Analysis
ഖാര്‍ഗോണിന്റെ സംഘര്‍ഷ ചരിതം
Click the Play button to hear this message in audio format
Analysis

ഖാര്‍ഗോണിന്റെ സംഘര്‍ഷ ചരിതം

ഹര്‍ഷ് മന്ദര്‍
|
26 April 2022 10:32 AM GMT

മധ്യ പ്രദേശിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പഴയ വര്‍ത്തമാനങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് 1989 ല്‍ അവിടെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച ഹര്‍ഷ് മന്ദര്‍.

1989 ലെ ശരത്കാലമായിരുന്നു അത്. രാജ്യം അടിസ്ഥാനപരമായി ഒരു ജനതയായി തങ്ങളെ ഒരുമിച്ച് നിര്‍ത്തിയ നിരവധി മൂല്യങ്ങളും വിശ്വാസങ്ങളും നിരന്തരം മാറിമാറിപ്പോയെന്ന് തോന്നിപ്പിച്ച ആഴ്ചകള്‍.

ഭാരതീയ ജനത പാര്‍ട്ടിയും ഹിന്ദുത്വ ആശയം വെച്ച പുലര്‍ത്തുന്ന സഹ സംഘടനകളും ചേര്‍ന്ന് ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ ഒരു രാമ ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ഈ നേട്ടം കൈവരിക്കാനുള്ള നിയമ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ഇത്. തുറന്നതും രക്തരൂക്ഷിതവുമായ ഏറ്റുമുട്ടലിന് സാധ്യത ഏറി.

1989 സെപ്റ്റംബര്‍ പതിനഞ്ചിന് രാജ്യവ്യാപകമായി തുടങ്ങിയ രാമശില പൂജന്‍ പരിപാടിക്ക് വന്‍ ആവേശ സ്വീകരണമാണ് ലഭിച്ചത്. തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനായി റാം എന്ന പേരുള്ള ഇഷ്ടികകള്‍ സ്വരൂപിക്കാന്‍ ചെറുപ്പക്കാരുടെ കൂട്ടങ്ങള്‍ എല്ലാ പട്ടണങ്ങളിലും, രാവിലെയും വൈകുന്നേരവും ദിവസം തോറും തെരുവുകളില്‍ ആവേശപൂര്‍വം അണിനിരന്നു. മുസ്‌ലിംകള്‍ക്കെതിരെയുള്ള അവരുടെ വെറുപ്പ് പ്രകടിപ്പിക്കുന്നതായിരുന്നു മുദ്രാവാക്യങ്ങള്‍.

മുസ്ലിംകള്‍ താമസിച്ചിരുന്ന ചേരികളില്‍ ഭയവും അവിശ്വാസവും നിറഞ്ഞു. നാല് പതിറ്റാണ്ടിന്റെ ആഴമുള്ള പ്രതീക്ഷക്കും വിശ്വാസത്തിനും വിള്ളല്‍ വീണു. പശ്ചിമ ബംഗാളൊഴികെ രാജ്യത്തുടനീളമുള്ള മതേതര സര്‍ക്കാരുകള്‍ റാം ഷില പൂജന്‍ പരിപാടി നിരോധിക്കാന്‍ വിസമ്മതിച്ചു. നാടിനെ ഗ്രസിച്ച സാമുദായിക ഡിമെന്‍ഷ്യ മാധ്യമങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും ബാധിക്കുകയും മതേതര ശബ്ദങ്ങള്‍ പോലും നിശബ്ദതയില്‍ ആണ്ടു പോകുകയും ചെയ്തു.

പത്ത് ദിവസത്തിനുള്ളില്‍, പട്ടണങ്ങളായ പട്ടണങ്ങളും രക്തരൂക്ഷിത കലാപത്തിനും കര്‍ഫ്യൂവിനും കീഴടങ്ങി. ശ്രീറാം എന്ന് മുദ്രണം ചെയ്ത ഇഷ്ടികകളുമായുള്ള പ്രകോപനപരമായ ജാഥകള്‍, ചെറു മുസ്ലിം ഗ്രൂപ്പുകളുടെ ചെറുത്തുനില്‍പ്പുകള്‍, തുടര്‍ന്നുള്ള അക്രമങ്ങള്‍, മരണങ്ങള്‍, അവസാനം കര്‍ഫ്യു. കലാപം ആരംഭിച്ച് മൂന്നാഴ്ച കഴിഞ്ഞപ്പോള്‍, ഒരേസമയം 108 പട്ടണങ്ങളില്‍ കര്‍ഫ്യൂ ആയിരുന്നു.

