Analysis
ജോഷിമഠ്: മലയിറങ്ങേണ്ടത് ജനങ്ങളോ?
Analysis

ജോഷിമഠ്: മലയിറങ്ങേണ്ടത് ജനങ്ങളോ?

തൗഫീഖ് അസ്‌ലം
|
20 Jan 2023 9:35 AM GMT

കൊച്ചുകുട്ടിളെയും പ്രായമായവരെയും കയ്യിലെടുത്താണ് ഇടിഞ്ഞുതാഴ്ന്ന വിട്ടില്‍ നിന്ന് പലരും ക്യാമ്പുകളിലേക്ക് എത്തിയത്. തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്താമെന്ന ഒരു പ്രതീക്ഷയും ഇവരുടെ കണ്ണുകളിലില്ല. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാകാത്തവിധം പലരും സങ്കടത്തില്‍ മുങ്ങിയിരുന്നു. കൊടുംതണുപ്പിനെ പ്രതിരോധിക്കാന്‍ കമ്പിളിയും ഈ വീട്ടില്‍ ജീവിച്ചിരിന്നുവെന്ന് തെളിയിക്കാനുള്ള വീടിന്റെ രേഖകളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുമായി ജോഷിമഠിലെ ഓരോരുത്തരും പുറത്തേക്ക് ഇറങ്ങുകയാണ്.

സ്വന്തം മണ്ണിനൊപ്പം ഹൃദയവും ഇടിയാന്‍ തുടങ്ങിയപ്പോള്‍ ജോഷിമഠ് നിവാസികള്‍ ഒന്നിച്ച് ഉറക്കെ പറഞ്ഞത് ഒരേയൊരു കാര്യമാണ്. മലയിറങ്ങേണ്ടത് ഞങ്ങളല്ല, സര്‍ക്കാര്‍ സ്ഥാപനമായ നാഷdണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനാണ്. കാരണം, അത്രയേറെ യാതനകള്‍ ഞങ്ങള്‍ ചുരുങ്ങിയ കാലംകൊണ്ട് ഒരു പദ്ധതിമൂലം അനുഭവിച്ചു കഴിഞ്ഞുവെന്ന് ഇവര്‍ പറയുന്നു. ഏറ്റവും ഒടുവില്‍ സ്വന്തം മണ്ണില്‍ നിന്ന് മറ്റൊരിടത്തേക്ക് പാലായനം ചെയ്യേണ്ടിയും വന്നു. ഒരു ജലവൈദ്യുത പദ്ധതി ഒരു നാടിനെ ഇല്ലാതാക്കുന്ന കഥ തന്നെ ജോഷിമഠ്കാര്‍ക്ക് പറയാനുണ്ട്. പലതവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും ഈ മനുഷ്യരെ തിരിഞ്ഞുനോക്കത്തിന്റെ എല്ലാ അമര്‍ഷവും അവരുടെ മുഖങ്ങളില്‍ പ്രകടമാണ്. രാത്രിയും നീണ്ട സമരങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മണ്ണും വീടും കൃഷിയിടവും എല്ലാം തകര്‍ന്ന് കഴിഞ്ഞ്, നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഇവരുടെ സമരത്തെ തണുപ്പിക്കാന്‍ സര്‍ക്കാരിന് ആ തുകകൊണ്ട് ആയില്ല. ജലവൈദ്യുത പദ്ധതി അവസാനിപ്പിച്ച് എന്‍.ടി.പി.സി മടങ്ങിയാല്‍ മാത്രമേ ഇപ്പോഴത്തെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ എന്ന് ഇവര്‍ വിശ്വസിക്കുന്നു.

എന്‍.ടി.പി.സിയെന്ന വില്ലന്‍

പൂജ്യത്തോടടുത്ത കൊടുംതണുപ്പിലും എന്‍.ടി.പി.സിക്കെതിരെ അവര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു. ജോഷിമഠില്‍ നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ അകലെയാണ് തപോവന്‍-വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണം നടക്കുന്നത്. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (എന്‍.ടി.പി.സി) യുടെ നെതൃത്വത്തില്‍ 2006 ല്‍ ആരംഭിച്ച്, 2013 ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, ഇപ്പോഴും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയിലൂടെ പാറ തുരന്ന് രണ്ട് തുരങ്കമാണ് നിമിക്കുന്നത്. ഒന്ന് തപോവനിലും മറ്റൊന്ന് സെലാങ്ങിലും. 12 കിലോമിറ്ററുള്ള ഈ തുരങ്ക നിര്‍മാണമാണ് ദുരിതങ്ങള്‍ക്ക് മുഴുവന്‍ കാരണമെന്ന് ജോഷിമഠുകാര്‍ വിശ്വസിക്കുന്നു. എന്നാല്‍, ഇക്കാര്യം എന്‍.ടി.പി.സി നിഷേധിച്ചു. പദ്ധതിയുടെ ഭാഗമായുള്ള തുരങ്കം ജോഷിമഠ് നഗരത്തിലൂടെ കടന്നുപോകുന്നില്ലെന്നും, സ്‌ഫോടനങ്ങള്‍ നടത്തിയ ഭാഗം ജോഷിമഠ് പ്രദേശത്ത് അല്ലെന്നും എന്‍.ടി.പി.സി ആവര്‍ത്തിച്ച് പറയുന്നു. വിവാദങ്ങള്‍ മുഖവിലക്കെടുത്ത് സര്‍ക്കാരും എന്‍.ടി.പി.സിക്കൊപ്പമാണ്.


തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി കൂടാതെ, 900 കി.മീ നീളമുള്ള ചാര്‍ധം പദ്ധതിയും ഇവിടെ നടക്കുന്നുണ്ട്. 520 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന അണക്കെട്ടാണിത്. ഇതിനായി വന്‍തോതില്‍ ഖനന പ്രവൃത്തി നടക്കുന്നുണ്ട്. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന റോഡ് പദ്ധതിയാണ് ചാര്‍ധം. തീര്‍ഥാടന വിനോദസഞ്ചാരം ലക്ഷ്യമാക്കിയാണ് റോഡ് നിര്‍മാണം. ഈ രണ്ട് പദ്ധതികളും തങ്ങളുടെ വിധി മറ്റൊന്നാക്കിത്തീര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതായി ജോഷിമഠിലെ നാട്ടുകാര്‍ പറയുന്നു.

പ്രദേശത്ത് വമ്പന്‍ പദ്ധതികള്‍ പാടില്ലെന്ന് നാല് പതിറ്റാണ്ട് മുമ്പ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണെങ്കിലും മാറിമാറി വരുന്ന സര്‍ക്കാറുകള്‍ വികസനം പറഞ്ഞ് അതെല്ലാം മറന്നു. വികസനം അനിവാര്യമാണെങ്കിലും ഇത്തരം പാരിസ്ഥിതിക, മാനവിക ദുരന്തം ക്ഷണിച്ചുവരുത്തിയാകരുതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിമാലയന്‍ പര്‍വത നിരകളിലേക്കുള്ള ആരോഹണ മാര്‍ഗങ്ങള്‍, ബദ്രിനാഥ് പോലുള്ള തീര്‍ഥാടന കേന്ദ്രങ്ങള്‍, ഇന്തോ-ചൈന അതിര്‍ത്തി എന്നുവയുടെ പ്രവേശന മാര്‍ഗമാണ് ജോഷിമഠ്. ഏറെ തന്ത്രപ്രധാന കേന്ദ്രം. ഈ ആവശ്യങ്ങളെയെല്ലാം ലക്ഷ്യമാക്കി നിരവധി കെട്ടിടങ്ങള്‍ ജോഷിമഠിലുണ്ട്. 2013ലെ കേദാര്‍നാഥ് വെള്ളപ്പൊക്കം, 2021ലെ റിഷി ഗംഗ മിന്നല്‍ പ്രളയം തുടങ്ങിയ ദുരന്തങ്ങളില്‍ നിന്ന് സര്‍ക്കാറുകള്‍ ഒന്നും പഠിച്ചില്ലെന്ന് ഭൗമശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി ലോല പ്രദേശമാണ് ഹിമാലയം. ഭൂകമ്പത്തിന് ഏറെ സാധ്യതയുള്ള സീസ്മിക് സോണ്‍ അഞ്ച്, നാല് എന്നിവയിലാണ് ഉത്തരാഖണ്ഡിലെ അധിക പ്രദേശങ്ങളും. നിലവിലെ പ്രതിഭാസത്തിന്റെ കാരണം കേന്ദ്രം നിയോഗിച്ച വിദഗ്ധ സംഘം പഠിക്കുന്നുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇനി മുന്നോട്ടുള്ള നടപടികള്‍.

