ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് ക്രിസ് ഹെഡ്ജസ് എഴുതിയ കത്ത്
|ബോംബുകള്‍ക്ക് പകരം മനുഷ്യരെ കൊണ്ട് നിറച്ച വിമാനങ്ങളില്‍ നീ പറക്കും. നീ ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ എന്നന്നേക്കുമായി കുടുങ്ങിപ്പോകില്ല. നീ ലോകം കാണും. നീ വളരുകയും നിനക്കു കുട്ടികളുണ്ടാകുകയും ചെയ്യും. അതെല്ലാം കഴിഞ്ഞു നീയും ഒരു വൃദ്ധനാകും. നീ കടന്നുപോയ ദുരിതങ്ങള്‍ നീ ഓര്‍ക്കും, പക്ഷേ അതെല്ലാം കഷ്ടപ്പെടുന്ന മറ്റുള്ളവരെ സഹായിക്കാന്‍ നിന്നെ പ്രാപ്തനാക്കും. ഇതാണ് എന്റെ പ്രതീക്ഷയും പ്രാര്‍ഥനയും. അമേരിക്കന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകരനും പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവുകൂടിയായ ക്രിസ് ഹെഡ്ജസ് ഗാസയിലെ കുഞ്ഞുങ്ങള്‍ക്കായി എഴുതിയ കത്ത്.
പ്രിയപ്പെട്ട കുഞ്ഞേ,
സമയം അര്‍ധരാത്രി കഴിഞ്ഞു. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ ആയിരക്കണക്കിന് അടി ഉയരത്തില്‍ ഞാന്‍ ഇരുട്ടില്‍ മണിക്കൂറില്‍ നൂറുകണക്കിന് മൈല്‍ വേഗതയില്‍ പറക്കുന്നു. ഞാന്‍ ഈജിപ്തിലേക്ക് യാത്ര ചെയ്യുകയാണ്. ഞാന്‍ റഫയില്‍ ഗാസയുടെ അതിര്‍ത്തിയിലേക്ക് പോകും. നീ കാരണം ഞാന്‍ പോകുന്നു.
നീ ഒരിക്കലും വിമാനത്തില്‍ പോയിട്ടില്ല. നീ ഒരിക്കലും ഗാസ വിട്ടിട്ടില്ല. തിങ്ങിനിറഞ്ഞ തെരുവുകളും ഇടവഴികളും മാത്രമേ നിനക്ക് അറിയൂ. കോണ്‍ക്രീറ്റ് ഷെഡ്ഡുകള്‍. ഗാസയെ വലയം ചെയ്ത സൈനികര്‍ പെട്രോളിംഗ് നടത്തുന്ന സുരക്ഷാ വേലികളും തടസ്സങ്ങളും മാത്രമേ നിനക്ക് അറിയൂ. വിമാനങ്ങള്‍, നിനക്ക് ഭയാനകമാണ് - യുദ്ധവിമാനങ്ങള്‍, ആക്രമണത്തിനായുള്ള ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍. അവര്‍ നിനക്ക് മുകളില്‍ വട്ടമിടുന്നു. അവര്‍ മിസൈലുകളും ബോംബുകളും വര്‍ഷിക്കുന്നു. കാതടപ്പിക്കുന്ന സ്‌ഫോടനങ്ങള്‍. നിലം കുലുങ്ങുന്നു. കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നു. മരണം, നിലവിളികള്‍. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് സഹായത്തിനായി ഞരങ്ങിയ ശബ്ദത്തിലുള്ള ആര്‍ത്തനങ്ങള്‍. അത് നിലയ്ക്കുന്നില്ല. രാത്രിയും പകലും. തകര്‍ന്ന കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ - നിന്റെ കളിക്കൂട്ടുകാര്‍, നിന്റെ സഹപാഠികള്‍, നിന്റെ അയല്‍ക്കാര്‍. നിമിഷങ്ങള്‍ക്കകം അവര്‍ നിന്നെ വിട്ടു പോയി. കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റുമ്പോള്‍ കരുവാളിച്ച മുഖങ്ങളും തളര്‍ന്നുടഞ്ഞ ശരീരങ്ങളും നീ കാണുന്നു. ഞാനൊരു റിപ്പോര്‍ട്ടറാണ്. ഇത് കാണേണ്ടത് എന്റെ ജോലിയാണ്. നീ ഒരു കൊച്ചുകുട്ടിയാണ്. നീ ഇത് ഒരിക്കലും കാണേണ്ടി വരരുതായിരുന്നു.
