മഹാരാഷ്ട്ര: ഹിന്ദുത്വ രാഷ്ട്രീയത്തിലെ അപച്യുതികള്‍
|രണ്ടു വഴിയാണ് ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും മുന്നിലുള്ളത്. ഒന്നുകില്‍ പുതിയ കാലവും ചിന്തകളും സ്വംശീകരിച്ചു ഒരു നവീന മറാത്തി ജനാധിപത്യ പ്രസ്ഥാനമായി സ്വയം പരിവര്‍ത്തിക്കുക. അല്ലെങ്കില്‍ പിന്നാക്കംപോയി പാരമ്പര്യങ്ങളുടെ മറക്കുടയ്ക്കുള്ളില്‍ ഒളിക്കുക.
കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളില്‍ മഹാരാഷ്ട്രയില്‍ ഹിന്ദു രാഷ്ട്രീയാഭിമാനവും മറാത്തി ദേശീയവികാരവും കൂട്ടിക്കലര്‍ത്തി വംശീയതയുടെയും പരസമൂഹ വിരോധത്തിന്റെയും മൂശയില്‍ ബാല്‍താക്കറെ രൂപെപ്പടുത്തി എടുത്ത പ്രസ്ഥാനമാണ് ശിവസേന. അക്രമാസക്തമായ നിലപാടുകളിലും വംശീയഭ്രാന്തിലും ആര്‍.എസ്.എസിനേക്കാള്‍ ഒരുപടി മുന്നില്‍ നിന്നാണ് മുംബൈ നഗരവും മഹാരാഷ്ട്രയിലെ മറ്റു പ്രദേശങ്ങളില്‍ ഭൂരിപക്ഷവും താക്കറെയും കൂട്ടരും തങ്ങളുടെ കാല്‍ക്കീഴിലാക്കിയത്. താക്കറെയുടെ പ്രസ്ഥാനം മുംബൈയില്‍ ശക്തിപ്പെട്ട അറുപതുകളില്‍ തെരുവില്‍ നാരിയല്‍പാനി വില്‍പനക്കാരും ഷൂസ് മിനുക്കുന്നവരും റെയില്‍വെ സ്റ്റേഷനില്‍ ചുമട് എടുക്കുന്നവരും ഒക്കെയായി മലയാളികള്‍ അടക്കം ധാരാളം ദക്ഷിണേന്ത്യക്കാര്‍ അവിടെ പണിയെടുത്തിരുന്നു. ആ പാവങ്ങളെ ആട്ടിയോടിച്ചാണ് അവര്‍ തങ്ങളുടെ മുഷ്‌ക് തെളിയിച്ചത്.
പിന്നീട് നഗരം അന്തമില്ലാതെ വളര്‍ന്നു. ചേരികളില്‍ പോലും വമ്പിച്ച വാണിജ്യപ്രവര്‍ത്തനങ്ങള്‍ അരങ്ങേറി. ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്ന നഗരങ്ങളില്‍ ഒന്നായി ശിവസേനയുടെ സ്വന്തം നഗരം വളര്‍ന്നു. അതോടെ തുച്ഛമായ ചില്ലറയ്ക്കു വേണ്ടി ഓരങ്ങളില്‍ പണിയെടുത്തു ജീവിക്കുന്ന പാവങ്ങളെ ഉപദ്രവിച്ചു കാര്യം കാണേണ്ട ആവശ്യം ശിവസേനയ്ക്ക് ഇല്ലാതെയായി. അവര്‍ പുത്തന്‍ ധനികവര്‍ഗത്തിനെ സ്വന്തം പാളയത്തിലെ പാര്‍ശ്വവര്‍ത്തികളാക്കി. അറുപതുകളില്‍ നിന്ന് പുതിയ നുറ്റാണ്ടിലേക്കു എത്തുമ്പോള്‍ മഹാരാഷ്ട്രയിലെ അധികാര സംവിധാനത്തില്‍ കാണുന്ന പ്രധാന മാറ്റമിതാണ്. അധികാര രാഷ്ട്രീയത്തില്‍ ശിവസേനയും ബി.ജെ.പിയും ദീര്‍ഘകാലം ഒന്നിച്ചാണ് നിന്നത്. എന്നാല്‍, ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ അവര്‍ക്കിടയില്‍ അസ്വരസങ്ങള്‍ പലതും വളര്‍ന്നു വന്നു. അങ്ങനെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും വേര്‍പിരിയുന്നതും സംസ്ഥാനത്തു ഒന്നാം കക്ഷിയായി സ്ഥാനമുറപ്പിച്ച ബി.ജെ.പിയെ തള്ളി ശിവസേന നേരത്തെ തങ്ങളുടെ എതിരാളികളായിരുന്ന എന്‍.സി.പി, കോണ്‍ഗ്രസ് തുടങ്ങിയ മതേതര കക്ഷികളുമായി കൂടിച്ചേര്‍ന്ന് ഭരണം പങ്കിടാന്‍ തീരുമാനിക്കുകയും ചെയ്തത്.
