Analysis
വയനാട് ഉരുള്‍പൊട്ടലിന് പിന്നിലെ കാരണം അതിവൃഷ്ടി മാത്രമോ?
Analysis

വയനാട് ഉരുള്‍പൊട്ടലിന് പിന്നിലെ കാരണം അതിവൃഷ്ടി മാത്രമോ?

ഷെല്‍ഫ് ഡെസ്‌ക്
|
7 Sep 2024 12:09 PM GMT

വയനാട് ഉരുള്‍പൊട്ടലിന്റെ കാരണങ്ങളെ വിശകലനം ചെയ്തുകൊണ്ട് ശാസ്ത്ര ലേഖിക രോഹിണി കൃഷ്ണമൂര്‍ത്തിയും ഡാറ്റാ ജേര്‍ണലിസ്റ്റായ പുലാഹ റോയിയും ചേര്‍ന്ന് ഡൗണ്‍ ടു എര്‍ത്തില്‍ എഴുതിയ ലേഖനത്തിന്റെ സംക്ഷിപ്ത വിവര്‍ത്തനം.

പശ്ചിമഘട്ട പരിസ്ഥിതിയെ ദുര്‍ബലാവസ്ഥയിലേക്കെത്തിച്ച അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഭൂവിനിയോഗ രീതികള്‍ക്കും തോട്ടങ്ങള്‍ക്കായുള്ള കയ്യേറ്റങ്ങള്‍ക്കും വന്‍കിട റിസോര്‍ട്ട് മാഫിയകള്‍ക്കും, ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കും വനമേഖലയിലേക്കുള്ള റോഡ് നിര്‍മാണങ്ങള്‍ക്കും ഉള്ള പങ്ക് വിസ്മരിക്കാവുന്നതാണോ? നിയന്ത്രണ രഹിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതേപടി തുടരാന്‍ ഇനിയും സാധ്യമോ? സാധാരണ മനുഷ്യരുടെ ജീവന് വിലകല്‍പ്പിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ഇനിയും എത്രകാലം കൂടി വേണം?

വയനാട് ഉരുള്‍പൊട്ടലിന്റെ കാരണങ്ങളെ വിശകലനം ചെയ്തുകൊണ്ട് ഡൗണ്‍ ടു എര്‍ത്തിലെ സീനിയര്‍ റിപ്പോര്‍ട്ടറും ശാസ്ത്ര ലേഖികയുമായ രോഹിണി കൃഷ്ണമൂര്‍ത്തിയും ഡൗണ്‍ ടു എര്‍ത്തിലെ തന്നെ ഡാറ്റാ ജേര്‍ണലിസ്റ്റായ പുലാഹ റോയിയും ചേര്‍ന്നെഴുതിയ ലേഖനത്തിന്റെ സംക്ഷിപ്ത രൂപം വായിക്കാം.

തകരാന്‍ വിധിക്കപ്പെട്ട (പശ്ചിമഘട്ടം)

ജൂലായ് 30-ന് വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായത് വാര്‍ഷിക മഴയുടെ ആറ് ശതമാനം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്തതുകൊണ്ടല്ല. മറിച്ച്, പാരിസ്ഥിതികമായി ദുര്‍ബലമായ ഒരു പ്രദേശത്തെ വര്‍ഷങ്ങളോളം നിരന്തര ചൂഷണത്തിന് വിധേയമാക്കിയതിന്റെ ഫലം കൂടിയായിരുന്നു. 400-ലധികം പേരുടെ ജീവന്‍ അപഹരിച്ച ഈ ദുരന്തത്തിന്റെ കാരണങ്ങള്‍ പശ്ചിമഘട്ട പീഠഭൂമിയുടെ സ്വാഭാവിക പ്രതിരോധത്തെ വ്യവസ്ഥാപിതമായി ദുര്‍ബലമാക്കിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കണ്ടെത്താനാകും. ഡൗണ്‍ ടു എര്‍ത്ത് (ഡിടിഇ) വിശകലനം ചെയ്ത ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത് വയനാട്ടില്‍ കുറഞ്ഞത് 48 ക്വാറികളെങ്കിലും ഉണ്ടെന്നാണ്. സാറ്റലൈറ്റ് ചിത്രങ്ങളില്‍ ക്വാറികള്‍ ദൃശ്യമാണ് എന്ന വസ്തുത സൂചിപ്പിക്കുന്നത്, അവ ഒന്നുകില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുകയോ അല്ലെങ്കില്‍ ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ മണ്ണിട്ട് മൂടാതിരിക്കുകയോ, ആ പ്രദേശങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ട് എന്നാണ്. ഇത്തരം പ്രദേശങ്ങളിലെ ഭൂപ്രകൃതിയുടെ സ്ഥിരത ഉറപ്പാക്കാന്‍ ക്വാറി ഉടമകള്‍ നിയമപ്രകാരം ബാദ്ധ്യതപ്പെട്ടിട്ടുണ്ട് എന്ന് വിസ്മരിക്കരുത്.

