Analysis
മധു വധം: നീതിനിഷേധത്തിന് കുടപിടിക്കുന്നവര്‍
Click the Play button to hear this message in audio format
Analysis

മധു വധം: നീതിനിഷേധത്തിന് കുടപിടിക്കുന്നവര്‍

ഹരിഷ്മ വടക്കിനകത്ത്
|
20 Aug 2022 6:47 AM GMT

ആദിവാസികള്‍പോലെ സമൂഹത്തില്‍ ഏറ്റവും ദുര്‍ബലരായ മനുഷ്യര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അവര്‍ക്കൊപ്പം നിലകൊളളുകയും നീതി ഉറപ്പുവരുത്തുകയും ചെയ്യുക എന്നത് ഏതൊരു സര്‍ക്കാരിന്റെയും നിയമവ്യവസ്ഥയുടെയും കടമയാണ്.

ഉടുമുണ്ടുകൊണ്ട് കൂട്ടിക്കെട്ടിയ കൈകളും, മുഷിഞ്ഞ ഷര്‍ട്ടും വാരിയെല്ലുകള്‍ പുറത്തേക്കുന്തിയ അഴുക്ക് പിടിച്ച ശരീരവും ക്ഷീണിച്ച കണ്ണുകളാലുള്ള ദീനമായ നോട്ടവും. മലയാളിക്ക് അത്രയെളുപ്പം മറക്കാനാകാത്ത ഒരു ചിത്രം, അട്ടപ്പാടി മധുവിന്റെ ചിത്രം. സഹജീവികളോട് വേണ്ട സ്നേഹവും കരുതലുമൊക്കെ ആവോളമുണ്ടെന്ന് ധരിച്ചുവശായ മലയാളിയുടെ ആക്രമണോത്സുകത വീണ്ടും വെളിപ്പെട്ട, മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കഥയാണ് ഈ ഒരൊറ്റ ചിത്രത്തിന് പറയാനുളളത്.

നിസ്സഹായനായ ഒരു മനുഷ്യനെ മോഷണക്കുറ്റമാരോപിച്ച് കൂട്ടം ചേര്‍ന്ന് വിചാരണ ചെയ്യുകയും യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ തല്ലിച്ചതച്ച് രക്തം ഛര്‍ദിപ്പിച്ച് ജീവന്‍ തന്നെയെടുത്ത കൊടും ക്രൂരതയുടെ കഥയാണത്. കാടിന്റെ മക്കളായ ആദിവാസികളെ സഹജീവികളായി കാണാന്‍ ഇന്നും മടിക്കുന്നവരുടെ കഥ, തൊലിപ്പുറത്തെ നിറം നോക്കി ആരെയും കള്ളനും കൊള്ളക്കാരനും കൊലയാളിയുമാക്കാന്‍ ലവലേശം ഉളുപ്പില്ലാത്ത മനുഷ്യവര്‍ഗത്തിന്റെ നീചവും നികൃഷ്ടവുമായ കഥ.

എന്താണ് അട്ടപ്പാടി മധു വധക്കേസിലെ നിലവിലെ അവസ്ഥ. കൂറുമാറുന്ന സാക്ഷികള്‍ കേസിനെ വഴിതിരിച്ചുവിടുമോ, മധുവിന്റെ കുടുംബക്കാര്‍ക്കെതിരായ ഭീഷണികള്‍ ചെന്നവസാനിക്കുന്നത് എന്തിലാകും. അധികാരികളെന്താണ് ഈ കേസില്‍ ഇത്രയേറെ അലംഭാവം കാട്ടുന്നത്.

നിസ്സഹായനായ ഒരു മനുഷ്യനെ മോഷണക്കുറ്റമാരോപിച്ച് കൂട്ടം ചേര്‍ന്ന് വിചാരണ ചെയ്യുകയും യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ തല്ലിച്ചതച്ച് രക്തം ഛര്‍ദിപ്പിച്ച് ജീവന്‍ തന്നെയെടുത്ത കൊടും ക്രൂരതയുടെ കഥയാണത്.

