Analysis
നാഗ്ല്‍സ്മാനും ജര്‍മന്‍ ഫുട്ബോളും,
Analysis

ജൂലിയന്‍ നാഗ്ല്‍സ്മാനും ജര്‍മന്‍ ഫുട്ബോളും

ആത്തിക്ക് ഹനീഫ്
|
7 Jan 2024 4:46 PM GMT

ഡിഫന്‍സ് പൊസിഷനില്‍ മൂന്നോ നാലോ പേരെ വെച്ചു രണ്ട് ഫുള്‍ ബാക്കുകളില്‍ ഒരാളെ അറ്റാക്ക് ചെയ്യാന്‍ വിട്ടും ഒരാളെ ഡിഫെന്‍ഡ് ചെയ്യാന്‍ നിര്‍ത്തിയുമാണ് നാഗ്ല്‍സ്മാന്‍ കളിപ്പിക്കുക.

ജര്‍മന്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകരില്‍ ഒരാളാണ് ജൂലിയന്‍ നാഗ്ല്‍സ്മാന്‍. തന്റെ കോച്ചിംഗ് കരിയറിന്റെ തുടക്കത്തില്‍ തന്നെ 'ജൂനിയര്‍ മൗറീഞ്ഞോ' എന്ന വിളിപ്പേര് നേടിയ നാഗ്ല്‍സ്മാന്‍, ഹോഫെന്‍ഹൈം, ആര്‍ ബി ലെപ്‌സിഗ്, നിലവിലെ ബുണ്ടസ്ലിഗ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് എന്നീ ടീമുകളില്‍ പരിശീലിപ്പിച്ചു വിജയിച്ചതിന് ശേഷം, പിന്നീട് ജൂനിയര്‍ മൗറീഞ്ഞോ എന്നതില്‍ നിന്ന് താന്‍ 'പുതിയ നാഗ്ള്‍സ്മാനാണ്' എന്ന് തെളിയിച്ചു. പെപ് ഗാര്‍ഡിയോളക്ക് ശേഷം മോഡേണ്‍ ഫുട്ബോള്‍ ഫിലോസഫിയില്‍ നിര്‍ണായകമായ സാന്നിധ്യമായിരിക്കാന്‍ സാധ്യതയുള്ളയാളാണ് ജൂലിയന്‍ നാഗ്ല്‍സ്മാന്‍.

ഒരു കളിക്കാരന്‍ എന്ന നിലക്ക് ഓഗ്സ്ബര്‍ഗില്‍ സെന്റര്‍ ബാക്ക് പൊസിഷനിലാണ് നാഗ്ല്‍സ്മാന്‍ കളിച്ചിരുന്നത്. ജര്‍മന്‍ ഫുട്ബോളിന്റെ നിര്‍ണായകമായ ശൈലി മാറ്റത്തിന്റെ അനുരണനങ്ങള്‍ ആ കാലത്ത് തന്നെ ഉള്‍കൊണ്ടിരുന്ന നാഗ്ല്‍സ്മാന്‍ തികഞ്ഞ ആധുനിക സെന്റര്‍ ബാക്കിനെ പോലെയായിരുന്നു. അദ്ദേഹത്തിന്റെ ബില്‍ഡ്-അപ്പ് പ്ലേ മികച്ചതായിരുന്നു, മികച്ചരീതിയില്‍ വെര്‍ട്ടിക്കല്‍ പാസുകള്‍ നല്‍കി മിഡ്ഫീല്‍ഡര്‍മാരെ കളി മെനയുന്നതില്‍ വലിയ തോതില്‍ സഹായിച്ചിരുന്ന ശൈലി ആയിരുന്നു അയാളുടേത്.


