Analysis
തലവെട്ടുകരാനായ കൊണ്യാക്ക്.
Analysis

തലവെട്ടുകാരായ കൊണ്യാക്കുകള്‍ ഇപ്പോള്‍ എന്തുചെയ്യുന്നു?

ബഷീര്‍ മാടാല
|
9 Feb 2024 2:21 PM GMT

ഗ്രാമത്തില്‍ ഒരാള്‍ തലയെടുത്തുകൊണ്ടുവന്നാല്‍ ആ തല പ്രദര്‍ശിപ്പിക്കും. വിജയാഹ്ലാദ പ്രകടനത്തിനുമൊപ്പം കാട്ടുമൃഗങ്ങളെ കൊന്ന് വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പും. നാഗാലാന്റിലെ തലവെട്ടുകാരായ കൊണ്യാക്കുകളുടെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയത്.

മനുഷ്യരുടെ തലവെട്ടിയെടുത്തിരുന്നവരോ? മനുഷ്യരുടെ തലകള്‍ വെട്ടിയെടുത്ത് പ്രദര്‍ശിപ്പിക്കുകയോ? മനുഷ്യരുടെ തലകള്‍ കൊയ്യുന്നത് വിശ്വാസത്തിന്റെ ഭാഗവും, ആഘോഷവുമായി കൊണ്ടു നടന്നിരുന്നവരോ?

മനുഷ്യരുടെ തലവെട്ടിയിരുന്നവരെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക സംശയങ്ങളും ചോദ്യങ്ങളും ഒക്കെയാണ് ഇതെങ്കിലും മനുഷ്യരുടെ തലകള്‍ വെട്ടിയെടുത്തിരുന്നവരിലെ ഒരു തലമുറ ഇപ്പോഴും രാജ്യത്ത് ജീവിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍പ്പെട്ട നാഗാലാന്റിലെ മോണ്‍ ജില്ലയിലാണ് ഹെഡ് ഹണ്ടേഴ്‌സ് എന്നറിയപ്പെടുന്ന മുഖത്തും, ശരീരത്തും പച്ചകുത്തിയ (tatoo) ആരോഗ്യദൃഢഗാത്രരായ എണ്‍പതുകളും തൊണ്ണൂറുകളും പിന്നിട്ട കൊണ്യാക്ക് വിഭാഗക്കാരായ ഗോത്രവര്‍ഗക്കാരില്‍പ്പെട്ട തലവെട്ടുകാര്‍ കഴിയുന്നത്. നാഗാലാന്റിലെ 16 വിഭാഗക്കാരായ ഗോത്രവര്‍ഗത്തിലെ ഒരു കൂട്ടരാണ് കൊണ്യാക്കുകള്‍. ഇവര്‍ മോണ്‍ ജില്ലയിലെ വിവിധ വില്ലേജുകളിലാണ് സ്ഥിരവാസം. അനേകം വര്‍ഷങ്ങളായി ഉയരം കൂടിയ നാഗാകുന്നുകളില്‍ നൂറുകണക്കിന് കുടുംബങ്ങളിലായി മൂന്നര ലക്ഷം കൊണ്യാക്കുകളാണ് ഇന്നും സര്‍ക്കാരിന്റെ വികസന പദ്ധതികളൊന്നും എത്തിയിട്ടില്ലാത്ത ഇന്ത്യാ-മ്യാന്‍മാര്‍ അതിര്‍ത്തിയിലെ വില്ലേജുകളില്‍ സുഖജീവിതം നയിച്ച് കാലത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്നത്.

മോണ്‍ ജില്ലയില്‍ തലവെട്ടുകാരുടെ ഗ്രാമങ്ങളില്‍ ജീവിച്ചിരിക്കുന്നവരിലെ പ്രായം കൂടിയ ആളാണ് ജോംഗ്‌വാംഗ്. പ്രായം തൊണ്ണൂറായെന്ന് ഒറ്റനോട്ടത്തില്‍ പറയില്ലെങ്കിലും മുഖത്തെ പച്ചകുത്തെല്ലാം മങ്ങിയിരിക്കുന്നു. എങ്കിലും പ്രസന്നവദനനായ, ഇപ്പോഴും ആരോഗ്യദൃഢഗാത്രനായ ഈ കൊണ്യാക്ക് വലിയൊരു കുടുംബത്തോടൊപ്പം കഴിയുന്നത് തികഞ്ഞ സന്തോഷത്തിലാണ്.

