പീഡന വീരന്മാരെ സംരക്ഷിക്കുന്ന നാട്, പൊലീസ്, കോടതി!
|2012 ല്‍ ആണ് പോക്‌സോ ആക്റ്റ് നിലവില്‍ വരുന്നത് എന്നത് കൊണ്ട് അതിന് മുന്നേ കെ.വി ശശികുമാര്‍ ഉപദ്രവിച്ച കുട്ടികളുടെ പരാതികള്‍ പോക്‌സോ ആക്റ്റിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല. 2012 ന് ശേഷമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം 2022 ആയാല്‍ പോലും, പോക്‌സോ പോക്‌സോ തന്നെയാണ്. വെളിപ്പെടുത്തലിന് വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നത് കേസിലെ പ്രതിക്ക് ജാമ്യം നല്‍കാനുള്ള സാധ്യതയോ സാഹചര്യമോ നല്‍കുന്നില്ല. എന്നിട്ടും ഈ കേസില്‍ ശശികുമാറിന് ജാമ്യം ലഭിച്ചു.
രണ്ട് പോക്‌സോ കേസുകള്‍, ഒന്നിലധികം 354 വകുപ്പ് അനുസരിച്ചുള്ള കേസുകള്‍. അതായത്, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ശരീരത്തില്‍ കയറിപ്പിടിക്കല്‍, അശ്‌ളീല വാക്കുകള്‍ പറയല്‍, മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയവയാണ് 354 വകുപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകന്‍ കെ.വി ശശികുമാറിനെതിരെ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത കേസുകള്‍ ആണ് മുകളില്‍. എന്നിട്ടും അയാളെ സംരക്ഷിക്കാന്‍ ഇന്നാട്ടില്‍ ആളുകള്‍ ഉണ്ടാകുന്നു. അയാള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആളുകള്‍ ഉണ്ടാകുന്നു. പോക്‌സോ കേസില്‍ നിന്ന് പോലും അയാള്‍ക്ക് കോടതി ജാമ്യം നല്‍കുന്നു.
പറഞ്ഞു വരുന്നത് 30 വര്‍ഷം നീണ്ട് നിന്ന അധ്യാപന ജീവിതത്തിനിടയില്‍ നൂറ് കണക്കിന് പെണ്‍കുട്ടികളെ പീഡിപ്പിച്ച, മറ്റ് പലരെയും പീഡിപ്പിക്കാന്‍ ശ്രമിച്ച കെ.വി ശശികുമാറിനെ കുറിച്ച് തന്നെയാണ്. ഒരു പക്ഷെ, കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നോളം മുപ്പത് വര്‍ഷം നീണ്ടു നിന്ന ഒരു പീഡന പരമ്പരയെ കുറിച്ച് നമ്മള്‍ കേട്ടിട്ടു പോലുമുണ്ടാകില്ല. പലരോടും പലതരത്തില്‍, വര്‍ഷങ്ങള്‍ നീണ്ടുനിന്ന, വിദ്യാര്‍ഥിനികളും രക്ഷിതാക്കളും നിരന്തരം പരാതി ഉന്നയിച്ചിട്ടും മറച്ചു വയ്ക്കപ്പെട്ട, വേട്ടക്കാരന്‍ സംരക്ഷിക്കപ്പെട്ട ഇത്തരമൊരു പീഡനപരമ്പര തീര്‍ച്ചയായും ചരിത്രത്തിലാദ്യമായിരിക്കും. എന്നിട്ടും പ്രതിക്ക് കോടതി രണ്ട് മാസത്തിനുള്ളില്‍ ജാമ്യം നല്‍കിയിരിക്കുന്നു. അതിശയം തോന്നേണ്ട കാര്യമാണ്. കാരണം ഇത് നടന്നിരിക്കുന്നത് സ്ത്രീ സൗഹൃദ, സാക്ഷര കേരളത്തിലാണ്. ദിവസങ്ങള്‍ക്ക് മാത്രം മുമ്പാണ്.
മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകനും മലപ്പുറം നഗരസഭാ കൗണ്‍സിലറുമായിരുന്ന കെ.വി ശശികുമാര്‍ എന്ന പീഡകന്‍ ഒരിക്കലും നിസ്സാരനായിരുന്നില്ല, ഇപ്പോഴും അയാള്‍ നിസ്സാരനല്ല. ജയിലില്‍ ആയിരുന്നപ്പോള്‍ പോലും അയാള്‍ക്ക് വേണ്ടി പരാതിക്കാരുടെ വീടുകളില്‍ ചെന്ന് ഭീഷണി മുഴക്കാന്‍ അയാള്‍ക്ക് ശിങ്കിടികള്‍ ഉണ്ടാകുന്നതും, അയാള്‍ക്ക് വേണ്ടി ഡോര്‍ ടു ഡോര്‍ ക്യാമ്പയിനുകള്‍ മലപ്പുറം ജില്ലയില്‍ അങ്ങോളമിങ്ങോളം നടത്തപ്പെടുന്നതും അതുകൊണ്ടാണ്. രഹസ്യമായും പരസ്യമായും അയാള്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുകയാണ്. എന്തിന് വേണ്ടി, ആര്‍ക്ക് വേണ്ടി എന്ന ചോദ്യത്തിന് ഉത്തരമില്ല.
അധ്യാപകന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു എന്ന ഒറ്റ വരിയില്‍ ഒതുങ്ങി പോകേണ്ട ഒരു വാര്‍ത്തയോ സംഭവമോ അല്ല സെന്റ് ജമ്മാസിലെ വിദ്യാര്‍ഥിനികള്‍ വര്‍ഷങ്ങള്‍ അനുഭവിച്ച പീഡന പരമ്പര എന്ന് മനസ്സിലാക്കാന്‍ ശശികുമാര്‍ മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ യാത്രയയപ്പ് പോസ്റ്റിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ പൂര്‍വ വിദ്യാര്‍ഥിനികള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ മാത്രം പരിശോധിച്ചാല്‍ മതി. എത്ര ക്രൂരവും മനുഷ്യത്തരഹിതവുമായിട്ടാണ് ഒരു അധ്യാപകന്‍ തന്റെ കുട്ടികളോട് ഇടപഴകിയത് എന്ന് അപ്പോള്‍ മനസ്സിലാകും. ഓരോ ദിവസവും അയാള്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായിക്കൊണ്ടേ ഇരുന്നിട്ടും അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിലരുടെ മാത്രം വെളിപ്പെടുത്തലുകളില്‍ ഒതുങ്ങി പോവുകയും ഇഴഞ്ഞു നീങ്ങുകയുമാണ്. 1980 കളില്‍ തുടങ്ങി 2022 ല്‍ സര്‍വീസ് അവസാനിക്കും വരെ നീണ്ടു പോയ ഒരധ്യാപകന്റെ ക്രൂരതകളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടത്തേണ്ടത് ഇത്തരത്തില്‍ ആണോ എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്രയും പ്രധാനപ്പെട്ടതും ഗൗരവമുള്ളതുമായ ആരോപണമാകുമ്പോള്‍ അയാള്‍ക്കെതിരെ സ്വമേധയാ കേസ് എടുത്ത് മുഴുവന്‍ കാര്യങ്ങളും അന്വേഷിച്ചു കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നമ്മുടെ ഔദ്യോഗിക സംവിധാനത്തിന് ബാധ്യതയില്ലേ...
എന്ത് കൊണ്ട് കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു
കൃത്യവും പ്രാഥമികവുമായ ലൈംഗീക വിദ്യാഭ്യാസം വീടുകളില്‍ നിന്നോ സ്‌കൂളുകളില്‍ നിന്നോ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല എന്നത് തന്നെയാണ് കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരാനുള്ള ഒരു കാരണം. സമീപകാലത്ത് സ്‌കൂളുകള്‍ വഴി കുട്ടികളില്‍ പ്രാഥമിക ലൈംഗീക വിദ്യാഭ്യാസമെതിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് പൂര്‍ണമായും നടപ്പാക്കപ്പെട്ടിട്ടില്ല. കെ.വി ശശികുമാറിന്റെ മാത്രം കാര്യമെടുത്താല്‍ അയാള്‍ തന്റെ മുപ്പത് വര്‍ഷത്തെ സര്‍വീസ് കാലഘട്ടത്തില്‍ തന്റെ കുട്ടികളെ ഉപദ്രവിച്ച രീതി ഏതൊരാളിനെയും ഞെട്ടിക്കുന്ന വിധമായിരുന്നു. പക്ഷെ, ഇത് സെക്ഷ്വല്‍ അസോള്‍ട്ട് ആണെന്ന് ഒരു ഘട്ടത്തിലും അഞ്ചിലും ആറിലും ഏഴിലും പഠിക്കുന്ന കുട്ടികള്‍ തിരിച്ചറിയാതിരുന്നത് അത് കൊണ്ടാണ്. കുട്ടികളുടെ ബ്രെസ്റ്റ് പിടിച്ചു ഞെക്കുക, ഡ്രെസ്സിനുള്ളില്‍ ചോക്ക് ഇടുക, അത് ഡ്രെസ്സിനകത്തു കൈയിട്ടെടുക, ഡ്രസിന് മുകളില്‍ വെള്ളമൊഴിക്കുക, പെണ്‍കുട്ടികളുടെ ബാത്‌റൂമില്‍ കയറുക, അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുക തുടങ്ങി ഇയാള്‍ ചെയ്ത ഒരു വൃത്തികേടും ലൈംഗീക അതിക്രമം ആണെന്ന് തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് കഴിയാത്തത് അവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെയാണ്.