ഒരു 'ഉയര്‍ന്ന പ്രശ്‌ന സാധ്യത' പ്രദേശം

പടിഞ്ഞാറന്‍ മധ്യപ്രദേശിലെ ചെറിയ പട്ടണമായ ഖാര്‍ഗോണിനെ ഈ വിഭാഗീയ പനി തൊട്ടുകൂടാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നത് നിരര്‍ഥകമായിരുന്നു. ഒരു ലക്ഷത്തില്‍ താഴെ നിവാസികളുള്ള ഒരു ആസൂത്രണവും ഇല്ലാതെ നിര്‍മിക്കപ്പെട്ട പട്ടണം. മുസ്ലിംകളും ഹിന്ദുക്കളും ഏകദേശം തുല്യമായ സംഖ്യയില്‍ വസിക്കുന്ന നഗരം. ഖാര്‍ഗോണിനെ ഔദ്യോഗിക ഫയലുകളില്‍ വളരെ 'ഉയര്‍ന്ന പ്രശ്‌ന സാധ്യത' പ്രദേശം ആയി തരംതിരിച്ചു.

1921 ല്‍ ഖാര്‍ഗോണ്‍ ഒരു ചെറിയ പ്രിന്‍സിപ്പാലിറ്റിയുടെ തലസ്ഥാനമായിരുന്ന കാലം മുതല്‍ സാമുദായിക ഏറ്റുമുട്ടല്‍ നടന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്നുള്ള ദശകങ്ങളില്‍ ഭയപ്പെടുത്തുന്ന കൃത്യതയോടെ ഈ ഏറ്റുമുട്ടലുകള്‍ ആവര്‍ത്തിച്ചു. മതപരമായ ഘോഷയാത്രകള്‍ക്കെതിരായ ആക്രമണങ്ങള്‍, ആരാധനാലയങ്ങളുടെ അപകീര്‍ത്തിപ്പെടുത്തല്‍, വിവിധ സമുദായങ്ങളിലെ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങള്‍ കൂടുതലും പ്രാദേശികമായ വിഷയങ്ങളിലായിരുന്നു സംഘര്‍ഷങ്ങള്‍.

തിരക്കേറിയതും സൂര്യപ്രകാശമില്ലാത്തതുമായ ടെന്റുകളിലാണ് രണ്ട് സമുദായങ്ങളും താമസിച്ചിരുന്നത്. ഒരു ചെറിയ തീപ്പൊരി പോലും രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന് കാരണമാകും. ഓരോ ഏറ്റുമുട്ടലും ശത്രുതയുടെയും സംശയത്തിന്റെയും പുതിയ വഴികള്‍ നിര്‍മിക്കും. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള വിദ്വേഷത്തിന്റെയും മുന്‍വിധിയുടെയും അത്തരമൊരു ചരിത്രമുള്ളത് കൊണ്ട് തന്നെ, രാജ്യത്തെ പടര്‍ന്ന് പിടിച്ച സംഘര്‍ഷങ്ങള്‍ ഖാര്‍ഗോണ്‍ പട്ടണത്തെയും പിടിച്ചെടുക്കുന്നതിന് കുറഞ്ഞ സമയം മാത്രമേ വേണ്ടിയിരുന്നുള്ളൂ.

പശ്ചിമ ബംഗാളൊഴികെ രാജ്യത്തുടനീളമുള്ള മതേതര സര്‍ക്കാരുകള്‍ റാം ഷില പൂജന്‍ പരിപാടി നിരോധിക്കാന്‍ വിസമ്മതിച്ചു. നാടിനെ ഗ്രസിച്ച സാമുദായിക ഡിമെന്‍ഷ്യ മാധ്യമങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും ബാധിക്കുകയും മതേതര ശബ്ദങ്ങള്‍ പോലും നിശബ്ദതയില്‍ ആണ്ടു പോകുകയും ചെയ്തു.

