ഹിന്ദുത്വ, ഹലാല്‍ഫോബിയ, പൈങ്ങോട്ടൂര്‍ സംഭവം - ഇസ്‌ലാമോഫോബിയ ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത്
|ഹിന്ദുത്വ പ്രചാരണം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. കുടുംബയോഗങ്ങള്‍ വരെ അവര്‍ വിദ്വേഷ പ്രചാരണത്തിനുപയോഗിക്കുന്നു. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 05)
മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണങ്ങള്‍ സൂക്ഷ്മമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ ശ്രദ്ധ നല്‍കുന്നവരാണ് ഹിന്ദുത്വര്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ഇത്തരം പ്രചാരണങ്ങളുടെ സാന്ദ്രതയേറെ ദൃശ്യമായിരിക്കുന്നത്. ചില സമയങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളിലും അവര്‍ക്കിടം കിട്ടുന്നു. ആരാധനാ രീതികള്‍, ഭക്ഷണക്ക്രമം തുടങ്ങി മുസ്ലിം ദൈനംദിന ജീവിതത്തെത്തന്നെ വംശീയമായി വേര്‍തിരിക്കലാണ് ഹിന്ദുത്വരുടെ ലക്ഷ്യം.
ജൂലൈയിലേറെ ചര്‍ച്ചചെയ്ത നിര്‍മല കോളജിലെ നിസ്‌കാരച്ചര്‍ച്ചയ്ക്കു തുടര്‍ജീവിതം നല്‍കാന്‍ ഹിന്ദുത്വര്‍ ശ്രമിച്ചതിന്റെ ഭാഗമാണ് പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ നടന്ന സംഭവം. നിര്‍മലാ കോളജ് പ്രശ്നത്തെക്കുറിച്ച് ഹിന്ദുത്വാനുകൂല മാധ്യമങ്ങളും അവരോട് ആശയായ്ക്യമില്ലാത്തവരുമൊക്കെ ശക്തമായി പ്രതികരിച്ചെങ്കില്‍ പൈങ്ങോട്ടൂരില്‍ ഹിന്ദുത്വമാധ്യമങ്ങള്‍ മാത്രമാണ് വാര്‍ത്ത കൊടുക്കാന്‍ തയ്യാറായത്. നിര്‍മലാ കോളജ് സംഭവം വിവാദമാക്കി മാറ്റിയതിനെതിരേ സമൂഹത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളായിരിക്കണം ഇതര മാധ്യമങ്ങളെ വിദ്വേഷപ്രചാരണങ്ങളില്‍നിന്ന് അകറ്റി നിറുത്തിയത്. ഹലാല്‍ അടക്കമുള്ള മുസ്ലിം ഭക്ഷണ ചിട്ടക്കെതിരായ ഹിന്ദുത്വ പ്രചാരണം പുതിയതല്ല. ഐഡി ഫ്രെഷ്, ആശിര്‍വാദ് പോലുള്ള ഫുഡ് കമ്പനികള്‍പോലും ഹലാല്‍ വിഷയത്തില്‍ വിദ്വേഷപ്രചാരണത്തിനു വിധേയമാകുന്നതു ആഗസ്റ്റ് മാസം മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു.
എന്നാല്‍, ഹിന്ദുത്വ പ്രചാരണം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. കുടുംബയോഗങ്ങള്‍ വരെ അവര്‍ വിദ്വേഷ പ്രചാരണത്തിനുപയോഗിക്കുന്നു. ആഗസ്റ്റ് മാസം പകുതിയോടെ എസ്.എന്‍.ഡി.പി കായംകുളം യൂണിയന്‍ സെക്രട്ടറിയും ബിഡിജെഎസ് നേതാവുമായ പ്രദീപ് ലാല്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തിയ വിദ്വേഷപ്രസംഗം പൊലീസ് കേസായത് ഉദാഹരണം.
കേരളത്തില്‍ ഹിന്ദുത്വ വിദ്വേഷ പ്രചാരണത്തിനു കുറവൊന്നുമില്ലെങ്കിലും ഉത്തരേന്ത്യന്‍ മാതൃകയിലുള്ള ഹിന്ദുത്വ വംശീയാക്രമണങ്ങള്‍ ഏറെക്കുറവാണ് ഇവിടെ. എന്നാല്‍, ആഗസ്റ്റില്‍ മലപ്പുറം ജില്ലയിലെ താനൂരിനടുത്ത ഒഴൂരിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ഹാജിപ്പടിയില്‍നിന്ന് കുറുവട്ടിശ്ശേരിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഹാജിപ്പടി സ്വദേശികളായ രണ്ടു മുസ്ലിം ചെറുപ്പക്കാര്‍ ഹിന്ദുത്വയാള്‍ക്കൂട്ടത്താല്‍ ആക്രമിക്കപ്പെട്ടത്. പൊലീസ് സന്ദര്‍ഭാനുസരണം ഇടപെട്ടതിനാലായിരിക്കാം വലിയ ചര്‍ച്ചകള്‍ ഉണ്ടായില്ല. മാധ്യമങ്ങളും ഇവ്വിഷയമേറെ പ്രാധാന്യത്തോടെ ചര്‍ച്ചചെയ്തില്ല.
പൈങ്ങോട്ടൂര്‍ സെന്റ് ജോസ്ഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നത്
മൂവാറ്റുപുഴ നിര്‍മലാ കോളജിലെ നാല് വിദ്യാര്‍ഥിനികള്‍ തങ്ങളുടെ ക്ലാസ് റൂമില്‍ നിസ്‌കരിച്ചത് ബോധപൂര്‍വം വിവാദമാക്കിയതിനു തൊട്ടുപിന്നാലെയാണ് ആഗസ്റ്റ് പകുതിയോടെ പൈങ്ങോട്ടൂരില്‍നിന്ന് പുതിയ വാര്‍ത്തയെത്തിയത്. പൈങ്ങോട്ടൂര്‍ സെന്റ് ജോസ്ഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ നിസ്‌കരിച്ചതാണ് സ്‌കൂള്‍ മാനേജ്മെന്റ് വിവാദമാക്കിയത്. വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഗുണദോഷിച്ച അവര്‍ ഇനിയത് ആവര്‍ത്തിക്കരുതെന്നു താക്കീതേകി. തൊട്ടുപിന്നാലെ, ഹിന്ദുത്വസ്വഭാവമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിടുകയും ധാരാളം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. നിര്‍മലാ കോളജില്‍നിന്നു വ്യത്യസ്തമായി മറ്റു മാധ്യമങ്ങള്‍ പ്രസ്തുത വാര്‍ത്തക്കു വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നു വേണം കരുതാന്‍. ഇതുകാരണം, വളരെക്കുറച്ചു വാര്‍ത്തകള്‍ മാത്രമാണു പുറത്തുവന്നത്.
