കുടക് മരണം: വംശഹത്യക്ക് വിധിക്കപ്പെടുന്ന വയനാട്ടിലെ ആദിവാസികള്‍
|കുടകിലേക്ക് തൊഴില്‍തേടിപ്പോകുന്ന വയനാട്ടിലെ ആദിവാസികളുടെ ദുരൂഹ മരണങ്ങളും തിരോധാനങ്ങളും തുടര്‍ക്കഥയാവുകയാണ്. പതിറ്റാണ്ടുകളായി തുടരുന്ന വയനാട്ടിലെ ആദിമ സമൂഹത്തിന്റെ ഈ വംശഹത്യയെ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുന്നു. കുടകിലെ കുഴിമാടങ്ങള്‍ - കുടകിലെ ഇഞ്ചിത്തോട്ടങ്ങളില്‍ വയനാട്ടില്‍ നിന്നുള്ള ആദിവാസികള്‍ക്ക് സംഭവിക്കുന്നതെന്താണ്? മീഡിയവണ്‍ അന്വേഷണ പരമ്പരയുടെ തുടര്‍ച്ച.
ഒരു ഇടവേളക്ക് ശേഷം വയനാട്ടില്‍ നിന്നും കുടകിലേക്ക് ജോലി തേടിപ്പോകുന്ന ആദിവാസികളുടെ തിരോധാനങ്ങള്‍ക്കും ദുരൂഹ മരണങ്ങള്‍ക്കും കേരളം വീണ്ടും സാക്ഷിയാവുകയാണ്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദുരിതക്കയത്തില്‍നിന്ന് വയനാട്ടിലെ ആദിവാസികളുടെ അന്നംതേടിയുള്ള യാത്ര അവസാനിക്കുന്നത് അവരുടെ അന്ത്യത്തിലേക്കാണ്.
പാളക്കൊല്ലി കോളനിയിലെ ശേഖരന്റെ മരണം
വയനാട് പുല്‍പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരന്റെ കുടുംബം വര്‍ഷങ്ങളായി കുടകില്‍ പോയി പണിയെടുക്കുന്നവരാണ്. കഴിഞ്ഞ ജൂണ്‍ ആദ്യവാരത്തില്‍ നാട്ടുകാരനായ സന്തോഷ് മാഷ് എന്നയാളാണ് കൃഷിപ്പണിക്കായി ശേഖരനെ കുടകിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ശേഖരനും പിതാവ് കയമ്മയും സഹോദരന്‍ ബാബുവുമൊക്കെ കുടകിലേക്ക് വര്‍ഷങ്ങളായി പണിക്കുപോകുന്നവരായിരുന്നു. ശേഖരന്‍ മാത്രമായിരുന്നു ഇത്തവണ കുടകിലേക്ക് പോയത്. ശേഖരന്റെ ഫോണ്‍ തകരാറിലായതിനാല്‍ ബന്ധുക്കള്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാഴ്ചക്കു ശേഷം ശേഖരന് സുഖമില്ലെന്ന വിവരം ലഭിച്ചതോടെ സഹോദരന്‍ ബാബുവും കുടകിലെ തോട്ടമുടമയും കൂടി കുടകിലേക്ക് പോയി. അവിടെ പണിയെടുക്കുന്ന തോട്ടത്തിലെ ഷെഡില്‍ ശേഖരന്‍ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് സറഗൂര്‍ വിവേകാനന്ദ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോവുകയും ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടു ദിവസമായിട്ടും ആഗോഗ്യനിലയില്‍ പുരോഗതിയൊന്നും കാണാതായതോടെ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് സഹോദരന്‍ നിര്‍ദേശം വെച്ചു. അതിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെ, കൊണ്ടുപോകാന്‍ പറ്റുന്ന അവസ്ഥയല്ലെന്ന് അറിയിക്കുകയും മണിക്കൂറുകള്‍ക്കു ശേഷം ശേഖരന്‍ മരിക്കുകയും ചെയ്തു.
