ആക്സിഡന്റ് ജിഹാദ്, കലാമണ്ഡലം, ഫഹദ് ഫാസില്‍, ബഷീര്‍, മതസംവരണം - ഇസ്‌ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്
|2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 04.
ജൂലൈ മാസം ഹിന്ദുത്വ-സംഘ്പരിവാര്‍ വിഭാഗങ്ങള്‍ നടത്തിയ ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളില്‍നിന്നു തെരഞ്ഞെടുത്ത അഞ്ചെണ്ണമാണ് ഇവിടെ അവതരിപ്പിക്കുന്നത്. റോഡപകടം, കലാസാംസ്‌കാരിക മേഖല, സംവരണം തുടങ്ങിയ പ്രശ്‌നങ്ങളെ മുസ്‌ലിം വിരുദ്ധ വംശീയതയായി പരിവര്‍ത്തിപ്പിക്കുന്ന വ്യാഖ്യാനപദ്ധതി സമകാലിക ഇസ്‌ലാമോഫോബിയയുടെ ഭാഗമാണ്.
ആക്സിഡന്റ് ജിഹാദ്: ലൗ ജിഹാദിന്റെ ഉപപാഠം
പെരുമ്പാവൂരില്‍ എം.സി റോഡില്‍ പുല്ലുവഴിക്കു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. കഴിഞ്ഞ ജൂലൈ 25ാം തിയ്യതിയാണ് സംഭവം. എറണാകുളം കലൂര്‍ സ്വദേശി മുഹമ്മദ് ഇജാസ്, ചങ്ങനാശ്ശേരി കുരിശുംമൂട് ഫിയോണ ജോസ് എന്നിവരാണ് അന്തരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്. രണ്ട് കോളജുകളില്‍ വിദ്യാര്‍ഥികളുമാണ് (ജൂലൈ 26, 2024, മാതൃഭൂമി).
വാര്‍ത്ത പുറത്തുവന്നതോടെ ഇതിനെതിരേ വലിയ സൈബര്‍ ആക്രമണം നടന്നു. ഇജാസ്, ഫിയോണയെ ലൗജിഹാദില്‍ പെടുത്തുകയായിരുന്നുവെന്നാണ് കാസ പേജുകള്‍ ആരോപിച്ചത് (എഫ്.ബി, കാസ മലപ്പുറം, ജൂലൈ 25, 2024). സമാധാനമതത്തിലെ പെണ്‍കുട്ടികളുമായി വലിയ ബന്ധമൊന്നും വേണ്ടെന്ന് തന്റെ മാതാപിതാക്കള്‍ ഉപദേശിച്ച കഥ എടുത്തുപറഞ്ഞായിരുന്നു കാസ മലപ്പുറത്തിന്റെ പോസ്റ്റ്.
ഇതേ പ്രചാരണം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും നടത്തി. ലൗജിഹാദ് എന്നത് യാഥാര്‍ഥ്യമാണെന്നും അതിനുള്ള തെളിവാണ് ഈ വാര്‍ത്തയെന്നുമാണ് ന്യൂസ്‌കഫേ ലൈവ് 'ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ജാഗ്രതൈ, കാമക്കഴുകന്‍ ജിഹാദി ചെയ്യുന്നതുകണ്ടോ? എന്ന പേരില്‍ ജൂലൈ 27ാം തിയ്യതി പോസ്റ്റ് ചെയ്ത വീഡിയോയില്‍ വാദിച്ചത്. ആക്‌സിഡന്റ് ജിഹാദ് എന്ന തലക്കെട്ടിലാണ് വീഡിയോ പുറത്തുവന്നത് ('മുഹമ്മദ് ഇജാസ് ഫിയോണയുമായി ലോറിയിലേക്ക് ഇടിച്ചുകയറുന്നു: ആക്‌സിഡന്റ് ജിഹാദ്- ഞെട്ടിക്കുന്ന വീഡിയോ പുറത്ത്' എന്നാണ് തമ്പ്‌നൈല്‍). ലൗജിഹാദിന്റെ ഒരു ഉപപാഠമായാണ് ആക്‌സിഡന്റ് ജിഹാദ് എന്ന പ്രയോഗം വികസിപ്പിച്ചിരിക്കുന്നത്.
കുറച്ചുനാളുകള്‍ക്കു മുമ്പ് നടന്നൊരു സംഭവവും തെളിവായി അവതരിപ്പിച്ചു: സ്‌കൂള്‍ അധ്യാപികയെ കൊലപ്പെടുത്തിയ സംഭവം മറന്നിട്ടില്ല. അധ്യാപികയെ ലൗജിഹാദില്‍ പെടുത്തുകയായിരുന്നുവെന്നതില്‍ സംശയമില്ല. സ്‌കൂള്‍ വിനോദയാത്ര കഴിഞ്ഞുവന്ന ടീച്ചറെ ജിഹാദിയായ സ്‌കൂള്‍ ബസ് ഡ്രൈവര്‍ കാറില്‍കൊണ്ടുപോയി വാഹനം വണ്ടിയിലിടിപ്പിക്കുകയായിരുന്നു. രണ്ട് പേരും മരിച്ചു. ഇത്തരം വാര്‍ത്തകളില്‍ ഒരു ഭാഗത്ത് മമ്മദ്മാരായിരിക്കുമെന്നും പറയുന്നു. ഇവിടെ ഇജാസ് ആണ്. മറുഭാഗത്ത് ഹിന്ദുക്കളോ ക്രൈസ്തവരോ ആയിരിക്കും. മുഖ്യമന്ത്രിയുടെ മകളെപ്പോലും ലൗജിഹാദിന് ഇരയാക്കിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. നിലമ്പൂരിലെ തേക്ക് തോട്ടത്തില്‍ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്നതിനു പിന്നിലും മമ്മദുമാരാണ്. (ന്യൂസ് കഫേ, ജൂലൈ 27, 2024) - (മമ്മദ്മാര്‍ എന്നത് മുസ്‌ലിം ആണ്‍കുട്ടികളെ അഭിസംബോധന ചെയ്യുന്നതിനുള്ള വാക്കാണ്.)
2006 മുതല്‍ കേരളത്തില്‍ വേരോടിയ ലൗജിഹാദ് ആരോപണത്തിന്റെ തുടര്‍ച്ചയിലാണ് ആക്‌സിഡന്റ് ജിഹാദ് പോലുള്ള പ്രചാരണങ്ങള്‍ വികസിക്കുന്നത്. മുസ്‌ലിം യുവതീയുവാക്കളുടെ സാമൂഹ്യ വിനിമയങ്ങളെ നിഗൂഢവത്കരിക്കുന്ന ഹിന്ദുത്വ പ്രചാരണങ്ങളുടെ ഭാഗമാണിത്.
കലാമണ്ഡലത്തിലെ മാംസാഹാരം
2024 ജൂലൈ പത്താം തിയ്യതി കലാമണ്ഡലത്തില്‍ മാംസാഹാരം വിളമ്പി. തുടര്‍ന്നും മാസത്തില്‍ ഒന്നോ രണ്ടോ തവണ മാംസാഹാരം വിളമ്പുമെന്നാണ് അധികൃതര്‍ അറിയിച്ചത്. നേരത്തേയും അധ്യാപകര്‍ക്കോ ജീവനക്കാര്‍ക്കോ ഭരണസമിതിയംഗങ്ങള്‍ക്കോ മാംസാഹാരം കഴിക്കുന്നതിന് നിരോധനമുണ്ടായിരുന്നില്ല. കുട്ടികളും ഓണ്‍ലൈന്‍ വഴി വരുത്തി മാംസാഹാരം കഴിച്ചിരുന്നു. എന്നാല്‍, 1930ല്‍ സ്ഥാപിക്കപ്പെട്ടതുമുതല്‍ കുട്ടികള്‍ക്ക് കലാമണ്ഡലത്തിലെ മെസ്സില്‍ സസ്യഭക്ഷണമാണ് നല്‍കിയിരുന്നത് (ജൂലൈ 12, 2024, മാതൃഭൂമി). അതിനാണ് ഇപ്പോള്‍ മാറ്റംവരുന്നത്.
പുതിയ പരിഷ്‌കാരം പൊതുവെ സ്വീകരിക്കപ്പെട്ടെങ്കിലും എതിര്‍പ്പുമുണ്ടാവാതെയിരുന്നില്ല. മാംസാഹാരം വിളമ്പിയതിനെതിരേ അധ്യാപകരിലൊരു വിഭാഗത്തിനു വിയോജിപ്പുണ്ടെന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് (മലയാളം ടി.വി 9, ജൂലൈ 13, 2024).
മുന്‍ രജിസ്റ്റാര്‍ എന്‍.ആര്‍ ഗ്രാമപ്രകാശാണ് ഇതിനെതിരേ രംഗത്തുവന്ന മറ്റൊരാള്‍: ക്ലാസിക്കല്‍ കലകളുടെ പരിശീലനത്തില്‍ മാംസാഹാരം ദോഷംചെയ്യും. ഉഴിച്ചില്‍ തുടങ്ങിയ കാര്യങ്ങള്‍ നടക്കുമ്പോള്‍ മാംസാഹാരം വയറ്റില്‍ നീര്‍ക്കെട്ടുണ്ടാക്കും. മാംസാഹാരം നിഷേധിച്ചത് എന്തെങ്കിലും മതാടിസ്ഥാനത്തിലല്ലെന്നും ഭാവിയില്‍ കുട്ടികളുടെ കലാപ്രകടനത്തെവരെ അതു ബാധിക്കുമെന്നും ഡോ. ഗ്രാമപ്രകാശ് പറഞ്ഞു. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് നീങ്ങാതെ അധികൃതര്‍ കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. (ദി കര്‍മാന്യൂസ്, ജൂലൈ 12, 2024)
ബീഫും മദ്യവും വിളമ്പണമെന്ന് പരിഹാസം: മദ്യവും ഭക്ഷണമാണ്. സസ്യഭക്ഷണവും കലയും (സംഗീതവും) തമ്മില്‍ ബന്ധമൊന്നുമില്ലെങ്കിലും അതു സ്വാഭാവത്തെയും തൊണ്ടയെയും ബാധിക്കും. പാട്ടുകാരന്റെ സ്വരം മൃദുവായിരിക്കണം. സസ്യഭക്ഷണമാണ് അതിന് നല്ലത്. ബീഫ് വിളമ്പുന്നത് ഹിന്ദു സമാജത്തെ ഞെട്ടിക്കാനും അപമാനിക്കാനുമുള്ള ആയുധമാണെന്നാണ് എസ്.എഫ്.ഐ കരുതുന്നത്. അല്ലെങ്കില്‍, സസ്യാഹാരികളായവര്‍പോലും ആര്‍.എസ്.എസ്സിനെ തോല്‍പിക്കാന്‍ ബീഫ് കഴിക്കുന്നു. കലാമണ്ഡലത്തിലെ ചിട്ടകള്‍ മാറ്റേണ്ട കാര്യമില്ല. അതൊക്കെ വള്ളത്തോള്‍ തന്നെ ചിട്ടപ്പെടുത്തിയിട്ടുണ്ട്. എല്ലാം അലമ്പാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമാണിത്. കലാമണ്ഡലത്തില്‍ കൂത്തമ്പലം ഉണ്ടാക്കാന്‍ തീരുമാനിച്ചത് സി.എച്ച് സാംസ്‌കാരികവകുപ്പ് കൈകാര്യംചെയ്ത സമയത്ത്. പക്ഷേ, അമ്പലമെന്ന വാക്ക് സി.എച്ചിന് പിടിച്ചില്ല. അങ്ങനെയാണ് ആ സ്ഥലം നാട്യഗൃഹം എന്നറിയപ്പെടാന്‍ തുടങ്ങിയത്. മദ്യവും അതുപോലുള്ള ശീലങ്ങളുമായി ധാരാളം പേര്‍ നശിച്ചിട്ടുണ്ട്. അതേ പാതയിലേക്കാണ് കലാമണ്ഡലം (കലാമണ്ഡലത്തില്‍ ബീഫും മദ്യവും വിളമ്പണം!, രാമചന്ദ്രന്‍, ടി.ജി മോഹന്‍ദാസ് അഭിമുഖം, എബിസി ന്യൂസ് മലയാളം, ജൂലൈ 12, 2024).
