ബി.ജെ.പിക്ക് 'കട്ടിങ് സൗത്ത്'
|കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം ഒരു സീറ്റ് നേടിയത് പോലെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആകെ നേടിയത് ഒരു സീറ്റ് ആയിരുന്നു. പടയിലെ പോര് ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും മികച്ച വിജയമാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്.
ഭാരത് ജോഡോ യാത്ര 21 ദിവസമെടുത്ത് കര്‍ണാടകയുടെ എട്ടു ജില്ലകളിലാണ് സഞ്ചരിച്ചത്. യാത്ര കടന്നുപോകുമ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് വരവേല്‍ക്കാന്‍ എത്തിയിരുന്നത്. യാത്രയില്‍ രാഷ്ട്രീയം ഇല്ലെന്ന് നായകനായ രാഹുല്‍ ഗാന്ധി നിരന്തരം പറഞ്ഞെങ്കിലും ജനങ്ങള്‍ രാഷ്ട്രീയമായിട്ടാണ് കണ്ടതെന്ന് തെളിയിച്ച ദിവസമാണ് മെയ് 13. യാത്ര കടന്നുപോയ 20 നിയോജക മണ്ഡലങ്ങളില്‍ 15 എണ്ണവും കൈപ്പത്തിക്കുള്ളിലാക്കി. ഈ മേഖലകയില്‍ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് നേടിയ കോണ്‍ഗ്രസാണ് ഇത്തവണ മൂന്നിരട്ടിയാക്കി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചത്.
'ഇന്നില്ലെങ്കില്‍ ഒരിക്കലുമില്ല' എന്ന രീതിയിലാണ് കോണ്‍ഗ്രസ് ഇത്തവണ പടയ്ക്ക് ഇറങ്ങിയത്. യു.പി.എ സര്‍ക്കാരിനെ താഴെയിറക്കി ബി.ജെ.പി കേന്ദ്രഭരണം പിടിച്ചതില്‍ പ്രധാന പ്രധാന ഘടകം അഴിമതി സര്‍ക്കാര്‍ ആണെന്ന പ്രതിച്ഛായയായിരുന്നു. കര്‍മാടകയില്‍ ബസവരാജ ബൊമ്മെ സര്‍ക്കാരിനെ അഴിമതിയില്‍ സ്കെച് ചെയ്യുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചു. പേയ് സി.എം എന്ന ക്യൂ ആര് കോഡില്‍ ബസവരാജ ബൊമ്മെയുടെ ചിത്രം നല്‍കുകയും 40 ശതമാനം കമീഷന് സര്‍ക്കാര്‍ എന്ന വാചകം എഴുതി ചേര്‍ക്കുകയും ചെയ്തു. പോസ്റ്റര്‍ ഒട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ രണ്ടാമത്തെ ഗിയര്‍ ചലിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറും പോസ്റ്റര്‍ പതിക്കാന്‍ തെരുവിലിറങ്ങി. അറസ്റ്റിലൂടെ ബൊമ്മെ സര്‍ക്കാര്‍ കോണ്‍ഗ്രസ് ഒരുക്കിയ കെണിയില്‍ വീണു.
ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പിയുടെ ഡബിള്‍ എന്ജിന് തിയറിയെ മറികടന്നത്. ആദ്യ ക്യാബിനറ്റ് യോഗത്തില്‍ തന്നെ തൊഴില്‍ നല്‍കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് പ്രിയങ്ക ഗാന്ധി തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഹിമാചലില്‍ അറിയിച്ചു. കര്‍ണാടകയിലും ഈ ദൗത്യം പ്രിയങ്കയ്ക്കായിരുന്നു. ബംഗളൂരുവില്‍ വനിതാ കണ്‍വെന്‍ഷനിടയില്‍ പ്രിയങ്ക ഗാന്ധിയാണ് ഗൃഹലക്ഷ്മി പദ്ധതി പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്ക് രണ്ടായിരം രൂപ വീതം നല്കുന്ന പദ്ധതി ഏറെ ചലനമുണ്ടാക്കി. ഒരാള്‍ക്ക് ഒരു മാസം പത്ത് കിലോ അരി നല്കുന്ന പദ്ധതി ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചെന്നു കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് പറഞ്ഞു. മംഗലാപുരത്ത് നടന്ന കണ്‍വെന്‍ഷനില്‍ രാഹുല്‍ ഗാന്ധിയാണ് മറ്റൊരു പ്രഖ്യാപനം നടത്തിയത്. കെ.എസ്.ആര്.ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. ആം ആദ്മി ഡല്‍ഹിയില്‍ ഇത്തവണ പയറ്റി വിജയിച്ച പദ്ധതിയാണിത്. ഇതോടൊപ്പം 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയ പദ്ധതിയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് തൊഴില്‍ ലഭിക്കുന്നത് വരെ മൂവായിരം രൂപ വരെ തൊഴിലില്ലായ്മ വേതനവും പ്രഖ്യാപിച്ചു.
