കാവാരിക്കുളം കണ്ടന് കുമാരന്: പറയ സമുദായത്തില്‍ പരിഷ്കരണവും പുരോഗതിയും സാധ്യമാക്കിയ വിപ്ലവകാരി
|ജാതി സമ്പ്രദായവും ഹിന്ദുമതവും അപരിഷ്കൃതത്വം അടിച്ചേല്‍പ്പിച്ച് ഓരങ്ങളിലേക്ക് തള്ളിമാറ്റിയ ഒരു ജനവിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും സാമൂഹിക മുന്നേറ്റവും യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാവാരിക്കുളം കണ്ടന് കുമാരന് തുടക്കം കുറിച്ചു. കേരളത്തിലെ പ്രബല അധഃസ്ഥിത വിഭാഗങ്ങളില്‍ ഒന്നായ പറയ (സാംബവ) രുടെ സാമൂഹിക പരിഷ്കരണവും പുരോഗതിയും ലക്ഷ്യമാക്കി 1911-ല്‍ ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന പറയ സംഘം എന്ന സാമൂഹിക നവോത്ഥാന പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നല്കി.
കേരളത്തിന്റെ നവോത്ഥാന ചരിത്രമെഴുതിയവര്‍ ബോധപൂര്‍വം വിസ്മരിച്ച നവോത്ഥാന ശില്പിയും സാമൂഹിക പരിഷ്കര്‍ത്താവും അധഃസ്ഥിത നവോത്ഥാന നായകനുമാണ് കാവാരിക്കുളം കണ്ടന് കുമാരന്. സാമൂഹിക അടിമത്തവും ജന്മിത്തവും നാടുവാഴിത്തവും തോളോട്തോള്‍ ചേര്‍ന്ന് ഇന്നാട്ടിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥയെ അപരിഷ്കൃതവും ദുഷ്കരവുമാക്കിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങളില്‍, ജാതീയമായ വിലക്കുകളെയും കീഴ്വഴക്കങ്ങളെയും സധൈര്യം വെല്ലുവിളിച്ചു കൊണ്ട് സാമൂഹ്യ പരിവര്‍ത്തന മുന്നേറ്റങ്ങള്‍ക്ക് ദിശാബോധം നല്കിയ നവോത്ഥാന നായകനുമാണ് കാവാരിക്കുളം കണ്ടന് കുമാരന്.
സാമൂഹിക അടിമത്തവും ജന്മിത്തവും നാടുവാഴിത്തവും രാജവാഴ്ചയും തോളോട്തോള്‍ ചേര്‍ന്ന് ഇന്നാട്ടിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥയെ അപരിഷ്കൃതവും ദുഷ്ക്കരവുമാക്കിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങളില്‍, ജാതീയമായ വിലക്കുകളെയും അടിമത്തത്തെയും അചഞ്ചലമായ ആത്മധൈര്യവും സംഘശക്തിയും കൊണ്ട് നേരിടുകയും, കേരളത്തിലെ പ്രബല ആദിമ ജനവിഭാഗങ്ങളുടെ വിശിഷ്യാ പറയഗോത്രത്തിന്റെ സാമൂഹിക പുരോഗതിക്കും നവോത്ഥാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക വഴി കേരളീയ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ദിശാബോധം നല്‍കിയതിലൂടെയാണ് കവാരിക്കുളം കണ്ടന്‍കുമാരന്‍ എന്ന സാമൂഹിക വിപ്ലവകാരി കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ അനശ്വരനാവുന്നത്. അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച സാമൂഹിക വിപ്ലവകാരി, സാമുദായിക പരിഷ്കര്‍ത്താവ്, അധഃസ്ഥിത നവോത്ഥാന നായകന്, പ്രഭാഷകന്‍, പ്രജാസഭാ മെമ്പര്‍ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ തന്റെ പ്രവര്‍ത്തനങ്ങളെ അനശ്വരമാക്കിയ കണ്ടന് കുമാരന്റെ ത്യാഗോജ്ജ്വലമായ ജീവിതം, അടിയാളത്തത്തിനും ജന്മിത്തത്തിനും ജാതിവാഴ്ച്ചക്കുമെതിരെ കഴിഞ്ഞ കാലഘട്ടത്തില്‍ കേരളത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ് അനാവരണം ചെയ്യപ്പെടുന്നത്.
സ്വന്തം കുടുംബവും ബന്ധുക്കളും സമുദായാംഗങ്ങളും ദാരിദ്ര്യത്തില്‍ നിന്നും പ്രാരാബ്ധങ്ങളില്‍ നിന്നും സാമൂഹികമായ വിവേചനങ്ങളില്‍ നിന്നും മുക്തമായിരുന്നില്ല എന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ മനസ്സിനെ എപ്പോഴും വേദനിപ്പിച്ചുകൊണ്ടിരുന്നു.
പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തിരുവല്ലാ താലൂക്കില്‍ ഉള്‍പ്പെട്ട മല്ലപ്പള്ളിക്കടുത്തുള്ള പെരുമ്പട്ടി എന്ന ഉള്‍നാടന്‍ ഗ്രാമമാണ് കണ്ടന്‍കുമാരന്റെ ജന്മദേശം; 1863 ഒക്ടോബര്‍ 25-ന് ആയിരുന്നു ചരിത്ര പുരുഷന്റെ ജനനം. പെരുമ്പട്ടി ഗ്രാമത്തിലെ കാവാരിക്കുളം കുടുംബത്തിലെ കണ്ടനും മാണിയുമായിരുന്നു മാതാപിതാക്കള്‍. ദാരിദ്രത്തിന്റെയും ഇല്ലായ്മയുടെയും നടുവിലായിരുന്നു കുമാരന് തന്റെ ബാല്യകൗമാരങ്ങള്‍ പിന്നിട്ടതെങ്കിലും, ബാല്യത്തില്‍ തന്നെ അദ്ദേഹം രഹസ്യമായി അക്ഷരജ്ഞാനം ആര്‍ജ്ജിക്കുകയും തന്റെ സഹോദര മിത്രങ്ങളെ ആ വഴിയെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു പോന്നു. തിരുവിതാംകൂറില്‍ വിദ്യാഭ്യാസം സവര്‍ണര്‍ കുത്തകയാക്കി വച്ചിരുന്ന കാലഘട്ടത്തിലാണ്, സവര്‍ണര്‍ സൃഷ്ടിച്ച വിലക്കുകളെ ധീരമായി ലംഘിച്ച് കുമാരന് അക്ഷരജ്ഞാനം നേടുന്നതും വിദ്യാഭ്യാസ വിപ്ലവത്തിന് തിരിതെളിക്കുന്നതും. ഒരു പക്ഷേ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാതിലുകള്‍ അധഃസ്ഥിത വിഭാഗങ്ങള്ക്കുമുന്നില് മലര്‍ക്കെത്തുറന്നിട്ട് അവരെ നവോത്ഥാനത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ച പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ മിഷണറിമാരുടെ സഹായത്താലായിരിക്കാം അദ്ദേഹം വിദ്യാഭ്യാസം നേടിയത്. വസ്തുത എന്തായിരുന്നാലും ബാല്യത്തില്‍ തന്നെ കുമാരന് എഴുത്തും വായനയും സ്വായത്തമാക്കുകയും സാമൂഹിക യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കുകയും ചെയ്തിരുന്നു എന്നതാണ് യാഥാര്‍ഥ്യം. പില്ക്കാലത്ത് ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരിക്കെ സഭയില്‍ സ്മര്യപുരുഷന് നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗങ്ങളും എഴുത്തുകുത്തുകളും ഇടപെടലുകളും മറ്റും അദ്ദേഹം ആര്‍ജ്ജിച്ച സാമൂഹിക വിജ്ഞാനത്തിന്റെ നിദര്‍ശനമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
വിദ്യാഭ്യാസത്തോടൊപ്പം കൗമാരകാലഘട്ടത്തില്‍ തന്നെ കുമാരന് കായികഭ്യാസവും നേടിയിരുന്നു. ഇത് പില്ക്കാലത്ത് സമുദായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായപ്പോള്‍ സ്വയരക്ഷക്കും സവര്‍ണാധിപത്യത്തെ പ്രതിരോധിക്കാനും ഒരു പരിധിവരെ അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും സഹായകരമായിത്തീര്‍ന്നു എന്നു വേണം കരുതാന്‍. വിദ്യാഭ്യാസത്തോടെപ്പം ചെറുപ്പം മുതല്‍ തന്നെ കുമാരന് പറയഗോത്രത്തിന്റെ കുലത്തൊഴിലായ ഈറ്റപ്പണിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പിതാവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഈറ്റക്കാടുകള്‍ തേടി ദിവസങ്ങളോളം വനാന്തരങ്ങളില്‍ കഴിയുന്നതും ഈറ്റവെട്ടി കെട്ടുകളാക്കി നാട്ടിലെത്തിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്നതിലും അങ്ങനെ ലഭിക്കുന്ന പണം കുടുംബാവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിലും അദ്ദേഹം എപ്പോഴും സന്തോഷം കണ്ടെത്തിയിരുന്നു. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും സ്വന്തം കുടുംബവും ബന്ധുക്കളും സമുദായാംഗങ്ങളും ദാരിദ്ര്യത്തില്‍ നിന്നും പ്രാരാബ്ധങ്ങളില്‍ നിന്നും സാമൂഹികമായ വിവേചനങ്ങളില്‍ നിന്നും മുക്തമായിരുന്നില്ല എന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ മനസ്സിനെ എപ്പോഴും വേദനിപ്പിച്ചുകൊണ്ടിരുന്നു.
