Analysis
ഇസ്രായേലിലെ വലതുപക്ഷ    രാഷ്ട്രീയ നാടകങ്ങള്‍
Click the Play button to hear this message in audio format
Analysis

ഇസ്രായേലിലെ വലതുപക്ഷ രാഷ്ട്രീയ നാടകങ്ങള്‍

പി.കെ നിയാസ്
|
22 Jun 2022 7:27 AM GMT

രണ്ട് വര്‍ഷത്തിനിടെ നാലാം തവണ നടന്ന തെരഞ്ഞെടുപ്പിന് ശേഷമാണ് വലതുപക്ഷവും മധ്യവര്‍ഗ പാര്‍ട്ടികളും ഇടതുപക്ഷവും അറബ് ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയും ഉള്‍പ്പെട്ട ഗവണ്മെന്റ് നിലവില്‍ വന്നത്. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അറബ് ഇസ്‌ലാമിക് പാര്‍ട്ടി ഭരണ മുന്നണിയുടെ ഭാഗമാകുന്നത്.

നാലു വര്‍ഷം തികയുന്നതിനു മുമ്പ് അഞ്ചാമത്തെ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് ഇസ്രായേല്‍. കഷ്ടിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ തീവ്ര വലതുപക്ഷ നേതാവ് നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള വിചിത്ര സഖ്യം പാര്‍ലമെന്റ് (ക്‌നെസറ്റ്) പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്ന് ( ജൂണ്‍ 22) ഇതു സംബന്ധിച്ച പ്രമേയം വോട്ടിനിടും. വിദേശകാര്യ മന്ത്രി യയിര്‍ ലാപിഡ് കാവല്‍ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കും. ഒക്ടോബറില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കും.

എട്ടു പാര്‍ട്ടികളുള്ള ഭരണസഖ്യം ഇത്രയും കാലം തുടര്‍ന്നതു തന്നെ അത്ഭുതമാണ്. ഒരിക്കലും യോജിച്ചു പോകാന്‍ വയ്യാത്ത വിരുദ്ധ ആദര്‍ശങ്ങള്‍ പേറുന്ന ഈ പാര്‍ട്ടികള്‍, അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരത്തില്‍ വരുന്നത് തടയുക എന്ന ഒരൊറ്റ പോയന്റില്‍ മാത്രമാണ് യോജിച്ചിരുന്നത്. രണ്ട് അംഗങ്ങള്‍ രാജിവെച്ചതിനെ തുടര്‍ന്ന് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും പ്രതിപക്ഷത്തിന് അവസരം മുതലാക്കാനുള്ള സാഹചര്യം ഇല്ലാത്തതു കൊണ്ടു മാത്രമാണ് സര്‍ക്കാര്‍ ഇത്രയെങ്കിലും പിടിച്ചുനിന്നത്.


എന്നാല്‍, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബെന്നറ്റിന്റെ യാമിന പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ പ്രതിപക്ഷ നേതാവ് ബെഞ്ചമിന്‍ നെതന്യാഹുവുമായി സഖ്യത്തിന് ശ്രമിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വരികയുണ്ടായി. ഭരണ മുന്നണിയിലെ ചില പാര്‍ട്ടികളാവട്ടെ, സര്‍ക്കാറിനുള്ള പിന്തുണ തുടരാന്‍ തങ്ങള്‍ ആവശ്യപ്പെടുന്ന നിയമ നിര്‍മാണങ്ങള്‍ നടത്തണമെന്ന ഉപാധികളുമായി ബെന്നറ്റിനെ സമ്മര്‍ദത്തിലാക്കുകയും ചെയ്തു.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളുടെ ഭൂമി കയ്യേറി വാസമുറപ്പിച്ച ജൂത കുടിയേറ്റക്കാരെയും ഫലസ്തീനികളെയും വേര്‍തിരിക്കുന്ന നിയമങ്ങള്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും പുതുക്കലാണ് പതിവ്. കഴിഞ്ഞ 55 വര്‍ഷമായി ഓരോ സര്‍ക്കാരും ഈ വംശീയ നിയമം പുതുക്കാറുണ്ട്.