അക്കാലത്ത് ഖാര്‍ഗോണ്‍ ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റായിരുന്നു ഞാന്‍. പൊലീസ് സൂപ്രണ്ട് റാം നിവാസിനൊപ്പം ഞങ്ങള്‍, രണ്ട് സമുദായങ്ങളുടെയും യോഗങ്ങള്‍ വിളിച്ചു. സംയമനം, ഘോഷയാത്രക്കാര്‍ക്കെതിരെ ശക്തമായ ക്രിമിനല്‍ കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക, സമാധാന സമിതികളെ ഊര്‍ജ്ജസ്വലമാക്കുക, പ്രതിരോധ അറസ്റ്റുകള്‍ എന്നീ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ തീരുമാനിച്ചു. എന്നിരുന്നാലും, സാധാരണ സമയങ്ങളില്‍ മതിയായ ഈ നടപടികള്‍ക്ക് സാമുദായിക വിദ്വേഷത്തിന്റെ പ്രളയത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല.

ഒരു റാലിയും ബോംബ് സ്‌ഫോടനവും

1989 സെപ്റ്റംബര്‍ 30 ന് ഖാര്‍ഗോണില്‍ നടന്ന രാമശില പൂജന്‍ പരിപാടിയുടെ സമാധാനത്തോടെ നടന്ന കൂറ്റന്‍ റാലിയിലാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ആ രാത്രി വൈകി, ബജ്രംഗ് ദള്‍, വിഷ്വ ഹിന്ദു പരിഷദ് പ്രവര്‍ത്തകര്‍ പതാകകള്‍, പോസ്റ്ററുകള്‍, മുദ്രാവാക്യങ്ങള്‍, എന്നിവ കൊണ്ട് പട്ടണത്തെ ഒരു കാവി ശക്തികേന്ദ്രമാക്കി മാറ്റുന്ന തിരക്കിലായിരുന്നു.

പെട്ടെന്ന്, ഇരുട്ടില്‍ നിന്ന്, രണ്ട് മുസ്ലിം യുവാക്കള്‍-അവരുടെ മുഖം ബുര്‍ഖകള്‍ കൊണ്ട് മറച്ചിരുന്നു- മോട്ടോര്‍ സൈക്കിളില്‍ പ്രത്യക്ഷപ്പെട്ടു, മുദ്രാവാക്യങ്ങള്‍ വരക്കുകയായിരുന്ന രണ്ട് ചെറുപ്പക്കാരെ കുത്തി. സര്‍ക്കാര്‍ ആശുപത്രിയില്‍, രാത്രി നീണ്ടുനിന്ന അടിയന്തിര ഓപ്പറേഷന്‍ ഇരകളുടെ ജീവന്‍ രക്ഷിച്ചു. എന്നാല്‍, നഗരത്തില്‍ ഉടലെടുത്ത പിരിമുറുക്കം വളരെ സ്പഷ്ടമായിരുന്നു.


രാത്രി നിരവധി അറസ്റ്റുകള്‍ നടന്നു. പുലര്‍ച്ചെ വിവിധ ഹിന്ദുത്വ സംഘടനകളുടെ നേതാക്കളെ പൊലീസ് സൂപ്രണ്ടുമായും ഞാനുമായും അടിയന്തര കൂടിക്കാഴ്ചയ്ക്കായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അന്ന് രാവിലെ രാം ഷില പൂജന്‍ പരിപാടി റദ്ദാക്കാനോ മാറ്റിവയ്ക്കാനോ ഉള്ള ഞങ്ങളുടെ അഭ്യര്‍ഥനയും മുസ്ലിം വാസസ്ഥലങ്ങളും പള്ളികളും മൊത്തത്തില്‍ ഒഴിവാക്കുന്നതിനായി റൂട്ട് മാറ്റുന്നതിനുള്ള നിര്‍ദേശങ്ങളും ധാര്‍ഷ്ട്യത്തോടെ നിരസിക്കപ്പെട്ടു.