ശേഖരന്റെ മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്‌കാര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ ശേഖരന്റെ ദേഹത്തില്‍ നിന്ന് രക്തം വാര്‍ന്നുപോകുന്നത് ശ്രദ്ധയില്‍പെട്ടു. ദേഹം പരിശോധിച്ചപ്പോള്‍ വയറില്‍ ആഴത്തിലുള്ള മുറിവ് കാണപ്പെടുകയും ചെയ്തു. നേരത്തെ ഹോസ്പിറ്റലില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുമ്പോള്‍ ശരീരത്തില്‍ മുറിവ് ഇല്ലായിരുന്നുവെന്ന് സഹോദരന്‍ ബാബു പറയുന്നു. ആശുപത്രിയില്‍ വെച്ച് ഓപറേഷന്‍ ചെയ്യുകയും ഉണ്ടായിട്ടില്ല. ബോഡി പോസ്റ്റ്‌മോര്‍ട്ടവും നടത്തിയിട്ടില്ല. പിന്നെങ്ങിനെ മുറിവുണ്ടായി എന്നാണ് ബാബു ചോദിക്കുന്നത്.
ശേഖരന്റെ പിതാവ് കയമ്മ
മൃതദേഹത്തില്‍ കാണപ്പെട്ട മുറിവില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ അറിയിക്കാനും പോസ്റ്റ്‌മോര്‍ട്ടം നടത്താനുമുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍, ശേഖരന്റെ പിതാവ് അതിന് സമ്മതിച്ചില്ല. അതേസമയം മൃതദേഹം അധികനേരം വെക്കാതെ പെട്ടെന്ന് മറവുചെയ്യണമെന്ന് തോട്ടമുടമ പറഞ്ഞാതായി ബന്ധുക്കള്‍ ആരോപിക്കുന്നു. പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിക്കാന്‍ നിര്‍ബന്ധിച്ചത് സംശയം വര്‍ധിപ്പിച്ചു. ശേഖരന്റെ ആന്തരികാവയവങ്ങള്‍ നീക്കം ചെയ്ത നിലയിലായിരുന്നോ മൃതദേഹമെന്ന സംശയവും ഉയരുന്നുണ്ട്. ശേഖരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും ആദിവാസി അവകാശ പ്രവര്‍ത്തകര്‍ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
വാളാരംകുന്ന് കോളനിയിലെ ശ്രീധരന്റെ മരണം
2023 ജനുവരിയിലാണ് വെള്ളമുണ്ട, വാളാരംകുന്ന് കോളനിയിലെ ശ്രീധരന്‍ ജോലിക്കായി കുടകിലേക്ക് പോകുന്നത്. വീടിനടുത്തുള്ള ആനക്കണ്ടി കവലയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ ശ്രീധരനെ നാട്ടുകാരനും കുടകിലേക്ക് ആദിവാസികളെ ജോലിക്കുകൊണ്ടുപോകുന്ന ഏജന്റുമായ സന്തോഷ് എന്നയാള്‍ കൂട്ടികൊണ്ടുപോവുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൂടെ പോയ രണ്ടുപേര്‍ തിരിച്ചെത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീധരന്‍ എത്താതായതോടെ ഏപ്രില്‍ 18 ന് ബന്ധുക്കള്‍ വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
വെള്ളമുണ്ട പൊലീസ് ശ്രീധരന്റെ സഹോദരന്‍ അനിലിനേയും കൂട്ടി കുടകിലേക്ക് പോയി അനേഷണം നടത്തി. ഗോണികപ്പ പൊലീസ് നല്‍കിയ വിവരം പ്രകാരം ശ്രീധരന്‍ ഫെബ്രുവരി 17ന് ഉതുക്കേരിയില്‍ വെച്ച് വെള്ളത്തില്‍ മുങ്ങിരിച്ചുവെന്നാണ് അറിയുന്നത്. ശ്രീധരന്‍ മദ്യപിച്ച് കുളത്തില്‍ വീഴുകായായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബിറുനാണി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മടിക്കേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശ്രീധരന്റെ മൃതദേഹം പഞ്ചായത്ത് ശ്മശാനത്തില്‍ മറവ് ചെയ്യുകയായിരുന്നുവത്രേ. മരിച്ചുകിടക്കുന്നതിന്റെ ഫോട്ടോയും ശ്രീധരന്‍ ധരിച്ച വസ്ത്രങ്ങളും തിരിച്ചറിഞ്ഞാണ് മരിച്ചത് ശ്രീധരന്‍ തന്നെയാണെന്ന് തീര്‍ച്ചപ്പെടുത്തിയത്. ശ്രീധരന്റെ മരണം നടന്നിട്ട് ആറ് മാസം കഴിഞ്ഞിട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോ മരണ സര്‍ട്ടിഫിക്കറ്റോ ഇതുവരെ നല്‍കിയിട്ടില്ല.