അട്ടപ്പാടി താലൂക്കിലെ ചിണ്ടക്കി കടുകുമണ്ണ ഊരു മൂപ്പന്റെ മകന്‍ മധു, കുറുമ്പ സമുദായക്കാരന്‍. കാടും കാട്ടാറും മൃഗങ്ങളുമായിരുന്നു അവനെല്ലാം. ഒപ്പം കുടുംബവും. സഹോദരിമാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും കുസൃതികള്‍ നിറഞ്ഞ കുട്ടിക്കാലമായിരുന്നു അവന്റേത്. പഠിക്കാന്‍ വിട്ടപ്പോഴും അമ്മ തനിച്ചാണെന്നായിരുന്നു അവന്റെ ആശങ്ക, അങ്ങനെ പഠിപ്പ് നിര്‍ത്തി, സഹോദരിമാരുടെ പഠനത്തിന് എല്ലാവിധ പിന്തുണയും നല്‍കി ചെറിയ ചില ജോലികള്‍ ചെയ്ത് കാടിനെ നെഞ്ചോട് ചേര്‍ത്ത് നിന്നു. പതിയെപ്പതിയെയാണ് അവന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ്, സഹോദരിമാരോട് പോലും അകന്ന്, പുഴയിലും കാട്ടിലും രാവെന്നോ പകലെന്നോ കൂസാതെ അവന്‍ മണിക്കൂറുകളോളം ചെലവഴിച്ചു. വീട്ടില്‍ താമസിക്കാതെയായി, മനുഷ്യരെ അവന് ഭയമായിരുന്നു. കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലുമൊക്കെയായിരുന്നു താമസം. പ്രകൃതി വിഭവങ്ങള്‍ അവന്‍ ഭക്ഷണമാക്കി. ചിലപ്പോഴൊക്കെ ഭക്ഷണം തേടി നാട്ടിലെത്തി. മകന്‍ വിശന്ന് ഭക്ഷണം ചോദിച്ചാല്‍ നല്‍കണമെന്ന് അമ്മ നാട്ടുകാരോട് ചട്ടംകെട്ടിയിരുന്നു. വെറുതെയായിരുന്നില്ല, എല്ലാം ആ അമ്മ മടക്കി നല്‍കുകയും ചെയ്തിരുന്നു.

നാളുകളായി മുക്കാലി ടൗണിലെ കടകളില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ മോഷണം പോകുന്നത് പതിവാണെന്ന പരാതികളാണ് എല്ലാത്തിനും തുടക്കം. കള്ളന്‍ മധുവാണെന്ന് ചിലര്‍ വിധിയെഴുതി. മധുവും അവന്റെ ജീവിത സാഹചര്യങ്ങളും ശൈലികളും സ്വഭാവ സവിശേഷതയും ഇങ്ങനെയൊരു നിഗമനത്തിലേക്കെത്താന്‍ അവര്‍ക്കധികം ബുദ്ധിമുട്ടുണ്ടാക്കിയില്ല എന്നുവേണം പറയാന്‍. പിന്നീട് അവനെ സാഹചര്യമൊത്ത് കയ്യില്‍ക്കിട്ടാന്‍ അവര്‍ തക്കം പാര്‍ത്തിരുന്നു. 2018 ഫെബ്രുവരി 28, അജ്ജുമുടിയിലെ അരുവിയില്‍ വെള്ളമെടുക്കാന്‍ പോയ മധുവിനെ കണ്ട ചിലര്‍ ആളെക്കൂട്ടി, അങ്ങനെ അവര്‍ കാടുകയറി. മോഷണക്കുറ്റമാരോപിച്ച് ആ പാവത്തെ മര്‍ദിച്ചു. കാടിറക്കി മുക്കാലി ടൗണ്‍വരെ നടത്തിച്ചു. ഉടുമുണ്ട്‌കൊണ്ട് കൈ രണ്ടും പിന്നില്‍ കെട്ടിയും തൊണ്ടിമുതലെന്ന് അവര്‍ പറയുന്ന അരിയും മുളകുപൊടിയും അടങ്ങുന്ന സഞ്ചി തലയിലേറ്റിയും അവര്‍ അവന്റെ ദയനീയാവസ്ഥ കണ്ട് രസിച്ചു. സെല്‍ഫിയെടുത്തും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച് ലൈക്കും കമന്റും വാരിക്കൂട്ടാന്‍ വീഡിയോ പകര്‍ത്തിയും ആഘോഷിച്ചു.