ഇതിനകം 25,000-30,000 ഹിന്ദുത്വ സന്നദ്ധപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നിരുന്നു. ഈ ഘട്ടത്തില്‍ ഘോഷയാത്ര ബലപ്രയോഗത്തിലൂടെ തടയാനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഇത് വലിയ തോതിലുള്ള അക്രമത്തിനും കൊലപാതകങ്ങള്‍ക്കും ഇടയാക്കും. കനത്ത നിയന്ത്രണത്തില്‍ ഘോഷയാത്ര കടന്നുപോകാന്‍ അനുവദിക്കുക എന്നതായിരുന്നു ഞങ്ങളുടെ മുന്നിലെ ഏക പോംവഴി.

വലുപ്പം, ആവേശം, തീവ്ര മുദ്രാവാക്യങ്ങള്‍ എന്നിവ ഘോഷയാത്രയില്‍ അഭൂതപൂര്‍വമായി ഉണ്ടായിരുന്നു. മുദ്രാവാക്യം വിളിക്കുന്നതുമായി ബന്ധപ്പെട്ട് സംഘാടകര്‍ നേരത്തെ രേഖാമൂലം നല്‍കിയ എല്ലാ ഉറപ്പുകളും കാറ്റില്‍ പറന്നു. ഏറ്റവും അശ്ലീലവും ദുഷിച്ചതുമായ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. ത്രിശൂലങ്ങള്‍ മിന്നിത്തിളങ്ങി. മുന്‍ കരാറിന്റെ ലംഘനമായി നേതാക്കള്‍ പെട്ടെന്ന് മുസ്‌ലിം ചേരിയുടെ ഹൃദയത്തിലേക്ക് ഘോഷയാത്ര നടത്താന്‍ ശ്രമിച്ചു. പക്ഷേ, അവരെ നേരത്തെ നിര്‍ണയിച്ച പാതയിലേക്ക് തന്നെ തിരികെ കൊണ്ടുപോയി.

ഇടുങ്ങിയ പാതകളിലൂടെ സാവധാനത്തില്‍ നീങ്ങിയ ഘോഷയാത്ര വഴികളിലുടനീളം വെറുപ്പിന്റെ മുറിവുകള്‍ വ്യാപിപ്പിച്ചു. അസഹനീയമായ പിരിമുറുക്കത്തിന്റെ തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഘോഷയാത്ര പള്ളികള്‍ക്ക് സമീപത്ത് കൂടി കടന്നുപോകുമ്പോള്‍ മുദ്രാവാക്യം വിളികള്‍ ഉച്ചത്തിലായി. വെറുപ്പിന്റെ അഭിനിവേശത്തില്‍ ഭ്രാന്തമായ ചെറുപ്പക്കാരെ മുന്നോട്ട് കൊണ്ടു പോകാന്‍ മജിസ്‌ട്രേറ്റും പൊലീസും ശ്രദ്ധിച്ചു. ഒരു മുസ്ലിമിനെ പോലും വീടിന് പുറത്ത് കണ്ടില്ല.

ഘോഷയാത്രയുടെ മൂന്നില്‍ രണ്ട് ഭാഗവും ഉച്ചകഴിഞ്ഞ് കടന്നുപോയി. പൊലീസ് സൂപ്രണ്ടും ഞാനും ഒരു പരിധിവരെ ആശ്വാസം നേടി. സ്‌ഫോടനാത്മക സാഹചര്യം കുറഞ്ഞത് ആ ദിവസമെങ്കിലും ഒഴിഞ്ഞു പോയെന്ന് ഞങ്ങള്‍ ആശ്വസിച്ചു. മുന്‍കാലങ്ങളില്‍ നിരവധി സാമുദായിക ഏറ്റുമുട്ടലുകളുടെ സ്ഥലമായിരുന്ന ഒരു പ്രത്യേക പള്ളിയുടെ മുന്‍പില്‍ ഞങ്ങള്‍ ക്രോസ്‌റോഡില്‍ നില്‍ക്കുകയായിരുന്നു; ഏതൊരു ഹിന്ദു ഘോഷയാത്രയുടെയും ഉന്മേഷം പരമ്പരാഗതമായി അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നിടത്ത്. ഏറ്റുമുട്ടല്‍ ഒഴിവാക്കാനുള്ള ജാഗ്രതയില്‍ ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും ജനക്കൂട്ടത്തെ മുന്നോട്ട് തള്ളിക്കൊണ്ടിരുന്നു.