എന്നാല്‍, കാല്‍മുട്ടിനേറ്റ പരിക്ക് കാരണം ഇരുപതാം വയസ്സില്‍ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ കരിയര്‍ ഔദ്യോഗികമായി അവസാനിച്ചതിന് തൊട്ടുപിന്നാലെ, വിധി അതിലും മോശമായ പ്രഹരം അദ്ദേഹത്തിന് നല്‍കി. പിതാവ് എര്‍വിന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. പിതാവിന്റെ ദാരുണമായ നഷ്ടം സമപ്രായക്കാരേക്കാള്‍ വേഗത്തില്‍ വളരാന്‍ അവനെ പ്രേരിപ്പിച്ചുവെന്ന് നാഗല്‍സ്മാന്റെ സുഹൃത്തുക്കള്‍ വിലയിരുത്തുന്നുണ്ട്. 'അവന്‍ എല്ലായ്പ്പോഴും എല്ലാവരേക്കാളും പക്വതയുള്ളവനായിരുന്നു. എന്നാല്‍, കുടുംബത്തിനുവേണ്ടി അവന്‍ ഏറ്റെടുക്കേണ്ട അധിക ഉത്തരവാദിത്തം അവന്റെ വികാസത്തില്‍ വലിയ സ്വാധീനം ചെലുത്തി. സുഹൃത്ത് കോഫ്മാന്‍ പറയുന്നു. ''അവന്‍ ഇത്ര പെട്ടെന്ന് കോച്ചിംഗില്‍ മുന്നേറാന്‍ കഴിഞ്ഞതില്‍ എനിക്ക് അത്ഭുതമില്ല. ആളുകളുമായി ഇടപഴകുന്നതാണ് പരിശീലനം. താന്‍ അനുഭവിച്ച നിരാശയും വേദനയും കാരണം, കളിക്കാരുടെ വികാരങ്ങളുമായി ചുരുക്കം ചിലര്‍ക്ക് കഴിയുന്ന വിധത്തില്‍ - പ്രത്യേകിച്ച് അത്തരമൊരു പ്രായത്തില്‍ ബന്ധപ്പെടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരിടവേളയ്ക്ക് ശേഷം ബിസ്സിനസിലും സ്‌പോര്‍ട്‌സ് സയന്‍സിലും വൈദഗ്ധ്യം നേടി ഓഗ്സ്ബര്‍ഗില്‍ തന്റെ കോച്ച് ആയിരുന്ന തോമസ് ടുച്ചേലിന്റെ കീഴില്‍ സഹപരിശീലകനായി ജോയിന്‍ ചെയ്തു. 2016 ഫെബ്രുവരിയില്‍ ഹോഫെന്‍ഹൈമിന്റെ മുഖ്യ പരിശീലകനായി നിയമിതനാകുമ്പോള്‍ നാഗല്‍സ്മാന് പ്രായം വെറും ഇരുപത്തെട്ടു വയസ്സായിരുന്നു. 2016 ഫെബ്രുവരിയില്‍ നാഗ്ല്‍സ്മാന്‍ ക്ലബ്ബ് ഏറ്റെടുക്കുമ്പോള്‍, ഹോഫെന്‍ഹൈം ടേബിളില്‍ പതിനേഴാംസ്ഥാനത്ത് ലീഗില്‍ ഒന്നാം ഡിവിഷനില്‍ നിന്നും പുറത്താകല്‍ ഭീഷണിയിലായിരുന്നു. നാഗ്ല്‍സ്മാന്റെ കീഴില്‍, അവര്‍ ശേഷിക്കുന്ന പതിനാല് മത്സരങ്ങളില്‍ ഏഴ് മത്സരങ്ങളും വിജയിച്ച് പുറത്താവല്‍ ഒഴിവാക്കുകയും ഒന്നാം ഡിവിഷന്‍ ലീഗില്‍ തുടരുകയും ചെയ്തു. എന്നാല്‍, ഏവരെയും ഞെട്ടിച്ചു കൊണ്ട് 2016-17 ബുണ്ടസ്ലിഗ സീസണില്‍ മികച്ച കളി പുറത്തെടുക്കുകയും ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയെടുക്കുകയും ചെയ്തു.