അവിടെ നടന്ന സംഭവങ്ങളെക്കുറിച്ച് അഡ്വ. ജയശങ്കര്‍ പറയുന്നത് ഇങ്ങനെ: ക്ലാരിസ്ട് കന്യാസ്ത്രീകള്‍ വളരെ സ്തുത്യര്‍ഹമായ രീതിയില്‍ നടത്തുന്ന സ്ഥാപനമാണ് സെന്റ് ജോസ്ഫ്‌സ് സ്‌കൂള്‍. ജാതി മത ഭേദമന്യേ എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്കൊക്കെ അഡ്മിഷന്‍ കൊടുക്കുന്നുണ്ട്. അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് നിസ്‌കാര വിവാദം ഉണ്ടാകുന്നത്. അവിടെ ഏതാണ്ട് 500 മുസ്‌ലിം വിദ്യാര്‍ഥിനികള്‍ പഠിക്കുന്നുണ്ട്. ഇന്നുവരെ ഒരു വിദ്യാര്‍ഥിനിയും സ്‌കൂള്‍ കോമ്പൗണ്ടില്‍ നിസ്‌കാരം നടത്തിയതായി ചരിത്രമില്ല. അങ്ങനെയിരിക്കെ ഒരു പ്രത്യേക ക്ലാസ്സിലെ രണ്ട് വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറിയില്‍ നിസ്‌കരിക്കുന്നതായി ടീച്ചര്‍ക്ക് അറിവ് കിട്ടി. മിക്കവാറും അധ്യാപികമാര്‍ കന്യാസ്ത്രീകള്‍ ആണല്ലോ. കുട്ടികളെ ഹെഡ്മിസ്ട്രസ്സ് വിളിപ്പിച്ചു. ക്ലാസില്‍ നിസ്‌കരികുന്നത് ഇവിടുത്തെ മര്യാദയ്ക്ക് ചേര്‍ന്നതല്ല എന്ന് അറിയിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കുട്ടികള്‍ വീണ്ടും നിസ്‌കരിച്ചു. അത് ഹെഡ്മിസ്ട്രസ്സ് കുറച്ച് സീരിയസ് ആയി എടുത്തു. രണ്ട് കുട്ടികളുടെയും രക്ഷിതാക്കളെ വിളിപ്പിച്ചു. ഒരു കുട്ടിയുടെ പിതാവ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അയാള്‍ കുറച്ച് വാശി പിടിച്ചെങ്കിലും അവസാനം അങ്ങനെ ആവട്ടെ എന്ന് പറഞ്ഞു. രണ്ടാമത്തെ കുട്ടിയുടെ പിതാവ് ഒരു മൗലവിയാണ്. അയാള്‍ പറഞ്ഞു, കന്യാസ്ത്രീ അല്ല ഏത് സ്ത്രീ പറഞ്ഞാലും കുട്ടികള്‍ അവിടെതന്നെ നിസ്‌കരിക്കുമെന്ന്. കന്യാസ്ത്രീകള്‍ രൂപതയിലും, അല്‍മായ മുന്നേറ്റക്കാരെയും നാട്ടുകാരെയുമൊക്കെ അറിയിച്ച് ഒരു യോഗം നടത്തി. മൗലവിയെ മീറ്റിംഗിലേക്ക് വിളിപ്പിച്ചു അയാളോട് ഈ പരിപാടി ഇവിടെ നടക്കില്ല, വേണമെങ്കില്‍ പുറത്തുള്ള പള്ളിയില്‍ പോയി നിസ്‌കരിക്കാമെന്ന് പറഞ്ഞു. മൗലവി വിസമ്മതിച്ചു. പിന്നീട് യോഗം അവസാനിച്ചു. (പൈങ്ങോട്ടൂര്‍ ആഹ്വാനവും താക്കീതും, അഡ്വ. ജയശങ്കര്‍ സംസാരിക്കുന്നു, എബിസി മലയാളം, ആഗസ്റ്റ് 15, 2024). അതിനുശേഷം ഈ കുറിപ്പ് തയ്യാറാക്കുന്നതുവരെ ഒന്നും സംഭവിച്ചിട്ടില്ല.