അതേസമയം, ശ്രീധരന്റെ മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ശ്രീധരന്‍ മരിച്ചുകിടക്കുന്നതായി കാണിച്ചുകൊടുത്ത മീന്‍ വളര്‍ത്തുന്ന കുളം മുങ്ങിമരിക്കാന്‍ പാകത്തിന് ആഴമില്ലാത്തതാണെന്നാണ് സഹോദരന്‍ പറയുന്നത്. മാത്രമല്ല, ശ്രീധരന് നീന്തല്‍ അറിയാത്തതിനാല്‍ കുളത്തില്‍ ഇറങ്ങാറില്ല. എത്ര മദ്യപിച്ചാലും ബോധരഹിതനായി നടക്കാറില്ലെന്ന് ശ്രീധരന്റെ ഭാര്യയും പറയുന്നു. മൃതദേഹം കാണപ്പെട്ട കുളം സ്ഥിതിചെയ്യുന്ന തോട്ടത്തില്‍ ശ്രീധരന്‍ ജോലിചെയ്തിട്ടുമില്ല. പിന്നെയെങ്ങിനെ മൃതദേഹം അവിടെ കാണപ്പെട്ടു എന്നും ചോദിക്കുന്നു. പൊലീസ് കാണിച്ച ഫോട്ടയില്‍ ശ്രീധരന്റെ മുഖത്ത് കണ്ട മുറിവും ചുണ്ട് തടിച്ച് വീര്‍ത്തതും സംശയം ഉയര്‍ത്തുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മരണ സര്‍ട്ടിഫിക്കറ്റും ഇതുവരെയും ലഭിച്ചിട്ടില്ല.
ഭാര്യയും ആറ് മക്കളും അടങ്ങുന്നതാണ് ശ്രീധരന്റെ കുടുംബം. ശ്രീധരന്റെ മരണത്തോടുകൂടി ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് കുടുംബം. മൂത്തമകള്‍ തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന വരുമാനംകൊണ്ടാണ് ശ്രീധരന്റെ ആറ് മക്കളും ഭാര്യയും കഴിയുന്നത്. അച്ചന്റെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല ശ്രീധരന്റെ മക്കള്‍ക്ക്.
കാട്ടുനായ്ക്ക ഊരിലെ സന്തോഷിന്റെ മരണം
കുടകിലെ തോട്ടങ്ങളില്‍ പണിക്കുപോയി ദുരൂഹ സാഹചര്യത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ ഏററവും പുതിയ വാര്‍ത്തയാണ് വെള്ളമുണ്ട പഞ്ചായത്തില്‍ കൊയ്ത്തുപാറ കാട്ടുനായ്ക്ക ഊരിലെ രാജുവിന്റെ മകന്‍ സന്തോഷിന്റെ മരണം. സന്തോഷ്, ഭാര്യവീട്ടില്‍നിന്നാണ് കുടകിലേക്ക് ജോലിക്ക് പോയത്. സുല്‍ത്താന്‍ ബത്തേരി നെന്‍മേനി പഞ്ചായത്തില്‍ കായല്‍ക്കുന്ന് ഊരിലാണ് ഭാര്യ സന്ധ്യയുടെ വീട്. കഴിഞ്ഞ ജൂണ്‍ മാസം അവസാനത്തിലാണ് സന്തോഷ് ജോലിക്കായി കുടകിലേക്ക് പോയത്. ജൂലൈ 17 ന് സന്തോഷ് മുങ്ങി മരിച്ചുവെന്ന വിവരമാണ് കുടുംബത്തിന് ലഭിക്കുന്നത്. പ്രദേശവാസിയായ ഒരാളാണ് സന്തോഷിനെ കുടകിലേക്ക് കൊണ്ടുപോകുന്നത്. സന്തോഷിന്റെ മരണം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാതിരിക്കാന്‍ ഇയാളോട് അടുത്ത ബന്ധമുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയാതായി ബന്ധുക്കള്‍ പറയുന്നു. നന്നായി നീന്താന്‍ അറിയാവുന്നയാളാണ് സന്തോഷ് എന്ന് ബന്ധുക്കള്‍ പറയുന്നു. സന്തോഷിന്റേത് കൊലപാതകമാണെന്ന സംശയം അവര്‍ ഉന്നയിക്കുന്നുണ്ട്.