മാംസാഹാരം: സാംസ്‌കാരികമായ അറുത്തുമുറിക്കല്‍
ജന്മഭൂമിയില്‍ മധു ഇളയത് എഴുതിയ ലേഖനം പക്ഷേ, മാംസാഹാരത്തെ ശീലമെന്നതിനേക്കാള്‍ സാംസ്‌കാരിക അധഃപതനമായാണ് പരിഗണിച്ചത്. പൊതുധാരണയില്‍നിന്നു വ്യത്യസ്തമായി ഹിറ്റ്ലറെപ്പോലെയുള്ള ക്രൂരരായ മനുഷ്യര്‍ മാംസാഹാരപ്രിയരായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ മറ്റുവാദങ്ങള്‍ ഇവയാണ്: അനിവാര്യമായ വിധിക്കു കീഴടങ്ങുന്ന ഒരുവന്, ക്ഷമാപൂര്‍വമുള്ള കാത്തിരിപ്പിനൊടുവില്‍ ജയിക്കാനുള്ള ശക്തി പ്രദാനംചെയ്യുന്ന ഒന്നാണ് സസ്യാഹാരം. ബുദ്ധിയുടെ കാര്യത്തിലും സ്വസ്ഥമായ മാനസികാവസ്ഥയുടെ കാര്യത്തിലും സസ്യഭുക്കുകള്‍ തന്നെയാണ് മുന്‍നിരയില്‍. പാശ്ചാത്യനാടുകളില്‍ സ്‌കൂളുകളില്‍പോലും തോക്കുമായെത്തി സഹപാഠികളെയും അധ്യാപകരെയും വെടിവെച്ചു രസിക്കുംവരെ വളര്‍ന്ന കൗമാരക്കാരുടെ അസഹിഷ്ണുതയ്ക്ക് മാംസാഹാരത്തിന്റെ വര്‍ധിച്ച വ്യാപനമൊരു പ്രധാന കാരണമാണ്. അധിനിവേശാനന്തരം (മുഗള്‍, ബ്രിട്ടീഷ്) ക്ലാസ്സിക്കല്‍ കലകളുടെ വളര്‍ച്ച മന്ദീഭവിക്കുകയും, ജനസാമാന്യങ്ങള്‍ക്ക് അപ്രാപ്യമാകും വിധം ചില പോക്കറ്റുകളില്‍ മാത്രമായി ക്ലാസ്സിക്കല്‍ കലകള്‍ ഒതുങ്ങുകയും ചെയ്തു. അതിനെത്തുടര്‍ന്ന് കേരളത്തിന്റെ ക്ലാസ്സിക്കല്‍ കലാപാരമ്പര്യത്തെ പോഷിപ്പിക്കാനായി സ്ഥാപിക്കപ്പെട്ട കലാമണ്ഡലത്തില്‍, ഇപ്പോള്‍ ചരിത്രത്തിലാദ്യമായി മാംസാഹാരം വിളമ്പുമ്പോള്‍ മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത സാംസ്‌കാരികമായ അറുത്തുമുറിക്കല്‍ തന്നെയാണ് സംഭവിക്കുന്നത്. സകലതും മനുഷ്യനുവേണ്ടിയാണ് എന്ന ചിന്ത പാശ്ചാത്യ മതവീക്ഷണമാണ്. അതിനു വിരുദ്ധമായ ചിന്തയാണ് ഭാരതീയരുടേത്. സസ്യേതര ഭക്ഷണവും അതിന്റെ ഭാഗമാണ്. മൃഗങ്ങളെ അറുത്താണ് സസ്യേതര ഭക്ഷണം തയ്യാറാക്കുന്നത്. അറവ് ക്രൂരമായാണ് നടത്താറുള്ളത്. വസ്തുത ഇങ്ങനെയായിരിക്കുമ്പോള്‍ സനാതന പാരമ്പര്യമുള്ള കലകളെ പ്രോത്സാഹിപ്പിക്കാനുള്ള സ്ഥാപനത്തിനുള്ളില്‍ മാംസം വിളമ്പുന്നത് കാപട്യമാണ്. (കലാമണ്ഡലത്തില്‍ മാംസാഹാരമെത്തുമ്പോള്‍, മധു ഇളയത്, ജൂലൈ 28, 2024)
യഥാര്‍ഥത്തില്‍ കലാമണ്ഡലം വിവാദത്തില്‍ മുസ്‌ലിം ഘടകങ്ങള്‍ ഒന്നുമില്ലെങ്കിലും ബീഫ്, സി.എച്ച് മുഹമ്മദ് കോയ, മുഗള്‍ ഭരണകൂടം തുടങ്ങിയ സൂചനകള്‍ ഉപയോഗിച്ചാണ് ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷത്തിലേക്ക് വിവാദത്തെ വരവുവെച്ചത്.
ഫഹദ് ഫാസിലും ദേശീയ പുരസ്‌കാരവും
മിനി മോള്‍ മിനി എന്ന പേരുള്ള ഫെയ്‌സ്ബുക് െഎ.ഡിയില്‍ (16 ജൂലൈ 2024) വന്നൊരു പോസ്റ്റ്:
സ്മൃതി ഇറാനിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാതെ ഫഹദ് ഫാസില്‍ അപമാനിച്ചപ്പോള്‍, നിങ്ങള്‍ ആരുടെ കൂടെ ആയിരുന്നു.
ഫഹദിന്റെ കൂടെ..
ആസിഫ് അലിയുടെ കയ്യീന്ന് അവാര്‍ഡ്
വാങ്ങാതെ രമേശ് നാരായണന്‍ അപമാനിച്ചപ്പോ നിങ്ങള്‍ ആരുടെ കൂടെ
ആണ്?
ആസിഫ് അലിയുടെ കൂടെ
എന്നാല്‍ രണ്ടും (തെറിവാക്ക്) കമ്മികള്‍
ഈ പോസ്റ്റിനെക്കുറിച്ചു സുദേഷ് എം.രഘു എഴുതി (19 ജൂലൈ 2024, എഫ്.ബി): ''എല്ലാ കൊല്ലവും പ്രസിഡന്റ് ആണു ദേശീയ സിനിമ പുരസ്‌കാരങ്ങള്‍ കൊടുക്കുന്നത്. 'പ്രസിഡന്റിന്റെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങി എന്നാണല്ലോ പൊതുവെ പ്രയോഗിക്കപ്പെടുന്നത്. എന്നാല്‍, 2018ല്‍ മാത്രം പ്രസിഡന്റ് കുറച്ചു പേര്‍ക്കു മാത്രം നല്‍കിയ ശേഷം, ബാക്കിയുള്ളവര്‍ക്ക് വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി അവാര്‍ഡ് കൊടുക്കും എന്നു തത്സമയം നിലപാടു മാറ്റം ഉണ്ടാവുന്നു, അന്നേരം, എഴുപതോളം ദേശീയ പുരസ്‌കാര ജേതാക്കളാണ് 'അതു പറ്റില്ല, പ്രസിഡന്റ് തന്നെ തരണം' എന്നു വാദിച്ച് അവാര്‍ഡ് വാങ്ങാതെ ഇരുന്നത്. അതില്‍ ഒരാള്‍ മാത്രമാണു ഫഹദ്. ഈ എഴുപതു പേര്‍ക്കും രാം നാഥ് കോവിന്ദിനോടു പ്രത്യേക ഇഷ്ടമോ സ്മൃതി ഇറാനിയോടു പ്രത്യേക വൈരാഗ്യവുമോ ഉള്ളതു കൊണ്ടല്ല; മറിച്ച് പ്രസിഡന്റില്‍ നിന്നു വാങ്ങണമെന്ന കീഴ്‌വഴക്കം അവര്‍ക്കും വേണം എന്നാണ് അവര്‍ പറഞ്ഞത്. അല്ലാതെ സ്മൃതി ഇറാനി എന്ന വ്യക്തിയെ അപമാനിച്ചു വിടുക അല്ല ചെയ്തത്. അന്നത്തെ വാര്‍ത്തകള്‍ ഓര്‍മ ഉള്ളവര്‍ക്കറിയാം ഇതൊരു ഫഹദ്-സ്മൃതി വിഷയമേ അല്ലെന്ന്.''
ആസിഫ് അലി-രമേശ് നാരായണന്‍ വിവാദത്തിലൊരു മുസ്‌ലിം ഘടകം കണ്ടെത്തുന്ന അനേകം ഹിന്ദുത്വ പ്രചാരണങ്ങളുടെ ഒരു മാതൃകയാണിത്. എം.ടിയുടെ ഒമ്പത് കഥകളെ ആസ്പദമാക്കിയുള്ള ആന്തോളജി സീരീസാണ് മനോരഥങ്ങള്‍. ആന്തോളജിയുടെ ട്രെയിലര്‍ ലോഞ്ചില്‍ മെമന്റോ നല്‍കിയ ആസിഫ് അലിയെ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ അപമാനിച്ച വിവാദം ജൂലൈ 15 നായിരുന്നു. ആസിഫ് അലിയില്‍ നിന്നു പുരസ്‌കാരം വാങ്ങാന്‍ വിസമ്മതിച്ച രമേശ് നാരായണന്‍ സംവിധായകന്‍ ജയരാജിനെ വിളിച്ച് പുരസ്‌കാരം മാറ്റിവാങ്ങിക്കുകയും ചെയ്തു. വലിയ ജനകീയ പിന്തുണയാണ് ആസിഫ് അലിക്ക് ലഭിച്ചത്. ഈ വിവാദത്തെ മുസ്‌ലിം നാമധാരികളായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരായ വിദ്വേഷപ്രചാരണമാക്കി പരിവര്‍ത്തിപ്പിക്കാനാണ് ഹിന്ദുത്വര്‍ ശ്രമം നടത്തിയത്.