ഇതേക്കുറിച്ച് ദീപിക പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ വാദിക്കുന്നത് ഇങ്ങനെയാണ്: മറ്റൊരു മതത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന വിദ്യാലയത്തില്‍ തങ്ങള്‍ക്ക് അമ്പലമോ പള്ളിയോ പ്രാര്‍ഥനാസൗകര്യമോ സമയമോ അനുവദിക്കണമെന്നു ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ആവശ്യപ്പെടാത്ത ഒരു രാജ്യത്ത് ഇങ്ങനെ ഒരു മതത്തില്‍പ്പെട്ടവര്‍ മാത്രം പെരുമാറുന്നത് എന്തുകൊണ്ടാണ്? മതമൗലികവാദമല്ലേ ഇത്? ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമല്ലെന്നും ശരിയത്തല്ല, ജനാധിപത്യ-മതേതര ഭരണഘടനയാണ് ഇവിടെയുള്ളതെന്നും ഈ കുട്ടികളോട് ആരു പറഞ്ഞുകൊടുക്കും? വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിസ്‌കരിക്കുന്നതിനെക്കുറിച്ച് തീവ്രചിന്താഗതിയുള്ള മതനേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ടിരിക്കുന്ന വീഡിയോകള്‍ കണ്ടു പഠിച്ചിട്ടാണ് സ്ഥല-കാല ബോധമില്ലാതെ കുട്ടികള്‍ വിദ്യാലയങ്ങളിലേക്കു വരുന്നത്. എല്ലാത്തരം ആളുകളുമായി ഇടപഴകി നല്ല പൗരരായി ജീവിക്കാന്‍ പരിശീലനം ലഭിക്കേണ്ട കാലത്താണ് ചിലര്‍ വിദ്യാലയങ്ങളിലേക്കും മതതീവ്രവാദം ഒളിച്ചുകടത്തുന്നത്. ഇതൊക്കെ കണ്ടില്ലെന്നു നടിക്കുന്നതല്ല മതേതരത്വമെന്ന് ഇടതു-വലതു രാഷ്ട്രീയപ്പാര്‍ട്ടികളും മാധ്യമങ്ങളും തിരിച്ചറിയുന്നത് കേരളത്തിന്റെ ഭാവിക്കു നല്ലതാണ്. ഇത്തരം വകതിരിവില്ലാത്ത മതപ്രകടനങ്ങള്‍ തങ്ങളുടെ സമുദായത്തെ കൂടുതല്‍ അന്യവത്കരിക്കുകയാണെന്ന് അതിലുള്ളവര്‍ തിരിച്ചറിയണം. ക്ഷമിക്കുന്നതും സഹിക്കുന്നതും ദൗര്‍ബല്യമായി തെറ്റിദ്ധരിച്ചെങ്കില്‍ തിരുത്താന്‍ സമയമുണ്ട്. നമുക്ക് സഹകരിച്ചു ജീവിച്ചാല്‍ മതി, സമ്മര്‍ദംകൊണ്ട് ആരെയും പൊറുതിമുട്ടിക്കേണ്ട- മറിച്ചായാല്‍, ഇസ്‌ലാമോഫോബിയ കെട്ടുകഥയാണെന്നു പൊതുസമൂഹത്തെ ബോധിപ്പിക്കാന്‍ ഉടനെയൊന്നും സാധിക്കില്ലെന്നു പറഞ്ഞാണ് കുറിപ്പ് അവാസനിപ്പിക്കുന്നത്. (പള്ളിയും പള്ളിക്കൂടവും വഖഫ് വകയല്ല, ദീപിക ദിനപത്രം, ആഗസ്റ്റ് 14, 2024).
മതസ്പര്‍ധ ഇളക്കിവിടരുത്:
ഇതേ കുറിച്ച് മാനേജ്മെന്റിനു പറയാനുള്ളതിതാണ്: മാതൃകാപരമായും തികഞ്ഞ അച്ചടക്കത്തോടെയും പ്രവര്‍ത്തിച്ച് മികച്ച വിജയശതമാനം കൈവരിച്ചുകൊണ്ടിരിക്കുന്ന സ്‌കൂളാണിത്. ഇന്ത്യന്‍ ഭരണഘടന ക്രൈസ്തവ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും എല്ലാ കുട്ടികള്‍ക്കും മതേതരത്വത്തിലധിഷ്ഠിതമായ മികച്ച വിദ്യാഭ്യാസം നല്‍കാനും ഈ സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്. അനാവശ്യ വിവാദം സൃഷ്ടിച്ച് മതസ്പര്‍ധ ഇളക്കിവിടുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പാക്കാനാവില്ല. കത്തോലിക്കാ മാനേജ്മെന്റ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എക്കാലത്തെയും നിലപാട് നിയമാനുസൃതവും വ്യക്തവും സുതാര്യവുമാണ് കേരള വിദ്യാഭ്യാസച്ചട്ടം പ്രകാരം പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ച ആരാധനാ-സമയക്ക്രമീകരണം വെള്ളിയാഴ്ചകളില്‍ ഈ സ്‌കൂളിലും അനുവദിച്ചിട്ടുണ്ട്. അതനുസരിച്ച് അടുത്തുള്ള മോസ്‌കുകളില്‍ പോയി പ്രാര്‍ഥനാകര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ അവസരം നല്‍കിയിട്ടുള്ളതാണ്. ഇതിനുപുറമേ നിസ്‌കാരത്തിനായി എല്ലാദിവസവും സമയം ആവശ്യപ്പെടുന്നത് നിയമാനുസൃതമല്ലാത്തതിനാല്‍ അനുവദിക്കാനാവില്ല (ദീപിക, ആഗസ്റ്റ് 13, 2024).
സംഭവത്തില്‍ ദുരൂഹത:
പൈങ്ങോട്ടൂരിലെ സംഭവം ദുരൂഹമാണെന്നാണ് കോതമംഗലം രൂപത ജാഗ്രതാ സമിതി ആരോപിക്കുന്നത്. ക്രൈസ്തവസഭകളടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു മേല്‍ നിരന്തരം ഉയരുന്ന ഇത്തരം ഭീഷണികള്‍ മതേതര സമൂഹത്തിന് ചേര്‍ന്നതല്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന നിലപാടുകളും അംഗീകരിക്കാനാവില്ല. ഈ വിഷയത്തില്‍ കത്തോലിക്കാ മാനേജ്മെന്റ് സ്‌കൂളുകളുടെ എക്കാലത്തെയും നിലപാട് നിയമാനുസൃതവും വ്യക്തവുമാണ് (മറുനാടന്‍ മലയാളി, ആഗസ്റ്റ് 12, 2024). സെക്കിന ടിവിയും ഇതേ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
മുസ്‌ലിം ധാര്‍ഷ്ട്യത്തിനുമുന്നില്‍ മുട്ടുമടക്കരുത്:
ജനം ടിവി പ്രസിദ്ധീകരിച്ചൊരു വാര്‍ത്ത പങ്കുവച്ചുകൊണ്ട് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു മുസ്‌ലിം ധാര്‍ഷ്ട്യത്തിന്റെ മുന്നില്‍ മുട്ടുമടക്കരുതെന്ന് ഫേസ് ബുക്കില്‍ കുറിച്ചു: മുസ്ലിം ധാര്‍ഷ്ട്യത്തിന്റെ മുന്നില്‍ മുട്ടുമടക്കരുത്. ഇസ്ലാം ഭൂരിപക്ഷമായാല്‍ എന്ത് സംഭവിക്കും എന്ന് ഇനിയും മനസ്സിലാകാത്തവരോട് തികഞ്ഞ സഹാനുഭൂതി മാത്രം (എഫ്ബി, ആഗസ്റ്റ് 12, 2024).
പോപ്പുലര്‍ ഫ്രണ്ടുകാരെക്കൊണ്ട് കൈവെട്ടുമോ?
മൗലവിയായ രക്ഷിതാവ് കന്യാസ്ത്രീകളുടെ കൈവെട്ടിയെടുക്കുമോയെന്നാണ് അഡ്വ. ജയശങ്കറിന്റെ ചോദ്യം: മൗലവി നാട്ടുകാരെ ആകെ വെല്ലുവിളിച്ച് പോയിട്ടുണ്ട്. മൗലവി എന്തുചെയ്യും എന്ന് നമ്മള്‍ക്ക് അറിയില്ല. പോപ്പുലര്‍ ഫ്രണ്ടുകാരെ വിളിച്ചുകൊണ്ടുവന്ന് കന്യാസ്ത്രീകളുടെ കയ്യ് വെട്ടുമോ, കാല് വെട്ടുമോ, തല വെട്ടുമോ എന്നൊന്നും നമ്മള്‍ക്ക് അറിയില്ല. കന്യാസ്ത്രീകളുടെ കഴുത്ത് വെട്ടലാണോ, കൈ വെട്ടല്‍ ആണോ? അതോ നിസ്‌കാര സ്വാതന്ത്രത്തിനും വേണ്ടി സുപ്രീം കോടതിയെ സമീപിക്കല്‍ ആണോ? ഇപ്പൊ ഹിജാബ് ധരിക്കാം എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അപ്പോ പിന്നെ സ്‌കൂളുകളില്‍ നിസ്‌കരികുന്നതിന് എന്താണ് പ്രശ്നം എന്ന് സ്വഭാവികമായ ഒരു ചോദ്യം ഉയര്‍ന്നു വരും. അതിനേക്കാള്‍ നല്ല ഒരു മാര്‍ഗം ഞാന്‍ കാണുന്നത് 2025 ല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ സ്വാഭാവികമായും വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം ലീഗിന് ആയിരിക്കും. അപ്പോ കെഇആറില്‍ ഭേദഗതി വരുത്തി, എല്ലാ വിദ്യാലയങ്ങളിലും, അത് സര്‍ക്കാര്‍ ആയിക്കോട്ടെ, ക്രിസ്ത്യന്‍, ഹിന്ദു മാനേജ്മെന്റ് ആയിക്കോട്ടെ, സ്‌കൂളുകളോട് ചേര്‍ന്ന് ഒരു നിസ്‌കാരപള്ളി കൂടി സ്ഥാപിച്ച് അവിടുത്തെ മൗലവിക്ക് സര്‍ക്കാര്‍ ശമ്പളം കൂടി കൊടുക്കണം. അപ്പോള്‍ ആര്‍ക്കും ആക്ഷേപം പറയാന്‍ ആകില്ല. പണ്ട് എല്ലാ സ്‌കൂളുകളിലും അറബി പഠിക്കാന്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അറബി മാഷിനെ നിയമിക്കണം എന്ന് പറഞ്ഞു. അപ്പോള്‍ എല്ലാ സ്‌കൂളുകളിലും അറബി മാഷ് ആയി. അതേപോലെ എല്ലാ സ്‌കൂളുകളിലും നിസ്‌കരപള്ളി സ്ഥാപിക്കണം എന്ന് വന്നാല്‍ കുറച്ച് മുല്ലാക്കമാര്‍ക്ക് ഖജനാവില്‍ നിന്ന് ശമ്പളം കിട്ടുന്ന അവസ്ഥ വരും. ഈ നിലക്ക് ശ്രമിക്കുകയാണ് നല്ലത്. സതീശന്‍ മുഖ്യമന്തി ആയാലും ശരി, ചെന്നിത്തല മുഖ്യമന്ത്രി ആയാലും ശരി, വിദ്യാഭ്യാസ വകുപ്പ് ലീഗ് ഭരിക്കുന്നിടത്തോളം കാലം ഇതുപോലുള്ള പരിഷ്‌കാരങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം. (എബിസി മലയാളം, ആഗസ്റ്റ് 15, 2024).
സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ല:
എക്സ് മുസ്‌ലിം പ്രഭാഷകന്‍ ആരിഫ് ഹുസ്സൈന്‍ തെരുവത്ത് തന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്: മതേതര ഇടങ്ങളെ മതവത്കരിക്കാനും മതം കുത്തിത്തിരുകിക്കൊണ്ട് മതത്തിന്റെ കണ്ണിലൂടെ കാര്യങ്ങള്‍ കാണാനും ബാക്കിയുള്ള ആളുകളെയും കൂടി പ്രേരിപ്പിക്കുന്ന തലത്തില്‍ കാക്കാന്‍ കുട്ടികള്‍ ഇതുപോലെ പണിയെടുക്കുന്നത് ശരിയായ പരിപാടിയല്ല. പൈങ്ങോട്ടൂരില്‍ ഇവിടെ കണ്ട വ്യത്യാസം അവിടെ വളരെ വേഗം മാനേജ്മെന്റ് ഉയര്‍ന്നെഴുന്നേറ്റുവെന്നതാണ്. സഭയും കാസയും ശക്തമായി മുന്നോട്ടുവന്നു.
ന്യൂനപക്ഷ വര്‍ഗീയത അവസാനം ഇന്ത്യ-പാകിസ്താന്‍ വിഭജനത്തിലേക്ക് എത്തിയതും അന്നത്തെ കോണ്‍ഗ്രസ്സുകാര്‍ അതിനെ പിന്തുണച്ചതും നാം പറയാറുണ്ട്. പോളറൈസേഷനെ തടയണമെങ്കില്‍ ആദ്യത്തെ സ്റ്റെപ്പ് വിഷയങ്ങളെ കൃത്യമായിട്ട് അഡ്രസ്സ് ചെയ്യുക എന്നുള്ളതാണ്. ഇന്ത്യയില്‍ നിയമങ്ങള്‍ ഉണ്ട് ആ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നുള്ളേണ്ടതിനെ മുളയിലെ നുള്ളുകതന്നെവേണം. ന്യൂനപക്ഷമല്ലെയെന്നു കരുതി മുസ്‌ലിംകളുടെ ഭാഗത്ത് ഉണ്ടാകുന്ന തീവ്രവാദവും ഭീകരവാദവും വെറുതേ വിടരുത്.