മണിക്കൂറുകളോളം നീണ്ട മര്‍ദനത്തിനൊടുവിലാണ് പൊലീസ് സ്ഥലത്തെത്തുന്നത്. അഗളിയിലേക്കു കൊണ്ടുപോകവെ മധു പൊലീസ് വാഹനത്തില്‍ ഛര്‍ദിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ അയാള്‍ മരിച്ചിരുന്നു. ആള്‍ക്കൂട്ട മര്‍ദനമാണ് മരണകാരണമെന്നും തലയ്ക്ക് ശക്തമായി അടിയേറ്റെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞത്. മര്‍ദ്ദനത്തില്‍ മധുവിന്റെ വാരിയെല്ലും തകര്‍ന്നിട്ടുണ്ടായിരുന്നു. '' ഒരു കിലോ അരിക്കും 25-ഗ്രാം ചായപ്പൊടിക്കും ഒരു കവര്‍ മുളകുപൊടിക്കും വേണ്ടി ഒരാളെ കൊല്ലുന്നത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. അതായിരുന്നു നിങ്ങളുടെ പ്രശ്നമെങ്കില്‍ ഞങ്ങളത് വാങ്ങിത്തരുമായിരുന്നു. ഇനി പണമാണ് പോയതെങ്കില്‍ അതും തിരികെ തരാന്‍ ഞങ്ങള്‍ തയ്യാറാണ്' മരണവാര്‍ത്തയില്‍ മധുവിന്റെ കുടുംബത്തിന്റെ പ്രതികരണമായിരുന്നു ഇത്.


ഏറെ പരിമിതികള്‍ മറികടന്നാണ് മകന് നീതി തേടി ഒരമ്മ അട്ടപ്പാടിയിലെ കുറുമ്പ ഊരില്‍ നിന്ന് നിയമപോരാട്ടത്തിന് മുന്നിട്ടിറങ്ങിയത്


പതിനാറ് പേരാണ് അട്ടപ്പാടി മധു വധക്കേസിലെ പ്രതികള്‍. കൊലപാതകം, ആദിവാസികള്‍ക്കു നേരെയുള്ള അതിക്രമം തടയല്‍, കൊലപ്പെടുത്താന്‍ വേണ്ടി തട്ടിക്കൊണ്ടുപോകല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തുകയും 2018 മേയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കേസിലെ എല്ലാ പ്രതികളും ജാമ്യത്തിലുമാണ്. മണ്ണാര്‍ക്കാട് എസ്.സി. എസ്.ടി സ്പെഷല്‍ കോടതിയിലാണ് കേസ് നടക്കുന്നത്. തുടക്കം മുതല്‍ സര്‍ക്കാരിന്റെ വീഴ്ച കേസില്‍ പ്രത്യക്ഷമാണ്. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പോലും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നത് തന്നെ ഇത് സാധൂകരിക്കുന്ന ഏറ്റവും വലിയ ഉദാഹരണം. വേണ്ടപ്പെട്ട കേസുകള്‍ സര്‍ക്കാരിനായി വാദിക്കാന്‍, ഉയര്‍ന്ന ഫീസ് നല്‍കി അങ്ങ് സുപ്രിംകോടതിയില്‍ വാദിച്ച് തെളിഞ്ഞവരെയിറക്കുന്ന കേരളത്തിലാണിതെന്നും ഓര്‍ക്കണം. സ്പെഷല്‍ പ്രോസിക്യൂട്ടറെ വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും അധിക ചെലവാണെന്ന കാരണം കാണിച്ചായിരുന്നു അത് റദ്ദാക്കിയത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഒന്നര വര്‍ഷത്തിന് ശേഷം പി ഗോപിനാഥിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. കേസിന്റെ ആവശ്യത്തിനായി മണ്ണാര്‍ക്കാട് ഓഫീസ് വേണമെന്ന് ഗോപിനാഥ് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാന്‍ തയ്യാറാവാതെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന തീരുമാനത്തിലാണ് സര്‍ക്കാരെത്തിയത്.

ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ പലതും നടന്നു. അങ്ങനെ 2019 ആഗസ്റ്റില്‍ വി.ടി രഘുനാഥിനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. പക്ഷെ, അതുകൊണ്ടൊന്നും പരിഹാരമുണ്ടായില്ല. പ്രോസിക്യൂട്ടര്‍ ഹാജരാകാതെ മൂന്നുതവണയാണ് കേസ് മാറ്റിവെച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് ചോദിക്കേണ്ട ഗതിയായിരുന്നു കോടതിക്ക്. അതിനിടെ, വിചാരണ വൈകുന്നതില്‍ ആശങ്കപ്പെട്ട് മധുവിന്റെ കുടുംബം അപേക്ഷ നല്‍കി. ഇത് പരിഗണിച്ച് സി. രാജേന്ദ്രനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. മധു മരിച്ച് നാല് വര്‍ഷത്തിന് ശേഷമാണ് മണ്ണാര്‍ക്കാട് സ്പെഷല്‍ കോടതിയില്‍ സാക്ഷിവിസ്താരം തുടങ്ങിയത് തന്നെ. സാക്ഷികള്‍ കൂറുമാറാന്‍ തുടങ്ങിയതോടെ വാദം ശരിയായ രീതിയിലല്ലെന്ന് കാട്ടി മധുവിന്റെ അമ്മ കോടതിയെ സമീപിച്ചു. കേസ് തോല്‍ക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സി. രാജേന്ദ്രന്‍ രാജിവെച്ചു. ഇതേത്തുടര്‍ന്ന് ഈ കേസിലെ നാലാമത്തെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അസിസ്റ്റന്റ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം. മേനോനെ തല്‍സ്ഥാനത്ത് നിയമിക്കുകയും ചെയ്തു.

ഏറെ പരിമിതികള്‍ മറികടന്നാണ് മകന് നീതി തേടി ഒരമ്മ അട്ടപ്പാടിയിലെ കുറുമ്പ ഊരില്‍ നിന്ന് നിയമപോരാട്ടത്തിന് മുന്നിട്ടിറങ്ങിയത്. ആക്ഷന്‍ കൗണ്‍സിലിന്റെയും ഊരു നിവാസികളുടെയും പിന്തുണ ആദ്യഘട്ടത്തിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതല്ല അവസ്ഥ. മധു വധക്കേസിലെ സാക്ഷികളുടെ കൂറുമാറ്റം മൂന്നും രണ്ടും ഒന്നും കോളം വാര്‍ത്തകളായി ഒതുങ്ങിക്കൊണ്ടിരിക്കുന്നതാണ് കാണുന്നത്. പ്രതികളെല്ലാം പ്രബലരാണെന്നത് കേസില്‍ നിര്‍ണായകമാണ്. മധുവിന്റെ അമ്മ മല്ലിയെ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഇതോടൊപ്പം വരുന്നുണ്ട്. നിസാരമായി തള്ളിക്കളയാവുന്നവയല്ല ഇതൊന്നും.