വൈക്കം മുഹമ്മദ് ബഷീറും ഖുര്‍ആനും:
ജൂലൈ 5ാം തിയ്യതിയായിരുന്നു ബഷീര്‍ ദിനം. അതിന് അഞ്ച് ദിവസത്തിനുശേഷം ടി.ജി മോഹന്‍ദാസും പി. സുജാതനും പങ്കെടുത്ത ഒരു ചര്‍ച്ച 'ബഷീര്‍ അത്ര വല്യ പുള്ളിയൊന്നുമല്ല'- എ.ബി.സി മലയാളം പ്രസിദ്ധീകരിച്ചു. (ജൂലൈ10, 2024)
ബഷീര്‍ ഒരു ഓവര്‍റേറ്റഡ് കലാകാരനാണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഇരുവരുടെയും അഭിപ്രായം. എങ്കിലും ബഷീറിന്റെ ചില കഴിവുകളെ അവര്‍ അങ്ങിങ്ങ് അംഗീകരിക്കുന്നുണ്ട്. ബഷീറിന്റെ നോവലുകള്‍ കോപ്പിയടിയാണ്. സമുദായ പ്രീണനത്തിന്റെ ഭാഗമായാണ് അവ ആഘോഷിക്കപ്പെട്ടത്. തുടങ്ങിയ ധാരാളം ആരോപണങ്ങള്‍ രണ്ടു പേരും ഉയര്‍ത്തി:
ടി.ജി മോഹന്‍ദാസ്: ബഷീര്‍ നല്ലൊരു തമാശക്കാരനായിരുന്നു. സ്‌കില്‍ഡ് റൈറ്ററായിരുന്നു. ദാര്‍ശനിക തലത്തില്‍ കോവിലന്റെ ഏഴയലത്തു പോലും എത്തില്ലായിരുന്നു. ഉള്ളൂരിന്റെ റേഞ്ച് ബഷീറിനില്ല. എങ്കിലും ബഷീര്‍ മിനിമം ഗ്യാരന്‍ഡിയുള്ള എഴുത്തുകാരനായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ എല്ലാ കൃതികളും കോപ്പിയടിച്ചതാണെന്ന് കൃഷ്ണന്‍ നായര്‍ സാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഏതിന്റെയാണെന്ന് അദ്ദേഹം പറഞ്ഞില്ല. ഒരെണ്ണം മാത്രം മനസ്സിലായില്ലത്രെ - പാത്തുമ്മയുടെ ആട്. അത് ഏതാണെന്ന് തനിക്കറിയാമെന്ന് അതുകേട്ട വേളൂര്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. പക്ഷേ, നോവലേതാണെന്ന് അദ്ദേഹവും പറഞ്ഞില്ല. പറയുന്നത് മനുഷ്യത്വമല്ലാത്തതുകൊണ്ടാണ് കൃഷ്ണന്‍ നായര്‍ അത് പറയാതിരുന്നതെന്ന് പിന്നീട് ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞു. ഇതേ സത്യം വിലാസിനിയും ചൂണ്ടിക്കാട്ടി.
ദാര്‍ശനികതലത്തില്‍ എത്താത്ത എഴുത്തുകാരനെ കേരളസമൂഹം ആവശ്യത്തിനധികം പൊക്കിക്കൊണ്ടുനടക്കുന്നു. അദ്ദേഹത്തിന്റെ സമകാലികനായ ഉറൂബിന് ആ പ്രാധാന്യം കിട്ടിയില്ല. തകഴിയെയും കേശവദേവിനെയും ആഘോഷിച്ചില്ല. മാംഗോസ്റ്റിന്‍ മരത്തിനു ചുവട്ടില്‍ അടക്കം ചെയ്യണമെന്ന് ബഷീര്‍ എഴുതിവച്ചു. അന്നത് നടന്നില്ല. പള്ളിയില്‍ അടക്കം ചെയ്തു. അത് ചോദ്യം ചെയ്യാന്‍ ആരുമുണ്ടായില്ല. ഇന്നും ഇല്ല. ഓര്‍മിക്കുന്നതുപോലുമില്ല. എന്നിട്ടും ആഘോഷത്തിന് ഒരു കുറവുമില്ല. ആഘോഷത്തിന്റെ രാഷ്ട്രീയ എലമെന്റില്‍ ബഷീര്‍ പ്രതിയല്ല.
നിര്‍മാല്യം എന്ന സിനിമയുണ്ടല്ലോ. വെളിച്ചപ്പാട് ദേവിയുടെ മുഖത്ത് തുപ്പുന്നത്. അത് ചെറുകഥയിലില്ല. ബഷീര്‍ അന്ന് നാനയില്‍ പ്രതികരിച്ചത് അതൊരു ഹിന്ദു ചിത്രമാണെന്നാണ്. അത് ശരിയായ നിരീക്ഷണമാണ്. പണ്ടൊക്കെ നിര്‍മാല്യം സിനിമ ഇറങ്ങി, ഇപ്പോള്‍ ഇറങ്ങുമോയെന്ന് ചിലരൊക്കെ ചോദിക്കാറുണ്ട്. ഇറങ്ങിയാല്‍ സംഘികള്‍ എന്തുചെയ്യുമെന്നാണ് ചോദ്യം. അന്നു മുതല്‍ ഞാന്‍ പറയാറുണ്ട്, സംഘികളല്ല സംഘികള്‍ക്ക് വിരുദ്ധരായിരിക്കും അതിനെതിരേ രംഗത്തുവരികയെന്ന്. ആ സിനിമയിലെ പഞ്ചിങ് സീന്‍ വെളിച്ചപ്പാട് ദേവിയുടെ മുഖത്ത് തുപ്പുന്നതല്ല. വെളിച്ചപ്പാടിന്റെ ഭാര്യയെ വ്യഭിചരിച്ചതിനുള്ള പണം കൊടുത്ത് പഴ്സ് അടച്ച് പുറത്തുവരുന്ന കുഞ്ഞാണ്ടിയെന്ന മുസ്‌ലിമിന്റെ സീനാണ്. ദാരിദ്ര്യം മുതലെടുത്ത നരാധമന്‍. അതാണ് ആ സിനിമയിലെ പഞ്ചിങ് സീന്‍. അതുകൊണ്ടാണ് ബഷീര്‍ അന്ന് പറഞ്ഞത് അതൊരു ഹിന്ദു ചിത്രമാണെന്ന്. അതേകുറിച്ച് എം.ടി ഒന്നും പറഞ്ഞില്ല. ധാരാളം ഹൈപ്പ് കിട്ടിയ ആളാണ് ബഷീര്‍.
പി സുജാതന്‍: ഇതിനോടുള്ള പി. സുജാതന്റെ പ്രതികരണം ഇതായിരുന്നു: ബഷീര്‍ പരിമിതികളെ ഉപയോഗപ്പെടുത്തിയ ആളാണ്. നല്ല എഴുത്തുകാരനാണ്. അതേസമയം ബഷീര്‍ ആഘോഷിക്കപ്പെട്ടതിനു കാരണം പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗമായാണ്. കാലാകാലങ്ങളില്‍ ചില ബിംബങ്ങളെയും ചില സമുദായങ്ങളെയും എടുത്തുവച്ച് അതിന്റെ പ്രതിനിധികളെ-ഹീറോസിനെ ഉയര്‍ത്തിക്കാണിക്കുകയെന്നത് രാഷ്ട്രീയഭരണകൂടങ്ങളുടെ സ്വഭാവമാണ്. ഇത്തവണ ബഷീറിന്റെ കഥാപാത്രങ്ങളെ കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചു. അതിന്റെ പിന്നില്‍ നിഗൂഢരാഷ്ട്രീയമുണ്ട്. അതില്ലെന്നു പറഞ്ഞിട്ട് കാര്യമില്ല. ബഷീറിന്റെ കൃതികളെ പരിശോധിക്കുമ്പോള്‍ സമകാലികരായ തകഴിയുടെയും കേശവദേവിന്റെയും പാറപ്പുറത്തിന്റെയും അത്രത്തോളം വരാത്ത സംഭാവനകളാണ് ബഷീറിന്റേത്. ബഷീറിന്റെ പല കൃതികളും വിവാദമായി. അതിലൂടെ പൊയ്ക്കാലുകള്‍ കിട്ടി. അതിന്റെ പേരിലും ശ്രദ്ധിക്കപ്പെട്ടു. ഒന്നുകില്‍ സര്‍ക്കാര്‍ വിവാദമാക്കും അല്ലെങ്കില്‍ മാറ്റാരെങ്കിലും വിവാദമാക്കും. ബഷീര്‍ കുറേകാലം എഴുതുകപോലും ചെയ്തില്ല. കത്തുകളും അഭിമുഖങ്ങളും കൊണ്ട് 28 വര്‍ഷം മാവിന്റെ ചോട്ടില്‍ ഇരുന്ന് എഴുത്തുകാരനാണെന്ന അഡ്രസ് നിലനിര്‍ത്തിയ ആളാണ്.
ഖുര്‍ആന്‍ വായന: അധ്യാപകനും പണ്ഡിതനും ഒരു പ്രധാനപ്പെട്ട യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറും പി.എസ്.സി ചെയര്‍മാനായിരുന്ന കെ.എസ് രാധാകൃഷ്ണനുമായി എ.പി അഹ്മദ് മറ്റൊരു അഭിമുഖം നടത്തി (ബഷീര്‍ ഖുര്‍ആന്‍ വായിച്ചിരിക്കുമോ?, എ.ബി.സി മലയാളം ചാനല്‍ ജൂലൈ 4, 2027) ഖുര്‍ആനും ബഷീറിലെ ഖുര്‍ആന്‍ സ്വാധീനവുമായിരുന്നു വിഷയം. ബഷീര്‍ ഖുര്‍ആന്റെ സ്പിരിച്യല്‍ കണ്ടന്റ് സ്വീകരിച്ച എഴുത്തുകാനാണെന്നും മറ്റു മുസ്‌ലിംകള്‍ക്ക് അത് കഴിഞ്ഞില്ലെന്നുമാണ് രാധാകൃഷ്ണന്റെ വാദം:
സ്പിരിച്വല്‍ കണ്ടന്റ് എഴുത്തില്‍ കൊണ്ടുവന്നിട്ടുള്ള ഒരാള്‍ ബഷീര്‍ മാത്രമാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ മാന്യന്‍ നിസാര്‍ അഹമ്മദ് മാത്രമേയുള്ളൂ. അമാന്യന്‍മാരൊക്കെ നായകന്മാരാണ്. ബഷീര്‍ ഖുര്‍ആനിലെ ഒരു വാക്യം വിശ്വസിക്കുന്നു. ലോകാലോകങ്ങളുടെ സ്രഷ്ടാവ് പരമകാരുണ്യവാനായ അല്ലാഹു പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും കാരുണ്യം നല്‍കിയിരിക്കുന്നു. ഇത് ബഷീര്‍ വിശ്വസിച്ചിരുന്നു. മറ്റ് എത്രപേര്‍ അത് വിശ്വസിച്ചിട്ടുണ്ടെന്ന് അറിയില്ല. മഹാന്മാരില്‍ മഹത്വം കാണാന്‍ പ്രയാസമില്ല. പക്ഷേ, ഒറ്റക്കണ്ണന്‍ പോക്കറിലും പൊന്‍കുരിശ് തോമയിലും കാരുണ്യത്തിന്റെ അംശം കണ്ടെത്തുന്ന എഴുത്താണ്. അത് ചെറിയ കാര്യമല്ല. പരമകാരുണ്യകനായ അല്ലാഹു നല്‍കിയ കാരുണ്യം അവരിലും നിറഞ്ഞുനില്‍ക്കുന്നുവെന്ന അന്വേഷണമാണ് ബഷീര്‍ കൃതികളുടെ പ്രത്യേകത. ബഷീറിനെ വായിച്ചപ്പോള്‍ ഇത് ഖുര്‍ആന്റെ സ്വാധീനമാണെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീടാണ് ഖുര്‍ആന്‍ വായിച്ചത്.
