Analysis
ജാക്സണ്‍ ബസാര്‍ യൂത്ത്
Analysis

'ജാക്സണ്‍ ബസാര്‍ യൂത്ത്' പറയുന്ന രാഷ്ട്രീയം

കിരണ ഗോവിന്ദന്‍
|
28 May 2023 5:51 AM GMT

മലയാള സിനിമ ഇന്നോളം വരച്ചു കാണിച്ചതില്‍ നിന്നും വ്യത്യസ്തമായി, നിസ്സഹായരായ മനുഷ്യരുടെ ചെറുത്തു നില്‍പിനെ ആവിഷ്‌കരിക്കുന്നതില്‍ തിരക്കഥാകൃത്ത് നൂറു ശതമാനവും നീതി പുലര്‍ത്തി. ഇത്തരമൊരു വിഷയത്തെ സാങ്കേതിക മികവ് കൊണ്ടും പുതുമയുള്ള ആസ്വാദന ശൈലി കൊണ്ടും സംവിധായകനും മികച്ചതാക്കി.

വ്യക്തമായൊരു രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന എന്റര്‍ടൈന്‍മെന്റ് എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത്. ജാക്‌സണ്‍ ബസാര്‍ എന്ന പുറംപോക്ക് കോളനി. അവിടെ സംഗീതം ജീവവായുവായി കൊണ്ടുനടക്കുന്ന ഒരു പറ്റം ജീവിതങ്ങള്‍. അവരുടെ അതിജീവനത്തിനായുള്ള പോരാട്ടം. ഒരു ഡോക്യുമെന്ററി പോലെ വിരസമായി പോയേക്കാവുന്ന ഒരു പ്ലോട്ട്, കോമേഴ്ഷ്യല്‍ സ്വഭാവത്തില്‍ ഭംഗിയായി പുതുമുഖ സംവിധായകന്‍ ഷമല്‍ സുലൈമാന്‍ ആവിഷ്‌കരിച്ചു എന്ന് തന്നെ പറയാം.

ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികളാല്‍ വീര്‍പ്പുമുട്ടുന്ന നിസ്സഹായരായ ജനങ്ങള്‍, ജാതി രാഷ്ട്രീയം കളിച്ചു വോട്ട് വാങ്ങി ജനങ്ങള്‍ക്കെതിരെ തിരിയുന്ന ഭരണകൂടം, ജനപ്രതിനിധികള്‍, പിറന്ന മണ്ണിന് വേണ്ടിയുള്ള ഭൂസമരങ്ങള്‍ അങ്ങനെ സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ജനം ബലിയാടാകുന്ന അനേകം അനീതികള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പ് - അതാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത്. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദമായെത്തിയ ജാക്‌സണ്‍ ബസാറിലൂടെ ഷമല്‍ സുലൈമാനും, കഥയും തിരക്കഥയും നിര്‍വഹിച്ച ഉസ്മാന്‍ മാരാത്തും മലയാള സിനിമയില്‍ അവരുടേതായ ഇരിപ്പിടം ഉറപ്പിച്ചുകഴിഞ്ഞു.

സകരിയയുടെയും മുഹ്‌സിന്‍ പരാരിയുടെയുമൊക്കെ കൂട്ടായ്മയില്‍ വരുന്ന പതിവ്, പ്രകൃതി-നന്മ മലബാര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത്. സിനിമ ഒരു വിനോദ ഉപാധി മാത്രമല്ല, മറിച്ച് ചില സാമൂഹിക അസമത്വങ്ങളെ കാണിച്ചു തരാനുള്ള കണ്ണാടി കൂടിയാണെന്ന് വീണ്ടും അവര്‍ കാണിച്ചു തന്നു.

സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും അന്യമായി പോകുന്ന ചില സമൂഹത്തെ ഇതുവരെ തിരശീലയില്‍ പരിചയപ്പെടുത്താത്ത തലങ്ങളിലൂടെയാണ് ഈ സിനിമ കാണിക്കുന്നത് എന്നത് അഭിനന്ദനീയമാണ്. കാരണം, നാം കണ്ടുശീലിച്ച, കണ്ടാല്‍ അറപ്പു തോന്നിക്കുന്ന ഒരു ആവാസ സമൂഹമല്ല ജാക്‌സണ്‍ ബസാര്‍ കോളനിയിലെ മനുഷ്യജീവനുകള്‍. നാളിന്നുവരെ മലയാള സിനിമ വരച്ചുകാണിച്ചത് അങ്ങനെ അല്ലായിരുന്നു. കാലങ്ങളുടെ പരിണാമം ഈ സമൂഹത്തിനും അന്യമല്ലെന്ന് സിനിമ പറയാതെ പറയുന്നുണ്ട്. അതിന് പിന്‍ബലമായി സംവിധായകനും തിരക്കഥാകൃത്തും യുക്തി പൂര്‍വം ചേര്‍ത്തതാണ് ബാന്‍ഡ് മേളത്തിന്റെ സംഗീതം. ആഹ്ലാദത്തിന്റെയും ഉന്മാദത്തിന്റെയും അലയൊലികള്‍ തീര്‍ക്കുന്ന ബാന്‍ഡ് സംഗീതത്തില്‍ നിന്നും കണ്ണുനീര്‍ വീഴ്ത്താന്‍ കഴിയും എന്ന് സംഗീത സംവിധായന്‍ ഗോവിന്ദ് വസന്തയും കാണിച്ചുതന്നു.


കാലങ്ങളായി അവഗണനയ്ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയപ്പെട്ട അരികുവത്കരിക്കപ്പെട്ടവരുടെ പ്രതിഷേധമാണ് ഉസ്മാന്‍ മാരാത്ത് തന്റെ ആദ്യ തിരക്കഥയിലൂടെ രേഖപ്പെടുത്തുന്നത്. എന്നാല്‍, ആ എഴുത്തിന് ജീവന്‍ കൊടുത്ത് ബലപ്പെടുത്തിയതില്‍ ഓരോ അഭിനേതാക്കളുടേയും പങ്ക് എടുത്തു പറയേണ്ടിയിരിക്കുന്നു. തന്നിലെ അഭിനയ പ്രതിഭകൊണ്ട് ഈ അടുത്ത കാലത്തായി പലകുറി അതിശയിപ്പിച്ച ഇന്ദ്രന്‍സിന്റെ മാസ്മരിക പ്രകടനമാണ് സിനിമയുടെ നട്ടെല്ല്. യുവതലമുറയെ മുന്നില്‍ നിര്‍ത്തികൊണ്ട് ഇന്ദ്രന്‍സും ജാഫര്‍ ഇടുക്കിയും സിനിമയില്‍ നിറഞ്ഞാടി.

സംഗീതവും, വൈകാരികതയും ദൃശ്യാവിഷ്‌കാരവും അളന്നു മുറിച്ചുള്ള ഫുള്‍ പാക് എന്റര്‍ടൈന്‍മെന്റ് കൊണ്ടുവരുമ്പോഴും പിന്നണിയിലെ മലബാര്‍ സിനിമാകൂട്ടം അവരുടെ രാഷ്രീയ ചര്‍ച്ചകള്‍ മാറ്റി നിര്‍ത്തിയിട്ടില്ല. സകരിയയുടെയും മുഹ്‌സിന്‍ പരാരിയുടെയുമൊക്കെ കൂട്ടായ്മയില്‍ വരുന്ന പതിവ്, പ്രകൃതി-നന്മ മലബാര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത്. സിനിമ ഒരു വിനോദ ഉപാധി മാത്രമല്ല, മറിച്ച് ചില സാമൂഹിക അസമത്വങ്ങളെ കാണിച്ചു തരാനുള്ള കണ്ണാടി കൂടിയാണെന്ന് വീണ്ടും അവര്‍ കാണിച്ചു തന്നു.


സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങളെ ഭരണകൂടം എങ്ങനെ അഭിമുഖീകരിക്കുന്നുവെന്നത് ഈ കാലത്തെ ഏറ്റവും വലിയ ചോദ്യമാണ്. ദലിതനോടും ഭൂരഹിതരോടും നിസ്സഹായരായ മനുഷ്യരോടും ഭരണകൂടവും പൊലീസും ഇപ്പോഴും ക്രൂരതകള്‍ കാണിക്കുന്നുണ്ടെന്ന് ഈയടുത്തിടെ മാധ്യമങ്ങളിലൂടെ കണ്ട ജനവിരുദ്ധ നടപടികള്‍ ശ്രദ്ധിച്ചവര്‍ക്കറിയാം. ജാക്‌സണ്‍ ബസാര്‍ യൂത്ത് ഓര്‍മിപ്പിക്കുന്നത് കേരളത്തിലെ ഒരുപാട് ഭൂസമരങ്ങളും എണ്ണിയാലൊടുങ്ങാത്ത കസ്റ്റഡി മരണങ്ങളും ആണ്. സിനിമ റിലീസ് ആകുന്നതിനു തൊട്ട് മുന്‍പ് പോലും തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ഉണ്ടായ കസ്റ്റഡി മരണവും, ഇടുക്കി യില്‍ വനം വകുപ്പെടുത്ത കള്ളക്കേസില്‍ കുടുങ്ങി ഇപ്പോഴും നിലനിപ്പിനായി പോരാടുന്ന ആദിവാസി യുവാവ് സരുണ്‍ സജിയെ പോലുള്ളവരും, ആവിക്കല്‍ തോടും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരവുമൊക്കെ സിനിമയെ കാലിക പ്രസക്തിയുള്ളതാക്കുന്നു.