എങ്ങനെയാണ് ഇസ്‌ലാം മതത്തിന്റെ വിശ്വാസികള്‍ വ്യത്യസ്തരാകുന്നത് എന്നുള്ളത് നമുക്ക് കാണാന്‍ കഴിഞ്ഞു. സ്വന്തം മതത്തിലെ പ്രശ്നങ്ങള്‍ കണ്ടാല്‍ അത് പ്രശ്നമാണെന്ന് പറയാന്‍ മറ്റു മതവിശ്വാസികള്‍ക്ക് സാധിക്കുന്നതുപോലെ ഇസ്‌ലാം മതത്തിലെ വിശ്വാസികള്‍ക്ക് സാധിക്കുന്നില്ല. മുസ്‌ലിം ഭീകരവാദം കണ്ടാല്‍ മിണ്ടാതെ ഇരിക്കുന്ന കാഴ്ച, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി എന്നുപോലും പറയാന്‍ പറ്റാത്ത അവസ്ഥ അതാണ് കാണുന്നത്. യുകെയില്‍ കഴിഞ്ഞ ദിവസമൊക്കെ കണ്ട പോലെയുള്ള, മുസ്‌ലിംകള്‍ക്കെതിരായ വ്യാപകമായ അക്രമ സംഭവങ്ങള്‍ ഇവിടെയും വര്‍ധിക്കും.
രാവിലെ എഴുന്നേറ്റ് സന്ധ്യ ആവുന്നതുവരേക്കും മഗ്‌രിബ് ബാങ്ക് മുതല്‍ അസര്‍ ബാങ്ക് കൊടുക്കുന്നത് വരേക്കും ഇസ്‌ലാമോഫോബിയ എന്ന് പറഞ്ഞ് നിലവിളിക്കുന്ന ആളുകള്‍ ഇതിന്റെ ഇടയില്‍ക്കൂടെ നടത്തിയിരുന്നത് ആന്റി സെമിറ്റിസവും ജൂതവിരുദ്ധതയുമായിരുന്നുവെന്ന് ഇന്ന് ആളുകള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇസ്‌ലാമോഫോബിയ എന്ന് പറയുന്ന ഇന്‍ഡാസിനെ പേടിക്കാതെ കാര്യങ്ങള്‍ പറയാനും ആളുകള്‍ മുന്നോട്ടു വന്നിരിക്കുന്നു. യുകെ പാര്‍ലമെന്റില്‍ അടക്കം അതിനനുസരിച്ചിട്ടുള്ള ചില പ്രഖ്യാപനങ്ങള്‍ വന്നു. ടെററിസം എന്ന് പറയുമ്പോള്‍ അത് ഇന്ന് ഇസ്‌ലാമിക് ടെററിസം ആണ് എന്നുള്ള രീതിയിലേക്ക് കാര്യങ്ങള്‍ മാറി.
മൂവാറ്റുപുഴ നിര്‍മല കോളജില്‍ ഉണ്ടായ വിഷയവും സമൂഹത്തെ ഏത് രീതിയിലേക്കാണ് വലിച്ചുകൊണ്ടുപോയതെന്ന് ആലോചിക്കണം. ഇവിടുത്തെ സര്‍ക്കാരിന്റെ മൗനമാണ് അതിലേക്ക് എത്തിച്ചത്. ഇത് മതേതര സ്‌കൂളാണ്, അവിടെ മതത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് സര്‍ക്കാര്‍ ഓണ്‍ ദി സ്പോട്ട് പറയണമായിരുന്നു. നിസ്‌കരിക്കാന്‍ പോകേണ്ട കുട്ടികള്‍ പള്ളിയില്‍ പോണം. സ്‌കൂളുകളെ അതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് സ്റ്റേറ്റ്മെന്റ് ഇറക്കേണ്ട കാര്യമേയുള്ളൂ. അത് അവര്‍ ചെയ്തില്ല.
വ്യക്തികള്‍ അല്ലെങ്കില്‍ മാനേജ്മെന്റിനും പാരന്‍സിനും ഇടയില്‍ നില്‍ക്കേണ്ട ഒരു സംഗതിയെ അത് രണ്ടു കൂട്ടം മതങ്ങളുടെ പ്രശ്നമാക്കി മാറ്റിയത് അപലപനീയമാണ്. ഇപ്പൊ രണ്ടാമത് ഈ വിഷയം ഉണ്ടായിരിക്കുന്നു. അത് പറഞ്ഞു വരുന്നസമയത്ത് ഇസ്‌ലാമോഫോബിയപോലും അവിടെ ചര്‍ച്ചയ്ക്ക് വിഷയമായിട്ട് വരുന്നു. ഇനി ഇതിന്റെ കളികള്‍ കൂടുതല്‍ കാണാനിരിക്കുന്നതേയുള്ളൂ. കുരിശു യുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കലുഷിതമായ ഒരു അന്തരീക്ഷത്തിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. കുരിശു യുദ്ധം എന്ന് പറയുമ്പോള്‍ ചോര പൊടിയുന്നതിനെ കുറിച്ചല്ല പറയുന്നത്. വളരെ കലുഷിതമായ ഒരു അന്തരീക്ഷത്തിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. ശുഭകരമായ പോക്കല്ല ഇത്. മതപരമായ ചര്‍ച്ചയാക്കി ഇതിനെ വഴിതെറ്റിച്ചുവിടുന്നതില്‍ ഇവിടുത്തെ ഗവണ്‍മെന്റിന് അതില്‍ പങ്കുണ്ട്. (ആരിഫ് ഹുസൈന്‍ തെരുവത്ത്, നിസ്‌കാരപള്ളി കൊടുത്താല്‍ ഡിങ്കാരാധനക്കും സ്ഥലം വേണം, ആഗസ്റ്റ് 14, 2024).
