Analysis
ഇസ്ലാമോഫോബിയയുടെ സൂക്ഷ്മരാഷ്ട്രീയം; ജനുവരിയില്‍ കേരളത്തില്‍ സംഭവിച്ചത്
Analysis

ഇസ്ലാമോഫോബിയയുടെ സൂക്ഷ്മരാഷ്ട്രീയം; ജനുവരിയില്‍ കേരളത്തില്‍ സംഭവിച്ചത്

ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്
|
13 Feb 2024 7:55 AM GMT

2024 ജനുവരി 01 മുതല്‍ 31 വരെ ഒരു മാസം കേരളത്തില്‍ നടന്ന പതിനൊന്ന് ഇസ്‌ലാമോഫോബിക് ആയ പ്രധാന പൊതുപ്രസ്താവനകളെയും പ്രധാനപ്പെട്ട സംഭവങ്ങളെയും വിശകലനം ചെയ്യുന്നു.

ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ പറയുന്ന പ്രകാരം ഇസ്‌ലാമോഫോബിയ ഘടനാപരമോ പ്രത്യയശാസ്ത്രപരമോ മാത്രമല്ല ദൈനംദിനവും സൂക്ഷ്മവുമാണ്. മടുപ്പിക്കുന്ന ആവര്‍ത്തന വിരസതയോടെ അതു നിത്യജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. ഇസ്‌ലാമോഫോബിയക്കു വിവിധ രൂപഭാവങ്ങളുണ്ട്- സൂക്ഷ്മ ഇസ്‌ലാമോഫോബിയയും സ്ഥൂല ഇസ്‌ലാമോഫോബിയ. ദൈനംദിന ഇസ്‌ലാമോഫോബിയ സൂക്ഷ്മവും സ്ഥൂലവുമാണ്. സ്ഥാപനവല്‍കൃത ഇസ്‌ലാമോഫോബിയ, സുരക്ഷാരാഷ്ട്രീയത്തിന്റെ ഇസ്‌ലാമോഫോബിയ, സവര്‍ണ ദേശീയ ഇസ്‌ലാമോഫോബിയ, ആന്തരികവത്കരിക്കപ്പെട്ട ഇസ്‌ലാമോഫോബിയ, പരോക്ഷ ഇസ്‌ലാമോഫോബിയ, സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ തുടങ്ങിയ വകഭേദങ്ങളും ദൈനംദിന ഇസ്‌ലാമോഫോബിയയെ നിര്‍ണയിക്കുന്നു.

അടയാളപ്പെടുത്തിയും രേഖപ്പെടുത്തിയും വേര്‍തിരിച്ചും ഇസ്ലാമോഫോബിയയെ പഠിക്കുന്നവര്‍ക്കു മുന്നില്‍ വെല്ലുവിളികളേറെയാണ്. സാമൂഹിക - രാഷ്ട്രീയ വിമര്‍ശനത്തിന്റെയും സംവാദത്തിന്റെയും പ്രസ്താവനകളുടെയും പേരില്‍ വികസിക്കുന്ന ഇസ്ലാമോഫോബിയയെക്കുറിച്ചു ചിന്തിക്കാനും ബുദ്ധിമുട്ടേറെയാണ്. കാരണം, വിമര്‍ശനവും വിവേചനവും തമ്മിലുള്ള അകലത്തെ ലഘൂകരിച്ചാണ് ഇസ്ലാമോഫോബിയ സ്വയം ശക്തിപ്രാപിക്കുന്നത്.

സമൂഹത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള പൊതുവ്യക്തികള്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ ഇസ്‌ലാമോഫോബിയയുടെ ദൈനംദിന ആവിഷ്‌കാരത്തെയും പൊതുപ്രകടനത്തെയും പ്രതിഫലിപ്പിക്കുന്ന സാമൂഹ്യ മാതൃകയായി പരിഗണിക്കേണ്ടതുണ്ട്. അത്തരം മാതൃകകളെ ക്രോഡീകരിക്കുന്നതും വിശകലനം ചെയ്യുന്നതും ഘടനാപരമായി വികസിച്ച ഇസ്ലാമോഫോബിയയുടെ ദൈനംദിന ജീവിതത്തെ അടുത്തറിയാന്‍ സഹായിക്കുന്നു. അടയാളപ്പെടുത്തിയും രേഖപ്പെടുത്തിയും വേര്‍തിരിച്ചും ഇസ്ലാമോഫോബിയയെ പഠിക്കുന്നവര്‍ക്കു മുന്നില്‍ വെല്ലുവിളികളേറെയാണ്. സാമൂഹിക - രാഷ്ട്രീയ വിമര്‍ശനത്തിന്റെയും സംവാദത്തിന്റെയും പ്രസ്താവനകളുടെയും പേരില്‍ വികസിക്കുന്ന ഇസ്ലാമോഫോബിയയെക്കുറിച്ചു ചിന്തിക്കാനും ബുദ്ധിമുട്ടേറെയാണ്. കാരണം, വിമര്‍ശനവും വിവേചനവും തമ്മിലുള്ള അകലത്തെ ലഘൂകരിച്ചാണ് ഇസ്ലാമോഫോബിയ സ്വയം ശക്തിപ്രാപിക്കുന്നത്. അതുകൊണ്ട് വിമര്‍ശനത്തെയും വിവേചനത്തെയും വേര്‍തിരിക്കേണ്ടത് പ്രധാനമായി വരുന്നു. ദൈനംദിന ഇസ്ലാമോഫോബിയ അഥവാ, എവരിഡേ ഇസ്ലാമോഫോബിയ എന്ന പ്രതിഭാസത്തെ വിശകലനം ചെയ്യുന്നതിലെ വെല്ലുവിളിയാണിത്.

ഇസ്‌ലാമോഫോബിയക്കെതിരെ വിവിധ കോണുകളില്‍നിന്ന് പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. കേവലം തെറ്റിദ്ധാരണയില്‍ നിന്നുണ്ടാവുന്ന പ്രസ്താവനകളും ഒറ്റപ്പെട്ട സംഭവങ്ങളുമെന്നതിലുപരി സാമൂഹിക - രാഷ്ട്രീയ ബോധ്യങ്ങളുടെ ഭാഗമായി അധികം വിമര്‍ശനങ്ങളില്ലാതെയും പുനരാലോചനകളില്ലാതെയും പൊതു ഒഴുക്കിന്റെ ഭാഗമായി സ്വീകരിക്കപ്പെടുന്നുവെന്നതാണ് ഇവയൊക്കെ ഉന്നയിക്കുന്ന പ്രശ്‌നം. 'ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷം' (അറ്റ്‌മോസ്‌ഫെറിക് ഇസ്‌ലാമോഫോബിയ) എന്ന സാമൂഹിക പ്രശ്‌നത്തെ കൂടുതല്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ഈ ചര്‍ച്ചയ്ക്ക് സാധിച്ചേക്കും. 2024 ജനുവരി 1 മുതല്‍ 31 വരെ ഒരു മാസം കേരളത്തില്‍ നടന്ന പതിനൊന്ന് പ്രധാന പൊതുപ്രസ്താവനകളെയും പ്രധാനപ്പെട്ട സംഭവങ്ങളെയും വിശകലനം ചെയ്യാനാണ് ഈ കുറിപ്പ് ശ്രമിക്കുന്നത്. ഇസ്‌ലാമോഫോബിയയുടെ വിവിധ രൂപങ്ങള്‍ തന്നെ നമ്മുടെ പൊതുവ്യവഹാരങ്ങില്‍ പ്രവര്‍ത്തിക്കുന്നതിന്റെ മാതൃകകളെ അറിയാനും മനസ്സിലാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

ഹിന്ദുധര്‍മപരിഷത്തിലെ വിദ്വേഷപ്രസംഗം

തിരുവിതാംകൂറിലെ മുന്‍രാജകുടുംബാംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയാണ് പുതുവര്‍ഷത്തെ ആദ്യ വെടിപൊട്ടിച്ചത്. ഹിന്ദുധര്‍മപരിഷത്തിന്റെ പന്ത്രണ്ടാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനമായിരുന്നു വേദി. സ്വാമിവേഷത്തില്‍ നടന്നുകൊണ്ട് ചിലര്‍ ഇസ്‌ലാംമതത്തെക്കുറിച്ച് പറയുന്നുവെന്നും അത്തരക്കാര്‍ പ്രസംഗം അവസാനിപ്പിക്കുന്നത് ലാല്‍സലാം പറഞ്ഞുകൊണ്ടാണെന്നുമായിരുന്നു ജനുവരി ഏഴാം തിയ്യതി അവര്‍ പ്രസംഗിച്ചത്. ഏതാനും നാളുകളായി സനാധനധര്‍മത്തിനെതിരേ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളാണ് പ്രകോപനത്തിനു കാരണമെന്നുവേണം കരുതാന്‍.

'സനാധനധര്‍മം വെല്ലുവിളി നേരിടുന്ന കാലമാണിത്. എല്ലാവരെയും ഒരുപോലെ കാണേണ്ട ആളുകള്‍ സനാധനധര്‍മം ഡെങ്കുവാണ്, മലേറിയയാണ് എന്നൊക്കെ എടുത്തുപറയുന്നു. ഇതൊക്കെ നടക്കുമ്പോഴാണ് കാവിവേഷം ധരിച്ച് രുദ്രാക്ഷമാലയിട്ട് സ്വാമിയെന്ന പേരും വച്ച് വലിയ സ്ഥാപനത്തില്‍നിന്ന് പഠിച്ച് പാസ്സായി സന്യാസം സ്വീകരിച്ച മലയാളിയായ ഒരാള്‍ സപ്താഹത്തിന് പോകരുതെന്നും വേദപാഠപുസ്തകങ്ങള്‍ വായിക്കരുതെന്നും പറയുന്നത്. എന്നിട്ട് ഇസ്ലാംമതത്തിന്റെ ഒന്നുരണ്ട് വാചകങ്ങള്‍ ചൊല്ലിയശേഷം ലാല്‍സലാം പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്യുന്നു. ഇയാള്‍ ഇന്നും സന്യാസിയാണ്. വേഷവും അതുതന്നെ'യെന്നും അവര്‍ പരിഹസിച്ചു. സന്യാസിയുടെ പേര് അവര്‍ വ്യക്തമാക്കിയില്ല.


അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി

ഹിന്ദുമതത്തിനുള്ളില്‍നിന്നുകൊണ്ടുള്ള ഒരാളുടെയോ ഒരുപറ്റം ആളുകളുടെയോ വിമര്‍ശനങ്ങളോടുള്ള പ്രതികരണമായിരുന്നു അവരുടേത്. വിമര്‍ശനങ്ങള്‍ക്ക് മതപരമായും ദൈവശാസ്ത്രപരമായും മറുപടി പറയുന്നതിനു പകരം അതിനെ ഇസ്‌ലാമുമായി ബന്ധപ്പെടുത്തുകയാണ് ചെയ്തത്. ഒപ്പം കമ്യൂണിസ്റ്റുകളെയും ചേര്‍ത്തുവച്ചു.