പ്രതികളുടെ ബന്ധുക്കളില്‍ നിന്നുള്ള ഭീഷണിക്ക് വഴങ്ങിയാണ് തുടര്‍ച്ചയായി സാക്ഷികള്‍ കൂറുമാറുന്നതെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആരോപണം. അതേസമയം, കേസില്‍ വിചാരണ തുടങ്ങാന്‍ വൈകിയതാണ് സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റത്തിന് കാരണമായതെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ വിചാരണയും ആരംഭിച്ചിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല അവസ്ഥയെന്നും വിലയിരുത്തലുകള്‍ വരുന്നു. നാലുവര്‍ഷമായി പുറത്തുള്ള പ്രതികള്‍ക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ എളുപ്പമാണ്, പോരാത്തതിന് പ്രതികളും സാക്ഷികളും ഒരേ പ്രദേശത്തുള്ളവരും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ മെല്ലെപോക്കിന് മധു വധക്കേസിന്റെ അനിശ്ചിതത്വത്തില്‍ സുപ്രധാനമായ പങ്കുണ്ട്.

122 സാക്ഷികളാണ് കേസില്‍ ആകെയുളളത്. ഇതില്‍ പലരും കൂറുമാറിക്കഴിഞ്ഞു. കേസില്‍ രഹസ്യമൊഴി നല്‍കിയ 10 മുതല്‍ 17 വരെയുളള സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. ഇനിയും കൂറുമാറുന്നവരുടെ എണ്ണം വര്‍ധിച്ചേക്കാം. മധുവിനെ പ്രതികള്‍ മര്‍ദിക്കുന്നത് കണ്ടുവെന്ന മൊഴി നല്‍കിയ കക്കി മൂപ്പന്‍ വിസ്താരത്തിനിടെ പൊലീസിന്റെ സമ്മര്‍ദം മൂലമാണ് താന്‍ ഇങ്ങനെ മൊഴി നല്‍കിയതെന്നായിരുന്നു തിരുത്തിപ്പറഞ്ഞത്. കൂറുമാറിയവരില്‍ വനംവകുപ്പിന്റെ താത്കാലിക വാച്ചര്‍മാരുമുണ്ടായിരുന്നു. ഇവരെയെല്ലാം വനംവകുപ്പ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടെങ്കിലും കൂറുമാറ്റത്തിന് കുറവൊന്നും ഉണ്ടാകുന്നുമില്ല. കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുകയാണെന്നും കേസുമായി മുന്നോട്ട് പോകാതിരിക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്നും മധുവിന്റെ സഹോദരി സരസു തന്നെ നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. തുടരെയുള്ള കൂറുമാറ്റം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. വിചാരണ ദിവസങ്ങളില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിച്ചുകൊണ്ട് കൂറുമാറ്റത്തിന് തടയിടാന്‍ കഴിയുമോ എന്നത് കണ്ടറിയേണ്ടതുമാണ്.

ആദിവാസികള്‍പോലെ സമൂഹത്തില്‍ ഏറ്റവും ദുര്‍ബലരായ മനുഷ്യര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അവര്‍ക്കൊപ്പം നിലകൊളളുകയും നീതി ഉറപ്പുവരുത്തുകയും ചെയ്യുക എന്നത് ഏതൊരു സര്‍ക്കാരിന്റെയും നിയമവ്യവസ്ഥയുടെയും കടമയാണ്. അവിടെ തെളിവുകള്‍ക്കും വസ്തുതകള്‍ക്കും സാക്ഷികള്‍ക്കുമാണ് പ്രഥമപരിഗണ. അതുകൊണ്ട് തന്നെ പ്രോസിക്യൂഷന്റെ തന്നെ ഇടപെടലുകളില്‍ സംശയമുയര്‍ന്ന, സാക്ഷികള്‍ അടപടലം കൂറുമാറുന്ന ഈ കേസില്‍ അന്തിമവിധി മധുവിന്റെ കുടുംബത്തിന് അനുകൂലമായാലാകും ഒരുപക്ഷേ ഇനി നമ്മള്‍ അത്ഭുതപ്പെടേണ്ടത്.


Related Tags :
Similar Posts