ആഗോളതാപനത്തിന്റെ ആഘാതം തീവ്ര കാലാവസ്ഥാ സംഭവങ്ങളുമായി ബന്ധപ്പെടുത്തി പഠനം നടത്തുന്ന കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ ആഗോള കണ്‍സോര്‍ഷ്യമായ വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍ (World Weather Attribution)ന്റെ ആഗസ്റ്റ് 14ലെ റിപ്പോര്‍ട്ടില്‍, ''നിര്‍മാണ സാമഗ്രികള്‍ക്കായി ഖനനം ചെയ്യുന്നത് പോലുള്ള ഘടകങ്ങള്‍'' കനത്ത മഴ പെയ്യുമ്പോള്‍ ചരിവുകളിലെ ഉരുള്‍പൊട്ടലിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിന് കാരണമായേക്കാമെന്ന് എടുത്തുകാണിക്കുന്നു.

ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറാക്കിയ 'ലാന്‍ഡ്‌സ്ലൈഡ് അറ്റ്‌ലസ് ഓഫ് ഇന്ത്യ' പ്രകാരം രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 147 ജില്ലകളില്‍ 13-ാം സ്ഥാനത്തുള്ള വയനാട്ടിലെ ക്വാറികളുടെ വ്യാപനം മനസിലാക്കാന്‍ ഓപ്പണ്‍ സോഴ്‌സ് ഡാറ്റാബേസിലെ ഓപ്പണ്‍ സ്ട്രീറ്റ്മാപ്പില്‍ നിന്ന് ക്വാറി സൈറ്റുകളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഡൗണ്‍ ടു എര്‍ത്ത് വിശകലനം ചെയ്തു. 2013-ലെ ഒരു ഉന്നതതല വര്‍ക്കിംഗ് ഗ്രൂപ്പ് കണ്ടെത്തിയ പാരിസ്ഥിതിക ലോല പ്രദേശങ്ങളില്‍ (ഇഎസ്എ) ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വിലയിരുത്താന്‍ ജില്ലയുടെ ഭൂപടത്തില്‍ മേല്‍സൂചിപ്പിച്ച ചിത്രം സൂപ്പര്‍ഇമ്പോസ് ചെയ്തു.


വയനാട്ടിലെ 48 ക്വാറികളില്‍ 15 എണ്ണവും പാരിസ്ഥിതിക ലോല പ്രദേശങ്ങളായി അടയാളപ്പെടുത്തിയ 13 വില്ലേജുകളിലാണെന്ന് 'ഡൗണ്‍ ടു എര്‍ത്ത്' കണ്ടെത്തി. കിടങ്ങനാട്, നൂല്‍പ്പുഴ എന്നീ രണ്ട് ഇഎസ്എ വില്ലേജുകളിലെ വന മേഖലകളിലാണ് ഒമ്പത് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്!