അനന്തപുരി ഹിന്ദു മഹാസമ്മേളനം ഇതാദ്യമായല്ല വിവാദകേന്ദ്രമാകുന്നത്. 2022ല്‍ ഇതേ വേദിയില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് മുസ്ലിംകളെ അധിക്ഷേപിച്ച് പ്രസംഗിച്ചിരുന്നു. മുസ്ലിം ഹോട്ടലുകള്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ വന്ധ്യതയുണ്ടാക്കാനുള്ള മിശ്രിതം ചേര്‍ക്കുന്നുണ്ടെന്നും ഭക്ഷണം വിതരണം ചെയ്യുംമുമ്പ് മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ തുപ്പാറുണ്ടെന്നുമൊക്കെയായിരുന്നു അദ്ദേഹം അന്ന് പ്രസംഗിച്ചത്.

ജാതിഹിംസയെ മറയ്ക്കാന്‍, ഇസ്‌ലാമിനെപറ്റിയുള്ള ക്രിത്രിമ ചര്‍ച്ചകള്‍ വികസിപ്പിക്കുന്ന രീതി ഇന്ത്യന്‍ ഇസ്ലാമോഫോബിയയുടെ പ്രധാന പ്രവര്‍ത്തന ശൈലിയായി തന്നെ അടയാളപ്പെടുത്തേണ്ടതുണ്ട്. ജാതിവിരുദ്ധ വിമര്‍ശനങ്ങളെ ഇസ്‌ലാം എന്ന മതത്തിന്റെ പ്രശ്‌നമാക്കി മാറ്റി സാമൂഹികപ്രശ്‌നങ്ങളെ വഴിതിരിച്ചുവിടുന്ന സവര്‍ണ ദേശീയവാദത്തിന്റെ പ്രത്യേകതയാണിത്. ജാതിപ്രശ്‌നത്തെ ഹിന്ദു- മുസ്‌ലിം പ്രശ്‌നമാക്കി മാറ്റുന്ന ഈ സ്ഥാനഭ്രംശപദ്ധതി ഹിന്ദുഭൂരിപക്ഷ ദേശീയവാദ കൈവഴിയിലുള്ള ഇസ്‌ലാമോഫോബിയയുടെ രീതിശാസ്ത്രമാണ്.

ഇസ്ലാമികതത്ത്വചിന്തയില്‍നിന്ന് ചില ഉദ്ധരണികള്‍ ഉപയോഗിച്ചത് അവര്‍ എടുത്തുപറഞ്ഞത് അതുകൊണ്ടാണ്. ഹിന്ദുക്കള്‍ക്കെതിരേയും ഹിന്ദുമതത്തിനെതിരേയുമുള്ള എല്ലാ നീക്കങ്ങളെയും ഇസ്‌ലാമുമായി ബന്ധപ്പെടുത്തുകയെന്നത് ഇസ്‌ലാമോഫോബിയയുടെ ഒരു പദ്ധതിയാണ്. ഹിന്ദുവിന്റെ മതവും ജീവിതവും ഇസ്‌ലാമിക ഭീഷണിയ്ക്കുള്ളിലാണെന്നത് ഏറെ പഴക്കമുള്ള കുപ്രചാരണങ്ങളിലൊന്നാണ്.


അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പി.സി ജോര്‍ജ്

അനന്തപുരി ഹിന്ദു മഹാസമ്മേളനം ഇതാദ്യമായല്ല വിവാദകേന്ദ്രമാകുന്നത്. 2022ല്‍ ഇതേ വേദിയില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് മുസ്ലിംകളെ അധിക്ഷേപിച്ച് പ്രസംഗിച്ചിരുന്നു. മുസ്ലിം ഹോട്ടലുകള്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ വന്ധ്യതയുണ്ടാക്കാനുള്ള മിശ്രിതം ചേര്‍ക്കുന്നുണ്ടെന്നും ഭക്ഷണം വിതരണം ചെയ്യുംമുമ്പ് മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ തുപ്പാറുണ്ടെന്നുമൊക്കെയായിരുന്നു അദ്ദേഹം അന്ന് പ്രസംഗിച്ചത്. അന്നത്തെ വിദ്വേഷപ്രസംഗത്തിന്റ വെളിച്ചത്തില്‍ അടുത്ത വര്‍ഷം പരിപാടി തുടങ്ങും മുമ്പ് തിരുവനന്തപുരം പൊലിസ് മുന്‍കൂര്‍ താക്കീത് നല്‍കിയിരുന്നു.

രണ്ട് കൊലപാതകങ്ങളും കൂട്ടവധശിക്ഷയും

2021ല്‍ കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റേത്. പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളെ വകവരുത്തുക സാധാരണ പതിവില്ലാത്തതാണ്. ഷാനിന്റെ കാര്യത്തില്‍ അതു സംഭവിച്ചു. കൊലപാതകത്തിന് പകരംവീട്ടാനെന്നോണം തൊട്ടടുത്ത ദിവസം ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടു. ആദ്യ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരും രണ്ടാമത്തേതില്‍ എസ്.ഡി.പി.ഐക്കാരുമായിരുന്നു പ്രതിപ്പട്ടികയില്‍.

ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ വിധി പറയാനിരിക്കുമ്പോഴും എസ്.ഡി.പി.ഐ നേതാവിന്റെ വധത്തില്‍ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ലെന്ന് ജനുവരി ഏഴാം തിയ്യതി മലയാളമനോരമ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 30ന് മാവേലിക്കര അഡീണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി ശ്രീദേവി രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി പറഞ്ഞു. പ്രതികളില്‍ 15 പേര്‍ക്കും ഒറ്റയടിക്ക് വധശിക്ഷ. കൂടാതെ എല്ലാവര്‍ക്കും ജീവപര്യന്തവും വിധിച്ചു. പ്രതികള്‍ നടത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പ്രതികളില്‍ എട്ട് പേര്‍ മാത്രമാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായത്.


രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ കോടതിയില്‍ കൊണ്ടു വരുന്നു.

ഷാന്‍ വധത്തെത്തുടര്‍ന്നാണ് രഞ്ജിത്ത് വധിക്കപ്പെടുന്നത്. ആ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്നു മാത്രമല്ല, മുസ്‌ലിം സാമുദായിക ഉള്ളടക്കം പുലര്‍ത്തുന്ന പാര്‍ട്ടിയില്‍ നിന്നുള്ളവരുമാണ്. രഞ്ജിത് കേസില്‍ കൊലപാതകം നടന്ന രീതിയേക്കാള്‍ വിധിയാണ് അസാധാരണമായിരിക്കുന്നത്. കൊലപാതകക്കേസുകളില്‍ വധശിക്ഷ ഉണ്ടാകാറുണ്ടെങ്കിലും ഇത്ര പേര്‍ക്ക് ഒരുമിച്ച് വശിക്ഷ വിധിക്കുന്നത് ആദ്യമാണത്രെ.

ഷാന്‍-രഞ്ജിത്ത് വധക്കേസുകളെ ഭരണകൂടം കൈകാര്യം ചെയ്ത രീതി സൂക്ഷ്മമായി പരിശോധിച്ചാല്‍ മുസ്‌ലിം അപരവത്കരണം സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നതായി കാണാം. ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ സ്ഥാപനവല്‍കൃത ഇസ്‌ലാമോഫോബിയയെന്ന് വിശേഷിപ്പിക്കുന്ന പ്രവണതയുടെ ഭാഗമാണിത്. ബഹുജനങ്ങളില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയയേക്കാള്‍ പതിന്മടങ്ങ് അപകടകരമാണ് സ്ഥാപനവല്‍കൃത ഇസ്‌ലാമോഫോബിയ.

ആദ്യ കേസില്‍ ഹിന്ദുത്വ സംഘടനയാണ് പ്രതിക്കുട്ടിലുള്ളത്. പക്ഷേ, അതില്‍ വേണ്ടവിധം വിചാരണ പോലും നടക്കുന്നില്ല. ഒരേ ഭരണകൂടം തന്നെയാണ് ഒരേ സ്വഭാവമുളള രണ്ട് കേസുകളെ രണ്ടു തരത്തില്‍ സമീപിക്കുന്നതെന്നാണ് വിമര്‍ശനം. ഇവിടെ രണ്ട് സമുദായത്തില്‍ നിന്നുള്ളവരെ രണ്ട് രീതിയില്‍ കൈകാര്യം ചെയ്യുന്നത് ഭരണകൂടത്തിന്റെ വിവിധ ഏജന്‍സികളാണ്. അധികാരവ്യവസ്ഥയുടെ ഭാഗമായിരിക്കുന്ന അതിനെ ഉള്ളില്‍നിന്ന് നിയന്ത്രിക്കുന്ന സവര്‍ണ/ഹിന്ദുത്വ ഡീപ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗവുമാവാം ഇത്. ഹിന്ദുത്വതാല്‍പര്യങ്ങള്‍ സ്വാഭാവികമായിത്തന്നെ സംരക്ഷിക്കപ്പെടുകയാണ്. ഒരു സംവിധാനം മുഴുവന്‍ അതിനുവേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. ഈ രണ്ട് കേസുകളെയും ഭരണകൂടം കൈകാര്യം ചെയ്ത രീതി സൂക്ഷ്മമായി പരിശോധിച്ചാല്‍ മുസ്‌ലിം അപരവത്കരണം സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നതായി കാണാം. ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ സ്ഥാപനവല്‍കൃത ഇസ്‌ലാമോഫോബിയയെന്ന് വിശേഷിപ്പിക്കുന്ന പ്രവണതയുടെ ഭാഗമാണിത്. ബഹുജനങ്ങളില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയയേക്കാള്‍ പതിന്മടങ്ങ് അപകടകരമാണ് സ്ഥാപനവല്‍കൃത ഇസ്‌ലാമോഫോബിയ.

ഇതിന് മറ്റൊരു വശംകൂടിയുണ്ട്. ഉറപ്പായും മേല്‍ക്കോടതി മറിച്ചൊരു ഭേദഗതി കൊണ്ടുവരുമെന്നറിഞ്ഞിട്ടും വിചാരണ കോടതി കൂട്ട വധശിക്ഷ വിധിച്ചത് പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം ഹേറ്റ് സ്പീച്ചിന്റെ സാധ്യത വര്‍ധിപ്പിക്കാനും ഉപകരിച്ചു. വിധി വന്ന് തൊട്ടടുത്ത ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അത് ദൃശ്യമാവുകയും ചെയ്തു.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യം: ബഹിഷ്‌കരണാഹ്വാനത്തിനെതിരേ കേസ്

ഫലസ്തീന്റെ വിമോചനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ആഗോളതലത്തില്‍തന്നെ ജനാധിപത്യവാദികള്‍ പങ്കെടുത്തുവരുന്നുണ്ട്. പല കാര്യങ്ങളിലെന്ന പോലെ ഇടതുപക്ഷം ഇക്കാര്യത്തിലും മുന്നിലാണ്. ഫലസ്തീനെതിരേ ആക്രമണം നടത്തുന്ന ഇസ്രായേലിന് അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ലോകത്തെ വിവിധ ബഹുരാഷ്ട്രകമ്പനികള്‍ക്കെതിരേ ബഹിഷ്‌കരണ കാമ്പയിനും സജീവമാണ്. ഈ ബഹിഷ്‌കരണം അത്തരം കമ്പനികളുടെ വരുമാനത്തില്‍പോലും ഇടിവുണ്ടായതായി കണക്കാക്കപ്പെടുന്നു. ബോയ്‌കോട്ട്, ഡൈവസ്റ്റ്‌മെന്റ്, സാംക്ഷന്‍ (ബി.ഡി.എസ്) എന്നൊരു ആഗോളപ്രസ്ഥാനം തന്നെ ഇതിനായി രംഗത്തുണ്ട്.

