Analysis
തോല്‍വിയുടെ പാപഭാരം പേറിയ കിലിയന്‍ എംബാപ്പെ!
Analysis

തോല്‍വിയുടെ പാപഭാരം പേറിയ കിലിയന്‍ എംബാപ്പെ!

ഹാരിസ് നെന്മാറ
|
24 Dec 2022 4:33 PM GMT

ഫ്രഞ്ച് ടീമില്‍ താനൊരു പ്രശ്‌നക്കാരനാണെന്ന് തനിക്ക് തോന്നി തുടങ്ങിയെന്നും താന്‍ കളി നിര്‍ത്തുകയാണെന്നും എംബാപ്പെ ഒരു ഘട്ടത്തില്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സിലെ വംശീയവാദികള്‍ക്ക് മുന്നില്‍ ആ 22 കാരന്‍ നിസ്സഹായനായി പോവുകയായിരുന്നു.

2021 ജൂണ്‍ 29. യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ അന്നത്തെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് താരതമ്യേന ദുര്‍ബലരായ സ്വിറ്റ്‌സര്‍ലാന്റിനെ നേരിടുന്നു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് ആരാധകര്‍ക്ക് ഏറെക്കുറേ ഉറപ്പായിരുന്നു. കളിയുടെ എണ്‍പതാം മിനിറ്റു വരെ ആരാധകര്‍ മനസ്സിലുറപ്പിച്ചത് തന്നെയാണ് സംഭവിച്ചത്. ആദ്യം വലകുലുക്കിയത് സ്വിറ്റ് സര്‍ലന്റായിരുന്നെങ്കിലും 80 മിനിറ്റിനുള്ളില്‍ മൂന്ന് തവണ സ്വിസ് വല തുളച്ച ഫ്രാന്‍സ് ഏറെക്കുറെ വിജയമുറപ്പിച്ച മട്ടിലായിരുന്നു.

ലോകകപ്പ് കലാശപ്പോരില്‍ അര്‍ജന്റീനയോടേറ്റ കടുത്ത തോല്‍വിക്ക് പിറകെ ഫ്രഞ്ച് ദേശീയ ടീമിലെ കുടിയേറ്റക്കാരായ കളിക്കാര്‍ക്കെതിരെ രൂക്ഷമായ വംശീയാധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്.

എന്നാല്‍, 81 ആം മിനിറ്റില്‍ ഹാരിസ് സെഫ്‌റോവിച്ച് ഫ്രാന്‍സിന്റെ പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തിയ ആദ്യ വെടി പൊട്ടിച്ചു. അപ്പോഴും മത്സരത്തില്‍ ഫ്രഞ്ച് പട തന്നെയായിരുന്നു മുന്നില്‍. എന്നാല്‍, തൊണ്ണൂറാം മിനിറ്റില്‍ കളിയുടെ ഗതിയെ തന്നെ മാറ്റി മറിച്ച ആ ഗോള്‍ പിറന്നു. മൈതാന മധ്യത്തിലൂടെ പന്തുമായി കുതിച്ചു പാഞ്ഞ മരിയോ ഗാര്‍വനോവിച്ച് പേരു കേട്ട ഫ്രഞ്ച് പ്രതിരോധ ഭടന്മാരെ കാഴ്ചക്കാരാക്കി നിര്‍ത്തി പെനാല്‍ട്ടി ബോക്‌സിന് വെളിയില്‍ നിന്നും ഒരു കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടില്‍ വല തുളച്ചു. ഗാലറി ആരവങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു.