''ക്വാറികളില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നത് മണ്ണിന്റെ ഘടനയെ അസ്ഥിരപ്പെടുത്തുന്ന കമ്പനങ്ങള്‍ (vibrations) സൃഷ്ടിക്കുമെന്നും, ഇത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള വയനാടിന്റെ നിര്‍ണായക ചരിവുകള്‍ക്ക് സവിശേഷമായി അപകടകരമായിരിക്കുമെന്നും'' നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ അഡ്ജങ്ട് പ്രൊഫസറായ സി.പി രാജേന്ദ്രന്‍ പറയുന്നു. പാറയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുക മാത്രമല്ല നിലവിലുള്ളവയുടെ വ്യാപ്തി വര്‍ധിപ്പിക്കുകയും മഴക്കാലത്ത് അവയിലേക്ക് വെള്ളം കയറാന്‍ അനുവദിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതുവഴി മണ്ണില്‍ രൂപപ്പെടുന്ന വര്‍ധിച്ചതോതിലുള്ള മര്‍ദ്ദം ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് ഇപിഎ ഭേദഗതി ചെയ്ത് ഒരു ദശാബ്ദം പിന്നിട്ടിട്ടും പര്‍വതനിരകള്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളൊന്നും തന്നെ ഇഎസ്എയ്ക്ക് അനൃസൃതമായ ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കാത്തതിനാല്‍ പശ്ചിമഘട്ടത്തില്‍ വയനാടിന് സമാനമായ കൂടുതല്‍ ദുരന്തങ്ങള്‍ ഉണ്ടായേക്കാം. ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളോട് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇതുവരെ ആറ് കരട് വിജ്ഞാപനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും പുതിയ കരട് വിജ്ഞാപനം 2024 ജൂലൈ 31 ന്, വയനാട് ഉരുള്‍പൊട്ടലിന് ഒരു ദിവസത്തിനുശേഷം പുറപ്പെടുവിച്ചു. ''നമുക്ക് കൃത്യമായൊരു നിയമ ചട്ടക്കൂടുണ്ട്. പക്ഷേ അത് നടപ്പാക്കേണ്ട മേഖലകളെക്കുറിച്ചുള്ള വ്യക്തത ആവശ്യമാണ്,'' ഗവേഷകന്‍ സി.ആര്‍ ബിജോയ് പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പശ്ചിമഘട്ട മേഖല ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ വിമുഖത കാണിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങളും ലേഖനത്തില്‍ നല്‍കുന്നുണ്ട്.

കേരളം കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ ഖനന നിയമങ്ങളില്‍ ഇളവ് വരുത്തുകയുണ്ടായി. 2015-ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ റൂള്‍സില്‍ ഭേദഗതി വരുത്തിക്കൊണ്ട് 2017 -ല്‍ കേരള സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുവഴി സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്ന ക്വാറി പ്രദേശങ്ങള്‍ പാര്‍പ്പിട മേഖലകളില്‍ നിന്നും വനഭൂമിയില്‍ നിന്നും 50 മീറ്ററിനപ്പുറം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്തു.

സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ വനഭൂമിയില്‍ നിന്ന് 200 മീറ്ററും 100 മീറ്ററും അകലം പാലിക്കാന്‍ നിര്‍ബന്ധിക്കുന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (NGT) 2020 ജൂലൈ 21-ലെ ഉത്തരവ് നടപ്പാക്കുന്നതിനെ കേരളത്തിലെ ക്വാറി ഉടമകള്‍ എതിര്‍ത്തു. ഇതിനെത്തുടര്‍ന്ന്, NGT ഒരു സംയുക്ത വിദഗ്ധ സമിതി രൂപീകരിച്ചു. വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും 150 മീറ്റര്‍ റേഡിയല്‍ അകലത്തില്‍ പാറ പൊട്ടിക്കല്‍ അനുവദിക്കരുതെന്ന് സമിതി 2023-ല്‍ ശുപാര്‍ശ ചെയ്തു.

