിങ്ങാണ് അഭിഷേക് കാഴ്ചവെച്ചത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ നിന്നും വലിയ മാറ്റമാണ് അഭിഷേകിനുണ്ടായത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമായി മാറി അഭിഷേക്. തന്റെ മികച്ച ഫോമിന് കാരണക്കാരന്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങാണെന്ന് അഭിഷേക് വെളിപ്പെടുത്തി.


| അഭിഷേക് ശര്‍മ

മോശം പ്രകടനം കാരണം വിമര്‍ശനങ്ങളേല്‍ക്കേണ്ടിവന്ന താരമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ്. എന്നാല്‍, ഈ സീസണില്‍ ടീമിന്റെ നിര്‍ണായക സാന്നിധ്യമായി പരാഗ്. പല മത്സരങ്ങളിലും ടോപ്പ് ഓര്‍ഡര്‍ വിക്കറ്റ് നഷടമായപ്പോള്‍ പക്വതയാര്‍ന്ന പ്രകടനത്തോടെ ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ പരാഗിന് സാധിച്ചു.


| റിയാന്‍ പരാഗ്

ബൗളിങ്ങിലേക്ക് വന്നാല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹര്‍ഷിത് റാണ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. കൊല്‍ക്കത്തയെ കിരീടമണിയിക്കുന്നതില്‍ നിര്‍ണായകമായ ബൗളിങ്ങ് യൂണിറ്റിലെ കുന്തമുനയായിരുന്നു ഹര്‍ഷിത്. ഒപ്പം തന്നെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മയങ്ക് യാദവ്. പരിക്ക് പറ്റി സീസണ്‍ പകുതി നഷ്ടമായില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ടി-ട്വന്റി വേള്‍ഡ് കപ്പ് ടീമിലേക്ക് ഇടം കല്‍പിക്കപ്പെട്ട താരം. മയങ്ക് യാദവിന്റെ ബൗളിങ്ങ് സ്പീഡും വേരിയേഷനും മികച്ചതായിരുന്നു. കഴിഞ്ഞ സീസണിലേതു പോലെ ചെന്നൈ സൂപ്പര്‍ കിംങ്‌സിനുവേണ്ടി നിര്‍ണായക വിക്കറ്റുകളെടുക്കാന്‍ ഇത്തവണയും ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരണക്ക് സാധിച്ചു. മികച്ച യോര്‍ക്കറുകളെറിയാനും നിര്‍ണായക സമയങ്ങളില്‍ ബൗളിങ്ങില്‍ സ്പീഡ് വേരിയേഷന്‍ കൊണ്ട് വരാനും 'ബേബി മലിംഗ'ക്ക് കഴിഞ്ഞു.


| മയങ്ക് യാദവ്

വെറ്ററന്‍ കരുത്ത്

പഴകും തോറും വീര്യം കൂടുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഈ സീസണില്‍ വെറ്ററന്‍ താരങ്ങള്‍ പുറത്തെടുത്തത്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും വിക്കറ്റ് കീപ്പറായും ബാറ്റിങ്ങില്‍ ഡെത്ത് ഓവറില്‍ വന്ന് ഫിനീഷറായും ഗംഭീര പ്രകടനമാണ് മഹേന്ദ്ര സിങ് ധോണി കാഴ്ചവെച്ചത്. ഈ സീസണിലെ ഫാന്റസി പ്ലെയറായി തെരഞ്ഞെടുക്കപ്പട്ടത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനില്‍ നരെയ്നെയാണ്. ബാറ്റ് കൊണ്ടും ബൗള്‍ കൊണ്ടും മാസ്മരിക പ്രകടനം നരെയ്ന്‍ പുറത്തെടുത്തു. തന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയും നരെയ്ന്‍ സീസണില്‍ നേടി. ടൂര്‍ണമെന്റില്‍ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്‌തെങ്കിലും മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ്ങ് യൂണിറ്റില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു പിയുഷ് ചൗള. കുറച്ച് റണ്‍സ് മാത്രം വിട്ട് കൊടുത്ത് മികച്ച രീതിയിലാണ് ചൗള പന്തെറിഞ്ഞത്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി ബാറ്റ് കൊണ്ട് മികച്ച ടോട്ടലുകള്‍ കെട്ടിപ്പടുത്ത താരമാണ് ദിനേഷ് കാര്‍ത്തിക്. ബംഗളൂരുവിന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായിരുന്നു ഡി.കെ.


ടി-ട്വന്റി വേള്‍ഡ് കപ്പിന് വേണ്ടി യു.എസിലേക്ക് പറക്കുന്ന ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ മികച്ച പ്രകടനമാണ് ഈ സീസണില്‍ ഐ.പി.എല്ലില്‍ കാഴ്ചവെച്ചിട്ടുള്ളത്. ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും ടൂര്‍ണമെന്റില്‍ നിറഞ്ഞു നിന്ന മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ ടീമിലുള്ളത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഐ.പി.എല്‍ പതിനേഴാം സീസണിലെ പ്രകടനം ടി-ട്വന്റി വേള്‍ഡ് കപ്പ് കളിക്കുന്ന താരങ്ങള്‍ക്ക് വലിയ ഊര്‍ജമാകും.


Similar Posts