ഇസ്‌ലാമോഫോബിക് തന്ത്രങ്ങള്‍:
നിര്‍മലാ കോളജ് പ്രശ്നത്തെക്കുറിച്ച് ഹിന്ദുത്വ അനുകൂല മാധ്യമങ്ങളും അവര്‍ക്കു പുറത്തുള്ളവരും ശക്തമായി പ്രതികരിച്ചെങ്കില്‍ പൈങ്ങോട്ടൂരില്‍ ഹിന്ദുത്വമാധ്യമങ്ങള്‍ മാത്രമാണ് വാര്‍ത്ത കൊടുക്കാന്‍ തയ്യാറായത്. നിര്‍മലാകോളജ് സംഭവം വിവാദമാക്കി മാറ്റിയതിനെതിരേ സമൂഹത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളായിരിക്കണം ഇതര മാധ്യമങ്ങളെ വിദ്വേഷപ്രചാരണങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തിയത്. ചെറിയൊരു പ്രവൃത്തിയെ വലിയൊരു കാന്‍വാസിലേക്ക് മാറ്റി സ്ഥാപിച്ച് അതിന്റെ ആഘാതവും സങ്കീര്‍ണതയും വര്‍ധിപ്പിക്കാനും ഹിന്ദുത്വശക്തികള്‍ ശ്രമിച്ചു. വിദ്യാലയങ്ങളില്‍ നിസ്‌കരിക്കുന്നത് സമൂഹത്തിന്റെ സമാധാനപരമായ പോക്കിനെ ഗുരുതരമായി ബാധിക്കുമെന്നാണ് അവരുടെ വാദം. മതേതരത്വം, ജനാധിപത്യം, സാമൂഹ്യസൗഹാര്‍ദ്ദം, കൂട്ടായ്മ, സമാധാനം ഇതിനെയൊക്കെ തുരങ്കം വയ്ക്കുന്ന ഗുരുതരമായ പ്രവര്‍ത്തിയായും ക്ലാസ് മുറിയിലെ നിസ്‌കാരം ചിത്രീകരിക്കപ്പെട്ടു.
ഹിന്ദുത്വ നേതാവിന്റെ വിദ്വേഷപ്രസംഗം
ആഗസ്റ്റ് മാസം പകുതിയോടെ എസ്എന്‍ഡിപി കായംകുളം യൂണിയന്‍ സെക്രട്ടറിയും ബിഡിജെഎസ് നേതാവും ആയ പ്രദീപ് ലാല്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തിയ വിദ്വേഷപ്രസംഗം വൈറലായി. എസ്എന്‍ഡിപി ഘോഷയാത്ര കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകള്‍ ഈഴവരുടെ ശത്രുക്കളാണെന്നും ഏത് നിമിഷവും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാമെന്നും അത് നേരിടാന്‍ സംഘടനാശേഷി ശക്തിപ്പെടുത്തണമെന്നൊക്കെയായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം: മലബാര്‍ കലാപം നാം മറന്നിട്ടില്ല. അവിടെ രാഷ്ട്രീയം നോക്കി എല്ലാവരെയും കൊലപ്പെടുത്തി. അതുപോലെ ഈ കേരളത്തില്‍ താമസിക്കുന്ന ക്രിമിനലുകളും മതതീവ്രവാദികളും ഒരു സുപ്രഭാതത്തില്‍ ഒരു ദിവസം വിചാരിച്ചാല്‍ നമ്മുടെ ഈ വീടിന്റെ അകത്തുകയറി ആയുധം വച്ച് നമ്മെ ഇല്ലാതാക്കും-അത് അധിക ദൂരമൊന്നും പോകത്തില്ല. അതുകൊണ്ടാണ് പറയുന്നത് സംഘടനയെ ശക്തിപ്പെടുത്തണം. ബംഗ്ലാദേശില്‍നിന്ന് മുസ്‌ലിംസമുദായത്തിപ്പെട്ട ഒരുപാട് പേര്‍ ബംഗാളികളെന്ന പേരില്‍ കേരളത്തിലെത്തിയിട്ടുണ്ട്. നമ്മുടെ സര്‍ക്കാര്‍ അതിഥിത്തൊഴിലാളികളെന്ന പേരില്‍ ഇവര്‍ക്ക് സ്വീകരണം കൊടുത്ത് ഇരുത്തിയിട്ടുണ്ട്. അവര്‍ ലക്ഷക്കണക്കിനുണ്ട്. ആ രാജ്യത്തെ ക്രമിനിലുകളാണ് കൂടുതലും. അവര്‍ക്കിടയില്‍ എസ്ഡിപിഐ എന്ന മതതീവ്രവാദ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അമ്പലപ്പുഴയില്‍ ഒരു വീട്ടമ്മയെ വീടുകയറി ആക്രമിച്ചു. അവിടെ പതിനഞ്ചു പേരോളമുണ്ടായിരുന്നു. അവര്‍ മദ്യപിച്ച് ചോദ്യം ചെയ്തതിനെ ആ അമ്മ ചോദ്യം ചെയ്തു. അവര്‍ ആ അമ്മയെ ആക്രമിച്ചു. പത്രത്തില്‍ വായിച്ചില്ലേ. ആ തലത്തില്‍ അവര്‍ വളര്‍ന്നിരിക്കുന്നു. കായംകുളത്ത് വര്‍ഗീയ കലാപമുണ്ടായ നാടാണ്. ഈഴവ മുസ്‌ലിം സംഘര്‍ഷം. നിരവധി പേര്‍ തല്ലുവാങ്ങി. ചന്ദനക്കുറിയിട്ടു എന്ന കാരണത്താല്‍ മുസ്‌ലിംകള്‍ ഒരു സ്ത്രീയെ ബസ് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. പ്രസവിക്കാന്‍ പ്രായമായി നിന്നിരുന്ന ഒരു പശുവിന്റെ അകിട് വെട്ടിക്കളഞ്ഞു. പുതുപ്പള്ളിയിലെ ഈഴവര്‍ ഇറങ്ങിയതോടെ എല്ലാം തീര്‍ന്നത്. അതൊക്കെ അനുഭവിച്ചവര്‍ ഇന്നും ജീവിച്ചിരിക്കുന്നു. എപ്പോഴും ഒരു സംഘര്‍ഷം പൊട്ടിപ്പുറപ്പെടാവുന്ന സ്ഥലമാണ് കായംകുളം. അവിടെ നമ്മുടെ സംഘടനാശക്തി ഉണ്ടാവണം. (അല്ല പ്രദീപേ... ഞങ്ങളുടെ ശ്രീനാരായണ ഗുരുവിനെ താങ്കള്‍ക്ക് അറിയുമോ?, ജംങ്ഷന്‍ഹാക്ക്, ആഗസ്റ്റ് 17, 2024). കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കായംകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു പ്രദീപ് ലാല്‍.
