അഭിമന്യു വധം, മലപ്പുറം'നെന്മ': ഇസ്‌ലാമോഫോബിയയുടെ കേരളീയ മാതൃക; 2024 മാര്‍ച്ച് മാസത്തില്‍ സംഭവിച്ചത്
|വിദ്വേഷ പ്രസ്താവനകള്‍ ദോഷഹേതുവും വംശീയ സ്വഭാവമുള്ളവയുമാണ്. ദോഷകരമായ പ്രവര്‍ത്തിക്കും കാരണമാവും. അങ്ങനെ നോക്കുമ്പോള്‍ വിദ്വേഷമെന്ന വംശീയ പ്രയോഗത്തിന്റെ സാന്നിധ്യമാണ് ഒരു പ്രസ്താവനയെ ഇസ്‌ലാമോഫോബിയയുടെ പരിധിയില്‍ കൊണ്ടുവരുന്നത്. ദോഷകരമായ പ്രവര്‍ത്തിക്ക് ഹേതുവാകുന്ന സംസാരത്തെ നിയന്ത്രിക്കാമെന്നാണ് ഈ വിഷയത്തിലുണ്ടാവേണ്ട സമീപനം. കേരളത്തില്‍ 2024 മാര്‍ച്ച് മാസത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - (ഭാഗം: 02)
വര്‍ധിക്കുന്ന ഇസ്‌ലാമോഫോബിയ; 2024 മാര്‍ച്ച് മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത് - ഭാഗം ഒന്നിന്റെ തുടര്‍ച്ച.
08. അഭിമന്യു വധവും ഇസ്‌ലാമോഫോബിക് ഭീതിയും
മുസ്‌ലിം സംഘടനകളെയും വ്യക്തികളെയും തുടങ്ങി മുസ്‌ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും ദുരൂഹതയോടെയും ഭീതിയോടെയും അവതരിപ്പിക്കുക ഇസ്ലാമോഫോബിയയുടെ ഒരു രീതിശാസ്ത്രമാണ്. സമൂഹത്താലും ഭരണാധികാരികളാലും വംശീയമായി ആക്രമിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുമ്പോഴും സമൂഹത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന അധികാര ശക്തിയായി മുസ്ലിം സമൂഹവും വ്യക്തികളും സംഘടനകളും അവതരിപ്പിക്കപ്പെടുന്നു. ഈ അവതരണം ഇരകളെ കൂടുതല്‍ പ്രതിരോധത്തിലാക്കും. ഒപ്പം ഇസ്ലാമോഫോബിയ വഴി വംശീയത ഉല്‍പ്പാദിപ്പിക്കുന്ന ശക്തികളുടെ പക്ഷത്തേക്ക് കൂടുതല്‍ പേരെ അണിനിരത്താനും കഴിയുന്നു. മഹാരാജാസ് എസ്.എഫ്.ഐ വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവധക്കേസിലെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായ സംഭവം അവതരിപ്പിക്കപ്പെട്ടത് അങ്ങനെയായിരുന്നു.
2023 ഡിസംബറിലാണ് അഭിമന്യു വധക്കേസിലെ രേഖകള്‍ കോടതിയില്‍ നിന്ന് അപ്രത്യക്ഷമായത്. മാര്‍ച്ച് ആദ്യ വാരത്തോടെ ഈ വിവരം പുറത്തുവന്നു. ഇസ്ലാമോഫോബിക്കായ വലിയൊരു വംശീയ പ്രചാരണത്തിന് ഇത് തുടക്കം കുറിച്ചു. തങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സമയമായതുകൊണ്ടുമാവാം സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍ തുലോം കുറവായിരുന്നു. എങ്കിലും സര്‍ക്കാര്‍ ഇടപെട്ട് അന്വേഷണങ്ങള്‍ക്കുള്ള ശ്രമം നടത്താതെയിരുന്നില്ല.
ഇസ്ലാമിസ്റ്റ് സംഘടനകളുമായി സര്‍ക്കാര്‍ അവിശുദ്ധ സഖ്യത്തിലാണെന്നും സി.പി.എമ്മിനെയും ഡി.വൈ.എഫ്.ഐയെയും എസ്.എഫ്.ഐയെയും നിയന്ത്രിക്കുന്നത് തീവ്രവാദ സംഘടനകളാണെന്നും പി.ആര്‍ ശിവശങ്കരന്‍ ആരോപിച്ചു. ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള ഭരണകൂടമാണ് കേരളത്തിലുള്ളതെന്നാണ് അടുത്ത വാദം. 'അവര്‍ കോടതിയെയും നിയന്ത്രിക്കുന്നു. 'പച്ചവെളിച്ച' (വാട്സ്ആപ് കൂട്ടായ്മ)മാണ് അതിന്റെ പിന്നില്‍.
രേഖ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ട് വാദങ്ങളാണ് ഉയര്‍ന്നത്. കോടതി മതതീവ്രവാദികളുടെ പിടിയിലാണെന്നതായിരുന്നു ഒരു പക്ഷത്തിന്റെ വാദം. തെരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടായ രാഷ്ട്രീയ നീക്കുപോക്കാണെന്ന് മറ്റൊരു വിഭാഗവും വാദിച്ചു. ഹിന്ദുത്വരാണ് ആദ്യ വാദമുയര്‍ത്തിയതെങ്കില്‍ മതേതരരുടെ മുന്‍കയ്യിലാണ് രണ്ടാമത്തെ വാദം പുറത്തുവന്നത്. അഭിമന്യു കൊലക്കേസ് രേഖകള്‍ കാണാതായതെങ്ങനെ? എന്ന ശീര്‍ഷകത്തില്‍ 2024 മാര്‍ച്ച് ഏഴിന് ജനം ടി.വിയില്‍ നടന്ന ചര്‍ച്ച മുസ്ലിം വിരുദ്ധ വംശീയവത്കരണത്തിന്റെ ഒരു കേരളീയ മാതൃക തന്നെയായിരുന്നു.
മതതീവ്രവാദികള്‍ കോടതിക്കുമുകളില്‍ പിടിമുറുക്കിയെന്നായിരുന്നു ജനം ടി.വി ഉയര്‍ത്താന്‍ ശ്രമിച്ച ചോദ്യം. എസ.്ഡി.പി.ഐയാണ് സി.പി.എമ്മിനെ നിയന്ത്രിക്കുന്നതെന്നായിരുന്നു ബി.ജെ.പിക്കുവേണ്ടി ഈ ചര്‍ച്ചയില്‍ പങ്കെടുത്ത പി.ആര്‍ ശിവശങ്കരന്‍ വാദിച്ചത്. ഇസ്ലാമിസ്റ്റ് സംഘടനകളുമായി സര്‍ക്കാര്‍ അവിശുദ്ധ സഖ്യത്തിലാണെന്നും സി.പി.എമ്മിനെയും ഡി.വൈ.എഫ്.ഐയെയും എസ്.എഫ്.ഐയെയും നിയന്ത്രിക്കുന്നത് തീവ്രവാദ സംഘടനകളാണെന്നും അദ്ദേഹം ആരോപിച്ചു. ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള ഭരണകൂടമാണ് കേരളത്തിലുള്ളതെന്നാണ് അടുത്ത വാദം. 'അവര്‍ കോടതിയെയും നിയന്ത്രിക്കുന്നു. 'പച്ചവെളിച്ച' (വാട്സ്ആപ് കൂട്ടായ്മ)മാണ് അതിന്റെ പിന്നില്‍. പൊലീസ് ആസ്ഥാനത്തുനിന്ന് പോലും രേഖകള്‍ കാണാതായിട്ടുണ്ട്. ഭരണകൂടം നിയന്ത്രിക്കുന്നത് ഇസ്‌ലാമിസ്റ്റ് ശക്തികളാണ്. ഇപ്പോള്‍ അവര്‍ കോടതിയെയും നിയന്ത്രിക്കുന്നു. പാര്‍ട്ടി, കോടതി, പൊലിസ്, ഭരണകൂടം എന്നിവയെല്ലാം ഇസ്ലാമിസ്റ്റുകളുടെ പിടിയിലാണ്'. ഭരണകൂടത്തെ സംബന്ധിച്ച ഭീതിദമായ ഒരു ചിത്രമാണ് അദ്ദേഹം വരച്ചത്.
ഇതേ ചര്‍ച്ചയില്‍ പങ്കെടുത്ത കെ.എസ്.യു നേതാവ് പി. മുഹമ്മദ് ഷമ്മാസ് തെരഞ്ഞെടുപ്പ് നീക്കുപോക്കായാണ് ഈ പ്രശ്നത്തെ അവതരിപ്പിച്ചത്. മാര്‍ച്ച് 8 ന് കണ്ണൂരില്‍ എം.എന്‍ വിജയന്‍ പഠന കേന്ദ്രം സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധത്തില്‍ സംസാരിച്ച കെ.കെ രമ എം.എല്‍.എ 'അന്തര്‍ധാര'യെയാണ് കാരണമാക്കിയത്. (മാതൃഭൂമി, കണ്ണൂര്‍ എഡി. മാര്‍ച്ച് 8, 2024) അവിശുദ്ധമായ ഒരു സഖ്യം എന്ന ധാരണയുടെ ഭാഗമാണ് 'അന്തര്‍ധാരാ' പ്രയോഗം. പകല്‍വെളിച്ചത്തില്‍ ചെയ്യാനാവാത്ത കാര്യം ഗൂഢമായി ചെയ്യുന്നുവെന്നായിരിക്കണം ഉദ്ദേശിച്ചത്. മുസ്ലിം സംഘടനകളുടെ രാഷ്ട്രീയ സംഘാടനമാണ് ഇവിടെയും പിശാചുവത്കരിക്കപ്പെടുന്നത്.
09. മലപ്പുറം 'നെന്മ'യും ഇസ്‌ലാമോഫോബിയയും
ഇസ്ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതിയില്‍ കേരളത്തിലെ ആദ്യ മാതൃക ഒരു പക്ഷേ മലപ്പുറമായിരിക്കും. സിനിമ, മാധ്യമ വാര്‍ത്തകള്‍, നര്‍മങ്ങള്‍ തുടങ്ങിയവയിലൂടെ ദീര്‍ഘകാലമായി നടന്ന വ്യവഹാരങ്ങളാണ് മലപ്പുറത്തെക്കുറിച്ചുള്ള ധാരണകള്‍ രൂപപ്പെടുത്തിയത്.
ഈ അര്‍ഥനിര്‍മാണത്തില്‍ പൊതുവെ കരുതുന്നതില്‍ നിന്നു വ്യത്യസ്തമായി ഹിന്ദുത്വര്‍ക്കു മാത്രമല്ല മതേതര വിഭാഗങ്ങള്‍ക്കും പങ്കുണ്ട്. മതജീവിതത്തെയും മതാഭിമുഖ്യത്തെയും കുറഞ്ഞ വ്യക്തിഗുണമായും സാമൂഹ്യഗുണമായും കാണുന്ന രാഷ്ട്രീയ - സാമൂഹിക ചിന്തയും 'മലപ്പുറ'മെന്ന ഇസ്ലാമോഫോബിക് ഭൂമിശാസ്ത്രം സാധ്യമാക്കുന്നതില്‍ പങ്കുവഹിച്ചു. ഇന്ന് ഇന്ത്യയില്‍ സംഘ്പരിവാര വൃത്തങ്ങള്‍ വിദ്വേഷ പ്രചാരണങ്ങളുടെ കേന്ദ്രമാക്കുന്നതും ഇതേ മലപ്പുറത്തെയാണ്.
മലപ്പുറത്തെ കേന്ദ്രീകരിച്ച ശ്രദ്ധേയമായ രണ്ട് ആഖ്യാനങ്ങളാണ് ഈ മാസം ശ്രദ്ധയില്‍പ്പെട്ടത്. ആദ്യത്തേത് മലപ്പുറത്ത് അമുസ്ലിംകള്‍ക്ക് പ്രവേശനമില്ലാത്ത ഗ്രാമമുണ്ടെന്ന സംഘ്പരിവാര്‍ ചരിത്രകാരന്‍ സന്ദീപ് ബാലകൃഷ്ണയുടെ പരാമര്‍ശമാണ്. മറ്റൊന്ന് മലപ്പുറം അരീക്കോട് ഐവറികോസ്റ്റ് ഫുട്ബോള്‍ താരം ഹസന്‍ ജൂനിയറിനെതിരെ നടന്ന വംശീയ ആക്രമണമാണ്. ആദ്യത്തെത് ഇസ്ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ രണ്ടാമത്തേത് പ്രതിരോധമാതൃകയുടെ ദൗര്‍ബല്യത്തിന്റെ ഭാഗമാണ്.
മലപ്പുറത്തെ കുറിച്ചുള്ള ഇസ്ലാമോഫോബിക് മാതൃക സ്വാഭാവികമായും ചോദ്യം ചെയ്യപ്പെട്ടു. 'നന്മനിറഞ്ഞ മലപ്പുറ'ത്തെ കുറിച്ചുള്ള ജനകീയ ആഖ്യാനങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇസ്ലാമോഫോബിക് ഭൂമിശാസ്ത്രത്തെ പ്രതിരോധിക്കുന്നതില്‍ ഈ 'ഓള്‍ പെര്‍ഫെക്റ്റ്' മാതൃക വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലപ്പുറത്തെ അസ്വഭാവികവത്കരിച്ചു കൊണ്ട് രൂപം കൊണ്ട ഈ പ്രതിരോധത്തിന് നിരവധി ആന്തരിക ദൗര്‍ബല്യങ്ങളുണ്ട്. ഈ മാതൃകയില്‍ നിന്നുള്ള ഓരോ അപഭ്രംശവും ഇസ്ലാമോഫോബിയയുടെ പുതിയ പ്രഭവകേന്ദ്രമായി മാറുന്നുവെന്നതാണ് അതില്‍ പ്രധാനം. മലപ്പുറത്തെ കേന്ദ്രീകരിച്ച ശ്രദ്ധേയമായ രണ്ട് ആഖ്യാനങ്ങളാണ് ഈ മാസം ശ്രദ്ധയില്‍പ്പെട്ടത്. ആദ്യത്തേത് മലപ്പുറത്ത് അമുസ്ലിംകള്‍ക്ക് പ്രവേശനമില്ലാത്ത ഗ്രാമമുണ്ടെന്ന സംഘ്പരിവാര്‍ ചരിത്രകാരന്‍ സന്ദീപ് ബാലകൃഷ്ണയുടെ പരാമര്‍ശമാണ്. മറ്റൊന്ന് മലപ്പുറം അരീക്കോട് ഐവറികോസ്റ്റ് ഫുട്ബോള്‍ താരം ഹസന്‍ ജൂനിയറിനെതിരെ നടന്ന വംശീയ ആക്രമണമാണ്. ആദ്യത്തെത് ഇസ്ലാമോഫോബിക് ഭൂമിശാസ്ത്ര നിര്‍മിതിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ രണ്ടാമത്തേത് പ്രതിരോധമാതൃകയുടെ ദൗര്‍ബല്യത്തിന്റെ ഭാഗമാണ്.
ടി.ആര്‍.എസ് ക്ലിപ്‌സ് എന്ന യൂ ട്യൂബ് ചാനലിലെ മാര്‍ച്ച് 12-ാം തിയ്യതി പ്രക്ഷേപണം ചെയ്ത റണ്‍വീര്‍ ഷോയിലെ അഭിമുഖത്തിനിടെയാണ് ധര്‍മ്മ ഡിസ്പാച്ച് ചീഫ് എഡിറ്ററും സംഘ്പരിവാര്‍ എഴുത്തുകാരനുമായ സന്ദീപ് ബാലകൃഷ്ണ മലപ്പുറത്തെ കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയത്. മലപ്പുറത്ത് ഒരു ഗാമമുണ്ടെന്നും അമുസ്ലിംകള്‍ക്ക് അവിടേക്ക് പ്രവശേനമില്ലെന്നും ഗ്രാമ കവാടത്തില്‍ തന്നെ അമുസ്ലിംകളെ തടയുന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ആധികാരികതയോടെ അവകാശപ്പെടുന്നു. ഇസ്ലാമിക നിയമം ബാധകമായ ഇന്ത്യന്‍ ഭരണഘടനയ്ക്ക് സാധുതയില്ലാത്ത ഇസ്ലാമിക് ഗ്രാമം കൂടിയാണത്രെ അത്. സ്പോട്ടിഫൈ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ചാനലിലൂടെയാണ് ഈ വിദ്വേഷപരാമര്‍ശം പുറത്തുവന്നത്. മലപ്പുറത്തെ കേന്ദ്രീകരിച്ച ആഖ്യാനങ്ങള്‍ വസ്തുതാപരമായിരിക്കണമെന്ന് പ്രൊപ്പഗണ്ട നിര്‍മാതാക്കള്‍ കരുതുന്നില്ല. സന്ദീപ് ബാലകൃഷ്ണയുടെ അതേ മാതൃകയാണ് മറ്റുള്ളവരും പിന്തുടരുന്നത്. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ വീഡിയോക്കെതിരേ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് രണ്ടാമത്തെ സംഭവം. മാര്‍ച്ച് 13-ാം തിയ്യതിയാണ് ഒരു ഫുട്ബോള്‍ കളിക്കിടെ മലപ്പുറം അരീക്കോട് ചെമ്പ്രു കാട്ടൂരില്‍ ഐവറികോസ്റ്റ് ഫുട്ബോള്‍ താരം ഹസന്‍ ജൂനിയറിനെതിരെ വംശീയ ആക്രമണം നടന്നത്. ഹസനെ ദേഹോപദ്രവം ഏല്‍പ്പിക്കുക മാത്രമല്ല, വംശീയ സൂചനയുള്ള വാക്കുകളുപയോഗിച്ച് പരിഹസിക്കുകയും ചെയ്തു. മലപ്പുറത്ത് അതും ഫുട്ബോള്‍ കളിക്കിടയില്‍ നടന്ന വംശീയ സ്വഭാവത്തിലുള്ള ആക്രമണത്തോട് പൊതുവെ പ്രതിഷേധമുണ്ടായെങ്കിലും അതില്‍ ചിലത് വേറിട്ടുനില്‍ക്കുന്നവയായിരുന്നു. 'മലപ്പുറം നെന്മ' യില്‍ ഒളിപ്പിച്ചു വച്ച വംശീയതയെ കണ്ടെടുക്കാനുള്ള ശ്രമമായാണ് ചിലര്‍ ഈ അവസരം ഉപയോഗിച്ചത്.
പത്രപ്രവര്‍ത്തകയായ കെ.കെ ഷാഹിന എഴുതിയത് ഇങ്ങനെ: 'മലബാറിലെ ഫുട്ബോള്‍ പ്രേമികളായ നെന്മ മരങ്ങളുടെ ഉള്ളിലുള്ളത് നാറുന്ന വംശീയതയാണ്. അങ്ങനെയല്ലെന്ന അഭിപ്രായമുള്ള മലപ്പുറം കാരുണ്ടെങ്കില്‍ ഈ ചെറുപ്പക്കാരനോട് മാപ്പു പറയണം. അയാളെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. ഫുട്ബോള്‍ പ്രേമമാണ് പോലും'
കേരളത്തിലെ ഏത് പ്രദേശത്തെയും പോലെ മലപ്പുറവും നന്മയും തിന്മയും അത് ഇടകലരുകയുമൊക്കെ ചെയ്യുന്ന മനുഷ്യരുടെ കൂട്ടമാണ്. ഒരു പ്രദേശത്തിന്റേതായ ചില പൊതു സവിശേഷതകള്‍ ഉണ്ടായിരിക്കാമെങ്കിലും അതുകൊണ്ട് ഒരു കുറ്റകൃത്യത്തില്‍ അവര്‍ക്ക് കൂട്ട ഉത്തരവാദിത്തം വരുന്നില്ല. എഴുത്തുകാരനായ കെ.കെ ബാബുരാജ് എഴുതുന്നു: 'മലപ്പുറത്ത് നന്മ മരങ്ങളെ മാത്രമേ കാണാവു എന്നു തന്നെയല്ലേ ഈ പറയുന്നതിന്റെ അര്‍ഥം. എല്ലാ പ്രദേശങ്ങളിലും, എല്ലാ വിഭാഗം ജനങ്ങളിലും വംശീയതയും മറ്റു പല 'തിന്മകളും 'കണ്ടേക്കാം. അതൊന്നും ഇല്ലാത്ത ഇടമായി മലപ്പുറത്തെ പ്രതീക്ഷിക്കുന്നതില്‍ എന്തു യുക്തിയാണുള്ളത്'. പ്രതിരോധമാതൃകയുടെ ദൗര്‍ബല്യങ്ങള്‍ തന്നെയായായിരിക്കണം ഇവിടെ ഇസ്ലാമോഫോബിയക്ക് കാരണമായത്.
10. വൈരുധ്യങ്ങളെ മറച്ചുവയ്ക്കുന്ന ഇസ്ലാമോഫോബിക് തന്ത്രങ്ങള്‍
ഇസ്ലാമോഫോബിയ വംശീയവത്കരിക്കപ്പെട്ട മുസ്ലിം വിരുദ്ധതയാണ്. മുസ്ലിംകളുടെ സാന്നിദ്ധ്യമോ പ്രവര്‍ത്തിയോ അല്ലെങ്കില്‍ മുസ്ലിംകളാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നവരുടെ സാന്നിദ്ധ്യമോ പ്രവര്‍ത്തിയോ പോലുമില്ലാതെ മുസ്ലിംവിരുദ്ധ വംശീയ ആഖ്യാനങ്ങള്‍ രൂപം കൊള്ളാം. അധികാരം കയ്യാളുന്ന വിഭാഗങ്ങള്‍ പ്രതിക്കൂട്ടിലാക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവരെ അത്തരം ആരോപണങ്ങളില്‍ നിന്ന് വിമുക്തരാക്കാന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ മെച്ചം. അങ്ങനെ പരിശോധിക്കുമ്പോള്‍ ഇസ്ലാമോഫോബിയ മുസ്ലിംകളെ മാത്രമല്ല മറ്റിതര വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ മറച്ചുവെച്ചു കൊണ്ട് ഇതര സാമൂഹിക വിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്നു. കഴിഞ്ഞ മാസവും കഴിഞ്ഞ വര്‍ഷവും ഉണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളെ തന്മയത്വത്തോടെ ബന്ധപ്പെടുത്തി ഇസ്ലാമോഫോബിക് ആഖ്യാനം രൂപപ്പെടുത്തിയ ഒരു മാതൃകയാണ് തുടര്‍ന്ന് പരിശോധിക്കുന്നത്.
വിവാദം കത്തി നില്‍ക്കുന്ന അതേ ദിവസങ്ങളില്‍ (മാര്‍ച്ച് 23) തന്നെ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകനും ബ്യൂറോ ചീഫുമായ അഭിലാഷ് ചന്ദ്രന്‍ സത്യഭാമ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2023 ജൂലൈയില്‍ ചങ്ങനാശേരി പുതൂര്‍ മുസ്ലിം ജമാഅത്തിലെ ബാര്‍ബര്‍ ജോലി ചെയ്യുന്നവര്‍ക്കും ലബ്ബമാര്‍ക്കും പൊതുയോഗത്തില്‍ പ്രവേശനം നിഷേധിച്ച നടപടിയായിരുന്നു വിഷയം. തങ്ങളുടെ ഭരണഘടനയില്‍ കീഴ്നടപ്പുകാരെ പൊതുയോഗങ്ങളിലോ ജമാഅത്ത് കമ്മറ്റിയിലോ ഉള്‍പ്പെടുത്തുന്നത് വിലക്കിയിട്ടുണ്ടെന്ന കമ്മിറ്റി പറഞ്ഞ ന്യായം.
പതിനഞ്ച് കൊല്ലത്തിലേറെയായി മോഹിനിയാട്ട രംഗത്ത് അധ്യാപകനായും നര്‍ത്തകനായും പ്രതിഭ തെളിയിച്ച ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ മോഹിനിയാട്ടം അധ്യാപികയായ കലാമണ്ഡലം സത്യഭാമ ജൂനിയര്‍, ഡി.എന്‍.എ ന്യൂസ് എന്ന ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നടത്തിയ ജാത്യാധിക്ഷേപം വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു രാമകൃഷ്ണനെതിരെയുള്ള ആക്ഷേപം. വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും തന്റെ വാദത്തില്‍ അവര്‍ ഉറച്ചു നിന്നു. യുട്യൂബ് ചാനലില്‍ നടത്തിയ അധിക്ഷേപത്തില്‍ പേര് പറഞ്ഞിരുന്നില്ലെങ്കിലും രാമകൃഷണനെയാണ് ഉദ്ദേശിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. പരാമര്‍ശം വിവാദമായിട്ടും നിരവധി പ്രമുഖര്‍ അവര്‍ക്കെതിരെ രംഗത്തു വന്നിട്ടും തിരുത്താന്‍ തയ്യാറായില്ല. (ആര്‍.എല്‍.വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ, മാര്‍ച്ച് 21, 2024, ഏഷ്യാനെറ്റ്). വിവാദം കത്തി നില്‍ക്കുന്ന അതേ ദിവസങ്ങളില്‍ (മാര്‍ച്ച് 23) തന്നെ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകനും ബ്യൂറോ ചീഫുമായ അഭിലാഷ് ചന്ദ്രന്‍ സത്യഭാമ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2023 ജൂലൈയില്‍ ചങ്ങനാശേരി പുതൂര്‍ മുസ്ലിം ജമാഅത്തിലെ ബാര്‍ബര്‍ ജോലി ചെയ്യുന്നവര്‍ക്കും ലബ്ബമാര്‍ക്കും പൊതുയോഗത്തില്‍ പ്രവേശനം നിഷേധിച്ച നടപടിയായിരുന്നു വിഷയം. തങ്ങളുടെ ഭരണഘടനയില്‍ കീഴ്നടപ്പുകാരെ പൊതുയോഗങ്ങളിലോ ജമാഅത്ത് കമ്മറ്റിയിലോ ഉള്‍പ്പെടുത്തുന്നത് വിലക്കിയിട്ടുണ്ടെന്ന കമ്മിറ്റി പറഞ്ഞ ന്യായം.
ഇതിനെതിരെ നിരവധി മുസ്ലിം സംഘടനകള്‍ ആ സമയത്തു തന്നെ സജീവമായി രംഗത്തുവന്നിരുന്നു. 'ബാര്‍ബര്‍ തൊഴില്‍ ചെയ്യുന്നവരെയും അവരുടെ പിന്‍മുറക്കാരെയും പള്ളി ഭരണ കാര്യങ്ങളില്‍ നിന്ന് വിലക്കുന്ന നടപടി മതവിരുദ്ധവും മനുഷ്യത്വ വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകളുണ്ടാവണമെന്നും കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു (മുസ്ലിം മഹല്ല് ജമാഅത്തിലെ ജാതി വിവേചനത്തിനെതിരില്‍ ഇടപെടലുകളുണ്ടാവണം: ഡോ. ഹുസൈന്‍ മടവൂര്‍, നാട്ടുവര്‍ത്തമാനം.കോം, ജൂലൈ 7, 2023). ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യസമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശത്തെ വികൃതമാക്കുകയാണ് മഹല്ല് ജമാഅത്ത് ചെയ്തതന്നും പാരമ്പര്യത്തിന്റെയും ആചാരത്തിന്റെയും പേരില്‍ ഇത്തരം അനാചാരങ്ങളെ അംഗീകരിക്കാനാവില്ലന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബ് റഹ്മാനും പറഞ്ഞിരുന്നു (മഹല്ല് നിവാസികള്‍ക്കിടയിലെ വിവേചനം ഇസ്ലാമിക വിരുദ്ധം: ജമാഅത്തെ ഇസ്ലാമി, ജൂലൈ 8, 2023)
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ് ഇന്ത്യന്‍ എക്സ്സ്പ്രസ് ലേഖകന്‍ ഈ വിഷയത്തില്‍ ലേഖനവുമായി വരുന്നത്. സത്യഭാമ സംഭവത്തിലെ ജാതി അധിക്ഷേപത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയ ലേഖനം പൊടുന്നനെ മുസ്ലിംകളിലെ വിവേചനത്തിലേക്ക് കടക്കുന്നു. ജാതി വിവേചനം ഹിന്ദും -മുസ്ലിം മതവിഭാഗങ്ങള്‍ക്ക് പൊതുവാണെന്നു സ്ഥാപിക്കുന്നതിന്റെ ഭാഗമായി വേണം ഇത് മനസ്സിലാക്കാന്‍.
ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ജാതി ദൈവശാസ്ത്ര തലത്തില്‍ വേരുകളുള്ള അടിസ്ഥാനപരമായ വിവേചനമാണ്. എന്നാല്‍, ഇസ്ലാം ഇത്തരം ശ്രേണീബദ്ധമായ തരം തിരിവുകളെ ദൈവശാസ്ത്ര തലത്തില്‍ത്തന്നെ തള്ളുന്നു. മാത്രമല്ല, കീഴാളരെ സംബന്ധിച്ച് ജാതി വിവേചനത്തെ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായിരുന്നു ഇസ്ലാം മതാശ്ലേഷം. എങ്കിലും മുസ്ലിം സമൂഹത്തിലും ചെങ്ങനാശ്ശേരിയില്‍ ഉണ്ടായതുപോലുള്ള വിവേചനങ്ങള്‍ കാണുന്നുണ്ടെന്നത് സത്യം തന്നെ. അതിനെ സാമൂഹ്യ വിവേചനമായി മനസ്സിലാക്കാമെങ്കിലും അതിനെ കേവല ജാതിയെന്ന് പൂര്‍ണ അര്‍ഥത്തില്‍ നാമകരണം ചെയ്യുന്നത് ശരിയല്ല. അത് അങ്ങനെയല്ലാത്തതുകൊണ്ടുതന്നെയാണ് ഈ വാര്‍ത്ത പുറത്തുവന്ന ഉടന്‍ ഹിന്ദു സമൂഹത്തില്‍ നിന്ന് വ്യത്യസ്തമായി മത-സമുദായ നേതൃത്വങ്ങള്‍ ഈ വിവേചനത്തിനെതിരേ രംഗത്തുവരുന്നത്. ചെങ്ങനാശ്ശേരി മഹല്ലിലെ വിവേചനത്തിനെതിരേ സമുദായത്തിനകത്തു നിന്നുണ്ടായ പ്രതികരണങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ തന്ത്രപൂര്‍വം ഒളിച്ചുവയ്ക്കുന്നുമുണ്ട്. ഇതേ കുറിച്ച് എഴുതുകാരനും സാമൂഹ്യനിരീക്ഷകനുമായ സുദേഷ് എം. രഘു നിരീക്ഷിക്കുന്നത് ഇങ്ങനെ: വാസ്തവത്തില്‍ സത്യഭാമ വിഷയത്തില്‍ മുസ്ലിംകളെ കുറ്റപ്പെടുത്തേണ്ട എന്തേലും സാഹചര്യമുണ്ടോ? ഉണ്ടെന്നേ... ഇസ്ലാമോഫോബിക് കേരളത്തിന് അല്ലേല്‍ ഒരു തൃപ്തിവരില്ലെന്നേ... അല്ലെങ്കില്‍... മാസങ്ങള്‍ക്കു മുന്‍പുണ്ടായ വിഷയം ഇപ്പോള്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്നതിന്റെ ലക്ഷ്യം എന്താണ്? ഈ വിഷയമുണ്ടായപ്പോള്‍ കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും അതിനെതിരെ രംഗത്തുവന്ന വിവരം ഭംഗിയായി റിപ്പോര്‍ട്ടര്‍ മുക്കി. സത്യഭാമ വിഷയത്തില്‍ കേരളത്തിലെ എത്ര ഹിന്ദു സംഘടനകള്‍ പ്രതികരിച്ചു? ആര്‍ക്കെങ്കിലും മാപ്പ് പറയേണ്ട സാഹചര്യമുണ്ടോ? എന്‍.എസ്.എസ് പ്രതികരിച്ചോ? എസ്.എന്‍.ഡി.പി പ്രതികരിച്ചോ? അവരാരും പ്രതികരിക്കാത്തതില്‍ പ്രബുദ്ധ കേരളത്തിന് വല്ലവിഷമവുമുണ്ടോ?' (മാര്‍ച്ച് 23, എഫ്ബി).
ജാതിഅധിക്ഷേപം പുറത്തുവന്നതോടെ സത്യഭാമ സി.പി.എം പ്രവര്‍ത്തകയാണെന്ന് ബി.ജെ.പി ആരോപിച്ചെങ്കിലും അവര്‍ 2019ല്‍തന്നെ ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നുവെന്നതിനുള്ള തെളിവും അതിനിടയില്‍ പുറത്തുവന്നിരുന്നു. (നര്‍ത്തകി സത്യഭാമ ബി.ജെ.പി അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍, 24 മാര്‍ച്ച്, 2024, മാതൃഭൂമി ന്യൂസ്) സത്യഭാമയുമായി ബന്ധപ്പെട്ട വിവാദം അവിടെയും നിന്നില്ല. ജാതി അധിക്ഷേപത്തിനെതിരേയുള്ള പ്രതിഷേധം തീവ്രമായതോടെ സത്യഭാമയെ ഇടത് അനുകൂലിയായി അവതരിപ്പിച്ചുകൊണ്ട് ജന്മഭൂമി പത്രത്തില്‍ ഡോ. ദീപേഷ് വി.കെ ലേഖനം പ്രസിദ്ധീകരിച്ചു (നടനത്തിലെ വെളുത്ത സൗന്ദര്യം 'പുരോഗമന' കേരളത്തിന്റെ സംഭാവന, ജന്മഭൂമി, 24 മാര്‍ച്ച്, 2024). കറുപ്പ് നിറം വെറുപ്പിന്റെയല്ലെന്നും അതങ്ങനെയാക്കിയത് ബ്രിട്ടീഷ് ആധിപത്യമാണെന്നും നിരീക്ഷിച്ച ലേഖകന്‍ മോഹനിയാട്ട വിവാദത്തിലൂടെ ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുറ്റപ്പെടുത്തി. 1921 സിനിമയില്‍ അഭിനയിച്ചതുകൊണ്ട് ആര്‍.എല്‍.വി രാമകൃഷ്ണന് തുടര്‍ അവസരങ്ങള്‍ നഷ്ടമായെന്നും സത്യഭാമ ജാതി അധിക്ഷേഭം വിവാദമാക്കിയതിനു പിന്നില്‍ തീവ്ര മുസ്‌ലിം പ്രാമാണികതയാണെന്നും ലേഖകന്‍ കുറ്റപ്പെടുത്തി.
11. ഇസ്ലാമോഫോബിയയും ശാസ്ത്രവാദവും
നോമ്പ് കാലത്ത് ദീര്‍ഘകാലം ആവര്‍ത്തിച്ച പ്രമേയങ്ങളിലൊന്നായിരുന്നു നോമ്പെടുക്കാത്തവരുടെ ഭക്ഷണാവകാശത്തെ കുറിച്ചുള്ള ആശങ്കകള്‍. മലപ്പുറത്തെ കുറിച്ച് ജില്ലയ്ക്കു പുറത്തുള്ളവരുടെ അവകാശ ധ്വംസനമെന്ന മട്ടിലാണ് ഇത് അവതരിപ്പിക്കപ്പെടാറുള്ളത്. കഴിഞ്ഞ എത്രയോ കാലമായി ഇത് ആവര്‍ത്തിക്കുന്നു. മലപ്പുറത്ത് ഭക്ഷണം കിട്ടുന്ന ഹോട്ടലുകളുടെ പട്ടിക പുറത്തുവിട്ടാണ് ഇസ്ലാമോഫോബിക്കായ ഈ പ്രചാരണങ്ങളെ സാധാരണ പ്രതിരോധിക്കാറുള്ളത്. എന്നാല്‍, ഇത്തവണ ഈ മോഡല്‍ ഉപേക്ഷിച്ചതായി തോന്നുന്നു. ഇത്തവണ വിദ്വേഷ പ്രചാരകരുടെ പക്ഷത്തുനിന്ന് വ്യത്യസ്തമായ പ്രചാരണമാണ് നടക്കുന്നത്. നോമ്പിനെ 'ശാസ്ത്രീയ'മായി പരിശോധിക്കുകയാണ് ഇത്തവണത്തെ രീതി. കോളാമ്പിയെന്ന യുക്തിവാദ പേജിലൂടെയാണ് ഇതിന് തുടക്കം കുറിച്ചത്.
റമദാന്‍ നോമ്പ് ലിവര്‍ സിറോസിസിന് കാരണമാകുന്നുവെന്നാണ് ഡോ. ആരിഫ് ഹുസൈനുമായുള്ള അഭിമുഖത്തില്‍ കരള്‍രോഗ വിദഗ്ദന്‍ ഡോ. സിറിയക്ക് അബി ഫിലിപ്സ് പറയുന്നത് ('റമദാന്‍ നോമ്പ് ലിവര്‍ സിറോസിസിന് കാരണമാകുന്നു', കോളാമ്പി, മാര്‍ച്ച് 11, 2024). റമദാന്‍ മാസങ്ങളില്‍ ലിവര്‍ സിറോസിസ് രോഗികളുടെ എണ്ണം കൂടുന്നുവെന്ന് ഈജിപ്തില്‍നിന്ന് പഠനങ്ങളുണ്ടത്രെ. വെള്ളം കുടിക്കാതെയിരുന്നാല്‍ അത് വര്‍ധിക്കും. പെട്ടെന്ന് ഫാസ്റ്റിങ് തുടങ്ങിയാല്‍ ഡിഹൈഡ്രേഷന്‍ ഉണ്ടാവും. വലിയ രോഗസാധ്യതയുണ്ട്. കിഡ്‌നി സ്റ്റോണ്‍ മുതല്‍ രോഗങ്ങള്‍ ഉണ്ടാകും. ആരോഗ്യപരമായ വിശദീകരണങ്ങള്‍ക്കുശേഷം ആരിഫ് ഹുസൈന്‍ മറ്റൊരു ആശങ്ക പങ്കുവയ്ക്കുന്നു - ഇത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍ വിശ്വാസികള്‍ക്ക് മനസ്സിലാവില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
ഇസ്ലാമിക ദൈവശാസ്ത്രമനുസരിച്ച് നോമ്പ് ദൈവശാസ്ത്രപരമായ ബാധ്യതയുടെയും വിശ്വാസപ്രഖ്യാപനത്തിന്റെയും ഭാഗമാണ്. തീര്‍ച്ചയായും അതിന് സാമൂഹ്യ ശാസ്ത്രപരമായ അര്‍ഥം കൂടിയുണ്ട്. ശാസ്ത്രയുക്തിയുടെ കണിശതയ്ക്കുള്ളിലായിരിക്കണമെന്നില്ല അത് പ്രവര്‍ത്തിക്കുന്നത്. അതേസമയം നോമ്പെടുക്കുന്നതില്‍ നിന്ന് വിശ്വാസപരമായി ഒഴിവാക്കപ്പെട്ട വിഭാഗങ്ങളുമുണ്ട്. രോഗാവസ്ഥ മുതല്‍ ദീര്‍ഘദൂര യാത്ര വരെയുള്ള പലതും ഉത്തരവാദിത്തത്തോടെ അവിടെ പരിഗണിക്കപ്പെടുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചരിത്ര- ദൈവശാസ്ത്ര അനുഭവമുള്ള വിശ്വാസി- പണ്ഡിത സമൂഹം ഇതു മനസ്സിലാക്കാനും വേണ്ട മുന്‍കരുതലെടുക്കാന്‍ തക്ക യോഗ്യരുമാണ്. വസ്തുതകള്‍ ഇങ്ങനെയായിരിക്കെയാണ് വിശ്വാസികളെ ശാസ്ത്രജ്ഞാനമാര്‍ജ്ജിക്കാന്‍ തക്ക മാനസികവികാസമില്ലാത്തവരായി ചിത്രീകരിക്കുന്നത്. മുസ്ലിം ജനസാമാന്യത്തെ മൊത്തത്തിലും സ്ത്രീകളെ പ്രത്യേകിച്ചും ഇരകളായും ശിശുവത്കരിച്ചും കാണുന്ന രീതി ഇസ്ലാമോഫോബിക് തന്ത്രങ്ങളുടെ ഭാഗമായി വികസിച്ചു. ഇഫ്താറില്‍ ദൂര്‍ത്തടിക്കുന്ന ഭക്ഷണത്തെക്കുറിച്ചും ക്ഷണിക്കപ്പെടുന്നവരുടെ വര്‍ഗ ഉള്ളടക്കത്തെക്കുറിച്ചും ഉയരുന്ന നോമ്പുകാല ചിന്തകളും ഇതിന്റെ ഭാഗമാണ്.
നോമ്പെടുക്കാതെ ഭക്ഷണം കഴിച്ചതിന് നൈജീരിയന്‍ പൊലിസ് ഏതാനും പേരെ അറസ്റ്റ് ചെയ്തതായ വാര്‍ത്ത (റംസാന്‍ നോമ്പ് എടുക്കാതെ ഭക്ഷണം കഴിച്ചു; 11 പേരെ അറസ്റ്റ് ചെയ്ത് നൈജീരിയന്‍ പൊലിസ്, മാര്‍ച്ച് 15, ജനം ടി.വി) ജനം ടി.വി റിപോര്‍ട്ട് ചെയ്തു. പക്ഷേ, ഇന്ത്യയില്‍നിന്നുള്ള ദൃശ്യത്തിന്റെ അകമ്പടിയോടെയാണ് വാര്‍ത്ത നല്‍കിയത്. നോമ്പ്കാലം ഇസ്ലാമോഫോബിയയുടെ വിളവെടുപ്പുകാലമാണെന്നു തോന്നുന്നു.
12. പിശാചുവത്കരിക്കപ്പെടുന്ന മുസ്ലിം ജീവിതങ്ങള്‍
ഇസ്ലാമോഫോബിയ മുസ്ലിംസംഘാടനത്തെ പിശാചുവത്കരിക്കുന്നുവെന്നാണ് അതിനോടുള്ള പ്രധാന വിമര്‍ശനം. എന്നാല്‍, ഇസ്ലാമോഫോബിയയുടെ ഏറ്റവും രൂക്ഷമായ രൂപങ്ങള്‍ മുസ്‌ലിം കുടുംബങ്ങളെത്തന്നെ പിശാചുവത്കരിച്ചാണ് കണക്കാക്കുന്നത്. അത്തരം വിദ്വേഷപ്രചാരകരെ സംബന്ധിച്ചിടത്തോളം മുസ്ലിം കുടുംബങ്ങളും ഭീകരതയുടെ സൂക്ഷ്മശരീരങ്ങളാണ്.
ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ് ആലുവ സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് 2024 മാര്‍ച്ച് 4ന് തിരുവനന്തപുരത്ത് ഒരു സമ്മേളനം ചേര്‍ന്നിരുന്നു. സമ്മേളനത്തില്‍ മതമൈത്രിയെ സംബന്ധിച്ച ഇസ്‌ലാമിക വീക്ഷണത്തെ കുറിച്ച് സംസാരിച്ചവരിലൊരാള്‍ മുസ്ലിം സ്ത്രീ ഗവേഷകയും ആക്റ്റിവിസ്റ്റുമായ ഡോ. വര്‍ഷാ ബഷീറാണ്. പരിപാടിക്കിടയില്‍ സദസ്സില്‍നിന്ന് മതമൗലികവാദത്തെക്കുറിച്ച് ചില ചോദ്യങ്ങളുയര്‍ന്നു. ഒരു മുസ്‌ലിമിന് താന്‍ ഒരു മതമൗലികവാദിയല്ലെന്ന് നിരന്തരം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടിവരുന്നതിനെക്കുറിച്ച് സ്വന്തം അനുഭവത്തിവന്റെ വെളിച്ചത്തിലാണ് അവര്‍ സംസാരിച്ചത്. ഇസ്‌ലാമോഫോബിയയെക്കുറിച്ച് അവര്‍ നടത്തിയ മറുപടി പ്രസംഗം വ്യാപകമായി പ്രചരിക്കപ്പെട്ടു. ഈ സാഹചര്യത്തിലായിരിക്കണം എക്സ് മുസ്‌ലിമായ ആരിഫ് ഹുസൈന്‍ തെരുവത്ത് എന്ന യുറ്റൂബര്‍ വര്‍ഷാ ബഷീറിനെ ജിഹാദി എന്നാക്ഷേപിച്ച് ഒരു വീഡിയോ ചെയ്തത്. (ജിഹാദികള്‍ സാംസ്‌കാരിക കേരളത്തെയും റാഞ്ചികഴിഞ്ഞു..., ആരിഫ് ഹുസൈന്‍ തെരുവത്ത്, മാര്‍ച്ച് 11, 2024)
പരിപാടിയുടെ സംഘാടനത്തില്‍ യുക്തിവാദപ്രവര്‍ത്തകരും സഹകരിച്ചതിനാലാകാം ഡോ. ആരിഫ് ഹുസൈന്‍ അവര്‍ക്കെതിരേയും ആഞ്ഞടിച്ചു. ഇസ്ലാമിസ്റ്റുകളെ സുഖിപ്പിക്കുന്ന, 'ജിഹാദികള്‍ക്ക് കഞ്ഞിയും ബിരിയാണിയും' വയ്ക്കുന്ന 'പുല്‍ത്തൊട്ടിയിലെ ചാവാലിപ്പട്ടി'കളാണ് യുക്തിവാദികളെന്നാണ് അദ്ദേഹം യുക്തിവാദികളെ ആക്ഷേപിച്ചത്. യുക്തിവാദിയായ സി.വി.എന്‍ വിശ്വനാഥനെയും അദ്ദേഹം നേരിട്ട് ആക്ഷേപിച്ചു. വിശ്വനാഥന്റെ 'പച്ച അടിവസ്ത്രം' വെളിവായിരിക്കുന്നുവെന്നായിരുന്നു പ്രയോഗം.
തുടര്‍ന്ന് വിമര്‍ശനം മുസ്ലിംകളിലേക്ക് കടന്നു. ഓരോ മുസ്ലിംവീടും ഭീകരസൂക്ഷ്മ ശരീരങ്ങളും (ടെററിസ്റ്റ് മൈക്രോക്രോസം) ഇസ്ലാമിക തീവ്രവാദ സംഘടനകളും ഇസ്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഇസ്ലാമിക ഭരണകൂടങ്ങളുമാണെന്നായിരുന്നു മുസ്ലിംകളെക്കുറിച്ചുള്ള ആക്ഷേപം. സംഘികളെ വിമര്‍ശിക്കുന്നവര്‍ അതിനേക്കാള്‍ ഭീകരരായ ഇസ്‌ലാമിസ്റ്റുകളെ അംഗീകരിക്കുന്നു. ഇന്ത്യയെ കീഴടക്കലാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ഇസ്ലാമിനെ ഫാഷിസം പോലെ ഭയപ്പെടണം. ഇസ്ലാം ആഗോള തലത്തില്‍ തന്നെ പ്രശ്നമാണ്. പല രാജ്യങ്ങളിലെയും എമിഗ്രേഷന്‍ പോളിസി പോലും തീരുമാനിക്കുന്നതിനു പിന്നില്‍ ഇസ്ലാമാണ്. ഖുര്‍ആന്‍ തന്നെയാണ് പ്രശ്നഹേതുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
13. ഇസ് ലാമോഫോബിയയും വ്യാജവാര്‍ത്താ നിര്‍മിതിയും
2024 മാര്‍ച്ച് 1 ന് ബെംഗളൂരു കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയില്‍ ഒരു സ്ഫോടനം നടന്നു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ എണ്ണം പല വാര്‍ത്തകളിലും പലതാണ്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ഒരു ബാഗ് ഉപേക്ഷിച്ചതായി കണ്ടെത്തി. ഷിവമോഗയിലെ മുസവിര്‍ ഹുസൈന്‍ ഷാഹിബ് ആണ് പ്രതിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നത്. ചെന്നൈയില്‍ ഒരു മാസമായി താമസിച്ചിരുന്ന ഇയാള്‍ ഫെബ്രുവരി 29ന് ബംഗളൂരുവിലെത്തി സ്ഫോടനം നടത്തുകയായിരുന്നുവത്രെ. മാര്‍ച്ച് 24നാണ് ഈ വര്‍ത്ത പുറത്തുവന്നത് (മാര്‍ച്ച് 24, 2024, ഇന്ത്യന്‍ എക്സ്പ്രസ്)
എന്നാല്‍, മാര്‍ച്ച് 13ന് മറ്റൊരു കൂട്ടം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 'രാമേശ്വരം കഫേ സ്ഫോടനം: ഒരാള്‍ എന്‍.ഐ.എ കസ്റ്റഡിയില്‍; ബെല്ലാരി സ്വദേശി ഷബീര്‍ ആണ് കസ്റ്റഡിയില്‍ ഉള്ളത് ഇയാളെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു' എന്ന ശീര്‍ഷകത്തില്‍ ഒരു വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ഈ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ബെല്ലാരി കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണം നടക്കുകയാണ്. ശിവദുര്‍ഗ്ഗ ഐസിസ് മൊഡ്യൂളും ബെല്ലാരി ഐസിസ് മോഡ്യൂളുമായി ബന്ധപ്പെട്ട അറസ്റ്റുകള്‍ എന്‍.ഐ.എ നടത്തിയിരുന്നു. വിവിധ ജയിലുകളില്‍ കഴിയുന്നവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഷബീറിനെ അറസ്റ്റ്ചെയ്തത്. മാര്‍ച്ച് 1ന് ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മാര്‍ച്ച് 9ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. മാര്‍ച്ച് 1ലെ ഇയാളുടെ നീക്കം എന്താണെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. ബംഗളൂരുവില്‍നിന്ന് പിന്നീടയാള്‍ ബല്ലാരിയിലേക്ക് പോയി. അവിടെയുള്ള വസ്ത്രവ്യാപാരിയില്‍നിന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. ഇയാള്‍ക്ക് സി.സി.ടി.വി ദൃശ്യത്തിലുള്ളയാളുമായി രൂപസാദൃശ്യമുണ്ട്. നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇത്രയും വിശദാംശങ്ങള്‍ നല്‍കിയ ഏഷ്യാനെറ്റ് വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്തിയിരുന്നില്ല.
വാര്‍ത്ത നല്‍കിയ മറ്റ് പല മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയെയാണ് സോഴ്സായി സ്വീകരിച്ചിരുന്നത്. അന്നേ ദിവസത്തെ മീഡിയാവണ്‍ വാര്‍ത്തയില്‍ ഷബീറിനെ പ്രതിയെന്ന് സംശയിക്കുന്നയാളാണെന്നാണ് വിശേഷിപ്പിച്ചത്. രാമേശ്വരം കഫേ സ്ഫോടനം മുഖ്യപ്രതി അറസ്റ്റില്‍ എന്നാണ് 24ന്യൂസിന്റെ വാര്‍ത്ത. മറ്റു വിശദാംശങ്ങളെല്ലാം സമാനം. രസകരമായ കാര്യം വാര്‍ത്തയുടെ പ്രധാന സോഴ്സെന്ന് കരുതുന്ന എ.എന്‍.ഐയാകട്ടെ കസ്റ്റഡിയിലുള്ളയാള്‍ സ്ഫോടനവുമായി ബന്ധപ്പെട്ടയാളെന്നു മാത്രമേ അവകാശപ്പെടുന്നുള്ളൂ.
അന്നുതന്നെ മാതൃഭൂമി ന്യൂസ് നല്‍കിയ വീഡിയോ സ്റ്റോറിയില്‍ കസ്റ്റഡിയിലുള്ളയാള്‍ പ്രതിയാണോയെന്ന കാര്യം ഉറപ്പിച്ചിട്ടില്ല. മാതൃഭൂമി പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനിലാകട്ടെ കസ്റ്റഡിയിലുള്ളയാള്‍ പ്രതിയല്ല, പ്രതിയയുമായി അടുത്ത് ഇടപഴകിയ ആളാണ്. തങ്ങളുടെ വാര്‍ത്താ സോഴ്സും മാതൃഭൂമി നല്‍കിയില്ല. ഇതേ വാര്‍ത്ത നല്‍കിയ മറ്റ് പല മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയെയാണ് സോഴ്സായി സ്വീകരിച്ചിരുന്നത്. അന്നേ ദിവസത്തെ മീഡിയാവണ്‍ വാര്‍ത്തയില്‍ ഷബീറിനെ പ്രതിയെന്ന് സംശയിക്കുന്നയാളാണെന്നാണ് വിശേഷിപ്പിച്ചത്. രാമേശ്വരം കഫേ സ്ഫോടനം മുഖ്യപ്രതി അറസ്റ്റില്‍ എന്നാണ് 24ന്യൂസിന്റെ വാര്‍ത്ത. മറ്റു വിശദാംശങ്ങളെല്ലാം സമാനം. രസകരമായ കാര്യം വാര്‍ത്തയുടെ പ്രധാന സോഴ്സെന്ന് കരുതുന്ന എ.എന്‍.ഐയാകട്ടെ കസ്റ്റഡിയിലുള്ളയാള്‍ സ്ഫോടനവുമായി ബന്ധപ്പെട്ടയാളെന്നു മാത്രമേ അവകാശപ്പെടുന്നുള്ളൂ.
ഇതേ ദിവസം ഡക്കാണ്‍ ഹെറാല്‍ഡില്‍ കസ്റ്റഡിയിലുള്ളയാള്‍ക്ക് രാമേശ്വരം കേസുമായി ബന്ധമില്ലെന്ന് സൂചനയാണ് ഉള്ളത്. സംഘ്പരിവാര്‍ വെബ്‌സൈറ്റായ ഓപ് ഇന്ത്യക്ക് ഷബീര്‍ പ്രതിയാണോയെന്ന് ഉറപ്പില്ല. അതോടൊപ്പം ഒരു പി.എഫ്.ഐ പ്രവര്‍ത്തകന്‍ നിലവില്‍ കസ്റ്റഡിയുള്ളതായും പറയുന്നു. ഇയാള്‍ക്ക് ഈ സ്ഫോടനക്കേസുമായി ബന്ധമുണ്ടോയെന്ന കാര്യം വാര്‍ത്തയിലില്ല.
ഈ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നതിന് ഒരു ദിവസം മുമ്പ് അതായത് മാര്‍ച്ച് 12ന് ജനം ടി.വി നല്‍കിയ വാര്‍ത്തയനുസരിച്ച് ഈ കേസിലെ പ്രതികള്‍ (മറ്റ് വിശദാംശങ്ങള്‍ വാര്‍ത്തയിലില്ല) പി.എഫ്.ഐ ബന്ധമുള്ളവരാണ്. അടുത്ത ദിവസം മറ്റു മാധ്യമങ്ങള്‍ക്കൊപ്പം ജനം ടി.വി ഷബീറിന്റെ കസ്റ്റഡി വാര്‍ത്തയും നല്‍കി. ഒപ്പം പ്രതിയുടെ പി.എഫ്.ഐ ബന്ധം കൂട്ടിച്ചേര്‍ത്തു.
എല്ലാം കഴിഞ്ഞ ശേഷം മാര്‍ച്ച് 13ന് വൈകീട്ട് 5.32ന് എന്‍.ഐ.എ ഒരു തിരുത്ത് നല്‍കി, 'രാമേശ്വരം കഫെ സ്ഫോടനം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല'. ഏഷ്യാനെറ്റിലാണ് തിരുത്ത് പ്രത്യക്ഷപ്പെട്ടത്. വിശദീകരണം വന്നതോടെ ഏഷ്യാനെറ്റ് വാര്‍ത്ത പിന്‍വലിച്ചു. എന്നാല്‍, മറ്റ് മാധ്യമങ്ങള്‍ ഈ തിരുത്ത് നല്‍കുകയോ വാര്‍ത്ത പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. യഥാര്‍ഥത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ അയാള്‍ പ്രതിയാണോ? അതോ പ്രതിയുമായി രൂപസാദൃശ്യമുള്ളയാണോ? പി.എഫ്.ഐ ബന്ധം ആരാണ് കൂട്ടിച്ചേര്‍ത്തത്? മാധ്യമ വാര്‍ത്തകളെ തിരുത്തി എന്‍.ഐ.എ പത്രക്കുറിച്ച് വരുന്നത് വരെ ('ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്' എന്ന പേരില്‍) ഇംഗ്ലീഷ് മലയാളം മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയുടെ വഴിയും വ്യാപ്തിയും മനസ്സിലാക്കാന്‍ താഴെയുള്ള പട്ടിക നോക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മാര്‍ച്ച് 13 വൈകീട്ട് വാര്‍ത്ത പിന്‍വലിച്ചു. എന്നാല്‍, പല മാധ്യമങ്ങളിലും രണ്ടാഴ്ച കഴിഞ്ഞിട്ടും ആ വ്യാജ വാര്‍ത്ത ലഭ്യമാണ്. എന്‍.ഐ.എ കേസുകളില്‍ ആരെയും ഏതു കേസിലും ഉള്‍പ്പെടുത്താവുന്ന ഓപ്പണ്‍ കുറ്റപത്രങ്ങളാണെന്ന പ്രതീതിയാണ് ഇത്തരം സമീപനങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. മാത്രമല്ല, ഇത്തരം വാര്‍ത്തകള്‍ യാതൊരു പരിശോധനയും ഇല്ലാതെ മാധ്യമങ്ങള്‍ തന്നെ പരസ്പരം പങ്കുവെക്കുകയും ചെയ്യുന്നു.
14. ഇസ്ലാമോഫോബിയ ദിനാചരണം
2022 ലാണ് ആഗോള തലത്തില്‍ ഇസ്ലാമോഫോബിയ ദിനം ആചരിക്കാന്‍ യു.എന്‍ തീരുമാനിക്കുന്നത്. എന്നാല്‍, ഇസ്ലാമോഫോബിയ സംബന്ധിച്ച പ്രമേയത്തെ തുടക്കം മുതല്‍ തന്നെ ഇന്ത്യ എതിര്‍ത്തു വന്നിട്ടുണ്ട്. എങ്കിലും മുസ്‌ലിംകള്‍ നേരിടുന്ന വംശീയ വിവേചനത്തെ ചെറുക്കുന്നതില്‍ സമൂഹം പൊതുവെ താല്‍പര്യം പ്രകടിപ്പിക്കുന്നതായി കാണുന്നു. എന്നാല്‍, ഈ താല്‍പര്യം മാധ്യമങ്ങള്‍ക്ക് എത്രത്തോളമുണ്ടെന്നതില്‍ സംശയമുണ്ട്. മാര്‍ച്ച് 15 ആയിരുന്നു ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധദിനമെങ്കിലും നമ്മുടെ മാധ്യമങ്ങളില്‍ ഭൂരിഭാഗവും ഇങ്ങനെയൊരു ദിനമുള്ള കാര്യം അറിഞ്ഞതു പോലുമില്ല. കഴിഞ്ഞ ഈ ദിനം ഓര്‍ത്തവര്‍ പോലും ഇത്തവണ മറന്നു. അന്താരാഷട്ര ഇസ്ലാമോഫോബിയ ദിനം മറന്നവര്‍ അന്താരാഷ്ട്ര വനിതാ ദിനം (മാര്ച്ച് 8) ഓര്‍ത്തതിനെക്കുറിച്ച് യാസിന്‍ അഷ്റഫ് മിഡിയാവണിലെ തന്റെ മാധ്യമവിമര്‍ശന കോളമായ മീഡിയ സ്‌കാനില്‍ (23 മാര്‍ച്ച് 2024) തെളിവു സഹിതം വ്യക്തമാക്കുന്നുണ്ട്.
മാധ്യമങ്ങളുടെ ഈ നിഷേധാത്മക സമീപനത്തിനിടയിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഇസ്ലാമോഫോബിയയെന്ന പ്രശ്നം സമൂഹത്തിന്റെ സജീവ പരിഗണനാവിഷയമായി മാറിയെന്ന് വേണം കരുതാന്‍.
ഇസ്ലാമോഫോബിയ വിഷയവുമായി ഇത്തവണ രണ്ട് പുസ്തകങ്ങളാണ് ഇസ്ലാമോഫോബിയ ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്. സുദേഷ് എം. രഘുവും സലിം ദേളിയും ചേര്‍ന്ന് എഡിറ്റ് ചെയ്ത ഇസ്ലാമോഫോബിയ: പഠനങ്ങള്‍, സംവാദങ്ങള്‍, എന്ന പുസ്തകവും കാമ്പസ് ലൈവിന്റെ കാമ്പസ് ഇസ്ലാമോഫോബിയ 2023 വാര്‍ഷിക റിപ്പോര്‍ട്ടും. ആദ്യ പുസ്തകം ബുക്പ്ലസ് സംരംഭമാണ്. അതിന്റെ കവര്‍ പ്രകാശനം സോഷ്യല്‍ മീഡിയയിലൂടെ നടന്നു. പുസ്തകം ഉടന്‍ പുറത്തിറങ്ങും.
കാമ്പസ് ലൈവിന്റെ കാമ്പസ് ഇസ്ലാമോഫോബിയ വാര്‍ഷിക റിപ്പോര്‍ട്ട് 2024, മാര്‍ച്ച് 15നു പുറത്തിറങ്ങി. കാമ്പസുമായി ബന്ധപ്പെട്ട അഞ്ച് സംഭവങ്ങളുടെ വിശദമായ വിശകലനങ്ങളാണ് അതിലുള്ളത്. വാര്‍ഷിക റിപ്പോര്‍ട്ട് എന്ന സങ്കല്‍പം ഇസ്ലാമോഫോബിയക്കെതിരായ പോരാട്ടത്തിലെ പ്രധാന നാഴികകല്ലാണ്. മലയാളത്തില്‍ പുസ്തക രൂപത്തില്‍ ഇറങ്ങുന്ന ആദ്യ വാര്‍ഷിക റിപ്പോര്‍ട്ടും ഇതാണ്.
ഈ വര്‍ഷത്തെ ദിനാചരണത്തിലെ എടുത്തു പറയേണ്ട ഒന്ന് പൊതു പ്രവര്‍ത്തകരായ അമുസ്ലിംകളുടെ നോമ്പാണ്. 'രാഷ്ട്രീയ നോമ്പ്' എന്ന് പേരിട്ടു വിളിച്ച മുസ്ലിം ഐക്യദാര്‍ഢ്യാചരണത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. 'വളരെ ശക്തമായ രീതിയില്‍ ദലിത്, ആദിവാസി, മുസ്ലിം വിരുദ്ധത നമ്മുടെ സമൂഹത്തിലുണ്ട്. ഇതില്‍ തന്നെ ഇസ്ലാമിക വിരുദ്ധത ചൂണ്ടികാണിക്കുമ്പോള്‍ അത് പ്രീണനമായിട്ടാണ് ഭൂരിപക്ഷ സമുദായം കണക്കാക്കുക. ഇത്തരമൊരു അവസ്ഥയില്‍ രാഷ്ട്രീയ നോമ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെ'ന്ന് എഴുത്തുകാരനും ചിന്തകനുമായ കെ.കെ ബാബുരാജ് പറഞ്ഞു (രാജ്യത്തെ മുസ്ലിം ജനതയ്‌ക്കൊപ്പം ഞാനും'; ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തില്‍ രാഷ്ട്രീയ നോമ്പ് ക്യാമ്പയിന്‍, ദി ഫോര്‍ത്ത് ന്യൂസ്, മാര്‍ച്ച് 15, 2024). അതേ ദിവസം വൈകീട്ട് എഴുത്തുകാരനും സാമൂഹ്യ ചിന്തകനുമായ സുദേഷ് എം. രഘു അദ്ദേഹത്തിന്റെ വസതിയില്‍ ഒരുക്കിയ നോമ്പുതുറയില്‍ വിവിധ ജാതി മതസ്ഥര്‍ പങ്കെടുത്തു. അത് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു.
സുദേഷ് എം. രഘുവിന്റെ വസതിയില്‍ നടന്ന നോമ്പുതുറ
മുഖ്യമന്ത്രി പിണറായി വിജയനും ഈ ദിനത്തില്‍ സാമൂഹ്യ മാധ്യമമായ എക്സില്‍ ഇസ്ലാമോഫോബിയ വിരുദ്ധ സന്ദേശം പോസ്റ്റ് ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനാണ് സമാനമായി പ്രതികരിച്ച മറ്റൊരാള്‍.
ഇസ്ലാമോഫോബിയ ദിനത്തില്‍ സുപ്രഭാതം ദിനപത്രം ഇതു സംബന്ധിച്ച ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സുപ്രഭാതം ദിനപത്രം അവരുടെ എഡിറ്റോറിയലില്‍ ഇസ്ലാമോഫോബിയ എന്ന വാക്കുപയോഗിച്ചിരുന്നു. പൂഞ്ഞാര്‍ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെ ചോദ്യം ചെയ്തുകൊണ്ട് മാര്‍ച്ച് 9ന് പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിക്കിത് എന്തുപറ്റി?' എന്ന ശീര്‍ഷകത്തിലുള്ള എഡിറ്റോറിയലിലാണ് ഈ പരാമര്‍ശം കണ്ടത്. ''ഒരു വിഭാഗത്തെ പൊതുബോധത്തില്‍ ബോധപൂര്‍വമായി കുഴപ്പക്കാരാക്കി ചിത്രീകരിക്കുകയായിരുന്നു. ഇസ്ലാമോഫോബിയ എന്നത് ഫാസിസ്റ്റുകളുടെ രീതിയാണ്. കാണുന്നതിലും കേള്‍ക്കുന്നതിലും ചിന്തിക്കുന്നതിലും വരെ ഇസ്ലാംവിരുദ്ധത കെട്ടിപ്പൊക്കുകയെന്നത് സംഘ്പരിവാര്‍ കാലങ്ങളായി പ്രയോഗിക്കുന്ന വിഷലിപ്തമായ ആയുധങ്ങളിലൊന്നാണ്. അതേരീതിയില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും പെരുമാറാമോ.'' എന്ന ചോദ്യമാണ് എഡിറ്റോറിയല്‍ ഉയര്‍ത്തുന്നത്. ചന്ദ്രിക, സിറാജ്, മീഡിയവണ്‍, മാധ്യമം, ദി ഫോര്‍ത്ത് എന്നിവരും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു കൊണ്ടുവന്നിരുന്നു.
ലോകത്തുനീളം ഇസ്‌ലാമിനെതിരേ വ്യക്തമായ വിവേചനനിലപാടുകളുണ്ടെന്ന സന്ദേശം ഐക്യരാഷ്ട്രസഭ തന്നെ മുന്നോട്ടുവയ്ക്കുന്നത് സത്യം എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും മുഴച്ചുനില്‍ക്കുമെന്നതിന്റെ തെളിവാണെന്ന് ഇസ്‌ലാമോഫോബിയയെ പരിചയപ്പെടുത്തുന്ന സി.പി സലിമിന്റെ കുറിപ്പ് ചന്ദ്രിക പത്രം മാര്‍ച്ച് 15ന് പ്രസിദ്ധീകരിച്ചു. ഇസ്ലാമോഫോബിയയ്ക്ക് എതിരായ ഒരു ദിനം എന്ന പേരില്‍ മാര്‍ച്ച് 15ന് മീഡിയാവണ്‍ ഔട്ട് ഓഫ് ഫോക്കസ് ചര്‍ച്ച ചെയ്തതും ഇതേ വിഷയമായിരുന്നു.
മാര്‍ച്ച് 4ന് തിരുവനന്തപുരത്ത് നടന്ന ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റിന്റെ നേരത്തെ സൂചിപ്പിച്ച 'അയോധ്യാനന്തര ഇന്ത്യ, ആലുവ സര്‍വമതസമ്മേളനത്തിന്റെ പൊരുളായ മതമൈത്രി എങ്ങനെ സംരക്ഷിക്കു'മെന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തില്‍ ഇസ്ലാമോഫോബിയയെ കുറിച്ച് ഡോ. വര്‍ഷ ബഷീറിന്റെ വിശദീകരണത്തിനുശേഷം സംസാരിച്ച ഡോ. മോഹന്‍ ഗോപാല്‍
ഇസ്‌ലാമോഫോബിയയെകുറിച്ച് ശ്രീനാരായണഗുരു മുന്‍കൂര്‍ കണ്ടിട്ടുണെന്ന് നിരീക്ഷിക്കുകയുണ്ടായി. അതുകൊണ്ടാണ് മതദ്വേഷം പാടില്ലെന്ന് ഗുരു തന്റെ അനുയായികളോട് ഉപദേശിച്ചത്. ഓരോരുത്തരും അവരവരുടെ മനസ്സിലേക്ക് നോക്കി മതദ്വേഷം ഇല്ലാതാക്കുന്നത് നമുക്ക് ഗുരുവിനോടുള്ള കടമയുടെയും കടപ്പാടിന്റെയും ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമോഫോബിയയുടെ സൂക്ഷ്മരാഷ്ട്രീയം; ജനുവരിയില്‍ കേരളത്തില്‍ സംഭവിച്ചത് - 2024 ജനുവരിയിലെ ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ വായിക്കാം:
ഇസ്ലാമോഫോബിക് പ്രചാരണങ്ങള്‍ക്ക് ഈരാറ്റുപേട്ട ഇന്ധനമാക്കുന്ന വിധം - 2024 ഫെബ്രുവരിയിലെ ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ വായിക്കാം: