ജോസഫ് കെ.യും ഉമര്‍ ഖാലിദും
|കാഫ്കയുടെ നോവലിലെ ജോസഫ് കെ. വിധിയുടെ ഇരയായിരുന്നു. അതിനാല്‍ ഭയം ഇരുട്ടുപോലെ അദ്ദേഹത്തെ പിടികൂടിയിരുന്നു എന്ന് നമുക്ക് കാണാം. എന്നാല്‍ ഉമര്‍ ഖാലിദ് ഫാസിസത്തിന്റെ ഇര ആയിരുന്നു. അതിനാല്‍ ഭയം അദ്ദേഹത്തെ പിടികൂടിയിട്ടുണ്ടാവില്ല. കാരണം, അദ്ദേഹം നീതിക്കായാണ് പോരാടിയത്.
കാഫ്കയുടെ 'വിചാരണ' നോവലിലെ മുഖ്യ കഥാപാത്രമാണ് ജോസഫ് കെ. എന്ന ചെറുപ്പക്കാരന്. അദ്ധേഹം ഒരു പ്രഭാതത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കാരണം എന്താണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. എന്തുകൊണ്ട് തന്നെ അറസ്റ്റ് ചെയ്തുവെന്ന ചോദ്യത്തിന് നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു അത്രമാത്രം അറിഞ്ഞാല്‍ മതി! എന്നായിരുന്നു മറുപടി. ഈ അനിശ്ചിതത്വം അയാളെ ഉത്കണ്ഠാകുലനാക്കി. എങ്കിലും അയാള്‍ സ്വതന്ത്രനായിരുന്നു. അയാള്‍ ജോലിക്ക് പോയി. ഇഷ്ടക്കാരുമായി സംവദിച്ചു. എങ്കിലും താന്‍ അറസ്റ്റിലാണ് എന്ന ഭീകരസത്യം അയാളെ നിഴല്‍ പോലെ പിന്തുടര്ന്നു. അടുത്ത ദിവസം കോടതിയില്‍ ഹാജരാകണമെന്ന് പറഞ്ഞുകൊണ്ട് ജോസഫ് കെയ്ക്ക് ഫോണ്‍ സന്ദേശം ലഭിച്ചു. അയാള്‍ കോടതിയില്‍ ചെന്നു. പക്ഷേ, കോടതിക്ക് പോലും അയാളെ അറസ്റ്റ് ചെയ്യാനുള്ള കാരണമെന്താണെന്ന് അറിഞ്ഞുകൂടായിരുന്നു. എന്നാല്‍, അയാള്‍ അറസ്റ്റിലാണെന്ന് ന്യായാധിപന്മാര് തറപ്പിച്ചു തന്നെ പറഞ്ഞു.
ഒരു വക്കീലിനെ കണ്ടു അറസ്റ്റ് ചെയ്യാനുള്ള കാരണം അന്വേഷിക്കാന്‍ ജോസഫ് കെ. തീരുമാനിച്ചു. കേസ് വാദിക്കാന്‍ സാധ്യമല്ല എന്ന് വക്കീല്‍ പറയുന്നു. അതിലൊക്കെ ഉപരിയായി ഈ കോടതിയില്‍ ഒരു അംഗീകൃത നിയമസംഹിത ഇല്ലെന്നുകൂടി അയാള്‍ ചൂണ്ടിക്കാട്ടി. ജോസഫ് കെ. ഒരു പുരോഹിതനെ അഭയം പ്രാപിച്ചു. ഇതൊക്കെ സഹിച്ച് ജീവിക്കണം എന്നായിരുന്നു അയാളുടെ ഉപദേശം. ജോസഫ് കെ.യെ രണ്ടുപേര്‍ എടുത്തുകൊണ്ടുപോയി തന്റെ ഹൃദയത്തില്‍ കഠാര കുത്തിക്കയറ്റി പട്ടിയെ പോലെ കൊല്ലുന്നതോടു കൂടി കഥ അവസാനിക്കുന്നു.
ജോസഫ് കെ. കൊല്ലപ്പെടുന്നതുവരെ അനുഭവിക്കുന്ന ചോദ്യം ചെയ്യലിന്റെ അതിസങ്കീര്‍ണമായ വിവരണമാണ് വിചാരണ എന്ന നോവല്‍. നോവലില്‍ അദ്ധേഹം അനുഭവിക്കുന്ന സംഘര്‍ഷാത്മകത വിവരണാതീതമാണ്. എന്താണ് താന്‍ ചെയ്ത തെറ്റ് എന്ന് അധികാരികള്‍ക്ക് തെളിയിക്കാന്‍ കഴിയുന്നില്ല. എങ്കിലും കുറ്റം ജോസഫ് കെ.യില്‍ ആരോപിച്ച് നോവല്‍ മുന്നോട്ടു പോവുകയാണ്. ഒരു മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുമേല്‍ ഭരണകൂടം അല്ലെങ്കില്‍ അധികാര വര്‍ഗം എത്ര ദയാരഹിതമായിട്ടാണ് പെരുമാറുന്നത് എന്നാണ് ഈ നോവല്‍ വരച്ചു കാട്ടുന്നത്. നോവലിന്റെ പേര് തന്നെ വിചാരണ എന്ന് ആയത് വിചാരണയിലെ മനുഷ്യത്വ വിരുദ്ധ ഉള്ളടക്കം അത്രമാത്രം പ്രതിപാദനമായത് കൊണ്ടായിരിക്കാം.
എല്ലാ വിചാരണയിലും ഉള്ളടങ്ങിയത് പീഡനമാണ് എന്ന് നമുക്ക് കാണാന്‍ സാധിക്കും. കേരളത്തില്‍ ഒരു വിദ്യാര്‍ഥി സംഘടന തങ്ങളുടെ കാമ്പസില്‍ ഒരു വിദ്യാര്‍ഥിയെ പരസ്യ വിചാരണ ചെയ്ത് ആത്മഹത്യയിലേക്ക് പറഞ്ഞയച്ച വാര്‍ത്ത നാം വായിച്ചതാണല്ലോ. അഥവാ, ആ വിദ്യാര്‍ഥിക്ക് ആത്മഹത്യ ചെയ്യാന്‍ മാത്രം സാധ്യമാകുന്ന ഒരു മാനസിക തലത്തിലേക്ക് അവരുടെ വിചാരണ നടന്നിരുന്നു എന്നര്‍ഥം. അപ്പോള്‍ വിചാരണ മനുഷ്യന്റെ എല്ലാ അന്തസ്സിനെയും ഇല്ലായ്മ ചെയ്യുന്ന ഒരു ശിക്ഷയാണ്. വിചാരണ തന്നെ ഇവിടെ ശിക്ഷയാകുന്ന ഒരു രീതിശാസ്ത്രം എല്ലാ വിചാരണയിലും നമുക്ക് കാണാവുന്നതാണ്. അത് സിദ്ധാര്ഥന് ആയാലും കാഫ്ക്കയുടെ ജോസഫ് കെ.യിലായാലും അങ്ങിനെ തന്നെയാണ് പ്രവര്‍ത്തിക്കുക.
ഭരണകൂടം ഒരു പൗരന്റെ മേല്‍ കുറ്റം ആരോപിക്കുകയും വിചാരണ ചെയ്യുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന ഭീതിയുടെയും അസ്വസ്ഥതയുടെയും സംഘര്‍ഷാവസ്ഥയാണ് വിചാരണ എന്ന നോവല്‍ പങ്കുവെക്കുന്നത് എങ്കില്‍ ഒരു ഫാസിസ്റ്റ് ഭരണകൂടം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ വിചാരണ തടവുകാരായി ജയിലില്‍ പാര്പ്പിക്കുന്നതിന്റ നേരനുഭവമാണ് ഉമര്‍ ഖാലിദിന്റെ അറസ്റ്റിലും വിചാരണയിലും പ്രകടമാകുന്നത്.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്ന ഉമര്‍ ഖാലിദ് ജയിലിലായത് 2020ലാണ്. ആയിരത്തി മുന്നൂറ്റി ഇരുപത് ദിവസം പിന്നിടുകയാണ് അദ്ദേഹത്തിന്റെ ജയില്‍വാസം എന്നര്‍ഥം. 2019ല്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത ഡല്‍ഹി കലാപത്തില്‍ പങ്കാളിയായി എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ആരോപണം തെളിയിക്കാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ലെങ്കിലും ജാമ്യം നിഷേധിച്ചു തടവറയില്‍ തന്നെ തളച്ചിടാനാണ് തീരുമാനിച്ചത്. ജയിലില്‍ കിടക്കുന്നതിന്റെ മടുപ്പും ഒറ്റപ്പെടലും ഭീകരമാണെന്ന് ഉമ്മര്‍ ഖാലിദ് തന്റെ സുഹൃത്ത് അപേക്ഷ പ്രിയദര്‍ശിനിയുമായി പങ്കുവെക്കുന്നത് ഇപ്രകാരമാണ്.
'' ഒരോന്ന് കാണിച്ച് മോഹിപ്പിക്കുന്നത് പോലെയായിരുന്നു കഴിഞ്ഞ വര്‍ഷം മുഴുവന്‍. ഒരോ തവണ കേസ് മാറ്റിവയ്ക്കുമ്പോഴും അത് കോടതി പരിഗണിക്കുമെന്നും ഒരു തീരുമാനത്തിലെത്തുമെന്നും ഞാന്‍ കരുതി. പക്ഷേ ഒന്നും സംഭവിച്ചില്ല. ഈ കേസിന്റെ കാര്യത്തില്‍ കാലം നിശ്ചലമായി എന്ന് തോന്നുന്നു.'' വിരോധഭാസമെന്നേ പറയാനാവൂ, ജയിലികത്ത് കാലമെത്ര വേഗമാണ് കടന്ന് പോകുന്നതെന്നുള്ള വേദനാജനകമായ തിരിച്ചറിവിനെ കുറിച്ചും അവന് പറഞ്ഞു. '' ഒരാഴ്ചത്തെ പരോളിന് പുറത്ത് പോയ ഒരാളെ രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ കണ്ടു. ഇത്രപെട്ടന്ന് തിരിച്ച് വന്നതെന്താണെന്ന് ചോദിച്ചപ്പോള്‍ ഒരാഴ്ച കഴിഞ്ഞുവെന്നും ശരിക്കും ഒന്‍പത് ദിവസം മുമ്പാണ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചതെന്നും അയാള്‍ പറഞ്ഞു. എത്രപെട്ടന്നാണ് സമയം പോയത് എന്നോര്‍ത്ത് ഞാന്‍ നടുങ്ങിപ്പോയി. ഒരു ദിവസം നോക്കുമ്പോള്‍ എന്റെ നഖമെല്ലാം വളര്‍ന്നിരിക്കുന്നു. മൂന്ന് ദിവസം മുമ്പ് നഖം മുറിച്ചിട്ടിത്ര വേഗം വളര്‍ന്നതെങ്ങനെ എന്ന് ഞാന്‍ അന്തം വിട്ടു. പിന്നെ കണക്ക് കൂട്ടി നോക്കിയപ്പോഴാണ് മൂന്ന് ദിവസമല്ല, മൂന്നാഴ്ച കഴിഞ്ഞുവെന്ന് മനസിലായത്. സമയത്തെ കുറിച്ചുള്ള നമ്മുടെ സകല ബോധവും ഇവിടെ പരാജയപ്പെടും. ഒന്നുമിവിടെ കാത്തിരിക്കാനില്ല, ഒരു ദിവസവും ഓര്‍ത്ത് വയ്ക്കാനില്ല, പങ്കെടുക്കാനൊരു പരിപാടിയുമില്ല. മടുപ്പ് നമ്മുടെ ഓര്‍മകളെ കുഴമറിക്കും '' - അവനത് പറയുന്നത് കേട്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോയി. പക്ഷേ, മനസ് തുറക്കുന്നത് കണ്ടപ്പോള്‍ സന്തോഷവും തോന്നി '' (അപേക്ഷ പ്രിയദര്‍ശിനി ഫൈസ്ബുക്കില്‍ കുറിച്ചത്).
കാഫ്കയുടെ നോവലിലെ ജോസഫ് കെ. വിധിയുടെ ഇരയായിരുന്നു. അതിനാല്‍ ഭയം ഇരുട്ടുപോലെ അദ്ദേഹത്തെ പിടികൂടിയിരുന്നു എന്ന് നമുക്ക് കാണാം. എന്നാല്‍ ഉമര്‍ ഖാലിദ് ഫാസിസത്തിന്റെ ഇര ആയിരുന്നു. അതിനാല്‍ ഭയം അദ്ദേഹത്തെ പിടികൂടിയിട്ടുണ്ടാവില്ല. കാരണം, അദ്ദേഹം നീതിക്കായാണ് പോരാടിയത്.
ഇത് ഒരു ഉമര്‍ ഖാലിദിന്റെ മാത്രം കഥയല്ല. ഇതുപോലെ ആയിരക്കണക്കിന് ഉമര്‍ ഖാലിദുമാര്‍ ഇന്ത്യയിലെ തടവറകളില്‍ കഴിയുകയാണ്. മടുപ്പിന്റെ വിരഹത്തിന്റെ ദുഃഖത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ അവര്‍ അവരുടെ ജീവിതം തള്ളിനീക്കുകയാണ്. ചെയ്ത കുറ്റം എന്താണെന്ന് ഭരണകൂടത്തിന് തെളിയിക്കപ്പെടാന്‍ കഴിയാത്ത കാലം അവര്‍ തടവറയില്‍ കിടക്കണമെന്നാണ് നിയമം. എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ചുകൊണ്ട് മനുഷ്യനെ ഇത്തരത്തില്‍ പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ഒരു ലോകക്രമമാണ് വന്ന് കൊണ്ടിരിക്കുന്നത് എന്നര്‍ഥം. അല്ലെങ്കിലും ഒരു സമുദായം സി.എ.എ എന്ന നിയമത്തിലൂടെ അറസ്റ്റ് വാറണ്ട് കൈപ്പറ്റി ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് പോകുവാന്‍ തയ്യാറായി നില്ക്കുന്ന സന്ദര്‍ഭത്തില്‍ ഉമര്ഖാലിദുമാര് നേരത്തെ ജയിലുകളിലേക്ക് പോയി എന്നേ മനസ്സിലാക്കേണ്ടതുള്ളൂ. നമ്മള് ഇപ്പോള്‍ ഒരര്‍ഥത്തില്‍ ജോസഫ് കെ.യുടെ ജീവിതം ജീവിച്ച് തീര്‍ക്കുകയാണ്. അറസ്റ്റ് പുറപ്പെടുവിച്ച് ഭരണകൂടം നമ്മളെ നിരീക്ഷിക്കുകയാണ്.