നിന്റെ ഉപ്പയോ ഉമ്മയോ ഭക്ഷണത്തിനോ വെള്ളത്തിനോ വേണ്ടി മല്ലിടുമ്പോള്‍ നീ കാത്തിരിക്കുന്നു. പക്ഷേ, നിന്റെ വയറ്റില്‍ ഭയങ്കരമായ തള്ളിച്ചകള്‍. അവര്‍ തിരിച്ചു വരുമോ? നീ അവരെ വീണ്ടും കാണുമോ? നിന്റെ ഈ ചെറിയ വീടായിരിക്കുമോ അടുത്തത്? ബോംബുകള്‍ നിന്നേയും തേടിയെത്തുമോ? ഇത് ഭൂമിയിലെ നിന്റെ അവസാന നിമിഷങ്ങളാണോ?
മരണത്തിന്റെ ദുര്‍ഗന്ധം. പൊട്ടിപ്പൊളിഞ്ഞ കോണ്‍ക്രീറ്റിനടിയില്‍ അഴുകിയ മൃതദേഹങ്ങള്‍. നീ ശ്വാസം അടക്കിപ്പിടിക്കുന്നു. നീ നിന്റെ വായ് തുണികൊണ്ട് മൂടുന്നു. നീ വേഗം നടക്കുന്നു. നിന്റെ അയല്‍പ്പക്കം ഒരു ശ്മശാനമായി മാറിയിരിക്കുന്നു. പരിചിതമായതെല്ലാം നിമിഷനേരം കൊണ്ട് മറഞ്ഞു പോയിരിക്കുന്നു. നീ അവിശ്വനീയമായി ചുറ്റും നോക്കുന്നു. ഏവിടെയാണ് നില്‍ക്കുന്നതെന്നു വിശ്വസിക്കാനാകാതെ പകച്ചു നില്‍ക്കുന്നു.
നീ ഭയപ്പെട്ടു നില്‍ക്കുന്നു. നിലയ്ക്കാത്ത സ്‌ഫോടന പരമ്പരകള്‍. നീ കരയുന്നു. ഉമ്മയേയോ ഉപ്പയേയോ ഭീതിയോടെ പറ്റിനില്‍ക്കുന്നു. നീ മിസൈലിന്റെ വെളുത്ത വെളിച്ചം കാണുകയും സ്‌ഫോടനത്തിനായി ചെവി പൊത്തിപ്പിടിച്ചു കാത്തിരിക്കുകയും ചെയ്യുന്നു. എന്തിനാണ് അവര്‍ കുട്ടികളെ കൊല്ലുന്നത്? നീ എന്തിന് ഇതെല്ലം അനുഭവിക്കുന്നു? എന്തുകൊണ്ടാണ് ആര്‍ക്കും നിന്നെ സംരക്ഷിക്കാന്‍ കഴിയാത്തത്? നിനക്ക് മുറിവേല്‍ക്കുമോ? നിനക്ക് ഒരു കാലോ കൈയോ നഷ്ടപ്പെടുമോ? നിന്റെ കാഴ്ച എന്നന്നേക്കുമായി നഷ്ടപ്പെട്ടു പോകുമോ? അതോ വീല്‍ചെയറില്‍ ആയിരിക്കുമോ നിന്റെ ശിഷ്ടജീവിതം? എന്തിനാണ് നീ ജന്മം കൊണ്ടത്? അത് എന്തെങ്കിലും നല്ലതിന് വേണ്ടിയായിരുന്നോ? അതോ ഇതിലൂടെയോക്കെ കടന്നു പോകാനോ? നിനക്ക് വളരുന്നു വലുതാകാനുള്ള ഭാഗ്യം ലഭിക്കുമോ? എന്നെങ്കിലും സന്തോഷവാനായിരിക്കുമോ? നിന്റെ സുഹൃത്തുക്കള്‍ ഇല്ലാത്ത ആ ലോകം എങ്ങനെയിരിക്കും? അടുത്തതായി ആരാണ് മരിക്കുക? നിന്റെ ഉമ്മ? അതോ ഉപ്പയോ? അതുമല്ലെങ്കില്‍ നിന്റെ സഹോദരങ്ങള്‍? നിനക്കറിയാവുന്ന ഒരാള്‍ക്ക് പരിക്കേല്‍ക്കും, ഉടന്‍ തന്നെ. നിനക്കറിയാവുന്ന ഒരാള്‍ മരിക്കും, ഉടന്‍.