കേവലം പദ്ധതി പ്രഖ്യാപനത്തേക്കാള്‍ ഉപരി, ഗ്യാരന്റി കാര്‍ഡ് ആക്കി ഓരോ വീട്ടിലും എത്തിച്ചു. ഓരോ വോട്ടര്‍മാരോടും വീട്ടിലെ എല്‍.പി.ജി സിലിണ്ടര്‍ ഓര്‍ത്ത് വോട്ട് ചെയ്യാനാണ് ശിവകുമാര്‍ പറഞ്ഞത്. കഴിഞ്ഞ മാസം എല്‍.പി ജി സിലിണ്ടറിന്റെ വില 1100 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പ് നടന്ന 2018 നെ അപേക്ഷിച്ച് 70 ശതമാനമായിരുന്നു വര്‍ധന. ഡീസലിന് 33, പെട്രോളിന് 37 ശതമാനം വീതം വില വര്‍ധിച്ചിരുന്നു
നാല് ശതമാനം മുസ്ലിം സംവരണം എടുത്തു മാറ്റുകയും രണ്ട് ശതമാനം വീതം ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് നല്‍കുകയും ചെയ്യുമെന്നുമുള്ള ബി.ജെ.പി തന്ത്രം ഏശിയില്ല. ലിംഗായത്ത് മേഖലകളില്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞു. സംവരണം തിരികെ നല്‍കുമെന്ന ഉറപ്പ് കൂടാതെ ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് കൂടി കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ആടി നിന്ന ന്യൂനപക്ഷ വോട്ടുകള്‍ കൈപ്പത്തി ചിഹ്നത്തില്‍ വീണു. ഹിജാബ് വിലക്ക്, ടിപ്പു സുല്‍ത്താനെതിരായ അധിക്ഷേപം, മതപരിവര്‍ത്തന നിരോധിത നിയമം പാസാക്കല്‍.. എന്നിങ്ങനെ വേര്‍തിരിവിന്റെ കലുഷിതമായ അന്തരീക്ഷത്തിലാണ് കൃത്യമായ രാഷ്ട്രീയം പറഞ്ഞു തന്നെ കോണ്‍ഗ്രസ് വോട്ട് പിടിച്ചത്. 2011 സെന്‍സസ് അനുസരിച്ചു കര്‍ണാടകത്തിലെ മുസ്ലിം ജനസംഖ്യ 13 ശതമാനമാണ്. മുസ്ലിം വിദ്വേഷം കര്‍ണാടകയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്ക് ഇഷ്ടപ്പെടില്ലെന്നും ഇതെല്ലാം മനുഷ്യവിരുദ്ധമായിട്ടേ അവര്‍ പരിഗണിക്കൂ എന്നും കൃത്യമായി മനസ്സിലാക്കിയിട്ടാണ് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചത്.
1989 നു ശേഷം കോണ്‍ഗ്രസിന് ഇതുപോലെ ഒരു വിജയം ഉണ്ടായിട്ടില്ല. 2018 നേക്കാള്‍ അഞ്ച് ശതമാനം വോട്ട് ആണ് കോണ്‍ഗ്രസിന് ഇത്തവണ വര്‍ധിച്ചത്. ബി.ജെ.പിക്ക് വോട്ടിങ് ശതമാനത്തില്‍ കാര്യമായ കുറവ് ഉണ്ടായില്ല. 36.5 ല്‍ നിന്നും 35.9 ലേക്ക് മാത്രമാണ് താഴ്ന്നത്. അതേസമയം വിശ്വാസ്യത ഇടിഞ്ഞത് ജെ.ഡി.എസിന്റേതാണ്. 18.3 ഇല് നിന്നും 13.3 ആയി വോട്ടിങ് ശതമാനം ഇടിഞ്ഞു.
