Analysis
കേരള സ്റ്റോറിയും ലൗ ജിഹാദും
Analysis

'കേരള സ്റ്റോറി'യിലെ മുസ്‌ലിംകള്‍

ഡോ. എസ് മുഹമ്മദ് ഇർഷാദ്
|
4 May 2023 5:07 AM GMT

ആന്തരികമായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഒരു സമൂഹമായി ഇന്ത്യന്‍ മുസ്‌ലിം മാറുന്നുണ്ട്. ഭരണകൂടത്തിന്റെയും പൗരസമൂഹത്തിന്റെയും മാധ്യമങ്ങളുടെയുമൊക്കെ നിരന്തരം നിരീക്ഷണത്തിനും വിലയിരുത്തലിനും വിധേയമാകുന്ന ഏതൊരു സമൂഹവും ആന്തരിക പരിവര്‍ത്തനത്തിന് വിധേയമാകും. |In-Depth

കേരള സ്റ്റോറി സിനിമ വലിയ തോതില്‍ വിജയം നേടാനാണ് സാധ്യത. കാരണം, രാഷ്ട്രീയ ലക്ഷ്യത്തോടെ നിര്‍മിക്കപ്പെട്ട സിനിമ ആയത് കൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ ഇതിന് പ്രക്ഷകരുണ്ടാവും. ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ സിനിമ വലിയ ചര്‍ച്ചയായിട്ടുണ്ട്. ലൗജിഹാദ് ഒരു നുണ പ്രചാരമാണ് എന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ തന്നെ സര്‍ക്കാര്‍ സമ്മതിച്ചതാണ്. അതുകൊണ്ട് തന്നെ ഈ സിനിമ ഒരു പ്രോപ്പഗണ്ട സിനിമ ഗണത്തില്‍ പെടുത്തിയാല്‍ മതി.

കേരളത്തില്‍ നിന്നും വലിയതോതില്‍ പ്രണയനത്തിന്റെ പേരില്‍ മതപരിവര്‍ത്തനം നടക്കുന്നു എന്ന പ്രചാരണം ഒരു രാഷ്ട്രീയ പ്രത്യയശാസ്തത്രം കൂടിയാണ്. സത്യാനന്തരകാലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ സജീവമായ ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ സത്യാന്തരകാലത്തെ രാഷ്ട്രീയത്തെ നമ്മുടെ ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ല. നിക്കോളാസ് വെര്‍ബീക് 2017 ല്‍ എഴുതിയ ഒരു പ്രബന്ധത്തില്‍ സത്യാനന്തര കാലത്തേ രാഷ്ട്രീയത്തെ കുറിച്ച് പറയുന്നുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ ഒരു പ്രധാന ഘടകമായി കടന്നുവരുന്നുണ്ട് അതില്‍. രാഷ്ട്രീയത്തെ നിര്‍വചിക്കുന്നത് പ്രത്യയശാസ്ത്രമല്ല, പകരം അധികാരത്തിന് വേണ്ട താല്‍ക്കാലികമായി നിര്‍വചിക്കപെടുന്ന അസത്യങ്ങളാവാം, അതുമല്ലങ്കില്‍ ഒരു വ്യക്തിയുടെ തികച്ചും സ്വാകാര്യമായ ഒരു താല്‍പര്യത്തില്‍ നിന്നുമാകാം. വ്യക്തി എന്നാല്‍ സമ്പൂര്‍ണ്ണമായ ഒരു അധികാര/സാമ്പത്തിക കേന്ദ്രമായി മാറുന്ന ഒരു കാലത്താണ് വര്‍ത്തമാനകാല രാഷ്ട്രീയം.

മുസ്‌ലിംകളുടെ പ്രശ്‌നം വ്യക്തിപരം കൂടിയാണ്. കാരണം, കേരളത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘത്തോടൊപ്പം ചേര്‍ന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതുവരെ ആരും തന്നെ നിഷേധിച്ചിട്ടില്ല. അങ്ങനെയല്ല അവര്‍ തീവ്രവാദികള്‍ അല്ലാ എന്ന് തെളിയിക്കേണ്ട ബാധ്യതയും മുസ്‌ലിമിന് ഇല്ല.