മോണ്‍ ജില്ലയിലെ അറുപത് ശതമാനം വില്ലേജുകളിലും ഇന്നും തലവെട്ടുകാര്‍ (Head Hunters) തങ്ങളുടെ പഴയ ഓര്‍cകളുമായി കഴിയുന്നുണ്ട്. മോണിലേക്ക് എത്തിപ്പെടണമെങ്കില്‍ ഇന്നും ദുഷ്‌രമായ പാതകള്‍ താണ്ടണം. എല്ലാം കഴിഞ്ഞ് അവിടെ എത്തിയാല്‍തന്നെ താമസിക്കാനൊരിടം കണ്ടെത്താന്‍ പ്രയാസം. മറ്റെല്ലാം ആയാല്‍തന്നെ വിവിധ വില്ലേജുകളിലേക്ക് എത്തണമെങ്കില്‍ യാത്രക്കായി മണിക്കൂറുകള്‍ വേണം. വികസനം എന്തെന്നറിയാത്ത, സ്‌കൂള്‍, ആശുപത്രി, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇന്നും അന്യമായ നാഗാലാന്റിലെ വിദൂര ഗ്രാമങ്ങളിലെ ജീവിതം ഏറെ ദുഃസ്സഹമാണ്. മോണ്‍ അങ്ങാടിയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താണ് ഇന്ന് ജീവിച്ചിരിക്കുന്ന പ്രായംകൂടിയ ഹെഡ് ഹണ്ടറെ കാണാന്‍ വാംഗ്ലാ വില്ലേജില്‍ എത്തിയത്. ദുര്‍ഘടം പിടിച്ച വഴിയിലൂടെ ഉയരങ്ങള്‍ പിന്നിട്ട് 350 കൊണ്യാക്ക് വീടുകളുള്ള വാംഗ്ലയില്‍ എത്തുമ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു. വാഹനമിറങ്ങി കുത്തനെയുള്ള ചവിട്ടുപടികള്‍ കയറി തൊണ്ണൂറുകള്‍ പിന്നിട്ട വാംഗ്ലാ വില്ലേജിലെ ജോംഗ്‌വാംഗ് എന്ന പ്രശസ്തനായ ഹെഡ് ഹണ്ടറുടെ വീടിന് മുമ്പിലെത്തി.


മോണ്‍ ജില്ലയില്‍ തലവെട്ടുകാരുടെ ഗ്രാമങ്ങളില്‍ ജീവിച്ചിരിക്കുന്നവരിലെ പ്രായം കൂടിയ ആളാണ് ജോംഗ്‌വാംഗ്. പ്രായം തൊണ്ണൂറായെന്ന് ഒറ്റനോട്ടത്തില്‍ പറയില്ലെങ്കിലും മുഖത്തെ പച്ചകുത്തെല്ലാം മങ്ങിയിരിക്കുന്നു. എങ്കിലും പ്രസന്നവദനനായ, ഇപ്പോഴും ആരോഗ്യദൃഢഗാത്രനായ ഈ കൊണ്യാക്ക് വലിയൊരു കുടുംബത്തോടൊപ്പം കഴിയുന്നത് തികഞ്ഞ സന്തോഷത്തിലാണ്. മുഖത്തെയും, ശരീരത്തിലെയും പച്ചകുത്തുകള്‍ മാഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിലും ചെവിയിലെ വലിയ ഓട്ടയില്‍ മുളങ്കമ്പും, കഴുത്തിലെ പുലിനഖം കൊണ്ടുള്ള മാലയും, തോളില്‍ തൂക്കിയിട്ട സഞ്ചിയും ഒരു ഹെഡ്ഹണ്ടറുടെ പ്രൗഢി കാത്തുസൂക്ഷിക്കുന്ന രീതിയിലുള്ളതായിരുന്നു. ജോംഗ്‌വാംഗ് എട്ട് പേരുടെ തലകള്‍ വെട്ടിയെടുത്തിട്ടുണ്ട്. ആറുപേര്‍ക്ക് തലവെട്ടാന്‍ സഹായിയായി പോയിട്ടുമുണ്ട്. ഇതെല്ലാം നടന്നത് അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് യുവാവായിരുന്നു. അത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഒരു ഭാഗമാണെന്ന് കരുതിപ്പോന്ന കാലമായിരുന്നു. തല വെട്ടുന്നവന് സമൂഹം മാന്യസ്ഥാനമാണ് കല്‍പ്പിച്ചു നല്‍കിയിരുന്നത്. ഒരാളുടെ തലവെട്ടിക്കൊണ്ടുവന്ന് മൊറാങ്ങി (സാംസ്‌കാരിക കേന്ദ്രം)ന് മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ അയാള്‍ കേമനാണ്. വിശ്വാസപരമായി അയാള്‍ എല്ലാം നേടിയവനുമാണ്.

