ഹിസ്ബുല്ലയെ പേടിക്കാന്‍ ഇസ്രായേലിനും അമേരിക്കക്കും കാരണങ്ങളുണ്ട്
|ഇസ്രായേല്‍ - ലബനാന്‍ അതിര്‍ത്തിയില്‍ ഉരുണ്ടുകൂടുന്ന പുതിയ സാഹചര്യങ്ങളെ ഏറെ ഉദ്വോഗത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ തന്നെ ലബനാന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ല കാര്യമായ അലോസരം ഉണ്ടാക്കുന്നുണ്ട്. പശ്ചിമേഷ്യയില്‍ കൂടുതല്‍ യുദ്ധമുഖങ്ങള്‍ തുറക്കപ്പെടുമോ?
ഗസ്സയില്‍ യുദ്ധം തുടങ്ങിയത് മുതല്‍ ഇസ്രായേലിന് മറ്റൊരു വശത്തു വലിയ അലോസരമുണ്ടാക്കിയത് ഹിസ്ബുല്ലയായിരുന്നു. ലബനാന്‍ അതിര്‍ത്തിയില്‍ ചെറിയ പൊട്ടലും ചീറ്റലും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടേയിരുന്നു. ഹിസ്ബുല്ലയുടെ അസ്വാരസ്യം വളര്‍ന്ന് വലിയ യുദ്ധമുഖത്തേക്കെത്തിയിരിക്കുന്നു എന്നതാണ് പുതിയ സാഹചര്യം. ഹിസ്ബുല്ലക്കെതിരെ കാര്യമായ സൈനിക നടപടിയിലേക്ക് കടക്കുകയാണ് ഇസ്രായേല്‍; ഹിസ്ബുല്ലള്ള തിരിച്ചും. ഇസ്രായേലും അമേരിക്കയും ഹിസ്ബുല്ല മേധാവി ഹസ്സന്‍ നസ്‌റുല്ലയുടെ പുതിയ മുന്നറിയിപ്പിനെ കുറച്ചു കാണുന്നില്ല. അയേണ്‍ ഡോം തകര്‍ക്കാനുള്ള വഴി ഞങ്ങള്‍ക്കറിയാം എന്ന ഹിസ്ബുല്ലയുടെ ഭീഷണി നെതന്യാഹുവിന് വലിയ തലവേദനയുണ്ടാക്കുന്നുണ്ട്.
ഇസ്രായേല്‍ ലബനാന്‍ അതിര്‍ത്തിയില്‍ ഉരുണ്ടുകൂടുന്ന പുതിയ സാഹചര്യങ്ങളെ ഏറെ ഉദ്വോഗത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ഒരുപക്ഷെ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ തന്നെ ലബനാന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ല കാര്യമായ അലോസരം ഉണ്ടാക്കുന്നുണ്ട്. ഷെല്‍ ആക്രമണത്തിലൂടെയും ബോംബാക്രമണത്തിലൂടെയും ചെറിയ സൈനിക നടപടികളൊക്കെ നേരത്തേ ഇസ്രായേല്‍ ലബനാനുനേരെ നടത്തിയിട്ടുണ്ട്. ഹിസ്ബുല്ലയുടെയും ലബനാന്‍ സൈന്യത്തിലെ പ്രധാന നേതാക്കളെയും വക വരുത്തുകയും ചെയ്തിട്ടുണ്ട്. അതിപ്പോള്‍ ഇസ്രായേലിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ഷിയാ വിഭാഗമായ ഹിസ്ബുല്ലയുടെ മേധാവി ഹസന്‍ നസറുല്ല പരിധികളില്ലാത്ത യുദ്ധമുണ്ടാകും എന്ന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വ്യാപകമായ പരിധികളില്ലാത്ത യുദ്ധത്തിലേക്ക് ഹിസ്ബുല്ല കടക്കുമെന്ന് ഹസന്‍ നസ്‌റുല്ല പറയുമ്പോള്‍ സ്വാഭാവികമായും വലിയ ആശങ്ക ഇസ്രയേലിനും അമേരിക്കക്കുമുണ്ട്. അമേരിക്കയെയും ഇസ്രായേലിനെയും സംബന്ധിച്ചിടത്തോളം ഹിസ്ബുല്ല എന്താണെന്ന് കൃത്യതയും വ്യക്തതയും ഇല്ല എന്നതുതന്നെയാണ് പ്രധാനം.
ലബനാന്‍-ഇസ്രായേല്‍ യുദ്ധാന്തരീക്ഷം ഉണ്ടായാല്‍ സ്വാഭാവികമായും അത് ഒരുപാട് തലങ്ങളിലേക്ക് വ്യാപിക്കും. ഇറാന്‍ വെറുതെ ഇരിക്കില്ലെന്ന് വ്യക്തമാണ്. ലെബനാന് നേരെ ഇസ്രായേല്‍ ആക്രമണം നടന്നാല്‍ വളരെ ശക്തമായി തന്നെ പ്രതിരോധിക്കാന്‍ തങ്ങള്‍ മുന്നിലുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികള്‍ വളരെ സമരോത്സുകരായിതന്നെ ചെങ്കടല്‍ തീരത്ത് ശക്തമാണ്. ഇറാഖിലാണെങ്കില്‍ റെസിസ്റ്റന്‍സ് ഗ്രൂപ്പ് വളരെ സജീവമായിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ ഹൈഫക്കെതിരെ ആക്രമണം നടത്തി അവര്‍ രംഗത്തുണ്ട്.
ഇതുവരെ ലബനാന് ആയുധം നല്‍കിക്കൊണ്ടിരുന്നത് ഇറാനാണ് എന്നായിരുന്നു അമേരിക്കയുടെയും ഇസ്രായേലിന്റെയും ആരോപണം. പക്ഷെ, ഇപ്പോള്‍ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായുമൊക്കെ വലിയ ഒരു തകര്‍ച്ച അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിലും ഇറാന് ഹിസ്ബുല്ലക്ക് ആയുധങ്ങള്‍ നല്‍കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. അങ്ങനെയെങ്കില്‍ എവിടെനിന്നാണ് ഹിസ്ബുല്ലക്ക് ആയുധങ്ങള്‍ കിട്ടുന്നത് എന്നുള്ള ചോദ്യമുണ്ട്. ഇസ്രായേല്‍ നഗരമായ ഹൈഫയുടെ ഡ്രോണ്‍ ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് ഹിസ്ബുല്ല. ഡ്രോണ്‍ ദൃശ്യം പുറത്തുവിടുന്നതിലൂടെ തുറമുഖത്തിനടുത്തുള്ള പാര്‍പ്പിട സമുച്ചയങ്ങളും ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ഏരിയകളും തങ്ങള്‍ ആക്രമിക്കുമെന്നുള്ള സൂചനയും ഭീഷണിയും കൂടിയാണ് ഹിസ്ബുല്ല നല്‍കിയത്. ഹിസ്ബുല്ലയെ ആക്രമിക്കുന്നതിനായി ഇസ്രായേല്‍ സൈപ്രസ് തുറമുഖത്തിന്റെ സഹായം തേടിയിട്ടുണ്ടെങ്കില്‍ പോലും സൈപ്രസിന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ ഇടപെടരുത് എന്നും അങ്ങനെ വന്നാല്‍ അത് സൈപ്രസിന് വലിയ തോതില്‍ ദോഷം ചെയ്യുമെന്ന് ഹസന്‍ നസ്‌റുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
| ഹസ്സന്‍ നസ്‌റുല്ല