ജാതിയുടെ പേരില്‍ താനും തന്റെ സമുദായവും അനുഭവിച്ചുകൊണ്ടിരിക്കുന്ന അവമതിയില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നുമുള്ള മോചനത്തിന്റെ പാതയേതെന്ന് ചിന്തിക്കുവാന്‍ ഇത് കുമാരനെ പ്രേരിപ്പിച്ചു. നിയതാര്ഥത്തില് തീഷ്ണമായ ഈ ചിന്തയില്‍ നിന്നാണ് ജാതി സമ്പ്രദായവും ഹിന്ദുമതവും അപരിഷ്കൃതത്വം അടിച്ചേല്‍പ്പിച്ച് ഓരങ്ങളിലേക്ക് തള്ളിമാറ്റിയ ഒരു ജനവിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും സാമൂഹിക മുന്നേറ്റവും യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിക്കുന്നതും കേരളത്തിലെ പ്രബല അധഃസ്ഥിത വിഭാഗങ്ങളില്‍ ഒന്നായ പറയ (സാംബവ) രുടെ സാമൂഹിക പരിഷ്കരണവും പുരോഗതിയും ലക്ഷ്യമാക്കി 1911-ല്‍ ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന പറയ സംഘം എന്ന സാമൂഹിക നവോത്ഥാന പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതും. വിവിധ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ കേരളത്തിലെ ഓരോ സമുദായവും പുതിയൊരുണര്‍വിലേക്ക് മുന്നേറികൊണ്ടിരുന്ന കാലഘട്ടത്തിലാണ് കണ്ടന്‍കുമാരന്‍ മുന്‍ചൊന്ന പ്രസ്ഥാനത്തിന് രൂപം നല്കി പറയരുടെ സാമുദായിക ശാക്തീകരണത്തിനും മുന്നേറ്റത്തിനും നാന്നികുറിക്കുന്നത്. 1911 ആഗസറ്റ് 29-ന് ചങ്ങനാശ്ശേരി ചന്തക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ആര്യാട്ട് ഊപ്പയുടെ കുടുംബമായ മണലോട് വീട്ടില്‍ സംഗമിച്ച ഒരു കൂട്ടം സമുദായ സ്നേഹികളുടെ യോഗത്തിലാണ് പ്രസ്തുത സാമൂഹിക പരിഷ്കരണ പ്രസ്ഥാനം രൂപം കൊള്ളുന്നത്. സംഘടന നിലവില്‍ വന്നതോടെ നേതാക്കള്‍ സംഘടനയുടെ പ്രവര്‍ത്തനവുമായി നാട്ടിലുടനീളം പ്രചരണത്തിലേര്‍പ്പെട്ടു. സാംബവ സമുദായംഗങ്ങളുടെ അധിവാസ മേഖലകളില്‍ ഭജനമഠങ്ങള്‍ എന്ന പേരില്‍ ശാഖകള്‍ രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം. സവര്‍ണരുടെ എതിര്‍പ്പുകളെ തന്ത്രപൂര്‍വം നേരിടുന്നതിനു വേണ്ടിയായിരുന്നു ശാഖകള്‍ക്ക് ബോധപൂര്‍വം അദ്ദേഹം ഭജനമഠം എന്നു പേര് നല്‍കിയത്. സമുദായ പരിഷ്ക്കരണത്തിനും ആത്മാഭിമാന പ്രേരിതമായ സാമൂഹിക ജീവിതത്തിനും പ്രാമുഖ്യം നല്കിയ സംഘം വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെപ്പറ്റി സമുദായാംഗങ്ങള്‍ക്കിടയില്‍ നിരന്തരം ഉദ്ബോധനം നടത്തുന്നതിലും ജാഗ്രത പുലര്‍ത്തിയിരുന്നു.
അക്കാലത്ത് അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക ഉന്നതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച സാധുജന പരിപാലന സംഘത്തെയും പ്രത്യക്ഷ രക്ഷാ ദൈവ സഭയെയും ഇതര സമുദായ സംഘങ്ങളെയും പോലെ ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന പറയ സംഘവും - ഞായറാഴ്ച വിശ്രമ ദിനമാക്കുക, അപരിഷ്കൃതമായ ഭക്ഷണ രീതിയും മദ്യപാനവും വര്‍ജ്ജിക്കുക, സാമ്പത്തിക അച്ചടക്കം പാലിക്കുക, ചിന്തിക്കാനും ധ്യാനിക്കാനും സമയം കണ്ടെത്തുക തുടങ്ങിയ പുരോഗമനാത്മക കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്. എല്ലാ ഞായറാഴ്ചകളിലും സംഘ ശാഖകളായ ഭജനമഠങ്ങളില് സമുദായാംഗങ്ങള്‍ കൂടിച്ചേരുകയും സമുദായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും പ്രാര്‍ഥിക്കുകയും ചെയ്തു പോന്നു. അതോടെ സമുദായാംഗങ്ങള്‍ക്കിടയില്‍ മറ്റൊരു ജീവിതം സാധ്യമാണെന്ന പ്രതീതി ഉദ്ഭൂതമാവുകയും അതിന്റെ സാക്ഷാത്കാരം വിദൂരമല്ലെന്നും ബോധ്യമായിത്തുടങ്ങുകയും ചെയ്തു. ഇത്രയും ആയപ്പോഴേക്കും സമുദായം ഒരു പുതിയൊരു ഉണര്‍വിന്റെ പാന്ഥാവിലേക്ക് ഉണരുക തന്നെ ചെയ്തു. സാമ്പത്തിക അച്ചടക്കത്തെ സംബന്ധിക്കുന്ന കണ്ടന് കുമാരന്റെ പ്രബോധനങ്ങള്‍ കുലത്തൊഴിലിനൊപ്പം മറ്റു തൊഴില്‍ മേഖലകളിലേക്ക് കടന്ന് ചെന്ന് മെച്ചപ്പെട്ട ജീവിതം കരുപ്പിടിപ്പിക്കാന്‍ സമുദായത്തെ സജ്ജമാക്കി. ഇത്തരത്തില്‍ സമുദായ പ്രവര്‍ത്തനം മാതൃകാപരമായ രീതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് കണ്ടന് കുമാരന് വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങുന്നത്.
