സൈലന്റ് കൂ: ഇരുണ്ടകാലത്തെ മുഴക്കമുള്ള ശബ്ദം
|ഇന്ത്യന്‍ ജനാധിപത്യത്തെ പലപ്പോഴും ഇകഴ്ത്തുന്നത് ദുരധികാര പ്രയോഗമാണ്. ജനങ്ങളുടേയും രാജ്യത്തിന്റേയും സുരക്ഷയ്ക്കായി നിയമിക്കപ്പെട്ടിട്ടുള്ള ഏജന്‍സികള്‍ ഡീപ് സ്റ്റേറ്റ് ആയി മാറുന്ന പ്രതിഭാസം പുതിയതല്ല. കൂടുതല്‍ വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തില്‍ ഒരു മാധ്യമപ്രവര്ത്തകന് ആ ഡീപ് സ്റ്റേറ്റിന്റെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും സഞ്ചരിക്കുകയാണ്. ജോസി ജോസഫ് എഴുതിയ 'സൈലന്റ് കൂ' എന്ന പുസ്തകത്തിന്റെ വായന.
''മനുഷ്യര്‍ അവരുടെ ജീവിതം കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങളില്‍ ഹോമിക്കുന്നതൊ, ആഭ്യന്തര യുദ്ധങ്ങളില്‍ ഏര്‍പ്പെട്ട് കൊല്ലപ്പെടുന്നതൊ, അല്ലെങ്കില്‍ ഗസ്റ്റപ്പോയുടെ രഹസ്യ ജയിലുകളില്‍ പീഡിപ്പിക്കപ്പെടുന്നതൊ, ഉഷ്ണ-ശീതീകരണ സംവിധാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവുമുള്ള പറുദീസകള്‍ സ്ഥാപിക്കാനല്ല, പകരം വഞ്ചിയ്ക്കുകയും കൊല്ലുകയും ചെയ്യാതെ മനുഷ്യര്‍ പരസ്പരം സ്നേഹിക്കുന്ന ഒരു ലോകമാണവര്ക്ക് വേണ്ടിയിരുന്നത്''. ലോകത്താകമാനം അന്നുവരെ ഉടലെടുത്ത സ്വേച്ഛാധിപത്യ-സാമ്രാജ്യത്വ പ്രവണതകളേയും അവയെ പിന്തുടര്ന്ന് വന്നവയേയും വളരെ കൃത്യമായി വിമര്‍ശിച്ചിരുന്ന ജോര്‍ജ് ഓര്‍വലിന്റെ വാക്കുകളാണിത്. ഇന്ന് ജനാധിപത്യരാജ്യങ്ങളില്‍ പോലും പ്രകടമായി കണ്ടുവരുന്ന സ്വേച്ഛാധിപത്യ പ്രവണത കാണുമ്പോള്‍ ലോകരാഷ്ട്രീയം വളരെ അടുത്തുനിന്ന് നിരീക്ഷിച്ച മാധ്യമപ്രവര്ത്തകന് കൂടിയായ ഓര്‍വലിന്റെ വാക്കുകളിലെ പ്രവചനസ്വഭാവം നമുക്ക് വ്യക്തമാകും. ഒരു രാജ്യം സ്വതന്ത്രമാകാന്‍, ആ രാജ്യത്ത് ജനാധിപത്യവും സാമൂഹ്യനീതിയും പുലരാന്‍ ജീവന് ത്യജിച്ചവര്‍ പിന്നീട് വിഡ്ഢികളാവുന്ന അവസ്ഥയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കണ്ടുവരുന്നത്. സാമ്രാജ്യത്വ ശക്തികളോ, സ്വേച്ഛാധിപതികളോ നീക്കം ചെയ്യപ്പെട്ട് വരുന്ന ജനാധിപത്യ ഭരണകൂടം ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ അവരെ നിരന്തരം സുരക്ഷാ ഏജന്‍സികളെ ഉപയോഗിച്ച് നിരീക്ഷിക്കുകയും പലപ്പോഴും ഭീഷണിപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന വിരോധാഭാസപ്രക്രിയയാണ് ഇവിടങ്ങളിലെല്ലാം സംഭവിക്കുന്നതെന്ന് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ തന്നെ നമുക്ക് മനസ്സിലാകും.
ഇത്രയും ആമുഖമായി പറഞ്ഞത് പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്ത്തകന് ജോസി ജോസഫ് എഴുതിയ 'സൈലന്റ് കൂ' (നിശബ്ദ അട്ടിമറി) എന്ന പുസ്തകത്തെക്കുറിച്ച് പറയാനാണ്. നേരത്തെ 'ഫീസ്റ്റ് ഓഫ് വള്‍ചേഴ്സ്' (കഴുകന്മാരുടെ വിരുന്ന്) എന്ന പുസ്തകത്തിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുഷിപ്പുകളെ ധൈര്യസമേതം തുറന്നുകാട്ടിയ എഴുത്തുകാരനില്‍ നിന്നുള്ള മറ്റൊരു സുധീരമായ പുസ്തകമാണ് സൈലന്റ് കൂ. ധാരാളം വസ്തുതകളും വിവരണങ്ങളും ഉള്ള പുസ്തകത്തെക്കുറിച്ച് ആസ്വാദനം എഴുതുക എന്നത് സാഹസമാണ്. ഒരു ശരാശരി വായനക്കാരന് ഈ പുസ്തകം വായിച്ചപ്പോള്‍ ഉണ്ടായ അനുഭവം എന്ന നിലയ്ക്ക് മാത്രം തുടര്‍ന്നുള്ള എഴുത്തിനെ കാണണമെന്ന് അഭ്യര്‍ഥിക്കുന്നു.
ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നവര്‍ പലപേരിലാണ് അറിയപ്പെട്ടിരുന്നത്. അത് ചിലപ്പോള്‍ സ്വാതന്ത്രസമര പോരാളികള്‍, നുഴഞ്ഞുകയറ്റക്കാര്‍, സമരപോരാളികള്‍ എന്നിങ്ങനെയാകാം. എന്നാല്‍, സെപ്തംബര്‍ പതിനൊന്നിലെ ആക്രമണത്തിന് ശേഷം ആ പദങ്ങളൊക്കെ റദ്ദാകുകയും പകരം 'ഭീകരവാദി' എന്ന പദം പരക്കെ ഉപയോഗിക്കപ്പെടുകയും ചെയ്തു. പുസ്തകത്തില്‍ അവസാനഭാഗത്ത് ആ പദ നിര്‍മ്മിതി 'അര്‍ബന്‍ നക്സല്‍ ' എന്ന പദത്തിലേക്ക് എത്തിയതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
'ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യസംഘങ്ങളുടെ ചരിത്രം' എന്ന ഈ ഗ്രന്ഥത്തിന്റെ ടാഗ് ലൈനില്‍ നിന്നുതന്നെ നിങ്ങളിലെ വായനക്കാരന് ഉള്ളിലെ വിഭവത്തിന്റെ മണം പിടിക്കും. ഒരു സാഹിത്യകൃതി വായിച്ചുപോകാവുന്ന അത്ര ലളിതവും ആകര്‍ഷകവുമായ ആഖ്യാനരീതിയാണ് ജോസി ജോസഫ് ഈ പുസ്തകത്തില്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, ഇതില്‍ വിവരിക്കുന്നവയെല്ലാം ഏതൊക്കെയോ സാധുമനുഷ്യരുടെ ജീവിതത്തെ കശക്കിയെറിഞ്ഞ യഥാര്‍ഥ സംഭവങ്ങളാണെന്ന ബോധം നമ്മുടെ ഉള്ള് പൊള്ളിക്കും. ചോര തിളച്ചുകൊണ്ടല്ലാതെ ഇത് വായിച്ച് മുഴുമിപ്പിക്കാന്‍ നിങ്ങള്‍ക്കാകില്ല. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് മിഥ്യാധാരണയുള്ളവരായിരുന്നു നിങ്ങളെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ധാരണകള്‍ക്ക് വലിയ ഇളക്കംതട്ടും. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട പൊതു ആഖ്യാനങ്ങളുടെ കോലാഹലങ്ങളില്‍ നിന്ന് നിങ്ങളുടെ മനസ് പതുക്കെ സ്വതന്ത്രമാവാന്‍ തുടങ്ങും. നിങ്ങള്‍ക്ക് പിന്നീട് ആ നിഷ്കളങ്ക മധ്യവര്‍ത്തിയായി തുടരാന്‍ സാധിക്കില്ല. നേരിനെ ഈ പുസ്തകത്തിന്റെ വായനക്കാരന് നേരിടേണ്ടി വരും, തീര്‍ച്ച.
''ഇന്ത്യ എന്ന രാജ്യം നേരിട്ടിട്ടുള്ള ഏറ്റവും ഗൗരവമേറിയ ഭീഷണിയെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. ആത്യന്തികമായി ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം സംരക്ഷിക്കാന്‍ ധാര്‍മികമായി ബാധ്യസ്ഥരായ ആളുകളാല്‍ നേരിടുന്ന ഏറ്റവും നിര്‍ദ്ദയമായ ആക്രമണത്തിന്റെ അപൂര്‍ണമായ ഒരു തെളിവ് ശേഖരണമാണ്. കാക്കി കുപ്പായക്കാര്‍ തങ്ങള്‍ക്ക് ശമ്പളം നല്കുന്ന, സ്വന്തം വിയര്‍പ്പുകൊണ്ട് അന്നം കഴിക്കുന്ന പൊതുസമൂഹത്തിനെ ഭീതിയിലാഴ്ത്തുന്നതിന്റെ തലമുറകള്‍ നീണ്ട കഥയാണിത്''. ആമുഖത്തിലെഴുതിയ മൂര്‍ച്ചയുള്ള ഈ ചുരുങ്ങിയ വാക്കുകളില്‍ ഈ പുസ്തകത്തിന്റെ അന്തസത്ത ജോസി ജോസഫ് സുവ്യക്തമായി പറഞ്ഞുവെയ്ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ട