കെ.പി ശശി: മനുഷ്യസ്‌നേഹം തുടിക്കുന്ന സമരഹൃദയം
|ജനകീയസമരങ്ങള്‍ കൂടുതല്‍ ശക്തമാകേണ്ട ഈ കാലഘട്ടത്തില്‍ കെ.പി ശശിയെപ്പോലുള്ള ഒരു സമരശരീരത്തിന്റെ അഭാവം വലിയ തിരിച്ചടി തന്നെയാണ്. 2022 ഡിസംബര്‍ 25ന് വിടപറഞ്ഞ ആക്ടിവിസ്റ്റും മനുഷ്യാവകാശ പോരാളിയും ഡോകുമെന്ററി-സിനിമ സംവിധായകനുമായിരുന്ന കെ.പി ശശി(1958-2022)യുടെ പോരാട്ടങ്ങളെ, കലാ ജീവിതത്തെ അനുസ്മരിക്കുന്നു.
വിഡ്ഢികളും മതഭ്രാന്തന്മാരും എപ്പോഴും തങ്ങളെ കുറിച്ച് വളരെ ഉറപ്പുള്ളവരും ജ്ഞാനികള്‍ സംശയാലുക്കള്‍ ആവുന്നതുമാണ് ലോകത്തിന്റെ പ്രശ്‌നമെന്ന് ബെര്‍ട്രാന്‍ഡ് റസ്സല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, തന്റെ നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും നല്ല വ്യക്തതയുള്ള ജ്ഞാനിയായിരുന്നു കെ.പി ശശി. ചലച്ചിത്രകാരനും കാര്‍ട്ടൂണിസ്റ്റിനുമുപരി ജനകീയ പ്രക്ഷോഭങ്ങളില്‍നിന്ന് നിതാന്തം ശ്വാസമെടുത്ത് സ്പന്ദിക്കുന്ന സമരഹൃദയമുള്ള ആക്ടിവിസ്റ്റായിരുന്നു അദേഹം. ജനകീയ സമരങ്ങളില്‍ നിരന്തരം ഭാഗഭാക്കാകാന്‍ നൈസര്‍ഗിക വാസനയുള്ള അപൂര്‍വം മനുഷ്യസ്‌നേഹികളില്‍ ഒരാള്‍. വരയും, കലയുമെല്ലാം ആ സമരങ്ങളിലേക്ക് ഇഴുകി ചേരാന്‍ അതിനെ കൂടുതല്‍ ഉജ്ജ്വലമാക്കാന്‍ കെ.പി ശശി പ്രയോഗിക്കുന്ന ചില പൊടിക്കൈകള്‍ മാത്രം.
കെ.പി ശശിയുടെ കലാപ്രവര്‍ത്തനങ്ങളെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് പിരിച്ചഴിച്ച് വിശകലനം ചെയ്യുക അസാധ്യമാണ്. രാജ്യത്തെ ആദ്യ ആണവവിരുദ്ധ സിനിമയായ 'ലിവിംഗ് ഇന്‍ ഫിയര്‍ (1986)' ആയാലും കണ്ഡമാലില്‍ സംഘ്പരിവാര്‍ നടത്തിയ ക്രിസ്ത്യന്‍ വേട്ട പ്രമേയമാക്കി ചെയ്ത 'വോയ്‌സസ് ഫ്രം ദ റൂയിന്‍സ് (2016)' ആയാലും ജനകീയ സമരങ്ങളുടെ മൂശയിലേക്ക് കലയെ ഉരുക്കിയൊഴിക്കുന്ന ജൈവ പ്രക്രിയയാണ് ശശി ചെയ്യുന്നത്. നിലനില്‍ക്കുന്ന വ്യവസ്ഥയുടെ വിട്ടുവീഴ്ചകളില്ലാത്ത നടപ്പാക്കലുകളെ മറയേതുമില്ലാതെ ചോദ്യംചെയ്യുന്ന പ്രകൃതമാണ് അദേഹത്തിന്റെ ഓരോ കലാസൃഷ്ടിയിലും കാണുക. ആ ചോദ്യങ്ങള്‍ പക്ഷേ സാധാരണക്കാരന് ബോധ്യപ്പെടുംവിധം ലളിതവും ബുദ്ധിജീവികള്‍ക്ക് അപഗ്രഥിക്കാന്‍ മാത്രം ഗഹനവുമായിരുന്നു. ചോദ്യങ്ങള്‍ ഉയര്‍ത്തുക മാത്രമല്ല, കൃത്യമായ ഉത്തരങ്ങളെ ഉത്ഖനനം ചെയ്യുന്നതുമായിരുന്നു കെ.പി ശശി ചെയ്ത സിനിമകളും ഡോക്യുമെന്ററികളും.
ഡോക്യുമെന്ററികളില്‍ ശശി പുലര്‍ത്തിയിരുന്ന വ്യക്തയ്ക്ക് ഉദാഹരണമായി പറഞ്ഞ് കേട്ട ഒരു രസകരമായ സംഭവം പറയാം. കൂടംകുളം സമരം നടക്കുന്ന സമയത്ത് അത് ചിത്രീകരിക്കാന്‍ കെ.പി ശശി എത്തുന്നു. സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ ആണവവികിരണം ഉണ്ടാക്കുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് വളരെ ഭംഗിയായി സംസാരിക്കുന്നു. ഇത്രയും വ്യക്തമായി ഇക്കാര്യങ്ങള്‍ നിങ്ങളെങ്ങനെ മനസിലാക്കിയെന്ന് ശശി ചോദിച്ചപ്പോള്‍ ഒരു ഡോക്യുമെന്ററി കണ്ടിരുന്നു അതില്‍ ഇതെല്ലാം വ്യക്തമായി പറയുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ആ ഡോക്യുമെന്ററി മുന്‍പ് കെ.പി ശശി തന്നെ ചെയ്ത 'ലിവിംഗ് ഇന്‍ ഫിയര്‍' ആയിരുന്നു. ഏതൊരു കാര്യത്തെക്കുറിച്ചും ഒരേസമയം ലളിതവും ഗഹനവുമായി പറയാനുള്ള കഴിവാണ് കെ.പി ശശിയെ ഇന്ത്യയിലെ ഡോക്യുമെന്ററി സംവിധായകരുടെ ഇടയില്‍ വേറിട്ട് നിര്‍ത്തുന്നത്. ഒരു വിഷയത്തില്‍ താന്‍ ഒരു ഡോക്യുമെന്ററി എടുത്താല്‍ അത് ബാധിക്കപ്പെട്ടവര്‍ക്കും അതിന് കാരണക്കാരായവര്‍ക്കും മനസിലാകണം എന്ന് മാത്രമല്ല ആ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ പോരാടണം എന്ന ആഹ്വാനവും കെ.പി ശശി അദൃശ്യമായി നല്‍കുന്നത് കാണാം. ഡോക്യുമെന്ററി ചെയ്ത് കഴിയുന്നതോടെ തീരുന്നതല്ല അദേഹത്തിന് താന്‍ തിരഞ്ഞെടുത്ത വിഷയങ്ങളോടുള്ള പ്രതിബദ്ധത. നേരെമറിച്ച്, ഡോക്യുമെന്ററിക്ക് എത്രയോ മുന്നേ തുടങ്ങുകയും അതിന്റെ നിര്‍മ്മാണത്തിന് ശേഷം എത്രയോ കാലം തുടരുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണത്. പലപ്പോഴും ഡോക്യുമെന്ററികളും മ്യൂസിക് വീഡിയോകളും വരുന്നത് തന്നെ അദേഹത്തിന്റെ ആക്ടിവിസത്തിന്റെ ഉപോത്പന്നം പോലെയാണെന്ന് കെ.പി ശശിയുടെ സഹചാരിയും സുഹൃത്തുമായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സി.എം ഷെരീഫ് പറയാറുണ്ട്.
സമകാലിക ഇന്ത്യയില്‍ ഭരണകൂടം ചരിത്രത്തെ, അത് നല്ലതോ ചീത്തതോ ആയിക്കോട്ടെ, എങ്ങനെ മറവിയിലേക്ക് തള്ളിയിടാം എന്ന ഗൂഢമായ ആലോചനയിലാണ്. കെ.പി ശശിയുടെ 'വോയ്‌സസ് ഫ്രം ദ റൂയിന്‍സ്' എന്ന ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്, സമാധാനത്തിലേക്കുള്ള ഏക വഴി കണ്ഡമാലിലേതുപോലുള്ള (ഗുജറാത്തിലേയും) അക്രമസംഭവങ്ങളെ നിരന്തരം ഓര്‍ക്കുകയും ന്യായത്തിന് വേണ്ടി പൊരുതുകയും ചെയ്യുക എന്നതാണ് എന്ന്. 'വോയ്‌സസ് ഫ്രം ദ റൂയിന്‍സ്' ഒറീസയിലെ കണ്ഡമാലില്‍ 2008 ല്‍ ക്രിസ്തുമത വിശ്വാസികള്‍ക്ക് നേരെ നടന്ന അതിക്രൂരമായ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ വ്യക്തവും ശക്തവുമായ ഡോക്യുമെന്റേഷനാണ്. ഭീതി വിളയാടിയ കലാപങ്ങള്‍ക്കൊടുവില്‍ ശബ്ദം നഷ്ടപ്പെട്ട, രാജ്യത്തെ പൊലീസ്-നീതിന്യായ വ്യവസ്ഥകളില്‍ വിശ്വാസം ഇല്ലാതായവരുടെ ചിലമ്പിച്ചതും താണതുമായ ഒച്ചകളെ മുഖ്യധാരാ സമൂഹത്തിന്റെ കാഴ്ചവട്ടത്തേക്ക് എത്തിക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു അത്. അതിഭീകരമായി ആള്‍ക്കൂട്ടത്തിന്റെ അക്രമത്തിന് ഇരയായവര്‍, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍, ചുട്ടുചാമ്പലാക്കിയ ആരാധനാലയങ്ങള്‍, ഇനിയൊരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്തവിധം തകര്‍ക്കപ്പെട്ട വീടുകള്‍, ആ വിശാലമായ ചുടുകാട്ടില്‍ നിന്ന് വീണ്ടും തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുന്നവര്‍ ഇതെല്ലാം എത്ര കൃത്യതയോടെയാണ് 'വോയ്‌സസ് ഫ്രം ദ റൂയിന്‍സില്‍ 'അടുക്കിയിരിക്കുന്നത്. 2008 ലെ കലാപത്തില്‍ വസ്തുതാന്വേഷണം നടത്തിയാല്‍ ഇതില്‍ കൂടുതലൊന്നും വ്യക്തമാകാനില്ല. കണ്ഡമാലിലേക്ക് കേരളത്തില്‍ നിന്നും പ്രതിനിധികളെ കൊണ്ടുപോകുകയും ദുരിതമനുഭവിച്ച ജനങ്ങളെ തങ്ങള്‍ ഒപ്പമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു കെ.പി ശശി.
'ഗാവോം ചോഡാബ് നഹീന്‍' എന്ന മ്യൂസിക് വീഡിയോ ഗോത്ര സംഗീതത്തിന്റെ എല്ലാ ഭംഗിയും നിലനിര്‍ത്തിക്കൊണ്ടുതന്നെ ചിത്രീകരിച്ചിരിക്കുന്നതും കാണാം. അതിലെ ലളിതവും എന്നാല്‍, ശക്തവുമായ വരികള്‍ കാശിപ്പൂരിലെ ബോക്‌സൈറ്റ് ഖനനത്തിനെതിരെ പോരാടിയ ഗോത്രവിഭാഗങ്ങളുടെ ആകുലതകള്‍ എല്ലാം ഉള്‍ക്കൊള്ളുന്നവയായിരുന്നു. ഒരു സമരഗാനം പോലെ ഉപയോഗിക്കപ്പെട്ട ഒന്നായി ഇത് പിന്നീട് മാറി.
ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ പ്രശ്‌നങ്ങള്‍, അത് സുനാമിയില്‍ തകര്‍ന്ന പ്രദേശത്തേതായാലും, തോട്ടം തൊഴിലാളികളുടേതായാലും, ബോക്‌സൈറ്റ് ഖനനത്തില്‍ ആവാസം നഷ്ടപ്പെട്ടവരുടേതായാലും, കണ്ഡമാലിലേത് പോലുള്ള വര്‍ഗീയ ലഹളയില്‍പ്പെട്ടവരുടേതായാലും, അമേരിക്കന്‍ അധിനിവേശത്തില്‍ ജീവിതം നശിച്ചവരുടേതായാലും അത് കെ.പി ശശിയുടെ പ്രശ്‌നങ്ങള്‍ കൂടിയാണ്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശം പ്രമേയമാക്കി ചെയ്ത 'അമേരിക്ക അമേരിക്ക' എന്ന ഗാനം നോക്കാം. 'അവര്‍ എനക്കേ സ്വന്തം' എന്ന തമിഴ് സിനിമയില്‍ ഇളയരാജ സംഗീത സംവിധാനം ചെയ്ത 'സുരാംഗനി സുരാംഗനി' എന്ന് തുടങ്ങുന്ന ഗാനത്തിന് ഒരു പാരഡി ഉണ്ടാക്കിയാണ് അമേരിക്ക അമേരിക്ക എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. കല കലയ്ക്ക് വേണ്ടിയെന്ന വാദത്തെ ഒട്ടും കൂസാതെ പാരഡി ഗാനം പോലും പ്രതിരോധത്തിനുള്ള ടൂളാക്കി മാറ്റുകയാണ് ഇതിലൂടെ കെ.പി ശശി ചെയ്യുന്നത്. കലയുടെ കളത്തില്‍ മാത്രം നിര്‍ത്തി തന്റെ ആശയത്തിന്റെ മൂര്‍ച്ച കുറയ്ക്കാന്‍ അദേഹം തയ്യാറല്ല. ചിലപ്പോഴൊക്കെ ബാലിശമെന്ന് തോന്നിയേക്കാവുന്ന ഗ്രാഫിക്‌സും, ആനിമേഷനും, ചില യഥാര്‍ത്ഥ ദൃശ്യങ്ങളുമെല്ലാം ആ മ്യൂസിക് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതെല്ലാം വിഷയത്തിന്റെ തീവ്രത കൂട്ടുന്നു എന്നുമാത്രമല്ല എല്ലാ വിഭാഗം ആളുകളിലേക്കും ഇറങ്ങിച്ചെല്ലാവുന്ന സുതാര്യത അതിനുണ്ടാവുകയും ചെയ്യുന്നു. 'ഡോക്യുമെന്ററി എടുക്കുന്നവര്‍ ധാരാളം വേദനയും ദേഷ്യവും അതില്‍ കൊണ്ടുവരുന്നു. എന്തുകൊണ്ട് ആക്ഷേപഹാസ്യം കൊണ്ടുവരുന്നില്ല? ആക്ഷേപഹാസ്യം കൂടുതല്‍ ശക്തമാണ്, എളുപ്പത്തില്‍ അതിനെ നേരിടാന്‍ കഴിയില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഒരു മാധ്യമമായി അത് ഇതുവരെ ശരിയായി പഠിച്ച് ഉപയോഗിച്ചിട്ടില്ല' എന്ന് കെ.പി ശശി 2012 ല്‍ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. അതേസമയം 'ഗാവോം ചോഡാബ് നഹീന്‍' എന്ന മ്യൂസിക് വീഡിയോ ഗോത്ര സംഗീതത്തിന്റെ എല്ലാ ഭംഗിയും നിലനിര്‍ത്തിക്കൊണ്ടുതന്നെ ചിത്രീകരിച്ചിരിക്കുന്നതും കാണാം. അതിലെ ലളിതവും എന്നാല്‍, ശക്തവുമായ വരികള്‍ കാശിപ്പൂരിലെ ബോക്‌സൈറ്റ് ഖനനത്തിനെതിരെ പോരാടിയ ഗോത്രവിഭാഗങ്ങളുടെ ആകുലതകള്‍ എല്ലാം ഉള്‍ക്കൊള്ളുന്നവയായിരുന്നു. ഒരു സമരഗാനം പോലെ ഉപയോഗിക്കപ്പെട്ട ഒന്നായി ഇത് പിന്നീട് മാറി. മാത്രമല്ല 'വികസന ദൈവങ്ങള്‍ ആരുടെ പക്ഷത്താണ്, ആരെയാണ് അവര്‍ ശപിക്കുക' എന്ന ചോദ്യം പ്രകൃതിയെ ചൂഷണം ചെയ്തും ആദിവാസികളടക്കമുള്ളവരെ ഒഴിപ്പിച്ചും നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെയെല്ലാം നേര്‍ക്ക് തൊടുത്ത് വിടുകയും ചെയ്യുന്നു.
കാലാവസ്ഥാവ്യതിയാനം കെ.പി ശശിയുടെ പ്രമേയങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്നാണ്. കാലാവസ്ഥാവ്യതിയാനവും പ്രകൃതി ചൂഷണവും പ്രമേയമാക്കി 'എ ക്ലൈമറ്റ് കാള്‍ ഫ്രം ദ കോസ്റ്റ്', 'ദ സോഴ്‌സ് ഓഫ് ലൈഫ് ഫോര്‍ സെയ്ല്‍','ഡെവലപ്‌മെന്റ് അറ്റ് ഗണ്‍പോയ്ന്റ്','ദ വിംഗ്‌സ് ഓഫ് കൊക്രബെല്ലൂര്‍','റെസിസ്റ്റിംഗ് കോസ്റ്റല്‍ ഇന്‍വേഷന്‍' തുടങ്ങിയ ഡോക്യുമെന്ററികള്‍ കെ.പി ശശി എടുത്തിട്ടുണ്ട്. സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ദുരിതങ്ങളുടെ സുനാമി അടിക്കുന്ന തീരദേശ മേഖലയിലുള്ളവരെക്കുറിച്ചുള്ള 'ഇഫ് ഇറ്റ് റെയ്ന്‍ എഗെന്‍', 'ദ ടൈം ആഫ്റ്റര്‍ സുനാമിയും' മനുഷ്യ ജീവിതത്തിന്റെ നിസ്സഹായതകള്‍ വരച്ചിടുന്നതാണ്. പ്രകൃതി ദുരന്തത്തിന് മുന്നോടിയായി അതിലേക്ക് നയിക്കുന്ന സംഭവങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക, എന്നിട്ടത് പ്രചരിപ്പിക്കുക എന്ന സുപ്രധാന ദൗത്യം നിരന്തരം ചെയ്യുന്ന ഡോക്യുമെന്ററി സംവിധായകനാണ് കെ.പി ശശി. സമൂഹത്തിലായിക്കോട്ടെ, പ്രകൃതിയിലായിക്കോട്ടെ ഏത് മാറ്റവും ഏറ്റവും മോശമായി ബാധിക്കുക സാധാരണക്കാരെയാകും എന്ന ധാരണയും ജാഗ്രതയുമാണ് കെ.പി ശശിയെ നിരന്തരം ഇത്തരം വിഷയങ്ങളിലേക്ക് അടുപ്പിക്കുന്നത്. നേരത്തെ സൂചിപ്പിച്ചപോലെ ഇതില്‍ നിന്നും ഡിറ്റാച്ച്ഡ് ആയി നിന്ന് തൊലിപ്പുറത്തെ ആക്ടിവിസം കാണിക്കാന്‍ കെ.പി ശശിയ്ക്കാവില്ല. അതുകൊണ്ട് തന്നെ പലപ്പോഴും പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ള പൊലീസ് കേസുകളില്‍ ശശിയുടെ പേരും ഉണ്ടാകുന്നത് സ്വാഭാവികമാണ്.
അബ്ദുന്നാസര്‍ മഅ്ദനി ഒമ്പത് വര്‍ഷം ജയിലില്‍ കിടന്നത് ഒരു മനുഷ്യാവകാശ ലംഘനമാണെന്ന് ഉറപ്പിച്ച് പറഞ്ഞവരില്‍ ആദ്യ പേര് കെ.പി ശശിയുടേതാകും. ഭൂരിപക്ഷത്തിന്റെ മൗനത്തിനും ഭിന്നമായ അഭിപ്രായങ്ങള്‍ക്കും ഒട്ടും വില നല്‍കാതെ മഅ്ദനി കടന്നുപോയ അതികഠിനമായ അവസ്ഥകളുടെ നേര്‍ ചിത്രീകരണമായിരുന്നു 'ഫാബ്രിക്കേറ്റഡ്' എന്ന ഡോക്യുമെന്ററി. ഒരു ഫീച്ചര്‍ ഫിലിം കാണുന്നത് പോലെ ഉദ്വേഗം നിറഞ്ഞ ഒന്ന്. ഇത്രയും വലിയ മനുഷ്യാവകാശ ലംഘനം നടന്നിട്ടും രാജ്യത്ത് എത്ര കുറച്ച് ശബ്ദങ്ങളേ അതിനെതിരെ ഉയര്‍ന്നുള്ളൂ എന്ന ആശ്ചര്യമാകും ഇത് കണ്ട് കഴിയുന്ന ശരാശരി കാഴ്ചക്കാരന് തോന്നുക. മഅ്ദനിക്കെതിരെയുള്ളത് ഫാബ്രിക്കേറ്റഡ് കേസാണെന്ന് ഡോക്യുമെന്ററിയുടെ പേരിലൂടെ തന്നെ സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍ തുടര്‍ന്ന് ഡോക്യുമെന്ററി കണ്ടാല്‍ മതിയെന്ന മുന്നറിയിപ്പാണ് ഈ പേര്. നേരത്തെ സൂചിപ്പിച്ചപോലെ ഇത്തരം വിഷങ്ങളില്‍ പൊതുവെ ജ്ഞാനികള്‍ക്കുണ്ടാവുന്ന ആശയക്കുഴപ്പം കെ.പി ശശിയ്ക്ക് ഉണ്ടാവാറില്ല. ഈ ഡോക്യുമെന്ററി എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി അഗ്രഹാര ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടിയിലെ സക്കരിയയെ കുറിച്ച് മഅ്ദനി സൂചിപ്പിക്കുന്നത്. ഉടന്‍ തന്നെ കെ.പി ശശി ആ വിഷയത്തില്‍ ഇടപെടുകയും സക്കരിയയുടെ കാര്യം ലോകം അറിയിക്കുകയും ചെയ്തു. കുറ്റം തെളിയിക്കപ്പെടാതെ വെറും ആരോപണത്തിന്റെ പേരില്‍ ജയിലില്‍ കിടക്കുന്ന മനുഷ്യരെക്കുറിച്ച് ആലോചിച്ച് നോക്കൂ. എത്ര വേദനാജനകമാണത്. 'നിശബ്ദ അട്ടിമറി' എന്ന പുസ്തകത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫ് കൃത്യമായി പറയുന്നുണ്ട് എങ്ങനെയാണ് സുരക്ഷാ ഏജന്‍സികള്‍ കേസുകള്‍ കെട്ടിച്ചമയ്ക്കുന്നതും അതിലേക്ക് വേണ്ട പ്രതികളെ കണ്ടെത്തുന്നതുമെന്ന്. ഫാബ്രിക്കേറ്റഡ് പോലെയുള്ള ഡോക്യുമെന്ററികളും കെ.പി ശശിയെപ്പോലുള്ള ഉണര്‍ന്ന ബുദ്ധിജീവികളുമാണ് ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാവാന്‍ കാരണമാകുന്നത്.
കെ.പി ശശിയുടെ കാര്‍ട്ടൂണ്‍
'ഏക് അലഗ് മോസം', 'ഇലയും മുള്ളും' എന്നീ രണ്ട് ഫീച്ചര്‍ ഫിലിമുകളാണ് കെ.പി ശശി ചെയ്തിട്ടുള്ളത്. തന്റെ നിലപാടുകളെ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തില്‍ ചെയ്ത രണ്ട് സിനിമകളും പൂര്‍ണമായും അതില്‍ വിജയിച്ചു. എയ്ഡ്‌സ് രോഗികള്‍ നേരിടുന്ന അവഗണനയും പ്രയാസങ്ങളുമാണ് ആദ്യ സിനിമയിലെ പ്രമേയമെങ്കില്‍ കേരളീയ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളും അവഗണനകളുമാണ് 'ഇലയും മുള്ളും' പ്രശ്‌നവത്കരിക്കുന്നത്. കൃത്യമായ സ്ത്രീപക്ഷ നിലപാട് പറയുന്ന സിനിമയാണിത്. തൊണ്ട് തല്ലിയും, കയര്‍ പിരിച്ചും, തുണി നെയ്തും, നെല്ല് കൊയ്തും, പാറപൊട്ടിച്ചും അധ്വാനത്തില്‍ പങ്കാളിയാകുന്ന സ്ത്രീകള്‍ പോലും പുരുഷാധിപത്യ സമൂഹത്തില്‍ ചവുട്ടിയരക്കപ്പെടുന്നു എന്ന വസ്തുത മറയേതുമില്ലാതെ ഒട്ടും ബുദ്ധിജീവിനാട്യങ്ങളില്ലാതെ ഈ സിനിമയില്‍ പറഞ്ഞുവെയ്ക്കുന്നു. അച്ഛനായും, ആങ്ങളയായും, രക്ഷകനായും, വായ്‌നോക്കിയായും മറ്റും വരുന്ന പുരുഷന്മാരെല്ലാം ഒരു മേല്‍കോയ്മ അവകാശപ്പെടുന്നുണ്ട്. നിലത്തുനോക്കി നടക്കണം, പൊട്ടിച്ചിരിക്കരുത്, അടക്കം വേണം, തിരിച്ചുള്ള ചോദ്യങ്ങള്‍ പാടില്ല എന്നിങ്ങനെ നിരവധിയായ തിട്ടൂരങ്ങള്‍ക്ക് നടുവില്‍ ശ്വാസംമുട്ടുന്ന സ്ത്രീകളാണ് ചിത്രത്തില്‍ ഉടനീളം. ഇതിനെതിരെ പ്രതികരിക്കാന്‍ തുടങ്ങുമ്പോള്‍ ആണ്‍ പരദൂഷണത്തിന്റെ ഇരയാവുകയാണ് അവരെല്ലാം. പ്രതികരിക്കുമ്പോള്‍ അവളെ സ്ലട്ട് ഷെയിം ചെയ്യുന്ന പ്രവണത ഇന്നത്തെ കാലത്തും വ്യാപകമാണെന്നത് സൂചിപ്പിക്കുന്നത് പുരുഷാധിപത്യ മനോഭാവത്തിന് ഒരു കോട്ടവും ഇത്രയും കാലമായി സംഭവിച്ചിട്ടില്ല എന്നതാണ്. കെ.പി ശശി അന്ന് മുന്നോട്ടുവച്ച പ്രശ്‌നങ്ങളെല്ലാം ഏറിയും കുറഞ്ഞും ഇന്നും സ്ത്രീകളുടെ പ്രശ്‌നമായി തന്നെ അവശേഷിക്കുന്നു. അതുകൊണ്ടാണ് വീണ്ടും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും, ജയ ജയ ജയഹേ പോലുള്ള സിനിമകള്‍ സമൂഹത്തില്‍ ചര്‍ച്ചയാകുന്നത്. ഹെന്റിക് ഇബ്‌സന്റെ 'ഡോള്‍സ് ഹൗസില്‍' കഥാനായിക 'നോറ' പാട്രിയാര്‍ക്കിയുടെ മുഖത്തേക്ക് വീടിന്റെ വാതില്‍ വലിച്ചടച്ച് സ്വതന്ത്രയായി സമൂഹത്തിലേക്ക് ഇറങ്ങുന്നതാണ് ക്ലൈമാക്‌സ്. അതുപോലെ ഇലയും മുള്ളും എന്ന സിനിമയില്‍ വില്ലനായ കഥാപാത്രത്തിന് നേരെ വീടിന്റെ വാതില്‍ കൊട്ടിയടച്ചാണ് ഭാര്യ പുരുഷാധിപത്യത്തിനെ വീടിന് വെളിയില്‍ കളയുന്നത്.
തനിക്ക് താദാത്മ്യം പ്രാപിക്കാന്‍ സാധിക്കുന്ന വിഷയങ്ങള്‍ തിരഞ്ഞെടുത്ത് അതിനോട് പരമാവധി ആത്മാര്‍ത്ഥത പുലര്‍ത്തുക എന്ന ലളിതമായ രീതിയായിരുന്നു കെ.പി ശശിയുടേത്. കലയുടെ സൗന്ദര്യാനുഭൂതിയില്‍ മാത്രം അഭിരമിക്കുക എന്നത് ഏറെക്കുറേ അസാധ്യമായ കാര്യമായിരുന്നു അദേഹത്തിന്. പോരാട്ടങ്ങളില്‍ നിന്ന് പോരാട്ടങ്ങളിലേക്ക് സ്വാഭാവികമായി നീങ്ങുന്ന പ്രകൃതത്തില്‍ പലയാളുകളുടെ മനസിലും സമരങ്ങളുടെ വിത്തുകള്‍ വിതയ്ക്കുന്നതില്‍ കെ.പി ശശി വഹിച്ച പങ്ക് നിസ്തുലമാണ്.
സിനിമയെന്ന നിലയില്‍ സമാന്തര സിനിമകള്‍ അക്കാലത്ത് പുലര്‍ത്തിയിരുന്ന വിരസമായ കഥപറച്ചിലിന് വിഭിന്നമായി പൊതുസ്വീകാര്യത കിട്ടിയ കഥപറച്ചില്‍ രീതിയാണ് കെ.പി ശശി അവംലംബിച്ചിട്ടുള്ളത്. സ്വാഭാവികമായ സംഭാഷണങ്ങളും യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട കഥാപാത്ര സൃഷ്ടിയുമാണ് രണ്ട് സിനിമകളിലും ഉള്ളത്. ഇലയും മുള്ളും എന്ന സിനിമയിലെ സര്‍റിയല്‍ രംഗങ്ങളെല്ലാം എത്ര ഭംഗിയായാണ് പകര്‍ത്തിയിരിക്കുന്നത്. സിനിമ എല്ലാവരിലേക്കും എത്തണമെന്ന നിര്‍ബന്ധം കെ.പി ശശിയ്ക്കുണ്ട്. സിനിമയോ ഡോക്യുമെന്ററിയോ എടുത്താല്‍ അത് വിവിധയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ജനങ്ങളിലേക്ക് അതിന്റെ സന്ദേശം എത്താന്‍ വേണ്ടത് ചെയ്യുകയും ചെയ്തിരുന്നു അദേഹം. പ്രൊജക്ടറിന് പിന്നിലിരുന്ന് തന്റെ സിനിമകള്‍ ജനങ്ങളിലേക്ക് എത്തിച്ചിരുന്ന ഒരു ജനകീയ ചലച്ചിത്രകാരനായിരുന്നു കെ.പി ശശി. തനിക്ക് താദാത്മ്യം പ്രാപിക്കാന്‍ സാധിക്കുന്ന വിഷയങ്ങള്‍ തിരഞ്ഞെടുത്ത് അതിനോട് പരമാവധി ആത്മാര്‍ത്ഥത പുലര്‍ത്തുക എന്ന ലളിതമായ രീതിയായിരുന്നു കെ.പി ശശിയുടേത്. കലയുടെ സൗന്ദര്യാനുഭൂതിയില്‍ മാത്രം അഭിരമിക്കുക എന്നത് ഏറെക്കുറേ അസാധ്യമായ കാര്യമായിരുന്നു അദേഹത്തിന്. പോരാട്ടങ്ങളില്‍ നിന്ന് പോരാട്ടങ്ങളിലേക്ക് സ്വാഭാവികമായി നീങ്ങുന്ന പ്രകൃതത്തില്‍ പലയാളുകളുടെ മനസിലും സമരങ്ങളുടെ വിത്തുകള്‍ വിതയ്ക്കുന്നതില്‍ കെ.പി ശശി വഹിച്ച പങ്ക് നിസ്തുലമാണ്. കെ.പി ശശിയുടെ ഡോക്യുമെന്ററികള്‍ പല സമരങ്ങളുടേയും പ്രചരണായുധമായതും മറ്റൊന്നുംകൊണ്ടല്ല. ജനകീയസമരങ്ങള്‍ കൂടുതല്‍ ശക്തമാകേണ്ട ഈ കാലഘട്ടത്തില്‍ കെ.പി ശശിയെപ്പോലുള്ള ഒരു സമരശരീരത്തിന്റെ അഭാവം വലിയ തിരിച്ചടി തന്നെയാണ്. എന്നാല്‍, കെ.പി ശശി സൃഷ്ടിച്ചുവെച്ച ആക്ടിവിസ്റ്റ് ഡോക്യുമെന്ററി ശൈലി തന്നെ ധാരാളമാണ് വരാനിരിക്കുന്ന സമരപോരാട്ടങ്ങള്‍ക്ക് ധൈഷണികമായ ഊര്‍ജം പകരാന്‍.