എന്നാല്‍, സര്‍ക്കാരിനെ താഴെയിറക്കാന്‍ ആറ്റു നോറ്റിരിക്കുന്ന നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ബില്‍ അവതരിപ്പിച്ചാല്‍ എതിര്‍ത്തു വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കൗതുകകരമെന്ന് പറയട്ടെ, ഈ വിവേചന നിയമത്തിന്റെ ഏറ്റവും വലിയ അനുകൂലിയാണ് നെതന്യാഹു. എന്നാല്‍, അധികാരം തലക്ക് പിടിച്ചതോടെ ആ നിയമം റദ്ദായാലും പ്രശ്‌നമില്ലെന്നായി. അതുപോലെ, നിയമത്തിന്റെ കടുത്ത എതിരാളികളായ മേരേറ്റ്‌സ് എന്ന ലിബറല്‍ പാര്‍ട്ടി ഇപ്പോള്‍ അതിന്റെ അനുകൂലികളുമായി! നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതാണ് വംശീയ-അധിനിവേശ വിരുദ്ധതയേക്കാള്‍ പാര്‍ട്ടിക്ക് പ്രധാനം എന്നതാണ് കാരണം.




നിയമം കാലഹരണപ്പെടുമെന്ന ആശങ്കയാണ് ക്‌നെസറ്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകാന്‍ പ്രേരിപ്പിച്ചതെന്നാണ് ബെന്നറ്റ് പറയുന്നത്. കുടിയേറ്റക്കാരാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ വോട്ട് ബാങ്ക്. ക്‌നെസെറ്റ് പിരിച്ചുവിടപ്പെടുന്നതോടെ നിയമം സ്വയമേവ പുതുക്കപ്പെടും. വീണ്ടും അംഗീകാരം നേടിയെടുക്കാനുള്ള ചുമതല അടുത്ത സര്‍ക്കാറിനായിരിക്കും.

അടുത്ത തെരഞ്ഞെടുപ്പിലും നെതന്യാഹുവു അധികാരത്തില്‍ വരാതിരിക്കാന്‍ യോജിച്ച നീക്കം നടത്തുമെന്ന് ഭരണ സഖ്യത്തിലെ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, തന്റെ നേതൃത്വത്തിലുള്ള ലിക്കുഡ് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് തീവ്ര വലതുപക്ഷവാദിയായ നെതന്യാഹു ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ലിക്കുഡ് പാര്‍ട്ടിക്ക് മുപ്പതു സീറ്റുകള്‍ വരെ ലഭിക്കാമെന്ന് സര്‍വേകള്‍ പറയുന്നു. പാര്‍ട്ടി തന്നെ വലിയ ഒറ്റക്കക്ഷിയുമാകും. എന്നാല്‍, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍ ഒപ്പിക്കുക നെതന്യാഹുവിന് ശ്രമകരമായിരിക്കും. പ്രമുഖ പാര്‍ട്ടികള്‍ നെതന്യാഹുവിനൊപ്പം ചേരാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.

ബെന്നറ്റ് സര്‍ക്കാരിലെ ഘടക കക്ഷികളും തീവ്ര വലതുപക്ഷ പാര്‍ട്ടികളുമായ ധനമന്ത്രി അവിഗ്ദര്‍ ലെയബര്‍മാന്റെ യിസ്രായേല്‍ ബേയ്‌തെയ്‌നു, നീതിന്യായ മന്ത്രി ഗീഡിയോണ് സാറിന്റെ ന്യു ഹോപ് എന്നിവയെയാണ് നെതന്യാഹു ലക്ഷ്യമിടുന്നതെങ്കിലും ഇരു പാര്‍ട്ടികളും 'ബിബി'യെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നയാള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വിലക്കുന്ന നിയമം പാസ്സായാല്‍ നെതന്യാഹുവിനെ പൂട്ടാനാകുമെന്നാണ് ശത്രുക്കള്‍ കരുതുന്നത്. എന്നാല്‍, പല കാരണങ്ങളാല്‍ പാര്‍ലമെന്റിന് പ്രസ്തുത നിയമം പാസ്സാക്കാന്‍ കഴിഞ്ഞിട്ടില്ല. ക്‌നെസറ്റ് പിരിച്ചു വിടാന്‍ ചേരുന്ന സമ്മേളനത്തില്‍ നിയമം പാസ്സാക്കണമെന്നാണ് ലെയബര്‍മാനും ഗീഡിയോണ്‍ സാറും ആവശ്യപ്പെടുന്നത്. പുതിയ സാഹചര്യത്തില്‍ അതിനു സാധ്യത കുറവാണ്.



പന്ത്രണ്ടു വര്‍ഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് കഴിഞ്ഞ വര്‍ഷം ജൂണില്‍ നിലവില്‍ വന്ന സാമ്പാര്‍ മുന്നണി സര്‍ക്കാര്‍ ഉയര്‍ത്തിയ ഒരു ചോദ്യമുണ്ടായിരുന്നു- എത്ര നാള്‍?