അരുണിന്റെ തിരോധാനം
ആറ് വര്‍ഷം മുന്‍പാണ് പനവല്ലി, കാളിന്ദി കോളനിയിലെ അരുണും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം കുടകിലെ ശ്രീമംഗളയില്‍ ജോലിക്ക് പോകുന്നത്. അടിമയെപോലെയാണ് അനിലിനെകൊണ്ട്പ ണിയെടുപ്പിച്ചിരുന്നത്. തൊഴിലിനനുസരിച്ചുള്ള കൂലി ലഭിക്കാതാവുകയും തൊഴിലുടമയുടെ മര്‍ദനം സഹിക്കവെയ്യാതാവുകയും ചെയ്തതോടെ രണ്ടര മാസം മുന്‍പ് അരുണ്‍ നാട്ടിലേക്ക് ഓടിപ്പോന്നു. തൊട്ടടുത്ത ദിവസം തന്നെ കുടകില്‍നിന്നുള്ള സ്ത്രീകളുള്‍പ്പെടുന്ന സംഘം കര്‍ണാടക പൊലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് അരുണിനെ ബലമായി പിടിച്ചുകൊണ്ടുപോയി. തങ്ങളുടെ കയ്യില്‍ തോക്കുണ്ടെന്നും എതിര്‍ത്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും സഹോദരിയും ഭാര്യാ സഹോദരനും പറയുന്നു. പിന്നീട് അരുണിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ച് അതിന് കഴിയാതായതോടെ സഹോദരി ഗൗരി തിരുനെല്ലി പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അരുണിനെ കണ്ടെത്തി.
കുടകിലെ ചോമണി എന്ന തോട്ടമുടമയുടെ വീട്ടിലാണ് അരുണിനെ കണ്ടെത്തിയത്. അവിടെയായിരുന്നു അരുണ്‍ പണിയെടുത്തിരുന്നത്. തിരുനെല്ലി പൊലീസ് അരുണിനെ കാട്ടിക്കുളത്തെ പൊലീസ് എയ്ഡ് പോസ്റ്റില്‍ ഹാജരാക്കിയെങ്കിലും കൂടെയുണ്ടായിരുന്ന തോട്ടമുടമകളുടെ ഭീഷണിയെതുടര്‍ന്ന് അരുണ്‍ വീണ്ടും കുടകിലേക്ക് തന്നെ തിരിച്ചുപോയി. അരുണിനെകൊണ്ട് അവിടെ അടിമപ്പണിയെടുപ്പിക്കുകയാണ് എന്ന് സഹോദരി കരഞ്ഞുപറഞ്ഞിട്ടും അരുണിനെ കുടകിലേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്യുകയായിരുന്നു പൊലീസ് എന്ന് ഒപ്പമുണ്ടായിരുന്ന ആദിവാസി അവകാശപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സാധാരണഗതിയില്‍തന്നെ ഇതര സംസ്ഥാനങ്ങളിലേക്ക് തൊഴില്‍തേടിപ്പോകുന്നവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി വ്യവസ്ഥകള്‍ ഉണ്ടായിരിക്കെ അതൊന്നും പാലിക്കാതെയാണ് അരുണിനെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും കൊണ്ടുപോയത്. കുടകിലെ തോട്ടമുടമകള്‍ക്കുവേണ്ടി കര്‍ണാടക പൊലീസിന് കേരള പൊലീസ് ഒത്താശ ചെയ്ത് കൊടുക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ഒഴക്കോടി കോളനിയിലെ കുറുമ്പന്റെ തിരോധാനം
ദുരൂഹ സാഹചര്യത്തില്‍ കാണാതായവരെ കാത്തിരിക്കുന്ന നിരവധി ആദിവാസി കുടുംബങ്ങള്‍ ഉണ്ട് വയനാട്ടില്‍. അത്തരത്തില്‍ കുടകില്‍ അസ്വാഭാവിക സാഹചര്യത്തില്‍ കാണാതായ ആദിവാസികളിലൊരാളാണ് മാനന്തവാടി ഒഴക്കോടി കോളനിയിലെ കുറുമ്പന്‍. 2008ല്‍ കുടകില്‍ ജോലിക്ക് പോയ കുറുമ്പന്‍ എവിടെയെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.