രാത്രിയില്‍ നീ തണുത്ത സിമന്റ് തറയില്‍ ഇരുട്ടില്‍ കിടക്കുന്നു. ഫോണുകള്‍ കട്ട് ചെയ്തിരിക്കുന്നു. ഇന്റര്‍നെറ്റ് ഇല്ല. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് നിനക്കറിയാന്‍ കഴിയുന്നില്ല. വെളിച്ചത്തിന്റെ മിന്നല്‍ പിണറുകള്‍ ഉണ്ട്. സ്‌ഫോടനത്തിന്റെ കമ്പനതരംഗങ്ങളുണ്ട്. നിലക്കാത്ത നിലവിളികള്‍. അത് നില്‍ക്കുന്നേ ഇല്ല. നിന്റെ ഉപ്പയോ ഉമ്മയോ ഭക്ഷണത്തിനോ വെള്ളത്തിനോ വേണ്ടി മല്ലിടുമ്പോള്‍ നീ കാത്തിരിക്കുന്നു. പക്ഷേ, നിന്റെ വയറ്റില്‍ ഭയങ്കരമായ തള്ളിച്ചകള്‍. അവര്‍ തിരിച്ചു വരുമോ? നീ അവരെ വീണ്ടും കാണുമോ? നിന്റെ ഈ ചെറിയ വീടായിരിക്കുമോ അടുത്തത്? ബോംബുകള്‍ നിന്നേയും തേടിയെത്തുമോ? ഇത് ഭൂമിയിലെ നിന്റെ അവസാന നിമിഷങ്ങളാണോ?
നീ ഉപ്പുള്ളതും വൃത്തികെട്ടതുമായ വെള്ളം കുടിക്കുന്നു. അത് നിന്നെ വല്ലാതെ രോഗിയാക്കുന്നു. നിന്റെ വയറു വേദനിക്കുന്നു. നിനക്ക് വിശക്കുന്നു. ബേക്കറികള്‍ എല്ലാം തകര്‍ന്നു പോയിരിക്കുന്നു. വിശപ്പുമാറ്റാന്‍ ഒന്നും ഇല്ല. നീ ദിവസവും ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നു. കുറച്ചു പാസ്ത, ഒരു കക്കിരി. താമസിയാതെ ഇതും ഒരു വിരുന്നായി തോന്നും. തുണിക്കഷണങ്ങള്‍ കൊണ്ട് നീ നിര്‍മിച്ച ഫുട്‌ബോള്‍ പന്ത് കൊണ്ട് നീ കളിക്കുന്നില്ല. പഴയ പത്രങ്ങളില്‍ നിന്നുണ്ടാക്കിയ പട്ടം നീ പറത്തുന്നില്ല.
നീ വിദേശ റിപ്പോര്‍ട്ടര്‍മാരെ കണ്ടിട്ടുണ്ടാകും. 'PRESS' എന്ന് എഴുതിയിരിക്കുന്ന ലോഹ ജാക്കറ്റുകള്‍ ഞങ്ങള്‍ ധരിക്കുന്നു. ഞങ്ങള്‍ക്ക് ഹെല്‍മറ്റ് ഉണ്ട്. ഞങ്ങള്‍ക്ക് ക്യാമറകളുണ്ട്. ഞങ്ങള്‍ ജീപ്പുകള്‍ ഓടിക്കുന്നു. ഒരു ബോംബിംഗ് അല്ലെങ്കില്‍ വെടിവയ്പ്പിന് ശേഷം ഞങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഞങ്ങള്‍ വളരെ നേരം കാപ്പി നുണഞ്ഞിരിക്കുകയും മുതിര്‍ന്നവരോട് സംസാരിക്കുകയും ചെയ്യുന്നു. പിന്നീട് ഞങ്ങള്‍ അപ്രത്യക്ഷമാകുന്നു. ഞങ്ങള്‍ സാധാരണയായി കുട്ടികളുമായി അഭിമുഖം നടത്താറില്ല. എന്നാല്‍, ഞാന്‍ കൂട്ടംകൂടി ചുറ്റും തിങ്ങിതിരക്കുന്ന നിങ്ങളുടെ അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്. നിങ്ങള്‍ ചിരിക്കുന്നു. ദൂരെ ചൂണ്ടിക്കാണിക്കുന്നു. നിങ്ങളുടെ ചിത്രമെടുക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുന്നു.
