Analysis
kathal movie
Analysis

ഉരച്ചുനോക്കേണ്ടതുണ്ട് പ്രബുദ്ധതയുടെ 'കാതല്‍'

ലെനിന്‍ സുഭാഷ്
|
2 Dec 2023 4:32 AM GMT

'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ല്‍ കുടുംബത്തെ ഒരു പേടിസ്വപ്നമായ ആവര്‍ത്തനമായാണ് ജിയോ ബേബി ചിത്രീകരിച്ചിട്ടുള്ളതെങ്കില്‍ കാതലില്‍ അതൊരു സാന്ത്വനസ്പര്‍ശമാണ്. വെറുപ്പിന്റെ അവഗണനയുടെ ലാഞ്ചനപോലുമില്ലാതെ അത് അതിലെ അംഗങ്ങളെ ഉള്‍ക്കൊള്ളുന്നതായി കാണിക്കുന്നു.

കേരളീയ പൊതുബോധത്തിനെ ഇടയ്ക്കിടെ ഉരച്ചുനോക്കുന്ന സിനിമകളാണ് ജിയോ ബേബി ചെയ്തിട്ടുള്ളത്. കാതല്‍ ദ കോറും ആ പതിവിന് വിരുദ്ധമല്ല. സ്വവര്‍ഗാനുരാഗം പൊതുവില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് പഥ്യമായൊരു വിഷയമായിരുന്നില്ല. തൊണ്ണൂറുകളുടെ മധ്യത്തില്‍ ദീപ മേത്തയുടെ 'ഫയര്‍' ആയിരിക്കും ഈ ശ്രേണിയിലെ ആദ്യ സിനിമ. അതിനുശേഷം പതുക്കെയാണെങ്കിലും സ്വവര്‍ഗപ്രേമം പ്രമേയമാക്കി സിനിമകള്‍ ഇന്ത്യയില്‍ വന്നുതുടങ്ങി. ഋതുപര്‍ണഘോഷിനെപ്പോലെ തന്റെ സ്വവര്‍ഗാനുരാഗം പരസ്യമായി പ്രഖ്യാപിച്ച സംവിധായകര്‍ കൂടി രംഗത്ത് വന്നതോടെ ഈ വിഷയത്തോടുള്ള തീണ്ടായ്മ കുറച്ചൊക്കെ ഇല്ലാതെയായിത്തുടങ്ങുകയായിരുന്നു. അപ്പോഴും കേരളത്തിന്റെ പ്രബുദ്ധതയ്ക്ക് ഈ വിഷയത്തില്‍ നിലപാട് പറയാന്‍ വലിയ മടിയായിരുന്നു. എന്നാല്‍, നാല് വര്‍ഷം മുമ്പ് ഗീതു മോഹന്‍ദാസ് 'മൂത്തോന്‍' എന്ന സിനിമയുമായി വന്ന് ധൈഷണികക്ലേശമില്ലാതെ ഏറെക്കുറേ ഏകതാനമായ ഒഴുക്കില്‍ രസം പിടിച്ചിരുന്ന മലയാള സിനിമയെ ഒന്ന് പിടിച്ച് ഉലച്ചിരുന്നു. പിന്നീട് ഇതാ 'കാതല്‍ ദ കോറി'ലൂടെ ബഹളങ്ങളൊന്നുമില്ലാതെ ജിയോ ബേബി ഈ വിഷയത്തെ വീണ്ടും കേരളീയ പൊതുബോധത്തിന്റെ മുന്നിലേക്ക് കൊണ്ടിട്ടിരിക്കുകയാണ്. മമ്മുട്ടിയെന്ന മഹാനടന്റെ കൈയൊപ്പ് ഈ ചിത്രത്തില്‍ പതിഞ്ഞതോടെ മലയാള സിനിമയ്ക്കും ഇവിടത്തെ പ്രേക്ഷകസമൂഹത്തിനും സ്വവര്‍ഗാനുരാഗം സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കാതിരിക്കാന്‍ കഴിയില്ല എന്ന ഘട്ടം വന്നിരിക്കുന്നു. ആലോചിച്ചുനോക്കിയാല്‍ മലയാളത്തിലെ സാഹിത്യവും സിനിമയും സ്വവര്‍ഗാനുരാഗ സംബന്ധിയായ വിഷയങ്ങള്‍ തീരെ ചര്‍ച്ച ചെയ്യാതിരുന്നിട്ടില്ലെന്ന് മനസ്സിലാകും.