സംസ്ഥാനത്തു രണ്ടര വര്‍ഷമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാര്‍ ഭരണം നടത്തുന്നു. സര്‍ക്കാരിന് ഇപ്പോള്‍ പ്രതിസന്ധി ഉയര്‍ത്തുന്നത് സഖ്യകക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങളല്ല; മറിച്ചു ശിവസേനയിലെ തന്നെ ആഭ്യന്തരപ്രശ്‌നങ്ങളാണ്. മുഖ്യമന്ത്രി ഒരു കോക്കസിന്റെ നിയന്ത്രണത്തിലാണ്; അദ്ദേഹത്തെ ദിവസങ്ങള്‍ കാത്തിരുന്നാല്‍ പോലും പാര്‍ട്ടിയിലെ നിയമസഭാ അംഗങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ല. ഭരണത്തിന്റെ ഗുണം മുഴുവന്‍ സഖ്യകക്ഷികളായ എന്‍.സി.പിയും കോണ്‍ഗ്രസ്സും കൊണ്ടുപോകുന്നു. തങ്ങള്‍ നോക്കുകുത്തികളായി കഴിയേണ്ടി വരുന്നു എന്നൊക്കെയാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതസംഘം പറയുന്നത്. ഇത് രാഷ്ട്രീയത്തേക്കാള്‍ മാനസികമായ ഒരു പ്രശ്‌നമായാണ് കാണേണ്ടത്. അവര്‍ ഇതിനകം തന്നെ എം.എല്‍.എമാരില്‍ ഭുരിപക്ഷത്തെയും കൂടെ നിര്‍ത്തുന്നതില്‍ വിജയിച്ചു കഴിഞ്ഞു. അസമില്‍ ഹോട്ടലില്‍ കഴിയുന്ന വിമതരുടെ സംഖ്യ ദിനംപ്രതി വര്‍ധിക്കുന്നതായാണ് വാര്‍ത്തകള്‍ പറയുന്നത്. അവരില്‍ ഒരു ഭാഗത്തെയെങ്കിലും തിരിച്ചുപിടിക്കാന്‍ ഉദ്ധവ് താക്കറെയും സംഘവും കഠിനശ്രമം നടത്തുന്നുണ്ട്. അത് വിജയിച്ചില്ലെങ്കില്‍ മന്ത്രിസഭ വീഴും. പക്ഷേ, ബി.ജെ.പി-ഷിന്‍ഡെ ശിവസേനാ സഖ്യത്തിന്റെ ബദല്‍ മന്ത്രിസഭയേക്കാള്‍ സാധ്യത കാണുന്നത് സംസ്ഥാനം വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിനാണ്. നിലവിലെ മുഖ്യമന്ത്രി രാജിവെക്കുന്ന സാഹചര്യം വന്നാല്‍ എതിരാളികളെ ഒരു തെരഞ്ഞെടുപ്പിലൂടെ ജനകീയപിന്തുണയോടെ നിലം പരിശാക്കാം എന്ന ആലോചനയാണ് ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ്സ് സഖ്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്.