ഗസ്സയില്‍ ഇസ്രായേലിന് വലിയ സൈനിക വിന്യാസമുണ്ട്. അവിടെനിന്ന് പകുതിയിലധികം സൈനികരെ വലിച്ചുകൊണ്ട് ലബനാന്‍ അതിര്‍ത്തിയിലേക്ക് മാറ്റാനാണ് നിലവില്‍ ഇസ്രായേലിന്റെ ശ്രമം. അമേരിക്കയുടെ ആശങ്ക, പശ്ചിമേഷ്യന്‍ മേഖലയില്‍ തങ്ങളുടെ നിരവധി സൈനികരുണ്ട് എന്നതാണ്. ലബനാന്‍ അതിര്‍ത്തിയില്‍ വലിയൊരു യുദ്ധമുണ്ടായിക്കഴിഞ്ഞാല്‍ അത് അമേരിക്കന്‍ സൈനികരുടെ ജീവന് ഭീഷണിയാകും. ആ നിലക്ക് അമേരിക്ക യുദ്ധം ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുമുണ്ട്. ഹിസ്ബുല്ലയോട് നിലവില്‍ കളി വേണ്ട എന്ന ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രായേലിലുള്ള ബ്ലിങ്കന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിലവില്‍ ഗസ്സയില്‍ ഒരു യുദ്ധത്തില്‍ ഇറങ്ങി കൈപൊള്ളിയ അവസ്ഥയിലാണ് നെതന്യാഹു ഉള്ളത്. ലബനാനുമായി-ഹിസ്ബുല്ലയുമായി ഒരു യുദ്ധം ഈ ഘട്ടത്തില്‍ വേണ്ട എന്നുള്ള ആവശ്യം ബ്ലിങ്കന്‍ നെതന്യാഹുവിനു മുന്‍പാകെ വെച്ചു എന്നൊക്കെയാണ് കേള്‍വി. എന്തായാലും ഒരു വലിയ യുദ്ധത്തിലിത് കലാശിക്കുമോ, അല്ലെങ്കില്‍ ഇസ്രായേലിനെതിരെ ഒരു യുദ്ധത്തിനിറങ്ങാനുള്ള കെല്‍പ്പും സാമ്പത്തികശേഷിയുമൊക്കെ ഹിസ്ബുല്ലക്കുണ്ടോ എന്നുള്ളത് ഒരു ചോദ്യമായി നിലനില്‍ക്കുകയാണ്.
പശ്ചിമേഷ്യന്‍ മേഖലയില്‍ വളരെ ആപത്കരമായിട്ടുള്ള സ്ഥിതി വിശേഷം രൂപപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ യാഥാര്‍ഥ്യം. അതിര്‍ത്തി കേന്ദ്രീകരിച്ചുകൊണ്ട് വളരെ ശക്തമായിട്ടുള്ള ആക്രമണം സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ നടത്താന്‍ ഹിസ്ബുല്ലക്ക് സാധിച്ചിട്ടുണ്ട്. അതുമാത്രമല്ല, ദിവസങ്ങള്‍ക്കുമുന്‍പ് നസറുല്ല നടത്തിയ പ്രഖ്യാപനത്തില്‍ വളരെ കൃത്യമായി തന്നെ പറയുന്നുണ്ട്: കുറച്ചധികം സൈനികര്‍, പോരാളികള്‍ അല്ലെങ്കില്‍ വളരെ പരിശീലനം ലഭിച്ച ആളുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന്. ഏറ്റവും നവീനമായിട്ടുള്ള ആയുധങ്ങള്‍, ഒരുപക്ഷെ നമ്മള്‍ കണക്കുകൂട്ടുന്നതിനപ്പുറമുള്ള ദീര്‍ഘദൂര പാരാശേഷിയുള്ള മിസൈലുകള്‍ അവരുടെ കൈവശമുണ്ടാകാം. അതുകൊണ്ടുതന്നെ എത്ര ദീര്‍ഘിച്ച യുദ്ധം വേണമെങ്കിലും നടത്താന്‍ തങ്ങള്‍ക്ക് പ്രാപ്തി ഉണ്ട് എന്ന കൃത്യമായ മുന്നറിയിപ്പാണ് ഹസന്‍ നസറുല്ല നല്‍കിയിട്ടുള്ളത്. മാത്രമല്ല, ഒരു നിയമങ്ങളും തങ്ങള്‍ അംഗീകരിക്കുകയില്ല എന്നും ഏതെങ്കിലും അര്‍ഥത്തിലുള്ള ഉപാധികളോ പരിമിതികളോ തങ്ങളുടെ മുന്നില്‍ ഉണ്ടാവുകയില്ല എന്നും വളരെ വ്യാപ്തിയിലേക്കുതന്നെ ആ ആക്രമണം കൊണ്ടുപോകും എന്നും വ്യക്തമാക്കിയിരിക്കുന്നു. അവിടെ ജനവാസ കേന്ദ്രങ്ങളെന്നോ സിവിലിയന്‍ സമൂഹമെന്നോ വിവേചനം പോലും ഉണ്ടാവുകയില്ല എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുപക്ഷെ സമീപകാലത്തു ഇതാദ്യമായിട്ടാണ് ഹസന്‍ നസ്‌റുല്ലയില്‍ നിന്ന് ഇത്രയും തീക്ഷ്ണമായിട്ടുള്ള വാക്കുകളുണ്ടാവുന്നത്.
| ലെബനാന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേനക്കുനേരെ ഫലസ്തീന്‍, ഹിസ്ബുല്ല പതാകകള്‍ വീശുന്ന ഹിസ്ബുല്ല പ്രവര്‍ത്തകര്‍.
ലബനാന്‍-ഇസ്രായേല്‍ യുദ്ധാന്തരീക്ഷം ഉണ്ടായാല്‍ സ്വാഭാവികമായും അത് ഒരുപാട് തലങ്ങളിലേക്ക് വ്യാപിക്കും. ഇറാന്‍ വെറുതെ ഇരിക്കില്ലെന്ന് വ്യക്തമാണ്. ലെബനാന് നേരെ ഇസ്രായേല്‍ ആക്രമണം നടന്നാല്‍ വളരെ ശക്തമായി തന്നെ പ്രതിരോധിക്കാന്‍ തങ്ങള്‍ മുന്നിലുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികള്‍ വളരെ സമരോത്സുകരായിതന്നെ ചെങ്കടല്‍ തീരത്ത് ശക്തമാണ്. ഇറാഖിലാണെങ്കില്‍ റെസിസ്റ്റന്‍സ് ഗ്രൂപ്പ് വളരെ സജീവമായിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ ഹൈഫക്കെതിരെ ആക്രമണം നടത്തി അവര്‍ രംഗത്തുണ്ട്. വളരെ ബഹുതല സ്പര്‍ശിയായിട്ടുള്ള വ്യാപ്തിയിലേക്ക് യുദ്ധം പോകുമെന്ന ആശങ്ക ഏറ്റവും കൂടുതലുള്ളത് അമേരിക്കക്ക് തന്നെയാണ്. പക്ഷെ, നയതന്ത്രത്തിലൂടെ ഇപ്പോഴും പ്രശ്‌നപരിഹാരത്തിനുള്ള സാധ്യത ഉണ്ട് എന്നാണ് ആന്റണി ബ്ലിങ്കന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. അതിര്‍ത്തിയിലെ ആപത്കരമായ സാഹചര്യം അമേരിക്ക ഇടപെട്ട് എങ്ങനെ പരിഹരിക്കും എന്നാണ് ജനങ്ങള്‍ ഉറ്റു നോക്കുന്നത്. അതൊരു യുദ്ധത്തിലേക്ക് പോയാല്‍ വലിയ ഭവിഷ്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും എന്നത് ഉറപ്പാണ്.
അവലംബം: ന്യൂസ് ഡീക്കോഡ്
തയ്യാറാക്കിയത്: നിലൂഫര്‍ സുല്‍ത്താന