ജോഷിമഠിന് സംഭവിക്കുന്നതെന്ത്

ജോഷിമഠിലെ നിലവിലെ പ്രതിഭാസത്തിന് പലകാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ പലതും സര്‍ക്കാര്‍ തന്നെ തള്ളിക്കളഞ്ഞു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സമുദ്ര നിരപ്പില്‍ നിന്ന് 6150 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് ജോഷിമഠ് അഥവാ ജ്യോതിര്‍മഠ്. ഹിമാലയം കീഴടക്കാനെത്തുന്ന മിക്കവരുടേയും ബേസ് ക്യാമ്പ് കൂടിയാണ് ഈ പട്ടണം. ശ്രീശങ്കരാചാര്യര്‍ സ്ഥാപിച്ച നാല് മഠങ്ങളില്‍ ആദ്യത്തേതും ഇവിടെയാണെന്ന പ്രത്യേകതയും ജോഷിമഠിനുണ്ട്. മലകളാല്‍ ചുറ്റപ്പെട്ട പരിസ്ഥിതി ലോല മേഖല കൂടിയാണ്. ഹിമാലയത്തിന്റെ സൗന്ദര്യം ഈ പട്ടണത്തിന്റെ ചുറ്റുംകാണും. കെട്ടിടങ്ങളില്‍ ചെറുതും വലുതുമായ വിള്ളല്‍ വീഴുന്നതും, ഭൂമിക്കടിയില്‍ നിന്ന് പുറത്തേക്ക് ശക്തമായ നീരൊഴുക്കും, ഭൂമി ഇടിഞ്ഞ് താഴുന്നതുമാണ് നിലവില്‍ ജോഷിമഠിലെ താമസക്കാരെ വലയ്ക്കുന്ന പ്രശ്‌നം. നിലവില്‍ പ്രദേശത്തുള്ള അതിശൈത്യം ഇത്തരം പ്രതിഭാസങ്ങളുടെ ആക്കം കൂട്ടിയെന്നും ജനങ്ങള്‍ പറയുന്നു. വീടുകളിലെല്ലാം തന്നെ ഓരോ ദിവസം കഴിയുമ്പോള്‍ വിള്ളലുകള്‍ കൂടുകയാണ്.


സര്‍ക്കാര്‍ ഇടപെടല്‍

അപകട സാധ്യത മുന്നില്‍ കണ്ട് ജനങ്ങളെ എത്രയും വേഗം മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സര്‍ക്കാര്‍. എന്നാല്‍, ഇത് വിജയം കാണുന്നില്ലെന്നാണ് ജോഷിമഠില്‍ നിന്ന് മനസിലായത്. കാരണം, വിള്ളലുകള്‍ കണ്ടുതുടങ്ങി രണ്ട് ആഴ്ച പിന്നിടുമ്പോഴും വളരെ കുറച്ചു കുടുംബങ്ങളെ മാത്രമാണ് മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിച്ചത്. സര്‍ക്കാര്‍ സഹായം ചെയ്യുന്നില്ലെന്ന പരാതികളും ഉയര്‍ന്നു. ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ താല്‍ക്കാലിക ഇടങ്ങളിലേക്കാണ് ഈ മാറ്റിപ്പാര്‍പ്പിക്കലുകള്‍ നടക്കുന്നത്. ഇവര്‍ക്കായുള്ള പുനരാധിവാസ പദ്ധതികളെക്കുറിച്ചുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചത്. അടിയന്തര സഹായത്തിനായി ഒരു കുടുംബതിന് ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജോഷിമഠിന് സമീപമുള്ള മുന്‍സിപ്പാലിറ്റികളിലും വിളളലുകള്‍ കണ്ടത് ആശങ്ക ഇരട്ടിപ്പിച്ചിട്ടുണ്ട്.


ജീവിതം ക്യാമ്പുകളിലേക്ക്

മാറ്റിപ്പാര്‍പ്പിച്ച കെട്ടിടത്തില്‍ ഇന്നലെകളെ കുറിച്ച് ഓര്‍ത്തിരിക്കുകയാണ് ഓരോരുത്തരും. കൊച്ചുകുട്ടിളെയും പ്രായമായവരെയും കയ്യിലെടുത്താണ് ഇടിഞ്ഞുതാഴ്ന്ന വിട്ടില്‍ നിന്ന് പലരും ക്യാമ്പുകളിലേക്ക് എത്തിയത്. തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്താമെന്ന ഒരു പ്രതീക്ഷയും ഇവരുടെ കണ്ണുകളിലില്ല. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാകാത്തവിധം പലരും സങ്കടത്തില്‍ മുങ്ങിയിരുന്നു. കൊടുംതണുപ്പിനെ പ്രതിരോധിക്കാന്‍ കമ്പിളിയും ഈ വീട്ടില്‍ ജീവിച്ചിരിന്നുവെന്ന് തെളിയിക്കാനുള്ള വീടിന്റെ രേഖകളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുമായി ജോഷിമഠിലെ ഓരോരുത്തരും പുറത്തേക്ക് ഇറങ്ങുകയാണ്. ആരുടെ വാതിലുകള്‍ മുട്ടണ്ണമെന്ന് അറിയാതെ, ജനിച്ചുവീണ മണ്ണില്‍ നയിച്ചുനേടിയതെല്ലാം ഉപേക്ഷിച്ച് ഈ ജനത മലയിറങ്ങുകയാണ്.







Similar Posts