എസ്എന്‍ഡിപി കായംകുളത്ത് സ്ഥലം കൈയേറിയിട്ടുണ്ടെന്നും കൈയേറിയ ഭൂമി സര്‍ക്കാര്‍ പതിച്ച്‌നല്‍കിയില്ലെന്നും എല്ലാ മതക്കാരും കൈയേറിയപ്പോള്‍ എസ്എന്‍ഡിപിയും കൈയേറി. ഈ ഭൂമിയിലാണ് നഗരത്തില്‍ ഓഡിറ്റോറിയം പണിതതെന്നും പ്രദീപ് ഈ പ്രസംഗത്തില്‍ തുറന്ന് പറഞ്ഞിരുന്നു. ഡിസിസി അംഗം പനക്കല്‍ ദേവരാജന്‍ അടക്കമുള്ളവരും സദസ്സിലുണ്ടായിരുന്നു. ഇതിനെതിരേ കായംകുളം മുസ്ലിം ഐക്യവേദി ചെയര്‍മാന്‍ ഷാജി കല്ലറയ്ക്കല്‍ നല്‍കിയ പരാതിയില്‍ പിന്നീട് പൊലിസ് കേസെടുത്തു (വിദ്വേഷ പ്രസംഗം; എസ്എന്‍ഡിപി നേതാവ് പ്രദീപ് ലാലിനെതിരെ കേസ്, ആഗസ്റ്റ് 18, 2024, സുപ്രഭാതം). സംഘടനാ പ്രവര്‍ത്തനത്തിന് ഊര്‍ജം നല്‍കുന്നതിനുള്ള ഉപാധിയായി ഇസ്‌ലാമോഫോബിയ മാറിക്കഴിഞ്ഞുവെന്നും ഉപയോഗിച്ചുതുടങ്ങിയെന്നുമൊക്കെയാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന സൂചന.
വഴിയാത്രക്കാരെ ആക്രമിച്ച് ഹിന്ദുത്വര്‍:
ശ്രീകൃഷ്ണജയന്തി ഘോഷയാത്ര കടന്നുവരുന്ന സമയത്ത് ബൈക്ക് ഒതുക്കി നിറുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കംപോലും ശാരീരികമായ ആക്രമണങ്ങളിലേക്ക് മാറിക്കഴിഞ്ഞു. താനൂരിനടുത്ത ഒഴൂരിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ഹാജിപ്പടിയില്‍നിന്ന് കുറുവട്ടിശ്ശേരിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഹാജിപ്പടി സ്വദേശികളായ രണ്ട് ചെറുപ്പക്കാര്‍ ആക്രമിക്കപ്പെട്ടത്. ബൈക്കിന് പിറകില്‍ ഇരിക്കുകയായിരുന്നയാളെ വലിച്ചിഴക്കുകയും സമീപത്തെ മതിലില്‍ ചേര്‍ത്ത് ഇടിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേരെ പൊലിസ് ആദ്യദിവസം തന്നെ കസ്റ്റഡിയിലെടുത്തു. (ഒഴൂരില്‍ ശ്രീകൃഷ്ണജയന്തി ഘോഷയാത്രക്കിടെ സംഘര്‍ഷം: രണ്ടുപേര്‍ അറസ്റ്റില്‍, തിരൂര്‍ ലൈവ്, ആഗസ്റ്റ് 27, 2024).
ഹലാല്‍ഫോബിയ: ഐഡി ഫ്രെഷും ആശിര്‍വാദും
2024 ആഗസ്റ്റ് 26ാം തിയ്യതി ഗള്‍ഫ് മാധ്യമം യുഎഇ പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡായ ഐഡി ഫ്രഷിനെക്കുറിച്ച് ഒരു ലഘുവീഡിയോ പുറത്തുവിട്ടു. മലയാളിയും വയനാട് സ്വദേശിയുമായ പി.സി മുസ്തഫയാണ് ബ്രാന്‍ഡിന്റെ സിഇഒ. 2005ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി വിവിധ രാജ്യങ്ങളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. പൊറോട്ട, ചപ്പാത്തി, ഇഡ്ഢലി-ദോശ മാവ്, ഇടിയപ്പം തുടങ്ങിയവയാണ് പ്രധാന ഉല്‍പ്പനങ്ങള്‍.
ഗള്‍ഫ് മാധ്യമത്തിന്റെ വീഡിയോ നിരവധി പേര്‍ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. പക്ഷേ, അതിന്റെ താഴെ വന്ന കമന്റുകള്‍ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. കമ്പനി തങ്ങളുടെ ഭക്ഷണം വിതരണം ചെയ്യുന്നത് അതില്‍ തുപ്പിയ ശേഷമാണെന്നായിരുന്നു മിക്കവാറും കമന്റുകള്‍. മാതൃകയായി ഏതാനും കമന്റുകള്‍ താഴെ നല്‍കുന്നു: 1. തുപ്പി ഓതി തന്നെ കോയാ ഇതുണ്ടാക്കുന്നത്? കാഫിറുകള്‍ക്ക് വിശ്വസിച്ച് ഉപയോഗിക്കാമോ?, 2. ഇത് ഹലാല്‍ ആണോ? എന്നു വെച്ചാല്‍ തുപ്പുന്നുണ്ടോ? ഹലാല്‍ ഭക്ഷണമാക്കാന്‍ വേണ്ടി ഭക്ഷണത്തില്‍ തുപ്പുന്ന ഏര്‍പ്പാട് ഇസ്ലാമിലുണ്ട്. എന്താ ചെയ്യുക?, 3. എല്ലാം ഓട്ടോമാറ്റഡ് ആയതുകൊണ്ട് തുപ്പാനുള്ള മെഷീന്‍കൂടി വച്ചിട്ടുണ്ടാവും, 4. ഇങ്ങനെയൊക്കെ പറയാന്‍ ഇടവരുത്തുന്നതിന് കാരണം നിങ്ങളുടെ മതത്തിലെ ചില രീതികളാണ്. ദം ബിരിയാണി പൊട്ടിച്ചാല്‍ ഉസ്താദ് ആദ്യം അതിലേക്കു തുപ്പും... എന്നിട്ടേ വിളമ്പൂ... ഇതു നിഷേധിക്കാന്‍ പറ്റ്വോ ഭായ്?.