മറ്റൊന്ന് സ്‌കൂളില്‍ നടക്കുന്ന, ഒരു അധ്യാപകന്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ വീടുകളില്‍ ചെന്ന് തുറന്ന് പറയാനുള്ള ധൈര്യമോ സാഹചര്യമോ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ്. അഥവാ, ഏതെങ്കിലും കുട്ടി ഇതൊക്കെ വീട്ടില്‍ അറിയിച്ചാല്‍ തന്നെ മാഷല്ലേ മോളെ, അങ്ങനെ ഒന്നും ആയിരിക്കില്ല, മോള് തെറ്റിദ്ധരിച്ചതായിരിക്കും, ഇനി ഇതിപ്പോ ആരോടും പറയാനൊന്നും നില്‍ക്കണ്ട എന്നായിരിക്കും മറുപടി. എതിര്‍പക്ഷത്തു നില്‍ക്കുന്ന ആളിന് സമൂഹം നല്‍കുന്ന പ്രിവിലേജും ഇത്തരം ഒരു വിഷയം പുറം ലോകമറിഞ്ഞാല്‍ കുട്ടികളുടെ/സ്ത്രീകളുടെ ഭാവി തകരാറിലാകും എന്ന ചിന്തയും പലപ്പോഴും അതിക്രമങ്ങള്‍ മറച്ചു വയ്ക്കപ്പെടാനും അതിക്രമങ്ങള്‍ വര്‍ധിക്കാനും കാരണമാകുന്നുണ്ട്.
പരിമിതികളില്‍ നിന്ന് സ്ത്രീകള്‍ പുറം ലോകത്തിലേക്ക് എത്തുമ്പോള്‍
മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളില്‍ പീഡനം നേരിട്ട വിദ്യാര്‍ഥിനികളെ സംബന്ധിച്ചിടത്തോളം പരാതി ഉന്നയിക്കപ്പെടുമ്പോള്‍ അവര്‍ക്ക് എന്തൊക്കെ പരിമിതികള്‍ തരണം ചെയ്യേണ്ടി വരുന്നു എന്നത് പ്രധാനമാണ്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഒരു സംഭവമായതിനാല്‍ തന്നെ അന്നത്തെ കുട്ടികള്‍ ഇന്ന് വിവാഹിതരാണ്, അമ്മയായും ഭാര്യയുമൊക്കെയായി കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന സ്ത്രീകള്‍ ആണ്. അവരെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവിന്റെയും, രണ്ട് കുടുംബങ്ങളുടെയും, വേണ്ടിവന്നാല്‍ മക്കളുടെ പോലും സമ്മതമില്ലാതെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കില്ല. ഇത് ശശികുമാറിനെതിരെയുള്ള പരാതികള്‍ പൂഴ്ത്തി വയ്ക്കപ്പെടാനുള്ള ഏറ്റവും പ്രധാന കാരണമാണ്. സമൂഹവും മാധ്യമങ്ങളും തങ്ങളെ വേട്ടയാടുമോ എന്ന ഭയം പലരെയും പിറകോട്ട് വലിച്ചിട്ടുണ്ട് എന്നത് പറയാതിരിക്കാന്‍ സാധിക്കില്ല.ഇവിടത്തെ നിയമപ്രകാരം ഇത്തരം ഒരു വിഷയത്തിന് പിന്നാലെ പോകേണ്ടി വന്നാല്‍ ലഭിച്ചേക്കാവുന്ന നീതി എന്തായിരിക്കുമെന്ന ചോദ്യമാണ് മറ്റൊരു പ്രശ്നം. നിയമം തീരെ സ്ട്രോങ് അല്ലാത്തതും നീതിക്ക് വര്‍ഷങ്ങള്‍ളോളം കോടതികള്‍ കയറിയിറങ്ങേണ്ടി വരുന്നതും പലരെയും നിരാശരാക്കുകയും പിന്തിരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
പോലീസിന്റെ ഇടപെടല്‍