പെട്ടെന്ന്, പരിഭ്രാന്തി പരത്തി ഒരു കൂട്ടം ചെറുപ്പക്കാര്‍ ഘോഷയാത്രയുടെ എതിര്‍ദിശയില്‍ ഓടിയെത്തി. മുസ്‌ലിംകള്‍ ജനക്കൂട്ടത്തിന് നേരെ ബോംബ് എറിഞ്ഞതായും ഘോഷയാത്രക്കാരന്‍ കൊല്ലപ്പെട്ടതായും അവര്‍ പറഞ്ഞു. പൊലീസ് സൂപ്രണ്ടും ഞാനും നൂറു മീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് ഓടി. അവിടെ നാടന്‍ ബോംബേറ്റ് ഹൃദയം തകര്‍ന്ന് ജീവിതം നഷ്ടപ്പെട്ടുക്കൊണ്ടിരുന്ന ഒരു യുവാവിനെ ഞങ്ങള്‍ കണ്ടു. സമീപത്ത് പാര്‍ക്ക് ചെയ്തിരിന്ന എന്റെ ഔദ്യോഗിക കാറിലേക്ക് ഞാന്‍ ആ ചെറുപ്പക്കാരനെ ഉയര്‍ത്തി ഡ്രൈവറോട് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. കാറില്‍ ആശുപത്രിയിലെത്തുന്നതിനുമുമ്പ് അയാള്‍ മരിച്ചു.

ബോംബ് ആക്രമണത്തിന്റെ കഥ പില്‍ക്കാല അന്വേഷണത്തിനിടെ വെളിപ്പെട്ടു. മുസ്‌ലിം ചേരിയില്‍ പ്രവേശിച്ച ജനക്കൂട്ടം നടത്തിയ വിഷം വമിക്കുന്ന മുദ്രാവാക്യങ്ങളില്‍ ആ സമൂഹം ഏറെ ഭയപ്പെട്ടു. എട്ട് യുവാക്കളുടെ ഒരു ചെറു സംഘം, അവരില്‍ രണ്ടുപേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍-ഒരു ഫോറസ്റ്റ് ഗാര്‍ഡും -പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചു. പൊലീസ് സംവിധാനത്തില്‍ നിന്നും അവരുടെ സ്വന്തം സമൂഹത്തിലും നിന്നും അവര്‍ അന്യവല്‍ക്കരിക്കപ്പെട്ടതായി തോന്നിയതിനാല്‍, അവര്‍ ഒരു രഹസ്യ തീവ്രവാദ തരത്തിലുള്ള ആക്രമണം നടത്താന്‍ തീരുമാനിച്ചു.

നൂറു രൂപ ശേഖരിച്ച്, അയല്‍ ജില്ലയായ ദറിലെ പടക്കം നിര്‍മിക്കുന്ന ഒരു കോട്ടജ് യൂണിറ്റില്‍ നിന്ന് ഗണ്‍ പൗഡര്‍ രഹസ്യമായി വാങ്ങി. രാം ഷില ഘോഷയാത്രയ്ക്ക് തലേദിവസം രാത്രി അവര്‍ നദീതീരത്ത് ഒത്തുകൂടി. തകര്‍ന്ന ഗ്ലാസ്, പഴയ തുരുമ്പിച്ച ആണികള്‍ എന്നിവ ഒരു പത്രത്തില്‍ കൂട്ടിക്കെട്ടി അവര്‍ നാടന്‍ ബോംബ് നിര്‍മിച്ചു. പ്രാദേശിക ഭാഷയില്‍ സൂത്‌ലി എന്നറിയപ്പെടുന്ന പതിനേഴ് ബോംബുകള്‍ അവര്‍ നിര്‍മിച്ചു.

ഇടുങ്ങിയ പാതകളിലൂടെ സാവധാനത്തില്‍ നീങ്ങിയ ഘോഷയാത്ര വഴികളിലുടനീളം വെറുപ്പിന്റെ മുറിവുകള്‍ വ്യാപിപ്പിച്ചു.