രക്ഷപ്പെട്ടുവന്ന അപ്പുവും കല്യാണിയും
കുടകിലേക്ക് ജോലിക്കുപോയി സൗക്കാര്‍മാരുടെ പീഡനം സഹിക്കവയ്യാതെ രക്ഷപ്പെട്ടുപോന്നവരാണ് മേപ്പാടി ജയ്ഹിന്ദ് കോളനിയിലെ അപ്പുവും കല്യാണിയും. മേപ്പാടിയിലെ തേയിലത്തോട്ടങ്ങളിലും വാഴത്തോട്ടങ്ങളിലുമായിരുന്നു അപ്പുവും കല്യാണിയും പണിയെടുത്തിരുന്നത്. പണി കുറഞ്ഞതോടെ മേപ്പാടിയിലുള്ള വക്കീലാണ് ഇരുവരെയും കുടകിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. തൊട്ടടുത്ത കൈരളി കോളനിയിലെ ചില ആദിവാസികളും ഇവരുടെ കൂടെ പണിക്കുപോയിരുന്നു. പോയ സ്ഥലമേതെന്ന് കൃത്യമായി ഇപ്പോഴും അവര്‍ക്ക് അറിയില്ല. അവിടെ ഒരു സൗക്കാറിന്റെ തോട്ടത്തില്‍ പണിയെടുത്തു.
അപ്പുവും കല്യാണിയും
ആദ്യ ദിവസങ്ങളില്‍ ഭക്ഷണവും താമസ സൗകര്യങ്ങളും നല്‍കിയിരുന്നെങ്കിലും പിന്നീടതെല്ലാം ഇല്ലാതായി. പണിയെടുത്തതിന്റെ കൂലി ചോദിച്ചാല്‍ അടിക്കാനും ചീത്തവിളിക്കാനും തുടങ്ങി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് ഒരു ദിവസം തോട്ടമുടമയുടെ കണ്ണുവെട്ടിച്ച് അവിടെനിന്ന് രക്ഷപ്പെട്ടു. രണ്ട് ദിവസത്തെ അലച്ചലിനൊടുവില്‍ മറ്റൊരു സൗക്കാറിന്റെ തോട്ടത്തില്‍ എത്തി, അവിടെ പണിയെടുക്കാന്‍ തുടങ്ങി. തോട്ടത്തിലെ പണിക്കുപുറമേ തോട്ടമുടമയുടെ വീട്ടുജോലികളും ചെയ്യണ്ടിവന്നു. അവിടെയും പട്ടിണിയും പീഡനങ്ങളും ആവര്‍ത്തിച്ചു. അതോടെ അവിടെനിന്നു രക്ഷപ്പട്ടുപോന്നു. പിന്നീട് മറ്റൊരു കുടകന്റെ തോട്ടത്തില്‍ പണിയെടുത്തു വരികയായിരുന്നു. ഇതിനിടയില്‍ ഇരുവരെയും കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ മേപ്പാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മേപ്പാടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ അപ്പുവിനെയും കല്യാണിയേയും കണ്ടെത്തുകയും തിരികെ നാട്ടിലെത്തിക്കുകയുമായിരുന്നു. ഇത്രയും നാള്‍ പണിയെടുത്തതിന്റെ കൂലി കിട്ടിയിട്ടില്ലെങ്കിലും ഇനി കുടകിലേക്ക് പണിക്ക്‌പോകില്ലെന്നാണ് അപ്പുവും കല്യണിയും ഉറപ്പിച്ചു പറയുന്നത്.
കുടകിലേക്ക് തൊഴില്‍ തേടിപ്പോകുന്ന ആദിവാസികള്‍
പ്രാഗ്ദന ഗോത്രവിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന ജില്ലയാണ് വയനാട്. വനവും വനവിഭവങ്ങളും ആശ്രയിച്ച് ജീവിച്ചിരുന്ന വയനാട്ടിലെ ആദിവാസികള്‍ക്ക് കാലക്രമേണ അതെല്ലാം അന്യമായി തുടങ്ങി. കാടിന് പുറത്ത് കൃഷിപ്പണിയും കൂലിപ്പണിയുമൊക്കെയായി പിന്നീടവരുടെ ഉപജീവന മാര്‍ഗം. അങ്ങിനെ അവര്‍ വയനാട്ടില കുടിയേറ്റ കര്‍ഷകരുടെയും മറ്റും തോട്ടങ്ങളില്‍ പണിയെടുക്കാന്‍ തുടങ്ങി.
രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ വയനാട്ടിലുണ്ടായ കാര്‍ഷിക പ്രതിസന്ധിയും കര്‍ഷക ആത്മഹത്യകളും ആദിവാസി ജനതയുടെ ഉപജീവനത്തേയും സാരമായി ബാധിച്ചു. കര്‍ഷകര്‍ വയനാട് വിട്ട് അതിര്‍ത്തി പ്രദേശങ്ങളായ കര്‍ണാടകയിലെ കുടകിലേക്കും ഷിമോഗയിലേക്കുമൊക്കെ തങ്ങളുടെ കൃഷി പറിച്ചുനട്ടു. കുടകിലെ മടിക്കേരി, സിദ്ധാപുരം, വീരാജ് പേട്ട, ഗോണിക്കുപ്പ തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി, വാഴ, നെല്ല് തുടങ്ങിയവ കൃഷികള്‍ ചെയ്യാന്‍ തുടങ്ങി.
കര്‍ഷകര്‍ വയനാട്ടില്‍ നിന്നുള്ള ആദിവാസികളെ കൃഷിപ്പണിക്കായി കുടകിലേക്ക് കൊണ്ടുപോവുകയും തോട്ടങ്ങളില്‍ താമസിപ്പിച്ച് പണിയെടുപ്പിക്കാനും തുടങ്ങി. കുടകിലെ തൊഴിലാളികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കുറവ് കൂലിയേ അവര്‍ക്ക് കൊടുക്കേണ്ടിവന്നിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പിന്നീട് കുടകിലെ തദ്ദേശീയരായ കര്‍ഷകരും വയനാട്ടിലെ ആദിവാസികളെ കൃഷിപ്പണിക്കായി ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ഇതോടെ വയനാട്ടില്‍ നിന്നും കുടകിലേക്ക് തൊഴില്‍ തേടിയുള്ള ആദിവാസികളടെ ഒഴുക്ക് വര്‍ധിച്ചു. സ്ഥിരമായ തൊഴിലും താരതമ്യേന മെച്ചപ്പെട്ട കൂലിയും ലഭിക്കും എന്നത് ഇതിന് കാരണവുമായി.
കുടകിലെ തോട്ടം മുതലാളിമാരെ സൗക്കാര്‍മാര്‍ എന്നാണ് ആദിവാസികള്‍ വിളിക്കുന്നത്. സൗക്കാര്‍മാരുടെ ഇഞ്ചിത്തോട്ടങ്ങളിലും വാഴത്തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും നെല്‍പാടങ്ങളിലും അവര്‍ എല്ലുമുറിയെ പണിയെടുത്തു. പണിയെടുക്കുന്നതിനുള്ള കൂലി മാസ ശമ്പളമായി കൈപ്പറ്റി രണ്ടാ മൂന്നോ മാസം കൂടുമ്പോഴാണ് വയനാട്ടിലെ ഊരുകളിലേക്ക് മടങ്ങാറ്. ചെറിയ ഇടവേളകള്‍ക്ക് ശേഷം വീണ്ടും കുടകിലേക്ക് തന്നെ തിരിച്ച് പോകും. ദിവസവും വന്ന് ജോലി ചെയ്ത് തിരിച്ചു പോകുന്നവരുമുണ്ട്.
ചില സൗക്കാര്‍മാര്‍ അടിമകളെപ്പോലെയാണ് ഇവരെകൊണ്ട് പണിയെടുപ്പിച്ചിരുന്നത്. ആവശ്യമായ ഭക്ഷണമോ താമസ സൗകര്യങ്ങളോ ഇല്ലാതെ അവര്‍ അവിടെ യാതന അനുഭവിച്ചു കഴിഞ്ഞു കൂടി. ചെയ്യുന്ന ജോലിക്ക് കൂലി ചോദിക്കുമ്പോള്‍ അതി ക്രൂരമായ മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു.
കുടകിലെ മരണങ്ങള്‍
2005 ഏപ്രില്‍ മാസത്തിലാണ് കുടകില്‍ ജോലിക്ക് പോയ നൂല്‍പ്പുഴ പഞ്ചായത്തിലെ ചൂണ്ടപ്പാടി കോളനിയിലെ കോലു ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. ഇതോടെയാണ് കുടകില്‍ ജോലിക്കുപോകുന്ന വയനാട്ടിലെ ആദിവാസികളുടെ മരണങ്ങളുടെയും കാണാതാവലുകളുടെയും പീഡനങ്ങളുടെയും വിവരങ്ങള്‍ പുറംലോകമറിയുന്നത്. തുടര്‍ന്ന് ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെട്ട വസ്തുതാന്വേഷണ സംഘം കുടക് സന്ദര്‍ശിച്ചു. കുടകിലെ തോട്ടങ്ങളില്‍ പണിയെടുക്കുന്ന വയനാട്ടിലെ ആദിവാസികള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെയും തൊഴില്‍ ചൂഷണങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘങ്ങള്‍ പുറത്തുവിട്ടത്.