കോണ്‍ഗ്രസ് നേരിടാന്‍ പോകുന്ന യഥാര്‍ഥ പ്രതിസന്ധി മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലിയായിരിക്കും. സിദ്ധരാമയ്യയെ മാറ്റി നിര്‍ത്തി കര്‍ണാടകത്തില്‍ ഹൈക്കമാന്‍ഡിനു തീരുമാനം എടുക്കാന്‍ കഴിയില്ല. അതേസമയം ഡി.കെ ശിവകുമാര്‍ നേതാക്കളോട് വിശാലമനസ് പ്രകടിപ്പിച്ചിട്ടുമില്ല. ജയില്‍ വേണോ ബി.ജെ.പിയില്‍ ചേരണോ എന്ന് ചോദിച്ചപ്പോള്‍ താന്‍ ജയില്‍ തെരഞ്ഞെടുത്തതില്‍ ഫലമാണ് വിജയം എന്ന് ഡി.കെ വ്യക്തമാക്കി കഴിഞ്ഞു. തന്റെ റോള്‍ എന്താണെന്ന് കൃത്യമായി പറഞ്ഞുള്ള വിലപേശല്‍ കൂടിയാണിത്. ഒരുവര്‍ഷം കൂടിയെങ്കിലും കോണ്‍ഗ്രസ് അനുകൂല തരംഗം സംസ്ഥാനത്ത് നിലനിര്‍ത്തിയാല്‍ മാത്രമേ ലോക്സഭയില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയൂ. കഴിഞ്ഞ തവണ കേരളത്തില്‍ ഇടതുപക്ഷം ഒരു സീറ്റ് നേടിയത് പോലെ കോണ്‍ഗ്രസ് ആകെ നേടിയത് ഒരു സീറ്റ് ആയിരുന്നു. പടയിലെ പോര് ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും മികച്ച വിജയമാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്.
ബി.ജെ.പി ചാര്‍ത്തി നല്കിയ പപ്പു പ്രതിച്ഛായ രാഹുല്‍ ഇല്ലാതാക്കി. ഔദ്യോഗിക വസതിയില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുല്‍ ഇപ്പോള്‍ ജനമനസ്സിലാണ് കുടിയേറിയിരിക്കുന്നത്. ലോക്സഭാ അംഗത്വമില്ലാതാക്കിയപ്പോള് കൂടുതല്‍ ആഴത്തില്‍ ഹൃദയത്തില്‍ പതിയുകയാണ് ചെയ്തത്. സ്വന്തം വീഴ്ചകളെ തിരിച്ചറിഞ്ഞു തിരുത്താതെ, കോണ്‍ഗ്രസിനെതിരെ കൂടുതല്‍ പ്രതികാര നടപടികളുമായി മുന്നോട്ട് പോയാല്‍ ബി.ജെ.പി ചെയ്യുന്നതെല്ലാം വന്‍ അബദ്ധത്തിലാകും കലാശിക്കുക.
പിന്കുറിപ്പ്: വടക്കേന്ത്യന്‍ ചാനലുകളില്‍ കര്‍ണാടക ഫലം പുറത്ത് വന്ന ആദ്യ ഒരുമണിക്കൂര്‍ വരെ പോരാട്ടചിത്രം നരേന്ദ്രമോദിയുടേതായിരുന്നു. ബി.ജെ.പി പിന്നില്‍ പോയതോടെ മോദിയുടെ സ്ഥാനത്ത് പ്രസിഡന്റ് ജെ.പി നദ്ദ എത്തി. ദേശീയ അധ്യക്ഷന്റെ ചിത്രം വരണമെങ്കില്‍ പാര്‍ട്ടി തോല്‍ക്കണം.
(മീഡിയവണ്‍ ഡല്‍ഹി ബ്യുറോചീഫ് ആണ് ലേഖകന്‍)