ആദ്യ ബോംബ് എറിഞ്ഞയുടനെ ഞാനും രാം നിവാസ് പൊലീസ് സൂപ്രണ്ടും സംഭവസ്ഥലത്ത് എത്തുകയും അവരുടെ ഗെയിം പ്ലാന്‍ തിരിച്ചറിയുകയും ചെയ്തു. ഘോഷയാത്ര കടന്നുപോകുന്ന പ്രധാന പാതയില്‍ നിന്ന് മാറിയ ഇടുങ്ങിയ ചെറിയ രണ്ട് നിലയിലുള്ള വീട്ടില്‍ നിന്ന് ജനക്കൂട്ടത്തിന് നേരെ ബോംബ് എറിഞ്ഞു.

പ്രകോപിതരായ ജനക്കൂട്ടം അതിനെ ആക്രമിക്കാനും തീയിടാനും വീടിനു താഴെ ഒത്തുകൂടുമെന്നും മുകളില്‍ നിന്ന് ജനക്കൂട്ടത്തിന് മുകളില്‍ നിന്ന് ബോംബുകള്‍ എറിയും, അതിന്റെ ഫലമായി ധാരാളം മരണങ്ങള്‍ സംഭവിക്കും ഇതായിരുന്നു കണക്കുകൂട്ടല്‍.

ഞങ്ങള്‍ സ്ഥിതിഗതികള്‍ വേഗത്തില്‍ വിലയിരുത്തി. ബോംബ് എറിഞ്ഞ വീടിന് താഴെ ഒത്തുചേരുന്നതില്‍ നിന്ന് ജനക്കൂട്ടത്തെ തടയാന്‍ കഴിയുന്ന ഒരേയൊരു മാര്‍ഗം ഞങ്ങള്‍ അവിടെ പോയി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കണമെന്ന് തിരിച്ചറിഞ്ഞു. ബോംബുകളാല്‍ ഞങ്ങള്‍ അക്രമിക്കപ്പെടാന്‍ സാധ്യത ഏറെയാണ്. പക്ഷേ, വളരെ വലിയ ദുരന്തം തടയാന്‍ അത് കൊണ്ട് കഴിയുമെങ്കില്‍ എന്ന് ഞങ്ങള്‍ പ്രത്യാശിച്ചു.

അവര്‍ മാറിനില്‍ക്കണമെന്നും ഞങ്ങള്‍ സ്ഥിതിഗതികളുടെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്നും ഞങ്ങള്‍ ജനക്കൂട്ടത്തോട് ആവര്‍ത്തിച്ചു വിളിച്ചുപറഞ്ഞു. ജനക്കൂട്ടത്തിലുള്ളവരില്‍ ഭൂരിഭാഗവും ശ്രദ്ധിക്കുകയും താല്‍ക്കാലികമായി അകന്ന് നില്‍ക്കുകയും ചെയ്തു. വീടിന് താഴെയായിക്കഴിഞ്ഞാല്‍, ബോംബ് എറിഞ്ഞ വീടിനു നേരെ വെടിയുതിര്‍ക്കുന്നതായിരുന്നു ഏറ്റവും നല്ല പ്ലാന്‍.

പൊലീസ് സൂപ്രണ്ടും അദ്ദേഹത്തോടൊപ്പം വന്ന അസിസ്റ്റന്റ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരും നിരവധി റൗണ്ടുകള്‍ വെടിവെച്ചു. ഇത് നിരവധി ഉദ്ദേശ്യങ്ങള്‍ നിറവേറ്റി. ഫലപ്രദമായ നടപടി സ്വീകരിക്കുന്നുവെന്ന് മനസ്സിലാക്കി അവിടെയുള്ളവര്‍ സംതൃപ്തരായി. നിയമം കയ്യിലെടുക്കുന്നത് തടയാന്‍ ഇത് കൊണ്ട് സാധിച്ചു.