'അരുളും ഭ്രമമൊന്നു കാണ്‍കില്‍ നിന്‍ തിരുമെയ് സുന്ദരി, നാരിമാര്‍ക്കുമേ' എന്ന കുമാരനാശാന്റെ ലീലയിലെ വരികള്‍ നോക്കുക. ലീലയുടെ ശരീരസൗന്ദര്യം കാണുമ്പോള്‍ സ്ത്രീകള്‍ക്കുപോലും ഭ്രമം തോന്നും എന്ന് അവളുടെ തോഴി മാധവി പറയുകയാണ്. സ്വവര്‍ഗതാല്‍പര്യത്തിന്റെ സൂചന തന്നെയല്ലേയിത്? മാധവിയ്ക്ക് തോന്നിയെന്നല്ല മറ്റാര്‍ക്കെങ്കിലും അങ്ങനെ തോന്നിയാല്‍ തെല്ലും തെറ്റില്ല എന്നുതന്നെയാണ് ആശാന്‍ പറഞ്ഞുവയ്ക്കുന്നത്. സ്വവര്‍ഗപ്രണയത്തെ ആദ്യം മലയാള സാഹിത്യത്തിലേക്ക് കൊണ്ടുവന്നത് വൈക്കം മുഹമ്മദ് ബഷീര്‍ ആണെന്ന് വേണം കരുതാന്‍. 'ശബ്ദങ്ങള്‍' എന്ന കൃതിയില്‍ ഒരു സൈനികന്റെ കഥയിലൂടെ സ്വവര്‍ഗതാല്‍പര്യം ഉള്ള മനുഷ്യരെക്കുറിച്ച് ബഷീര്‍ പറയുന്നുണ്ട്. മദ്യം നല്‍കിയ സ്വാതന്ത്ര്യത്തില്‍ നായകനായ സൈനികന്‍ തന്റെ സ്വവര്‍ഗാനുരാഗം പ്രകടമാക്കാന്‍ തയ്യാറാകുന്നുമുണ്ട്. അന്ന് വലിയ കോളിളക്കമുണ്ടാക്കിയ ആ കൃതി നിരോധിക്കപ്പെട്ടിരുന്നു.

ക്വീര്‍ സമൂഹം നേരിടുന്ന വെല്ലുവിളികളും ആന്തരിക സംഘര്‍ഷങ്ങളും മുഖ്യധാരാസിനിമ സ്വീകരിക്കുന്നു എന്ന നിലയ്ക്ക് 'കാതല്‍ ദ കോര്‍' വലിയ ചുവടുവയ്പ്പാണ്. അയര്‍ലന്റ് ഭരണാധികാരി ലിയോ വരേദ്കര്‍, സെര്‍ബിയന്‍ പ്രധാനമന്ത്രി അനാ ബെര്‍ന്‍ബിക് തുടങ്ങി ഒരുപിടി സ്വവര്‍ഗാനുരാഗികള്‍ രാജ്യം ഭരിക്കുന്ന കാലത്ത് നമ്മുടെ മുഖ്യധാരാസിനിമ സ്വവര്‍ഗാനുരാഗം വിഷയമായെടുത്തത് ചര്‍ച്ച ചെയ്യുന്നത് ഒരുതരത്തില്‍ പറഞ്ഞാല്‍ പാപ്പരത്തമാണ്.

പിന്നീട് ചന്ദനമരങ്ങളില്‍ മാധവിക്കുട്ടി ഒന്നുകൂടി ശക്തമായ ഭാഷയില്‍ ഈ വിഷയത്തെ അവതരിപ്പിച്ചു. തീവ്രമായ ആത്മബന്ധമുള്ള ഷീലയുടേയും കല്യാണിക്കുട്ടിയുടേയും സ്വത്വപ്രതിസന്ധികള്‍ കൃത്യമായി മാധവിക്കുട്ടി രേഖപ്പെടുത്തി. കാതലിലെ പോലെ നോവലിലും പരസ്പരമുള്ള പ്രണയം മറച്ചുവെച്ച് വ്യവസ്ഥിതി കല്‍പിക്കുന്ന വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് കല്യാണിക്കുട്ടിയും ഷീലയും. ഒരുപക്ഷെ ഇത്ര തെളിവായി സ്വവര്‍ഗാനുരാഗം മലയാളത്തില്‍ ചര്‍ച്ച ചെയ്ത സാഹിത്യകൃതി അതിന് മുമ്പ് ഉണ്ടായിട്ടില്ല. ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലൂടെ ഇതേ വിഷയം പത്മരാജനും കൊണ്ടുവന്നിട്ടുണ്ട്. കലയുടെയും സാഹിത്യത്തിന്റെയും വിരസമായ ആവര്‍ത്തനങ്ങളില്‍ ഇടയ്ക്ക് കൊള്ളിയാന്‍ പോലെ ന്യൂനപക്ഷ* വിഷയമായ സ്വവര്‍ഗാനുരാഗം വന്നുപോവാറുണ്ട്. പക്ഷേ, അന്നത്തെ ആശയവിനിമയ സംവിധാനങ്ങളുടെ പരിമിതി കാരണം ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോയിട്ടുണ്ടാകാം. എന്നാല്‍, സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമായതോടെ ചര്‍ച്ചകള്‍ക്ക് വലിയ വ്യാപനശേഷിയുണ്ട്. ഈ അവസരത്തില്‍ ക്വീര്‍ സമൂഹം നേരിടുന്ന വെല്ലുവിളികളും ആന്തരിക സംഘര്‍ഷങ്ങളും മുഖ്യധാരാസിനിമ സ്വീകരിക്കുന്നു എന്ന നിലയ്ക്ക് 'കാതല്‍ ദ കോര്‍' വലിയ ചുവടുവയ്പ്പാണ്. അയര്‍ലന്റ് ഭരണാധികാരി ലിയോ വരേദ്കര്‍, സെര്‍ബിയന്‍ പ്രധാനമന്ത്രി അനാ ബെര്‍ന്‍ബിക് തുടങ്ങി ഒരുപിടി സ്വവര്‍ഗാനുരാഗികള്‍ രാജ്യം ഭരിക്കുന്ന കാലത്ത് നമ്മുടെ മുഖ്യധാരാസിനിമ സ്വവര്‍ഗാനുരാഗം വിഷയമായെടുത്തത് ചര്‍ച്ച ചെയ്യുന്നത് ഒരുതരത്തില്‍ പറഞ്ഞാല്‍ പാപ്പരത്തമാണ്. എന്നാല്‍, ചെറുതരിയില്‍ നിന്ന് കാട്ടുതീ ഉണ്ടാക്കാമെന്നാണല്ലോ.


മേല്‍ വിവരിച്ച കൃതികളും സിനിമകളും സ്വവര്‍ഗപ്രേമികളുടെ വൈയക്തികാനുഭവത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ ജിയോ ബേബി അതിനോടൊപ്പം സാമൂഹികപ്രശ്‌നമായും ഈ വിഷയത്തെ ഉയര്‍ത്തിക്കൊണ്ട് വരുന്നു. ഉള്‍വലിവിന്റെ പിരിമുറുക്കത്തിലേക്ക് ക്വീര്‍ സമൂഹത്തിനെയാകെ തള്ളിയിട്ട് ഇത് അവരുടെ പ്രശ്‌നമെന്ന് പറഞ്ഞ് കൈകെട്ടി നില്‍ക്കുന്ന നാമോരോരുത്തരോടുമാണ് ഈ സിനിമ സംവദിക്കുന്നത്. വിവാഹമെന്ന ഒറ്റമൂലിയില്‍ തീര്‍പ്പാക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ച് നോക്കൂ. വിവാഹത്തിലൂടെ ഏകാന്തതടവിന് ശിക്ഷിക്കപ്പെട്ടവരായി മാറുകയാണ് സ്വവര്‍ഗപ്രേമിയായ മാത്യുവും ആയാളുടെ ഭാര്യ ഓമനയും. സമൂഹം അതിന്റെ അജ്ഞത ഒരു അറിവുപോലെ കൊണ്ടുനടക്കുകയും ആ അറിവിനെ അതിലെ ജനങ്ങളിലേക്ക് ഒരു ഭയമായി പ്രസരിപ്പിക്കുകയും ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് മാത്യുവിന്റേയും ഓമനയുടേയും വിവാഹം. ഒരു കൗണ്‍സിലിംഗിലൂടെ മകന്റേത് മനസിക പ്രശ്‌നമല്ല അത് സാധാരണ പ്രതിഭാസമാണെന്ന വിദഗ്‌ധോപദേശം കിട്ടിയിട്ടും മാത്യുവിന്റെ ചാച്ചന് സമൂഹം പ്രസരിപ്പിച്ച ഭയത്തെ മറികടക്കാനാവാത്തതിന്റെ ഫലമാണ് അവരുടെ വിവാഹം. ചാച്ചന് മകനേയും, മാത്യുവിന് ചാച്ചനേയും, ഓമനയ്ക്ക് ദാമ്പത്യവും നഷ്ടമാക്കിയ വലിയ ദുരന്തമായി പിന്നീട് അത് മാറുന്നുണ്ട്. എത്ര മാത്യുമാരും ഓമനമാരും നമുക്കിടയില്‍ ഉണ്ടോ അവര്‍ക്കെല്ലാം ഇതേ ഭയവും പരിണാമവും തന്നെയായിരിക്കും ഉണ്ടായിട്ടുണ്ടാവുക.

തന്റെ ലൈംഗീക താല്‍പര്യങ്ങള്‍ പൂര്‍ണമായും തിരസ്‌കരിക്കപ്പെട്ടിട്ടും കുടുംബവും സമൂഹവും ഉണ്ടാക്കിയെടുത്ത അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ അവര്‍ക്ക് നീണ്ട ഇരുപത് വര്‍ഷങ്ങള്‍ വേണ്ടിവന്നു. വളരെ സാവധാനത്തിലാണെങ്കിലും സമൂഹത്തിന്റെ ഇത്തരം വിഷയങ്ങളിലുള്ള മുന്നോട്ട് പോക്കാണ് ഓമനയ്ക്കും ആ ധൈര്യം കൊടുത്തിട്ടുണ്ടാവുക. പുതിയ തലമുറ ഇത്തരം സങ്കീര്‍ണമായ കാര്യങ്ങളെ സമൂഹത്തിന്റെ ചോല്‍പടിക്ക് വിട്ടുകൊടുക്കാതെ കൈകാര്യം ചെയ്യുന്നതാണ് ആ മുന്നോട്ട് പോക്കിന്റെ അടിസ്ഥാനം.

മിതത്വമാണ് കാതലിന്റെ സൗന്ദര്യം. സൂക്ഷ്മമായഅഭിനയത്തിലാണെങ്കിലും, വൈകാരികതയിലാണെങ്കിലും, കഥ പറച്ചിലിലായാലും അളന്നുമുറിച്ചാണ് ജിയോ കാര്യങ്ങള്‍ നീക്കിയിരിക്കുന്നത്. മാത്യു ദേവസ്സിയും തങ്കനും തമ്മിലുള്ള ഗാഢമായ പ്രണയത്തെ സൂക്ഷ്മമായി മാത്രമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രകടനപരത ആ പ്രണയത്തിന്റെ സൗന്ദര്യാനുഭൂതി നഷ്ടപ്പെടുത്തും. അടക്കിവച്ച പ്രണയത്തിന്റെ വേദന പേറിയുള്ള ഇരുവരുടേയും സാമൂഹ്യജീവിതം എത്ര വേദന നിറഞ്ഞതാണെന്ന് സിനിമ കാണിച്ചു തരുന്നു. ഉള്‍വലിവിന്റെ വേദനകള്‍ പേറുന്ന മുഖങ്ങളുമായി മമ്മൂട്ടിയും സുധി കോഴിക്കോടും ഗംഭീരപ്രകടനം നടത്തി. സമൂഹം അന്യവത്കരിച്ച ഒരു അഭിരുചി പേറി നടക്കുന്ന സ്വവര്‍ഗാനുരാഗികള്‍ക്ക് മൗനത്തിന്റെ തടവറ തന്നെയാണ് സംവിധായകനും നല്‍കിയിരിക്കുന്നത്. ഇടയ്‌ക്കെപ്പഴോ കണ്ണുകള്‍ കൊണ്ടുമാത്രം അവര്‍ സംസാരിച്ചു. പ്രണയമെന്ന സങ്കല്‍പത്തെ സ്വവര്‍ഗപ്രേമികള്‍ക്കിടയില്‍ പ്രതിഷ്ഠിച്ച് നോക്കുമ്പോള്‍ ഇത് ശരിയാവില്ലെന്ന് തോന്നുന്നത് നമ്മുടെ അജ്ഞതയാണെന്ന തിരിച്ചറിവ് നല്‍കാന്‍ ഈ സിനിമയ്ക്കായി. നമ്മുടേതല്ലാത്ത അനുഭവങ്ങളോടെല്ലാം വിരോധം കാണിക്കുന്നത് സഹജമാണെന്ന തോന്നലിനേയും സിനിമ ചോദ്യം ചെയ്യുന്നു.