അധിക സമയത്തേക്ക് നീണ്ട മത്സരം ഷൂട്ടൗട്ടിന് വഴിമാറി. അപ്പോഴും ഫ്രാന്‍സിന് തന്നെയായിരുന്നു സാധ്യതകള്‍ കല്‍പ്പിക്കപ്പെട്ടിരുന്നത്. ഷൂട്ടൗട്ടിലെ നാലാം കിക്ക് വരെ ഇരു ടീമിലേയും ഒരു താരത്തിന് പോലും പിഴച്ചില്ല. സ്വിറ്റ്‌സര്‍ലാന്റ് അഞ്ചാം കിക്കും വലയിലെത്തിച്ചു. ഫ്രാന്‍സിന്റെ അവസാന കിക്കെടുക്കാന്‍ കിലിയന്‍ എംബാപ്പെ പെനാല്‍ട്ടി ബോക്‌സിലേക്ക് പതിയെ നടന്നു വന്നു. സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമറുടെ മുഖത്ത് അതുവരെയില്ലാത്ത പ്രതീക്ഷ നിഴലിച്ചു. എംബാപ്പെയുടെ കിക്ക് എങ്ങോട്ടാണെന്ന് നേരത്തെ മനസ്സിലുറപ്പിച്ചത് പോലെ യാന്‍ സോമര്‍ അവിശ്വസനീയമാം പറന്നുയര്‍ന്ന് പന്തിനെ തട്ടിയകറ്റി. ഗ്യാലറി തലയില്‍ കൈവച്ചു. എംബാപ്പെ മുഖം താഴ്ത്തി തിരിഞ്ഞു നടന്നു. സ്വിറ്റ്‌സര്‍ലന്റ് വിജയാരവങ്ങളിലായിരുന്നു. യൂറോ കപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ ലോകചാമ്പ്യന്മാര്‍ പുറത്താവുന്നത് ആരാധകര്‍ക്ക് അവിശ്വസനീയമായ കാഴ്ച്ചയായിരുന്നു.


ആരാധകരും കളിയെഴുത്തുകാരും തോല്‍വിയുടെ പാപഭാരം എംബാപ്പെയുടെ തലയില്‍ കെട്ടിവച്ചു. തോല്‍വികളുണ്ടാവുമ്പോള്‍ ഫ്രാന്‍സിലെ കുടിയേറ്റക്കാരായ കളിക്കാര്‍ അനുഭവിക്കേണ്ടത് മുഴുവന്‍ എംബാക്കേക്ക് കൂടെ അനുഭവിക്കേണ്ടിയിരുന്നു. ഒപ്പം നില്‍ക്കുമെന്ന് കരുതിയവര്‍ പലരും അയാളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. ഫ്രഞ്ച് ടീമില്‍ താനൊരു പ്രശ്‌നക്കാരനാണെന്ന് തനിക്ക് തോന്നി തുടങ്ങിയെന്നും താന്‍ കളി നിര്‍ത്തുകയാണെന്നും എംബാപ്പെ ഒരു ഘട്ടത്തില്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സിലെ വംശീയവാദികള്‍ക്ക് മുന്നില്‍ ആ 22 കാരന്‍ നിസ്സഹായനായി പോവുകയായിരുന്നു. എംബാപ്പെ പിന്നീട് തന്റെ തീരുമാനം പിന്‍വലിച്ചു. മാസങ്ങള്‍ക്കിപ്പുറം യുവേഫ നാഷന്‍സ് ലീഗില്‍ അവിശ്വസനീയമായൊരു തിരിച്ചു വരവിലൂടെ അയാള്‍ വിമര്‍ശകരുടെയും വംശീയവാദികളുടേയുമൊക്കെ വായടപ്പിച്ചു.

''ഗോള്‍ വല കുലുക്കുമ്പോഴൊക്കെ ഞാനൊരു ഫ്രഞ്ചുകാരനായിരിക്കും.. എന്നാല്‍ സ്‌കോര്‍ ചെയ്യാതിരുന്നാലോ.. പൊടുന്നനെ ഞാനൊരു അള്‍ജീരിയനാവും'' അടുത്തിടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ലോക ഫുട്‌ബോളര്‍ കരീം ബെന്‍സേമ ഒരിക്കല്‍ പറഞ്ഞിതിങ്ങനെയാണ്. സമാനമായൊരു വര്‍ത്തമാനം ഇതിന് മുമ്പ് മുന്‍ ജര്‍മന്‍ താരം മെസ്യൂട്ട് ഓസിലും പറഞ്ഞിരുന്നു. ''ഞങ്ങള്‍ വിജയിക്കുമ്പോള്‍ ഞാന്‍ ജര്‍മന്‍കാരനാവുന്നു.. എന്നാല്‍ ടീം പരാജയമേറ്റു വാങ്ങുമ്പോള്‍ പൊടുന്നനെ ഞാനൊരു കുടിയേറ്റക്കാരനായി മാറുന്നു..''