തന്റെ റിപ്പോര്‍ട്ടിംഗ് ജീവിതത്തില്‍ കണ്ട നേരിന്റെ ഭാരം വായനക്കാരിലേക്കും കൂടി ഇറക്കിവെയ്ക്കുകയാണ് എഴുത്തുകാരന്. അത് പക്ഷേ കേവലം വീരവാദങ്ങളോ ഗതകാലസ്മരണകളോ അല്ല, പകരം രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറഞ്ഞ കുട്ടിയുടെ സത്യസന്ധമായ നിലപാടാണ്. പരന്നുകിടക്കുന്ന ആഖ്യാനങ്ങള്‍ക്കും, ഒന്നില്‍ നിന്ന് ഒന്നിലേക്ക് തെന്നി പോകുന്ന ഉപാഖ്യാനങ്ങള്ക്കുമിടയിലും ഈ പുസ്തകംകൊണ്ട് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന സുരക്ഷാ സംവിധാനങ്ങളുടെ അധാര്‍മ്മികമായ പ്രവര്‍ത്തനങ്ങളെന്ന വസ്തുതയിലേക്ക് വായനക്കാരനെ വലിച്ചടുപ്പിക്കാന്‍ ജോസി ജോസഫ് നിരന്തരം യത്നിക്കുന്നുണ്ട്. രാജ്യത്തെ വ്യവസ്ഥിതി നിരന്തരം ഊട്ടുന്ന ജനപ്രിയമായ ആഖ്യാനങ്ങളിലെ പൊരുത്തക്കേടുകള്‍ എണ്ണിയെണ്ണി പറഞ്ഞ് സൃഷ്ടിപരമായ അവബോധത്തിലേക്ക് ഇന്ത്യന്‍ സമൂഹത്തെ എത്തിക്കാനുള്ള നീക്കം ആത്മാര്‍ത്ഥമായി ഈ പുസ്തകത്തില്‍ കാണാം.
മുംബൈയിലെ വാഹിദ് ഷെയ്ഖ് എന്ന അധ്യാപകന്റെ കഥയില്‍ നിന്നാണ് വിവരണം തുടങ്ങുന്നത്. 2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ വാഹിദ് ഒരു പതിറ്റാണ്ട് നീണ്ട ജയില്‍വാസത്തിനൊടുവില്‍ നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കപ്പെട്ട ആളാണ്. വാഹിദിന്റെ കഥ പറയുന്നതിന് മുന്നെ എങ്ങനെയാണ് മുസ്ലിം വിരുദ്ധത അന്താരാഷ്ട്ര തലത്തില്‍ തന്നെ പടര്‍ന്നതെന്ന് ജോസി ജോസഫ് പുസ്തകത്തില്‍ പറയുന്നുണ്ട്. അമേരിക്കയില്‍ 2001 സെപ്തംബര്‍ 11നുണ്ടായ ഭീകരാക്രമണം ലോകത്ത് സംഭവിച്ച പ്രധാന ഇന്റലിജന്‍സ് വീഴ്ചകളില്‍ ഒന്നാണ്. അതിനെ വിവിധ ഭരണകൂടങ്ങള്‍ തങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ ഉപയോഗപ്പെടുത്തിയതിനെക്കുറിച്ച് പുസ്തകം സംസാരിക്കുന്നു. അതുവരെ ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നവര്‍ പലപേരിലാണ് അറിയപ്പെട്ടിരുന്നത്. അത് ചിലപ്പോള്‍ സ്വാതന്ത്രസമര പോരാളികള്‍, നുഴഞ്ഞുകയറ്റക്കാര്‍, സമരപോരാളികള്‍ എന്നിങ്ങനെയാകാം. എന്നാല്‍, സെപ്തംബര്‍ പതിനൊന്നിലെ ആക്രമണത്തിന് ശേഷം ആ പദങ്ങളൊക്കെ റദ്ദാകുകയും പകരം 'ഭീകരവാദി' എന്ന പദം പരക്കെ ഉപയോഗിക്കപ്പെടുകയും ചെയ്തു. ആലോചിച്ചു നോക്കൂ; എത്ര ശരിയാണ്. ഭീകരവാദിയെന്ന സന്ദിഗ്ധാര്ത്ഥമുള്ള ഒരു പദം കൊണ്ട് എത്രയെത്ര നീഗൂഢ പദ്ധതികളാണ് ഭരണകൂടങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. ഈ പുസ്തകത്തില്‍ തന്നെ അവസാനഭാഗത്ത് ആ പദ നിര്‍മ്മിതി 'അര്‍ബന്‍ നക്സല്‍ ' എന്ന പദത്തിലേക്ക് എത്തിയതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