മാത്യുവിന്റെ ചാച്ചന്‍ പുരോഗമന ചിന്താഗതിയുള്ളയാളാണെന്ന തോന്നല്‍ സിനിമ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍, സ്വവര്‍ഗപ്രണയം രോഗമാണെന്ന നിഗമനം ദേവസ്സിക്കും ഉണ്ടായിരുന്നു. അയാള്‍ മകനെ ഈ അവസ്ഥയില്‍ നിന്നും മോചിപ്പിക്കാന്‍ കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ട്. എന്നാല്‍, സത്യം മനസ്സിലാക്കിയിട്ടും മകന്റെ ജീവിതത്തെ അയാള്‍ കൈയാളുന്നതിനെ പക്ഷേ സിനിമ കുറ്റപ്പെടുത്തുന്നില്ല. സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റായിരുന്ന രാജ്യത്തെ ഒരു ശരാശരി പുരോഗമന ചിന്താഗതിക്കാരന്റെ വഴിയേ മാത്രമേ ദേവസ്സിയും പോയിട്ടുള്ളൂ എന്ന് വിശ്വസിക്കുകയാണ് എളുപ്പം. മാത്രമല്ല, വൈകിയാണെങ്കിലും അയാള്‍ നിലപാട് തിരുത്തുന്നുമുണ്ട്. ഓമനയുടെ കാര്യവും ഇതുപോലെയാണ്. ഇരുപത് വര്‍ഷത്തെ വലിയ സമയമെടുത്താണ് അവര്‍ ധൈര്യം സംഭരിച്ചതും തന്റെ ഡിവോഴ്‌സ് എന്ന നിലപാടുമായി മുന്നോട്ട് പോകുന്നതും. തന്റെ ലൈംഗീക താല്‍പര്യങ്ങള്‍ പൂര്‍ണമായും തിരസ്‌കരിക്കപ്പെട്ടിട്ടും കുടുംബവും സമൂഹവും ഉണ്ടാക്കിയെടുത്ത അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ അവര്‍ക്ക് നീണ്ട ഇരുപത് വര്‍ഷങ്ങള്‍ വേണ്ടിവന്നു. വളരെ സാവധാനത്തിലാണെങ്കിലും സമൂഹത്തിന്റെ ഇത്തരം വിഷയങ്ങളിലുള്ള മുന്നോട്ട് പോക്കാണ് ഓമനയ്ക്കും ആ ധൈര്യം കൊടുത്തിട്ടുണ്ടാവുക. പുതിയ തലമുറ ഇത്തരം സങ്കീര്‍ണമായ കാര്യങ്ങളെ സമൂഹത്തിന്റെ ചോല്‍പടിക്ക് വിട്ടുകൊടുക്കാതെ കൈകാര്യം ചെയ്യുന്നതാണ് ആ മുന്നോട്ട് പോക്കിന്റെ അടിസ്ഥാനം.