ഇവിടെ ഏറ്റവും ശ്രദ്ധേയമായ വിഷയം സാധാരണ എല്ലാ കൂട്ടുകക്ഷി മന്ത്രിസഭകളിലും കാണുന്ന വിധം മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കമല്ല മന്ത്രിസഭയുടെ പ്രതിസന്ധിയ്ക്കു കാരണമാകുന്നത്. സാധാരണ ഇത്തരം മന്ത്രിസഭകള്‍ താഴെപ്പോകുന്നത് അതിലെ കക്ഷികള്‍ തമ്മിലുള്ള ഉരസലുകള്‍ അനിയന്ത്രിതമായി വളരുന്ന സാഹചര്യത്തിലാണ്. മഹാരാഷ്ട്രയില്‍ തന്നെ നേരത്തെ അവിടെ നിലനിന്ന ശിവസേനാ-ബി.ജെ.പി സഖ്യം തകരാനും അതുതന്നെയായിരുന്നു കാരണം. ഒരുകാലത്തു സംസ്ഥാനത്തു ഹിന്ദുത്വരാഷ്ട്രീയത്തില്‍ ഒന്നാംകക്ഷിയായി നിലനിന്ന ശിവസേനയെ പിന്നോട്ടുതള്ളി ബി.ജെ.പി ഒന്നാം കക്ഷിയായി മാറുന്നതോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള ബന്ധങ്ങള്‍ വഷളായത്. നേരത്തെ ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഭരിച്ചപ്പോള്‍ തര്‍ക്കങ്ങള്‍ രൂക്ഷമായി. തുടര്‍ന്നാണ് ശിവസേന ദീര്‍ഘകാല കൂട്ടുകക്ഷി ആയിരുന്ന ബി.ജെ.പിയുമായി തെറ്റിപ്പിരിയുന്നത്. അവര്‍ക്കു മുഖ്യമന്ത്രി സ്ഥാനം നല്‍കി പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ മുന്‍കൈയെടുത്തത് എന്‍.സി.പി നേതാവും മറാത്താ രാഷ്ട്രീയത്തിലെ അഗ്രഗണ്യനുമായ ശരദ് പവാര്‍ തന്നെയാണ്. ഇപ്പോള്‍ ഷിന്‍ഡേ-ബി.ജെ.പി കൂട്ടുകെട്ടിനെ നിയമസഭയിലും തെരുവിലും നേരിടാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതും പവാറിന്റെ നേതൃത്വത്തില്‍ തന്നെയാണ്.
ഇതാണ് ശിവസേനയിലെ വിമതര്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന വിഷയവും. തങ്ങളുടെ പാര്‍ട്ടിയുടെ അധ്യക്ഷനായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പാര്‍ട്ടിയിലെ അംഗങ്ങളെക്കാളും മറ്റു നേതാക്കളെക്കാളും പ്രാധാന്യം നല്‍കുന്നത് സഖ്യകക്ഷികള്‍ക്കും അവയുടെ നേതാക്കള്‍ക്കുമാണ് എന്നാണ് അവരുടെ പക്ഷം. യഥാര്‍ഥത്തില്‍ അതൊരു മുതല്‍കൂട്ടായാണ് ഏതു കൂട്ടുകക്ഷി മന്ത്രിസഭയുടെ നേതാവിനെ സംബന്ധിച്ചും പറയേണ്ടത്. കാരണം, മുന്നണിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കാര്യമായി ഭരണത്തെ ഏശാതെ ഇത്രയും കാലം മുന്നോട്ടുപോകാന്‍ സാധിച്ചു എന്നത് തീര്‍ത്തും ഭരണനൈപുണ്യം തന്നെയായാണ് കണക്കാക്കേണ്ടത്. ഒരുപക്ഷേ അതുകൊണ്ടാവാം മുഖ്യമന്തിയെ ശക്തമായി പിന്താങ്ങാനും മന്ത്രിസഭയെ എന്തു വിലകൊടുത്തും നിലനിര്‍ത്താനും സഖ്യകക്ഷികള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്.
ശിവസേനയില്‍ ഇത്തരം കൊട്ടാരവിപ്ലവങ്ങള്‍ പുതിയ കാര്യമല്ല. നേരത്തെ ഛഗന്‍ ഭുജ്ബാലും നാരായണ്‍ റാണെയും രാജ് താക്കറെയും ഒക്കെ ശിവസേനാ നേതൃത്വത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. ബാല്‍ താക്കറെയുടെ നിര്യാണത്തിനു ശേഷമാണ് ഇത്തരം കലാപങ്ങള്‍ പ്രധാനമായും ഉയര്‍ന്നുവന്നത്. രാജ് താക്കറെ കലാപം ഉയര്‍ത്തിയത് ഉദ്ധവ് താക്കറെ പാര്‍ട്ടിയുടെ പരമോന്നത നേതാവായി അഭിഷേകം ചെയ്യപ്പെടുന്ന അന്തരീക്ഷത്തിലാണ്. ഉദ്ധവ് അല്ല, താനാണ് ബാല്‍ താക്കറെയുടെ പിന്‍ഗാമിയാകേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പിന്നീട രാജ് താക്കറെ മഹാരാഷ്ട്ര നവനിര്‍മാണ്‍ പ്രസ്ഥാനം തുടങ്ങി. ആദ്യകാല ശിവസേനയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വംശീയതയും സങ്കുചിത മറാത്തി ദേശീയതയും അന്യസമൂഹ വിരോധവുമാണ് ഇന്ന് രാജ് താക്കറെയുടെ പ്രസ്ഥാനത്തിന്റെ മുഖമുദ്ര. വളരെ അക്രമാസക്തമായ നിലയിലാണ് അവരുടെ പ്രക്ഷോഭങ്ങള്‍ അരങ്ങേറാറുള്ളത്.