മുസ്ലിം സംഘാടനത്തെ അധികാരികള്‍ പ്രത്യേകം വര്‍ഗീയതയായാണ് നിര്‍വചിക്കുന്നതാണ് പതിവ്. ഇവിടെ മുസ്ലിംകളുടെ സമാധാനപരമായ വിയോജിപ്പുകളെപ്പോലും അക്രമത്തിന്റെ ഭാഷയില്‍ വായിക്കുന്നു. മുസ്ലിം ഉളളടക്കമുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളോടു കാണിക്കുന്ന ഈ വിവേചനം സ്ഥാപനവല്‍കൃത ഇസ്‌ലാമോഫോബിയയുടെ ഭാഗമാണ്.

ഇത്തരത്തില്‍ ബഹിഷ്‌കരണം നേരിടേണ്ടിവന്ന കമ്പനിയാണ് യു.എസ് കോഫി ബ്രാന്‍ഡായ സ്റ്റാര്‍ബക്സ്. കമ്പനിക്കേതിരേ അവരുടെ ജീവനക്കാര്‍ പോലും രംഗത്തുവന്നിരുന്നു. ഈ ബഹിഷ്‌കരണം അവരുടെ വില്‍പ്പന വളര്‍ച്ചാ പ്രവചനത്തില്‍ മൂന്നു ശതമാനത്തോളം ഇടിവുണ്ടാക്കി.


ഈ കമ്പനിയുടെ കോഴിക്കോട് ശാഖയില്‍ ബഹിഷ്‌കരണ കാമ്പയിന്‍ നടത്തിയ വിദ്യാര്‍ഥി സംഘടനയായ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ആറ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ആറു പേരും മുസ്‌ലിം വിദ്യാര്‍ഥികളാണ്. ഈ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് ഫാറൂഖ് കോളജിലാണ്. കലാപാഹ്വാനമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത് (ജനുവരി 7 ).

ഉല്‍പന്ന ബഹിഷ്‌കരണം ആഗോളതലത്തില്‍ത്തന്നെ ഉപയോഗിക്കുന്ന സമാധാനപരമായ ഒരു സമരരീതിയാണ്. ഇത്തരം സമരരീതിക്ക് ആഗോളതലത്തില്‍ തന്നെ സ്വീകാര്യതയുണ്ട്. എന്നാല്‍, ഇതേ സമരരീതി ഉപയോഗിച്ച് തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ച മുസ്ലിം വിദ്യാര്‍ഥികളെ പൊലിസ് കുരുക്കാന്‍ ശ്രമിക്കുന്നത് കലാപാഹ്വാനത്തിന് കേസെടുത്തുകൊണ്ടാണ്. അതും ഇടതുപക്ഷം ഭരിക്കുന്ന ഒരു സംസ്ഥാനത്ത്. ഇതിന് മുമ്പ് പൗരത്വസമരകാലത്തും ബഹിഷ്‌കരണാഹ്വാനത്തെ കേരള പൊലിസ് സമാനമായ രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മുസ്ലിം സംഘാടനത്തോടുള്ള ഭരണകൂടത്തിന്റെ നിലപാടാണ് ഇതുവഴി പുറത്തുവരുന്നതെന്നു വേണം കരുതാന്‍. മുസ്ലിം സംഘാടനത്തെ അധികാരികള്‍ പ്രത്യേകം വര്‍ഗീയതയായാണ് നിര്‍വചിക്കുന്നതാണ് പതിവ്. ഇവിടെ മുസ്ലിംകളുടെ സമാധാനപരമായ വിയോജിപ്പുകളെപ്പോലും അക്രമത്തിന്റെ ഭാഷയില്‍ വായിക്കുന്നു. മുസ്ലിം ഉളളടക്കമുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളോടു കാണിക്കുന്ന ഈ വിവേചനം സ്ഥാപനവല്‍കൃത ഇസ്‌ലാമോഫോബിയയുടെ ഭാഗമാണ്.

ടി.എന്‍ പ്രതാപന്റെ മുസ്ലിം സഹായി

മുസ്ലിംകളെ പ്രത്യേകിച്ച് അഭ്യസ്തവിദ്യരായ മുസ്ലിം യുവാക്കളെ സുരക്ഷാഭീഷണിയായി ചിത്രീകരിക്കുകയാണ് ഇസ്ലാമോഫോബിയയുടെ രീതിശാസ്ത്രങ്ങളിലൊന്ന്. എന്‍.എസ്.യു.ഐ നേതാവും മലയാളിയും കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി ടി.എന്‍ പ്രതാപന്റെ പേഴ്‌സണണ്‍ അസിസ്റ്റന്റുമായ (പി.എ) എന്‍.എസ് അബ്ദുള്‍ ഹമീദിന്റെ അനുഭവം അത്തരത്തിലാണ്. എം.പിയുടെ പി.എ എന്നതിനുപുറമെ അദ്ദേഹം ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയുമാണ്.

മതേതര രാഷ്ട്രീയപാര്‍ട്ടിയിലെ ഒരു എം.പിയുടെ പി.എ തന്നെയാണ് വിവേചനത്തിന് ഇരയായത്. 2001-ല്‍ ബി.ജെ.പി സര്‍ക്കാര്‍ നിരോധിച്ച സിമിയുടെ പേരില്‍ പോപുലര്‍ഫ്രണ്ടു തന്നെ ഇത്തരമൊരു രീതിശാസ്ത്രത്തിലൂടെ അപരവത്കരിക്കപ്പെടുകയും സുരക്ഷാഭീഷണിയായി ചിത്രീകരിക്കപ്പെടുകയും തുടര്‍ന്ന് നിരോധിക്കപ്പെടുകയും ചെയ്ത സംഘടനയാണ്. മറ്റ് മുസ്ലിംസംഘടനകളെയും വ്യക്തികളെയും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെടുത്തി നിയമനടപടികളിലേക്ക് തള്ളിവിടുകയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതൊരു തുടര്‍പ്രക്രിയയുമാണ്.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സവിശേഷമായി ശ്രദ്ധിക്കുന്ന തൃശൂര്‍ ലോക്സഭാ സീറ്റിലെ സിറ്റിങ് എം.പിയാണ് ടി.എന്‍ പ്രതാപന്‍. സ്വാഭാവികമായും ബി.ജെപ.ിയ്ക്ക് ശത്രുതയുള്ള കോണ്‍ഗ്രസ് നേതാക്കളിലൊരാളുമാണ്. ജനുവരി ആദ്യ വാരത്തില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍, ഹമീദിനെതിരേ ഒരു ആരോപണമുന്നയിച്ചു (ജനുവരി 7). അദ്ദേഹം നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും അതിന്റെ പേരില്‍ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ആരോപണം. പൗരത്വനിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങളില്‍ ഹമീദ് സജീവമായിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. സുരേന്ദ്രന്റേത് വസ്തുതാവിരുദ്ധമായ ആരോപണമാണെന്നും ഇത് തുടര്‍ന്നാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും പ്രതാപന്‍ പരസ്യമായി പ്രതികരിച്ചതോടെയാണ് ബി.ജെ.പിക്കാര്‍ അടങ്ങിയത്.


ടി.എന്‍ പ്രതാപന്‍ എം.പിയുടെ പേഴ്‌സണണ്‍ അസിസ്റ്റന്റ് എന്‍.എസ് അബ്ദുള്‍ ഹമീദ്

അഭ്യസ്തവിദ്യരായ മുസ്‌ലിംചെറുപ്പക്കാരെ തീവ്രവാദ, ഭീകരവാദ ആരോപണത്തില്‍ കുരുക്കുക സംഘ്പരിവാര്‍ സംഘടനകളുടെ മാത്രമല്ല, ഇതര മതേതര സംഘടനകളുടെയും രീതിയാണ്. മുന്‍കാലത്തും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ മതേതര രാഷ്ട്രീയപാര്‍ട്ടിയിലെ ഒരു എം.പിയുടെ പി.എ തന്നെയാണ് വിവേചനത്തിന് ഇരയായത്. 2001-ല്‍ ബി.ജെ.പി സര്‍ക്കാര്‍ നിരോധിച്ച സിമിയുടെ പേരില്‍ പോപുലര്‍ഫ്രണ്ടു തന്നെ ഇത്തരമൊരു രീതിശാസ്ത്രത്തിലൂടെ അപരവത്കരിക്കപ്പെടുകയും സുരക്ഷാഭീഷണിയായി ചിത്രീകരിക്കപ്പെടുകയും തുടര്‍ന്ന് നിരോധിക്കപ്പെടുകയും ചെയ്ത സംഘടനയാണ്. മറ്റ് മുസ്ലിംസംഘടനകളെയും വ്യക്തികളെയും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെടുത്തി നിയമനടപടികളിലേക്ക് തള്ളിവിടുകയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതൊരു തുടര്‍പ്രക്രിയയുമാണ്.

മേത്തന്മാരുടെ ഇടപെടല്‍

മലയാളത്തില്‍ ഏറെ കാഴ്ചക്കാരുള്ള ഒരു ചാനല്‍ ഈയിടെ പുനഃസംഘടിപ്പിച്ചു. ഇത് പൊതുമണ്ഡലത്തില്‍ വലിയ വിവാദമഴിച്ചുവിട്ടു. ചാനലിന്റെ പ്രമോട്ടര്‍മാരുടെ രാഷ്ട്രീയം മുതല്‍ പ്രവര്‍ത്തനരീതി വരെ വിവാദത്തിന് കാരണമായി.

ജനുവരി രണ്ടാംവാരത്തില്‍ ചാനല്‍ റിപ്പോര്‍ട്ടറായ സൂര്യ സജി തന്റെ രാജി സമര്‍പ്പിച്ചു. രാജിക്കുള്ള കാരണം ഫേസ്ബുക്കില്‍ പങ്കുവച്ചായിരുന്നു അവരുടെ പടിയിറങ്ങല്‍. അവര്‍ പറയുന്നതനുസരിച്ച് മീഡിയാവണിന്റെ വനിതാ റിപ്പേര്‍ട്ടറോട് ബി.ജെ.പി നേതാവ് സുരേഷ് ഗോപി മോശമായി പെരുമാറിയതിനെതിരേ പരസ്യമായി രംഗത്തുവന്നതാണ് ചാനല്‍ മാനേജ്മെന്റിനെ പ്രകോപിപ്പിച്ചത്. സുരേഷ് ഗോപി സംഭവം നടന്നശേഷം ചാനല്‍ മേധാവികളില്‍നിന്ന് മോശം അനുഭവമാണ് ഉണ്ടായത്. അനാവശ്യമായ ശാസന, അപമാനിക്കല്‍ തുടങ്ങി പലതും അനുഭവിക്കേണ്ടിവന്നു. ചാനലും അതിലെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരും സംഘപരിവാറിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന ഗുരുതരമായ ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്.