2017ല്‍ ഇറങ്ങിയ 'കാള്‍ മീ ബൈ യുവര്‍ നെയിം' എന്ന സ്വവര്‍ഗാനുരാഗം പ്രേമേയമായ സിനിമയില്‍ നായകനായ എലിയോയോട് അവന്റെ അച്ഛന്‍ പറയുന്നുണ്ട്, നമ്മുടെ ഹൃദയവും ശരീരവും ഒരിക്കല്‍ മാത്രമേ നമുക്ക് നല്‍കപ്പെട്ടിട്ടുള്ളൂ, അത് അറിയുന്നതിന് മുമ്പ്, നമ്മുടെ ഹൃദയം തളരും. നമ്മുടെ ശരീരത്തെ സംബന്ധിച്ചിടത്തോളം, ആരും അതിലേക്ക് നോക്കാത്ത ഒരു സമയം വരും, അതിന്റെ അടുത്തേക്ക് വരാന്‍ പോലും ആരും ആഗ്രഹിക്കില്ല, അതുകൊണ്ട് സന്തോഷം സ്വീകരിച്ച പോലെ ദുഃഖത്തെയും സ്വീകരിക്കുക. അവന്റെ സ്വവര്‍ഗാനുരാഗത്തെ അംഗീകരിച്ചാണ് അച്ഛന്‍ ഇത് പറയുന്നത്. കാതലില്‍ പങ്കുവെക്കുന്നത് ഇതേ വികാരമാണ്. പക്ഷേ, അത് കേരളത്തിലെ സദാചാര ബോധത്തേക്കൂടി മാനിച്ചാണെന്ന് മാത്രം. പാഴാക്കി കളഞ്ഞ ജീവിതത്തില്‍ ഇനി മാത്യുവിനും തങ്കനും ഓമനയ്ക്കും എന്താണ് മിച്ചംപിടിക്കാനുള്ളത്. ക്ലാസ് പ്രിവിലേജ് ഉള്ള മാത്യുവിനും ഓമനയ്ക്കും മുന്നില്‍ പിന്നെയും ചെറുതരിവെട്ടമുണ്ട്. എന്നാല്‍, തങ്കനോ? മാത്യുവുമായുള്ള ബന്ധത്തിന്റെ കൈപുനീര്‍ ഏറിയപങ്കും കുടിച്ചത് അയാളാണ്. സമൂഹത്തിന്റെ പരിഹാസം മുഴുവന്‍ അയാള്‍ ഏറ്റുവാങ്ങുന്നുണ്ട്. സ്വന്തമെന്ന് പറയാന്‍, സ്‌നേഹിക്കാന്‍ അയാള്‍ക്ക് ആരുമില്ലാതാകുന്നുണ്ട്. മാത്യുവുമായുള്ള ബന്ധത്തില്‍ തങ്കനെ സമൂഹം കൂടുതല്‍ വേട്ടയാടാന്‍ കാരണം അയാള്‍ക്ക് ക്ലാസ് പ്രിവിലേജ് ഇല്ല എന്നത് തന്നെയാണ്. കുടുംബത്തിനും സമൂഹത്തിനും വേണ്ടി സ്വന്തം സ്‌നേഹം ഉപേക്ഷിച്ച മനുഷ്യരും ഇവിടെ ഉണ്ടെന്ന് ഒരിക്കല്‍ മരുമകനോട് തങ്കന്‍ പറയുന്നുണ്ട്. അതാണ് അയാളുടെ ഏറ്റവും ഉയര്‍ന്ന സാമൂഹ്യവിമര്‍ശനം. ക്ലാസ് പ്രിവിലേജുകള്‍ സ്വത്വപ്രകാശനത്തെ മറ്റുപല ഘടകങ്ങള്‍ പോലെ സ്വാധീനിക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്.