ഇരുപത് വര്‍ഷത്തിലധികമായി സുരക്ഷാസേനകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ ഇന്ത്യന്‍ സുരക്ഷാസേനയിലെ മുസ്ലിം വിരുദ്ധതയെക്കുറിച്ച് ജോസി ജോസഫിന്റെ നിരീക്ഷണം പ്രാധാന്യമുള്ളതാണ്. സുരക്ഷാസംവിധാനങ്ങളുടെ തലപ്പത്ത് മുസ്ലിം നാമധാരികള്‍ വരാതിരിക്കാനുള്ള ബോധപൂര്‍വമുള്ള കരുതല്‍ അതിനുള്ളില്‍ നിന്നുതന്നെ ഉണ്ട് എന്ന് അദേഹം ഉദാഹരണം സഹിതം വ്യക്തമാക്കുന്നുണ്ട്. ഈ മാനസികാവസ്ഥയിലുള്ള ഉദ്യോഗസ്ഥരാണ് പലപ്പോഴും നാം അറിയുന്ന പൊതുആഖ്യാനങ്ങളില് മുസ്ലിം വിരുദ്ധത പടര്‍ത്തുന്നത്. എത്ര ദയാരഹിതമായാണ് സ്വന്തം രാജ്യത്തെ പൗരന്മാരെ ഇക്കൂട്ടര്‍ അന്യവത്കരിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥന്മാരുടെ പേനത്തുമ്പില്‍ തകര്ന്നുവീഴേണ്ടതാണോ ഈ രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം? അല്ലെങ്കില്‍ അവരുടെ കാര്യക്ഷമതയില്ലായ്മയുടെ ഇരയാവേണ്ടവരാണോ ഇവിടത്തെ പൗരന്മാര്? ഈ പുസ്തക വായനയില്‍ ഉടനീളവും അതുകഴിഞ്ഞും ഇത്തരം ചോദ്യങ്ങളിങ്ങനെ മനസ്സിനെ മദിച്ചുകൊണ്ടിരിക്കും. വാഹിദിനെ ചോദ്യം ചെയ്യുന്ന ഭാഗം വായിച്ചാല്‍ സുരക്ഷാഏജന്‍സികള്‍ എങ്ങനെയാണ് ഉത്തരങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നത്. മൊഴികള്‍ എങ്ങനെ കളവിന്റെ കൂട്ടിച്ചേര്‍ക്കലുകളിലൂടെ സത്യമായി തോന്നുന്നു എന്നെല്ലാം വ്യക്തമാകും.
നമുക്ക് പാതിയറിയാവുന്ന വിവരങ്ങള്‍ പൂര്‍ണമാക്കി ക്രോഡീകരിക്കപ്പെട്ടിരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. വായിച്ച് മറക്കേണ്ടവയല്ല ആ സംഭവങ്ങളൊന്നും. മറിച്ച് ഓര്‍ത്തോര്‍ത്ത് അവയെ വ്യവസ്ഥയുടെ പരിവര്‍ത്തനത്തിലേക്കുള്ള ഇന്ധനമാക്കി മാറ്റുകയാണ് വേണ്ടതെന്ന് എഴുത്തുകാരന് ആഹ്വാനം ചെയ്യുകയാണ്. വാഹിദിന്റെ കഥ ചിലപ്പോഴൊക്കെ ഒരു സിനിമാക്കഥയെ ഓര്‍മിപ്പിച്ചു. (വാഹിദിന്റെ അനുഭവങ്ങള്‍ പ്രമേയമാക്കി ഹീമോലിംഫ് എന്ന പേരില്‍ സുദര്ശന് ഗമാരോ ഹിന്ദി സിനിമ സംവിധാനം ചെയ്തിട്ടുണ്ട്) രക്ഷകന് വരുമെന്നോ സിനിമയ്ക്ക് മാത്രം സാധ്യമായ അസാധ്യതകള്‍ ഉണ്ടാവുമെന്നോ പ്രതീക്ഷിക്കാന്‍ കഴിയാതെ വായനക്കാരന് പിരിമുറുക്കത്തിലാകും. വാഹിദിന്റെ കഥയിലൂടെ സുരക്ഷാസേനയുടെ നിഗൂഢപദ്ധതികളുടേയും അന്വേഷണ രീതിയുടേയും വ്യക്തമായ രൂപരേഖ വരച്ചുതരാന്‍ ഈ പുസ്തകം ശ്രമിക്കുന്നു. ജീവിതം നശിപ്പിക്കപ്പെട്ട നിരവധി നിരപരാധികളായ വാഹിദുമാരുടെ മുഖം ഓര്‍മ്മയുടേയും ബോധപൂര്‍വമായി മറയ്ക്കപ്പെട്ട ബോധത്തിന്റേയും ഇടയില്‍ നിന്ന് നമ്മെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്നതുപോലെ തോന്നും.