ഇത്തരം സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ ലുക്മാന്‍ അവറാന്‍ എന്ന നടനെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതല്ല. 'ഉണ്ട' പോലുള്ള സിനിമകളില്‍ അയാള്‍ അത് തെളിയിച്ചതാണ്. അനീതികള്‍ക്കെതിരെ സമരം തുടരേണ്ടത് അനിവാര്യമാണെന്ന് തന്നെയാണ് ലുക്മാന്‍ ചെയ്ത അപ്പു എന്ന കഥാപാത്രത്തിലൂടെ സിനിമ പറയുന്നത്.

നായക പ്ലേസ്‌മെന്റ് തുടങ്ങി കഥാഗതിയില്‍ ഉടനീളം ക്‌ളീഷേകള്‍ പൊളിച്ചെഴുതാന്‍ പിന്നണി പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. കാസ്റ്റിംഗിലും ഈ പുതുമ കാണാം. മലയാള സിനിമ ഒരു കാലത്ത് ബോഡി ഷെയിമിങ്ങിലൂടെ, ചിരിപ്പിക്കാന്‍ വേണ്ടി മാത്രം ഉപയോഗിച്ച ഇന്ദ്രന്‍സിനെ കൊണ്ട് മാസ്സ് കാണിപ്പിച്ചത് പോലും ഒരു രാഷ്ട്രീയമാണ്. നാട്ടിലൊരു കളവ് നടന്നാല്‍ പൊലീസ് ആദ്യം തിരഞ്ഞെത്തുന്ന കോളനികള്‍ മലയാള സിനിമയില്‍ കാണിക്കുമ്പോള്‍ മിനിമം ഒരു ഗുണ്ടയോ മോഷ്ടാവോ ഇല്ലാതെ കാണിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അവിടെയാണ് ഈ മലബാര്‍ കൂട്ടായ്മ തങ്ങളുടെ രാഷ്ട്രയ ചിന്ത വ്യക്തമാക്കുന്നത്.

മലയാള സിനിമ ഇന്നോളം വരച്ചു കാണിച്ചതില്‍ നിന്നും വളരെ വ്യത്യസ്തമായി നിസ്സഹായരായ മനുഷ്യരുടെ ചെറുത്തു നില്‍പിനെ കാണിക്കുന്നതില്‍ തിരക്കഥാകൃത്ത് നൂറു ശതമാനവും നീതി പുലര്‍ത്തി. ഇത്തരമൊരു വിഷയത്തെ സാങ്കേതിക മികവ് കൊണ്ടും പുതുമയുള്ള ആസ്വാദന ശൈലി കൊണ്ടും സംവിധായകനും മികച്ചതാക്കി.

'വിരട്ടിയോടിക്കാന്‍ നില്‍ക്കണ്ട സാറേ, നടക്കില്ല' എന്ന ലുക്മാന്റെ ഡയലോഗാണ് ജാക്സണ്‍ ബസാര്‍ യൂത്ത് എന്ന ചിത്രത്തിന്റെ രാഷ്ട്രീയം. ജനവിരുദ്ധമായ അതിരു കടക്കലിനെതിരെ തള്ളിമാറ്റപ്പെട്ടവരുടെ ചെറുത്തുനില്‍പ്പായി സിനിമ മാറുന്നു. കണ്ടിറങ്ങുമ്പോള്‍ തിരശീലക്കപ്പുറം ഓരോ പ്രേക്ഷകന്റെ മനസ്സിലും ഒരു നോവായി മാറുകയാണ് ജാക്‌സണ്‍ ബസാര്‍.


ഉസ്മാന്‍ മാരാത്ത്, ഷമല്‍ സുലൈമാന്‍

Similar Posts