പള്ളിക്കൂടങ്ങള്‍ നിര്‍മിക്കാനും അത് നിലനിര്‍ത്താനും അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ സഭക്കോ പണമുണ്ടായിരുന്നില്ല. ഈ ഘട്ടത്തില്‍ നാട്ടിലുടനീളം സഭയുടെ ശാഖകളായി പ്രവര്‍ത്തിച്ചിരുന്ന ഭജനമഠങ്ങളെ ഏകാധ്യാപക വിദ്യാലയങ്ങളായി നവീകരിച്ചു കൊണ്ടായിരുന്നു ഈ പ്രതിസന്ധിയെ അദ്ദേഹം മറികടന്നത്. തത്ഫലമായി ഭജനമഠങ്ങള്‍ ഏകാധ്യാപക വിദ്യാലയങ്ങളും നിശാപാഠശാലകളുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നിയതാര്ഥത്തില് കാവരിക്കുളം തുടക്കം കുറിച്ച ഏകാധ്യാപ വിദ്യാഭ്യാസ സംരംഭങ്ങള്‍ പൊതുവിദ്യാഭ്യാസ രംഗത്ത് ചടുലമായൊരു പരിവര്‍ത്തനത്തിന് തന്നെ നാന്ദി കുറിക്കുകയായിരുന്നു.
തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമെല്ലാം അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാദ്യാസം നിഷേധിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലാണ് കണ്ടന്‍കുമാരനും അദ്ദേഹത്തിന്റെ സംഘവും അനുയായികളും അധഃസ്ഥിത-സമുദായത്തിന്റെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെപ്പറ്റി ഗൗരവമായി ചിന്തിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസത്തിലൂടെയും സംഘശക്തിയിലൂടെയും മാത്രമെ കീഴാള വിഭാഗങ്ങള്‍ക്ക് മറ്റൊരു ജീവിതം സാധ്യമാക്കാന്‍ കഴിയൂവെന്ന് ഡോ. അംബേദ്കറെയും മഹാത്മ അയ്യന്‍കാളിയെയും നാരായണ ഗുരുവിനെയും പോലെ ചിന്തിച്ച കണ്ടന് കുമാരന് ആ ചിന്തയുടെ വെളിച്ചവുമായി സമുദായാംഗങ്ങള്ക്കിടയിലൂടെ സഞ്ചരിച്ചതോടെ അധഃസ്ഥിത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് പുതിയൊരു അവബോധം നാമ്പെടുക്കുകയുണ്ടായി. അധഃസ്ഥിതരുടെ വിദ്യാഭ്യാസത്തിനു വേണ്ടി തിരുവിതാംകൂറില്‍ മഹാത്മ അയ്യന്‍കാളി പ്രക്ഷോഭം അഴിച്ചുവിട്ട കാലമായിരുന്നു അത്. എന്നാല്‍, തിരുവിതാംകൂറിലെ യാഥാസ്ഥിക ഭരണകൂടം അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായി. ഈ അവസരത്തിലാണ് ജനപങ്കാളിത്തത്തോടെയുള്ള സമാന്തര വിദ്യാഭ്യാസത്തിന്റെ സാധ്യതകളെപ്പറ്റി കാവാരിക്കുളം കണ്ഠന് കുമാരന് എന്ന വിപ്ലവകാരി ഗൗരവമായി ആലോചിക്കുന്നത്. എന്നാല്‍, പള്ളിക്കൂടങ്ങള്‍ നിര്‍മിക്കാനും അത് നിലനിര്‍ത്താനും അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ സഭക്കോ പണമുണ്ടായിരുന്നില്ല. ഈ ഘട്ടത്തില്‍ നാട്ടിലുടനീളം സഭയുടെ ശാഖകളായി പ്രവര്‍ത്തിച്ചിരുന്ന ഭജനമഠങ്ങളെ ഏകാധ്യാപക വിദ്യാലയങ്ങളായി നവീകരിച്ചു കൊണ്ടായിരുന്നു ഈ പ്രതിസന്ധിയെ അദ്ദേഹം മറികടന്നത്. തത്ഫലമായി ഭജനമഠങ്ങള്‍ ഏകാധ്യാപക വിദ്യാലയങ്ങളും നിശാപാഠശാലകളുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നിയതാര്ഥത്തില് കാവരിക്കുളം തുടക്കം കുറിച്ച ഏകാധ്യാപ വിദ്യാഭ്യാസ സംരംഭങ്ങള്‍ പൊതുവിദ്യാഭ്യാസ രംഗത്ത് ചടുലമായൊരു പരിവര്‍ത്തനത്തിന് തന്നെ നാന്ദി കുറിക്കുകയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകമാകുമ്പോഴേക്കും ഇത്തരത്തിലുള്ള 52 ഏകാധ്യാപക പള്ളിക്കൂടങ്ങള്‍ സഭയുടെ നിയന്ത്രണത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായി പ്രജാസഭാ രേഖകളില്‍ നിന്നും മനസ്സിലാക്കാം. ഇതോടൊപ്പം പൊതു വിദ്യാലയങ്ങള്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്കു തുറന്നു കൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുകയും ചെയ്തു കൊണ്ടിരുന്നു. ഇക്കാലമായപ്പോഴേക്കും അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. 1915-ല്‍ ആണ് അദ്ദേഹം സഭയില്‍ അംഗമാകുന്നതെന്ന് സഭാരേഖകള്‍ സൂചിപ്പിക്കുന്നു. അധഃസ്ഥിത സമുദായത്തിന്റെ പ്രതിനിധിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അദ്ദേഹം അന്നു മുതല്‍ അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും തൊഴിലിനും കൃഷിഭൂമിയും മറ്റു അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു. 23.2.1915-ല്‍ ആണെന്ന് തോന്നുന്നു അദ്ദേഹം ആദ്യമായി പ്രജാസഭയില്‍ പ്രസംഗിക്കുന്നത്. അന്നു തന്നെ തന്റെ സമുദായത്തിലെ കുട്ടികളെ പള്ളിക്കൂടങ്ങളില്‍ പ്രവേശിപ്പിക്കുന്നിലെന്ന് ചൂണ്ടിക്കാട്ടുകയും അവരെ പള്ളിക്കൂടങ്ങളില്‍ പ്രവേശിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി. 1917 ഫെബ്രുവരി 19-ന് നടത്തിയ മറ്റൊരു പ്രസംഗത്തില്‍ സഭ നടത്തുന്ന ഏകാധ്യാപക സ്കൂളുകള്‍ക്ക് ഗ്രാന്റ് അനുവദിക്കണമെന്ന് താഴെപ്പറയും പ്രകാരം അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. '' കുന്നത്തൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, പീരുമേട്, മാവേലിക്കര, കരുനാഗപ്പള്ളി, അമ്പലപ്പുഴ താലൂക്കുകളിലായി ഞങ്ങളുടെ സമുദായം നടത്തുന്ന 52 സ്കൂളുകളുണ്ട്. ആ സ്കൂളുകളിലെ അധ്യാപകരില്‍ 46 പേര് പറയരും മൂന്നു പേര് ഈഴവരും രണ്ടു പേര് നായന്മാരും ഒരാള്‍ ക്രിസ്ത്യാനിയുമാണ്. ആ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കണമെന്നും ടീച്ചര്‍മാരെ സ്ഥിരപ്പെടുത്തണമെന്നും അപേക്ഷിക്കുന്നു' . സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ പില്ക്കാലത്ത് ഈ സ്കൂളുകളില്‍ ഭൂരിഭാഗവും നിന്നുപോവുകയും ചുരുക്കം ചിലത് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു എന്നതാണ് ചരിത്രമെങ്കിലും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഈ ഏകാധ്യാപക പള്ളിക്കൂടങ്ങള്‍ ഒരു കാലഘട്ടത്തിന്റെ രേഖപ്പെടുത്തലായി നിലകൊണ്ടു എന്നതാണ് യാഥാര്‍ഥ്യം.
1926 മാര്‍ച്ച് മൂന്നാം തീയതി നടന്ന ശ്രീമൂലം പ്രജാസഭയുടെ 22-ാമത് സമ്മേളനത്തില്‍ പറയരുടെ ഭൂരാഹിത്യത്തെപ്പറ്റിയും അവര്‍ക്ക് ഭൂമി പതിച്ചു നല്കുന്നതില് ഭരണാധികാരികള്‍ കാട്ടുന്ന അലംഭാവത്തെപ്പറ്റിയുമാണ് കണ്ടന്‍കുമാരന്‍ പ്രധാനമായും സംസാരിച്ചത്. മാത്രമല്ല, പറയര് അധിവസിക്കുന്ന മേഖലകളില്‍ കോളനികള്‍ സ്ഥാപിക്കണമെന്നും രേഖാമൂലം അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് 1928-ലെ പ്രജാസഭാ പ്രസംഗത്തിലും അദ്ദേഹം ഭൂമിപ്രശ്നം മുഖ്യവിഷയമായി ഉന്നയിച്ചു സംസാരിക്കുകയുണ്ടായി.