വാഹിദ് ഷെയ്ഖ്
മുംബൈയിലെ വാഹിദിന്റെ കഥയില്‍ നിന്ന് ഗുജറാത്തിലേക്കും, കശ്മീരിലേയ്ക്കും, പഞ്ചാബിലേക്കും, മണിപ്പൂരിലേയ്ക്കും, ശ്രീലങ്കയിലേക്കും സംഭവകഥകളുടെ വിവരണം പരന്നുകിടക്കുകയാണ്. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിക്കൊല്ലപ്പെട്ട അഫ്സല് ഗുരു, ആരോപണം ഉന്നയിച്ച കശ്മീര്‍ പൊലീസിലെ ഉദ്യോഗസ്ഥന് ദവീന്ദര്‍ സിംഗിനെ 2020 ല്‍ രണ്ട് തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റ് ചെയ്ത സംഭവങ്ങളെ കൂട്ടിവായിച്ചു നോക്കൂ. സുരക്ഷാസേനകളുടെ നിഗൂഢ പദ്ധതികളെക്കുറിച്ച് തുടര്‍ പേജുകളില്‍ ഇതിലും വലിയ വെളിപ്പെടുത്തലുകളാണ് ഉള്ളത്. വാഹിദിന്റെ ഭാഗം അവസാനിപ്പിക്കുമ്പോള്‍ ജോസി ജോസഫ് എഴുതിയ ചില വരികള്‍ അത്രയേറെ ഹൃദയത്തില്‍ നിന്നുള്ളതാണ്. അത് ഇങ്ങനെയാണ്. ''എങ്ങനെയാണ് നമ്മുടെ പൊലീസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നിയമത്തോടും, പൗരസമൂഹത്തോടും, ഭരണകൂടത്തോടും, ഇത്രയേറെ അനാദരവ് പ്രകടിപ്പിക്കാനാവുക? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാകുന്നതിനും പുതിയ രാജ്യത്തിന്റെ പരമാധികാരം കാത്ത് സൂക്ഷിക്കുന്നതിനുമായി സുരക്ഷാസംവിധാനത്തെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കുന്നതിനും ഇന്ത്യ ധൃതിപ്പെട്ടതിന്റെ പരിണിതഫലം. അക്കാലത്തെ രാഷ്ട്രീയ നേതൃത്വമോ കോടതികളോ സുരക്ഷാസംവിധാനത്തിന്റെ ഉത്തരവാദാധിഷ്ഠിതമായ പ്രവര്‍ത്തനം ഉറപ്പുവരുത്തിയില്ല, പ്രത്യേകിച്ച് സൈനികേതര വിഭാഗങ്ങളുടെ. ഇന്ത്യയിലെ രഹസ്യ സമാന്തര ഭരണകൂടം രൂപംകൊണ്ടത് ഇവിടത്തെ ജനാധിപത്യത്തിന്റെ അപശ്രുതിയിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന ആഗോള വാചാടോപത്തിന്റേയും ഇടയിലാണ്''.
14 ജില്ലകളിലെ 1600 ഗ്രാമങ്ങളില്‍ നിന്ന് ഒരാളെങ്കിലും പൊലീസ് നിമിത്തം കാണാതായിട്ടുണ്ടെന്ന് കണക്കുകള്‍ ഉള്ള തൊണ്ണൂറുകളിലെ പഞ്ചാബിനെക്കുറിച്ച് വിശദീകരിച്ച് ജോസി ജോസഫ് പറയുന്നു, ''2021 ല്‍ നിന്ന് നോക്കുമ്പോള്‍ തൊണ്ണൂറുകളിലെ പഞ്ചാബും ഇക്കാലവും തമ്മില്‍ ഭയാനകമായ സാദൃശ്യങ്ങള്‍'' ഉണ്ടെന്ന്. സംസ്ഥാനങ്ങളിലുടനീളം ഭരണകൂടങ്ങളുടെ വിമര്‍ശകര്‍ക്കെതിരെ ഇതേ തന്ത്രമാണ് പയറ്റുന്നത്. ഗാന്ധിയന്‍ സാമൂഹ്യപ്രവര്‍ത്തകരെ തീവ്രവാദികളാക്കുന്നു. ആരാധ്യരായ അധ്യാപകരെ കൊലപാതക ഗൂഢാലോചനകളില്‍ പങ്കാളികളാക്കുന്നു.
പല ഇന്ത്യന്‍ കഥകള്‍ എന്ന ഭാഗത്ത് കശ്മീരിലും ശ്രീലങ്കയിലും ഇന്ത്യന്‍ സുരക്ഷാസേന നടത്തിയ പ്രവൃത്തികളെക്കുറിച്ചുള്ള വസ്തുനിഷ്ഠാപരമായ വിവരണങ്ങളാണ്. അതില്‍ ഛത്തീസിങ്പോര കൂട്ടക്കൊലയും സൈന്യത്തിന്റെ പൊളിഞ്ഞ പ്രത്യാക്രമണ പദ്ധതിയും തുടര്‍ന്നുണ്ടായ പ്രതിഷേധവും അതിലെ നിരപരാധികളുടെ കൂട്ടക്കൊലയും വായിക്കുമ്പോള്‍ നാം ഏതോ ത്രില്ലര്‍ സിനിമയുടെ കഥ കേള്‍ക്കുകയാണോ എന്ന് തോന്നും. അത്രമാത്രം അവിശ്വസനീയമായ സംഭവങ്ങളാണ് അവിടെ നടന്നത്. നാം ജനാധിപത്യമെന്ന് ഊറ്റംകൊള്ളുന്ന രാജ്യത്ത് സുരക്ഷാസേനകള്‍ നടത്തിയ കൂട്ടക്കൊലകളുടെ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ഭാഗം. കശ്മീരില്‍ മജീദ് ദറിനെ അമിമുഖം നടത്താന്‍ ശ്രമിക്കുന്നതും അവസാനം അഭിമുഖം നടത്തുന്നതുമായ ഭാഗം വായിച്ചപ്പോള്‍, കെന്‍ ലോച്ചിന്റെ ദ വിന്റ് ദാറ്റ് ഷേക്കണ്‍ ദ ബാര്‍ലി എന്ന സിനിമയിലെ ചില രംഗങ്ങല്‍ ഓര്മ വന്നു.