ഗ്രാമങ്ങള്‍ തമ്മില്‍ പലവിധത്തിലുള്ള പിണക്കങ്ങള്‍ ഉണ്ടാവും, ഭൂമി, ധനം, സ്ത്രീ വിഷയങ്ങളൊക്കെയാണ് അധികവും ഉണ്ടാവാറുള്ളത്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇരുകൂട്ടരും തമ്മിലുള്ള ചര്‍ച്ചകളോ, അനുരഞ്ജനമോ ഉണ്ടാവാറില്ല. അതിനൊന്നും അക്കാലത്ത് ആരും തയ്യാറായിരുന്നില്ല. ഇതിന് പകരമായി ഇരുകൂട്ടരും തലകൊയ്യാന്‍ പുറപ്പെടുകയായിരുന്നു പതിവ്. ആരോഗ്യമുള്ളവര്‍ മാത്രം ജയിക്കാറുള്ള ഒരു കളിയായിരുന്നു ഇത്. പതിനെട്ടാം വയസ്സിലാണ് ഇദ്ദേഹം ആദ്യമായി ഒരാളുടെ തലയെടുത്തത്. കാട്ടിലൂടെ നടന്ന് രണ്ട് ദിവസം ഒളിഞ്ഞിരുന്നാണ് മറ്റൊരു വില്ലേജിലെ യുവാവിന്റെ തലയറുത്തെടുത്തതെന്ന് ജോംഗ്‌വാംഗ് ഓര്‍ത്തെടുക്കുന്നു. തലയെടുത്ത് സ്വന്തം വില്ലേജിലെത്തിയ ജോംഗ് തല മൊറാങ്ങിന് മുമ്പിലെ പ്രത്യേക സ്ഥലത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ ആര്‍പ്പുവിളികളോടെ അവിടെയുള്ളവര്‍ സ്വീകരിച്ചു. അതിനുശേഷം ആംഗി (ഗോത്രത്തലവന്‍, രാജാവ് എന്നാണ് കൊണ്യാക് ഭാഷ)ന്റെ ഭാര്യ അടുത്തെത്തി വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ ജോംഗിന്റെ മുഖത്തും ശരീരത്തും പച്ചകുത്തുകയും പ്രത്യേക ഭക്ഷണങ്ങള്‍ നല്‍കി സ്വീകരിക്കുകയും ചെയ്തതായി ഇദ്ദേഹം ഓര്‍ത്തെടുക്കുന്നു.

അറുപത് എഴുപത് വര്‍ഷങ്ങള്‍ക്കുമുമ്പുവരെ മോണ്‍ ജില്ലയിലെ വില്ലേജുകള്‍ക്ക് പുറമെ മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ കൊണ്യാക്കുകള്‍ താമസിച്ചിരുന്ന വില്ലേജുകളിലും അരുണാചല്‍ പ്രദേശിലെ കൊണ്യാക് വില്ലേജുകളിലും ഹെഡ് ഹണ്ടിംഗ് സ്ഥിരമായി നടന്നിരുന്നു. നല്ല യോദ്ധാക്കളും, ധീരന്മാരും അപകടകാരികളുമായിരുന്ന ഇവരെ മറ്റ് ഗോത്രവര്‍ഗക്കാര്‍ക്ക് ഭയമായിരുന്നു. ഇവരുമായി ഒരുവിധ ബന്ധവും മറ്റു ഗോത്രവിഭാഗക്കാര്‍ക്ക് ഉണ്ടായിരുന്നില്ല.

ഗ്രാമത്തില്‍ ഒരാള്‍ തലയെടുത്തുകൊണ്ടുവന്നാല്‍ ആ തല പ്രദര്‍ശനവും, കൊണ്യാക്കുകളുടെ വിജയാഹ്ലാദ പ്രകടനത്തിനുമൊപ്പം കാട്ടുമൃഗങ്ങളെ കൊന്ന് വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പിയിരുന്ന കാലത്തെക്കുറിച്ചുമൊക്കെ ഇദ്ദേഹം ഓര്‍ക്കുന്നു. ഇത്തരം തലവെട്ട് ആഘോഷങ്ങള്‍ കൊണ്യാക്കുകള്‍ക്ക് അക്കാലത്ത് പുതുമയുള്ളതായിരുന്നില്ല. എല്ലാ വില്ലേജുകളിലും അമ്പത് വര്‍ഷം മുമ്പുവരെ ഹെഡ് ഹണ്ടിംഗ് നടന്നിരുന്നു. ആ തലമുറയില്‍പ്പെട്ടവരിലെ ഒടുവിലെ കണ്ണികളാണിപ്പോള്‍ ഇവിടെ വിവിധ വില്ലേജുകളില്‍ ഓര്‍മകളും അയവിറക്കി ജീവിച്ചുകൊണ്ടിരിക്കുന്നത്. ഹെഡ് ഹണ്ടര്‍മാരെ തിരിച്ചറിയുന്നത് പച്ചകുത്തിയത് നോക്കിയാണ്. ഇവരെല്ലാം തന്നെ മുഖത്തും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പച്ചകുത്തിയിരിക്കും. കൂടുതല്‍ തലകള്‍ വെട്ടിയിട്ടുണ്ടെങ്കില്‍ മുഖത്ത് പ്രത്യേക രീതിയിലുള്ള പച്ചകുത്തല്‍ നടത്തിയിട്ടുണ്ടാകും. ഗോത്രം, വര്‍ഗ്ഗം, കുടുംബം എന്നിവയൊക്കെ തിരിച്ചറിയാനും ഇവര്‍ പച്ചകുത്താറുണ്ട്. വ്യത്യസ്ത ഗോത്രങ്ങള്‍ക്ക് വിവിധതരം പച്ചകുത്തുന്ന രീതിയാണിവര്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിലൂടെ ഗോത്രങ്ങളെ തിരിച്ചറിയാന്‍ കഴിയുമെന്നിവര്‍ പറയുന്നു. എന്നാല്‍ പഴയതലമുറയില്‍പ്പെട്ട അധികം പേരും പച്ചകുത്തിയിരുന്നത് തലവെട്ടിന്റെ എണ്ണം അനുസരിച്ചാണ്.