'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ല്‍ കുടുംബത്തെ ഒരു പേടിസ്വപ്നമായ ആവര്‍ത്തനമായാണ് ജിയോ ബേബി ചിത്രീകരിച്ചിട്ടുള്ളതെങ്കില്‍ കാതലില്‍ അതൊരു സാന്ത്വനസ്പര്‍ശമാണ്. വെറുപ്പിന്റെ അവഗണനയുടെ ലാഞ്ചനപോലുമില്ലാതെ അത് അതിലെ അംഗങ്ങളെ ഉള്‍ക്കൊള്ളുന്നതായി കാണിക്കുന്നു. ഭിന്നമായ ലൈംഗീക അഭിരുചികളാണ് ഉള്ളതെങ്കിലും പരസ്പരം മനസ്സിലാക്കുന്ന മനുഷ്യരാണ് മാത്യുവും ഓമനയും. പരസ്പര ബഹുമാനം അന്ത്യംവരെ അവര്‍ നിലനിര്‍ത്തുന്നു. പഴയ തലമുറയുടെ ആളാണെങ്കിലും ദേവസ്സിയും മകനെ അയാളുടെ സ്വത്വത്തോടെ അംഗീരിക്കുന്നുണ്ട്. ഇതെല്ലാം യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നുനില്‍ക്കുന്ന കാല്‍പനിക സ്വപ്നങ്ങളാണെന്ന് വാദിച്ചാല്‍ തെറ്റെന്ന് പറയാന്‍ കഴിയില്ല. മാതാപിതാക്കളുടെ സംഘര്‍ഷങ്ങളെ കരുതലോടെ മനസ്സിലാക്കുന്ന മകള്‍ പക്ഷേ യാഥാര്‍ത്ഥ്യമാണ്. പുതിയ തലമുറയുടെ ഇടയില്‍ കാണുന്ന ബോധ്യങ്ങളുടെ ജൈവികമായ നിലനില്‍പ് പ്രതീക്ഷ നല്‍കുന്നതാണ്. പുതിയ തലമുറയെ കൃത്യമായി അടയാളപ്പെടുത്താന്‍ ഈ സിനിമയില്‍ ജിയോ ബേബിയ്ക്ക് ആയി. നാട്യങ്ങളുടെ ഭാരമില്ലാത്തവരാണ് പുതുതലമുറയിലെ ഒട്ടുമിക്കപേരും, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. ഓമനയുടെ ആങ്ങള മാത്രമാണ് സമൂഹത്തിന്റെ വാലും പിടിച്ച് ആ വീട്ടിലേക്ക് കയറി വരുന്നത്. അയാള്‍ ആ കാല്‍പനിക ലോകത്തിലെ പൊതുസമൂഹത്തിന്റെ പ്രതിനിധിയാണ്. എന്നാല്‍, അയാള്‍ക്ക് പോലും ചില നേരങ്ങളില്‍ കാല്‍പനികതയ്ക്കും യാഥാര്‍ഥ്യത്തിനും ഇടയില്‍ ആശയക്കുഴപ്പം സംഭവിക്കുന്നുണ്ട്.


നോര്‍മലിനെ ന്യൂ നോര്‍മല്‍ ആയി അവതരിപ്പിക്കുകയാണ് ബുദ്ധിപരമായി ജിയോ ബേബി 'കാതല്‍ ദ കോര്‍' എന്ന സിനിമയില്‍ ചെയ്തത്. മുംബൈ പൊലീസ് സൃഷ്ടിച്ച സ്വവര്‍ഗാനുരാഗികളുടെ സ്‌തോഭജനകമായ അവസ്ഥയില്‍ നിന്ന് സമൂഹം കുറച്ചൊക്കെ മുന്നോട്ട് നടന്നതിന്റെ ഗുണം കാതലിന് കിട്ടി. ഒറ്റ ഇന്റിമേറ്റ് സീനിന്റെയും സാന്നിധ്യം ഇല്ലാതെ 'സ്വവര്‍ഗാനുരാഗം' അവതരിപ്പിക്കപ്പെട്ടു. മാത്യുവും തങ്കനും അടുത്തിരിക്കുന്ന ഒരു ഫ്രെയിമിനെ താങ്ങാന്‍ മാത്രം പക്വത മലയാളി മുഖ്യധാര സിനിമാപ്രേക്ഷര്‍ക്ക് ആയോ? ഇനി അടുത്തിടപഴുകുന്ന രംഗം ഉണ്ടെന്ന് തന്നെ ഇരിക്കട്ടെ പണ്ട് എസ്. ഹരീഷിന്റെ മീശ നോവലിന് സംഭവിച്ച പോലെ ഒരു കാര്യവുമില്ലാത്ത കാര്യത്തിന് സിനിമ വിവാദമാകും. പറയാന്‍ ഉദ്ദേശിച്ച പ്രസക്തമായ കാര്യങ്ങള്‍ ആരും ചര്‍ച്ചയാക്കുകയുമില്ല. കേരളീയ സമൂഹത്തിന്റെ ഈ പ്രത്യേക മനോഭാവം വ്യക്തമായി അറിവുള്ളതുകൊണ്ടാവണം ജിയോ ബേബി അത്തരം ഒരു ദൃശ്യത്തിന് മുതിരാത്തത്. നേരത്തെ സൂചിപ്പിച്ച പോലെ സ്വവര്‍ഗപ്രേമികളുടെ ആന്തരിക ദുഖത്തേക്കാളും സ്വത്വ പ്രതിസന്ധിയേക്കാളും ഈ വിഷയത്തിലെ സാമൂഹിക പ്രശ്‌നങ്ങളാണ് സിനിമ കൂടുതലും ചര്‍ച്ച ചെയ്തത്. അതുകൊണ്ട് തന്നെ സമൂഹത്തോട് സംവദിക്കുന്ന രീതിയിലാണ് സിനിമയുടെ നരേഷന്‍. ചിലപ്പോഴെല്ലാം ഒരു ഡോക്യുമെന്ററിയുടെ സ്വഭാവത്തില്‍ പ്രേക്ഷകരെ സ്പൂണ്‍ ഫീഡ് ചെയ്തിട്ടുമുണ്ട്.