ശ്രീലങ്കയില്‍ ഇന്റലിജന്‍സ് സംവിധാനം വേണ്ടത്ര പ്രവര്ത്തിക്കാത്തതിന്റേയും തമിഴ്പുലികളെക്കുറിച്ച് പൂര്‍ണമായും മനസിലാക്കാത്തതും സൈന്യത്തിന് എത്ര വലിയ തിരിച്ചടിയായി എന്ന് വിസ്തരിച്ച് തന്നെ തുടര്‍ന്ന് പറയുന്നുണ്ട്. തമിഴ്പുലികളുടെ മനോഭാവം, അവരുടെ ക്രൂരതകള്‍, ആസൂത്രണമികവ്, ഇന്ത്യയോടുള്ള മനോഭാവം, അവര്‍ക്ക് പരിശീലനം നല്‍കുകയും നമ്മുടെ കുട്ടികളെന്ന് അവകാശപ്പെടുകയും ചെയ്ത ഇന്ത്യന്‍ സൈന്യത്തിന്റെ ദൈന്യം എല്ലാം വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിവിരിക്കുന്നു. ശ്രീലങ്കയെ രക്തപങ്കിലമാക്കിയ ആ ഇരുണ്ടകാലഘട്ടത്തെക്കുറിച്ചുള്ള നേര് ചിത്രം ഇതുവഴി വായനകാരന് കിട്ടും. ഐലന്റ് ഓഫ് ബ്ലഡ് പോലുള്ള പുസ്തകങ്ങളില്‍ നാം വായിച്ച ശ്രീലങ്കന്‍ രാഷ്ട്രീയത്തിന്റെ മറ്റൊരു വശമാണ് സൈലന്റ് കൂവില്‍ ജോസി ജോസഫ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള വിവരകൈമാറ്റം അവയ്ക്കുള്ളിലെ ആഭ്യന്തരപോര് കാരണം പലപ്പോഴും പ്രശ്നത്തിലാവുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ജോസി ജോസഫ് വിലയിരുത്തുന്നു. മുംബൈ ഭീകരാക്രമണം, കാര്‍ഗില്‍ യുദ്ധം തുടങ്ങിയവ ഉദാഹരിച്ച് ജോസി ജോസഫ് അത് വ്യക്തമാക്കുന്നുണ്ട്. എ.സി 814 വിമാന റാഞ്ചലിന്റെ വിവരങ്ങളും എങ്ങനെയാണ് സുരക്ഷാ ഏജന്‍സികള്‍ അതിനെ നേരിട്ടതെന്നും ഇതില്‍ വിവരിക്കുന്നു. 14 ജില്ലകളിലെ 1600 ഗ്രാമങ്ങളില്‍ നിന്ന് ഒരാളെങ്കിലും പൊലീസ് നിമിത്തം കാണാതായിട്ടുണ്ടെന്ന് കണക്കുകള്‍ ഉള്ള തൊണ്ണൂറുകളിലെ പഞ്ചാബിനെക്കുറിച്ച് വിശദീകരിച്ച് ജോസി ജോസഫ് പറയുന്നു, ''2021 ല്‍ നിന്ന് നോക്കുമ്പോള്‍ തൊണ്ണൂറുകളിലെ പഞ്ചാബും ഇക്കാലവും തമ്മില്‍ ഭയാനകമായ സാദൃശ്യങ്ങള്‍'' ഉണ്ടെന്ന്. സംസ്ഥാനങ്ങളിലുടനീളം ഭരണകൂടങ്ങളുടെ വിമര്‍ശകര്‍ക്കെതിരെ ഇതേ തന്ത്രമാണ് പയറ്റുന്നത്. ഗാന്ധിയന്‍ സാമൂഹ്യപ്രവര്‍ത്തകരെ തീവ്രവാദികളാക്കുന്നു. ആരാധ്യരായ അധ്യാപകരെ കൊലപാതക ഗൂഢാലോചനകളില്‍ പങ്കാളികളാക്കുന്നു.
പെഗാസസ് സ്പൈവയര്‍ ഉപയോഗിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ടെന്ന് കാനഡ ആസ്ഥാനമായിട്ടുള്ള സിറ്റിസണ്‍ ലാബ് വെളിപ്പെടുത്തിയിട്ടുണ്ട്. പെഗാസസ് സ്പൈവയറിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത് സര്‍ക്കാരുകളുടെ സുരക്ഷാ ഏജന്‍സികള്‍ക്കും നിയമപാലന ഏജന്‍സികള്‍ക്കും മാത്രമേ അവര്‍ ഈ സ്പൈവയര്‍ വില്‍ക്കാറുള്ളൂ എന്നാണ്. ഇതില്‍ നിന്നു തന്നെ എത്ര വലിയ ഗൂഢാലോചനയാണ് മനുഷ്യാവകാശപ്രവര്‍ത്തകരെ കുടുക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് തെളിയുന്നു.
പഞ്ചാബില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോകുമ്പോഴും സുരക്ഷാസേനകളുടെ ഇടപെടലുകളില്‍ വലിയ മാറ്റം കാണില്ല. തീവ്രവാദികള്‍ പണാപഹരണം നടത്തുന്ന പെറ്റി ക്രിമിനലുകളായി മാറിയ മണിപ്പൂരടക്കമുള്ള സംസ്ഥാനത്ത്, തീവ്രവാദികളും സുരക്ഷാസേനയും ഒരുപോലെ സാധാരണ ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു എന്ന് പറയുന്നതിലൂടെ എത്രമാത്രം അധഃപതിച്ച നിലയിലാണ് സുരക്ഷാസേന അവിടെ പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമാകും.