തലവെട്ടുകരാനായ ഒരു കൊണ്യാക്ക്.

മുഖത്തും, കയ്യിലും, ശരീരത്തിലുമൊക്കെ വര്‍ഷങ്ങള്‍ക്കുമുമ്പ് പച്ചകുത്തിയതിന്റെ അടയാളവുമായി കഴിയുന്ന കൊണ്യാക്കുകള്‍ ധാരാളമുള്ള പ്രദേശം കൂടിയാണ് മോണ്‍ ജില്ലയിലെ നാഗാകുന്നുകള്‍. കൊണ്യാക്കുകളുടെ താമസസ്ഥലം ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലാണ്. മലമുകളില്‍ കൂട്ടം കൂട്ടമായിട്ടാണിവര്‍ ഇന്നും താമസിക്കുന്നത്. ശത്രുക്കളില്‍ നിന്നും രക്ഷ തേടിയാണിവര്‍ കുന്നിന്‍ മുകളില്‍ സ്ഥിരതാമസമാക്കിയത്. ശത്രുക്കള്‍ വരുന്നത് മലയുടെ മുകളില്‍ നിന്ന് കാണുക മാത്രമല്ല, ഇങ്ങനെ എത്തുന്നവരെ ആക്രമിച്ച് കീഴടക്കാനും ചിലപ്പോള്‍ തിരിച്ച് ഓടിക്കാനും വേണ്ടിയാണിവര്‍ ഉയരങ്ങളില്‍ താമസം തെരഞ്ഞെടുത്തിരുന്നത്. ഇന്നും ഇതിനൊരു മാറ്റവും ഇവിടങ്ങളില്‍ ഉണ്ടായിട്ടില്ല. അപൂര്‍വ്വമായി മാത്രമെ താഴ്‌വരകളില്‍ വീടുകള്‍ വെച്ച് ഇവര്‍ താമസിക്കുന്നുള്ളൂ. അറുപത് എഴുപത് വര്‍ഷങ്ങള്‍ക്കുമുമ്പുവരെ മോണ്‍ ജില്ലയിലെ വില്ലേജുകള്‍ക്ക് പുറമെ മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ കൊണ്യാക്കുകള്‍ താമസിച്ചിരുന്ന വില്ലേജുകളിലും അരുണാചല്‍ പ്രദേശിലെ കൊണ്യാക് വില്ലേജുകളിലും ഹെഡ് ഹണ്ടിംഗ് സ്ഥിരമായി നടന്നിരുന്നു. നല്ല യോദ്ധാക്കളും, ധീരന്മാരും അപകടകാരികളുമായിരുന്ന ഇവരെ മറ്റ് ഗോത്രവര്‍ഗക്കാര്‍ക്ക് ഭയമായിരുന്നു. ഇവരുമായി ഒരുവിധ ബന്ധവും മറ്റു ഗോത്രവിഭാഗക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. പുരുഷന്മാര്‍ മാത്രമാണ് തലവെട്ടലുകളില്‍ വ്യാപൃതരായിരുന്നത്. അക്കാലത്ത് പന്ത്രണ്ട് വയസ്സുമുതല്‍തന്നെ യുവാക്കളെ ഹെഡ് ഹണ്ടിങ്ങിനായി പറഞ്ഞയച്ചിരുന്നതായി മുതിര്‍ന്ന കൊണ്യാക്കുകള്‍ ഓര്‍ക്കുന്നു.