ശിവസേനയുടെ രണ്ടാംനിരയിലെ സമുന്നത നേതാക്കളായിരുന്ന ഭുജ്ബാലും നാരായണ്‍ റാണെയും യഥാക്രമം എന്‍.സി.പിയിലും ബി.ജെ.പിയിലുമാണ് എത്തിച്ചേര്‍ന്നത്. ഭുജ്ബാല്‍ ഇന്ന് ഉദ്ധവ് താക്കറെയുടെ മന്ത്രിസഭയില്‍ അംഗമാണ്. നാരായണ്‍ റാണെയാകട്ടെ, കേന്ദ്രത്തില്‍ നരേന്ദ്രമോദി മന്ത്രിസഭയിലെ അംഗവും. സ്ഥാനമാനങ്ങളെ ചൊല്ലിയാണ് വിവിധ നേതാക്കള്‍ അന്നൊക്കെ പാര്‍ട്ടി വിട്ടത്. 1991ല്‍ മനോഹര്‍ ജോഷിയെ മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവായി ഉയര്‍ത്തിയ സന്ദര്‍ഭത്തിലാണ് ഭുജ്ബാല്‍ കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടി വിട്ടത്. പിന്നീട് മനോഹര്‍ ജോഷി വാജ്‌പേയി ഭരണകാലത്തു ലോക്‌സഭാ സ്പീക്കറായി അവരോധിക്കപ്പെട്ടു. നവി മുംബൈയിലെ പ്രധാന നേതാവായിരുന്ന ഗണേഷ് നായിക്കും പാര്‍ട്ടിയില്‍ തന്നെ അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് പാര്‍ട്ടി വിട്ടത്. ഇപ്പോള്‍ ഏക്‌നാഥ് ഷിന്‍ഡെ അമ്പതോളം എം.എല്‍.എമാരുമായി നേതൃത്വത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തി കലാപം തുടങ്ങിയതും പാര്‍ട്ടിയില്‍ തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന പേരിലാണ്.
ശിവസേനയുടെ ആഭ്യന്തര സംവിധാനത്തിന്റെ ഫ്യൂഡല്‍ സ്വഭാവവും പാരമ്പര്യങ്ങളുമാണ് ഇത്തരം പ്രതിസന്ധികളുടെ ഒരു പ്രധാന കാരണം എന്ന് മനസ്സിലാക്കാവുന്നതാണ്. ബാല്‍ താക്കറെ വ്യക്തിപൂജയില്‍ അധിഷ്ഠിതമായ ഒരു പ്രസ്ഥാനമാണ് വളര്‍ത്തിയെടുത്തത്. ഒരു മാഫിയയെ അനുസ്മരിപ്പിക്കുന്ന വിധം നേതാവിനെ ചോദ്യം ചെയ്യാതെ അനുസരിക്കുകയും പാദപൂജ ചെയ്യുകയും നിര്‍ബന്ധമായ ഒരു പാര്‍ട്ടി സംവിധാനമാണ് ശിവസേനയില്‍ നിലനിന്നത്. ഇന്നും അത്തരം പാരമ്പര്യങ്ങള്‍ തന്നെയാണ് നിലനില്‍ക്കുന്നത്. ഇതൊരു ആഴത്തിലുള്ള പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. മഹാരാഷ്ട്ര ഇന്ന് പഴയ ചിത്പവന്‍ ബ്രാഹ്മണ പാരമ്പര്യവും പേഷ്വമാരുടെ ഭരണവും അതിന്റെ ഓര്‍മകളും താലോലിച്ചു നില്‍ക്കുന്ന ഒരു പരാങ്മുഖ സമൂഹമല്ല. ആഗോള ഫിനാന്‍സ് മൂലധനത്തിന്റെയും ആഗോള വാണിജ്യത്തിന്റെയും നവലിബറല്‍ സാമ്പത്തിക മുന്നേറ്റങ്ങളുടെയും ഇന്ത്യയിലെതന്നെ ഏറ്റവും പ്രമുഖമായ നഗരമാണത്. പാശ്ചാത്യ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നേടിയ ഒരു യുവ തലമുറയാണ് ഇന്ന് ബിസിനസ്സിലും പൊതുസമൂഹത്തിലും രാഷ്ട്രീയത്തിലും മേധാവിത്വം വഹിക്കുന്നത്. അവരില്‍ പലരും പഴയ കീഴാളസമൂഹങ്ങളില്‍ നിന്ന് വരുന്നവരുമാണ്. അംബേദ്കറുടെ കാലം മുതല്‍ അത്തരമൊരു കീഴാള സമൂഹ പ്രാതിനിധ്യം മറാത്തി പൊതുസമൂഹത്തില്‍ നിലനിന്നിരുന്നു. ഇന്ന് സാഹിത്യത്തിലും മറ്റു മേഖലകളിലും അത്തരം സംഘര്‍ഷങ്ങള്‍ ഉയരുന്നുണ്ട്. ഭീമ-കോറേഗാവ് സംഭവത്തിന്റെ പേരില്‍ ഇന്ന് അറസ്റ്റില്‍ കഴിയുന്ന ആനന്ദ് തെല്‍തുംബ്‌ദെ പോലുള്ള ബുദ്ധിജീവികള്‍ അത്തരം പ്രതിസന്ധികളുടെ ഇരകളാണ്. സാഹിത്യത്തില്‍ ശരണ്‍കുമാര്‍ ലിംബാലെയെപ്പോലുള്ള ദലിത് എഴുത്തുകാര്‍ ഇത്തരം സാംസ്‌കാരിക വെല്ലുവിളികളെ പ്രതിനിധാനം ചെയ്യുന്നു. അതിനാല്‍ മറാത്തി സമൂഹം ഇന്നൊരു ആഭ്യന്തരവിപ്ലവത്തിന്റെ മുനയിലാണ്. പഴയ മറാത്തി ഹിന്ദുത്വ പാരമ്പര്യങ്ങള്‍ ഇന്നത്തെ സമൂഹത്തെ ഒരേ കുടക്കീഴില്‍ യോജിപ്പിച്ചു നിര്‍ത്താന്‍ പര്യാപ്തമല്ല. അതാണ് ശിവസേനയെ കുഴയ്ക്കുന്ന പ്രശ്‌നവും.
അതിനാല്‍ രണ്ടു വഴിയാണ് ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും മുന്നിലുള്ളത്. ഒന്നുകില്‍ പുതിയ കാലവും ചിന്തകളും സ്വംശീകരിച്ചു ഒരു നവീന മറാത്തി ജനാധിപത്യ പ്രസ്ഥാനമായി സ്വയം പരിവര്‍ത്തിക്കുക. അല്ലെങ്കില്‍ പിന്നാക്കംപോയി പാരമ്പര്യങ്ങളുടെ മറക്കുടയ്ക്കുള്ളില്‍ ഒളിക്കുക. കഴിഞ്ഞ രണ്ടര വര്‍ഷമായി ശിവസേന പയറ്റിയത് അത്തരമൊരു ജനാധിപത്യ കക്ഷിയായി സ്വയം പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ്. അതില്‍ അവര്‍ നേടിയ വിജയം തന്നെയാണ് ഇന്നത്തെ പ്രതിസന്ധിയുടെ പൊരുളും. പാര്‍ശ്വവര്‍ത്തി ഭരണത്തിന്റെ കാലം കഴിഞ്ഞു, ഉത്തരവാദ ഭരണത്തിന്റെ കാലം ആഗതമായി എന്നാണ് എം.വി.എ കൂട്ടുകക്ഷി ഭരണത്തിന്റെ അനുഭവങ്ങള്‍ തെളിയിച്ചത്. എന്നാല്‍, പലരും അത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. തങ്ങള്‍ ശീലിച്ച വഴികളില്‍ നിന്ന് മാറാനും അവര്‍ തയ്യാറല്ല. അതാണ് ബി.ജെ.പിയുമായുള്ള സഖ്യത്തിലേക്കു തിരിച്ചു പോകണമെന്നും തീവ്രഹിന്ദുത്വം വീണ്ടും മുഖ്യ അജണ്ടയാക്കണമെന്നുമുള്ള ഷിന്‍ഡെ സംഘത്തിന്റെ ആവശ്യത്തിന് പിന്നിലെ യഥാര്‍ഥ മനോഗതം.