നേരത്തെ പറഞ്ഞ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന്‍ ധൈര്യം നല്‍കി വളരെ ബുദ്ധിമുട്ടിയിട്ടാണ് ഓരോ പരാതിക്കാരും മുന്നോട്ട് വരുന്നത് എന്നിരിക്കെ, പൊലീസിന്റെ വളരെ അലസമായ ഇടപെടല്‍ പല ഘട്ടത്തിലും പരാതിക്കാരെ പ്രതിസന്ധിയിലാക്കുകയും പിറകോട്ട് വലിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാക്കുന്നുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പൊലീസും കോടതിയും കേസും കണ്ടിട്ടില്ലാത്ത സ്ത്രീകള്‍ പേടിച്ചും സംശയിച്ചും ഒക്കെ തന്നെയാണ് ഇത്തരം വിഷയങ്ങളില്‍ പരാതിയുമായി മുന്നോട്ട് വരുന്നത്. അത്തരം പരാതിക്കാരെ പൊലീസ് വിളിക്കുകയും തീര്‍ത്തും ഔദ്യോഗികമായ ഭാഷയില്‍ മാത്രം അവരോട് ഓരോ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും ആ സ്ത്രീകള്‍ ആശയക്കുഴപ്പത്തില്‍ ആയി പോകുന്നുണ്ട്. ഉദാഹരണത്തിന് നാളെ മൊഴി എടുക്കാന്‍ ഹാജരാകണം, അതിന് ശേഷം മെഡിക്കല്‍ എടുക്കണം, പിന്നീട് അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ ഒറ്റയടിക്ക് ഒരു പരാതിക്കാരിയോട് പറയുമ്പോ തീര്‍ച്ചയായും ഇതൊക്കെ ആദ്യമായി കേള്‍ക്കുന്നൊരാള്‍ എന്ന രീതിയില്‍ പലരും പേടിച്ചു പിന്മാറുകയാണ്. ഞാന്‍ ഇതിന്റെ പിന്നാലെയൊക്കെ പോയി കഷ്ട്ടപ്പെടേണ്ടി വരുമോ, എന്റെ കുടുംബത്തെ, മക്കളെ, ജീവിതത്തെ ഒക്കെ ഇത് മോശമായ രീതിയില്‍ ബാധിക്കുമോ എന്നൊക്കെയാണ് അവര്‍ പൊലീസിന്റെ മറുപടികളില്‍ നിന്ന് സംശയിക്കുന്നത്. പല കേസുകളും പൊലീസ് സ്റ്റേഷനില്‍ വച്ച് തന്നെ ഒത്തുതീര്‍പ്പാകുന്നതും, പിന്‍വലിക്കപ്പെടുന്നതും ഇതൊക്കെ കൊണ്ട് തന്നെയാണ്.
ഇനി കെ.വി ശശിയിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിനെതിരെ രണ്ട് പോക്‌സോ കേസും ഒന്നിലധികം 354 ഉം ഫയല്‍ ചെയ്തിട്ടും ഒരൊറ്റ കേസില്‍ പോലും ഈ ക്രൈമുകള്‍ എല്ലാം നടന്ന ക്രൈം സ്‌പോട്ട് ഏതാണ് എന്ന് പൊലീസ് പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത. അതായത്, ഒരിടത്തു പോലും സ്‌കൂളിന്റെ പേര് പറയുകയോ, ഈ അധ്യാപകനെതിരെ കുട്ടികളും രക്ഷിതാക്കളും പരാതി ഉന്നയിച്ചിട്ടും അയാളെ സംരക്ഷിച്ച സ്‌കൂളിനെ പ്രതി സ്ഥാനത്തു കൊണ്ട് വരികയോ ചെയ്തിട്ടില്ല. സ്വാഭാവികമായും ഇത്തരം കേസുകളില്‍ അത് ചെയ്യേണ്ടതല്ലേ. എന്ത് കൊണ്ട് പൊലീസ് ഇതുവരെ അത് ചെയ്തിട്ടില്ല എന്നത് വളരെ സംശയത്തോടെ മാത്രം നോക്കിക്കാണാന്‍ സാധിക്കുന്ന ഒരു വിഷയമാണ്.
എന്ത് കൊണ്ട് ശശി കുമാറിന് ജാമ്യം ലഭിച്ചു
മൈനര്‍ ആയിട്ടുള്ള കുട്ടികളെ ആണ് ശശികുമാര്‍ എല്ലാ കാലത്തും സ്‌കൂളില്‍ പഠിപ്പിച്ചിട്ടുള്ളത് എന്നത് കൊണ്ട് തന്നെ പീഡിപ്പിക്കപ്പെട്ട എല്ലാ കുട്ടികളും പ്രായപൂര്‍ത്തി ആകാത്തവര്‍ തന്നെയായിരുന്നു. എന്നാല്‍, 2012 ല്‍ ആണ് പോക്‌സോ ആക്റ്റ് നിലവില്‍ വരുന്നത് എന്നത് കൊണ്ട് അതിന് മുന്നേ അയാള്‍ ഉപദ്രവിച്ച കുട്ടികളുടെ ഒന്നും പരാതികള്‍ പോക്‌സോ ആക്റ്റിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല. 2012 ന് ശേഷമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം 2022 ആയാല്‍ പോലും, പോക്‌സോ പോക്‌സോ തന്നെയാണ്. വെളിപ്പെടുത്തലിന് വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നത് കേസിലെ പ്രതിക്ക് ജാമ്യം നല്‍കാനുള്ള സാധ്യതയോ സാഹചര്യമോ നല്‍കുന്നില്ല. എന്നിട്ടും ഈ കേസില്‍ ശശികുമാറിന് ജാമ്യം ലഭിച്ചു. പ്രധാനമായും അതിന് കാരണമായി മനസ്സിലാക്കുന്നത് നേരത്തെ ഉണ്ടായിരുന്ന ജഡ്ജി ആയിരുന്നില്ല അവസാന ഹിയറിങ്ങില്‍ കേസ് കേട്ടത് എന്നതാണ്. അതായത്, പഴയ ജഡ്ജി ഒരു മാസത്തേക്ക് ലീവില്‍ പോവുകയും പുതിയ ആള്‍ വരികയും ചെയ്തിട്ടുണ്ട്. അദ്ദേഹമാണ് ശശികുമാറിന്റെ പേരിലുള്ള എല്ലാ കേസുകളും വാദം കേള്‍ക്കുകയും ജാമ്യാപേക്ഷ ശെരി വച്ചു കൊണ്ട് ഉത്തരവിറക്കുകയും ചെയ്തത്.
സമൂഹത്തിന്റെ മനോഭാവം അടിമുടി പുതുക്കപ്പെടണം
പീഡന പരാതികള്‍ ഉയരുമ്പോള്‍ അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള എന്തെങ്കിലും പരാതികള്‍ ഉയരുമ്പോഴെല്ലാം പരാതി ഉന്നയിക്കുന്ന സ്ത്രീകളെ പരിഹസിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സമീപനം സമൂഹം നിരന്തരം നടത്തി വരുന്ന ഒന്നാണ്. സ്ത്രീകള്‍ അതിന് നിന്ന് കൊടുത്തിട്ടല്ലേ, എന്ത് കൊണ്ട് നേരത്തെ പ്രതികരിച്ചില്ല, എന്ത് കൊണ്ട് ഒച്ചവച്ചില്ല, നിലവിളിച്ചില്ല, കരഞ്ഞില്ല, എതിര്‍ത്തില്ല തുടങ്ങി എല്ലാ കുറ്റവും സ്ത്രീകളില്‍ വച്ചുകെട്ടി പ്രതിസ്ഥാനത്തുള്ളവരെ സംരക്ഷിക്കാന്‍ തിടുക്കപ്പെടുന്ന സമൂഹമാണ് നമ്മുടേത്. ഒരു പരിധിവരെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും മൂടി വയ്ക്കപ്പെടാനുള്ള കാരണവും ഇത് തന്നെയാണ്. സമൂഹം എന്ത് വിചാരിക്കും, എന്തുപറയും എന്നൊക്കെ പേടിച്ച് പലതും സഹിക്കയാണ് പലരും. സമൂഹിത്തിന്റെ ഈ അറ്റിറ്റിയൂഡ് തീര്‍ത്തും ഉടച്ചു വാര്‍ക്കപ്പെടേണ്ടതുണ്ട്. കാരണം ഈ ലോകം സ്ത്രീകള്‍ക്ക് കൂടിയുള്ളതാണ്. നീതിയും നിയമവും അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. ആരുടെയും ഔദാര്യമല്ല.