2019ല്‍ ആര്‍ ബി ലേപ്സിഗിന്റെ ചാര്‍ജ് എടുത്ത നാഗ്ല്‍സ്മാന്‍ 2020ല്‍ ടോട്ടന്‍ഹാമിനെതിരെ 4-0 ന് വിജയിച്ചതിനെത്തുടര്‍ന്ന്, യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ടൈ നേടിയ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായി മാറി. ഇതേ ടൂര്‍ണമെന്റില്‍ തന്നെ സ്പാനിഷ് ടീമായ അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പിച്ച ലെപ്‌സിഗ് തന്റെ മുന്‍ കോച്ച് ആയ തോമസ് ടുഷേലിന്റെ പി.എസ്.ജിയോട് തോറ്റു പുറത്താകുകയിരുന്നു.

പരിശീലനവും തന്ത്രവും

പരിശീലനത്തില്‍ നാഗ്ല്‍സ്മാന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം വളരെ കൂടുതലായി ഉപയോഗിച്ചിരുന്നു. സ്‌ക്വാഡിന്റെ ചലനം ചിത്രീകരിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനൊപ്പം, അവരുടെ പ്രധാന പരിശീലന പിച്ചിന്റെ ഹാഫ് ലൈനില്‍ ഒരു വലിയ വീഡിയോ വാള്‍ സ്ഥാപിച്ച് കളിക്കാരെ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരുന്നു. നാല് ക്യാമറകള്‍ ഉപയോഗിച്ചാണ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്, ഹാഫ് ലൈനിന് മുകളിലുള്ള ഒരു ടവറില്‍ രണ്ടും, ഓരോ ഗോള്‍ പോസ്റ്റിന് പിന്നിലും ഓരോ കാമറകളുകമാണ് സ്ഥാപിച്ചിട്ടുള്ളത്. ഓരോ ക്യാമറയില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സ്‌ക്രീനില്‍ കാണിക്കാം, കളിക്കാര്‍ക്ക് പ്രത്യേക താല്‍പ്പര്യമുള്ള പോയിന്റുകള്‍ കാണിക്കുന്നതിന് ഫൂട്ടേജ് നിര്‍ത്താനോ റിവൈന്‍ഡ് ചെയ്യാനോ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്യാനോ അവര്‍ക്ക് അവസരം നല്‍കുന്നു. തന്റെ പക്കലുള്ള നാല് ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വിശദമായി സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ ഇത് നാഗ്ല്‍സ്മാന് അവസരം നല്‍കുന്നു.


ഒരു പ്രത്യേക ഫോര്‍മേഷന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം, അത് കേവല സംഖ്യകള്‍ മാത്രമാണ് എന്ന് പറയാറുള്ള നാഗ്ല്‍സ്മാന്‍ പതിനൊന്ന് കളിക്കാരെയും പലരൂപത്തില്‍ വിന്യസിച്ചു കളിപ്പിക്കാറുണ്ട്. ഡിഫന്‍സ് പൊസിഷനില്‍ മൂന്നോ നാലോ പേരെ വെച്ചു രണ്ട് ഫുള്‍ ബാക്കുകളില്‍ ഒരാളെ അറ്റാക്ക് ചെയ്യാന്‍ വിട്ടും ഒരാളെ ഡിഫെന്‍ഡ് ചെയ്യാന്‍ നിര്‍ത്തിയുമാണ് നാഗ്ല്‍സ്മാന്‍ കളിപ്പിക്കുക. ഒരു സെന്റര്‍ ഫോര്‍വേഡ് പോലുമില്ലാതെ അറ്റാക്കിങ്ങ് ഫുട്ബോള്‍ കളിക്കാന്‍ ശ്രമിക്കാറുള്ള നാഗ്ല്‍സ്മാന്‍ ഏത് ഫോര്‍മേഷനിലും കളിക്കാന്‍ പ്രാപ്തരാക്കാന്‍ അദ്ദേഹം തന്റെ കളിക്കാരെ പരിശീലിപ്പിച്ചു.

നാഗ്ല്‍സ്മാനും ബയേണ്‍ സംഘര്‍ഷവും

2021ലാണ് ബുണ്ടസ്ലീഗ, വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലക സ്ഥാനമേറ്റെടുക്കുന്നത്. പ്രസ്തുത സീസണിലെ ലീഗ് ടൈറ്റിലും രണ്ട് ജര്‍മന്‍ സൂപ്പര്‍ കപ്പുമാണ് ബയേണിലെ പ്രധാന നേട്ടങ്ങള്‍. എന്നാല്‍ അധികം കാലം ക്ലബ്ബില്‍ തുടരാന്‍ അനുവദിക്കാതെ അദ്ദേഹത്തെ ക്ലബ്ബ് ബോര്‍ഡ് പുറത്താക്കുന്നു. പെട്ടെന്നുള്ള പുറത്താകലില്‍ ഒരുപാട് കാരണങ്ങളുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു. ബാവേറിയന്‍ പാരമ്പര്യത്തില്‍ മുഴുകിയിരുന്ന ബയേണ്‍ തികച്ചും യാഥാസ്ഥിതികമായ നിലപാടുകളാണ് ഉണ്ടായിരുന്നത്, പ്രതേകിച്ചും സാമ്പത്തിക മേഖലയില്‍. ബയേണ്‍ മ്യൂണിക്ക് ഉള്‍പ്പെടുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും വളരെ യാഥാസ്ഥിതികമായ സംസ്‌കാരവും വ്യക്തിത്വവുമാണുളളത്. നാഗ്ല്‍സ്മാന്‍ ടീമിന്റെ സംസ്‌കാരത്തിന് അനുയോജ്യനല്ല എന്ന് കണ്ടെത്തിയാണ് അദ്ദേഹത്തെ ക്ലബ്ബ് പുറത്താക്കുന്നത്. നാഗ്ല്‍സ്മാന്റെ സംവിധാനങ്ങളും വ്യക്തിഗത തിരഞ്ഞെടുപ്പുകളും പ്രാവര്‍ത്തികമല്ലെന്ന് ബയേണിന്റെ നേതൃത്വം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പുറത്താക്കിയത് എന്നാണ് മറ്റൊരു വാദം. ദി അത്ലറ്റിക് പുറത്തുവിട്ട പ്രധാനപ്പെട്ട ചില xG ഡാറ്റ ബേസിനെ അടിസ്ഥാനമാക്കി അവര്‍ക്ക് ചില സുപ്രധാന വിവരങ്ങള്‍ ഉണ്ടായിരുന്നു. ഈ സ്വഭാവത്തിലുള്ള മിക്ക തീരുമാനങ്ങളെയും പോലെ, ഒരു പരിശീലകന്റെ കാലാവധി അവസാനിപ്പിക്കുന്നതില്‍ പലപ്പോഴും ഒന്നിലധികം ഘടകങ്ങളുണ്ട്.

നാഗ്ല്‍സ്മാനും ജര്‍മന്‍ നാഷണല്‍ ടീമും

യൂറോ 2024-ന് ഒമ്പത് മാസം മുമ്പ്, ജര്‍മന്‍ നാഷണല്‍ ടീമിന് ഒരു പുതിയ തുടക്കം കുറിക്കേണ്ടി വന്നു. കുറച്ചു കാലമായി നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന ടീമിന്റെ സന്തുലിതാവസ്ഥ, സ്ഥിരത, വിജയ തുടര്‍ച്ച, ശൈലി എന്നിവ നല്‍കാനും യുവ കളിക്കാരുടെ അപാരമായ കഴിവുകള്‍ ഉപയോഗികാനും ജൂലിയന്‍ നാഗ്ല്‍സ്മാനെ പുതിയ കോച്ച് ആയി ചുമതലപ്പെടുത്തി. മുന്‍ പോസ്റ്റുകളില്‍ ഉണ്ടായിരുന്നതുപോലെ, ഈ ഒഴിവിലേക്കുള്ള സ്വാഭാവിക തീരുമാനമായിരുന്നു നാഗ്ല്‍സ്മാന്‍.


Similar Posts