700 വിക്കറ്റുകള്‍; കഠിനാധ്വാനത്താല്‍ അയാള്‍ കയറിയ കൊടുമുടികള്‍
|ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം ജെഫ് ബൊയ്കോട്ടിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ആന്ഡേഴ്സണ് ദൈവിക സൗഭാഗ്യമുള്ളവനാണ്. അതുകൊണ്ടുതന്നെ ഒരു ഓറഞ്ചിനെ പോലും സ്വിങ് ചെയ്യിക്കാന്‍ അയാള്‍ക്കാകുമെന്ന് ബൊയ്കോട്ട് വിശ്വസിക്കുന്നു!. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ പേസ് താരം ജെയിംസ് ആന്‍ഡേഴ്സന്റെ കരിയറിലൂടെ.
ഹിമാലയ മുകളിലെ മേഘങ്ങളെ സാക്ഷിയാക്കി ജെയിംസ് ആന്ഡേഴ്സണ് 700വിക്കറ്റിന്റെ കൊടുമുടിയില്‍ തലയുയര്‍ത്തി നിന്നു. കുസൃതിക്കണ്ണും സ്വര്‍ണ്ണത്തലമുടിയുമായി പന്തെറിയാന്‍ വന്ന യോര്‍ക് ഷെയറിലെ ആ പയ്യനേ അല്ലായിരുന്നു അത്. താടികളില്‍ നരവീണുതുടങ്ങിയിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ പഴയതിലും കരുത്തുള്ള ശരീരം. ജൂലൈ പിറന്നാല്‍ പ്രായം 42 തികയും. ഈ നിമിഷം വരെ റിട്ടയര്‍മെന്റിനെക്കുറിച്ച് അയാള്‍ സംസാരിച്ചിട്ടേയില്ല.
ധരംശാല സ്റ്റേഡിയത്തില്‍ കുല്‍ദീപ് യാദവിനെ ബെന്‍ ഫോക്സിന്റെ കൈകളിലെത്തിച്ച് ആന്ഡേഴ്സണ് തീര്‍ത്തത് ചരിത്രമാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു പേസ് ബൗളറും മുഴക്കാത്ത സിംഫണിയുടെ മാധുര്യം. 700 വിക്കറ്റുകളെന്ന ഏഴാംസിംഫണിയിലേക്കെത്താന് അയാള്‍ എറിഞ്ഞുതീര്‍ത്തത് 39,875 പന്തുകളാണ്! മറ്റാരു പേസ് ബൗളറും ഇതിനേക്കാള്‍ പന്തുകള്‍ തൊടുത്തിട്ടില്ല.
ട്വന്റി 20 ലീഗുകളും വെള്ളപ്പന്തുകളും തേടി മറ്റുരാജ്യക്കാര്‍ പോകുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം തുടര്‍ന്നതാണ് ആന്‍ഡേഴ്സന്റെ കരുത്ത്. ചുവന്ന പന്തിനോടുള്ള പ്രണയം വെള്ളപ്പന്തിനോട് ഒരുകാലത്തും ആന്ഡേഴ്സണ് പ്രകടിപ്പിട്ടില്ല.
2003 മെയ് 22നാണ് ഈ യോര്‍ക് ഷെയറുകാരന് ആദ്യ ടെസ്റ്റിനിറങ്ങുന്നത്. അതിനും മാസങ്ങള്‍ക്ക് മുമ്പേ ഏകദിനത്തില്‍ കളിച്ചുതുടങ്ങിയിരുന്നു. ക്രിക്കറ്റ് പോലും അന്ന് ഓള്‍ഡ് സ്കൂളാണ്. ട്വന്റി 20യെക്കുറിച്ചും ഐ.പി.എല്ലിനെക്കുറിച്ചുമൊന്നും മസ്തിഷ്കങ്ങള്‍ ചിന്തിച്ചുതുടങ്ങിയിട്ടേയില്ലാത്ത കാലം. ഇന്ന് ഇംഗ്ലീഷ് കുപ്പായത്തില്‍ ആന്ഡേഴ്സണ് കൂടെ പന്തെറിയുന്ന റിഹാന് അഹമ്മദും ശുഐബ് ബഷീറും അന്ന് ജനിച്ചിട്ട് പോലുമില്ല. ഇപ്പോഴത്തെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാകട്ടെ, അന്ന് ന്യൂസിലന്‍ഡില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയിട്ടുമില്ല. ഇംഗ്ലീഷ് ടെസ്റ്റ് ടീം പരിശീലകനും ബാസ്ബോള്‍ വിപ്ലവത്തിന്റെ ഉപജ്ഞാതാവുമായ ബ്രന്‍ഡന്‍ മക്കല്ലത്തിന്റെ കാര്യമാണ് അതിലും കൗതുകം. ആന്‍ഡേഴ്സന്റെ കന്നി ടെസ്റ്റ് കഴിഞ്ഞ് പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ് മക്കല്ലം ന്യൂസിലന്‍ഡിന്റെ ടെസ്റ്റ് കുപ്പായമണിയുന്നത്!