ഇന്ത്യന്‍ രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നവര്‍ക്ക് ഈ രാഷ്ട്രീയം മനസിലാകും, വ്യക്തിയാണ് ഇന്നിന്റെ രാഷ്ട്രീയ അജണ്ടയെ നിര്‍ണയിക്കുന്നത്. പൗരബോധം ഗൗരവമായ രാഷ്ട്രീയ ബോധത്തില്‍ നിന്നും മാറിചിന്തിക്കുന്നിടത്താണ് സത്യാനന്തരകാലത്തെ രാഷ്ട്രീയം. ജനാധിപത്യം അതിന്റെ പ്രകടനപരതയില്‍ നിലനില്‍ക്കുകയും അതോടൊപ്പം അതിന്റെ അന്തസത്ത ഇല്ലാതാകുകയും ചെയ്യും. ഇന്ത്യന്‍ ബഹുസ്വരത എന്നത് മതസമൂഹമാണ്. ഈ വസ്തുതയെ മറച്ചുവച്ചുകൊണ്ട് ബഹുസ്വരത ഇന്ത്യന്‍ സമൂഹത്തില്‍ ചര്‍ച്ചചെയ്യാന്‍ കഴിയില്ല. ബഹുസ്വരത എന്നാല്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ മതാധികാരത്തെ സ്ഥാപിക്കലല്ല, പകരം മതജീവിതം ജനാധിപത്യത്തോടൊപ്പം ചേര്‍ന്നു പോകുക എന്നതാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രധാന പ്രതിസന്ധിയും ഇതാണ്. കാരണം, ഇന്ത്യന്‍ മുസ്ലിം എന്നാല്‍ ഇന്ത്യ മഹാരാജ്യത്തെ വിവിധ സാംസ്‌കാരിക ധാരകോളോട് ദേശങ്ങളോട് ചേര്‍ന്ന് പോകുന്നതാണ്. പിന്നെ എന്തുകൊണ്ടാണ് മുസ്‌ലിം സ്വത്വവും, ജീവിതവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്? സ്വതന്ത്ര ഇന്ത്യയില്‍ രൂപപ്പെട്ട അപരവല്‍കരണത്തിന്റെ രാഷ്ട്രീയമാണിത്. ജനാധിപത്യവും ബഹുസ്വരതയും അംഗീകരിക്കാത്ത ഒരു മേധാവിത്യ രാഷ്ട്രീയത്തില്‍ നിന്നാണ് ഈ പ്രത്യയശാസ്ത്രം ഉണ്ടാകുന്നത് തന്നെ.


ഞങ്ങള്‍ക്ക് വോട്ട് ചെയ്താല്‍ മുസ്‌ലിംകളുടെ സംവരണം ഇല്ലാതാക്കും എന്ന് പരസ്യമായി പറയാന്‍ രാജ്യം ഭരിക്കുന്നവര്‍ക്ക് കഴിയുന്നിടത്തേക്ക് രാഷ്ട്രീയം പരിണമിച്ചുകഴിഞ്ഞു. എന്നാല്‍, ഇത്തരം പ്രഖ്യാപനങ്ങളോട് മുസ്ലിം സമൂഹം, മത സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നത് വിശദമായി തന്നെ പഠിക്കേണ്ട ഒന്നാണ്.

ആന്തരികമായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഒരു സമൂഹമായി ഇന്ത്യന്‍ മുസ്‌ലിം മാറുന്നുണ്ട്. ഭരണകൂടത്തിന്റെ, പൗരസമൂഹത്തിന്റെ മാധ്യമങ്ങളുടെ ഒക്കെ നിരന്തരം നിരീക്ഷണത്തിനും വിലയിരുത്തലിനും വിധേയമാകുന്ന ഏതൊരു സമൂഹവും ആന്തരിക പരിവര്‍ത്തനത്തിന് വിധേയമാകും. കേരള സ്റ്റോറി പോലെയുള്ള സിനിമകളെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്നതിന് മുസ്ലിം സമൂഹത്തിന് വലിയ ആശങ്കയില്ല എന്ന് തന്നെയാണ് കരുതേണ്ടത്.