പല ഖുര്‍ആന്‍ തര്‍ജമകളും വായിച്ചു. ഖുര്‍ആനെക്കുറിച്ചുള്ള എന്റെ ആദ്യ പുസ്തകം ഖുര്‍ആന്‍ ജനാധിപത്യ സമൂഹത്തില്‍ എന്നതാണ്. സകാത്തിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടും എന്റേതും തീര്‍ത്തും വ്യത്യസ്തമാണ്. ദൈവനാമത്തില്‍ ഭക്ഷിക്കുകയെന്നാണ് ഖുര്‍ആന്‍ പറയുന്നത്. നീ ഈ പ്രപഞ്ചത്തില്‍ നിന്നുമെന്തെടുക്കുകയാണെങ്കിലും അത് ദൈവനാമത്തിലായിരിക്കണം. അതിനുള്ള ഒരു വിശദീകരണം ബഷീറിന്റെ ഭാഷയില്‍ പറയുകയാണെകില്‍ അനന്തമായകാലം അല്ലാഹുന്റെ ഖജനാവില്‍ മാത്രം, നീ ഈ ഭൂമിയില്‍ നാമമാത്രകാലം മാത്രം വസിക്കാനുള്ളതാണ് നിനക്കുള്ളതെടുക്കുക. ബിസ്മി ചൊല്ലി ഭക്ഷിക്കണം എന്നത് അല്ലെങ്കില്‍ ദൈവനാമത്തില്‍ ഭക്ഷിക്കണം എന്നത് ദൈവത്തിന്റേതാണെന്ന ബോധ്യം നമുക്കുള്ളിലുണ്ടാക്കും. അത് നമ്മിലുണ്ടായാല്‍ ഒരിക്കലും ആര്‍ത്തി തീര്‍ക്കാന്‍ വേണ്ടി ഭക്ഷിക്കില്ല. എന്നാല്‍, മുസ്‌ലിം സമൂഹം ധരിച്ചുവച്ചിരിക്കുന്നത് ബിസ്മി ചൊല്ലിയാല്‍ പിന്നെ ആര്‍ത്തി തീരുവോളം തിന്നാമെന്നാണ്. ആടിനെയും കോഴിയെയും പശുവിനെയും അറുത്തു ആര്‍ത്തിയോടെ തിന്നാമെന്നാണ്. അതല്ല ഏറ്റവും കുറഞ്ഞയളവില്‍ തനിക്കുശേഷം വരുന്നവര്‍ക്കുകൂടി കരുതിവെക്കാന്‍ നമ്മള്‍ തയ്യാറാവണം.
ഇത്തരത്തില്‍ ശുഭസൂചകമായിട്ടുള്ള ഒരു ഭാഗം ഇസ്‌ലാമിനുണ്ട്. ഇതിനെക്കുറിച്ചാണ് ഞാന്‍ എഴുതിയിട്ടുള്ളത്. ഉദാഹരണത്തിന്, സാമ്പത്തികരംഗത്തെ ജനാധിപത്യമാണ് സകാത്ത് എന്നാണ് എന്റെ കാഴ്ചപ്പാട്. അല്ലാതെ ഇവര്‍ (മുസ്‌ലിംകള്‍) വ്യാഖ്യാനിക്കുന്നതുപോലെ ഒരാള്‍ ഭിക്ഷയായി കൊടുക്കുന്നതല്ല. ഒരാളുടെ സാമ്പത്തിക നിലയനുസരിച്ച് ശതമാനം നിര്‍ണയിക്കുന്നതല്ല സകാത്ത്.
ജനാധിപത്യ രീതിയിലുള്ള സംഭാഷണങ്ങളും മറുവശത്തു തീര്‍ത്തും യുദ്ധത്തിന്റെ ഭാഷാമാത്രം സംസാരിക്കുന്ന ഒരു ഇസ്‌ലാമുമുണ്ട്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ മദ്രസകളില്‍ രണ്ടാമത് പറഞ്ഞ യുദ്ധത്തിനെക്കുറിച്ച് പുകല്‍പ്പാടുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. മദ്രസ വിദ്യാഭ്യാസം ഒരിക്കലും ഇസ്‌ലാമിന്റെ ലോലമായ ഈ വശത്തെക്കുറിച്ച് ചര്‍ച്ചചെയുന്നില്ല. എന്നാല്‍, ബഷീര്‍ അദ്ദേഹത്തിന്റെ കൃതികളിലെല്ലാം ഇസ്‌ലാമിന്റെ ഈ നല്ല വശത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
ഖുര്‍ആന്‍ വായിക്കുമ്പോള്‍ പ്രധാനം സന്ദര്‍ഭമേതെന്ന് ആര് തീരുമാനിക്കുന്നു എന്നതിലാണ്. ഖുര്‍ആന്‍ തിരുത്താനോ മാറ്റിയെഴുതാനോ പാടുള്ളതല്ല എന്ന വചനംകൂടിയതിലുള്ളത് കൊണ്ട് ഇത് കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. ബഷീറിനെയെല്ലാം സ്വാധീനിച്ച ഇസ്‌ലാമിന്റെ നല്ല വശത്തെയാണ് സൂഫികള്‍ ആവാഹിക്കുന്നത്. ശങ്കരാചാര്യരുടെ അദ്വൈതത്തിന്റെ അതേയര്‍ഥം ഖുര്‍ആനിലുണ്ട്. ഇത് നിന്റേതല്ലേ നീ ഈ ഭൂമിയിലുണ്ടെങ്കില്‍ കൂടി ആരുടെയും മുതല്‍ നീ ആഗ്രഹിക്കരുത്. ബഷീര്‍ അതിനെക്കുറിച്ചു പറയുന്നുണ്ട്. ഭൂമിയുടെ അവകാശികളില്‍ അദ്ദേഹം മുന്‍പോട്ട് വെക്കുന്നത് തന്നെ അതാണ്. സാകാത്തിനെക്കുറിച്ചാണ് അദേഹം സംസാരിക്കുന്നത്. അത് ഇന്നാട്ടിലെ മുസ്‌ലിംകള്‍ക്ക് മനസിലാക്കാഞ്ഞിട്ടാണ്. ഖുര്‍ആനിന്റെ ഫൈനെര്‍ ആസ്‌പെക്റ്റില്‍ നിന്ന് കൊണ്ട് വ്യാഖ്യാനിച്ചാല്‍ അത് ജനാധിപത്യം മാത്രമല്ല സര്‍വ്വരെയും ഉള്‍ക്കൊള്ളുന്നതുമാണ്.
ഒരു യൂണിവേഴ്സല്‍ ഫിലോസഫി ആയി വികസിപ്പിക്കാവുന്ന ഇതിന്റെ ഒരു റെയ്ഞ്ചിലേക്ക് പോയ ഒരാളാണ് സര്‍വ്വമത സത്യവാദം എന്ന തിയറി അവതരിപ്പിച്ച ചേകന്നൂര്‍ മൗലവി. എനിക്ക് ആദ്യം ഇസ്‌ലാമിസ്റ്റുകളില്‍ നിന്നും ഭീഷണി ലഭിക്കുന്നത് ചേകന്നൂരിന്റെ ഒരു സമ്മേളനം ഞാന്‍ കൊച്ചിയില്‍ നടത്തിയത്തിന്റെ പേരിലാണ്. സര്‍വ്വമത സത്യവാദം നിലവിലെ സാഹചര്യത്തില്‍ മലയാള ഭാഷയിലുള്ള ഏറ്റവും നല്ല ഫിലോസഫിക്കല്‍ ഗ്രന്ഥമാണ്. വളരെ വിശാലമായ ഒരു മതത്തെ നമുക്ക് ഇങ്ങനെയൊക്കെ വായിക്കാം എന്ന് കാണിച്ചുതരികയാണ് യഥാര്‍ഥത്തില്‍ അത്.
ബഷീറിനെപ്പോലെ സൂഫികളെ സൃഷ്ടിച്ച ഒരു ഫൈനെര്‍ സൈഡ് ഉള്ള ഇസ്‌ലാം തന്നെ മറുവശത്ത് നിന്നെ കണ്ടാല്‍ കൊല്ലാന്‍ പറയുകയാണ്. അത് ഭീകരന്മാരെയാണ് സൃഷ്ടിക്കുന്നത്. ഇത് തന്നെ ബൈബിളിലും ഉണ്ടായിരുന്നു. പക്ഷെ, രണ്ടാം വത്തിക്കാന്‍ സുന്നഹദോസ് വന്നപ്പോ ബൈബിള്‍ എഡിറ്റ് ചെയ്ത് അത്തരം പരാമര്‍ശങ്ങളെല്ലാം മാറ്റി. പക്ഷെ, ഖുര്‍ആനില്‍ത്തന്നെ അതിന് മാറ്റം വരുത്താന്‍ പാടില്ലെന്ന കല്‍പനയുള്ളതുകൊണ്ട് അത് സാധ്യമല്ല. ഇതിനകത്ത് മഹാത്മാഗാന്ധി പറഞ്ഞതാണ് എനിക്ക് ഓര്‍മവരുന്നത്. ഏത് മതഗ്രന്ഥമായാലും സത്യത്തിനും നീതിക്കും യുക്തിക്കും നിരക്കാത്ത ഒന്നും ഞാന്‍ അതില്‍ നിന്നും സ്വീകരിക്കില്ല. ആധുനികകാലത്ത് ഞാന്‍ മനസ്സിലാക്കിയിടത്തോളം ഭാരതത്തില്‍ നിന്നേ ഇങ്ങനെ ഒരു സിദ്ധാന്തം രൂപപ്പെടുത്തുവാന്‍ സാധിക്കുകയുള്ളു. വിമര്‍ശനത്തോട് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. ദൈവത്തെ താങ്ങി നിര്‍ത്തുന്നത് നമ്മളാണെന്ന് കരുതുന്നതിലും വലിയ അഹങ്കാരവും മണ്ടത്തരവും വേറെ എന്താണുള്ളത്. ബൈബിളിനെപ്പോലെ ഖുര്‍ആനും എഡിറ്റ് ചെയ്യണമെന്നാണ് രാധാകൃഷ്ണന്റെ അഭിപ്രായം.