ഇത്ര നല്ല മനുഷ്യരുണ്ടാകുമോ? അത്രയൊന്നും മോശമല്ലാത്ത ഒരു സമൂഹം ഇവിടെയുണ്ടോ? ഇത്തരം ചില ചോദ്യങ്ങള്‍ സിനിമ കാണുമ്പോള്‍ നമുക്ക് തോന്നാം. ജീവിതം നഷ്ടപ്പെടാന്‍ കാരണക്കാരനായ മാത്യുവിനോട് തരിമ്പും പകയില്ലാത്ത ഓമന, തന്നെ മനസ്സിലാക്കാത്ത ചാച്ചനോട് സ്‌നേഹം മാത്രമുള്ള മാത്യു, തെരഞ്ഞെടുപ്പില്‍ ഹോമോസെക്ഷ്വലിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയവയൊക്കെ സംവിധായകന്റെ സങ്കല്‍പങ്ങളാണ് മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പ്രതീക്ഷകളാണ്. സംഘര്‍ഷങ്ങളെ പക്വതയോടെ നേരിടുന്ന വ്യക്തികളും സമൂഹവും രാഷ്ട്രീയവുമാണ് ക്വീര്‍ സമൂഹത്തേക്കാള്‍ ന്യൂനപക്ഷം. ആ ന്യൂനപക്ഷ മനുഷ്യരും സമൂഹവുമാണ് ജിയോ ബേബിയുടെ സിനിമയിലുള്ളതെന്ന് കരുതാം. ഇതുപറയുമ്പോള്‍ ഓര്‍മ വരുന്നത് 'ദ ഓള്‍ഡ് ഓക്ക്' എന്ന സിനിമയുടെ പ്രീമിയര്‍ കഴിഞ്ഞ് വിഖ്യാത ബ്രിട്ടീഷ് സംവിധായകന്‍ കെന്‍ ലോച്ച് പറഞ്ഞ വാക്കുകളാണ് ''പ്രതീക്ഷയുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാക്കാനുള്ള ആത്മവിശ്വാസം ഉണ്ടാകും. പ്രതീക്ഷയില്ലെങ്കില്‍ അവിടെ ഭാവിയില്ല. നിങ്ങള്‍ ലോകത്തില്‍ നിന്നും അതിലെ ആളുകളില്‍ നിന്നും അന്യവത്കരിക്കപ്പെടും''. പ്രതീക്ഷ തന്നെയാണ് ജിയോ ബേബിയും മുന്നോട്ട് വച്ചത്. എത്ര ആത്മാര്‍ഥമായി കേരളീയ പൊതുസമൂഹം അത് ചര്‍ച്ച ചെയ്യും എന്ന് നോക്കാം.

*ആധികാരികമായി രേഖയുടെ അടിസ്ഥാനത്തിലല്ല ന്യൂനപക്ഷമെന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്, കൂടുതല്‍ ആളുകള്‍ തങ്ങളുടെ സ്വത്വപ്രകാശനം നടത്തുന്ന ഈ കാലത്ത് കണക്കുകളില്‍ മാറ്റമുണ്ടാകാം എന്ന ബോധ്യമുണ്ട്, അതുകൊണ്ട് തിരുത്താനും തയ്യാറാണ്.


Similar Posts