കേരളത്തിലെ ജനാധിപത്യ-മതേതര സമൂഹം വലിയ തോതില്‍ ഇത്തരം പ്രോപ്പഗണ്ട സിനിമകളെ പ്രതിരോധിക്കുന്നുണ്ട്. അത് ഒരുപക്ഷെ ഇതിന് പിന്നില്‍ മുസ്ലിം പ്രശനംമാത്രമല്ല, പകരം 'കേരളം' എന്ന പ്രദേശത്തെ സാമൂഹിക ജീവിതത്തിലെ മതേതര ബോധത്തെ ഇല്ലാതാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തെ പ്രതിരോധിക്കേണ്ടതുണ്ട് എന്നതുകൊണ്ട് കൂടിയാണ്. അതൊരു സമൂഹം എന്നനിലക്കുള്ള ബാധ്യതകൂടിയാണ്. എന്നാല്‍, മുസ്‌ലിംകളുടെ പ്രശ്‌നം വ്യക്തിപരം കൂടിയാണ്. കാരണം, കേരളത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘത്തോടൊപ്പം ചേര്‍ന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതുവരെ ആരും തന്നെ നിഷേധിച്ചിട്ടില്ല. അങ്ങനെയല്ല അവര്‍ തീവ്രവാദികള്‍ അല്ലാ എന്ന് തെളിയിക്കേണ്ട ബാധ്യതയും മുസ്‌ലിമിന് ഇല്ല. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു മുസ്‌ലിമിന് സിറിയയില്‍ പോയവരെ ന്യായീകരിക്കേണ്ട ബാധ്യത ഇല്ല. അതുകൊണ്ട് തന്നെ ഈ സിനിമ അവരുടെ മതവിശ്യാസത്തിന് ഒരു തരത്തിലും ഭീഷണിയല്ല.

മുസ്ലിം സംഘടനകള്‍ മുന്നോട് വെച്ച തെളിവുണ്ടെങ്കില്‍ പണം തരാം എന്ന വെല്ലുവിളി തന്നെയാണ് ഇതിനുദാഹരണം. എന്നാല്‍, പൗരസമൂഹം എന്ന നിലയില്‍ ഈ സിനിമ ചില വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. അതില്‍ പ്രധാനം, ഈ സിനിമ ഒരു പ്രോപഗണ്ട സിനിമയാണ്, ഇതിന്റെ പിന്നിലെ ഉദ്ദേശ്യം സാമൂഹിക അസ്വസ്ഥ സൃഷ്ടിക്കലാണ്, ഒരു സമുഹത്തെ ചൂണ്ടികാണിച്ചു കൊണ്ട് അസ്ഥിരതയും ഭയവും സൃഷ്ടിക്കുക അത് വഴി അപരവല്‍കരണത്തെ സാധുകരിക്കുക എന്നിവയാണ്. ഇസ്‌ലാമോഫോബിയ വലിയ തോതില്‍ വികാസം പ്രാപിക്കുകയും ഇടത്-ലിബറല്‍ ചിന്തകള്‍ പോലും ഇതിന്റെ ഭാഗമാവുകയും ചെയ്യുന്ന ഒരു കാലത്താണ് ഈ സിനിമ നമ്മുടെ മുന്നില്‍ എത്തുന്നത്.

വി.എസിന്റെ പ്രസ്താനവനയിലെ സംഘടനാ ബന്ധത്തേക്കാള്‍ പ്രാധാന്യം അതിന്‍ മേല്‍ നിര്‍മിക്കപ്പെട്ട കാഴ്ചപ്പാടുകളും രാഷ്ട്രീയവുമാണ്. കേരളത്തിലെ ചെറുതും വലുതുമായ എല്ലാ മുസ്ലിം സംഘടനകളും ഇതിന് വലിയ വിലകൊടുക്കേണ്ടി വന്നു.