ഇതര സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടിപ്പോകുന്നവരുടെ നിയമ പരിരക്ഷ ഉറപ്പുവരുത്തുന്ന 1979 ലെ ഇന്റര്‍സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് ആക്ട് - Inter-State Migrant Workmen Act, 1979 - നിലവിലുണ്ട്. എന്നാല്‍, ഈ നിയമങ്ങളൊന്നും പാലിക്കാനോ തൊഴിലാളികളുടെ അവകാശങ്ങല്‍ വകവെച്ചുകൊടുക്കാനോ തൊഴിലുടമകള്‍ തയ്യാറാല്ല.
വയനാട്ടിലെ ആദിവാസികളുടെ കുടകിലെ ദുരൂഹമരണങ്ങളും കാണാതാവലുകളും സംബന്ധിച്ച വാര്‍ത്തകള്‍ പത്ര മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നുകൊണ്ടിരുന്നു. ഒപ്പം സാമൂഹിക-രാഷ്ട്രീയ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുവന്നു. ഇതേ തുടര്‍ന്ന് ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതരായി. 2007 ആഗസ്റ്റ് 8 ന് കലക്ടര്‍ കുടകിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ ഒരു സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചു. ആദിവാസികളെ ഇതര സംസ്ഥാനങ്ങളിലേക്ക് ജോലിക്ക് കൊണ്ടുപോകും മുന്‍പ് ഊര് മൂപ്പന്‍, എസ്.ടി പ്രമോട്ടര്‍, ട്രൈബല്‍ എക്സ്സ്റ്റന്‍ഷന്‍ ഓഫീസര്‍, പൊലീസ് എന്നിവരിലാരെയെങ്കിലും അറിയിക്കണമെന്നതായിരുന്നു ഇതിലെ പ്രധാന നിര്‍ദേശം. ജോലിക്ക് കൊണ്ടുപോകുന്ന ദിവസം, കൂലി എന്നിവ സംബന്ധിച്ച് തൊഴിലാളികളുമായി കരാര്‍ ഉറപ്പിക്കുക, സുരക്ഷിതമായ താമസം, ഭക്ഷണം മുതലായവ ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു മറ്റ് നിര്‍ദേശങ്ങള്‍.
2008ല്‍ വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന നീതിവേദി എന്ന സംഘടനയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ മനുഷ്യാവകാശ സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ ഒരു പീപ്പിള്‍സ് ട്രൈബ്യൂണല്‍ സംഘടിപ്പിച്ചു. നിയമ വിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുത്ത ട്രിബ്യൂണലിനു മുന്‍പാകെ നിരവധി കുടുബങ്ങള്‍ തെളിവുനല്‍കി. കുടകിലെ ആദിവാസി മരണങ്ങളും കാണാതാകലുകളും പീഡനങ്ങളും ഉള്‍പ്പടെ 122 കേസുകള്‍ ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിഷയം കൂടുതല്‍ ചര്‍ച്ചയായതോടെ സര്‍ക്കാരിനും ഇടപെടേണ്ടി വന്നു. കുടകിലെ ആദിവാസികളുടെ ദുരൂഹ മരണങ്ങളും തിരോധാനങ്ങളും അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്നത്തെ ഉത്തര മേഖലാ ഐ.ജി വി. ശാന്താറാമിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പും ഡി.വൈ.എസ്.പി ആമൂസ് മേമന്റെ നേതൃത്വത്തില്‍ അന്വേഷണവും നടന്നു. പക്ഷേ, തുടര്‍ നടപടികളൊന്നും തന്നെ ഉണ്ടായില്ല.