കരിവാരിക്കുളം കണ്ടന് കുമാരന്റെ നേതൃത്വത്തില്‍ നടന്ന മുന്‍ചൊന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ ഉദ്ദേശിച്ച ഫലമുളവാക്കിയെന്ന് അക്കാലത്തെ സെന്‍സസ് റിപ്പോര്‍ട്ടിലെ അധഃസ്ഥിതര്‍ ആര്‍ജ്ജിച്ച സാക്ഷരതയെ സംബന്ധിച്ചവിവരം വെളിപ്പെടുത്തുന്നുണ്ട്. പീരുമേട് ചീന്തലറില് കാറ്റാടി കവലയ്ക്കടുത്തുള്ള ഗവണ്മെന്റ് വെല്‍ഫയര്‍ സ്കൂള്‍, കാഞ്ഞിരപ്പള്ളി താലൂക്കിലെ നെടുങ്കാവ് വയല്‍ സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍, കാഞ്ഞിരപ്പള്ളി താലൂക്കിലെ തന്നെ മണിമല പഞ്ചായത്തിലെ കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂള്‍, പത്തനംതിട്ട വില്ലേജിലെ കൊല്ലുമുള വില്ലേജിലെ കിസുമം ഗവണ്മെന്റ് ഹൈസ്കൂള്‍ തുടങ്ങിയവ കാവാരിക്കുളം ആരംഭിക്കുകയും പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്ത് വികസിപ്പിക്കുകയും ചെയ്ത വിദ്യാലയങ്ങളാണെന്ന് ചരിത്രകാരനായ പ്രൊഫസര്‍ എസ്. കൊച്ചു കുഞ്ഞ് രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമായ കണ്ടെത്തലാണ്. വിദ്യാഭ്യാസ മേഖലയില്‍ കാവാരിക്കുളം നല്കിയ സംഭാവനകളെ അനുസ്മിരിച്ചു കൊണ്ട് പ്രൊഫസര്‍ ഇപ്രകാരം എഴുതുന്നു 'കണ്ടന് കുമാരന് പടുത്തുയര്‍ത്തിയ സ്കൂളുകള്‍ സമുദായത്തിന്റെ പേരില്‍ നിലനിന്നില്ലെങ്കിലും സമുദായത്തില്‍ അദ്ദേഹം സൃഷ്ടിച്ചെടുത്ത സാംസ്കാരിക അവബോധത്തിനും വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യത്തിനും ശാശ്വത വ്യവസ്ഥയുണ്ടായി. പൊതുവിദ്യാലയങ്ങള്‍ അധഃസ്ഥിതര്‍ക്കായി കൂടി തുറക്കപ്പെട്ടപ്പോഴും രാജവാഴ്ചക്കാലത്തും സ്വാതന്ത്ര്യാനന്തര ഘട്ടത്തിലും സര്‍ക്കാരുകള്‍ അധഃസ്ഥിതര്‍ക്കായി വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ തുടങ്ങിയപ്പോഴും അവ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ മേല്‍പ്പറഞ്ഞ അവബോധവും ആഭിമുഖ്യവും പറയ സമുദായത്തിന് പ്രേരകശക്തികളായി '(പ്രൊഫ. എസ്. കൊച്ചു കുഞ്ഞ്. കാവാരിക്കുളം കണ്ടന്‍കുമാരന്‍ ഒരു ചരിത്ര പഠനം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് )
1915ല്‍ ആണ് കാവാരിക്കുളം കണ്ടന് കുമാരന് പറയ സമുദായത്തിന്റെ പ്രതിനിധിയായി ശ്രീ മൂലം പ്രജാസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട് എത്തുന്നതെന്ന് സൂചിപ്പിച്ചല്ലോ? ഇതോടെ ഇതര സമുദായ നേതാക്കള്‍ക്കൊപ്പം പ്രജാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനും സ്വസമുദായത്തിന്റെ ആവശ്യങ്ങള്‍ സഭയില്‍ ഉന്നയിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. ഓരോ പ്രദേശത്തും സ്വസമുദായത്തില്‍പ്പെട്ടവര്‍ നേരിട്ടു കൊണ്ടിരുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ അന്വേഷിച്ചു കണ്ടെത്തി സഭയില്‍ അവതരിപ്പിക്കുന്നതില്‍ തന്റേതായ ഒരു പ്രത്യേക ശൈലി അദ്ദേഹം എപ്പോഴും അവലംബിച്ചിരുന്നു. തന്റെ ജനതയുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് അദ്ദേഹം നിരന്തരം അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെടുക പതിവായിരുന്നു. പറയര് സമുദായത്തിന് കൃഷി ഭൂമിയും വാസയിടങ്ങളും ലഭ്യമാക്കുന്നതിനും അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി. 1926 മാര്‍ച്ച് മൂന്നാം തീയതി നടന്ന ശ്രീമൂലം പ്രജാസഭയുടെ 22-ാമത് സമ്മേളനത്തില്‍ പറയരുടെ ഭൂരാഹിത്യത്തെപ്പറ്റിയും അവര്‍ക്ക് ഭൂമി പതിച്ചു നല്കുന്നതില് ഭരണാധികാരികള്‍ കാട്ടുന്ന അലംഭാവത്തെപ്പറ്റിയുമാണ് കണ്ടന്‍കുമാരന്‍ പ്രധാനമായും സംസാരിച്ചത്. മാത്രമല്ല, പറയര് അധിവസിക്കുന്ന മേഖലകളില്‍ കോളനികള്‍ സ്ഥാപിക്കണമെന്നും രേഖാമൂലം അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് 1928-ലെ പ്രജാസഭാ പ്രസംഗത്തിലും അദ്ദേഹം ഭൂമിപ്രശ്നം മുഖ്യവിഷയമായി ഉന്നയിച്ചു സംസാരിക്കുകയുണ്ടായി. 1932-ലെ സഭയുടെ അവസാന സമ്മേളനത്തിലും കണ്ടന് കുമാരന് അധഃസ്ഥിതരുടെ ഭൂമിപ്രശ്നം സഭയില്‍ ഉന്നയിക്കുകയുണ്ടായി. അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടു. 'ഗവണ്മെന്റ് പറയര്‍ക്കും മറ്റു അധഃസ്ഥിത വിഭാഗങ്ങള്‍ക്കും ഭൂമി പതിച്ചു കൊടുക്കുന്നതിന് ഓര്‍ഡര്‍ പുറപ്പെടുവിച്ചെങ്കിലും സത്യത്തില്‍ അത് യാഥാര്ഥ്യമായിട്ടേയില്ല. ഈ ഉത്തരവിനെ തുടര്‍ന്ന് നല്‍കിയിട്ടുള്ള അപേക്ഷകളിലധികവും പലപല ആ ഫീസുകളില്‍ കെട്ടികിടക്കുന്നു. മാവേലിക്കര താലൂക്കില്‍ 65 ഏക്കര്‍, വള്ളിക്കുന്നം പകുതിയില്‍ സര്‍വേ നമ്പര്‍ 1 01/2 -ല്‍ 20 ഏക്കര്‍, അതേ പകതിയില്‍ തന്നെ സര്‍വേ 228/1-ല്‍ 5 ഏക്കര്‍, താമരക്കുളം പകുതിയില്‍ സര്‍വേ 119/1ല്‍ 40 ഏക്കര്‍ എന്നീ ക്രമത്തില്‍ സ്ഥലം പതിച്ചു കിട്ടാന്‍ അപേക്ഷകള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നതാണ്. കൊല്ലവര്‍ഷം 1097-ല്‍ മാവേലിക്കര തഹസില്‍ദാര്‍ ഇതിനായി ശുപാര്‍ശ ചെയ്തിരുന്നു. ബന്ധപ്പെട്ട വ്യക്തികള്‍ മേല്‍പ്പറഞ്ഞ വസ്തുക്കളുടെ പ്ലാനിന്റേയും പ്രമാണങ്ങളുടെയും കോപ്പികളും മറ്റും ദിവാന് പോഷ്കരുടെ മുമ്പാകെ സമര്‍പ്പിച്ചിരുന്നതുമാണ്. ഈ സംഭവം 11-01 ലാണ് എന്നിരുന്നാലും നാളിതുവരെ വസ്തുക്കള്‍ പതിച്ചു നല്കപ്പെട്ടിട്ടേയില്ല ' (കാവാരിക്കുളം കണ്ടന് കുമാരന് ഒരു ചരിത്ര പഠനം. പ്രൊഫസര്‍. എസ്. കൊച്ചു കുഞ്ഞ്) മേല്‍ സൂചിപ്പിച്ച പ്രസംഗഭാഗത്തില്‍ നിന്നും എത്ര ഗൗരവത്തോടു കൂടിയായിരുന്നു കാവാരിക്കുളം അധഃസ്ഥിത വിഭാഗങ്ങളുടെ ഭൂമി പ്രശ്നത്തില്‍ ഇടപെട്ടിരുന്നത് എന്ന് മനസ്സിലാക്കാം.