ലോകകപ്പ് കലാശപ്പോരില്‍ അര്‍ജന്റീനയോടേറ്റ കടുത്ത തോല്‍വിക്ക് പിറകെ ഫ്രഞ്ച് ദേശീയ ടീമിലെ കുടിയേറ്റക്കാരായ കളിക്കാര്‍ക്കെതിരെ രൂക്ഷമായ വംശീയാധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. ഷുവാമെനി, കിങ്സ്ലി കോമാന്‍, റന്‍ഡല്‍ കോലോ മുവാനി എന്നിവരായിരുന്നു ഇക്കുറി വംശീയവാദികളുടെ ഇരകള്‍. നേന്ത്രവാഴയുടെയും കുരങ്ങിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ചുള്ള നിരവധി അധിക്ഷേപ സന്ദേശങ്ങളാണ് മൂന്നു താരങ്ങള്‍ക്കും ലഭിച്ചു കൊണ്ടിരുന്നത്.


''ഞാന്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. 23 വയസ്സ്, വിതിങ്ടണില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരന്‍. എന്റെ ടീമിന് വേണ്ടി എന്നോട് ആവശ്യപ്പെട്ടത് ഒരു പെനാല്‍റ്റി മാത്രമാണ്. ഒരു പക്ഷേ ഉറക്കത്തില്‍ പോലും എനിക്കത് ചെയ്യാനാവുമായിരുന്നു... പക്ഷെ അന്ന് എനിക്കെന്താണ് സംഭവിച്ചത് എന്നറിയില്ല. 55 വര്‍ഷത്തെ കാത്തിരിപ്പാണ്.. ഒരു പെനാല്‍റ്റി.. എല്ലാവരോടും മാപ്പ്.. എന്നാല്‍ ഞാന്‍ ആരാണ്, എവിടെ നിന്ന് വരുന്നു എന്നതിന്റെ പേരില്‍ എനിക്കൊരു ഖേദവുമില്ല.. ഒരാളോടും ഞാന്‍ മാപ്പ് പറയാനും പോവുന്നില്ല' മാര്‍ക്കസ് റഷ് ഫോര്‍ഡ് ഇങ്ങനെയെഴുതിയവസാനിപ്പിച്ചു.

2021 ജൂലൈ 12. ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇംഗ്ലീഷ് ആരാധകര്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസമാണത്. ഇംഗ്ലണ്ടുകാരുടെ ഹൃദയങ്ങളില്‍ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ജി ഡൊണ്ണറുമ്മ കനല്‍ കോരിയിട്ടത് അന്നാണ്. വെംബ്ലിയില്‍ തിങ്ങിനിറഞ്ഞ ഇംഗ്ലീഷ് ആരാധകരെ നിശബ്ദതയിലേക്ക് തള്ളിയിട്ട് ഷൂട്ടൗട്ടില്‍ സാക്കയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ജേഡണ്‍ സാഞ്ചോയും പെനാല്‍റ്റികള്‍ പാഴാക്കുന്നത് അവിശ്വസനീയതയോടെയാണ് അന്നവര്‍ നോക്കി നിന്നത്. തങ്ങളുടെ അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പ് നീളുകയാണെന്ന ബോധ്യത്തിലേക്ക് അവര്‍ നിരാശയോടെ നടന്നടുക്കുകയായിരുന്നു. തങ്ങളുടെ തട്ടകത്തില്‍ വച്ച് അസൂറികള്‍ യൂറോ കപ്പില്‍ മുത്തമിടുന്നത് നോക്കി നില്‍ക്കാനായിരുന്നു അവരുടെ വിധി.

.''ആ കറുത്തവര്‍ഗക്കാരെ നമുക്കെന്തിനാണ്.. അവരെ പുറത്താക്കൂ..'' മത്സരത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇംഗ്ലീഷ് ആരാധകര്‍ വംശീയത തുപ്പി. സാക്കക്കും റാഷ്ഫോര്‍ഡിനും താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു അത്. പെനാല്‍റ്റി നഷ്ടമാക്കിയപ്പോഴെ തന്നെ കാത്തിരിക്കുന്ന വിധിയെക്കുറിച്ച് തനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു എന്നാണ് 20 കാരനായ സാക അന്ന് പ്രതികരിച്ചത്. ടീം വിജയിക്കുമ്പോഴൊന്നും തങ്ങളെ കുറിച്ച് മിണ്ടാത്തവര്‍ ടീം പരാജയപ്പെടുമ്പോഴൊക്കെ തോല്‍വികളുടെ പാപഭാരം മുഴുവന്‍ തങ്ങളുടെ തലയില്‍ കെട്ടിവക്കുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യം യൂറോപ്പിലെ കുടിയേറ്റക്കാരായ കളിക്കാരുടെ മനസ്സില്‍ എക്കാലവും മുഴങ്ങിയിരുന്നു. അതിപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

Similar Posts