ആന്‍ഡേഴ്സണൊപ്പം കളത്തിലെത്തിയവരും അതിന് ശേഷം പന്തെറിഞ്ഞവരുമെല്ലാം വിരമിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഫുട്ബാള്‍ പോലെയോ അത്ലറ്റിക്സ് പോലെയോ അല്ലല്ലോ ക്രിക്കറ്റ്, അതിന് ഇത്ര ശാരീരിക ക്ഷമത വേണമോ എന്ന ചോദ്യം ചിലരെങ്കിലും ഉയര്‍ത്തിയേക്കാം. പക്ഷേ, മണിക്കൂറുകളോളം മൈലുകള്‍ വേഗതയില്‍ പന്തെറിയുന്ന പേസ് ബൗളിങ് ശാരീരിക ക്ഷമതയും കഠിനാധ്വാനവും വേണ്ട കലയാണ്. മറ്റു പേസ്ബൗളര്‍മാരുടെ കരിയറും അവര്‍ നേരിട്ട പരിക്കുകളും പരിഗണിച്ചാല്‍ മതി. പ്രതിഭയില്‍ ആന്‍ഡേഴ്സണും മുകളില്‍ പരിഗണിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ഡെയില്‍ സ്റ്റെയിന് നേര് പകുതിയാളം ടെസ്റ്റുകളിലേ കളത്തിലിറങ്ങാനായിട്ടുള്ളൂ.
ബാറ്റിങ്ങിലെ പാഠപുസ്തകമെന്ന് വിശേഷണമുള്ള സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ 14 ടെസ്റ്റുകളില്‍ നിന്നായി ഒന്‍പത് തവണയാണ് ആന്ഡേഴ്സനുമുമ്പില് വീണത്. മൈക്കല്‍ ക്ലാര്‍ക്ക് ഒന്‍പത് തവണയും ക്രീസില്‍ നങ്കൂരമിടാറുള്ള ജാക്വസ് കാലിസ്, കുമാര്‍ സംഗക്കാര എന്നിവര്‍ ഏഴുതവണയും ആന്ഡേഴ്സണ് മുമ്പില്‍ നിരായുധരായി.
ആസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുെമല്ലാം ഫാസ്റ്റ് ബൗളിങ് തലമുറകള്‍ പലകുറി മാറിവന്നപ്പോഴും ഇംഗ്ലീഷ് പേസ് ബൗളിങ്ങിന്റെ ഒരറ്റത്ത് ആന്ഡേഴ്സണ് തുടര്‍ന്നു. കൂട്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡുമെത്തിയതോടെ ഇംഗ്ലീഷ് ക്രിക്കറ്റ് പുതിയ ഉയരങ്ങളിലേക്ക് പറന്നു. ട്വന്റി 20 ലീഗുകളും വെള്ളപ്പന്തുകളും തേടി മറ്റുരാജ്യക്കാര്‍ പോകുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം തുടര്‍ന്നതാണ് ആന്‍ഡേഴ്സന്റെ കരുത്ത്. ചുവന്ന പന്തിനോടുള്ള പ്രണയം വെള്ളപ്പന്തിനോട് ഒരുകാലത്തും ആന്ഡേഴ്സണ് പ്രകടിപ്പിട്ടില്ല. അതുകൊണ്ടുതന്നെ 2009ല്‍ ട്വന്റി 20യോടും 2015ല്‍ ഏകദിനത്തോടും വിടപറഞ്ഞു. പക്ഷേ, 269 വിക്കറ്റുകളുള്ള ആന്ഡേഴ്സണ് തന്നെയാണ് ഏകദിനത്തിലും ഇംഗ്ലണ്ടിന്റെ ലീഡിങ് വിക്കറ്റ് ടേക്കര്‍.