ഒരിക്കലും ഒരു പ്രശ്നം വേറുതെ ഉന്നയിക്കുകയായിരുന്നില്ല അദ്ദേഹം, മറിച്ച് ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ആയത് നേടിയെടുക്കുന്നതിനു വേണ്ടി സാധ്യമായ എല്ലാ വഴികളിലൂടെയും സഞ്ചരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി. കാവാരിക്കുളത്തോടൊപ്പം അധഃസ്ഥിത വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പ്രജാസഭയുടെ അവസാന സമ്മേളനത്തില്‍ പങ്കെടുത്ത മഹാത്മ അയ്യന്‍കാളി, പാറാഡി എ. ഐസക്, നാരായണന് രാമന് എന്നിവരും അധഃസ്ഥിത വിഭാഗങ്ങളുടെ ഭൂമിപ്രശ്നത്തിനാണ് പ്രാമുഖ്യം നല്‍കിയത്. അടിസ്ഥാന മൂലധനം എന്ന നിലയില്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ഭൂമി ലഭിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ട് കാവാരിക്കളം പ്രജാസഭയില്‍ നടത്തിയ പ്രസംഗം സശ്രദ്ധം കേട്ട ദിവാന് മറുപടി പറയവെ, ഭൂമിയുടെ ലഭ്യതയനുസരിച്ച് ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നതാണെന്ന് വ്യക്തമാക്കിയിട്ടുള്ളതില്‍ നിന്നു തന്നെ കാവാരിക്കുളം നടത്തിയ ഇടപെടലിന്റെ സ്വാധീനം എത്രമാത്രമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
അധഃസ്ഥിത വിഭാഗങ്ങളുടെ ഭൂമിപ്രശ്നത്തോടൊപ്പം തന്നെ ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി, കുലത്തൊഴില്‍ സംരക്ഷണം എന്നിവക്ക് വേണ്ടിയും കണ്ടന്‍കുമാരന്‍ പലപ്പോഴായി പ്രജാസഭയില്‍ ആവശ്യപ്പെടുകയുണ്ടായി. ജാതി-മതഭേദമെന്യെ അധഃസ്ഥിത വിഭാഗങ്ങളെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം 1917-ല്‍ സഭയില്‍ അവതിരിപ്പിച്ച ഒരു നിവേദനത്തിലൂടെ തന്റെ മനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 52 ഏകാധ്യാപ വിദ്യാലയങ്ങളുടെ നടത്തിപ്പിനാവശ്യമായ ധനസഹായം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതോടെപ്പം ഇംഗ്ലീഷ്, മലയാളം പള്ളിക്കൂടങ്ങളില്‍ പഠിക്കുന്ന പറയ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുക, പരീക്ഷ പാസ്സായവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, പറയ കുട്ടികളെ പരീക്ഷ ഫീസില്‍ നിന്നും ഒഴിവാക്കുക, കുലത്തൊഴില്‍ സംരക്ഷിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുക, പരീക്ഷ പാസ്സാകാന്‍ മിനിമം മാര്‍ക്കില്‍ പറയ കുട്ടികള്‍ക്ക് ഇളവ് നല്‍കുക, നായര്‍ റെഗുലേഷന് വ്യവസ്ഥ പറയര്‍ക്കു കൂടി ബാധകമാക്കി ഇവര്‍ക്കിടയില്‍ ഒരു ഏകീകൃത നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പലപ്പോഴായി അദ്ദേഹം സഭയില്‍ ഉന്നയിച്ച് പരിഹാരം നേടുകയുണ്ടായി.
ഇപ്രകാരം നൂറ്റാണ്ടുകളോളം ജാതീയതയുടെ ചങ്ങലക്കെട്ടുകളില്‍ ഞെരിഞ്ഞമര്‍ന്നു പോയ സ്വസമുദായത്തെ സാമൂഹികവും സാംസ്കാരികവുമായ ശാക്തീകരണ പ്രക്രിയക്ക് വിധേയമാക്കി സാമൂഹിക പരിവര്‍ത്തനത്തിന്റെ പുതുയുഗത്തിലേക്ക് നയിച്ച കാവാരിക്കുളം കണ്ടന് കുമാരന് ചരിത്രത്തില്‍ തന്റെ പേര് അടയാളപ്പെടുത്തുക തന്നെ ചെയ്തു. സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കി അധഃസ്ഥിത വിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും പറയ ഗോത്രത്തിനുള്ളില്‍ അദ്ദേഹം നേതൃത്വം നല്കിയ സമുദായ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ സവര്‍ണാധിപത്യം അപരിഷ്കൃതത്വം കല്പിച്ച് അടിയാളരാക്കി മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച ഒരു ജനവിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വെളിച്ചം പകര്‍ന്നു എന്നു മാത്രമല്ല, അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശബോധത്തെ പ്രോജ്ജ്വലമാക്കി, പൊതു സമൂഹത്തെ ജനാധിപത്യ ബോധത്തിലേക്ക് നയിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്തു എന്നറിയുമ്പോള്‍ മാത്രമെ ചരിത്രത്തില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളുടെ പ്രസക്തി തിരിച്ചയറിയപ്പെടുകയുള്ളൂ. 1934 ഒക്ടോബര്‍ 16-ന് ദിവംഗതനാവുന്നതു വരെ ആ സാമൂഹിക വിപ്ലവകാരിയുടെ ഹൃദയം അധഃസ്ഥിതരുടെ വിമോചനത്തിനും മുന്നേറ്റത്തിനും വേണ്ടി സ്പന്ദിച്ചുകൊണ്ടേയിരുന്നു.