വയനാട് ഉള്‍പ്പെടെ കേരളത്തിലെ അഞ്ച് ജില്ലകളില്‍ ക്വാറികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യാതൊരു സംവിധാനവുമില്ലെന്നും പരിശോധിച്ച 27 ക്വാറികളില്‍ 21 എണ്ണവും ചട്ടം ലംഘിച്ചതായും 2017-ലെ സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിന്നു. കേരളത്തിലെ പല ക്വാറി സൈറ്റുകളും 'കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ റൂള്‍സ്, 2015', പ്രത്യേകിച്ച് കുഴികള്‍ വീണ്ടും നികത്തുന്ന കാര്യം, പരിഗണിക്കുന്നില്ല. ഓരോ പെര്‍മിറ്റ് ഉടമയും പ്രവര്‍ത്തനസമയത്ത് നീക്കം ചെയ്ത മേല്‍മണ്ണ് ഉപയോഗിച്ച് പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറി വീണ്ടും നിറയ്ക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. ഇത് സാധ്യമല്ലെങ്കില്‍, പ്രോജക്റ്റ് വക്താക്കള്‍ കോണ്‍ക്രീറ്റ് അല്ലെങ്കില്‍ ഇരുമ്പ് തൂണുകളും ഇരുമ്പ് കയറുകളും ഉപയോഗിച്ച് സൈറ്റിന് ശരിയായി വേലി കെട്ടണം. സസ്യജാലങ്ങളുടെ പുനഃസ്ഥാപനം, ആവാസവ്യവസ്ഥകളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കാവശ്യമായ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തവും ക്വാറി ഉടമകളില്‍ നിക്ഷിപ്തമാണ്.

2017-ലെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) റിപ്പോര്‍ട്ട് ഈ പ്രശ്നം ചൂണ്ടിക്കാട്ടുന്നു. ഉപേക്ഷിക്കപ്പെട്ട ഏഴ് ക്വാറികള്‍ നികത്തുകയോ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അതില്‍ പറയുന്നു. ഖനന-ഭൗമശാസ്ത്ര വകുപ്പോ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡോ ക്വാറികളുടെ പെര്‍മിറ്റ് കാലാവധിക്ക്ശേഷം ശേഷം നട്ടുപിടിപ്പിച്ച മരങ്ങളുടെ എണ്ണം ക്വാറി ആരംഭിക്കുന്നതിന് മുമ്പ് നീക്കം ചെയ്തവയുമായി താരതമ്യം ചെയ്യുന്ന സ്ഥിതിവിവരക്കണക്കുകള്‍ പരിപാലിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തില്‍ നിലവില്‍ 110 ക്വാറി പെര്‍മിറ്റുകളും (12 വര്‍ഷം വരെ) 444 ക്വാറി പാട്ടങ്ങളും (3 വര്‍ഷം വരെ) ഉണ്ട്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ 14 ജില്ലകളില്‍ പതിനൊന്നും പരിസ്ഥിതി ലോല പ്രദേശങ്ങളാണ്. ഡൗണ്‍ ടു എര്‍ത്തിന്റെ വിശകലനത്തില്‍ സംസ്ഥാനത്തുടനീളം 1,688 ക്വാറി സൈറ്റുകള്‍ കണ്ടെത്തി, അവയില്‍ 90 എണ്ണം 123 ഇഎസ്എ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു. സംസ്ഥാനം അതിന്റെ നിയന്ത്രണങ്ങള്‍ ദുര്‍ബലപ്പെടുത്തുക മാത്രമല്ല, ഖനന നിയമങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്ത സമയത്താണ് ഈ ക്വാറികള്‍ നിലനില്‍ക്കുന്നത്. ജൂലായ് 30-ലെ (മുണ്ടക്കൈ-ചൂരല്‍മല) ദാരുണ സംഭവങ്ങള്‍ ഈ മുന്നറിയിപ്പ് അടയാളങ്ങള്‍ അവഗണിച്ചാലുള്ള പരിണതഫലങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മപ്പെടുത്തലായി മാറേണ്ടതുണ്ട്.

തയ്യാറാക്കിയത്: കെ. സഹദേവന്‍




Similar Posts