ഗാസയ്ക്കു മുകളില്‍ ബോംബെറിയുന്ന ജെറ്റ് വിമാനങ്ങള്‍ക്ക് താഴെ ഞാന്‍ നിന്നിട്ടുണ്ട്. നീ ജനിക്കുന്നതിന് മുമ്പ് നടന്ന മറ്റ് യുദ്ധങ്ങളില്‍ ഞാന്‍ ബോംബുകള്‍ അതിജീവിച്ചിട്ടുണ്ട്. ഞാനും അന്ന് വല്ലാതെ ഭയന്നു പോയിരുന്നു. ഞാനിപ്പോഴും അതിനെക്കുറിച്ച് ദുസ്വപ്നങ്ങള്‍ കാണുന്നു. ഗാസയുടെ ഇന്നത്തെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഈ യുദ്ധങ്ങള്‍ ഇടിമിന്നലിന്റെ ഇരമ്പലോടെ എന്നിലേക്ക് തിരിച്ചു വരുന്നു. ഞാന്‍ അപ്പോള്‍ നിന്നെ കുറിച്ച് ചിന്തിച്ചു പോകുന്നു.
ഞങ്ങള്‍ എഴുതുകയും ചിത്രീകരിക്കുകയും ചെയ്യും. ഇതാണ് ഞങ്ങള്‍ ചെയ്യാന്‍ പോകുന്നത്. ഇതൊന്നും മതിയായത് ആവുകയില്ല എന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍, അത് എന്തോ ചിലത് ആണ് താനും. ഞങ്ങള്‍ നിങ്ങളുടെ കഥ വീണ്ടും പറയും.
യുദ്ധമുഖത്ത് പോയ നമ്മളെല്ലാം യുദ്ധത്തെ വെറുക്കുന്നു, പ്രത്യേകിച്ച് അത് കുട്ടികളോട് ചെയ്യുന്നതോര്‍ത്ത്. ഞാന്‍ നിങ്ങളുടെ കഥ ലോകത്തോട് പറയാന്‍ ശ്രമിച്ചു. ഞാന്‍ അവരോട് പറയാന്‍ ശ്രമിച്ചു: നിങ്ങള്‍ മനുഷ്യരോട് ക്രൂരത കാണിക്കുമ്പോള്‍, അത് ആഴ്ചതോറും, മാസങ്ങള്‍, വര്‍ഷാവര്‍ഷം, പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ഒരു ജനതക്കാകെ നിങ്ങള്‍ സ്വാതന്ത്ര്യവും അന്തസ്സും നിഷേധിക്കുമ്പോള്‍, നിങ്ങള്‍ അവരെ നിരന്തരം അപമാനിക്കുകയും തുറന്ന ജയിലില്‍ അടച്ചിടുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ അവയെ മൃഗങ്ങളെപ്പോലെ കൊന്നൊടുക്കുമ്പോള്‍, അവര്‍ വളരെ രോഷാകുലരാകും. തങ്ങളോടു ചെയ്തതുതന്നെ അവര്‍ ഒരു ദിവസം തിരിച്ചു ചെയ്യും. ഞാന്‍ അത് വീണ്ടും വീണ്ടും പറഞ്ഞു. ഏഴു വര്‍ഷമായി ഞാന്‍ അതുതന്നെ പറഞ്ഞു കൊണ്ടിരുന്നു. ആരുമത് ഗൗനിച്ചില്ല. അവസാനം അത് സംഭവിച്ചു.
അങ്ങേയറ്റം ധീരരായ Hലസ്തീന്‍ പത്രപ്രവര്‍ത്തകരുണ്ട്. ഈ ബോംബാക്രമണം ആരംഭിച്ചതിനുശേഷം അവരില്‍ മുപ്പത്തിയൊന്‍പത് പേര്‍ കൊല്ലപ്പെട്ടു. അവര്‍ ധീരനായകന്മാരാണ്. നിങ്ങളുടെ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അങ്ങനെ തന്നെ. യു.എന്‍ പ്രവര്‍ത്തകരും. ഇവരില്‍ എണ്‍പത്തിയൊന്‍പത് പേര്‍ മരിച്ചു പോയിരിക്കുന്നു. അതുപോലെ തന്നെയാണ് ഗാസയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരും ആരോഗ്യപ്രവര്‍ത്തകരും. കോണ്‍ക്രീറ്റിന്റെ സ്ലാബുകള്‍ കൈകൊണ്ട് ഉയര്‍ത്തുന്ന ധീരന്മാരായ രക്ഷാ പ്രവര്‍ത്തകര്‍. ബോംബുകളില്‍ നിന്ന് നിങ്ങളെ സംരക്ഷിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന നായകന്മാരായ ഉപ്പമാരും ഉമ്മമാരും.
പക്ഷേ, ഇന്ന് ഞങ്ങളിലാരും അവിടെ ഇല്ല. ഞങ്ങള്‍ക്ക് അകത്ത് കടക്കാന്‍ കഴിയുന്നില്ല. ലോകമെമ്പാടുമുള്ള റിപ്പോര്‍ട്ടര്‍മാര്‍ റഫയിലെ അതിര്‍ത്തിയിലേക്ക് പോകുന്നു. ഈ കശാപ്പ് കണ്ട് ഒന്നും ചെയ്യാനാകാത്തതുകൊണ്ടാണ് ഞങ്ങള്‍ പോകുന്നത്. നൂറ്ററുപത് കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ദിനേന മരിക്കുന്നതിനാലാണ് ഞങ്ങള്‍ അവിടേക്ക് പോകുന്നത്. ഈ വംശഹത്യ അവസാനിപ്പിക്കണം എന്നതിനാലാണ് ഞങ്ങള്‍ പോകുന്നത്. ഞങ്ങള്‍ക്കും കുട്ടികളുള്ളതിനാല്‍ ഞങ്ങള്‍ പോകുന്നു. നിങ്ങളെ പോലെ വിലമതിക്കാനാവാത്ത, നിരപരാധികളായ, സ്‌നേഹിച്ചു പോകുന്ന കുഞ്ഞുങ്ങള്‍. നിങ്ങള്‍ ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഞങ്ങള്‍ അവിടേക്ക് പോകുന്നത്.
ഒരു ദിവസം നമ്മള്‍ കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അന്ന് നീ ഒരു മുതിര്‍ന്ന ആളായിരിക്കും. ഞാനാകട്ടെ ഒരു വൃദ്ധനും. ഒരുപക്ഷേ, നിന്റെ മനസ്സില്‍ ഇതിനകം തന്നെ എനിക്ക് വളരെ പ്രായമുണ്ട്. നിങ്ങള്‍ക്കുള്ള എന്റെ സ്വപ്നത്തില്‍ ഞാന്‍ നിന്നെ സ്വതന്ത്രനും സുരക്ഷിതനും സന്തുഷ്ടനും ആയി കാണുന്നു. ആരും നിന്നെ കൊല്ലാന്‍ ശ്രമിക്കില്ല. ബോംബുകള്‍ക്ക് പകരം മനുഷ്യരെ കൊണ്ട് നിറച്ച വിമാനങ്ങളില്‍ നീ പറക്കും. നീ ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ എന്നന്നേക്കുമായി കുടുങ്ങിപ്പോകില്ല. നീ ലോകം കാണും. നീ വളരുകയും നിനക്കു കുട്ടികളുണ്ടാകുകയും ചെയ്യും. അതെല്ലാം കഴിഞ്ഞു നീയും ഒരു വൃദ്ധനാകും. നീ കടന്നുപോയ ദുരിതങ്ങള്‍ നീ ഓര്‍ക്കും, പക്ഷേ അതെല്ലാം കഷ്ടപ്പെടുന്ന മറ്റുള്ളവരെ സഹായിക്കാന്‍ നിന്നെ പ്രാപ്തനാക്കും. ഇതാണ് എന്റെ പ്രതീക്ഷയും പ്രാര്‍ഥനയും.
ഞങ്ങള്‍ നിങ്ങളെ പരാജയപ്പെടുത്തി. ഇതാണ് ഞങ്ങള്‍ ഉള്ളില്‍ വഹിക്കുന്ന ഭയങ്കര കുറ്റബോധം. ഞങ്ങള്‍ ശ്രമിച്ചു, എന്നാല്‍ തീര്‍ച്ചയായും വേണ്ടത്ര ശ്രമിച്ചില്ല. ഇനി ഞങ്ങള്‍ റഫയിലേക്ക് പോകും. ഞങ്ങള്‍ റിപ്പോര്‍ട്ടര്‍മാരില്‍ പലരും. പ്രതിഷേധവുമായി ഞങ്ങള്‍ ഗാസയുടെ അതിര്‍ത്തിക്ക് പുറത്ത് നില്‍ക്കും. ഞങ്ങള്‍ എഴുതുകയും ചിത്രീകരിക്കുകയും ചെയ്യും. ഇതാണ് ഞങ്ങള്‍ ചെയ്യാന്‍ പോകുന്നത്. ഇതൊന്നും മതിയായത് ആവുകയില്ല എന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍, അത് എന്തോ ചിലത് ആണ് താനും. ഞങ്ങള്‍ നിങ്ങളുടെ കഥ വീണ്ടും പറയും.
ഒരുപക്ഷേ നിങ്ങളുടെ ക്ഷമ ചോദിക്കാനുള്ള അവകാശം നേടാന്‍ എങ്കിലും ഇത് മതിയാകും. ബോംബുകള്‍ക്ക് പകരം മനുഷ്യരെ കൊണ്ട് നിറച്ച വിമാനങ്ങളില്‍ നീ പറക്കും. നീ ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ എന്നന്നേക്കുമായി കുടുങ്ങിപ്പോകില്ല. നീ ലോകം കാണും. നീ വളരുകയും നിനക്കു കുട്ടികളുണ്ടാകുകയും ചെയ്യും. അതെല്ലാം കഴിഞ്ഞു നീയും ഒരു വൃദ്ധനാകും. നീ കടന്നുപോയ ദുരിതങ്ങള്‍ നീ ഓര്‍ക്കും, പക്ഷേ അതെല്ലാം കഷ്ടപ്പെടുന്ന മറ്റുള്ളവരെ സഹായിക്കാന്‍ നിന്നെ പ്രാപ്തനാക്കും. ഇതാണ് എന്റെ പ്രതീക്ഷയും പ്രാര്‍ഥനയും.
വിവര്‍ത്തനം: അഫ്താബ് ഇല്ലത്ത്
ക്രിസ് ഹെഡ്ജസ്: പുലിറ്റ്സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകനാണ് ക്രിസ് ഹെഡ്ജസ്, 15 വര്‍ഷക്കാലം ന്യൂയോര്‍ക്ക് ടൈംസിന്റെ വിദേശ ലേഖകനായും മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫും പേപ്പറിന്റെ ബാല്‍ക്കന്‍ ബ്യൂറോ ചീഫുമായി സേവനമനുഷ്ഠിച്ചു. മുന്‍പ് ദ ഡാളസ് മോണിംഗ് ന്യൂസ്, ദി ക്രിസ്ത്യന്‍ സയന്‍സ് മോണിറ്റര്‍, എന്‍.പി.ആര്‍ എന്നിവയ്ക്കായി വിദേശത്ത് ജോലി ചെയ്തു. 'ദി ക്രിസ് ഹെഡ്ജസ് റിപ്പോര്‍ട്ട്' എന്ന ഷോയുടെ അവതാരകനാണ് അദ്ദേഹം.