റെയ്‌സര്‍തിന് മെജോരിറ്റി എന്നത് ഇസ്രായേലിനെ പോലുള്ള ഒരു ഡെമോക്രസിയില്‍ അതീവ സെന്‍സിറ്റീവ് ആയ പ്രശ്‌നമാണ്. ഭരണപക്ഷത്തുനിന്ന് ഒരു പാര്‍ട്ടിയെ പിടിച്ചു ഇപ്പുറത്തിട്ടാല്‍ നെതന്യാഹുവിന് വീണ്ടും പ്രധാനമന്ത്രി കസേരയില്‍ കയറിപ്പറ്റാന്‍ മാത്രം ദുര്‍ബലമായിരുന്നു അത്. വൈകാതെ തിരിച്ചുവരുമെന്ന് ക്‌നെസറ്റില്‍ നടത്തിയ പ്രസംഗത്തില്‍ നെതന്യാഹു ധാര്‍ഷ്ട്യത്തോടെ പ്രഖ്യാപിച്ചിരുന്നു.

നെതാന്യാഹുവിനെ താഴെ ഇറക്കണമെന്ന ഒരൊറ്റ അജണ്ടയില്‍ മാത്രം രൂപം കൊണ്ട സര്‍ക്കാരെന്ന നിലയില്‍ മുന്നണിയിലെ എട്ട് പാര്‍ട്ടികള്‍ തമ്മില്‍ ഒരു നിലക്കും ഇഴയടുപ്പമില്ല എന്നതായിരുന്നു ഒന്നാമത്തെ കാര്യം. ഈ പാര്‍ട്ടികളുടെ മിക്ക നേതാക്കളും നെതാന്യാഹുവിനോപ്പം ഈയടുത്ത കാലം വരെ അധികാരം പങ്കിട്ടവരുമായിരുന്നു. 'മാറ്റത്തിന്റെ സര്‍ക്കാര്‍' എന്ന മുദ്രാവാക്യവുമായി യേഷ് അതീദ് പാര്‍ട്ടി നേതാവ് യെയിര്‍ ലപീഡാണ് നെതന്യാഹു വിരുദ്ധ നീക്കത്തിന് ചുക്കാന്‍ പിടിച്ചത്. നെഫ്താലി ബെന്നറ്റ് നയിക്കുന്ന തീവ്ര വലതുപക്ഷ യാമിന പാര്‍ട്ടിയുടെ പിന്തുണ ലപീഡിന് കിട്ടിയതോടെ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ഇല്ലാത്ത ഒരു സര്‍ക്കാരിന് വഴിയൊരുങ്ങി.


രണ്ട് വര്‍ഷത്തിനിടെ നാലാം തവണ നടന്ന തെരഞ്ഞെടുപ്പിന് ശേഷമാണ് വലതുപക്ഷവും മധ്യവര്‍ഗ പാര്‍ട്ടികളും ഇടതുപക്ഷവും അറബ് ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയും ഉള്‍പ്പെട്ട ഗവണ്മെന്റ് നിലവില്‍ വന്നത്. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അറബ് ഇസ്‌ലാമിക് പാര്‍ട്ടി ഭരണ മുന്നണിയുടെ ഭാഗമാകുന്നത്. ഇസ്രായേലിലെ 21 ശതമാനം വരുന്ന അറബ് ന്യൂനപക്ഷത്തെയാണ് മന്‍സൂര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള യുനൈറ്റഡ് അറബ് ലിസ്റ്റ് പ്രതിനിധാനം ചെയ്യുന്നത്. നാലു സീറ്റുകളുള്ള അബ്ബാസിന്റെ റാഅമിന്റെ കൂടി പിന്തുണയില്ലെങ്കില്‍ ഈ സര്‍ക്കാര്‍ യാഥാര്‍ഥ്യമാകുമായിരുന്നില്ല. നെതന്യാഹുവിനെ താഴെ ഇറക്കാനാണ് സഖ്യത്തിന്റെ ഭാഗമായത് എന്നാണ് മന്‍സൂര്‍ അബ്ബാസിന്റെ വിശദീകരണം എങ്കിലും ഈ നിലപാടിനെതിരെ അറബ് വംശജരില്‍നിന്നും അധിനിവേശ പ്രദേശങ്ങളിലെ ഫലസ്തീനികളില്‍നിന്നും പ്രതിഷേധം ഉയരുകയുണ്ടായി.