മനുഷ്യരുടെ തലകള്‍ വെട്ടിയെടുക്കുന്ന പ്രക്രിയ ഇവര്‍ക്ക് ഒരു കാഴ്ച (show) മാത്രമായിരുന്നില്ല. അത് വിശ്വാസത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ശത്രുവിനെ സ്വയം കണ്ടെത്തി ഉന്മൂലനം ചെയ്ത് വില്ലേജിലെ മൊറാങ്ങിന് മുന്നില്‍ വെട്ടിയെടുത്ത തലകള്‍ പ്രദര്‍ശിപ്പിച്ച് തന്റെ വിശ്വാസം ഉറപ്പിച്ചിരുന്ന കാഴ്ചയാണ് അക്കാലത്ത് ഉണ്ടായിരുന്നത്. വാംഗ്ലാ വില്ലേജില്‍ ഇങ്ങനെ തലകള്‍ വെട്ടിയെടുത്തതിന്റെ ഓര്‍cക്കായി വലിയ കല്ലുകള്‍ കുത്തിനിര്‍ത്തിയിരിക്കുന്നതായി കണ്ടു. ഓരോ തലകള്‍ കൊയ്യുമ്പോഴും ഓരോ കല്ലുകള്‍ കുത്തിനിര്‍ത്തുകയാണ് പതിവ്. ഇത്തരം 'ഷൗത്തോങ്ങുകള്‍' (കല്ലുകള്‍ കുത്തിനിര്‍ത്തിയിരിക്കുന്ന സ്ഥലത്തിന് കൊണ്യാക് ഭാഷയില്‍ പറയുന്ന പേര്) മോണ്‍ ജില്ലയിലെ വില്ലേജുകളില്‍ ഇപ്പോഴും കാണാം. വാംഗ്ലയില്‍ ഇത്തരം നൂറിലധികം കല്ലുകളാണ് കുത്തി നിര്‍ത്തിയിരിക്കുന്നത്. അടുത്ത കാലം വരെ ഇവിടെ മനുഷ്യരുടെ തലയോടുകള്‍ കൂട്ടമായി അടുക്കിവെച്ചിരുന്നു. ഇതില്‍ ജോംഗ്‌വാംഗ് വെട്ടിയെടുത്ത ആറ് തലകളുടെ തലയോടുകളും ഉണ്ടായിരുന്നു. വാംഗ്ലായിലെ എല്ലാ വീടുകള്‍ക്കുമുമ്പിലും ഇപ്പോഴും വിവിധ മൃഗങ്ങളുടെ കൊമ്പുകളും, തലകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എല്ലാ കൊണ്യാക് ഗോത്രവര്‍iക്കാരുടെ വീടുകള്‍ക്ക് മുമ്പിലും ഇത്തരം കാഴ്ചകള്‍ കാണാം. കാട്ടുപോത്തിന്റെയും, മാനിന്റെയും, ആനയുടെയും, പുലിയുടെയുമൊക്കെ കൊമ്പുകളും, തലയോടുകളും ഇല്ലാത്ത വീടുകള്‍ ഇവിടെ കാണാന്‍ കഴിയില്ല.

ലോംഗ്വ ലോകത്തെ അവസാനത്തെ തലവെട്ടുകാരുടെ വില്ലേജ് ആയിട്ടാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ആംഗി (ഗോത്രത്തലവന്‍, രാജാവ് എന്ന് കൊണ്യാക് ഭാഷയില്‍)ന്റെ വീടിനെ രണ്ടായി പിളര്‍ത്തിക്കൊണ്ടാണ് ഇന്ത്യാ-മ്യാന്‍മാര്‍ അതിര്‍ത്തി കടന്നുപോകുന്നത്. ആംഗിന്റെ അടുക്കള മ്യന്‍മാറിലും ബെഡ്‌റൂം ഇന്ത്യയിലുമാണ്. ആംഗിന്റെ കീഴില്‍ ഇന്ത്യയിലെ 32 കൊണ്യാക് വില്ലേജുകളും, മ്യാന്‍മാറിലെ 30 വില്ലേജുകളുമുണ്ട്.

കൊണ്യാക് ഹെഡ് ഹണ്ടേഴ്‌സിനെ പിന്നീട് വിവിധ വില്ലേജുകളില്‍ കണ്ടു. ശരീരത്തിലും മുഖത്തും പച്ചകുത്തിയ എണ്‍പതുകള്‍ പിന്നിട്ട ആരോഗ്യദൃഢഗാത്രരായ അവരൊക്കെ ഓരോരോ ജോലികളില്‍ ഇപ്പോഴും വ്യാപൃതരാണ്. എന്തെങ്കിലും ചോദിച്ചാല്‍ തലവെട്ടിയിരുന്ന കാലത്തെക്കുറിച്ച് അവര്‍ വാചാലരാവും. ഓപ്പിയവും, റൈസ്ബിയറും, ലോകത്തെ എരിവുകൂടിയ മുളകുകൊണ്ടുണ്ടാക്കിയ ഭക്ഷണവും ഒപ്പം ഏതെങ്കിലുമൊരു മൃഗത്തിന്റെ ഉണങ്ങിയ ഇറച്ചിക്കും, ബാംബൂഷൂട്ടിനും പുറമെ കാട്ടില്‍ നിന്ന് കിട്ടുന്ന വിവിധ തരം ഇലവര്‍ഗ്ഗങ്ങളുമൊക്കെ കഴിച്ച് സംതൃപ്തമായ ശിഷ്ടജീവിതം കഴിച്ചുകൂട്ടുകയാണിവിടുത്തെ ഹെഡ് ഹണ്ടേഴ്‌സ്. പലര്‍ക്കും തങ്ങള്‍ എന്തിനാണിതൊക്കെ ചെയ്തിരുന്നത് എന്നറിയില്ലെങ്കിലും, വിശ്വാസത്തെ മറികടക്കാന്‍ ആരും തയ്യാറല്ല. മുമ്പ് ചെയ്ത കൃത്യങ്ങളില്‍ ഇവര്‍ക്കാര്‍ക്കും ഇപ്പോഴും യാതൊരു കുറ്റബോധമോ, വിഷമമോ, സങ്കടമോ ഇല്ല. പരമ്പരാഗതമായി തുടര്‍ന്നുവന്ന ആചാരങ്ങള്‍ തങ്ങളും തുടര്‍ന്നു എന്നതിനപ്പുറം അരനൂറ്റാണ്ട് മുമ്പ് അരങ്ങേറിയിരുന്ന തലകൊയ്യലുകളെക്കുറിച്ച് മറ്റൊന്നും അവര്‍ക്കറിയില്ല. വിദ്യാഭ്യാസം അന്യമായിരുന്ന ഒരു സമൂഹത്തില്‍ വര്‍ഷങ്ങളോളം ഹെഡ്ഹണ്ടിംഗ് നടന്നിരുന്നതായി പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിനിപ്പുറം കാര്യങ്ങള്‍ മാറിമറിഞ്ഞിട്ടുണ്ടെങ്കിലും തലവെട്ടുകാരിലെ പുതിയ തലമുറ മനുഷ്യനെയല്ലാത്ത മറ്റെല്ലാറ്റിനെയും നായാടുന്നതില്‍ ഇപ്പോഴും ഹരം കണ്ടെത്തുന്നവരാണ്.


അവസാനമായി തലവെട്ടിയ കൊണ്യാക്ക്. വെട്ടിയെടുപത്ത തലകളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന ടാറ്റൂകള്‍ കാണാം.

വാംഗ്ല വില്ലേജിന് പുറമെ ഷിയാംഗ്, ലോംഗ്വ, ചുയി, ഷാംഗ്ന്യൂ, ഹുംഗ്‌പോയ്, ചാംഗ്ലാംഗ്ഷൂ, മോണ്യാംഗ്ഷൂ എന്നീ പ്രധാനപ്പെട്ട ഹെഡ്ഹണ്ടര്‍മാരുടെ വില്ലേജുകളിലും പല ദിവസങ്ങളിലായി എത്തി. ലോംഗ്വ ലോകത്തെ അവസാനത്തെ തലവെട്ടുകാരുടെ വില്ലേജ് ആയിട്ടാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ആംഗി (ഗോത്രത്തലവന്‍, രാജാവ് എന്ന് കൊണ്യാക് ഭാഷയില്‍)ന്റെ വീടിനെ രണ്ടായി പിളര്‍ത്തിക്കൊണ്ടാണ് ഇന്ത്യാ-മ്യാന്‍മാര്‍ അതിര്‍ത്തി കടന്നുപോകുന്നത്. ആംഗിന്റെ അടുക്കള മ്യന്‍മാറിലും ബെഡ്‌റൂം ഇന്ത്യയിലുമാണ്. ആംഗിന്റെ കീഴില്‍ ഇന്ത്യയിലെ 32 കൊണ്യാക് വില്ലേജുകളും, മ്യാന്‍മാറിലെ 30 വില്ലേജുകളുമുണ്ട്. ഈ വില്ലേജുകളുടെ എല്ലാ അധികാരവും ആംഗിനാണ്. തലവെട്ടുകാരിലെ പ്രശസ്തരായിരുന്നു ഇപ്പോഴുള്ള ആംഗിന്റെ മുന്‍ഗാമികള്‍. ഇവിടെയും ധാരാളം പച്ചകുത്തിയ കൊണ്യാക്കുകളെ കണ്ടു. അര നൂറ്റാണ്ടുമുമ്പുള്ള ഓര്‍മകളെക്കുറിച്ച് പറയാന്‍ കൊണ്യാക്കുകള്‍ക്ക് ഇപ്പോഴും മടിയില്ല. ഫോട്ടോയെടുക്കാനും, ഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കാനുമൊക്കെ ഇവര്‍ സ്‌നേഹത്തോടെ ക്ഷണിക്കും. വീണ്ടും വരണമെന്ന ഓര്‍മപ്പെടുത്തലുകള്‍ ഇവരില്‍ നിന്നുണ്ടാവുന്നതിന്റെ കാരണം, കൊണ്യാക്കുകള്‍ക്ക് അക്കാലത്തെക്കുറിച്ച് പറയാനുള്ള അഭിവാഞ്ഛ കൊണ്ടാണെന്ന് അധ്യാപകനായ ന്യാംതൊവാംഗ്‌ഷെ പറഞ്ഞു.

ഷാംഗാചെന്യൂ വില്ലേജിലെ ആംഗ് ആയിരുന്ന ഖവോപ്പയാണ് ഏറ്റവും കൂടുതല്‍ തലകള്‍ വെട്ടിയെടുത്ത കൊണ്യാക്ക്. ഇദ്ദേഹം ഒറ്റക്ക് 36 തലകള്‍ വെട്ടിയെടുത്തിട്ടുണ്ടെന്ന് മകന്‍ പറയുന്നു. ഇദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ പിന്നീട് 130 പേരുടെ തലകളും വെട്ടിയെടുത്തു. 2001ല്‍ മരിച്ച ഇദ്ദേഹം 1992ലാണ് ക്രിസ്ത്യന്‍ മതവിശ്വാസിയായി മാറിയത്. നാഗാലാന്റിന്റെ ഭൂരിപക്ഷ പ്രദേശങ്ങളും, പ്രത്യേകിച്ച് മോണ്‍ ജില്ലയിലെ 98 ശതമാനം പേരും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയപ്പോഴും ഷാംഗാചെന്യൂവിലെ ഗോത്രത്തലവനായ ഖവോപ്പ് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറാന്‍ വൈകിയതിന്റെ കാരണം ഭരണകൂടം തലയോടുകള്‍ നശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു. ഒടുവില്‍ 1992ല്‍ തലയോടുകള്‍ ഇനി ആരും നശിപ്പിക്കില്ല എന്ന ഉറപ്പ് കിട്ടിയതിനു ശേഷമാണ് ഇദ്ദേഹം ക്രിസ്തുമതത്തിലേക്ക് മാറിയതെന്ന് ന്യാംതൊവാംഗ്‌ഷെ പറയുന്നു. ഏറ്റവും കൂടുതല്‍ തലയോടുകള്‍ സൂക്ഷിച്ചിരുന്ന കൊണ്യാക് വില്ലേജായിരുന്നു ഷാംഗാചെന്യൂ. അടുത്തകാലം വരെ ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് തലയോടുകള്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ചിലതൊക്കെ നശിപ്പിച്ചുകഴിഞ്ഞു. ഗോത്രത്തലവനുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് ഏതാനും തലയോടുകള്‍ കാണാനുള്ള സാഹചര്യവും ഈ വില്ലേജിലുണ്ട്. മറ്റ് കൊണ്യാക് വില്ലേജുകളിലൊന്നിലും ഇപ്പോള്‍ മനുഷ്യ തലയോടുകള്‍ പ്രദര്‍ശന വസ്തുവല്ല.


അധികാരം പിടിച്ചടക്കുന്നതിന് വേണ്ടിയായിരുന്നു കൊണ്യാക്കുകള്‍ തലവെട്ടലുകള്‍ തുടങ്ങിയത്. അനേകം വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ ഈ സമ്പ്രദായം ആദ്യം ഗോത്രങ്ങള്‍ തമ്മിലും, പിന്നീട് വില്ലേജുകള്‍ കേന്ദ്രീകരിച്ചുമായി. ഇതിനുപുറമെ ഭൂമിക്കുവേണ്ടിയും, ഇഷ്ടപ്പെട്ട സ്ത്രീയെ സ്വന്തമാക്കാനും, കരുത്തും ശക്തിയും തെളിയിക്കുന്നതിനുള്ള മാര്‍ഗ്ഗമായും കൊണ്യാക്കുകള്‍ തലവെട്ടിനെ ഒരു രീതിയാക്കുകയായിരുന്നു. നരവംശ ശാസ്ത്രജ്ഞര്‍ പറയുന്നതനുസരിച്ച് ഈ വിഭാഗക്കാര്‍ ഉത്തരചൈനയില്‍ നിന്നോ മംഗോളിയയില്‍ നിന്നോ വന്നവരാകാമെന്നാണ്. 1800 കളില്‍ അമേരിക്കന്‍ ബാപ്റ്റിസ്റ്റുകള്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ പ്രദേശത്ത് എത്തിയതോടെയാണ് ഇക്കൂട്ടരെക്കുറിച്ച് ലോകം അറിയുന്നത്. മിഷനറി പ്രവര്‍ത്തനത്തിന് എത്തിയ ചിലരുടെ തലകള്‍ വെട്ടിയെടുത്ത് മൊറോങ്ങിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച ചരിത്രവും കൊണ്യാക്കുകള്‍ക്ക് പറയാനുണ്ട്. 1800കള്‍ക്ക് ശേഷം എത്തിയ അമേരിക്കന്‍ മിഷനറിമാരുടെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ 1935ല്‍ തലവെട്ടലുകള്‍ നിരോധിച്ച് ഉത്തരവിറക്കി. ബ്രിട്ടീഷ് ഇന്ത്യയുടെ അധീനതയിലായിരുന്ന നാഗാലാന്റ് പ്രദേശത്ത് ഈ നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. നിരന്തരമായ സര്‍ക്കാര്‍ ഇടപെടലുകളിലൂടെ തലവെട്ടിന്റെ എണ്ണം കുറച്ചുകൊണ്ടുവന്നു.


1963ല്‍ നാഗാലാന്റിന് സംസ്ഥാന പദവി നല്‍കി ഇന്ത്യയോടൊപ്പം ചേര്‍ത്തതിനുശേഷം കേന്ദ്രസര്‍ക്കാര്‍ ഈ കിരാത നടപടിക്കെതിരെ ശക്തമായി രംഗത്തെത്തി. 1935ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിരോധിച്ച തലവെട്ട് രീതി തുടരുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദ്ദം കൂടിയതോടെ കൊണ്യാക് ഗോത്രത്തലവന്മാരും സര്‍ക്കാറും ഉണ്ടാക്കിയ കരാര്‍ 1969ല്‍ യാഥാര്‍ത്ഥ്യമായി. ഏറ്റവും ഒടുവിലെ ഹെഡ് ഹണ്ടിംഗ് നടന്നത് 1969ലാണ്. അതിനുശേഷം ഇന്നേവരെ കൊണ്യാക്കുകള്‍ ജീവനെടുക്കുന്ന ഈ മത്സരത്തിന് മുതിര്‍ന്നിട്ടില്ല. ഏറ്റവും ഒടുവില്‍ തലവെട്ടിയ കൊണ്യാക്ക് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. സ്വന്തം ഗോത്രക്കാരെ മാത്രം ശത്രുക്കളാക്കി തലവെട്ടിയെടുത്തിരുന്ന കൊണ്യാക്കുകളുടെ രീതിയില്‍ പുതിയ തലമുറയില്‍പ്പെട്ട കൊണ്യാക്കുകള്‍ ഇപ്പോഴും അത്ഭുതം കൂറുകയാണ്. സമാധാനമില്ലാത്ത അക്കാലത്തെക്കുറിച്ച് കേട്ടറിവുകള്‍ മാത്രമുള്ള പുതിയ തലമുറ ഒരു തരത്തിലും ഈ കിരാത കൃത്യത്തെ അനുകൂലിക്കുന്നവരല്ല. അക്കാലത്ത് നാഗാ കുന്നുകളിലെ വില്ലേജുകളില്‍ സമാധാനമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. രാത്രികള്‍ ഉറക്കമില്ലാത്തതായിരുന്നു. ശത്രുവിന്റെ വരവും കാത്തിരിക്കുന്ന ആളുകളുടെ മനോനില എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ എന്നും പുതിയ തലമുറ ചോദിക്കുന്നു. ഇന്ന് കലാപവും, അക്രമവും ഒഴിഞ്ഞ നാഗാകുന്നുകളില്‍ ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അരനൂറ്റാണ്ടിന് മുമ്പുണ്ടായിരുന്ന തലകൊയ്യലുകള്‍ ഇടക്കിടെ ഓര്‍മപ്പെടുത്തുന്നത് പച്ചകുത്തിയ (tatoo) മുഖങ്ങള്‍ കാണുമ്പോള്‍ മാത്രമാണെന്നും യുവാക്കള്‍ പറയുന്നു. നൂറ് ശതമാനവും ക്രിസ്ത്യാനികളായി മാറിയ ഈ ഗോത്രസമൂഹവും അവരിലെ തലവെട്ടുകാരും ഉയരം കൂടിയ നാഗാകുന്നുകളിലെ ചര്‍ച്ചുകളില്‍ നിന്നുയരുന്ന പ്രാര്‍ഥനാ ഗാനങ്ങള്‍ക്ക് താളവും പിടിച്ച് കാലം നീക്കുകയാണ്.

Related Tags :
Similar Posts