രണ്ട് തരം വിമര്‍ശനപദ്ധതികള്‍: ബഷീറിനെക്കുറിച്ചുള്ള ഈ ചര്‍ച്ചയില്‍ മലയാളത്തിലെ ഒരു മികച്ച എഴുത്തുകാരനെക്കുറിച്ചുള്ള രണ്ടുതരം വിമര്‍ശനങ്ങളാണ് കാണുന്നത്. ഒന്നാമത്തെ വിമര്‍ശനം ബഷീര്‍ തമാശക്കാരനും കോപ്പിയടിയിലൂടെ നേട്ടമുണ്ടാക്കിയ ഒരു എഴുത്തുകാരനുമാണെന്നാണ്. അദ്ദേഹം മലയാള സാഹിത്യത്തില്‍ സ്ഥാനം കണ്ടെത്തിയത് സാമുദായികമായ പ്രീണനത്തിന്റെ ഭാഗമാണ്. ഈ പദവി അദ്ദേഹം അനര്‍ഹമായി നേടിയെടുക്കുകയായിരുന്നു. എ.പി അഹമ്മദും മോഹന്‍ദാസുമാണ് ഈ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ച് വിശകലനങ്ങളൊന്നും ആവശ്യമില്ലാത്ത പച്ചയായ വംശീയതയാണ് ഇത്. അനര്‍ഹമായ നേട്ടങ്ങള്‍ മേശക്കടിയിലൂടെ നേടിയെടുക്കുന്ന കൗശലക്കാരനായ ഒരാളായാണ് മുസ്‌ലിം അവര്‍ക്കു മുന്നിലുള്ളത്. ഇസ്‌ലാമോഫോബിയയുടെ ഒരു രീതിശാസ്ത്രം ഇതാണ്.
രണ്ടാമത്തെ അവതരണം കുറച്ചുകൂടെ കൗശലത്തോടെയുള്ളതാണ്. ആ അവതരണമനുസരിച്ച് പല മികച്ച ഗുണങ്ങളുമുള്ള മഹാനായ മനുഷ്യനും മനുഷ്യസ്നേഹിയുമാണ് ബഷീര്‍. അദ്ദേഹം തന്റെ ഈ മികച്ച മൂല്യങ്ങള്‍ കണ്ടെടുത്തതാകട്ടെ ഖുര്‍ആനില്‍നിന്നും. ഖുര്‍ആനിലെ വഴിതെറ്റിക്കുന്ന ഉപദേശങ്ങളില്‍നിന്ന് മാറിനടന്ന് 'ഫൈനര്‍ സൈഡിനെ' നെഞ്ചേറ്റുകയാണ് ബഷീര്‍ ചെയ്തത്. അങ്ങനെ കഴിഞ്ഞതുകൊണ്ട് ബഷീര്‍ മികച്ച മനുഷ്യനും എഴുത്തുകാരനുമായി. എന്നാല്‍, ബഷീറിന്റെ ഈ അവതരണത്തെ മറ്റൊരു രീതിയിലും വായിക്കാം. എഴുത്തുകാരനായ ബഷീര്‍, ഖുര്‍ആന്റെ മൂല്യവത്തായ ഗുണങ്ങള്‍ സ്വാംശീകരിച്ചതുപോലെ പലര്‍ക്കും അതിനു കഴിയുന്നില്ല. അവര്‍ ഖുര്‍ആന്റെ തന്നെ തെറ്റായ സ്വാധീനങ്ങള്‍ക്ക് വഴങ്ങിയവരാണ്. അങ്ങനെ നോക്കുമ്പോള്‍ ഖുര്‍ആനെ മൂല്യനിര്‍ണയം ചെയ്യുന്നതിനുവേണ്ടി ബഷീറിനെ മാതൃകയാക്കുകയാണ്.
നല്ല മുസ്‌ലിം- ചീത്ത മുസ്‌ലിം മാതൃക:
ഈ വീഡിയോയെ വിശകലനം ചെയ്തുകൊണ്ട് ജൂലൈ 19, 2024ലെ പ്രബോധനത്തില്‍ ടി.കെ.എം ഇഖ്ബാല്‍ വ്യവഹാരങ്ങളിലെ നല്ല ഇസ്‌ലാമും ചീത്ത ഇസ്‌ലാമും എന്ന ശീര്‍ഷകത്തില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ അദ്ദേഹം എഴുതി: ഇസ്‌ലാമിനെക്കുറിച്ചു വിമര്‍ശനാത്മക സംവാദങ്ങളില്‍ പതിവായി കടന്നുവരുന്ന ചില പ്രമേയങ്ങളെക്കുറിച്ചാണ് പറയുന്നത്. അതിലൊന്നാണ് നല്ല ഇസ്‌ലാം, ചീത്ത ഇസ്‌ലാം എന്ന ബൈനറി. കൊളോണിയല്‍ വ്യവഹാരങ്ങളിലെ നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം ബൈനറി പോലെ. എല്ലാ മതങ്ങളിലെയും പോലെ ഇസ്‌ലാമിലും നന്മയുടെയും തിന്മയുടെയും ദ്വന്ദ്വങ്ങളുണ്ട്. അതില്‍ തെറ്റായ അംശത്തെ സ്വാംശീകരിക്കുന്നവരാണ് തീവ്രവാദികളും ഭീകരവാദികളുമായി മാറുന്നത്.
നമ്മുടെ നാട്ടിലെ ലിബറലുകളും സെക്യുലരിസ്റ്റുകളും മുതല്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിനെതിരെ ഭീകരതാവിരുദ്ധയുദ്ധം പ്രഖ്യാപിച്ച അമേരിക്കന്‍ സാമ്രാജ്യത്വംവരെ പല അളവില്‍ ഈ ആഖ്യാനം പിന്തുടരുന്നവരാണ്. നല്ല ഇസ്‌ലാമും ചീത്ത ഇസ്‌ലാമും ഉണ്ടായതുപോലെ നല്ല മുസ്‌ലിമും ചീത്ത മുസ്‌ലിമും പിറന്നത് ഇതേ വ്യവഹാരത്തിലൂടെയാണ്. പാരമ്പര്യവാദികള്‍, മിതവാദികള്‍, തീവ്രവാദികള്‍, മൗലികവാദികള്‍, ഭീകരവാദികള്‍ തുടങ്ങിയ കള്ളികളില്‍ മുസ്‌ലിംകള്‍ വര്‍ഗീകരിക്കപ്പെട്ടത് ചീത്ത മുസ്‌ലിംകളില്‍നിന്ന് നല്ല മുസ്‌ലിംകളെ തിരിച്ചറിയാന്‍ വേണ്ടിയും പൊളിറ്റിക്കല്‍ ഇസ്‌ലാമിനെതിരേയുള്ള പ്രതിരോധമായി മോഡറേറ്റ്, സ്പിരിച്വല്‍, സൂഫി ഇസ്‌ലാമിനെ വളര്‍ത്തിയെടുക്കാനും വേണ്ടിയാണ്.
ഈ വിശകലനത്തിന്റെ അടുത്തപടി, ചീത്ത ഇസ്‌ലാമിനെയും ചീത്ത മുസ്‌ലിമിനെയും സൃഷ്ടിക്കുന്ന ഖുര്‍ആന്റെ പരിശോധനയാണ്. ക്രൈസ്തവര്‍ ബൈബിള്‍ തിരുത്തിയതുപോലെ മുസ്‌ലിംകളും ചെയ്യണമെന്നാണ് രാധാകൃഷ്ണന്റെ ആവശ്യം: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉണ്ടായ പ്രമാണ ഗ്രന്ഥങ്ങളിലെ ദോഷകരമായ പരാമര്‍ശങ്ങളെ കാലികമായി വായിച്ചും വ്യാഖ്യാനിച്ചും തിരുത്തിയും ഇസ്‌ലാമിനെ പരിഷ്‌കരിക്കുകയാണ് വേണ്ടത്; മറ്റു മതങ്ങളൊക്കെ അങ്ങനെയാണ് പരിഷ്‌കരിക്കപ്പെട്ടത്; ഇസ്‌ലാമിനകത്തെ ഇത്തരം പരിഷ്‌കരണ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇസ്‌ലാമിന്റെ അപകടങ്ങളെ ഇല്ലാതാക്കാനുള്ള വഴി; അതിന് ഇടം നല്‍കാത്തവരാണ് മതമൗലികവാദികളെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ആഗോള സാഹചര്യത്തില്‍ മുസ്‌ലിം വിരുദ്ധ വംശീയതയുടെ പ്രധാന മാതൃകകളിലൊന്നാണ് നല്ല മുസ്‌ലിം-ചീത്ത മുസ്‌ലിം വിഭജനം.
മതാടിസ്ഥാനത്തിലുള്ള സംവരണം
രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ സ്വാര്‍ഥലാഭത്തിനുവേണ്ടി മതസംവരണം നല്‍കുന്നുവെന്ന ആക്ഷേപം പുതിയതല്ലെങ്കിലും ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതൊരു രാഷ്ട്രീയമുദ്രാവാക്യമായി മാറി. മതത്തിന്റെ പേരില്‍ സംവരണം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലും മോദി ഇതേ വാദം ഉന്നയിച്ചു: ഭരണഘടന ഭേദഗതിചെയ്തു സംവരണം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കോണ്‍ഗ്രസിന്റെ പഴയ പ്രകടനപ്പത്രികകളിലും മതസംവരണം വാഗ്ദാനം ചെയ്തിരുന്നു. മുസ്‌ലിംകളുടെ സംവരണം ഇല്ലാതാക്കി. ഹൈന്ദവവിഭാഗങ്ങളുടെ സംവരണം സംരക്ഷിക്കുകയാണ് വേണ്ടത്. എസ്.എസി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണാവകാശം മുസ്‌ലിംകള്‍ക്ക് അനധികൃതമായി കൈമാറുന്നുവെന്നായിരുന്നു പ്രധാനമന്ത്രി ഉയര്‍ത്തിയ വിമര്‍ശനം (മലയാള മനോരമ, ഏപ്രില്‍ 24, 2024, ഏപ്രില്‍ 30, ടൈംസ് ഓഫ് ഇന്ത്യ, ഏപില്‍ 30, 2024).