കേരളത്തില്‍ ഏറ്റവു ഗൗരമായി രാഷ്ട്രീയം പറഞ്ഞ് പ്രവര്‍ത്തിച്ച സഖാവ് വി.സ് അച്യുതാനന്ദന്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഈ വിഷയത്തില്‍ നമ്മുടെ മുന്നില്‍ ഉണ്ട്. വി.എസിന്റെ പ്രസ്താവനയാണ് ഈ സിനിമക്ക് ആധാരം എന്ന് ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വിശദീകരിക്കുന്നുണ്ട്.


മൊത്തം മുസ്‌ലിംകളെ അല്ല, പകരം എന്‍.ഡി.ഫ് എന്ന സംഘടനയെയും അവരുടെ രാഷ്ട്രീയ ലക്ഷ്യത്തേയും ആണ് വി.സ് വിശദീകരിച്ച് എന്ന വസ്തുത നിലനില്‍ക്കുമ്പോഴും, പാര്‍ട്ടി അന്നും ഇന്നും വി.സ് പറഞ്ഞത് തെറ്റാണ് എന്ന് വിശദീകരിച്ചിട്ടില്ല. ഒരു പക്ഷെ വി.സ് ഉദ്ദേശിച്ചത് എന്‍.ഡി.എഫിനെ ആണ് എന്നൊക്കെ വിശദീകരിക്കാം, എന്നാല്‍ പിന്നീട് എല്ലാ മുസ്ലിം സംഘടനകളും പ്രസ്ഥാനങ്ങളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമായി ഇത്തരം ആരോപണം മാറുന്നുണ്ട്. ഇടതുപക്ഷവും ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ യു.ഡി.എഫ് നേതൃത്വം മുസ്‌ലിംകളിലേക്ക് ചുരുക്കപ്പെടുന്നു എന്ന പ്രചാരണം ഇതിനുദാഹരമാണ്. കഴിഞ്ഞ സി.പി.എം പാര്‍ട്ടി സമ്മേളനം മുസ്ലിം രാഷ്ട്രീയ വിമര്‍ശനമായി മാറിയതും ഇതുകൊണ്ടാണ്. വി.എസിന്റെ പ്രസ്താനവനയിലെ സംഘടനാ ബന്ധത്തേക്കാള്‍ പ്രാധാന്യം അതിന്‍ മേല്‍ നിര്‍മിക്കപ്പെട്ട കാഴ്ചപ്പാടുകളും രാഷ്ട്രീയവുമാണ്. കേരളത്തിലെ ചെറുതും വലുതുമായ എല്ലാ മുസ്ലിം സംഘടനകളും ഇതിന് വലിയ വിലകൊടുക്കേണ്ടി വന്നു.

മുസ്‌ലിംകള്‍ ഒരു സമൂഹം എന്ന നിലക്ക് ഈ സിനിമയെ ഭയക്കുന്നില്ല. എന്നാല്‍, കേരളത്തിന് പുറത്തു ഈ സിനിമക്ക് കിട്ടുന്ന പ്രചാരണത്തെ പ്രതിരോധിക്കാന്‍ ആര്‍ക്കും കഴിയുന്നുമില്ല. അതുകൊണ്ട് തന്നെ ഇത്തരം സിനിമകള്‍ ഇനിയും ഉണ്ടാകും. ഒരു പൗരസമൂഹം എന്ന നിലയില്‍ മുസ്ലിം സമൂഹത്തിന് അത്ര വലിയ ആശങ്കയില്ല. കാരണം, ഇതൊരു തുടര്‍ച്ചയാണ്. ഇത്തരം തുടര്‍ച്ചകളിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയം നിലനില്‍ക്കുന്നത്. ഒരു പൗരസമൂഹം എന്ന രീതിയിലേക്ക് മുസ്ലിം പൊതുബോധം രൂപപ്പെടുത്താന്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് കഴിയും.


Similar Posts