ഈ പുസ്തകം അവസാനിക്കുന്നത് ദില്ലി കലാപം തുടങ്ങുന്നിടത്താണ്. 2010 ല്‍ തുടങ്ങി അല്പകാലം നീണ്ടു നിന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ സുവര്‍ണകാലത്തെ ഗുജറാത്ത് മോഡല്‍ എന്ന അധ്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അധികാരത്തിലിരിക്കുന്നവരെ കുറിച്ച് വാര്‍ത്തയെഴുതാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായ കാലഘട്ടത്തിന് പക്ഷേ അല്പായുസ്സായിരുന്നു. 2014ല്‍ എന്‍.ഡി.എ അധികാരത്തില്‍ വന്നതുമുതല്‍ മാധ്യമപ്രവര്‍ത്തനം ഏതു രീതിയില്‍ മാറിപ്പോയെന്ന് ഒരുവിധം ഇന്ത്യക്കാര്‍ക്കെല്ലാം അറിയുന്നതാണ്. ഗുജറാത്തില്‍ നടന്ന സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കൊലപാതകക്കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം ഇന്നും വ്യക്തതയില്ലാതെ കിടക്കുന്നു. പൊലീസ് എത്ര നിരുത്തരവാദപരമായാണ് ആ കേസ് അന്വേഷിച്ചത്. അമിത്ഷാ പ്രതിയായ കേസിന് ഇപ്പോള്‍ എന്ത് സംഭവിച്ചു? വായനക്കാരന് ആലോചനയ്ക്കുള്ള വിഭവം അതിന്റെ സംഭവ വിവരണത്തില്‍ ഉണ്ട്. ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായവര്‍ നേരിട്ട സൈബര്‍ ആക്രമണത്തെ കുറിച്ച് വായിക്കുന്നത് നിഷ്കളങ്കമായി വാര്‍ത്തയെ കാണുന്നവര്‍ക്ക് വെളിവുണ്ടാകാന് സഹായിക്കും. പെഗാസസ് സ്പൈവയര്‍ ഉപയോഗിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ടെന്ന് കാനഡ ആസ്ഥാനമായിട്ടുള്ള സിറ്റിസണ്‍ ലാബ് വെളിപ്പെടുത്തിയിട്ടുണ്ട്. പെഗാസസ് സ്പൈവയറിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത് സര്‍ക്കാരുകളുടെ സുരക്ഷാ ഏജന്‍സികള്‍ക്കും നിയമപാലന ഏജന്‍സികള്‍ക്കും മാത്രമേ അവര്‍ ഈ സ്പൈവയര്‍ വില്‍ക്കാറുള്ളൂ എന്നാണ്. ഇതില്‍ നിന്നു തന്നെ എത്ര വലിയ ഗൂഢാലോചനയാണ് മനുഷ്യാവകാശപ്രവര്‍ത്തകരെ കുടുക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് തെളിയുന്നു.
തുടര്‍ന്ന് അര്‍ബന്‍ നക്സല്‍ എന്ന പദം ഉണ്ടാക്കുകയും ഒരു കേന്ദ്രമന്ത്രി തന്നെ അതിനെ പ്രചരിപ്പിക്കുകയും ചെയ്തു. ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിനെ കുടുക്കാന്‍ അദേഹത്തിന്റെ തന്നെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ മാറിക്കഴിഞ്ഞു. ഇഡിയും സി.ബി.ഐയും എന്‍.ഐ.എയും ഇക്കാലത്ത് അധിക ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്നു. ലോക്കല്‍ പൊലീസ് സംവിധാനത്തെ പലപ്പോഴും കാഴ്ചക്കാരാക്കി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കേസുകള്‍ അന്വേഷിക്കുന്നതും പലതും കോടതികളില്‍ അപഹസിക്കപ്പെടുന്നതും നാം വായിക്കാറുണ്ട്. എന്‍.ഐ.എയെ 'നോ ഇന്‍ഫര്‍മേഷന്‍ ഏജന്‍സി' എന്ന് കളിയാക്കുന്ന മാധ്യമപ്രവര്‍ത്തകരുണ്ട്. ഇ.ഡി വരുമെന്ന് പറഞ്ഞ് തങ്ങള്‍ക്ക് ഹിതമല്ലാത്തത് ചെയ്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് പണ്ട് കുട്ടികളെ ഭൂതം വരും എന്ന് പറഞ്ഞ് പേടിപ്പിക്കുംപോലെയാണെന്ന് ഒരു സഹപ്രവര്ത്തകന് അപഹസിച്ചത് ഓര്‍മ്മ വരുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന ഓരോ ഏജന്‍സിയും ജനങ്ങളുടെ ദൈനംദിന വര്‍ത്തമാനങ്ങളില്‍ നിറയുന്നത് അവയുടെ അതിരുകടന്നുള്ള ഇടപെടലുകളുടെ തെളിവാണ്. പൊലീസ് എന്ന ഒരു സംവിധാനത്തെ മാത്രം പേടിച്ച് കഴിഞ്ഞിരുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ഉണ്ടാക്കിവരുന്ന പുതിയ ഏജന്‍സികളെക്കൂടി സഹിക്കേണ്ട സാഹചര്യമാണിപ്പോള്‍. ഇതെല്ലാം ഒരു സമഗ്രധിപത്യ പ്രവണതയാണെന്നതിന് തര്‍ക്കമില്ല.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളേയും സൈന്യത്തിനേയും കുറിച്ച് ധാരാളം പുസ്തകങ്ങള്‍ നമ്മുടെ നാട്ടില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍, അവയെല്ലാം ഏറെക്കുറേ ഏജന്‍സികളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളവയാണ്. ചുരുക്കം ചില പുസ്തകങ്ങളാണ് അവയെ വിമര്‍ശിച്ചിട്ടുള്ളൂ. വലിയ രീതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന കാലത്ത് വസ്തുനിഷ്ഠാപരമായി സുരക്ഷാ ഏജന്‍സികള്‍ നടത്തുന്ന ഹീനവും നിഷ്ഠൂരവുമായ നിഗൂഢപദ്ധതികളെക്കുറിച്ച് എഴുതുക അത്ര എളുപ്പമല്ല. എന്നാല്‍, തികഞ്ഞ ജനാധിപത്യവിശ്വാസിയുടെ ആത്മവിശ്വാസത്തോടെ ഇവിടത്തെ ജനാധിപത്യധ്വംസനങ്ങളില് ഹതാശരായ ജനങ്ങളുടെ മനസറിഞ്ഞാണ് ജോസി ജോസഫ് സൈലന്റ് കൂ രചിച്ചിട്ടുള്ളത്. റിപ്പോര്‍ട്ടിംഗിന്റെ ഇടയിലെ സാഹസങ്ങള്‍ ഉള്‍പ്പെടുത്താമായിരുന്നിട്ടും വാസ്തവത്തില്‍ നിന്ന് അല്പം പോലും തെന്നിമാറാത്ത ശൈലി ഇതിനെ കൂടുതല്‍ ആധികാരികമാക്കുന്നു. ചില സംഭവങ്ങള്‍ വായിക്കുമ്പോള്‍ അതിശയോക്തി തോന്നിയാല്‍ തെറ്റില്ല. സിനിമയേക്കാള്‍ ഗംഭീരമായ തിരക്കഥയെഴുതുന്നവരാണ് പൊലീസ് മുതല്‍ റോ വരെയുള്ളവരെന്ന് ദിവസം പത്രം വായിക്കുന്നവര്‍ക്ക് വരെ അറിയാം. രാജ്യത്ത് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ നടന്ന പ്രധാന ലഹളകളിലേയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലേയും ഒഴിഞ്ഞുകിടക്കുന്ന ഭാഗം കുറേയൊക്കെ പൂരിപ്പിക്കാന്‍ ഈ പുസ്തകത്തിനായി.
സാമാന്യബോധമുള്ള ആരിലും രാജ്യത്തെ ജനാധിപത്യത്തിന്റെ നിലവിലെ അവസ്ഥയേയും അതിന്റെ ഭൂതകാലത്തേയും കുറിച്ച് അത്ര ശുഭകരമല്ലാത്ത ചിന്തകള്‍ കടന്നുവരുന്നത് സ്വാഭാവികമാണ്. ജനാധിപത്യ സര്‍ക്കാര്‍ പൊതുജനത്തെ ഇപ്പോഴും തീണ്ടാപ്പാടകലത്ത് നിര്‍ത്തുന്നതു മുതല്‍ സര്‍ക്കാര്‍ ഓഫീസിലെ ഗുമസ്തന് അയാളുടെ പരിമിതമായ അധികാരം ജനങ്ങളുടെ മേല്‍ പ്രയോഗിക്കുന്നതുവരെയുള്ള ജനാധിപത്യ വിക്രിയകള്‍ വര്‍ഷങ്ങളോളം വായിച്ചും അനുഭവിച്ചും മനസിലാക്കിയ കേവലപൗരന് മറിച്ച് ഒരു ചിന്ത ഉണ്ടാകുവാനും തരമില്ല. ഈ ചിന്തകള്‍ക്കെല്ലാം പക്ഷേ ചില വ്യക്തതക്കുറവ് ഉണ്ടാവും. സ്വാഭാവികമായുണ്ടാകുന്ന മറവിയാണ് അതിന് മുഖ്യ കാരണം. ഈ മറവിയുടെ ഗുണം അനുഭവിക്കുന്നത് ഇവിടത്തെ വ്യവസ്ഥിതിയും അതിനെ തിരിക്കുന്ന മനുഷ്യരുമാണ്. എന്നാല്‍, നിശബ്ദ അട്ടിമറി അതിനെല്ലാം എതിരെയുള്ള തെളിവ് നിരത്തുകയാണ്. മറന്നുപോയവര്‍ക്ക് ഇടയ്ക്കിടെ വായിച്ച് ഓര്‍മ്മിക്കാനും ബോധപൂര്‍വം മറവിയിലാക്കാന്‍ ശ്രമിക്കുന്നവരെ വായിച്ച് ഓര്‍മ്മിപ്പിക്കാനും ഈ ഗ്രന്ഥത്തിന് സാധിക്കുന്നു.