മതസംവരണമെന്ന കള്ളക്കളി:
മോദിയുടെ ചര്‍ച്ച കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് ഷേക്കിന ടി.വിയും ഇതേ വിഷയം ചര്‍ച്ചചെയ്തു. റോണി അഗസ്റ്റിന്‍, ഫാദര്‍ സെബിന്‍ തൂമുള്ളില്‍ (കത്തോലിക്കാ കോണ്‍ഗ്രസ്, താമരശ്ശേരി അതിരൂപത) തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ രണ്ടുതരം സംവരണത്തിനു മാത്രമേ സാധുതയുള്ളൂവെന്നു ഫാദര്‍ സെബിന്‍ വാദിച്ചു: ഒന്ന്, ജാതി സംവരണം, മറ്റൊന്ന് സാമ്പത്തിക സംവരണം. സാമൂഹ്യമായ പിന്നാക്കാവസ്ഥയാണ് ജാതിസംവരണം നല്‍കാനുള്ള കാരണം. സാമ്പത്തിക സംവരണം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും. ഇവിടെ ജാതിസംവരണത്തിനും സാമ്പത്തിക സംവരണത്തിനും ഉപരിയായി മതസംവരണമുണ്ടെന്നതാണ് കേരളത്തിന്റെ പ്രശ്നം. കേരളം ഇന്ന് വലിയ രീതിയിലുള്ള ഒരു പ്രതിസന്ധി നേരിടുന്നു. ഒരു വശത്ത് ജനസംഖ്യ ശോഷണം. അത് ഹൈന്ദവ, ക്രൈസ്തവ സമൂഹങ്ങളെ ബാധിക്കുന്നു. മറ്റൊന്ന് മതസംവരണം. നിലവില്‍ മുസ്‌ലിം സമുദായത്തിലെ 12% വരുന്ന ആളുകള്‍ക്കാണ് സംവരണ ആനുകൂല്യം ലഭിക്കുന്നത്. ഇവിടെ ഹൈന്ദവ സമൂഹത്തിന് മുഴുവന്‍ സംവരണമില്ല, സിഖ് വിഭാഗത്തിനുമില്ല, മറ്റൊരു വിഭാഗത്തിനും ഇല്ല, പക്ഷേ കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് മുഴുവനുമായും 12% സംവരണം നല്‍കുന്നു. ('ജാതി സംവരണം മതസംവരണമാക്കി നടത്തിയ കള്ളക്കളികള്‍ പൊളിച്ചടക്കിയ ചര്‍ച്ച' ഫയര്‍ റൂം എപിസോഡ് 81, ഷെക്കീന ടെലിവിഷന്‍, മെയ് 10, 2024)
സഹ പാനലിസ്റ്റ് റോണി അഗസ്റ്റിന്റെ വാദങ്ങള്‍ ഇങ്ങനെ: ഇന്ത്യയില്‍ ഒരു മതത്തിനും മൊത്തത്തില്‍ പിന്നോക്കാവസ്ഥയില്ല. എന്നാല്‍, കേരളത്തില്‍ മുസ്ലിമായി ജനിച്ചവര്‍ക്കൊക്കെ, അവര്‍ എത്ര ധനികനാണെങ്കിലും, സംവരണം ലഭിക്കുന്നു. മതസംവരണം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിട്ടില്ല. പക്ഷേ, കേരളത്തില്‍ എല്ലാ മുസ്‌ലിംകള്‍ക്കും സംവരണം ലഭിക്കുന്നു. അത് മതസംവരണമാണ്. ക്രിസ്ത്യന്‍ സമുദായത്തിലെ എല്ലാവര്‍ക്കും സംവരണം ലഭിക്കുന്നില്ല. ഹിന്ദു സമുദായത്തിലുമില്ല. അതുകൊണ്ടാണ് ബി.ജെ.പി ഈ വിഷയം ഏറ്റെടുത്തത്. ഒ.ബി.സി റിസര്‍വേഷന്‍ അന്‍പത് ശതമാനമായി ഉയര്‍ത്തുമെന്നാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണപത്രികയില്‍ പറയുന്നത്. ഇതിനു പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ട്. സച്ചാര്‍ കമ്മിറ്റി ഇന്ത്യയിലെ മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ വേണ്ടി രൂപീകരിച്ചതാണ്. കേരളത്തിലെ അഞ്ച് വിഭാഗങ്ങളില്‍ ഒന്നോ രണ്ടോ വിഭാഗങ്ങള്‍ മാത്രമാണ് പിന്നോക്കാവസ്ഥ അനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പക്ഷേ, കേരളത്തിലേക്ക് വന്നപ്പോള്‍ പാലൊളി മുഹമ്മദ് കുട്ടി കമീഷന്‍ രൂപീകരിച്ച് അവരുടെ റിപ്പോര്‍ട്ടിന്റെ ബലത്തില്‍ മുസ്‌ലിംവിഭാഗം എന്നതിനെ മുഴുവന്‍ മുസ്‌ലിംകളും എന്നാക്കിമാറ്റി. ഒരു മതസമൂഹത്തിന് ഒന്നാകെ സംവരണം നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെയും സാമൂഹിക നീതിയുടെയും ലംഘനമാണെന്നാണ് ഉയര്‍ന്നുവന്ന അഭിപ്രായം. മതസംവരണം വോട്ട് ബാങ്ക് സൃഷ്ടിക്കുമെന്നും കത്തോലിക്കാ സഭയില്‍ ജനിച്ച ദരിദ്രര്‍ക്ക് സാമ്പത്തിക സംവരണമാണ് തുണയായതെന്നുകൂടി പറഞ്ഞാണ് ചര്‍ച്ച അവസാനിപ്പിച്ചത്.
വിയോജിക്കുന്നവര്‍ക്കെതിരേ തീവ്രവാദി ആക്രമണം
മോദി തുറന്നുവിട്ട ചര്‍ച്ച തെരഞ്ഞെടുപ്പിന് ശേഷവും ആവര്‍ത്തിച്ചു. തിരുവനന്തപുരം പാളയത്ത് ജൂലൈ 3ാം തിയ്യതിയും ജൂലൈ 5ാം തിയ്യതി എറണാകുളം ടൗണ്‍ ഹാളിലും ഹിന്ദു ഐക്യവേദി സംവരണ സംരക്ഷണ സമ്മേളനം നടത്തി (കേരള കൗമുദി, ജൂലൈ 6, 2024). ഭരണഘടനയിലെ പല ഭാഗത്തും ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നത് ഹിന്ദുക്കളുടെ വിശാലമനസ്‌കതയുടെ തെളിവായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇത് ബലഹീനതയല്ല, ആത്മധൈര്യമാണ്. വയനാട്ടിലും അട്ടപ്പാടിയിലുമുള്ള ഊരുകളില്‍ സംവരണം എത്തുന്നില്ലെന്നും സംഘടന പരാതിപ്പെട്ടു. മതം അടിസ്ഥാനമാക്കിയുള്ള സംവരണം നിര്‍ത്തണമെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആവശ്യം: മതപ്രീണനത്തിനും മതസംവരണത്തിനുമെതിരേ പ്രതികരിച്ച ഹിന്ദു സംഘടനാ നേതാക്കളെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന മതനേതാക്കളുടെ നിലപാട് അംഗീകരിക്കാനാവില്ല. ഇതിനെതിരേ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. തങ്ങള്‍ക്ക് പ്രിയമല്ലാത്തത് സംസാരിക്കുന്നവരെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് ഇസ്‌ലാമിക സംഘടനകളും മതതീവ്രവാദ സംഘടനകളും നടത്തുന്നത്. സത്യം പറഞ്ഞതിന് ആക്ഷേപത്തിനും അവഹേളനത്തിനും ഇരയായ എസ്.എന്‍.ഡി.പി യോഗം അടക്കമുള്ള ഹിന്ദു സംഘടനകള്‍ക്ക് ഹിന്ദു സമാജം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. ഹിന്ദുക്കളിലെ പിന്നാക്ക ജാതികള്‍ അനുവദിച്ച സാമൂഹ്യ അവശതകള്‍ക്ക് പരിഹാരമായി ഭരണഘടന നല്‍കിയ സംരക്ഷണമാണ് സംവരണം (ജൂണ്‍ 30, 2024, ജന്മഭൂമി).
ഇരട്ടസംവരണം
മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നത് ഇരട്ട സംവരണമാണെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ നേരത്തേമുതലുള്ള വിമര്‍ശനം: സച്ചാര്‍, പാലൊളി കമ്മിറ്റികളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് നിരവധി മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഫലത്തില്‍ ഇരട്ട സംവരണമാണ് മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നത്. മുസ്‌ലിം സമുദായം ഒന്നാകെ അതിപിന്നാക്ക വിഭാഗമാണെന്ന് ഒരു പഠനവും കണ്ടെത്തിയിട്ടില്ല. 2016 ലെ സി.ഡി.എസ് പഠനമനുസരിച്ച് മുസ്‌ലിം സമുദായം എസ്.സി - എസ്.ടി വിഭാഗത്തേക്കാള്‍ മാത്രമല്ല ഹിന്ദു പിന്നാക്ക വിഭാഗങ്ങളേക്കാളും സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നിലാണെന്ന് കണ്ടെത്തുകയുണ്ടായി. സച്ചാര്‍ കമ്മിറ്റിയും കേരളത്തിലെ മുസ്‌ലിംകള്‍ മുഴുവന്‍ വിഭാഗമാണെന്ന് കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ മുസ്‌ലിം സമുദായത്തിന് നല്‍കുന്ന സംവരണം സാമൂഹ്യ അനീതിയാണെന്ന് ഐക്യവേദി കുറ്റപ്പെടുത്തി (വിശ്വസംവാദ കേന്ദ്രം കേരള, മേയ് 26, 2024).
ഒരു മാനദണ്ഡവും ഇല്ലാതെ എല്ലാ മുസ്‌ലിംകള്‍ക്കും സംവരണം കൊടുക്കുകയാണെന്ന് സംഘടനയുടെ നേതാവ് ആര്‍.വി ബാബുവും എഴുതി: ഹിന്ദു ഐക്യവേദി പറയുന്നതുകൊണ്ട് ഇതിനെ വര്‍ഗീയമായി കാണേണ്ട. ഇതൊരു സാമൂഹ്യ അനീതിയാണ്. ഈ അനീതി തുറന്നു കാട്ടിയാണ് ഹിന്ദു ഐക്യവേദി രംഗത്ത് വരുന്നത്. ഒരേസമയം ന്യൂനപക്ഷ സംവരണവും പിന്നാക്ക സംവരണവും കൈവശപ്പെടുത്തി ന്യൂനപക്ഷ സമൂഹം എല്ലാ രംഗത്തും മുന്നില്‍ വന്നു. എന്നാല്‍, മറുവശത്ത്, അവകാശപ്പെട്ടതുപോലും നഷ്ടപ്പെടുന്ന സമൂഹമായി ഹിന്ദുക്കളിലെ പിന്നാക്കക്കാര്‍ മാറി (ജനം ടി.വി, ജൂണ്‍ 30, 2024).