തുടര്‍ച്ചയായ വെടിവെപ്പ്, ആള്‍ക്കൂട്ടം വീടിനു താഴെ കടക്കുന്നില്ലെന്നും അതുവഴി കൂടുതല്‍ ബോംബ് അപകടങ്ങള്‍ ഒഴിവാക്കുമെന്നും ഉറപ്പുവരുത്തി. വെടിവയ്പ്പ് ഗൂഢാലോചനക്കാരെ ഭയപ്പെടുത്തുകയും കൂടുതല്‍ ബോംബുകള്‍ എറിയുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്തു. വീടിന്റെ പുറകിലൂടെ രക്ഷപ്പെടുന്നതിനിടെ അവരിലൊരാളേ പൊലീസ് പിടികൂടുകയും അയാളിലൂടെ ആ കേസില്‍ തീര്‍പ്പിലെത്താനും പൊലീസിന് കഴിഞ്ഞു.

20 മിനിറ്റ്, നാല് മരണം

എന്നിരുന്നാലും, ആള്‍ക്കൂട്ടം എല്ലാ ദിശയിലും ഓടാന്‍ തുടങ്ങി. പലരും നേരെ മുസ്‌ലിം ചേരിയിലേക്ക് പാഞ്ഞു. ഞാന്‍ ഉടനെ ഒരു കര്‍ഫ്യൂ ഓര്‍ഡര്‍ ചെയ്തു. നഗരത്തിലെ എല്ലാ പ്രശ്‌ന സാധ്യത പ്രദേശങ്ങളിലും പിക്കറ്റുകള്‍ സ്ഥാപിക്കുകയും ഏതു വിധേനയും എത്രയും വേഗത്തില്‍ കര്‍ഫ്യു കൃത്യമായി നടപ്പാക്കാനും പൊലീസുകാര്‍ക്കും മജിസ്ട്രേറ്റുമാര്‍ക്കും ഞാന്‍ വയര്‍ലെസ്സിലൂടെ നിര്‍ദേശം നല്‍കി.

ഞങ്ങള്‍ ഒരു പൊലീസ് ജീപ്പില്‍ കയറി പ്രശ്‌ന സാധ്യതയുള്ള ചേരികളിലേക്ക് പോയി. പൊലീസ് സൂപ്രണ്ട് നിരവധി റൗണ്ടുകള്‍ വെടിയുതിര്‍ത്തു. മറ്റ് മൂന്ന് സ്ഥലങ്ങളില്‍ കൂടി പൊലീസ് വെടിവെപ്പുണ്ടായി. ഇരുപത് മിനിറ്റിനുള്ളില്‍ കര്‍ഫ്യൂ പൂര്‍ണ്ണമായും നടപ്പാക്കപ്പെട്ടു.

എന്നിരുന്നാലും, ഈ 20 മിനിറ്റിനുള്ളില്‍ പോലും നാല് ജീവന്‍ നഷ്ടപ്പെട്ടു, നൂറോളം മുസ്‌ലിം വീടുകളും വാണിജ്യ സ്ഥാപനങ്ങളും അഗ്‌നിക്കിരയായി. മൂന്ന് പള്ളികള്‍ തകര്‍ക്കപ്പെട്ടു. മുസ്‌ലിം ചേരിയില്‍ ആള്‍കൂട്ടം നാടന്‍ തോക്കുകളും ആയുധങ്ങളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് കൂടുതല്‍ നാശമുണ്ടായത്.

ഒരു ഘട്ടത്തില്‍, പൊലീസ് സൂപ്രണ്ട് 12 ബോറെ റൈഫിലുമായി ഒരു യുവാവിനെ കണ്ടെത്തി, അദ്ദേഹം ഉടന്‍ ജീപ്പില്‍ നിന്ന് ചാടി യുവാവിന്റെ അടുത്തേക്ക് നടന്നു. അവന്‍ വധഭീഷണി മുഴിക്കിയെങ്കിലും അതിലൊന്നും പതറാതെ അദ്ദേഹം പതുക്കെ ചെറുപ്പക്കാരന്റെ അടുത്തേക്ക് നീങ്ങി. അവനെ കീഴടക്കുകയും റൈഫിള്‍ തട്ടിയെടുത്ത് ഒരു വീട്ടിലേക്ക് നിര്‍ബന്ധിച്ച് കയറ്റി അയാളെ അതില്‍ പൂട്ടിയിട്ടു.

(തുടരും)

Similar Posts