പീപ്പിള്‍സ് ട്രൈബ്യൂണല്‍
പട്ടികജാതി ഗോത്ര വര്‍ഗ കമീഷനും വിഷയത്തില്‍ ഇടപെട്ടു. വയനാട്ടില്‍ ഇതു സംബന്ധിച്ച് തെളിവെടുപ്പിനായി ഒരു സിറ്റിംഗ് നടത്തി. സിറ്റിങ്ങില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 2010 ഏപ്രില്‍ 9 ന് പട്ടികജാതി ഗോത്ര വര്‍ഗ കമീഷന്‍ അംഗം രുഗ്മിണി സുബ്രഹമണ്യത്തിന്റെ നേതൃത്വത്തില്‍ നിയമസഭാ സമിതി അംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അടങ്ങുന്ന പ്രതിനിധി സംഘം കുടകിലെ ഇഞ്ചിപ്പാടങ്ങള്‍ സന്ദര്‍ശിച്ചു. കുടകിലെ തോട്ടങ്ങളില്‍ വയനാട്ടില്‍നിന്നുള്ള ആദിവാസികള്‍ അടിമപ്പണിയെടുക്കുകയാണെന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടക്കുന്നതെന്നും വസ്തുതാന്വേഷണ സംഘം കണ്ടെത്തി. അര്‍ഹമായ വേതനമോ മതിയായ താമസ സൗകര്യങ്ങളോ നല്‍കുന്നില്ലെന്നും രോഗം വന്നാല്‍ ചികിത്സ ലഭ്യമാക്കുന്നില്ലെന്നുമുള്‍പ്പടെ നിരവധി അവകാശ ലംഘനങ്ങളണ് കുടകിലെ തോട്ടങ്ങളില്‍ ആദിവാസികള്‍ നേരിടുന്നതെന്നും കമീഷന്‍ കണ്ടെത്തിയെങ്കിലും കാര്യമായ തുടര്‍ നടപടികള്‍ ഒന്നും തന്നെയുണ്ടായില്ല.
വര്‍ഷം പതിനഞ്ച് പിന്നിടുമ്പോള്‍ കുടകിലേക്ക് ഉള്‍പ്പടെ അയല്‍ സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടിപ്പോകുന്ന ആദിവസികളുടെ സുരക്ഷക്കായി പുറപ്പെടുവിച്ച ജില്ലാ കലക്ടറുടെ ഉത്തരവും നിര്‍ദേശങ്ങളും ഇന്ന് ജലരേഖയായി മാറിയിരിക്കുന്നു. കുടകില്‍വെച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു തരത്തിലുള്ള നഷ്ടപരിഹാരവും ലഭിക്കുന്നില്ല. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ വിധവ പെന്‍ഷന്‍ ഉള്‍പ്പെടെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നു.
ആദിവാസികള്‍ നേരിടുന്നത് അസ്ഥിത്വ ഭീഷണി
വയനാട്ടിലുള്‍പ്പെടെ കേരളത്തിലെ ആദിവാസി സമൂഹം അസ്ഥിത്വ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ആവാസ വ്യവസ്ഥയില്‍നിന്നും അവര്‍ പുറം തള്ളപ്പെടുന്നു. വനഭൂമി അവര്‍ക്ക് അന്യമായിത്തീര്‍ന്നു. ഭൂരഹിതരും ഭവനരഹിതരുമായ ആദിവാസി കുടുംബങ്ങളുടെ എണ്ണം ദൈനംദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ആദിവാസികള്‍ക്ക് സ്വന്തമായി ചുരുങ്ങിയത് ഒരേക്കര്‍ ഭൂമിയെങ്കെിലും നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കപ്പെട്ടില്ല. വനാനവകാശ നിയമ പ്രകാരമുള്ള പരിരക്ഷയും അവര്‍ക്ക് ലഭിക്കുന്നില്ല.
അരക്ഷിതമായ ജീവിതാവസ്ഥയില്‍നിന്നുള്ള മോചനമെന്നോണമാണ് കുടകിലേക്ക് ഉള്‍പ്പടെ വയനാട്ടില്‍നിന്ന് ആദിവാസികള്‍ കാടുകയറുന്നത്. എന്നാല്‍, തങ്ങളുടെതന്നെ വംശഹത്യയിലേക്കാണ് അവര്‍ നടന്നടുക്കുന്നത്. ആദിമ നിവാസികളോടുള്ള നീതിനിധേഷത്തിനും വിവേചനങ്ങള്‍ക്കും നേരെ ഭരണകൂടം കണ്ണടക്കുമ്പോള്‍ നിസ്സംഗതയുടെ മൂടുപടമണിഞ്ഞ് പൗരസമൂഹം മൗനം പുലര്‍ത്തുന്നു. കേരളത്തിന്റെ വികസന ഭൂപടത്തില്‍നിന്ന് അദൃശ്യരാക്കപ്പെട്ട ആദിമ നിവാസികള്‍ നേരിടുന്ന നീതിനിഷേധത്തെയും അവകാശ ലംഘനത്തേയും ഇനിയെങ്കിലും കണ്ടില്ലെന്ന് നടിക്കരുത്.