ലക്ഷ്യം വോട്ടുബാങ്ക്
'നായര്‍ സമുദായത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിയമങ്ങളില്‍ മാറ്റംവരുത്തി ഇല്ലാതാക്കാനാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ആലോചിക്കുന്നതെന്നാണ് ഇതേക്കുറിച്ച് ജൂലൈ ഏഴിന് പത്തനംതിട്ടയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ എന്‍.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത്: എന്‍.എസ.്എസിന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെക്കൊണ്ടും പ്രയോജനമുണ്ടായിട്ടില്ല. എന്‍.എസ്.എസിനെ വര്‍ഗീയശക്തിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ പിന്നിലെ സ്വാര്‍ത്ഥത വോട്ടുബാങ്കാണ്. പിന്നോക്കക്കാര്‍ ഉള്‍പ്പെടുന്ന മുന്നോക്കക്കാരെ മാറ്റിനിര്‍ത്തിക്കൊണ്ട് ന്യൂനപക്ഷങ്ങളെക്കൂടി പിടിക്കാനുള്ള ശ്രമം നടത്തിക്കൊണ്ട് ഈ രാജ്യം എന്നും കയ്യില്‍വെച്ച് ആസ്വദിക്കാം എന്നുള്ള ദുഷ്ടലക്ഷ്യമാണ് ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്.
ജൂണ്‍ 11ന് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന സംവരണ സംരക്ഷണ സദസ്സിലും ഇതേ ആശയങ്ങളാണ് ചര്‍ച്ചയായത്. മതംമാറാന്‍ കഴിയുന്ന നാട്ടില്‍ മതത്തിന്റെ പേരില്‍ സംരക്ഷണം നല്‍കുന്നത് ശരിയല്ലെന്നായിരുന്നു കെ.പി ശശികലയുടെ അഭിപ്രായം. മതസംവരണം ന്യൂനപക്ഷപ്രീണനവും ഭരണഘടനാവിരുദ്ധവുമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. പഴയ ഇടതുസഹയാത്രികന്‍ എ.പി അഹ്മദും യോഗത്തില്‍ പങ്കെടുത്തു.
ഷേക്കിന ടി.വിയിലെ ചര്‍ച്ചയിലും സംവരണത്തെ വോട്ട് ബാങ്ക് രാഷ്ട്രീയവുമായാണ് ചേര്‍ത്തുവച്ചത്. ഒരു മതസമൂഹത്തിന് ഒന്നാകെ സംവരണം നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളുടെയും സാമൂഹിക നീതിയുടെയും ലംഘനമാണെന്നാണ് ഉയര്‍ന്നുവന്ന അഭിപ്രായം. മതസംവരണം വോട്ട് ബാങ്ക് സൃഷ്ടിക്കുമെന്നും കത്തോലിക്കാ സഭയില്‍ ജനിച്ച ദരിദ്രര്‍ക്ക് സാമ്പത്തിക സംവരണമാണ് തുണയായതെന്നുകൂടി പറഞ്ഞാണ് ചര്‍ച്ച അവസാനിപ്പിച്ചത് (ഷെക്കീന ടെലിവിഷന്‍, മെയ് 10, 2024).
ജാതി സംവരണം കവര്‍ന്ന് മതസമൂഹങ്ങള്‍ക്ക് നല്‍കിയത് ഇടത്-വലത് മുന്നണികളാണെന്നും അത് വോട്ടുവാങ്ക് ലക്ഷ്യം വച്ചുമാണെന്നുമുള്ള ആരോപണം നിരവധി തവണ സംഘ്പരിവാര്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു: ജാതി സംവരണം കവര്‍ന്ന് മതസമൂഹങ്ങള്‍ക്ക് നല്‍കിയത് ഇടത് വലത് മുന്നണികളാണ്. വോട്ടുബാങ്ക് ലക്ഷ്യംവച്ചു മുസ്‌ലിംസമൂഹത്തെ ഒന്നാകെ സംവരണവിഭാഗമായി നിശ്ചയിച്ച് 12 ശതമാനം സംവരണം അനുവദിക്കുകയായിരുന്നു. കേന്ദ്ര സംവരണത്തില്‍ 27 ശതമാനത്തിനും അവര്‍ക്കു പങ്കു ലഭിച്ചു. പട്ടികജാതി സംവരണവും പദവിയും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കു നല്‍കാന്‍ ജസ്റ്റിസ് രംഗനാഥ മിശ്ര കമീഷന്‍ മുമ്പാകെ ശിപാര്‍ശ ചെയ്തവരാണ് ഈ മുന്നണികള്‍. ഇടതു സര്‍ക്കാര്‍ പട്ടിക ജാതി വര്‍ഗ സമൂഹത്തെ വഞ്ചിക്കുകയാണ്. കേരളത്തില്‍ മുഴുവന്‍ മുസ്‌ലിംകള്‍ക്കും സംവരണം എന്നത് അനീതിയാണ്. മാപ്പിള ജാതി സമൂഹത്തിനാണ് സാമൂഹ്യപിന്നാക്കാവസ്ഥയുള്ളതായി മണ്ഡല്‍ കമീഷന്‍ കണ്ടെത്തിയത്. ഒരേ സമയം ന്യൂനപക്ഷസംവരണവും പിന്നാക്ക സംവരണവും മുസ്‌ലിംകള്‍ കൈവശപ്പെടുത്തിയിരിക്കുന്നു. സാമ്പത്തിക സാമൂഹ്യ വിദ്യാഭ്യാസ രംഗത്തും വ്യാപാരരംഗത്തും മുസ്‌ലിംകള്‍ പിന്നാക്കമല്ല. സമൂഹത്തിലെ പിന്നാക്കക്കാരെയും മുന്നാക്കക്കാരെയും ഉള്‍പ്പെടുത്തി ഒരു മാനദണ്ഡവും പാലിക്കാതെ മുഴുവന്‍ മുസ്‌ലിംകള്‍ക്കും സംവരണം നല്‍കുന്നു. (ജൂണ്‍ 30, 2024, ജന്മഭൂമി)
ജാതിയില്ലാത്ത ഇസ്‌ലാമിന് സംവരണം വേണ്ട
മുസ്‌ലിംകള്‍ക്ക്, കേരളത്തില്‍, സര്‍ക്കാര്‍ ജോലിയില്‍ നല്‍കുന്ന 12 ശതമാനം സംവരണം ഉടന്‍ നിര്‍ത്തലാക്കണമെന്നാണ് എഴുത്തുകാരനും ബി.ജെ.പി നേതാവും മുന്‍ വിസിയുമായ ഡോ. കെ.എസ് രാധാകൃഷ്ണന്റെ അഭിപ്രായം: മുസ്‌ലിംകള്‍ക്ക് ജാതിഭേദ വ്യവസ്ഥയുടെ അടിസ്ഥനത്തില്‍ സംവരണ ആനുകൂല്യം നല്‍കാന്‍ കഴിയുമോ? ഉത്തരം ഇല്ല എന്നാണ്. കാരണം ഇസ്‌ലാം മതം ജാതിവ്യവസ്ഥ അംഗീകരിക്കുന്നില്ല. അല്ലാഹു, അദ്ദേഹത്തിന്റെ ദൂതനായ ജബ്രിയേല്‍ മാലാഖ, ആ മാലാഖ എത്തിച്ചു കൊടുത്ത ദൈവസന്ദേശം ഏറ്റുവാങ്ങിയ അന്ത്യപ്രവാചകന്‍, ആ പ്രവാചകന്‍ വെളിവാക്കിയ ഒരേ ഒരു സത്യവേദമായ ഖുര്‍ആന്‍, ആ ഖുര്‍ആനില്‍ പറയുന്ന മനുഷ്യന്റെ അന്ത്യദിനത്തിലെ അന്ത്യവിധി എന്നിവയില്‍ അചഞ്ചലമായി വിശ്വസിക്കുന്ന ആരും മുസ്ലിമാണ്. അങ്ങിനെയുള്ള മുസ്‌ലിം അഞ്ചു നേരം നിസ്‌കരിക്കുകയും സഖാത്ത് ചെയ്യുകയും ഖുര്‍ആന്‍ പറയുന്ന പ്രകാരം ജീവിക്കുകയും വേണം. ആ മുസ്‌ലിംകള്‍ക്ക് ഇടയില്‍ മേല്‍-കീഴ് വ്യത്യാസമില്ല. ഇസ്‌ലാംമതം മാത്രമാണ് ഹലാലായ മതം. ബാക്കി മതങ്ങള്‍ എല്ലാം ഹറാമാണ്. അതുകൊണ്ട് ഹറാമായ മതങ്ങളെ ഹലാലാക്കാന്‍ മുസ്ലിമിന് അവകാശമുണ്ട്. ഈ വിശ്വാസമനുസരിച്ച് ജീവിക്കുന്ന ഒരു മുസ്ലിമും മറ്റൊരു മുസ്ലിമിനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഈ തത്ത്വമാണ് ഇസ്‌ലാമിലെ വിഖ്യാതമായ ഇസ്‌ലാമിക സാഹോദര്യം. അതുകൊണ്ട് മേല്‍-കീഴ് വ്യത്യാസം സൂചിപ്പിക്കുന്ന ജാതിവ്യവസ്ഥയ്ക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല (ജൂലൈ 4, 2024, എഫ്.ബി).