'ഹോം ട്രാക്ക് ബുള്ളി' എന്ന വാചകമാണ് ആന്ഡേഴ്സണ് തന്റെ കരിയറില്‍ നേരിട്ട ഏറ്റവും പ്രധാന വിമര്‍ശനം. ആന്ഡഴ്സണ് തന്റെ മാജിക് കാണിക്കണമെങ്കില്‍ സ്ഥലവും സൗകര്യവും എല്ലാം ഒത്തുവരണമെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. മേഘങ്ങള്‍ മൂടിയ ഈര്‍പ്പമുള്ള ഇംഗ്ലീഷ് പിച്ചുകളില്‍ മാത്രമേ ആന്ഡേഴ്സണ് പിടിച്ചുനില്‍ക്കാനാകൂ എന്നാണവരുടെ ആക്ഷേപം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ഓസ്ട്രേലിയയിലുമുള്ള മോശം പ്രകടനങ്ങള്‍ ഇതിനെ സാധൂകരിക്കുകയും ചെയ്യുന്നു. എന്നാല്‍, കഠിനാധ്വാനത്താല്‍ അദ്ദേഹം ഇതിനെ തിരുത്തിയെഴുതുകയും ചെയ്തിട്ടുണ്ട്. 2021ലെ ചെന്നൈ ടെസ്റ്റില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞതിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ''എന്നിട്ടും അവര്‍ പറയുന്നു, അവന് ഇംഗ്ലണ്ടിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ മാത്രമേ ഇതൊക്കെ ചെയ്യാനാകൂവെന്ന്''. ആന്ഡേഴ്സണ് സ്പെഷ്യല്‍ റിവേഴ്സ് സ്വിങ് ഇന്ത്യയില്‍ ഫലിക്കില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു അത്.
ബാറ്റിങ്ങിലെ പാഠപുസ്തകമെന്ന് വിശേഷണമുള്ള സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ 14 ടെസ്റ്റുകളില്‍ നിന്നായി ഒന്‍പത് തവണയാണ് ആന്ഡേഴ്സനുമുമ്പില് വീണത്. മൈക്കല്‍ ക്ലാര്‍ക്ക് ഒന്‍പത് തവണയും ക്രീസില്‍ നങ്കൂരമിടാറുള്ള ജാക്വസ് കാലിസ്, കുമാര്‍ സംഗക്കാര എന്നിവര്‍ ഏഴുതവണയും ആന്ഡേഴ്സണ് മുമ്പില്‍ നിരായുധരായി. നിലവില്‍ തന്റെ കോച്ചായ ബ്രണ്ടന്‍ മക്കല്ലം വിവിധ ഫോര്‍മാറ്റുകളില്‍ നിന്നായി 9 തവണ ആന്ഡേഴ്സണ് മുന്നില്വീണിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഏറ്റവും ജനപ്രീതിയുള്ള കായിക താരങ്ങളിലൊരാള്‍ കൂടിയാണ് ജിമ്മി. കളിക്കൊപ്പം മോഡലിങ്ങിലും തിളങ്ങുന്ന അയാളെ അവര്‍ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഡേവിഡ് ബെക്കാമെന്നാണ് വിളിക്കുന്നു.
2011 ല്‍ സചിന് ടെണ്ടുല്‍ക്കറുടെ വിക്കറ്റ് എടുത്ത ആന്‍ഡേഴ്സന്റെ ആഹ്ലാദം.
ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം ജെഫ് ബൊയ്കോട്ടിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ആന്ഡേഴ്സണ് ദൈവിക സൗഭാഗ്യമുള്ളവനാണ്. അതുകൊണ്ടുതന്നെ ഒരു ഓറഞ്ചിനെ പോലും സ്വിങ് ചെയ്യിക്കാന്‍ അയാള്‍ക്കാകുമെന്ന് ബൊയ്കോട്ട് വിശ്വസിക്കുന്നു!