അതിനിടയില്‍ കൊല്ലത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു വ്യാജവാര്‍ത്തയെ അവിടത്തെ റിപ്പോര്‍ട്ടര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്തയാള്‍ മുസ്ലിമായതുകൊണ്ടാവാം കണ്ട മേത്തന്മാരൊന്നും വാര്‍ത്തകളില്‍ ഇടപെടേണ്ടെന്നായിരുന്നുവത്രെ മാനേജ്മെന്റിന്റെ നിലപാട്. സൂര്യ സുജി തന്നെയാണ് തന്റെ രാജി പ്രഖ്യാപിച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യവും പങ്കുവച്ചത് (ജനുവരി 12/ എഫ്.ബി).

മുസ്ലിംസ്ഥാപനങ്ങള്‍ സംഘ്പരിവാറുമായി അവിശുദ്ധസഖ്യത്തിലാണെന്ന ആരോപണമുയര്‍ത്തുന്നത് സംഘ്പരിവാര്‍ ഹിംസയെ ലഘൂകരികരിക്കാനും കൃത്രിമ സമീകരണങ്ങള്‍ നിര്‍മിക്കാനും വേണ്ടിയാണ്. അതുവഴി മുസ്ലിം സാമൂഹിക സംരംഭങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ മറച്ചുവെക്കാനും കഴിയുന്നു.

2023 ഒക്ടോബര്‍ 28-നു മീഡിയാ വണ്‍ വനിതാ റിപ്പോര്‍ട്ടര്‍ക്ക് സുരേഷ് ഗോപിയില്‍ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവത്തിന് വലിയ പ്രതികരണമാണ് പൊതുസമൂഹത്തില്‍നിന്നുണ്ടായത്. ഒരുപാട് പേര്‍ സുരേഷ് ഗോപിയെ വിമര്‍ശിക്കാന്‍ രംഗത്തുവന്നു. അതോടൊപ്പം മറ്റൊന്നുകൂടി ശ്രദ്ധയില്‍പ്പെട്ടു. സ്വന്തം റിപ്പോര്‍ട്ടര്‍ക്കെതിരേ ആക്രമണമുണ്ടായപ്പോള്‍ മീഡിയാവണ്‍ ചാനല്‍ ആടിക്കളിച്ചുവെന്നും ഒരുവിഭാഗം വാദിച്ചു. സുരേഷ് ഗോപിക്കെതിരേ ചാനല്‍ മാനേജ്മെന്റുതന്നെ കേസ് കൊടുത്തിരിക്കുമ്പോഴാണ് ഈ ആരോപണവും പുറത്തുവന്നത്. ചാനല്‍ പ്രമോട്ടര്‍മാരും ചാനല്‍ മേധാവിയും രൂക്ഷവിമര്‍ശനത്തിനിരയായി. മുസ്ലിംസ്ഥാപനങ്ങള്‍ സംഘ്പരിവാറുമായി അവിശുദ്ധസഖ്യത്തിലാണെന്ന ആരോപണമുയര്‍ത്തുന്നത് സംഘ്പരിവാര്‍ ഹിംസയെ ലഘൂകരികരിക്കാനും കൃത്രിമ സമീകരണങ്ങള്‍ നിര്‍മിക്കാനും വേണ്ടിയാണ്. അതുവഴി മുസ്ലിം സാമൂഹിക സംരംഭങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ മറച്ചുവെക്കാനും കഴിയുന്നു.

എന്നാല്‍, സംഘ്പരിവാര്‍ സമ്മര്‍ദത്തിന്റെ ഭാഗമായുള്ള സൂര്യ സജിയുടെ രാജി പ്രത്യേകിച്ച് ഒരു വാര്‍ത്തയും സൃഷ്ടിച്ചില്ല. വേണ്ടവിധം ചര്‍ച്ചയും നടന്നില്ല. ഏതാനും മാധ്യമങ്ങള്‍ ചില വാര്‍ത്തകള്‍ നല്‍കിയെങ്കിലും അതും ഏറെ നീണ്ടുനിന്നില്ല. ഒരു ചാനലിന്റെ ന്യൂസ് റൂം സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്ന അതേ ചാനലിലെ റിപോര്‍ട്ടറുടെ വെളിപ്പെടുത്തലുകളോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണം നിരാശാജനകമായിരുന്നു. അതൊരു സജീവചര്‍ച്ച പോലുമായില്ല. എന്നാല്‍, ഇതേ സ്ഥാനത്ത് മീഡിയാവണ്‍ റിപ്പോര്‍ട്ടറുടെ കാര്യത്തില്‍ ആരോപണവിധേയരായത് സംഘ്പരിവാറുകാരന്‍ ആയിരുന്നിട്ടുപോലും ആ ചാനലും മാനേജ്മെന്റും സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമിക്കപ്പെട്ടു. മുസ്‌ലിം സ്ഥാപനങ്ങളോടുള്ള വിമര്‍ശനത്തിലെ ഇരട്ടത്താപ്പ് സമകാലിക ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തന ശൈലിയാണ്.

ഇതില്‍ മറ്റൊരു വസ്തുതകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. മുസ്ലിംകള്‍ക്കെതിരേ വ്യാവഹാരിക തലത്തില്‍ നിരവധി അപരനാമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവയിലൊന്നാണ് മേത്തന്‍. ഈ വാക്കിന്റെ ചരിത്രം എന്തുതന്നെയാണെങ്കിലും ഇപ്പോഴത് മുസ്ലിംകളെ അപരവത്കരിക്കുന്നതിനുള്ള പ്രയോഗമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രയോഗങ്ങളും ചിത്രീകരണങ്ങളും മുസ്ലിംകളെ കൂടുതല്‍ അപരവത്കരണത്തിന് വിധേയമാക്കുന്നു. മുസ്ലിംകളെ എപ്പോഴും പുറത്തുനിന്നുള്ളവരായി ചിത്രീകരിക്കുന്നുവെന്നതാണ് മറ്റൊരു വശം.

സാഹിത്യോത്സവങ്ങളിലെ മുസ്ലിം പ്രതിനിധാനം

കോഴിക്കോട്ടെ ബുക് പ്ലസ് എന്ന മുസ്ലിം പ്രസാധകര്‍ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ ഒരു സാഹിത്യോത്സവം സംഘടിപ്പിച്ചു. ഡിസംബര്‍ അവസാനവാരത്തിലായിരുന്നു പരിപാടി. രണ്ടാഴ്ചയ്ക്കു ശേഷം മലയാളത്തില്‍ പുസ്തക പരിചയം നടത്തുന്ന എന്‍.ഇ സുധീര്‍ ട്രൂകോപ്പി വെബ്സൈറ്റില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു, 'സാഹിത്യോത്സവങ്ങളിലെ പിന്‍വാതിലുക'ളെന്ന പേരില്‍ (ജനുവരി 11). അദ്ദേഹത്തിന്റെ ലേഖനത്തിലെ വാദങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: മതവാദികളും വര്‍ഗീയവാദികളും സാഹിത്യോത്സവങ്ങളില്‍ തല്‍പരരാകുന്നു. മുസ്‌ലിം തീവ്രവാദസംഘടനകളും ഹിന്ദുത്വസംഘടനകളും സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിച്ചുതുടങ്ങിയിരിക്കുന്നു. പുരോഗമന ആശയക്കാര്‍ അവരുടെ വലയില്‍ കുരുങ്ങുന്നുണ്ട്. ഇപ്പോള്‍ 'ഇസ്‌ലാമിക രാഷ്ട്രീയവും കൊഴുത്തുവരുന്നുണ്ട്.' വേദികളില്‍ മതഗ്രന്ഥങ്ങളില്‍നിന്നുള്ള ഉദ്ധരിണികള്‍ എഴുതിപ്പിടിപ്പിക്കുന്നു. ഇതിലെ വൈരുധ്യം എഴുത്തുകാര്‍ മനസ്സിലാക്കുന്നില്ല. സാഹിത്യോത്സവങ്ങളുടെ മറവില്‍ ഇനിയങ്ങോട്ട് സാംസ്‌കാരികവിരുദ്ധമായ ഇടപെടലുകളാണ് വരുന്നത്. ഭിക്ഷാംദേഹിയായ ചില എഴുത്തുജീവികള്‍ അവസരമായി കരുതി മുന്നേറുന്നു. സാഹിത്യോത്സസങ്ങള്‍ സാംസ്‌കാരിക കെണികളാണ്. ദുഷ്ടശക്തികള്‍ ഹൈജാക്ക് ചെയ്യുന്നത് ശ്രദ്ധിക്കണം. തീവ്രവാദ സംഘടനകളുടെ സാന്നിധ്യമാണ് മറ്റൊരു പ്രശ്‌നം. നുഴഞ്ഞുകയറ്റം, തീവ്രവാദം, ദുഷ്ടശക്തി, ഹൈജാക്കിങ്, സാംസ്‌കാരിക കെണി, വര്‍ഗീയത, മതവാദി, തനിസ്വഭാവം തുടങ്ങിയ വാക്കുകളാണ് ലേഖകന്‍ ഈ പ്രതിഭാസത്തെ വിശദീകരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.


മുസ്ലിംകള്‍ സാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്നതിലുള്ള സംവാദവിരോധമല്ല, ഇത്തരം എഴുത്തുകള്‍ക്കു പിന്നില്‍. മറിച്ച് മുസ്ലിംസ്വത്വത്തെ മതേതര വടിവില്‍ പാകപ്പെടുത്താന്‍ തയ്യാറില്ലാത്ത മുസ്ലിംകളോടുള്ള വിസ്സമ്മതമാണ് ഇതിന്റെ പ്രധാനവശം. മറ്റൊന്ന് മുകളില്‍ നിന്നാവശ്യപ്പെടുന്ന മതേതര അച്ചടക്കത്തെ നിരാകരിച്ചുകൊണ്ട് മുസ്ലിംകള്‍ സ്വയം സാംസ്‌കാരിക-രാഷ്ട്രീയ ആവിഷ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനോടുളള വിയോജിപ്പും. മുസ്ലിം ആവിഷ്‌കാരത്തോടും സംഘാടനത്തോടുമുള്ള എതിര്‍പ്പ് ഇസ്ലാമോഫോബിയയുടെ പ്രധാന ഉപാധിയാണ്.

മുസ്ലിംവതീവ്രവാദസംഘടനകളും ഹിന്ദുത്വ സംഘടനകളും ഒരു പോലെ സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു പരാതി. ഇത്തരം സംഘടനകളുടെ സാഹിത്യോത്സവങ്ങളില്‍ സംവാദം മുറുകിയാല്‍ സംഘാടകര്‍ തനിസ്വഭാവം പുറത്തെടുക്കുമത്രെ. 2022 കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ശരണ്‍കുമാര്‍ ലിംബാളെയെ സംഘാടകര്‍ വേദിയിലിരുത്തി അപമാനിച്ച സംഭവം അദ്ദേഹം എടുത്തുപറയുന്നു. എന്നാല്‍, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തന്നെ മുസ്ലിം ന്യൂനപക്ഷ പ്രതിനിധികളെ മാറ്റി നിറുത്തിയെന്ന വിമര്‍ശനം നേരിട്ടതും പിന്നീട് തിരുത്തിയ ചരിത്രവും അദേഹം കാണുന്നുമില്ല.

2020 ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മതജീവിതത്തില്‍ നിന്നു മതരഹിത ജീവിതത്തിലേക്ക് എന്ന സെഷനില്‍ മുസ്ലിം പശ്ചാത്തലമുള്ള മതരഹിതരായ ജാമിദ, ജസ്‌ല മാടശ്ശേരി, റഫീഖ് മംഗലശ്ശേരി എന്നിവരെ മാത്രം പങ്കെടുപ്പിച്ചാണ് ആദ്യം ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. എന്തുകൊണ്ടു പൊതുചര്‍ച്ചകളില്‍ മതം എന്ന സാര്‍വലൗകിക സംവര്‍ഗം ഇസ്ലാം മാത്രമാവുന്നുവെന്ന വിമര്‍ശനം ഉണ്ടാവുകയും സര്‍ക്കാര്‍ ചെലവില്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതിനെതിരെ പ്രതിരോധം ഉയരുകയും ഒടുവില്‍ സംഘാടകര്‍ തിരുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.


മുസ്ലിം സംഘടനകളെയും സംഘ്പരിവാറിനെയും ഈ കുറിപ്പില്‍ അദ്ദേഹം താരതമ്യപ്പെടുത്തുന്നു. മുസ്ലിം രാഷ്ട്രീയ സംഘാടനത്തെ വര്‍ഗീയതയായി ചിത്രീകരിക്കുന്ന ദേശീയധാരില്‍ തന്നെയാണ് സുധീറിന്റെയും സ്ഥാനം. മുസ്ലിം സംഘാടനത്തെയും ഫാഷിസത്തെയും താരതമ്യപ്പെടുത്തുക വഴി ഈ കുറിപ്പ് ഫാഷിസത്തെക്കുറിച്ചുള്ള ലളിതബോധ്യങ്ങളും പങ്കുവയ്ക്കുന്നു. അറിവും മതവും ശത്രുതയിലാണെന്നാണ് അദ്ദേഹത്തിന്റെ ധാരണ. പുസ്തകങ്ങളെയും അറിവിനെയും ചിന്തയെയും മതേതരമായ ഒരു ഗുണമായും കണക്കാക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുളള അറിവിന്റെ മണ്ഡലം ദശകങ്ങള്‍ മാത്രമുള്ള മതേതരധാരണയുടെ ഭാഗമായി ചിത്രീകരിക്കുകയാണ് ലേഖകന്‍.

കേരളത്തിലെ സാഹിത്യോത്സവങ്ങളിലെ സവര്‍ണാധിപത്യത്തെ സംരക്ഷിക്കാനും സാമുദായിക ബഹുസ്വരത എന്ന കീഴാള രാഷ്ട്രീയ പ്രമേയത്തെ അദൃശ്യവത്കരിക്കാനും മതവിമര്‍ശനമെന്ന പേരില്‍ ഇസ്‌ലാമോഫോബിയ പരോക്ഷമായി പ്രചരിപ്പിക്കുന്നതിലൂടെ സാധ്യമാവുന്നു.

സല്‍മാന്‍ റുഷ്ദിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ മുസ്ലിം 'കടന്നുകയറ്റം' ചര്‍ച്ച ചെയ്യുന്നുവെന്നത് ലേഖനത്തിന് മുസ്ലിംവിരുദ്ധമായ മറ്റൊരു മാനം നല്‍കുന്നു. സല്‍മാന്‍ റുഷ്ദിയെ മാത്രം ഓര്‍ക്കുന്നതു ഒരു സവിശേഷ തിരഞ്ഞെടുപ്പിന്റെ ഭാഗമാണ്. എന്നാല്‍, സുധീര്‍ തന്നെ ഏറെ പ്രാധാന്യത്തോടെ എടുത്തു പറയുന്ന ഫ്രാങ്ക്ഫര്‍ട്ട് പുസ്തക മേളയില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഒരു 'മതേതര വിലക്ക്' നടന്നിരുന്നു. ഫലസ്തീനി എഴുത്തുകാരിയായ അദാനിയ ശിബ്ലിയുടെ 'മൈനര്‍ ഡീറ്റെയില്‍' (2020) എന്ന നോവലിനു അവാര്‍ഡ് നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചിരുന്നു. ഏഷ്യനാഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ സ്ത്രീ സാഹിത്യമെഴുത്തുകാരികള്‍ക്കുള്ള അവാര്‍ഡായിരുന്നു ഇത്. അദാനിയ ശിബ്ലിക്ക് കത്തിലൂടെ അവാര്‍ഡ് വിവരം അറിയിച്ചതുമാണ്. എന്നാല്‍, 2023 ഒക്ടോബര്‍ ഏഴോടെ ഫലസ്തീന്‍ - ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിന്റെ പേരില്‍ മാസങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ച ഈ അവാര്‍ഡ് നല്‍കാന്‍ സംഘാടകര്‍ വിസമ്മതിച്ചു. ഒരു ഫലസ്തീനി അറബ് സ്ത്രീ എഴുത്തുകാരിക്കെതിരെ നടന്ന ഈ വിലക്കിനെതിരെ ലോകത്തെ പ്രധാന 350 എഴുത്തുകാര്‍ പുറത്തിറക്കിയ പ്രസ്താവന എല്ലാ പ്രമുഖ അന്താരാഷ്ട്ര പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, സുധീര്‍ സൃഷ്ടിക്കുന്ന മതഭീതി ഇത്തരം ആഗോള ഇസ്‌ലാമോഫോബിയയുടെ പ്രശ്‌നങ്ങളെ അവഗണിക്കുകയും ചരിത്രരഹിതമായ ആഖ്യാനങ്ങളെ ആശ്രയിച്ചു നിര്‍മിച്ച 'മതഭീതി' എന്ന ആകാംക്ഷയെ മാത്രം പരിഗണിക്കുകയും ചെയ്യുന്നു.

ആര്‍.എസ്.എസ് അനുഭാവികള്‍ മുതല്‍ ഇടത്തും വലത്തുമുള്ള ബഹുഭൂരിപക്ഷം വരുന്ന സവര്‍ണ സമുദായംഗങ്ങള്‍ പങ്കെടുക്കുന്ന, സര്‍ക്കാര്‍ പണം ഉപയോഗിച്ചുള്ള സാഹിത്യോത്സവങ്ങളില്‍ പോലും നടക്കുന്ന ജാതിമേധാവിത്തത്തെയും സവര്‍ണ ലിംഗ അധികാരത്തെയും ന്യൂനപക്ഷ പ്രാതിനിധ്യ നിഷേധത്തെയും ലളിതയായ മതേതര - വര്‍ഗീയത ചട്ടക്കൂട്ടിലൂടെ വിശകലനം ചെയ്യുക മാത്രമല്ല, അതിനെതിരേയുള്ള വിമര്‍ശനം മറികടക്കാന്‍ സംഘ്പരിവാറിനു തുല്യമായ ഒരു മുസ്ലിം ന്യൂനപക്ഷ പൊസിഷന്‍ സവിശേഷമായി കണ്ടെടുക്കാനുള്ള ശ്രമവുമായിരുന്നു ഇത്. കേരളത്തിലെ സാഹിത്യോത്സവങ്ങളിലെ സവര്‍ണാധിപത്യത്തെ സംരക്ഷിക്കാനും സാമുദായിക ബഹുസ്വരത എന്ന കീഴാള രാഷ്ട്രീയ പ്രമേയത്തെ അദൃശ്യവത്കരിക്കാനും മതവിമര്‍ശനമെന്ന പേരില്‍ ഇസ്‌ലാമോഫോബിയ പരോക്ഷമായി പ്രചരിപ്പിക്കുന്നതിലൂടെ സാധ്യമാവുന്നു.

'പ്രത്യേക സമുദായ'ക്കാരുടെ ആക്രമണം

ജനുവരി 22-ന് അയോധ്യയില്‍ രാമപ്രതിഷ്ഠ നടക്കുന്ന ഉച്ചക്ക് 12.20-ന് വീട്ടിലിരുന്ന് മുഴുവന്‍ മലയാളികളും രാമമന്ത്രം ജപിക്കണമെന്ന ഗായിക കെ.എസ് ചിത്രയുടെ ആഹ്വാനത്തോട് വലിയ പ്രതിഷേധം രൂപപ്പെട്ടിരുന്നു. നിരവധി പേര്‍ ഇതിനെതിരേ രംഗത്തുവരികയും തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയിലാണ് രാമക്ഷേത്രം നിര്‍മിക്കുന്നതെന്ന് അറിയാതെയാണ് ചിത്രയെപ്പോലെയൊരു പാട്ടുകാരി ജീവിക്കുന്നതെന്ന ചോദ്യം പലവുരു ഉയര്‍ന്നു.

ചിത്രയെ വിമര്‍ശിച്ചതിനൊപ്പം ചിത്രയുടെ പ്രതികരണത്തെ വലിയ ഗ്രാവിറ്റിയില്‍ കാണേണ്ടതില്ലെന്ന ആശ്വാസപ്രതികരണങ്ങളും ഉണ്ടായി. ചിലരാകട്ടെ ചിത്രക്കും രാമക്ഷേത്രത്തിനും കേവലപിന്തുണയര്‍പ്പിച്ചു. ഈ സംഭവത്തോട് വേറിട്ട തരത്തില്‍ പ്രതികരിച്ച നടിയാണ് രചന നാരായണന്‍കുട്ടി. 'ചില പ്രത്യേക സമുദായത്തിലും സംഘടനയി'ലും പെട്ടവരാണ് തനിക്കെതിരേ ആക്രമണം നടത്തുന്നതെന്നായിരുന്നു അവരുടെ ആരോപണം. ഇത്തരം ആക്രമണങ്ങള്‍ നേരത്തെയും ഉണ്ടെന്നും അതിനു പിന്നിലും 'പ്രത്യേക സമുദായക്കാരും സംഘടനക്കാരു'മാണെന്നും അവര്‍ പറഞ്ഞു (ജനുവരി 16) .

മുസ്ലിംകള്‍ മതപരത ഏറിനില്‍ക്കുന്നവരാണെന്നും ഒട്ടും ലിബറലുകളല്ലെന്നുമുള്ള ധാരണ സമൂഹത്തില്‍ വ്യാപകമാണ്. ഈ ധാരണയനുസരിച്ച് ഹിന്ദുക്കള്‍ സഹിഷ്ണുതയുള്ളവരും ലിബറലുകളുമാണ്. മുസ്ലിംകളുടെ ഈ ലിബറല്‍ വിരുദ്ധ 'പ്രത്യേകത'യെ അടയാളപ്പെടുത്താനാണ് 'പ്രത്യേക സമുദായ'മെന്ന ആശയം രൂപപ്പെടുത്തിയിരിക്കുന്നത്.

ബാബരി മസ്ജിദ് ആസൂത്രിതമായി തകര്‍ത്ത് ഭരണകൂടത്തിന്റെയും കോടതിയുടെയും കുതന്ത്രങ്ങളിലൂടെ പണിതീര്‍ത്തതാണ് അയോധ്യയിലെ രാമക്ഷേത്രം. മസ്ജിദ് തകര്‍ത്തതിനെതിരേ മുസ്ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി വ്യക്തികളും സംഘടനകളും രംഗത്തുവന്നെങ്കിലും കാലം കഴിഞ്ഞതോടെ മസ്ജിദ് ധ്വംസനം വിസ്മൃതിയിലാവുകയും രാമക്ഷേത്രം മാത്രം ഓര്‍മയില്‍ അവശേഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിരവധി പ്രമുഖര്‍ രാമക്ഷേത്രത്തിനു പിന്തുണയുമായെത്തി. രാമക്ഷേത്രനിര്‍മാണത്തെ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയേക്കാള്‍ ഹിന്ദുക്കളുടെ അഭിമാനപ്രശ്നമായാണ് പലരും എടുത്തുകാട്ടിയത്. ബാബരി ഭൂമിയിലെ രാമക്ഷേത്രനിര്‍മാണം ഏത് ക്ഷേത്രവും പോലെ ഒന്നുമാത്രമാണെന്ന കാഴ്ചപ്പാടാണ് രാമക്ഷേത്ര അനുകൂലികള്‍ വെച്ചുപുലര്‍ത്തിയത്. ഇത്തരം വായനകള്‍ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ് ചിത്ര രാമക്ഷേത്രത്തിന് പിന്തുണയുമായെത്തിയത്. ചിത്രക്ക് ലഭിച്ചിരുന്ന വിസിബിലിറ്റിയും ഇമേജും കൂടി കാരണമാവാം ശക്തമായ പ്രതിഷേധമുയര്‍ന്നത്. അതിനോടുള്ള പ്രതികരണമായിരുന്നു രചനയുടേത്.


രചന നാരായണന്‍കുട്ടി

മുസ്ലിംകള്‍ മതപരത ഏറിനില്‍ക്കുന്നവരാണെന്നും ഒട്ടും ലിബറലുകളല്ലെന്നുമുള്ള ധാരണ സമൂഹത്തില്‍ വ്യാപകമാണ്. ഈ ധാരണയനുസരിച്ച് ഹിന്ദുക്കള്‍ സഹിഷ്ണുതയുള്ളവരും ലിബറലുകളുമാണ്. മുസ്ലിംകളുടെ ഈ ലിബറല്‍ വിരുദ്ധ 'പ്രത്യേകത'യെ അടയാളപ്പെടുത്താനാണ് 'പ്രത്യേക സമുദായ'മെന്ന ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. അതേസമയം എല്ലാവര്‍ക്കും മനസ്സിലാവുമെന്ന ഉറപ്പോടുകൂടിത്തന്നെ തങ്ങളുദ്ദേശിക്കുന്ന സമുദായത്തിന്റെ പേര് പറയാതെ പറയുന്ന ഈ രീതി മുസ്ലിംകളോടുള്ള വെറുപ്പിനെ കൂടുതല്‍ ഉറപ്പിക്കുന്നു.

ജിഹാദ് കയറ്റുമതിയും അബ്ദുല്ലക്കുട്ടിയും

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രാക്കൂലി മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുമായി അധികൃതര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം വിമാനനിരക്കില്‍ ചെറിയ കുറവ് വന്നെങ്കിലും മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇപ്പോഴും കൂടുതലാണ്. ലീഗിന്റെയും മറ്റിതര പാര്‍ട്ടികളുടെയും പല നേതാക്കളും മന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയെങ്കിലും നിരക്ക് കുറയ്ക്കാന്‍ തയ്യാറായില്ല.

ഇസ്ലാമോഫോബിയ പ്രചാരണങ്ങളുടെ ഒരു പ്രിയവിഷയമാണ് മുസ്ലിംകള്‍ക്ക് ലഭിക്കുന്ന വിദേശഫണ്ടും ജിഹാദ്/ജിഹാദ് കയറ്റുമതി ആരോപണവും. മുസ്ലിംകള്‍ രാജ്യത്തെ അകത്തുനിന്ന് തുരക്കുന്നവരും രാജ്യത്തിനെതിരേ പ്രവര്‍ത്തിക്കുന്നവരും വിദേശശക്തികളുടെ ഏജന്റുമാരാണെന്നും അവര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. മുസ്ലിംകള്‍ക്ക് രാജ്യത്തോടുള്ള കൂറ് ചോദ്യം ചെയ്യുക മാത്രമല്ല, ഹിന്ദുക്കളെ 'സ്വാഭാവിക' രാജ്യസ്നേഹികളായി സങ്കല്‍പ്പിക്കുകകൂടി ചെയ്യുന്നുണ്ട് ഇത്തരം പ്രചാരകര്‍. മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയ അവകാശ പ്രശ്‌നങ്ങളെ സുരക്ഷാഭീഷണിയായി കാണുന്ന ഇസ്‌ലാമോഫോബിയയുടെ ഭാഗവുമാണിത്.

നിരക്ക് പ്രശ്നം ഗൗരവമായി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമായ എ.പി അബ്ദുല്ലക്കുട്ടിയുടെ നിരക്ക് സംബന്ധിച്ച ഒരു പ്രതികരണം പുറത്തുവന്നത്. (ഈ പ്രതികരണം നിരുത്തരവാദപരമായാണ് എടുത്തതെന്ന ആരോപണം അബ്ദുല്ലക്കുട്ടി ഉന്നയിച്ചിരുന്നു). ഈ വാര്‍ത്തക്കെതിരേ അബ്ദുല്ലക്കുട്ടി ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതി. കണ്ണൂരിലെയും കോഴിക്കോട്ടെയും ജമാഅത്തെ ഇസ്ലാമിയുടെ രണ്ടു നേതാക്കളില്‍ ഒരാള്‍ മകളെ പോര്‍ച്ചുഗീസ് ഭാഷയും മറ്റൊരാള്‍ മകനെ ഫ്രഞ്ച് ഭാഷയും പഠിപ്പിച്ചുവെന്നും അത് ജിഹാദിലൂടെ യൂറോപ്പിനെ ഇസ്ലാമിക രാജ്യമാക്കാനാണെന്നുമായിരുന്നു അദ്ദേഹം എഴുതിയത് (ജനുവരി 31).


വിദേശത്തുനിന്നും പല രാജ്യങ്ങളില്‍ നിന്നും ഒരുപാട് പണം മീഡിയവണ്‍/മാധ്യമം ദിനപത്ര പ്രമാണികള്‍ക്ക് (ജിഹാദികള്‍ക്ക്) കിട്ടുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം, ''ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ചുമരെഴുതി പ്രചരിപ്പിച്ചവര്‍ ഇന്ത്യന്‍ മുസ്ലിംകളുടെ ശത്രുക്കളാണെന്നും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ അത് വിസ്മയം ആണെന്ന് ആഹ്ലാദത്തോടെ തലക്കെട്ട് നിരത്തിയ മാനവകുലത്തിന്റെ ശത്രുക്കളാണെന്നും''കൂടി അബ്ദുല്ലക്കുട്ടി കുറിച്ചു.

ഇസ്ലാമോഫോബിയ പ്രചാരണങ്ങളുടെ ഒരു പ്രിയവിഷയമാണ് മുസ്ലിംകള്‍ക്ക് ലഭിക്കുന്ന വിദേശഫണ്ടും ജിഹാദ്/ജിഹാദ് കയറ്റുമതി ആരോപണവും. മുസ്ലിംകള്‍ രാജ്യത്തെ അകത്തുനിന്ന് തുരക്കുന്നവരും രാജ്യത്തിനെതിരേ പ്രവര്‍ത്തിക്കുന്നവരും വിദേശശക്തികളുടെ ഏജന്റുമാരാണെന്നും അവര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. മുസ്ലിംകള്‍ക്ക് രാജ്യത്തോടുള്ള കൂറ് ചോദ്യം ചെയ്യുക മാത്രമല്ല, ഹിന്ദുക്കളെ 'സ്വാഭാവിക' രാജ്യസ്നേഹികളായി സങ്കല്‍പ്പിക്കുകകൂടി ചെയ്യുന്നുണ്ട് ഇത്തരം പ്രചാരകര്‍. മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയ അവകാശ പ്രശ്‌നങ്ങളെ സുരക്ഷാഭീഷണിയായി കാണുന്ന ഇസ്‌ലാമോഫോബിയയുടെ ഭാഗവുമാണിത്.

കുമാരനാശാന്റെ 'ദുരൂഹ'മരണം

കുമാരനാശാന്‍ 1924 ജനുവരി 16/17 തിയ്യതിയാണ് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തില്‍ പെട്ട് മരിക്കുന്നത്. പലപ്പോഴെന്ന പോലെ ഈ വര്‍ഷവും ദുരവസ്ഥയെഴുതിയതിന്റെ പേരില്‍ ആശാനെ മുസ്ലിം അക്രമികള്‍ കൊലപ്പെടുത്തിയതാണെന്ന ഗുഢാലോചനാസിദ്ധാന്തവുമായി സംഘ്പരിവാര്‍ ശക്തികള്‍ രംഗത്തുവന്നു. സംഘ്പരിവാറുകാരനായ ടി.ജി മോഹന്‍ദാസും മാധ്യമപ്രവര്‍ത്തകന്‍ പി. സുജാതനും തമ്മില്‍ നടത്തിയ ഒരു മുഖാമുഖം പരിപാടിയിലൂടെയാണ് ഇത്തവണ അത് പ്രചരിച്ചത്. പിന്നീട് മറ്റ് പലരും ഏറ്റുപിടിച്ചു. ആശാന്റെ മരണം: എഫ്.ഐ.ആര്‍ പോലും കാണാനില്ല എന്ന ശീര്‍ഷകത്തില്‍ എ.ബി.സി മലയാളം ചാനല്‍ (ജനുവരി 16) ഈ ചര്‍ച്ച പ്രസിദ്ധീകരിച്ചു. എസ്.എന്‍.ഡി.പിയെപ്പോലും ചിലര്‍ വിലക്കെടുത്തുവെന്നായിരുന്നു വാര്‍ത്തയ്ക്ക് കൊടുത്തിരുന്ന മറ്റൊരു ക്യാപ്ഷന്‍.

സംഘ്പരിവാറുകാരുടെ ആരോപണങ്ങള്‍ ഇങ്ങനെ ക്രോഡീകരിക്കാം: മലബാര്‍ കലാപത്തിനു കോപ്പുകൂട്ടിയ മുസ്ലിം തീവ്രവാദികള്‍ക്കും ജമാഅത്തെ ഇസ്ലാമിക്കും ആശാന്റെ ദുരവസ്ഥയിലെ പ്രയോഗങ്ങള്‍ വിരോധമുളവാക്കിയിരുന്നു. ആലപ്പുഴ ജില്ലയിലെ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനസംഘടന ആശാന് പ്രതിഷേധ കത്തയച്ചു. ആശാന്‍ തന്റെ കവിതയെ ന്യായീകരിച്ചു. തുടര്‍ന്ന് വക്കം മൗലവി ആശാനെ കണ്ടു. കവിത പിന്‍വലിച്ചില്ലെങ്കില്‍ ജീവന് ഭീഷണിയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അങ്ങനെയാണ് പൊലിസ് സുരക്ഷ നല്‍കുന്നത്. ആശാന്‍ മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പൊലിസ് പ്രൊട്ടക്ഷന്‍ കിട്ടിയിരുന്നു. ആശാന്റെ അഭ്യര്‍ഥനപ്രകാരം അത് ഒഴിവാക്കി. പല്ലനയാറ്റില്‍ നടന്ന ബോട്ടപകടം ആസൂത്രിതമായിരുന്നു. ആറിന് കുറുകെ ഇരുമ്പ് വടം കെട്ടി അക്രമികള്‍ ബോട്ട് മറിക്കുകയായിരുന്നു. ആശാന്‍ യാത്ര ചെയ്തിരുന്ന കാബിനിന്റെ വാതില്‍ പുറത്തുനിന്ന് ആരോ കുറ്റിയിട്ടിരുന്നു. അത് മനഃപൂര്‍വം ചെയ്തതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് രക്ഷപ്പെടാന്‍ കഴിയാതിരുന്നത്. ആശാന്റെ ബോഡി മൂന്നാം ദിവസമാണ് തിരിച്ചറിയുന്നത്.

അപകടം നടക്കുന്നത് 1924 ലാണ്. ജമാഅത്തെ ഇസ്‌ലാമി ബ്രിട്ടീഷ് ഇന്ത്യയില്‍ രൂപീകരിക്കുന്നതാകട്ടെ 1941ലും. അപകടം നടന്ന സമയത്ത് നിലവിലില്ലാത്ത ഒരു സംഘടനക്കെതിരേയാണ് സംഘ്പരിവാറുകാര്‍ ആരോപണമുന്നയിക്കുന്നത്.

ആശാന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ എഫ്.ഐ.ആര്‍ പിന്നീട് ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. അത് ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ട. ജസ്റ്റിസ് ചെറിയാന്റെ നേതൃത്വത്തില്‍ ഒരു കമീഷനെയും നിയമിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ പലരും ശ്രമിച്ചു. ആശാന്റെ മരണത്തില്‍ ദുരൂഹതയുണ്ടായിരുന്നതുകൊണ്ടാണ് അത്. സത്യം പുറത്തുവന്നാല്‍ വര്‍ഗീയ കലാപത്തിന് സാധ്യതയുണ്ടെന്നും സര്‍ക്കാരിനറിയാമായിരുന്നു. അതുകൊണ്ട് കമീഷന്‍ റിപ്പോര്‍ട്ട് ക്ലാസിഫൈഡ് ഡോക്യുമെന്റായി മാറ്റി. സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത് മറ്റു പലരെയും രക്ഷിക്കാന്‍ വേണ്ടികൂടിയാണ്. കമീഷനില്‍ അംഗമായിരുന്ന എസ്.എന്‍.ഡി.പി നേതാവ് എന്‍. കുമാരനും പിന്നീട് ഒന്നും പറഞ്ഞിട്ടില്ല. മരണത്തില്‍ എസ്.എന്‍.ഡി.പിക്കാര്‍ക്കും പങ്കുണ്ടായിരുന്നു. ടി.കെ മാധനവനും സി.വി കുഞ്ഞുരാമനും അടക്കം എല്ലാവര്‍ക്കും ആശാനോട് അസൂയയായിരുന്നു. ഈ സംഭവത്തിനുശേഷം നടന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ സമ്മേളനത്തിന്റെ സ്പോണ്‍സര്‍മാര്‍ 'ഒരു പ്രത്യേക സമുദായ'ക്കാരായിരുന്നു. തങ്ങള്‍ കുഞ്ഞ് മുസ്ലിയാരാണ് അതിലൊരാള്‍. ഈ അടുത്തകാലത്തും ഈ സമുദായക്കാര്‍ക്ക് എസ്.എന്‍.ഡി.പിയുമായി ബന്ധമുണ്ടാക്കുന്നു. ഇക്കാര്യമൊക്കെ കമീഷന്‍ അന്വേഷിച്ചിരുന്നു. അതുകൊണ്ടാണ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത്.

എന്നാല്‍, ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് പിന്നീട് പുറത്തുവന്ന വിവരങ്ങള്‍ തെളിയിക്കുന്നത്. ചെറിയാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ആരും പൂഴ്ത്തിയിട്ടില്ല. അത് ഇപ്പോഴും കേരള നിയമസഭയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. 'കുമാരനാശാന്റെ മരണത്തിന് കാരണമായ റഡീമര്‍ ബോട്ടപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് ഭാരതീയ വിചാര കേന്ദ്രം 2023ല്‍ ഒരു പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പ്രമേയം പുറത്തുവരുമ്പോഴും ഇത് നിയമസഭാ വെബ്സൈറ്റില്‍ ലഭ്യമായിരുന്നു.


ആശാന്റെ മരണത്തിന്റെ എഫ്.ഐ.ആര്‍ പൂഴ്ത്തിയെന്നതാണ് മറ്റൊരു ആരോപണം. ആശാന്റെ മരണത്തില്‍ മാത്രമായി എഫ്.ഐ.ആര്‍ ഇട്ടിരുന്നില്ല. കാരണം, അതൊരു വലിയ ബോട്ടപകടമായിരുന്നു. അതിന്റെ പേരിലാണ് കേസെടുത്ത് അന്വേഷിച്ചത്. ബോട്ട് മറിഞ്ഞത് അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയതുകൊണ്ടുണ്ടായ അമിത ഭാരത്താലാണെന്നായിരുന്നു കമീഷന്റെ കണ്ടെത്തല്‍. ദുരവസ്ഥയുടെ പ്രസിദ്ധീകരണവുമായി അപകടത്തിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇതെല്ലാം റിപ്പോര്‍ട്ടില്‍നിന്നും വായിക്കാനാവും. (അവലംബം: കുമാരനാശാന്റെ മരണത്തെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ പൂര്‍ണ്ണമായി നീക്കുന്ന പി. ചെറിയാന്‍ കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ആദ്യമായി ഇതാ പ്രസിദ്ധീകരിക്കുന്നു, രാജേന്ദ്രന്‍ എടത്തുംകര, ട്രൂകോപ്പി തിങ്ക്, ജനുവരി 20, 2024).

ആരോപണത്തിലെ മറ്റൊരു ആരോപണം ജമാഅത്തെ ഇസ്‌ലാമിയുടെ പങ്കാണ്. അപകടം നടക്കുന്നത് 1924 ലാണ്. ജമാഅത്തെ ഇസ്‌ലാമി ബ്രിട്ടീഷ് ഇന്ത്യയില്‍ രൂപീകരിക്കുന്നതാകട്ടെ 1941ലും. അപകടം നടന്ന സമയത്ത് നിലവിലില്ലാത്ത ഒരു സംഘടനക്കെതിരേയാണ് സംഘ്പരിവാറുകാര്‍ ആരോപണമുന്നയിക്കുന്നത്.

മുസ്ലിംസമൂഹത്തെ തിന്മയുടെ കേന്ദ്രമായും ഗൂഢാലോചനക്കാരായും കൊലയാളി സമൂഹമായും അസഹിഷ്ണുക്കളായും ചിത്രീകരിക്കുക ഇസ്‌ലാമോഫോബിയയുടെ പഴക്കം ചെന്ന തന്ത്രങ്ങളുടെ ഭാഗമാണ്. അതിന്റെ ഭാഗമായി കീഴാള സമുദായനേതാക്കളെപ്പോലും അവര്‍ അപകീര്‍ത്തിപ്പെടുത്തുന്നു. കുമാരനാശാന്റെ മരണത്തെ ദുരൂഹമാക്കുന്നതിനു പിന്നിലെ ലക്ഷ്യമതാണ്.

അയോധ്യയിലെ പ്രാണപ്രതിഷ്ഠ

ബാബരി മസ്ജിദ് തകര്‍ത്തശേഷം അതിനെതിരേ വലിയ പ്രതിഷേധമാണ് രാജ്യത്തുണ്ടായത്. പ്രതിഷേധക്കാരുടെ സ്വരം വ്യത്യസ്തമായിരുന്നെങ്കിലും മസ്ജിദ് പൊളിച്ചതിനെ സംഘ്പരിവാര്‍ ശക്തികളൊഴിച്ച് ആരും ന്യായീകരിച്ചില്ല. പത്രങ്ങളും ഏറെക്കുറേ സമാനമായ നിലപാടെടുത്തു.

എന്നാല്‍, 2024 ജനുവരി 22ാം തിയ്യതി അയോധ്യയില്‍ നടന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് മാധ്യമങ്ങള്‍ എടുത്ത നിലപാട് ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. പല മാധ്യമങ്ങളും പ്രാണപ്രതിഷ്ഠാച്ചടങ്ങ് നടക്കുന്ന ഭൂമി, ബാബരി മസ്ജിദിന്റേതാണെന്ന യാഥാര്‍ഥ്യം മറച്ചുവച്ചുകൊണ്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മലയാള മാധ്യമങ്ങളും വ്യത്യസ്തമായിരുന്നില്ല. 'പ്രാണപ്രതിഷ്ഠ ഇന്ന്, അയോധ്യയിലേക്ക് തീര്‍ത്ഥാടകപ്രവാഹം' എന്ന ശീര്‍ഷകത്തിലുള്ള മാതൃഭൂമി (ജനുവരി 22) വാര്‍ത്ത പ്രാണപ്രതിഷ്ഠയെ അയോധ്യ കാത്തിരുന്ന ഒരു സംഭവമായാണ് അവതരിപ്പിച്ചത്. തുടര്‍ന്ന് ചടങ്ങിന്റെ വിശദാംശങ്ങളാണ്. ഒരിടത്തുപോലും ബാബരി മസ്ജിദ് ധ്വംസനത്തിന്റെ സൂചനയില്ല. കീഴാള പാരമ്പര്യത്തിന്റെ ചരിത്രമുള്ള കേരളകൗമുദി ദിനപത്രം 'പ്രാണപ്രഭയില്‍ രാംലല്ല'യെന്നാണ് ശീര്‍ഷകം നല്‍കിയത്. നൂറ്റാണ്ടുകളായി ശ്രീരാമഭക്തര്‍ സ്വപ്നം കണ്ടിരുന്ന ധന്യമുഹൂര്‍ത്തമായും പ്രാണപ്രതിഷ്ഠയെ പത്രം വിശേഷിപ്പിച്ചു. കൗമുദിയും ബാബരി മസ്ജിദിനെക്കുറിച്ച് സൂചന നല്‍കിയില്ല. ഇടത്-ന്യൂനപക്ഷ നിലപാടുള്ള മാധ്യമങ്ങളൊഴിച്ച് മിക്കവാറും പത്രങ്ങളുടെ വാര്‍ത്ത എഴുത്തു രീതി ഇതുതന്നെയായിരുന്നു.

ബാബരി ധ്വംസനം ഒരു അനീതിയാണെന്നതിനോട് മതേതരര്‍ക്ക് വിയോജിപ്പില്ല. എന്നാല്‍, അതിനെതിരേ പ്രതിഷേധിക്കേണ്ടത് മതേതരരായിരിക്കണമെന്ന് ഇടത് പക്ഷവും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരും കരുതുന്നു. മുസ്‌ലിംപ്രതികരണങ്ങള്‍ മറ്റൊരു വര്‍ഗീയതയുടെ ഭാഗമായാണ് അധിക ഇടത്-വലത് ചിന്തകരും രാഷ്ട്രീയപ്രവര്‍ത്തകരും കാണുന്നത്. സലീമിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്.

പക്ഷേ, പ്രാണപ്രതിഷ്ഠാച്ചടങ്ങിനെതിരേയുള്ള ജനാധിപത്യവാദികളുടെ പ്രതിഷേധത്തോട് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതികരണം പൊതുഇടത് നിലപാടില്‍നിന്ന് വ്യത്യസ്തമായിരുന്നു. പ്രാണപ്രതിഷ്ഠാച്ചടങ്ങിനെതിരേ പ്രതിഷേധിച്ച ബാലരാമപുരത്തെ ഒറ്റയാള്‍ സലിം എന്ന പേരില്‍ അറിയപ്പെടുന്ന സലീമിനെതിരേ നെയ്യാറ്റിന്‍കര പൊലിസ് കേസെടുക്കുകയുണ്ടായി (ജനുവരി 22). സമൂഹത്തില്‍ സ്പര്‍ധയുണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് 153 ഐ.പി.സി പ്രകാരമാണ് കേസെടുത്തത്. സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ പ്രകോപനമാകുമെന്ന് ഭയന്ന പൊലിസ് ഉദ്യോഗസ്ഥര്‍ പിന്നീടാണ് കേസുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചതത്രെ. അതായത് പൊലിസ് നടപടിക്ക് ഒരു പ്രതികാര സ്വഭാവമാണ് ഉണ്ടായിരുന്നത്.


ഒറ്റയാള്‍ സലീം നടത്തിയ പ്രതിഷേധം

ബാബരി ധ്വംസനം ഒരു അനീതിയാണെന്നതിനോട് മതേതരര്‍ക്ക് വിയോജിപ്പില്ല. എന്നാല്‍, അതിനെതിരേ പ്രതിഷേധിക്കേണ്ടത് മതേതരരായിരിക്കണമെന്ന് ഇടത് പക്ഷവും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരും കരുതുന്നു. മുസ്‌ലിംപ്രതികരണങ്ങള്‍ മറ്റൊരു വര്‍ഗീയതയുടെ ഭാഗമായാണ് അധിക ഇടത്-വലത് ചിന്തകരും രാഷ്ട്രീയപ്രവര്‍ത്തകരും കാണുന്നത്. സലീമിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്.

മഹാരാജാസിലെ വിദ്യാര്‍ഥി രാഷ്ട്രീയം

എറണാകുളം മഹാരാജാസിലെ കാമ്പസില്‍ ജനുവരി 17 നു അര്‍ധരാത്രിയുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ കുത്തും വെട്ടുമേറ്റ് വിദ്യാര്‍ഥികള്‍ ആശുപത്രിയിലായി. വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മൂന്നാം വര്‍ഷ റെപ്രസന്റെറ്റീവ് സീറ്റ് പരാജയത്തെ തുടര്‍ന്ന് മഹാരാജാസ് കാമ്പസില്‍ എസ്.എഫ്.ഐയും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മില്‍ നിരവധി ദിവസങ്ങളിലായി തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടന്നിരുന്നു. ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ താമസിക്കുന്ന താമസ സ്ഥലത്തടക്കം കയറി മര്‍ദിച്ച എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പൊലീസ് വധശ്രമത്തിന് കേസും എടുത്തിരുന്നു. എന്നാല്‍, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ എസ്.എഫ.ഐക്കാരെ അക്രമിച്ചുവെന്ന പ്രചാരണമാണ് പുറത്തു നടന്നത്. മാധ്യമങ്ങളും അത് വാര്‍ത്തയാക്കി. തുടര്‍ന്നു ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാക്കുന്ന അന്തരീക്ഷമാണുണ്ടായത്. കോളജും ഹോസ്റ്റലുകളും അനിശ്ചിതകാലത്തേക്ക് അടച്ചു. നൂറു കണക്കിനു വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയിരിക്കുന്ന അവസ്ഥ വലിയൊരു ചര്‍ച്ചക്ക് വഴി മരുന്നിട്ടു.

മുസ്ലിം നാമമുള്ള വ്യക്തികള്‍ ചില സാഹചര്യങ്ങളില്‍ ഇസ്ലാമോഫോബിയയുടെ മാതൃകകള്‍ അറിഞ്ഞും അറിയാതെയും സ്വീകരിക്കാന്‍ തയ്യാറായേക്കാം. ഒരു സാമൂഹിക - രാഷ്ട്രീയ വംശീയ വ്യവസ്ഥ അതിനിരയാവുന്ന വിഭാഗങ്ങള്‍ തന്നെ ആന്തരികവല്‍കരിക്കുന്നത് ആ വംശീയ വ്യവസ്ഥയുടെ ശക്തിയുടെ ഭാഗമാണ്. ആന്തരികവത്കരണം അഥവാ ഇന്റെണലൈസേഷന്‍ എന്ന പ്രശ്‌നം ഇസ്ലാമോഫോബിയയുടെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തന മേഖലയാണ്. പക്ഷെ, അതിന്റെ ആനുകൂല്യം എപ്പോഴും അതുപയോഗിക്കുന്ന മുസ്‌ലിം നാമാധാരികള്ക്ക് തന്നെ ലഭ്യമാവണമെന്നില്ല.

അതിനിടയില്‍ നിരോധിത സംഘടനയായ കാമ്പസ് ഫ്രണ്ടുകാര്‍ ഫ്രെറ്റേണിറ്റിയില്‍ 'നുഴഞ്ഞു കയറി'യെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ ആരോപിച്ചു. 'ഭീകരത' എന്നാണ് അവര്‍ സംഘര്‍ഷത്തെ വിശേഷിപിച്ചത്. മുസ്ലിം ഉള്ളടക്കമുള്ള വിദ്യാര്‍ഥി സംഘടനകളെക്കുറിച്ചു സംഘ്പരിവാര്‍ ഭരണകൂടം നിര്‍മിച്ച സുരക്ഷാഭീതി ആവര്‍ത്തിക്കുകയായിരുന്നു എസ്.എഫ്.ഐക്കാരും. രാഷ്ട്രീയ വിയോജിപ്പുകളും വിമര്‍ശനങ്ങളും മുസ്‌ലിം ഉള്ളടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും നേരിടേണ്ടിവരും. അതില്‍ തെറ്റൊന്നുമില്ല. പക്ഷേ, അതിനുപയോഗിക്കുന്ന ഭാഷ രാഷ്ട്രീയവിമര്‍ശനത്തെ തന്നെ റദ്ദു ചെയ്യുന്ന ഇസ്‌ലാമോഫോബിയയുടേതാകുന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. മുസ്ലിംം ഉള്ളടക്കമുള്ള രാഷ്ട്രീയ അവകാശ പ്രശ്‌നങ്ങളെ 'അവകാശം' എന്ന ചട്ടക്കൂട്ടില്‍ നിന്നു മാറ്റി, 'സുരക്ഷ' എന്ന ചട്ടക്കൂടിലേക്ക് മാറ്റുന്ന രീതിശാസ്ത്രം ഇസ്ലാമോഫോബിയയുടെതാണ്.

ഈ ആരോപണങ്ങളില്‍ എസ്.എഫ്.ഐയുടെ കൂടെ നിന്ന സ്റ്റാഫ് അഡൈ്വസര്‍കൂടിയായ അറബിക് അധ്യാപകനെതിരേ അതേ വകുപ്പിലെ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന് രേഖാമൂലം പരാതി നല്‍കി. അധ്യാപകന്‍ തങ്ങളെ പലതരത്തില്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആരോപണം.


ഇടതുപക്ഷ രാഷ്ട്രീയധാരയില്‍പ്പെട്ട അധ്യാപകന്‍ പരാതിക്കാരായ വിദ്യാര്‍ഥികളോട് പാര്‍ട്ടി അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നു. മൂന്നാം വര്‍ഷക്കാരിയായ ഒരു വിദ്യാര്‍ഥിനിയെ വര്‍ഗീയവാദി, മതവാദി, ഇസ്‌ലാമിസ്റ്റ് എന്നിങ്ങനെ വിളിച്ചു. കോളജില്‍ നടന്ന ഒരു വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അഭിപ്രായം പറഞ്ഞ വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് സസ്പെന്‍ഡ് ചെയ്യുമെന്നും കേസുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതൊക്കെയാണ് ആരോപണം. പരാതിയില്‍ പറഞ്ഞ ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള വീഡിയോ-ഓഡിയോ ക്ലിപ്പുകളുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നത്.

പരാതിക്കാരായ വിദ്യാര്‍ഥികള്‍ മിക്കവാറും ഇസ്‌ലാമിക വിശ്വാസികളും വിവിധ വിദ്യാര്‍ഥി സംഘടനകളിലെ അംഗങ്ങളുമാണ്. മുസ്ലിംകള്‍ അവരുടെ വിശ്വാസമോ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളോ പുറത്തുകാണിക്കരുതെന്നാണ് മതേതരരെന്ന് കരുതുന്നവരുടെ അടിസ്ഥാന ധാരണ. അതിനോട് സമരസപ്പെടാത്തവരെയാണ് വര്‍ഗീയവാദികളും മതവാദികളുമായി ചിത്രീകരിക്കുന്നത്. അധ്യാപകന്‍ തന്നെ ഇത്തരമൊരു സാഹചര്യം ഉപയോഗപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഈ ആരോപണങ്ങള്‍ക്ക് ശക്തി കൂടിവന്നതോടെ മിക്കവരും അധ്യാപകനെതിരെ തിരിഞ്ഞു. ഒരു അറബി അധ്യാപകനെന്ന നിലയിലായിരുന്നു അദ്ദേഹത്തിനെതിരേയുള്ള സോഷ്യല്‍മീഡിയാ വിമര്‍ശനങ്ങള്‍. അല്ലാതെ അദ്ദേഹത്തിന്റെ പുരോഗമന ഇടതു രാഷ്ട്രീയ മുഖമല്ല ആക്രമിക്കപ്പെട്ടത്.

മുസ്ലിം നാമമുള്ള വ്യക്തികള്‍ ചില സാഹചര്യങ്ങളില്‍ ഇസ്ലാമോഫോബിയയുടെ മാതൃകകള്‍ അറിഞ്ഞും അറിയാതെയും സ്വീകരിക്കാന്‍ തയ്യാറായേക്കാം. ഒരു സാമൂഹിക - രാഷ്ട്രീയ വംശീയ വ്യവസ്ഥ അതിനിരയാവുന്ന വിഭാഗങ്ങള്‍ തന്നെ ആന്തരികവല്‍കരിക്കുന്നത് ആ വംശീയ വ്യവസ്ഥയുടെ ശക്തിയുടെ ഭാഗമാണ്. ആന്തരികവത്കരണം അഥവാ ഇന്റെണലൈസേഷന്‍ എന്ന പ്രശ്‌നം ഇസ്ലാമോഫോബിയയുടെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തന മേഖലയാണ്. പക്ഷെ, അതിന്റെ ആനുകൂല്യം എപ്പോഴും അതുപയോഗിക്കുന്ന മുസ്‌ലിം നാമാധാരികള്ക്ക് തന്നെ ലഭ്യമാവണമെന്നില്ല.


Similar Posts