ആര്‍.എസ്.എസ് നിലപാട്:
ജാതി സംവരണത്തിന് എതിരേയുള്ള നിലപാടാണ് എല്ലാ കാലത്തും ആര്‍.എസ.്എസ്സിന്റേതെങ്കിലും ചിലപ്പോഴൊക്കെ അവര്‍ തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നാക്കംപോയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലയളവില്‍ മോഹന്‍ ഭാഗവത് ജാതി സംവരണത്തെ അനുകൂലിച്ച് സംസാരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു (2024 ഏപ്രില്‍ 28). സമൂഹത്തില്‍ വിവേചനം നിലവിലുള്ള കാലത്തോളം സംവരണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, 2015ല്‍ അദ്ദേഹം ജാതി സംവരണത്തെ ഇത്രത്തോളം പിന്തുണച്ചിരുന്നില്ല. സംവരണത്തെക്കുറിച്ച് പഠിച്ച് ഒഴിവാക്കേണ്ടവരെ ഒഴിവാക്കണമെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്റെത്. ആര്‍.എസ്.എസ്സിന്റെ മറ്റൊരു നേതാവായ മന്‍മോഹന്‍ വൈദ്യ അനിശ്ചിതകാലം സംവരണം തുടരരുതെന്ന (2017) അഭിപ്രായക്കാരനായിരുന്നു. 2019ല്‍ ആര്‍.എസ്.എസ് വിളിച്ചുചേര്‍ത്ത പുഷ്‌കര്‍ സമ്മേളനത്തില്‍ ജാതി സംവരണത്തെ പൂര്‍ണമായും പിന്താങ്ങുന്നതായി മറ്റൊരു നേതാവായ ദത്താത്രേയ ഹൊസാബലെ പറഞ്ഞു. ഇതേ വര്‍ഷം ആഗസ്റ്റില്‍ മോഹന്‍ ഭാഗവത് സംവരണമല്ല, സംവരണരാഷ്ട്രീയമാണ് പ്രശ്നമെന്ന് അഭിപ്രായപ്പെട്ടു. 1990ല്‍ വി.പി സിങ് മണ്ഡല്‍ കമീഷന്‍ റിപോര്‍ട്ട് കൊണ്ടുവരുന്ന സമയത്ത് ആര്‍.എസ്.എസ്സിന്റെ നിലപാട് അത് ജാതിയുദ്ധത്തിന് കാരണമാവുമെന്നായിരുന്നു. തങ്ങളുടെ രാഷ്ട്രീയതാല്‍പര്യമാണ് ഈ വ്യതിചലനത്തിന് പിന്നിലെന്ന് പൊതുവെ പറയാം (ദി ന്യൂസ് മിനിറ്റ്, മേയ് 6, 2024)
എന്നാല്‍, ഇസ്‌ലാമോഫോബിക് അന്തരീക്ഷത്തില്‍ ആര്‍.എസ്എസ്സും ബി.ജെ.പിയും അവരുടെ നിലപാടുകളില്‍ തന്ത്രപരമായ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സംവരണം ദലിത് പിന്നാക്ക വിഭാഗങ്ങളുടെ അവകാശമാണെന്നും ന്യൂനപക്ഷമതവിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്ക് മതസംവരണം നല്‍കി ആ വിഭാഗങ്ങളെ സംവരണ ആനുകൂല്യങ്ങളില്‍നിന്ന് പുറത്താക്കുകയാണെന്നും അവര്‍ വാദിച്ചു. മതസംവരണത്തിന്റെ കാലത്ത് ആര്‍.എസ്.എസ്സിന്റെ മുദ്രാവാക്യം സംവരണസംരക്ഷണമാണെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ ഭരണഘടനയും സമുദായങ്ങളും:
ഇന്ത്യന്‍ ഭരണഘടന വ്യക്തിയോടൊപ്പം കൂട്ടങ്ങളെയും പരിഗണിക്കുന്നു. അവയെ പ്രത്യേക സമുദായങ്ങള്‍ അല്ലെങ്കില്‍ കമ്യൂണിറ്റികളായി കണക്കാക്കാം. അതില്‍ ചില സമുദായങ്ങള്‍ മതാത്മക സ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ളവയാണ്. പിന്നാക്കാവസ്ഥയിലൂടെ കടന്നുപോകുന്ന ഏത് കൂട്ടത്തെയും പ്രത്യേക പരിരക്ഷ നല്‍കുന്നതിന് ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്നു. ഈ കൂട്ടം മതം, വംശം, ജാതി, ലിംഗം, ജന്മദേശം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ളവയാവാം.
ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 15 മതം, വംശം, ജാതി, ലിംഗം അല്ലെങ്കില്‍ ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ നിരോധിക്കുന്നു. ഇതിന്റെ ക്ലോസ് 4 പ്രകാരം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ട പൗരന്മാരുടെയോ പട്ടികജാതി പട്ടികവര്‍ഗക്കാരുടെയോ പുരോഗതിക്കായി പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിന് തടസ്സമില്ല. ഇത്തരം വ്യവസ്ഥകള്‍ ഭരണഘടനയുടെ സമത്വ സങ്കല്‍പ്പത്തെ നിരാകരിക്കുകയല്ല, വിപുലീകരിക്കുകയാണ് ചെയ്യുന്നത്.
സംവരണവും മുസ്‌ലിംകളും തമ്മിലുള്ള ബന്ധത്തെ പരിശോധിക്കുമ്പോള്‍ ആദ്യം തിരിച്ചറിയപ്പെടേണ്ടത്, മതം പിന്നാക്കാവസ്ഥയുടെ കാരണമല്ല എന്നതാണ്. എന്നാല്‍, ഒരു പ്രത്യേക മതത്തില്‍ ഉള്‍പ്പെടുന്നവര്‍ പിന്നാക്കാവസ്ഥയിലൂടെ കടന്നുപോകുന്നവരാകാം. അതിന്റെ കാരണം രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമാണ്. മുസ്‌ലിംകളുടെയും മറ്റിതര വിഭാഗങ്ങളുടെയും നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാട്ടാം. പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരാണെങ്കില്‍ നേരത്തെപ്പറഞ്ഞ ഏത് വിഭാഗത്തിനും പ്രത്യേക പരിഗണന നല്‍കാന്‍ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. അങ്ങനെ പരിഗണന നല്‍കുമ്പോള്‍ അവ മതാത്മകസ്വത്വമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടതില്ല. അങ്ങനെ പരിശോധിക്കുകയാണെങ്കില്‍ അത് മതവിവേചനത്തിന്റെ പരിധിയിലാണ് വരിക (മെയ് 7, 2023, സ്‌ക്രോള്‍).
ഏതു മതവിഭഗത്തിലുമെന്നതുപോലെ മുസ്‌ലിംകളിലും വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ഈ തരംതിരിവ് ഭാഷാപരവും പ്രാദേശികവും ചരിത്രപരവും തുടങ്ങി പലതരത്തിലാവാം. ഇസ്‌ലാമില്‍ വിശ്വസിക്കുന്നതുകൊണ്ടുമാത്രം ഒരാളും പിന്നാക്കമാവില്ല. അവര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന്റെ സാമൂഹികാവസ്ഥ പിന്നാക്കമാണെങ്കില്‍ മാത്രം അയാള്‍ പിന്നാക്കക്കാരനായി പരിഗണിക്കപ്പെടുകയും അവര്‍ക്ക് സംവരണത്തിന് അര്‍ഹത ലഭിക്കുകയും ചെയ്യും. എന്നാല്‍, പിന്നാക്കക്കാരനായിരിക്കുകയും മതത്തിന്റെ പേരില്‍ സംവരണപ്പട്ടികയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുകയാണെങ്കില്‍ അത് മതവിവേചനമാണ്. ആര്‍ട്ടിക്കിള്‍ 15 പ്രകാരം അത് ഭരണഘടനാവിരുദ്ധവുമാണ്.
മതപരമായ സംവരണവും ഹിന്ദുക്കളും:
സംവരണവും മതവും തമ്മിലുള്ള ബന്ധം സംഘ്പരിവാര്‍ ഉന്നയിക്കുന്നതുപോലെ ലളിതമല്ല. മുസ്‌ലിമായിരിക്കുന്നതുകൊണ്ടുമാത്രം ഒരാള്‍ക്ക് സംവരണം ലഭിക്കുകയില്ല. എന്നാല്‍, പിന്നാക്കാവസ്ഥയിലുള്ള ഒരു സാമൂഹികവിഭാഗത്തെ വിശ്വാസത്തെ മുന്‍നിര്‍ത്തി ഒഴിവാക്കരുതെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നുണ്ട്. ആ അര്‍ഥത്തില്‍ അത് മതസ്വത്വത്തെ കണക്കിലെടുക്കുന്നുമുണ്ട്.
അതില്‍ത്തന്നെ നിരവധി വൈരുധ്യങ്ങളുണ്ട്. ഹിന്ദുമത വിശ്വാസികളായിത്തീര്‍ന്ന പട്ടികജാതിക്കാര്‍ക്ക് സംവരണവും പട്ടികജാതിക്കാരുടെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ മുസ്‌ലിംകളോ ക്രിസ്ത്യാനികളോ ആയിത്തീര്‍ന്ന പട്ടികജാതിക്കാര്‍ക്ക് അവ ലഭിക്കുന്നില്ല. (ഡോ. പി.എ അബൂബക്കര്‍, സംവരണം, മതം, കലാപരാഷ്ട്രീയം: ചില ആശയക്കുഴപ്പങ്ങള്‍, ട്രൂകോപ്പി തിങ്, ഏപ്രില്‍ 2023) പാര്‍ശ്വവത്കൃതരെ സംവരണത്തില്‍നിന്ന് പുറത്താക്കാന്‍ ഭരണകൂടം സംവരണത്തെ മതപരമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇതിന്റെ അര്‍ഥം. ഇപ്പോള്‍ മുസ്‌ലിംകളെ സംവരണപ്പട്ടികയില്‍ നിന്ന് പുറത്താക്കാനും ഇതേ വാദങ്ങള്‍ ഉപയോഗിക്കുന്നു.
സംഘ്പരിവാര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന വാദങ്ങളില്‍ പലതും കള്ളമാണ്. കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നു എന്നത് തെറ്റാണ്. ഇന്ത്യയിലൊരിത്തും മതാധിഷ്ഠിതമായി സംവരണം നല്‍കുന്നില്ല. ആര്‍.എസ്.എസ് അവകാശപ്പെടുന്നതുപോലെ കേരളത്തില്‍ എല്ലാ മുസ്‌ലിംകള്‍ക്കും സംവരണം ലഭിക്കുന്നുമില്ല. മുസ്‌ലിംകളിലെ മാപ്പിള, മുസ്‌ലിം എന്നീ കമ്യൂണിറ്റികള്‍ക്ക് മാത്രമാണ് സംവരണാനുകൂല്യം ലഭിക്കുന്നത്. ഈ രണ്ട് കമ്യൂണിറ്റികള്‍ക്കുമായി ആകെ നിയമനങ്ങളുടെ 12 ശതമാനമാണ് സംവരണം. ഇസ്‌ലാമിന്റെ ഭാഗമായ റാവുത്തര്‍, ദഖിനി, കച്ചി മേമന്‍, പത്താന്‍ തുടങ്ങിയ സമുദായങ്ങള്‍ക്ക് സംവരണമില്ല. ഇവര്‍ക്ക് നായര്‍, മുന്നാക്ക ക്രൈസ്തവര്‍ തുടങ്ങിയവരെപ്പോലെ സാമ്പത്തിക ക്വാട്ടയില്‍ മാത്രമാണ് സംവരണം ലഭിക്കുന്നത്. അതായത് എല്ലാ വിഭാഗം മുസ്‌ലിംകള്‍ക്കും സംവരണമുണ്ടെന്നത് വ്യാജ പ്രചരണം മാത്രമാണ് (എഫ്.ബി, ജൂണ്‍ 22 സജീദ് ഖാലിദ്).
മുസ്‌ലിംകള്‍ക്ക് ലഭിക്കുന്ന സംവരണത്തെ വിവാദവിഷയമാക്കുന്നതിലൂടെ സൈദ്ധാന്തികമായ ഭരണഘടനാച്ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരികയല്ല സംഘ്പരിവാറിന്റെ ലക്ഷ്യം. മറിച്ച് ആ വിഭാഗത്തെ സംവരണപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുക മാത്രമാണ്. ഇസ്‌ലാമോഫോബിക് അന്തരീക്ഷത്തില്‍ മതസംവരണമെന്ന തെറ്റായ ഒരു ചോദ്യമുയര്‍ത്തിയാണ് അതവര്‍ സാധിക്കുന്നത്. മുസ്‌ലിംകള്‍ അനര്‍ഹമായി സമ്പത്തും അധികാരവും നേടുന്നുവെന്ന പ്രചാരണത്തില്‍ വസ്തുതകള്‍ ഇല്ലെങ്കിലും ഒരു വിദ്വേഷപ്രചാരണമാക്കി ഹിന്ദുത്വര്‍ അതിനെ മാറ്റിയെടുത്തിട്ടുണ്ട്.
(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ)