Analysis
വേദനകളിലേക്കുള്ള സഞ്ചാരമാണ് നോവല്‍ - എം. മുകുന്ദന്‍
Analysis

വേദനകളിലേക്കുള്ള സഞ്ചാരമാണ് നോവല്‍ - എം. മുകുന്ദന്‍

ഷെല്‍ഫ് ഡെസ്‌ക്
|
7 Nov 2023 3:54 AM GMT

ദുഃഖിക്കുന്ന മനുഷ്യരോട് സഹതപിക്കാനും അവരോട് സംവദിക്കാനുമാണ് നോവലുകള്‍ യാത്ര ചെയ്യുന്നതെന്ന് എഴുത്തുകാരന്‍

വേദനകളിലേക്കുള്ള സഞ്ചാരമാണ് നോവലുകളെന്ന് എം. മുകുന്ദന്‍. നിയമസഭാ പുസ്തകോത്സവത്തിന്റെ വേദിയില്‍ 'നോവലിന്റെ വഴികള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സഞ്ചാരികളേക്കാള്‍ വലിയ സഞ്ചാരിയാണ് നോവല്‍ എന്ന് മുകുന്ദന്‍ പറഞ്ഞു. വിനോദത്തിനോ കണ്ടുപിടിത്തങ്ങള്‍ക്കോ വേണ്ടിയല്ല നോവലുകള്‍ സഞ്ചരിക്കുന്നത്. എവിടെയാണോ മനുഷ്യന്‍ ദുഃഖിക്കുന്നത് അവിടേക്കാണ് നോവലിന്റെ സഞ്ചാരം. ദുഃഖിക്കുന്ന മനുഷ്യരോട് സഹതപിക്കാനും അവരോട് സംവദിക്കാനുമാണ് നോവലുകള്‍ യാത്ര ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എവിടെയൊക്കെ വലിയ ദുഃഖങ്ങളും ചൂഷണങ്ങളും ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം നോവല്‍ എന്ന സാഹിത്യരൂപം എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വിഭജന കാലത്ത് നിരവധി മനുഷ്യര്‍ മരിച്ചുവീണപ്പോള്‍ ഭിഷം സാഹ്നിയുടെയും ഖുശ്വന്ത് സിങ്ങിന്റെയും നോവലുകള്‍ അവിടേക്കാണ് കടന്നു ചെന്നത്. എല്ലാവരാലും അവഹേളിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ വേദനയാണ് തകഴി 'തോട്ടിയുടെ മകനി'ലൂടെ വായനക്കാരില്‍ എത്തിച്ചത്.

'ചിലപ്പോള്‍ നോവലുകള്‍ സ്വയംഭൂവാകും. അങ്ങനെ ഉണ്ടായതാണ് മയ്യഴി പുഴയുടെ തീരങ്ങളില്‍. ചെറു പ്രായത്തില്‍ തന്നെ മനസില്‍ എഴുതിയിട്ട നോവലാണത്. ആ നോവല്‍ എഴുതുന്നതിനുവേണ്ടി സമയം ചെലവഴിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍, ഇതില്‍ നിന്നും വിപരീതമാണ് ഡല്‍ഹി ഗാഥകള്‍. 40 വര്‍ഷം ഡല്‍ഹിയില്‍ അനുഭവിച്ച കാര്യങ്ങളാണ് ആ നോവലിലുള്ളത്. 20 വര്‍ഷം എടുത്താണ് ഡല്‍ഹി ഗാഥകള്‍ എഴുതിയത്'- എം. മുകുന്ദന്‍ പറഞ്ഞു.

വലിയൊരു ഭൂമികയിലേക്ക് നോവല്‍ സഞ്ചരിക്കേണ്ടകാലമാണ് ഇപ്പോഴുള്ളതെന്ന് മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ഗാസയിലേതുപോലെ ഒരുപാടു പ്രശ്‌നങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. സ്വതന്ത്രമായി എഴുതാനും സംസാരിക്കാനും സാധിക്കാത്ത അവസ്ഥ ഇന്നു നമ്മുടെ രാജ്യത്തുണ്ട്. അതിനെതിരെ പോരാടണമെന്നും മുുന്ദന്‍ പറഞ്ഞു. നവ ഫാസിസത്തിന്റെ വരവാണ് എഴുത്തുകാരെ എന്ന് ഏറ്റവും കൂടുതല്‍ അലട്ടുന്നത്. എന്നാല്‍, നോവലുകള്‍ അതിന്റെ ജൈത്രയാത്ര തുടരും. എഴുത്തുകാരനെ ജയിലിലടയ്ക്കാന്‍ കഴിഞ്ഞാലും നോവലിനെ ഒരിക്കലും ജയിലിലടയ്ക്കാനാകില്ലെന്നും എം. മുകുന്ദന്‍ പറഞ്ഞു.


Related Tags :
Similar Posts