ഹലാല്‍ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട വിവാദത്തിന് രാജ്യത്ത് ഏറെ പഴക്കമുണ്ട്. സംഘ്പരിവാറാണ് പ്രധാനമായും ഹലാലിനെ വിവാദമാക്കിയത്. അതിന്റെ അനുബന്ധമായി വികസിച്ച മറ്റൊരു വിവാദമാണ് തുപ്പല്‍. അനുഷ്ഠാനപരമായൊരു രീതിയെയാണ് തുപ്പല്‍ ജിഹാദാക്കി മാറ്റിയത്. ഉസ്താതുമാര്‍ തുപ്പിയ ശേഷമാണ് മുസ്‌ലിംകള്‍ ഭക്ഷണം വിതരണം ചെയ്യുന്നതെന്നാണ് പ്രചാരണം. പല കാലത്തും പലയിടങ്ങളിലുമായി ഈ വിവാദം ഇടക്കിടെ പൊട്ടിപ്പുറപ്പെടാറുണ്ട്. അതിന്റെ ഭാഗമാണ് ഐഡി ഫ്രഷിനെതിരേയുള്ള തുപ്പല്‍ പ്രചാരണം.
ഐഡി ഫ്രഷിനെതിരേയുള്ള വംശീയപ്രചാരണങ്ങള്‍ ഇതാദ്യമല്ല. 2021ലും ഇതേ കമ്പനിക്കെതിരേ കനത്ത തോതില്‍ വാട്സ്ആപ്പ് പ്രചാരണം നടന്നു. കമ്പനി അവരുടെ ദോശമാവില്‍ പശുക്കളുടെ എല്ലുപോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. കമ്പനി മുസ്‌ലിംകളെ മാത്രമേ ജോലിക്കുവയ്ക്കുവെന്നും ആരോപണമുണ്ടായി.
രണ്ട് ആരോപണങ്ങളും പൂര്‍ണമായും തെറ്റായിരുന്നു. 25 കോടി രൂപക്ക് നിക്ഷേപകരെ ക്ഷണിച്ചുകൊണ്ട് നല്‍കിയ പരസ്യത്തിലെ ശരിഅ പരാമര്‍ശത്തെ വളച്ചൊടിച്ചാണ് രണ്ടാമത്തെ ആരോപണം കൊണ്ടുവന്നത്. ഉപഭോക്താക്കളെ സ്വാധീനിച്ച് തകര്‍ക്കാന്‍ ലക്ഷ്യമിച്ചുകൊണ്ടുള്ള പ്രചാരണത്തിനെതിരേ 2021ല്‍ കമ്പനി കോടതിയെ സമീപിച്ചു (മഖ്തൂബ് മീഡിയ, സെപ്തംബര്‍ 9, 2021).
ഐടിസിയുടെ ആശിര്‍വാദ് ആട്ടക്കെതിരേയാണ് ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ മറ്റൊരു ആരോപണമുയര്‍ന്നത്. പ്രചരിക്കുന്ന ചിത്രത്തില്‍ ആശീര്‍വാദ് ആട്ടയുടെ ഒരു പാക്കേജില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്റെ ഒരു മുദ്രയുണ്ട്. ഈ മുദ്രയുള്ള കടയില്‍നിന്ന് വാങ്ങുമ്പോള്‍ അതിലൊരു അംശം ഹലാല്‍ ഓര്‍ഗനൈസേഷന്‍ വഴി വിഘടനവാദത്തിന് ഉപയോഗിക്കുന്നുണ്ടത്രെ. അതുകൊണ്ട് ആശിര്‍വാദ് ആട്ട ഉപയോഗിക്കരുതെന്നാണ് പറയുന്നത്.
ഈ ആരോപണവും പുതിയതല്ല. 2020ലും സമാനമായ ആരോപണമുണ്ടായി. 2020 മേയ് 8ന് സാമൂഹികമാധ്യമങ്ങളിലൂടെ കമ്പനി വിശദീകരണം നല്‍കി. വിദേശത്തേക്ക് കയറ്റി അയക്കാനുള്ള ഹലാല്‍ മുദ്ര നിഷ്‌കര്‍ഷിച്ചിട്ടുള്ള പാക്കുകളിലാണ് അവര്‍ ഹലാല്‍ മുദ്ര പതിക്കുന്നത്. (ഫാക്റ്റ് ക്രസെന്‍ഡൊ, ആഗസ്റ്റ് 1, 2024)
ഹലാല്‍വിവാദവും തുപ്പല്‍ വിവാദവും മുസ്‌ലിംകള്‍ക്കെതിരേ സാംസ്‌കാരികമായും സാമ്പത്തികമായും നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമാണ്. മുസ്‌ലിം മൂലധനത്തെയാണ് തുപ്പല്‍ വിവാദം ലക്ഷ്യമിടുന്നത്. മുസ്‌ലിംകളുടെ സാമ്പത്തിക സ്രോതസ്സ് തകര്‍ക്കുകയും ജീവിതം അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ഇത്. നിരവധി മുസ്‌ലിം ഹോട്ടലുകള്‍ക്കെതിരേ ഇത്തരം ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. ഒപ്പം 'വൃത്തി'യും 'ശുദ്ധി'യും ഇല്ലാത്ത കൂട്ടങ്ങളായി വംശീയവത്കരിച്ച് മുസ്‌ലിംസമൂഹത്തെ ദുര്‍ബലപ്പെടുത്താനും ഇതുപയോഗിക്കുന്നു.
ഹലാല്‍ വിവാദവും സമാനമായ ധര്‍മങ്ങള്‍ വഹിക്കുന്നു. സംഘ്പരിവാറുമായി ചേര്‍ന്ന് പോകുന്ന കമ്പനികള്‍പോലും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് പതിച്ചാണ് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിദേശമാര്‍ക്കറ്റിലേക്ക് അയക്കുന്നത്. അതേസമയം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നത് മുസ്‌ലിംകളും മുസ്‌ലിം ഉടമസ്ഥതയിലുള്ള കമ്പനികള്‍ മാത്രമല്ലെന്നും മനസ്സലാക്കേണ്ടതുണ്ട്. ഐടിസിക്കെതിരേയുണ്ടായ ആക്രമണം തന്നെ ഉദാഹരണം. ഇസ്‌ലാമോഫോബിയ മുസ്‌ലിംകളുടെ മാത്രമല്ല, ഇതര സമുദായങ്ങളുടെയും ഭാവിയെ ബാധിക്കും.
(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ, അസീം ഷാന്‍, സഈദ് റഹ്മാന്‍, ബാസില്‍ ഇസ്ലാം, കമാല്‍ വേങ്ങര)