120 അംഗ ക്‌നെസറ്റില്‍ ഏഴു സീറ്റുകള്‍ മാത്രമാണ് നെതന്യാഹുവിന്റെ മുന്‍ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയായ ബെന്നറ്റിന്റെ പാര്‍ട്ടിക്ക് ലഭിച്ചത്. പ്രതിരോധ മന്ത്രി പദവി വഹിച്ചിരുന്ന ബെന്നറ്റ്, നെതന്യാഹുവുമായി തെറ്റിപ്പിരിഞ്ഞാണ് തീവ്ര ജൂത വലതുപക്ഷ പാര്‍ട്ടിയുമായി രംഗത്തുവന്നത്. ബെന്നറ്റ് മാത്രമല്ല, ഗീഡിയന്‍ സാര്‍, അവിഗ്ദര്‍ ലിയബര്‍മെന്‍ തുടങ്ങി പഴയ സുഹൃത്തുക്കളൊക്കെ നെതന്യാഹുവിന്റെ ശത്രുക്കളായതോടെയാണ് പുതിയ സര്‍ക്കാര്‍ യാഥാര്‍ഥ്യമായത്.

ആദ്യ ടേമില്‍ ബെന്നറ്റും അടുത്ത ടേമില്‍ ലപീഡും പ്രധാനമന്ത്രി പദവി വഹിക്കാനായിരുന്നു ഇരുവരും തമ്മിലെ കരാര്‍. ലപീഡിന്റെ യെഷ് അതിദ് പാര്‍ട്ടിക്ക് 11 സീറ്റുണ്ട്. ഏത് സമയവും നിലംപതിക്കാന്‍ ഇടയുള്ള ഒരു ഗവണ്മെന്റില്‍ ലപീഡിന്റെ പ്രധാനമന്ത്രി പദവിക്ക് എന്ത് ഗ്യാരണ്ടിയെന്ന ചോദ്യം അപ്പോഴേ ഉയര്‍ന്നതാണ്. കെയര്‍ ടേക്കര്‍ പ്രധാനമന്ത്രി പദവിയില്‍നിന്ന് അടുത്ത തെരഞ്ഞെടുപ്പോടെ മുഴുസമയം പ്രധാനമന്ത്രി പദവിയിലെത്താന്‍ ലപീഡിന് കഴിയുമോ എന്നത് ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുശേഷം അറിയാം.


യയിര്‍ ലപിഡ് ഒരു ഓള്‍റൗണ്ടറാണ്. ഗ്രന്ഥകാരന്‍, കോളമിസ്റ്റ്, വാര്‍ത്താ അവതാരകന്‍, അമേച്വര്‍ ബോക്‌സര്‍ എന്നീ നിലകളിലൊക്കെ പ്രസിദ്ധന്‍. കുപ്രസിദ്ധമായ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ വാരാന്ത പത്രമായ ബാമാഹാനയുടെ മിലിറ്ററി കറസ്‌പോണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തു വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലാണ് അതിലും വലിയ നേട്ടങ്ങള്‍ ലപിഡ് കൊയ്തത്. നെതന്യാഹുവിന്റെ ഗവണ്മെന്റില്‍ ധനമന്ത്രിയായും പിന്നീട് പ്രതിപക്ഷ നേതാവായും അതിനു പിന്നാലെ പ്രധാനമന്ത്രി പദവിയില്‍ നിന്ന് നെതന്യാഹുവിനെ പുറത്താക്കിയ ഐക്യ പ്രതിപക്ഷ നിരയുടെ കിംഗ് മേക്കറായുമൊക്കെ പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിട്ടും നെതന്യാഹുമുക്ത സര്‍ക്കാര്‍ യാഥാര്‍ഥ്യമാവാന് പ്രധാനമന്ത്രി പദം പോലും ത്യജിച്ച പാരമ്പര്യവും ലാപിഡിന് മാത്രം അവകാശപ്പെട്ടത്. പന്ത്രണ്ട് വര്‍ഷമായി തുടര്‍ച്ചയായി പ്രധാനമന്ത്രി പദവിയില്‍ തുടര്‍ന്ന നെതന്യാഹുവിന്റെ റെക്കോര്‍ഡ് മോഹമാണ് ലാപിഡ് തകര്‍ത്തത്.


ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം നെതന്യാഹുവിനെക്കാള്‍ ഭീകരമായിരുന്നു ബെന്നറ്റ്-ലാപ്പിഡ് സര്‍ക്കാര്‍. ഗസ്സക്കെതിരായ ഉപരോധം, വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും അധിനിവേശ, കുടിയിറക്കല്‍ നയങ്ങള്‍ എന്നിവ കൂടുതല്‍ കര്‍ക്കശമായി തുടര്‍ന്നതിന് പുറമെ നെതന്യാഹു സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കൊന്നതിനേക്കാള്‍ കൂടുതല്‍ ഫലസ്തീനികളെ ഈ വര്‍ഷം വെസ്റ്റ് ബാങ്കില്‍ കൊന്നൊടുക്കി 'മാറ്റത്തിന്റെ സര്‍ക്കാര്‍'.

Similar Posts